Pages

ബ്രാഹ്മണ്യം എന്നാൽ ?


ശരിക്കും ഈ ബ്രാഹ്മണ്യം എന്ന് പറഞ്ഞാല്‍ എന്താണ്? ഇവിടത്തെ ഒരു രീതി വെച്ച് പറഞ്ഞാല്‍ ബ്രാഹ്മണരായ മാതാപിതാക്കള്‍ക്ക് പിറന്നവര്‍ക്ക് മാത്രമേ ബ്രാഹ്മണരാകാന്‍ പറ്റൂ. നായര്‍ മാതാപിതാക്കള്‍ക്ക് പിറന്നാല്‍ നായരും ഈഴവര്‍ക്ക് പിറന്നാല്‍ ഈഴവരും അങ്ങനെയാണല്ലൊ അതിന്റെയൊരു രീതി. മിശ്രവിവാഹിതരായ ദമ്പതികള്‍ക്ക് പിറക്കുന്ന കുട്ടികളുടെ ജാതി അച്ഛന്റേതായിരിക്കുമെന്ന് കോടതി വിധിയും ഉണ്ട്. ചുരുക്കിപറഞ്ഞാല്‍ ഈ ജാതിയും മതവും ഒക്കെ ജന്മനാ ലഭിക്കുന്നതാണ് എന്നാണ് വയ്പ്.

ബ്രാഹ്മണ്യമുള്ള നായര്‍ സമുദായാംഗങ്ങളെ എൻ.എസ്.എസ്സിന്റെ ക്ഷേത്രങ്ങളിൽ പൂജാരിമാരായി നിയമിക്കും എന്ന് സുകുമാരൻ നായർ പറയുമ്പോൾ അദ്ദേഹം ഉദ്ദേശിക്കുന്ന ബ്രാഹ്മണ്യം എന്താണ്? മാത്രമല്ല, ബ്രാഹ്മണ്യമുള്ള ബ്രാഹ്മണരെ പൂജാരിമാരായി കിട്ടാത്ത സാഹചര്യമുണ്ടെന്നും, ബ്രാഹ്മണ്യമില്ലാത്ത ബ്രാഹ്മണര്‍ പൂജാവിധികളുടെ പേരില്‍ ചൂഷണം നടത്തുന്നുണ്ടെന്നും സുകുമാരന്‍ നായര്‍ പറയുന്നുണ്ട്. ബ്രാഹ്മണ്യം എന്നത് എല്ലാ ബ്രാഹ്മണര്‍ക്കും ഉണ്ടാവുകയില്ലേ, ബ്രാഹ്മണര്‍ അല്ലാത്ത നായര്‍മാര്‍ക്ക് ബ്രാഹ്മണ്യം ഉണ്ടാകുമോ? താന്ത്രിക്ക് വിദ്യാപീഠത്തില്‍ പഠിച്ചാല്‍ നായര്‍ക്കോ മറ്റ് ജാതിക്കാര്‍ക്കോ ബ്രാഹ്മണ്യം ഉണ്ടാകുമോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് സുകുമാരന്‍ നായര്‍ മറുപടി പറയണം. ബ്രാഹ്മണരും ബ്രാഹ്മണ്യവും രണ്ടാണ് എന്നാണോ അദ്ദേഹം ഉദ്ദേശിക്കുന്നത്?

