ഒരു അഞ്ച് പത്ത് പേരോട് കുശലം പറയുക എന്നത് മാത്രമാണു എന്റെ ഓൺലൈൻ എഴുത്ത് കൊണ്ടു ഞാൻ ഉദ്ദേശിക്കുന്നത്. അതിനപ്പുറം തെരഞ്ഞെടുപ്പിൽ മത്സരിക്കാനോ സംഭാവന പിരിക്കാനോ സൂപ്പർ ബ്ലോഗർ/ഫേസ്‌ബുക്കർ അവാർഡ് കിട്ടാനോ വേണ്ടിയല്ല. കമന്റും ലൈക്കും കിട്ടാൻ വേണ്ടിയുമല്ല. നമുക്ക് ഈ ജീവിതത്തിൽ അവകാശപ്പെടാൻ അധികമൊന്നുമില്ല. കിട്ടുന്നതെല്ലാം ബോണസ്സാണു.
ഫേസ്‌ബുക്കിലും പ്ലസ്സിലും നല്ല ഒരു സൗകര്യമുണ്ട്. നാം നമ്മുടെ അഭിപ്രായങ്ങൾ പരസ്യമായി പങ്ക് വയ്ക്കുമ്പോൾ ചിലർക്ക് അത് രസിക്കുകയില്ല. അവർ പരിഹസിച്ചോ തെറി പറഞ്ഞോ ആണു അവരുടെ നീരസം പ്രകടിപ്പിക്കുക. അത്തരക്കാരെ നമുക്ക് ബ്ലോക്ക് ചെയ്യാം എന്നതാണു ഫേസ്‌ബുക്കിന്റെയും പ്ലസ്സിന്റെയും പ്രത്യേകത. എന്നാലും നമുക്ക് പറയാനുള്ളത് എത്രയോ ആയിരങ്ങളെ അറിയിക്കാനും ഫേസ്‌ബുക്കിലൂടെയും പ്ലസ്സിലൂടെയും സാധിക്കുന്നു. ഒരെണ്ണത്തിനെ ബ്ലോക്ക് ചെയ്താലും പത്ത് പേർ പുതിയതായി സൗഹൃദാഭ്യർത്ഥനയുമായി ഫേസ്‌ബുക്കിലും ഫോളോവറായി പ്ലസ്സിലും എത്തും. അത്കൊണ്ട് ഈ ഓൺലൈൻ ലോകത്ത് നമുക്ക് സ്വതന്ത്രരായി വിഹരിക്കാം. നമ്മളായിട്ട് ആരെയും വ്യക്തിപരമായി കടന്നാക്രമിക്കാൻ പോകണ്ട എന്ന് മാത്രം.
എന്റെ സൗഹൃദലിസ്റ്റിൽ ഭൂരിപക്ഷം പേരും ഇസ്ലാം വിശ്വാസികളും കമ്മ്യൂണിസ്റ്റ് വിശ്വാസികളുമാണു. ലോകത്ത് നിലവിലുള്ള രണ്ട് പ്രബല സിദ്ധാന്തങ്ങളാണു ഇസ്ലാമിസവും കമ്മ്യൂണിസവും. ഞാൻ ആ രണ്ട് സിദ്ധാന്തങ്ങളിലുമുള്ള നന്മയും ശരിയും മാത്രം അരിച്ചെടുക്കും. നമുക്ക് അത്രയേ വേണ്ടൂ. എന്തിലും കുറെ നന്മയും ശരിയും പോസിറ്റീവും കാണും. നമ്മൾ അതെടുത്താൽ മതി. അതിനപ്പുറം നമ്മൾ ഒരു സിദ്ധാന്തത്തിന്റെയും വിശ്വാസിയോ അടിമയോ വക്താവോ ആകേണ്ടതില്ല. അതാണു ചിന്താപരമായ സ്വാതന്ത്ര്യം. ഒന്നിന്റെ വിശ്വാസിയായാൽ മറ്റെല്ലാറ്റിനെയും മനസ്സ് കൊണ്ടെങ്കിലും എതിർക്കണം. അതിലെല്ലാമുള്ള നന്മകളെയും ശരികളെയും അവഗണിക്കണം. സ്വന്തം സിദ്ധാന്തത്തിലെ തെറ്റുകളെ ശരിയായി കാണണം. ഇതാണു ചിന്താപരമായ അടിമത്വം. മനുഷ്യൻ സ്വതന്ത്രനായാണു ജനിക്കുന്നത്. ആ സ്വാതന്ത്ര്യം ജീവിതത്തിലും അനുഭവിക്കണമെങ്കിൽ നാം ചിന്താപരമായി സ്വതന്ത്രരാവണം.
