Pages

സ്വപ്നങ്ങൾ വേണം !


മറ്റുള്ളവരുടെ കാര്യത്തിലും സമൂഹത്തിന്റെ പ്രശ്നങ്ങളിലും ശ്രദ്ധ പതിപ്പിക്കുന്ന സമയത്തിന്റെ ചെറിയൊരംശമെങ്കിലും സ്വന്തം വീട്ടുകാര്യങ്ങളിൽ ആളുകൾ ശ്രദ്ധിക്കുന്നുണ്ടോ എന്ന് എനിക്ക് സംശയമാണു. എന്തൊക്കെ കാര്യങ്ങൾ വീട്ടിൽ ചെയ്യാൻ ബാക്കിയുണ്ടാകും? അലക്കിയ തുണികൾ മടക്കി വെക്കുക, ചുമരുകളിലും മറ്റുമുള്ള മാറാലകൾ നീക്കം ചെയ്യുക, പൊടിപടലങ്ങൾ തുടച്ചു വൃത്തിയാക്കുക, കീറിപ്പോയ വസ്ത്രങ്ങൾ തുന്നുക, പാത്രങ്ങൾ ഒക്കെ വെടിപ്പായി കഴുകുക, ചിതറിക്കിടക്കുന്ന സാധനങ്ങൾ എല്ലാം അടുക്കും ചിട്ടയിലും എടുത്ത് വെക്കുക, അടുക്കളത്തോട്ടം പരിപാലിക്കുക, പുതിയതായി എന്തെങ്കിലും വിഭവം പാചകം ചെയ്യാൻ പഠിക്കുക എന്നിട്ട് അവയുണ്ടാക്കി പരിമാറുക, കുട്ടികൾക്ക് സാരോപദേശ കഥകൾ പറഞ്ഞുകൊടുക്കുക, വീട്ടിലെ എല്ലാവരുമായും പൊതുവായതും കുടുംബപരവുമായ കാര്യങ്ങൾ ചർച്ച ചെയ്യുക ഇങ്ങനെ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്.

മനസ്സുണ്ടെങ്കിൽ ഇത്രയും കാര്യങ്ങൾ ചെയ്യുന്നത് ഒരു ഭാരമായി തോന്നുകയേയില്ല. ആരാണിവയൊക്കെ ഒരു വീട്ടിൽ ചെയ്യേണ്ടത് എന്ന് ചോദിച്ചാൽ എല്ലാവർക്കും അതായത് ഭാര്യയ്ക്കും ഭർത്താവിനും മക്കൾക്കും എല്ലാം ചെയ്യാം. എല്ലാറ്റിനും ഒരു സ്ഥാനം നിർണ്ണയിക്കുകയും അതാത് സാധനങ്ങൾ എടുത്താൽ അതാതിടത്ത് വെക്കുകയും വേണം. വീട് എന്നാൽ ഭക്ഷണം കഴിക്കാനും ഉറങ്ങാനും മാത്രമുള്ളതല്ല, ആസ്വദിക്കാനും കൂടിയുള്ളതാണു. വീടിന്റെ ഓരോ ചതുരശ്ര ഇഞ്ച് ഇടവും നോക്കി ആസ്വദിക്കാൻ നമുക്ക് കഴിയണം. എന്ത്കൊണ്ടാണു ആളുകൾ ഇത്തരം കാര്യങ്ങൾ നേരാം വണ്ണം ചെയ്യാത്തത്? ശരിയായ കാര്യങ്ങൾ ശരിയായി ചെയ്യാൻ മാനസികമായി അല്പം അധ്വാനമുണ്ട്. അത്കൊണ്ട് കാര്യങ്ങൾ ഒന്നും ശരിയായി ചെയ്യാതിരിക്കലാണു എളുപ്പമായി ആളുകൾക്ക് തോന്നുന്നത്. എപ്പോഴും എളുപ്പമാണു ആളുകൾ നോക്കുന്നത്.