സത്യം പറഞ്ഞാല്‍ ഇന്ന് ക്ഷേത്രമേഖലയില്‍ നിലനില്‍ക്കുന്ന അത്യന്തം ഗുരുതരമായ ഒരു പ്രശ്നത്തിന്റെ മര്‍മ്മത്താണ് സുകുമാരന്‍ നായര്‍ തൊട്ടത്. നമ്മള്‍ സാമ്പത്തികമായി പുരോഗമിച്ചതിന്റെ ഫലമായി, ജീര്‍ണ്ണിച്ച് കിടന്നിരുന്ന സകല അമ്പലങ്ങളും ക്ഷേത്രങ്ങളും പുനരുദ്ധരിക്കപ്പെടുകയുണ്ടായി. പുതിയ ക്ഷേത്രങ്ങള്‍ എത്രയോ നിര്‍മ്മിക്കപ്പെടുന്നുമുണ്ട്. ഈ കാക്കത്തൊള്ളായിരം ക്ഷേത്രങ്ങളിലും ഭക്തന്മാരുടെ തിരക്കാണ്. ഈ തിരക്കും സാമ്പത്തികപുരോഗതിയുടെ ഫലമാണ്. ഇവിടെയൊക്കെ പൂജ ചെയ്യാനും പ്രസാദം നല്‍കാനും ബ്രാഹ്മണരായ പൂജാരികള്‍ വേണം. എന്നാല്‍ ഇത്രയും പൂജാരികള്‍ ബ്രാഹ്മണ സമുദായത്തില്‍ ഇല്ല. എല്ലാ ബ്രാഹ്മണരും പുജാരിജോലിക്ക് പോകുന്നില്ല. ഹിന്ദുക്കള്‍ക്കാണെങ്കില്‍ ബ്രാഹ്മണര്‍ മാത്രമേ പൂജാരിമാരാകാന്‍ പറ്റൂ എന്ന് നിര്‍ബ്ബന്ധവുമുണ്ട്.

നിലവിൽ എല്ലാ ക്ഷേത്രങ്ങളിലെയും പൂജാരിമാര്‍ യഥാർഥ ബ്രാഹ്മണർ തന്നെയാണോ? അല്ല എന്നായിരിക്കും ഉത്തരം. വയറിന് കുറുകെ കഴുത്തിലൂടെ ഒരു ചരടും കെട്ടി, ക്ഷേത്രാചാരങ്ങള്‍ കണ്ട് പഠിച്ച എത്രയോ ബ്രാഹ്മണരല്ലാത്തവര്‍ ക്ഷേത്രങ്ങളില്‍ പൂജാരിമാരായി ജോലി ചെയ്യുന്നുണ്ട്. പൂജാരിമാര്‍ ദൈവത്തിന്റെ ഇടനിലക്കാര്‍ അല്ലെങ്കില്‍ ദൈവത്തെ സം‌പ്രീതമാക്കാന്‍ കഴിവുള്ളവര്‍ എന്ന നിലയില്‍ ഭക്തര്‍ ഈ പൂജാരികള്‍ക്ക് നല്ല തോതില്‍ കൈക്കൂലിയും കൊടുത്ത് വരുന്നുണ്ട്. അതായത് പൂജാരിമാര്‍ക്ക് ക്ഷേത്രക്കമ്മറ്റികളില്‍ നിന്ന് ശമ്പളവും ഭക്തരില്‍ നിന്ന് കിമ്പളവും ലഭിക്കുന്നു. ഇങ്ങനെ കിമ്പളം പറ്റുന്ന പൂജാരിമാര്‍ ഇന്ന് ഭേദപ്പെട്ട ധനികരായി മാറുന്നുണ്ട്. ആവശ്യത്തിന് ബ്രാഹ്മണരെ കിട്ടാത്ത സ്ഥിതി മുതലെടുത്ത് ഇതരജാതികളില്‍ നിന്ന് നിരവധി പേര്‍ വ്യാജപൂജാരിമാരായി ഈ തൊഴില്‍ മേഖലയില്‍ എത്തിപ്പെടുന്നുമുണ്ട്.

ഇതൊക്കെ മനസ്സിലാക്കിയിട്ടാണ് സുകുമാരന്‍ നായര്‍ ബ്രാഹ്മണരെയും ബ്രാഹ്മണ്യത്തെയും രണ്ടാക്കി പിരിച്ച് ബ്രാഹ്മണ്യമുള്ള നായര്‍ യുവാക്കളെ പൂജാരിമാരാക്കും എന്ന് പ്രസ്താവിച്ചത്. എങ്ങനെയാണ് നായര്‍ യുവാക്കളെ ബ്രാഹ്മണ്യമുള്ളവരാക്കുക? അവര്‍ക്ക് താന്ത്രിക്ക് വിദ്യാപീഠത്തില്‍ പഠിച്ച് സര്‍ട്ടിഫിക്കറ്റ് കിട്ടിയാല്‍ മതിയോ, പൂണൂല്‍ ധരിക്കുമോ, പൂണൂല്‍ ഇല്ലാത്ത പൂജാരിമാരെ ഭക്തന്മാര്‍ അംഗീകരിക്കുമോ എന്നതൊക്കെ കണ്ട് തന്നെ അറിയണം.

