Pages

പൊങ്കാലകൾ .... പൊങ്കാലകൾ !

അങ്ങനെ ഇക്കൊല്ലത്തെ ആറ്റുകാൽ പൊങ്കാല ആർഭാടമായി തന്നെ പര്യവസാനിച്ചു. കഥയിൽ ചോദ്യമില്ല എന്ന പോലെ വിശ്വാസങ്ങളിലും ആചാരങ്ങളിലും ചോദ്യമില്ല. എത്ര ലക്ഷം പേർ ഇക്കുറി പങ്കെടുത്തു എന്നറിയില്ല. 25 മുതൽ 40 ലക്ഷം വരെ സ്ത്രീകൾ പങ്കെടുക്കുമെന്ന് പത്രങ്ങൾ പ്രവചിച്ചിരുന്നു. പൊങ്കാലയ്ക്ക് വരുന്നവർ ആരും പട്ടിണിപ്പാവങ്ങളോ ദരിദ്രരോ അല്ല. ഒരു കണക്കിനു സമ്പന്നർ എന്ന് തന്നെ പറയാം. കാരണം കേരളത്തിലെ ആളുകളുടെ ക്രയശേഷി വികസിതരാജ്യങ്ങളോട് കിട പിടിക്കുന്നതാണു. പണത്തിനു ഒരു പഞ്ഞവും ഇല്ലാത്ത നാടാണു കേരളം. എന്നിട്ടും എന്ത്കൊണ്ടാണു ആളുകൾക്ക് വിശ്വാസം കൂടി വരുന്നതും ചടങ്ങുകൾ അത്യന്താപേക്ഷിതമാകുന്നതും?

പണ്ട് പണം ഒരപൂർവ്വ വസ്തു ആയിരുന്നപ്പോഴും സർവ്വത്ര ദാരിദ്ര്യവും പട്ടിണിയും നാട്ടിൽ ക്ഷാമവും ഉണ്ടായിരുന്ന കാലത്ത് ഇത് പോലെ വിശ്വാസങ്ങളോ ആചാരങ്ങളോ ഉണ്ടായിരുന്നില്ലല്ലൊ. ഇപ്പോൾ അതിസമ്പത്ത് എന്ന അവസ്ഥ വന്നപ്പോഴാണു വിശ്വാസങ്ങൾക്ക് കടുപ്പം ഏറിയതും പറഞ്ഞ് കേൾക്കാതിരുന്ന  ചടങ്ങുകൾക്ക് പ്രചാരം വർദ്ധിച്ചതും. അതിനനുസരിച്ചാണു ആചാരങ്ങളുടെ ആർഭാടധാരാളിത്തവും. കലവറ നിറക്കൽ എന്നൊരു ചടങ്ങ് മലബാറിൽ ഇപ്പോൾ വ്യാപകമാണു. എത്ര ആർഭാടമായാണു സ്ത്രീകൾ കലവറ നിറയ്ക്കാനുള്ള പദാർത്ഥങ്ങളുമായി ഊർവലം വരുന്നത് എന്നോ. ആരാണു ഇമ്മാതിരി ചടങ്ങുകൾ കണ്ടുപിടിക്കുന്നത് എന്നറിയില്ല.

പൊങ്കാലയ്ക്ക് സമാപനം കുറിച്ചത് വിളംബരം ചെയ്തുകൊണ്ട് ടിവി അവതാരക പറഞ്ഞത് ഇക്കൊല്ലത്തെ പൊങ്കാലയുടെ സമാപനത്തോടെ അടുത്ത പൊങ്കാലയ്ക്കുള്ള കാത്തിരിപ്പിനും തുടക്കമാകുന്നു എന്നാണു. അപ്പോൾ സ്ത്രീജനങ്ങൾക്ക് ഒരിക്കലും ഒഴിവില്ല. പൊങ്കാലയും പൊങ്കാലയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പും. എന്തുകൊണ്ടായിരിക്കും ഇങ്ങനെ പൊങ്കാലയ്ക്ക് വേണ്ടിയുള്ള അനന്തമായ കാത്തിരിപ്പ്? നിസ്വാർഥമായ ഭക്തിയും ആത്മീയതയും കൊണ്ടായിരിക്കുമോ? ഇത്രയും ഐശ്വര്യവും സൗകര്യങ്ങളും നൽകിയതിനു നന്ദി പ്രകാശിപ്പിക്കാനോ? അതോ ഇനിയും പോര എന്ന ഉദ്വേഗമോ? അതോ പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങൾ ഒരുപാട് ബാക്കി കിടക്കുന്നത് കൊണ്ടോ?