ഇങ്ങനെയാണു ജീവിക്കേണ്ടത് എന്ന് നമുക്ക് ആരോടും പറഞ്ഞുകൊടുക്കാനോ ഉപദേശിക്കാനോ പറ്റില്ല. ഓരോരുത്തർക്കും ഓരോ ജീവിതശൈലിയാണു. എന്നാൽ ചിന്തിക്കാൻ കഴിയുന്നവർ താരതമ്യേന ശരിയായൊരു ജീവിതരീതി സ്വയം ആവിഷ്ക്കരിക്കും. അനായാസമായും ആഹ്ലാദത്തോടെയും ജീവിക്കാനാണു നമുക്ക് കഴിയേണ്ടത്. ശരിയായ ജീവിതരീതി മനസ്സിലാക്കി ജീവിക്കാത്തത്കൊണ്ട് പലരും അനാവശ്യഭാരം ചുമക്കുകയും വെറുതെ ടെൻഷൻ പാട്ടത്തിനു എടുക്കുകയും ചെയ്യുന്നുണ്ട്. അത്കൊണ്ടാണു ഇങ്ങനെ പറയേണ്ടി വരുന്നത്. ഏതാണു ശരി എന്ന് ചോദിച്ചാൽ പറയാൻ ബുദ്ധിമുട്ടാണു. എന്നാൽ ചിന്തിക്കുന്ന രണ്ട് പേർ ഇതിനു ഒരേ പോലെയുള്ള ഉത്തരം കണ്ടെത്തും. അങ്ങനെ സാർവ്വജനീനമായ ഒരു ശരി ചിന്തിക്കുന്നവരിൽ പ്രവർത്തിക്കുന്നുണ്ട്. ചിന്താശീലർ സമൂഹത്തിൽ കുറവാണു. അനുകരണത്തിലൂടെയാണു ഭൂരിപക്ഷവും ജീവിതരീതി കണ്ടെത്തുന്നത്.

അണുകുടുംബം ഒരു സൗകര്യമായി തോന്നാമെങ്കിലും പല കാര്യങ്ങളിലും അസൗകര്യങ്ങൾ നിറഞ്ഞതാണു. എടുത്താൽ പൊങ്ങാത്ത ഭാരമാണു അണുകുടുംബം ആളുകളിൽ അടിച്ചേൽപ്പിക്കുന്നത്. അണുകുടുംബത്തിൽ വളരുന്ന കുട്ടികൾക്ക് വളരുമ്പോൾ ആരുമായും ടോളറേറ്റ് ചെയ്യാൻ കഴിയില്ല. അത്കൊണ്ട് കല്യാണം കഴിയുമ്പോഴേക്കും അവർക്ക് തനിവീട് വേണ്ടി വരുന്നു. ഭാര്യയും ഭർത്താവും പറക്കമുറ്റാത്ത മക്കളും എന്നതാണു അണുകുടുംബസങ്കല്പം. പ്രായമായ അച്ഛനും അമ്മയ്ക്കും സഹോദരങ്ങൾക്കും ആ സങ്കല്പത്തിൽ സ്ഥാനമില്ല. അണുകുടുംബത്തിൽ വളരുന്നവർക്ക് മറ്റുള്ളവരെ ഉൾക്കൊള്ളാൻ കഴിയും വിധം മനസ്സ് ഒരിക്കലും വികസിക്കുകയില്ല. ഇങ്ങനെയുള്ള മക്കളെ, എല്ലാം കൊടുത്ത് വളർത്തിപ്പോയല്ലോ എന്ന് വാർദ്ധക്യത്തിൽ ഖേദിക്കേണ്ട അവസ്ഥയാണു. ഇതൊരു തുടർക്കഥയാണു.

നാട്ടിൽ എന്റെ വീട് പുതുക്കിപ്പണിയുമ്പോൾ ഞാൻ വിചാരിച്ചു, ഇവിടെ ഒരു കൂട്ടുകുടുംബം പടുത്തുയർത്തണം. എന്റെ മക്കളിലൂടെ അതിനു തുടക്കമിടണം. ഈ വീട്ടിൽ താമസിക്കുന്ന ആർക്കും ഒന്നും എന്റേത് എന്ന് തോന്നരുത്. എല്ലാം എല്ലാവരുടേതുമാണു എന്ന ബോധം എല്ലാവർക്കും ഉണ്ടാകണം. ഈ വീട് ഒരിക്കലും ഭാഗം വെക്കരുത്. ഈ ബോധം മക്കളിൽ ഉണ്ടാക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്. അതിനു പറ്റിയ ഒരു മരുമകനെയും കിട്ടിയത് അപൂർവ്വഭാഗ്യം എന്നേ പറയേണ്ടൂ. പക്ഷെ നാട്ടിലെ വീട്ടിൽ ഇപ്പോൾ വാടകക്കാരനാണു താമസിക്കുന്നത്. നാട്ടിൽ കൂട്ടുകുടുംബം സ്ഥാപിക്കാൻ കഴിയില്ല. അതിനുള്ള സാമൂഹ്യസാഹചര്യം നാട്ടിലില്ല.