ഇക്കണ്ട അമ്പലങ്ങളിലും ക്ഷേത്രങ്ങളിലും ഒക്കെ പൂണൂൽ ധരിച്ച് കാണുന്ന പൂജാരിമാർ മുഴുവനും ബ്രാഹ്മണസമുദായത്തിൽ നിന്ന് വരുന്നവർ അല്ല എന്ന് ആലോചിച്ചാൽ മനസ്സിലാകും. അപ്പോൾ, പൂജാരിമാരാകാൻ ബ്രാഹ്മണർ തന്നെ വേണോ, താന്ത്രിക്ക് വിദ്യാപീഠത്തിൽ നിന്ന് പൂജാദികർമ്മങ്ങൾ യഥാവിധി പഠിച്ച ഏത് ജാതിയിൽ പെട്ടവരായാലും ഹിന്ദു ആയാൽ പോരേ എന്നതാണു യഥാർഥ പ്രശ്നം. ഇങ്ങനെ യഥാർഥ പ്രശ്നത്തെ യഥാർഥമായി ചിന്തിച്ചാൽ ഒരു പക്ഷെ സുകുമാരൻ നായർക്കും വെള്ളാപ്പള്ളിക്കും പരിഹാരം കണ്ടെത്താൻ കഴിയും. ക്ഷേത്രങ്ങളിൽ ഇന്ന് കടുത്ത ചൂഷണമാണു നടക്കുന്നത്. അവനവന്റെ പരാതിയിലും പരിഭവങ്ങളിലും അധിഷ്ഠിതമായ ഭക്തിപാരവശ്യത്തിൽ ഭക്തർ അതറിയുന്നില്ല എന്ന് മാത്രം.

9 comments:

  1. ക്ഷേത്രങ്ങള്‍ ഇന്നൊരു വ്യാപാര സ്ഥാപനം എന്നാ നിലയിലേക്ക് മാറിയിരിക്കുന്നു . പായസം , പ്രസാദം , അരവണ , അപ്പം , ലഡു .... അങ്ങനെ . അവിടെ ആര് പൂജിച്ചാല്‍ എന്താ .... ഭക്തി മനസ്സില്‍ ഉണ്ടാവട്ടെ ...., ഭവനം ക്ഷേത്രമാവട്ടെ

    ReplyDelete
  2. താങ്കള്‍ ഇടയ്ക്ക് ഇടയ്ക്ക് പറഞ്ഞു വിചാരിച്ചാല്‍ മനസ്സില്‍ ആവുമെന്ന്. പുണ്യവാളന്‍ ഒന്നും വിചാരിച്ചിട്ട് മനസ്സില്‍ ആവുന്നില്ല. പലതും അന്വോഷിച്ചാലെ പ്രത്യേകിച്ച് അമ്പലങ്ങളില്‍ ബ്രാമണര്‍ അല്ലാത്തവര്‍ ഉണ്ടോയെന്നോക്കെ മനസ്സില്‍ ആവു .....

    സ്നേഹാശംസകള്‍ പുണ്യവാളന്‍

    ReplyDelete
  3. ജന്മനാ ലഭിക്കുന്ന ബ്രാഹ്മണ്യം യഥാര്‍ത്ഥ ബ്രാഹ്മണ്യമാണോ? വൈദീകര്‍ക്ക് സെമിനാരിയില്‍ നിന്നു പരിശീലനം കിട്ടുന്നത് പോലെ യഥാര്‍ത്ഥ താല്‍പ്പര്യമുള്ള ഹിന്ദുക്കള്‍ക്ക് (നായര്‍ക്കും ബ്രാഹ്മണനും മാത്രമല്ല) വേദങ്ങളിലും പൂജാദികര്‍മ്മങ്ങളിലും പരിശീലനം കൊടുക്കാന്‍ സ്ഥാപനങ്ങള്‍ വേണം.ഒരു മൂന്നുവര്‍ഷം എങ്കിലും അവിടെ പഠിച്ചു പുറത്തുവരുന്നവര്‍ക്ക് ബ്രാഹ്മണ്യത്തിന്‍റെ അടയാളമായ പൂണൂല്‍ അണിയാനുള്ള അവകാശവും ലഭിക്കണം.