ആർക്കും തന്നെ രണ്ട് തരത്തിലുള്ള പ്രശ്നങ്ങളാണു ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വരിക. ഒന്നാമത്തെ തരത്തിൽ വരുന്ന പ്രശ്നങ്ങൾ നമുക്ക് പരിഹരിക്കാൻ കഴിയുന്നതാണു. ചിലപ്പോൾ ആഞ്ഞ് പരിശ്രമിക്കേണ്ടി വരും എന്ന് മാത്രം. എങ്ങിനെയും പരിഹൃതമാകുന്ന പ്രശ്നങ്ങളാണവ, അങ്ങനെയാണു നമ്മളൊക്കെ ഇന്ന് വരെ ജീവിച്ചതും നാളെ ജീവിയ്ക്കാൻ പോകുന്നതും. രണ്ടാമത്തെ തരത്തിലുള്ള പ്രശ്നം നമ്മൾ തലകുത്തി മറിഞ്ഞാലും പരിഹരിക്കാൻ കഴിയാത്തതാണു. അമ്മാതിരി പ്രശ്നങ്ങൾ ദേവേന്ദ്രന്റെ അച്ഛൻ മുത്തുപ്പട്ടർ വിചാരിച്ചാൽ പോലും നമുക്കായി പരിഹരിച്ച് തരാൻ കഴിയില്ല. പിന്നെയല്ലേ അങ്ങിങ്ങ് സ്ഥലനാമങ്ങളിൽ അറിയപ്പെടുന്ന ലോക്കൽ ദൈവങ്ങൾ പരിഹരിച്ചു തരാൻ. നമ്മൾ പ്രാർത്ഥിക്കുകയും കാണിക്കയും നിവേദ്യവും നൽകിയും എന്തെങ്കിലും പ്രശ്നങ്ങൾ പരിഹരിച്ചു കിട്ടുമായിരുന്നെങ്കിൽ ലോകവും മനുഷ്യരും ഇത് പോലെയല്ല ഉണ്ടാവുക. അത്കൊണ്ട്,  പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങൾ പരിഹരിക്കുന്ന കാര്യത്തിൽ പ്രപഞ്ച സൃഷ്ടാവായ സാക്ഷാൽ ദൈവവും അസംഖ്യം പ്രാദേശിക ദൈവങ്ങളും നമ്മെ പോലെ തന്നെ നിസ്സഹായരാണു. അപരിഹാര്യമായ പ്രശ്നങ്ങൾ നമ്മൾ അനുഭവിച്ചേ പറ്റൂ.

പിന്നെ ചില പ്രാർത്ഥനയും കാണിക്കയും ഫലിക്കാറുണ്ട്. അതെങ്ങനെയെന്ന് ഒരു ഉദാഹരണത്തിലൂടെ പറയാം. ഞങ്ങളുടെ ഒരു ബന്ധു ഉണ്ടായിരുന്നു. കല്യാണം കഴിഞ്ഞ് കുറെയായിട്ടും കുട്ടികൾ ഉണ്ടാകുന്നില്ല. മോഡേൺ മെഡിസിൻ ഡോക്ടരെ കാണിച്ചു. വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞ ഡോക്ടർ പറഞ്ഞു, ഇനി മേലിൽ രാവിലെയും വൈകുന്നേരവും ജോലിക്ക് സൈക്കിൾ ഓടിച്ചു പോകുന്നത് നിർത്തണം. സൈക്കിൾ യാത്രയേ വേണ്ട.  ചിലപ്പോൾ വെരിക്കോസ് വെയിൻ എന്ന അസുഖത്തിനു ശസ്ത്രക്രിയ വേണ്ടി വരും. പുള്ളിക്കാരൻ സൈക്കിൾ യാത്ര നിർത്തി. പക്ഷെ ശസ്ത്രക്രിയയ്ക്ക് തയ്യാറായില്ല. ഇതിനിടയിൽ ബാംഗ്ലൂരിലെ ഒരു ഹോമിയോ ഡോക്ടരുടെ കീഴിൽ വന്ധ്യതാനിവാരണ ചികിത്സ തുടങ്ങി. രണ്ട് കൊല്ലത്തോളമായിട്ടും ഫലം കണ്ടില്ല. ഒരു പ്രാവശ്യം കണ്ണൂരിൽ വന്ന് പറശ്ശിനിക്കടവ് ക്ഷേത്രത്തിൽ ശ്രീ മുത്തപ്പനെ ദർശനം നടത്തി. ഭക്തജനങ്ങളിൽ നിന്ന് കൈമടക്ക് പറ്റിക്കൊണ്ട് പ്രശ്നപരിഹാരം ഉറപ്പ് നൽകുന്ന പതിവുണ്ട് മുത്തപ്പനു. അടുത്ത വർഷം കുഞ്ഞിന്റെ ചോറൂണിനു മുത്തപ്പന്റെ സവിധത്തിൽ വരണം എന്നായിരുന്നു ബന്ധുവിനു മുത്തപ്പൻ നൽകിയ ഉറപ്പ്. കൃത്യമായി ഒരു കൊല്ലത്തിനകം ബന്ധു ഒരു പിതാവായി.