സിദ്ധാന്തം തീവ്രവാദികളെയും ഉണ്ടാക്കും. കമ്മ്യൂണിസത്തിലും ഇസ്ലാമിസത്തിലും തീവ്രവാദികളെ നമ്മൾ കണ്ടതാണു. ചാകാനും കൊല്ലാനും തയ്യാറാവുക എന്നതാണു തീവ്രവാദത്തിന്റെ ലക്ഷണം. അവനവന്റെയും അന്യന്റെയും ജീവനേക്കാളും വലുതായി സിദ്ധാന്തത്തെ കാണുന്നു എന്നതാണു തീവ്രവാദത്തിന്റെ മന:ശാസ്ത്രം. തീവ്രവാദത്തിന്റെ വിഷബീജങ്ങൾ വളരെ ചുരുക്കം മനസ്സുകളിൽ മാത്രമേ വളർച്ച പ്രാപിക്കുന്നുള്ളൂ എന്നത്കൊണ്ടാണു ലോകം നിലനിൽക്കുന്നത്.
വിശ്വാസം എന്നത് ഭൂരിപക്ഷം മനസ്സുകളിലുമുണ്ട്. വിശ്വസിക്കാനുള്ള മനുഷ്യരുടെ കഴിവിന്റെ പുറത്താണു എല്ലാ എസ്റ്റാബ്ലിഷ്‌മെന്റുകളും നിലനിൽക്കുന്നത്. എസ്റ്റാബ്ലിഷ്‌മെന്റുകൾ ഒന്നും ഇല്ലാത്ത ഒരു ലോകം സ്വപ്നം കണ്ട ഒരാളെങ്കിലും ലോകത്ത് ജനിച്ചിരുന്നു. അത് സാക്ഷാൽ കാൾ മാർക്സ് തന്നെയാണു. അദ്ദേഹത്തിന്റെ പേരിലാണു പിൽക്കാലത്ത് ഏറ്റവും വലുതും ശക്തവുമായ എസ്റ്റാബ്ലിഷ്‌മെന്റുകൾ പടുത്തുയർപ്പെട്ടത് എന്നത് ചരിത്രത്തിന്റെ തമാശയായി ഒടുങ്ങിത്തീർന്നു.
വിശ്വാസത്തെ തൊട്ടാൽ വിശ്വാസികൾ പ്രകോപിതരാകും. അങ്ങിങ്ങായി സദാ നടന്നുകൊണ്ടിരിക്കുന്ന ചെറിയ ചെറിയ സംഘർഷങ്ങൾക്ക് ഇതാണു കാരണം. വസ്ത്രധാരണം എന്നത് വളരെ സെൻസേഷനൽ ആയ ഒരു വിഷയമായത് ഇപ്പോഴാണു. അത്കൊണ്ട് വസ്ത്രധാരണത്തെക്കുറിച്ച് പറയുമ്പോൾ ശ്രദ്ധിക്കണം.