    ReplyDelete
  4. പ്രശസ്തതമിഴ് ബഹുമുഖപ്രതിഭയായിരുന്ന ചോ രാമസ്വാമി “എങ്കേ ബ്രാഹ്മണന്‍” എന്നൊരു പുസ്തകം എഴുതിയിട്ടുണ്ട്. വായിച്ചിരിയ്ക്കേണ്ട പുസ്തകത്തില്‍ ഒന്നാണതെന്ന് ഞാന്‍ കരുതുന്നു. മലയാളവിവര്‍ത്തനം ഉണ്ടോ എന്നറിയില്ല.

    ReplyDelete
  5. ഈ ബ്രാഹമണ്യം എന്നുപറഞ്ഞാൽ, ബ്രാഹ്മണന്റെ ഗുണമുള്ളവൻ എന്നല്ലേ ഉദ്ദേശിക്കുന്നത്. എന്നു പറഞ്ഞാൽ ബ്രാഹമ്മണൻ സന്തതികളെ ഉണ്ടാക്കിയിട്ടുള്ളവരുടെ ഇടയിൽ ഉള്ളവരെയല്ലേ ഈ ബാഹ്മണ്യം ഉള്ളവർ എന്നുദ്ദേശിക്കുന്നത്?

    ReplyDelete
  6. ക്ഷേത്രങ്ങളിൽ ഇന്ന് കടുത്ത ചൂഷണമാണു നടക്കുന്നത്. അവനവന്റെ പരാതിയിലും പരിഭവങ്ങളിലും അധിഷ്ഠിതമായ ഭക്തിപാരവശ്യത്തിൽ ഭക്തർ അതറിയുന്നില്ല എന്ന് മാത്രം.

    ReplyDelete
  7. "ഹിന്ദുക്കള്‍ക്കാണെങ്കില്‍ ബ്രാഹ്മണര്‍ മാത്രമേ പൂജാരിമാരാകാന്‍ പറ്റൂ എന്ന് നിര്‍ബ്ബന്ധവുമുണ്ട്."

    ഇത് ആരു പറഞ്ഞു??? നാരായണഗുരുവിന്റെയും മറ്റുള്ളവരുടെയും ഇടപെടലിനു ശേഷം ഈഴവർ മുതൽ താഴോട്ടുള്ളവരുടെ ക്ഷേത്രങ്ങളിൽ ബ്രാഹ്മണർ പൂജയ്ക്ക് ഉണ്ടായിരുന്നോ? അതോ ബ്രാഹ്മണർ പൂജാരിമാരായി ഇല്ലാത്തതിനാൽ അവയൊക്കെ യഥാർത്ഥ അമ്പലങ്ങൾ അല്ലെന്നാണോ പറയുന്നത്!!

    എറണാകുളത്തെ ശ്രീധരൻ തന്ത്രികളെ അറിയുമോ? ശബരിമലയിലെ പ്രശ്നം വെയ്പ്പിനു അദ്ദേഹത്തെ ക്ഷണിക്കുമായിരുന്നു... അദ്ദേഹം നോർത്ത് പറവൂരിൽ പൂജാരിമാർക്കും തന്ത്രിമാർക്കും പഠിക്കുവാനായി ഒരു സ്ഥാപനം ഉണ്ടാക്കിയിട്ട് വർഷങ്ങൾ പലതായി... ഈ ഇടയ്ക്ക് അദ്ദേഹം മരിച്ചതിനു ശേഷം മകനാണു ആ സ്ഥാപനം നടത്തുന്നത്.. മകനെ കേരളം ഓർക്കുന്നുണ്ടാകണം... അബ്രഹ്മാണനായതിനാൽ ദേവസം ബോർഡിന്റെ നിയമനം തങ്ങൾ അംഗീകരിക്കില്ല എന്ന് ബ്രാഹ്മണ മഹാന്മാർ അട്ടഹസിച്ചിട്ട് വർഷങ്ങൾ അത്രയൊന്നും ആയിട്ടില്ലല്ലോ...