എന്നാലും കൂട്ടുകുടുംബം എന്ന സ്വപ്നം ഞാൻ കൈവിട്ടില്ല. ബാംഗ്ലൂരിൽ നടക്കുമോ എന്നാണു ഇപ്പോഴത്തെ ശ്രമം. മരുമകൻ പ്രവാസിയായതിനാലും അവനു എൻ ആർ ഐ ബാങ്ക് അക്കൗണ്ട് ഉള്ളതിനാലും അതിനുള്ള സാധ്യത തെളിഞ്ഞു വന്നിട്ടുണ്ട്. ബാംഗ്ലൂരിൽ ആറായിരം ചതുരശ്ര അടി സ്ഥലത്തിനു അഡ്വാൻസ് കൊടുത്തു. മൂന്ന് മാസത്തിനകം ആധാരം റജിസ്റ്റർ ചെയ്യണം. എന്നിട്ട് അവിടെ അപാർട്ട്മെന്റ് പണിയണം. തൽക്കാലം വാടകയ്ക്ക് കൊടുക്കാം. പിന്നെ മക്കളുടെ മക്കൾക്കും അവരുടെ മക്കൾക്കും അങ്ങനെയങ്ങനെ. രണ്ട് വർഷം കൊണ്ട് മരുമകന്റെ പ്രവാസത്തിനു വിരാമമിടണം.

നടക്കുമോ എന്നല്ല, ജീവിതത്തിൽ സ്വപ്നങ്ങൾ ഉണ്ടാകണം. അർത്ഥമുണ്ടോ എന്നല്ല, ജീവിച്ചുകൊണ്ട് ജീവിതത്തിനു അർത്ഥമുണ്ടാക്കണം. ഇതാണു എന്റെ ജീവിതവീക്ഷണം. കഴിയുന്നതും മന:സാക്ഷി നമ്മെ വിചാരണ ചെയ്യാനുള്ള അവസരം സൃഷ്ടിക്കാതെയും നോക്കണം. ഇന്ന് നമ്മൾ ചെയ്യുന്ന പ്രവൃത്തിയിൽ നാളെ കുറ്റബോധമോ ഖേദമോ തോന്നാൻ ഇടവരരുത്. നൂറു ശതമാനവും ക്ലീൻ ആകാൻ കഴിയില്ല എങ്കിലും പരമാവധി ശ്രദ്ധിക്കണം, ഒഴിവ്കഴിവുകളെ അഭയം തേടാതിരിക്കുകയും വേണം.

7 comments:

  1. വീട് മനസ്സിന്റെ കുളിര്മ്മയാകട്ടെ .... വീട്ടിലുള്ളവരും ... ആശംസകള്‍ ... :)

    ReplyDelete
  2. സ്വപ്‌നങ്ങള്‍ സഫലമാകട്ടെ .....
    പ്രാര്‍ത്ഥനകള്‍

    കൂട്ടുകുടുംബം എല്ലാവരുടെയും മനസിലെ ഒരാഗ്രഹമാണ് അല്ലേ .. :)

    ReplyDelete
  3. നടക്കുമോ എന്നല്ല, ജീവിതത്തിൽ സ്വപ്നങ്ങൾ ഉണ്ടാകണം. അർത്ഥമുണ്ടോ എന്നല്ല, ജീവിച്ചുകൊണ്ട് ജീവിതത്തിനു അർത്ഥമുണ്ടാക്കണം.
    നല്ല ജീവിതവീക്ഷണം കേട്ടോ ഭായ്

    ReplyDelete
  4. സ്വപ്നങ്ങള്‍ കാണണം
    അവ സഫലമാകാന്‍ വേണ്ടി യത്നിക്കണം

    നല്ല പൊസിറ്റീവ് ചിന്തകള്‍ തരുന്ന പോസ്റ്റ്
    കേപിയെസിന്റെ ബ്ലോഗില്‍ ഇങ്ങനെ വല്ലതും കാണുന്നത് വളരെ സന്തോഷകരമാണ്.

    ReplyDelete
  5. നടക്കുമോ എന്നല്ല, ജീവിതത്തിൽ സ്വപ്നങ്ങൾ ഉണ്ടാകണം. അർത്ഥമുണ്ടോ എന്നല്ല, ജീവിച്ചുകൊണ്ട് ജീവിതത്തിനു അർത്ഥമുണ്ടാക്കണം.

    ReplyDelete
  6. സ്വപ്നങ്ങൾ ഉണ്ടെങ്കിലെ ജീവിതം അർത്ഥപൂർണ്ണമാവുകയുള്ളു.

    ReplyDelete
  7. സ്വപ്നങ്ങൾ ഉണ്ടെങ്കിലെ ജീവിതം അർത്ഥപൂർണ്ണമാവുകയുള്ളു.

    ReplyDelete