ഇവിടെ ബന്ധുവിനു സന്താനഭാഗ്യം കിട്ടിയത് മുത്തപ്പന്റെ ഉറപ്പ് കൊണ്ടാണോ, ഹോമിയോ ചികിത്സ കൊണ്ടാണോ അതോ മോഡേൺ മെഡിസിൻ ഡോക്‌ടർ നിർദ്ദേശിച്ച പോലെ സൈക്കിൾ യാത്ര നിർത്തിയത്കൊണ്ട് ഞരമ്പുകൾക്ക് ബലക്ഷയം എന്ന അവസ്ഥ മാറിയത് കൊണ്ടോ? കുട്ടികൾ ഇല്ലാത്ത എല്ലാ ദമ്പതികളും എത്രയോ അമ്പലങ്ങളിൽകയറിയിറങ്ങുന്നുണ്ട്. അവരിൽ ഒറ്റപെട്ടവർക്ക് പിൽക്കാലത്ത് കുഞ്ഞുങ്ങൾ പിറക്കുന്നു. അത് ദൈവകടാക്ഷം കൊണ്ടാണെന്ന് അവർ കരുതുന്നു. അത്രയേയുള്ളൂ. അപരിഹാര്യമായ വന്ധ്യതയുള്ളവർക്ക് ക്ഷേത്രങ്ങൾ തോറും  ദർശനം നടത്തിയാൽ കുട്ടികൾ ഉണ്ടാവില്ല എന്നും അതിനു ശാസ്ത്രീയമാർഗ്ഗങ്ങൾ സ്വീകരിക്കുകയോ അല്ലെങ്കിൽ കുഞ്ഞുങ്ങളെ ദത്ത് എടുക്കുകയോ വേണമെന്ന് ആർക്കാണു അറിഞ്ഞുകൂടാത്തത്. എന്നിട്ടും ആളുകൾ പരാതിയും പരിഭവങ്ങളുമായി പ്രാദേശികദൈവങ്ങളെ നിരന്തരം സന്ദർശിക്കുന്നു.  സാക്ഷാൽ ദൈവത്തെ സന്ദർശിക്കാനോ പരാതി പറയാനോ ലോകത്ത് എവിടെയും ഒരു മതവിശ്വാസിക്കും ദേവാലയങ്ങളോ അമ്പലങ്ങളോ പള്ളികളോ ഇല്ല. ഇക്കാര്യം നിങ്ങൾ എപ്പോഴെങ്കിലും ആലോചിട്ടുണ്ടോ. അങ്ങനെ നോക്കുമ്പോൾ സാക്ഷാൽ ദൈവം പാവമാണു, തിരിഞ്ഞുനോക്കാൻ ആരുമില്ലാത്ത പാവം പാവം ദൈവം !  

2 comments:

  1. ഭക്തി ഒരു പകര്‍ച്ചവ്യാധിയുംകൂടെയാണ്

    ReplyDelete
  2. PK തിരിച്ചിട്ടാൽ KP . വായിച്ചു - കാലോചിതം
    പക്ഷെ ആർക്കു വേണം യഥാർത്ഥ ദൈവത്തെ .
    DARE TO THINK മലയാളിക്ക് കൈമോശം വന്ന
    ഗുണം .
    മതത്തെ അനുകൂലിച്ചു ഒരു പോസ്റ്റ്‌ എഴുതൂ COMMENTS കൂട്ടാം .

    ReplyDelete