    എന്നാൽ ഇന്ന് മുൻപ് പറഞ്ഞ ഈഴവാദി ക്ഷേത്രങ്ങളിലേയ്ക്ക് പൂണൂലിട്ടവരെ ആനയിച്ച് കയറ്റണമെന്ന് വാശി പിടിക്കുന്നത് പല വാർഷിക പൊതുയോഗങ്ങളിലും കാണുവാൻ കഴിയുന്നു... ബ്രാഹ്മണ പൌരോഹിത്യത്തിന്റെ തിരിച്ച് വരവിനു പലരും കളം ഒരുക്കി കാത്തിരിക്കുന്ന സമയത്താണു സുകുമാരൻ നായർ വെടി പൊട്ടിച്ചത്... എന്നാൽ വിശാല ഹിന്ദു മുന്നണിയെന്ന ബി.ജെ.പി.യുടെ ഹിഡൺ അജണ്ടയ്ക്ക് പാരയാകുമെന്ന് വെള്ളാപ്പള്ളി ഉപദേശിച്ചതിനാലാകണം സുകുമാരൻ നായർ മലക്കം മറിഞ്ഞത്!!!

    പിന്നെ പൂണൂൽ എന്ന പഴഞ്ചൻ സ്റ്റാറ്റസ് സിംബൽ ചിന്താഗതിയുടെ പുറകെ ഇനിയും ഓടണമോ?

    ദൈവത്തിനടുത്ത് എന്ന് അവകാശപ്പെടുന്ന മതപുരോഹിതവർഗ്ഗങ്ങളിൽ പലരും ചെയ്യുന്ന ദുഷ്‌പ്രവർത്തികൾ കണ്ട് ആരാധനാലയങ്ങളിൽ നിന്ന് ദൈവം എന്നേ ഒളിച്ച് ഓടികഴിഞ്ഞിട്ടുണ്ടാകും ;)

    ReplyDelete
  8. ബ്രാഹ്മണന്‍ എന്നത് ബ്രഹ്മജ്ഞാനം ഉള്ളയാള്‍ ,ആചാര്യന്‍ , ഗുരു എന്നൊക്കെയുള്ള അര്‍ത്ഥത്തില്‍ ഉപയോഗിക്കുമ്പോള്‍ ബ്രാഹ്മണ കുലത്തില്‍ ജനിച്ചതുകൊണ്ടു മാത്രം അഥവാ പൂണൂല്‍ ധരിക്കുന്നത് കൊണ്ടുമാത്രം ഒരാള്‍ അങ്ങിനെ ആവുന്നില്ല എന്നും അതിനു വേണ്ട സവിശേഷതകളെ ആണ് ബ്രാഹ്മണ്യം എന്നത് കൊണ്ടു ഉദ്ദേശി ക്കുന്നതും എന്നാണു എന്റെ ധാരണ . ഈ രീതിയില്‍ ചിന്തിക്കുമ്പോള്‍ അത്തരം സവിശേഷതകള്‍ ജ്ഞാന മാര്‍ഗ ത്തി ലൂ ടെ ആര്ജിക്കുന്നതിനു ജാതി ഒരു തടസ്സം അല്ല ഇന്ന് .പുരാതന കാലത്ത് വിദ്യ നേടാനുള്ള അവസരം ബ്രാഹ്മണ കുല ജാതര്‍ക്ക് മാത്രമായി പരിമിതപ്പെ ടുത്തി യിരുന്നു എന്നതിനാല്‍ ബ്രാഹ്മണ്യം അവര്‍ക്ക് മാത്രം പ്രാപ്യമായിരുന്നു . എന്നാല്‍ ആചാരങ്ങളും അനുഷ്ടാനങ്ങളും ഒക്കെ കാലോചിതം പരിഷ്കരിക്കാന്‍ ഹിന്ദു സമൂഹം സന്നദ്ധം / നിര്‍ബന്ധിതം ആയതിനാല്‍ ഇന്നിപ്പോള്‍ നായന്മാര്‍ക്ക് /ഈഴവര്‍ക്ക് മാത്രം അല്ല കഴിവും താല്‍പര്യവും ഉള്ള എല്ലാവര്ക്കും അത്തരം ജ്ഞാന സമ്പാദനത്തിന് അവസരം നല്‍കുന്ന വിദ്യാപീ ഠ ങ്ങള്‍ ഒരുക്കുവാനാണ് nss/sndp മുന്‍കൈ എടുക്കേണ്ടത്