സ്ത്രീയുടെ വസ്ത്രധാരണമാണോ തെറ്റ്, അതോ എളുപ്പം കാമാതുരമാകുന്ന പുരുഷന്റെ മനസ്സാണോ തെറ്റ്? ഏതാണു തിരുത്തപ്പെടേണ്ടത്? എനിക്ക് സംശയമില്ല, പുരുഷന്റെ മനസ്സാണു സംസ്ക്കരിക്കപ്പെടേണ്ടത്. പുരുഷനു കാമം ഉണർന്നുപോകും, അത്കൊണ്ട് പെണ്ണേ നീ ആപാദചൂഢം മൂടിപ്പുതച്ചു പോ എന്ന് പറയുന്നത് പുരുഷന്റെ അസംസ്കൃതമനസ്സിനെ അതേപടി പ്രാകൃതമായി നിലനിർത്താനുള്ള ആഹ്വാനമായിട്ട് മാത്രമേ കാണാൻ കഴിയൂ. അന്യസ്ത്രീയെ ഏത് രൂപത്തിൽ കണ്ടാലും പുരുഷാ നിന്നിൽ കാമം ഉണരരുത്, അത് തെറ്റാണു എന്ന് പുരുഷന്മാരെ ഉൽബോധിപ്പിക്കാൻ കഴിയാത്തതെന്ത്? പ്രത്യേകിച്ചും ഏത് പുരുഷനെയും ഒരു സ്ത്രീയല്ലേ പ്രസവിച്ച് പാലൂട്ടി വളർച്ചയ്ക്ക് പ്രാപ്തനാക്കുന്നത്.
എനിക്ക് ബുദ്ധിയുറച്ചത് മുതൽ ഞാൻ മുസ്ലീം സുഹൃത്തുക്കളെ കാണുന്നുണ്ട്. അയല്പക്കത്തും സ്കൂളിലും എല്ലാം അവരുണ്ടായിരുന്നു. മുസ്ലീം പെൺകുട്ടികളും സ്ത്രീകളും തലയിൽ തട്ടം ധരിക്കുമായിരുന്നു. ഇന്നത്തെ പോലെ കറുത്ത പർദ്ധ അന്ന് കണ്ടിട്ടേയില്ല. ഞാൻ പർദ്ധയ്ക്ക് എതിരല്ല. അതൊക്കെ ഓരോരുത്തരുടെയും സൗകര്യം. പർദ്ധയെ എതിർത്ത് വിശ്വാസികളെ പ്രകോപിപ്പിക്കേണ്ട ആവശ്യം ആർക്കും ഇല്ല എന്ന് തന്നെയാണു എന്റെ അഭിപ്രായം. പക്ഷെ ആ വാദമുണ്ടല്ലോ, പുരുഷനു ബലാൽസംഗം ചെയ്യാൻ തോന്നിപ്പോകും അത്കൊണ്ട് ശരീരം മൊത്തം ആവൃതമാക്കിയിട്ട് സ്ത്രീകൾ സഞ്ചരിച്ചാൽ മതി എന്ന ആ വാദം. അത് അങ്ങേയറ്റം തെറ്റാണെന്ന് ഞാൻ പറയും. അതെന്താ പുരുഷന്മാർക്ക് ഞരമ്പ് രോഗികൾ അല്ലാതായിക്കൂടേ? ഞരമ്പ് രോഗത്തിനു മരുന്ന് നൽകിക്കൂടേ?
Well said ..and well questions too.. and the answers are upto us ..anyway i agree with you sir ..
ReplyDeleteഞാനും അംഗീകരിക്കുന്നു . മനോഹരമായി എഴുതി .....
ReplyDelete>>നമുക്ക് ഈ ജീവിതത്തിൽ അവകാശപ്പെടാൻ അധികമൊന്നുമില്ല. കിട്ടുന്നതെല്ലാം ബോണസ്സാണു<<
ReplyDeleteസത്യം !
മുന്‍ എഴുത്തുകളില്‍ നിന്നും വ്യത്യസ്ഥമായി (സി.പി.എമ്മിനെ ചെളിവാരിയെരിയാതെ) സുകുമാരേട്ടന്റെ ഒരു പോസ്റ്റ്. നന്നായി.
ReplyDeleteകാര്യമാത്രപ്രസക്തമായ കുറിപ്പ്.
ReplyDeleteനന്നായിരിക്കുന്നു സാര്‍
ആശംസകള്‍
പറഞ്ഞതു സത്യം
ReplyDeleteബോണസ്
ReplyDeleteമൂടിപുതച്ച് നടക്കുന്ന രാജ്യങ്ങളിൽ പോലും ബലാത്സംഗ കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നത് എന്ത് കൊണ്ടാണെന്ന് ഈ മൂടിപുതപ്പ് വാദികൾ എന്ത് കൊണ്ട് കാണുന്നില്ല!!
ReplyDelete