    ഞങ്ങളുടെ നാട്ടില്‍ മരം വെട്ടുന്നത് പരമ്പരാഗതമായി ചെയ്തു വരുന്നത് ഉള്ളാടന്‍ എന്ന ജാതിയില്‍ പെട്ടവരായിരുന്നു . വളരെ ഉയരമുള്ള തെങ്ങും മറ്റും അടുത്ത് നില്‍കുന്ന കെട്ടിടങ്ങള്‍ക്ക് യാതൊരു കേടും വരുത്താതെ വെട്ടിയിടാന്‍ അവരെപോലെ സാമര്‍ത്ഥ്യം മറ്റാര്‍ക്കും ഉണ്ടായിരുന്നില്ല ഇന്നിപ്പോള്‍ അവരൊക്കെ വിദ്യാസമ്പന്നരും സര്‍ക്കാരുദ്യോഗസ്ഥരും ഒക്കെ ആയിപ്പോയതിനാല്‍ വളരെ ചുരുക്കം ആളുകളേ പരമ്പരാഗത ജോലിയില്‍ ഏര്‍പ്പെടുന്നുള്ളൂ എന്നാലും മരം മുറി ക്കേണ്ട ആവശ്യം വരുമ്പോള്‍ മറ്റാളുകലെക്കാള്‍ ഒരു ഉള്ളാടന്‍ ആവുന്നതാണ് ഇപ്പോഴും ആളുകള്‍ താല്‍പര്യപ്പെടുന്നത്‌ .......അത് പോലെ തുല്യമായ അറിവുള്ള രണ്ടു പേരില്‍ പരമ്പരാഗതമായി പൌരോഹിത്യം നടത്തിയിരുന്ന കുടുംബത്തില്‍ നിന്നും ഉള്ള ആളിന് മുന്ഗണന ലഭിക്കും എന്നത് ഒരു വസ്തുത തന്നെ യാണ് !

    ReplyDelete
  9. വിവിധ രാഷ്ട്ര തലവന്മാര്‍ മുതല്‍ പ്രശ്നം വക്കാന്‍ വീട്ടില്‍ വന്നിരുന്ന പറവൂര്‍ ശ്രീധരന്‍ തന്ത്രികളെ പറ്റിയും , നൂറുകണക്കിന് ക്ഷേത്രങ്ങളില്‍ പൂജ നടത്തുന്ന അബ്രാഹ്മണര്‍ ആയ ഈഴവര്‍ തീയര്‍ , പാണര്‍ , വെലര്‍ തുടങ്ങിയവരെ പറ്റിയും സമൂഹത്തെ ചര്‍ച്ചാ വിഷയം ആക്കുന്നവര ആവശ്യം അറിഞ്ഞിരിക്കേണ്ടതാണ് .. ബ്രാഹ്മണരും ഈഴവരും മാത്രമല്ല തങ്ങള്‍ക്കും ശാന്തിക്കാര്‍ ആകാം എന്നാണു സുകുമാരന്‍ നായര്‍ പറഞ്ഞത് അത് നല്ല കാര്യം തന്നെ . അത് ഒരു തുടക്കം അല്ല , മരിച്ചു പണ്ട് മറ്റുള്ളവര്‍ ചെയ്തതിന്റെ ഏറെ വൈകിയ അനുകരണം മാത്രം ആണ് .. കമ്പ്യൂട്ടറിനെ എതിരത കമ്യൂണിസ്റ്റുകാര്‍ ഇപ്പോള്‍ കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഉപയോഗിക്കുന്നത് പോലെ .!

    ReplyDelete