Pages

ആകാശ് ടാബ്‌ലറ്റും ഇന്റര്‍നെറ്റ് വായനശാലകളും

എന്റെ വീടിനടുത്തുള്ള സി.എച്ച്. രാമന്‍ ഗുരുക്കള്‍ സ്മാരക വായനശാലയ്ക്ക് ഗ്രന്ഥശാല സംഘം മുഖേന സര്‍ക്കാര്‍ ഗ്രാന്റായി കമ്പ്യൂട്ടര്‍ ലഭിച്ചു.  വായനശാലയുടെ ഒരു ഭാരവാഹിയോട് ഞാന്‍ ഒരു നിര്‍ദ്ദേശം അവതരിപ്പിച്ചു. അത് അയാള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞോ എന്നറിയില്ല. അത്കൊണ്ട് ആ നിര്‍ദ്ദേശം ഇവിടെയും പോസ്റ്റ് ചെയ്യട്ടെ.

ലോകത്ത് ഏറ്റവും വിലക്കുറവില്‍ ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ ആകാശ്’ എന്ന പേരില്‍ ഇന്ത്യയില്‍ വില്പനയ്ക്ക് വന്ന വിവരം എല്ലാവരും അറിഞ്ഞിരിക്കുമല്ലൊ. വിലയില്‍ മാത്രമല്ല വില്പനയിലും ആകാശ് ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ച് രണ്ടാഴ്ചകള്‍ക്കുള്ളില്‍  15 ലക്ഷത്തിലേറെ പേരാണ് ഇതിനു വേണ്ടി ബുക്ക് ചെയ്തിരുന്നത്. അങ്ങനെ ആകാശിന്റെ ആദ്യത്തെ പതിപ്പ് ഇതിനകം വിറ്റു തീര്‍ന്നു. അത്കൊണ്ട് ആകാശ് നിര്‍മ്മിച്ച Datawind എന്ന സ്ഥാപനം ആകാശിന്റെ പുതുക്കിയ വേര്‍ഷനായ യൂബിസ്ലേറ്റ് 7ന്റെ ബുക്കിംഗ് ആരംഭിച്ചു. എന്നാല്‍ ഇത് എഴുതുമ്പോള്‍ യൂബിസ്ലേറ്റ് 7 ന്റെ ഫെബ്രുവരി മാസം വരെയുള്ള പ്രീബുക്കിങ്ങും പൂർത്തിയായി എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.

എന്തായാലും വർദ്ധിച്ച് വരുന്ന ആവശ്യം മനസ്സിലാക്കി നിർമ്മാണം വർദ്ധിപ്പിക്കാനുള്ള ഒരുക്കത്തിലാണു ആകാശ് നിർമ്മാതാക്കൾ. ഇതിനായി കൊച്ചി, ഹൈദരാബാദ്, നോയ്ഡ എന്നിങ്ങനെ രാജ്യത്തെ മൂന്ന് കേന്ദ്രങ്ങളില്‍ ഫാക്ടറി നിര്‍മിച്ച് ഉല്‍പാദനം കൂട്ടാന്‍ ബ്രിട്ടന്‍ കേന്ദ്രമായുള്ള നിര്‍മാതാക്കള്‍ ഡാറ്റാവിന്‍റ് തീരുമാനിച്ചിരിക്കുകയാണ്. ആദ്യപതിപ്പായ ആകാശ് 2500 രൂപക്കായിരുന്നു പുറത്തിറക്കിയത്. 2999 രൂപയാണ്  യൂബിസ്ലേറ്റ് 7 ന്റെ വില. ആകാശിനെക്കാളും ഒട്ടേറെ സൌകര്യങ്ങള്‍ യൂബിസ്ലേറ്റ് 7 പ്ലസ്സില്‍ ഉണ്ട്. അത് താഴെയുള്ള ഇമേജ് നോക്കി താരതമ്യം ചെയ്യാം.


വരുന്ന ഏപ്രിലോടു കൂടി 75,000 ആകാശ് ടാബ്ലറ്റുകൾ ദിവസവും നിർമ്മിക്കാനാകുമെന്നാണു ആകാശ് ടാബ്ലറ്റിന്റെ നിർമ്മാതാക്കളായ ഡാറ്റാവിൻഡ് അവകാശപ്പെടുന്നത്. ആകാശ് ടാബ്ലറ്റിന്റെ പുതിയ മോഡലായ  യൂബിസ്ലേറ്റിൽ ആൻഡ്രോയിഡ് 2.3 ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ് ഉപയോഗിക്കുന്നത്. കൂടാതെ വൈഫൈ,  ജിപിആർഎസ് സൌകര്യങ്ങളും ഉണ്ട്. മൊബൈല്‍ ഫോണായും യൂബിസ്ലേറ്റ് ഉപയോഗിക്കാം എന്നത് വലിയൊരു മെച്ചമാണ്. എന്ന് വെച്ച് വിലയുയര്‍ന്ന മറ്റ് ടാബ്‌ലറ്റ് പിസികളുമായി ഇതിനെ താരതമ്യം ചെയ്യരുത്. യൂബിസ്ലേറ്റ് 7 ബുക്ക് ചെയ്യാനുള്ള സൈറ്റ്   ഇതാണ്.  ആവശ്യക്കാര്‍ ഇപ്പോള്‍ തന്നെ ബുക്ക് ചെയ്ത് നോക്കുക.

ഞാന്‍ പറഞ്ഞു വന്നത് എന്തെന്നാല്‍ ഒരു ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ ആര്‍ക്കും വാങ്ങാന്‍ പറ്റും. ആകാശിന്റെ പുതിയ പതിപ്പില്‍ വൈഫൈയും ജിപിആര്‍ എസ്സും ഉണ്ട്.  3ജി വന്നതോടുകൂടി ഇന്റര്‍നെറ്റ് എന്നത് ആര്‍ക്കും ആക്സസ്സ് ചെയ്യാന്‍ പറ്റുന്ന വിധം സാര്‍വ്വത്രികമാകേണ്ടതാ‍യിരുന്നു. എന്നാല്‍ 2ജി വിവാദങ്ങളും വലിയ പണം മുടക്കി കമ്പനികള്‍ക്ക് 3ജി സ്പെക്ട്രം വാങ്ങേണ്ടി വന്നതിനാലും  3ജി ഇന്റര്‍നെറ്റ് സാധാരണക്കാര്‍ക്ക് അത്ര കുറഞ്ഞ ചാര്‍ജ്ജില്‍ ലഭിക്കുന്നില്ല.  മൊബൈല്‍ ഫോണുകള്‍ പെട്ടെന്ന് തന്നെ എല്ലാവര്‍ക്കും പ്രാപ്യമായിരുന്നു. അത്പോലെയല്ല 3ജി ഡാറ്റയുടെ കാര്യം.  ഇന്ത്യയെ പല സര്‍ക്കിളുകളായി തിരിച്ച് സ്പെക്ട്രം അനുവദിച്ചതും പ്രശ്നമാണ്.

2ജി അനുവദിച്ചത് പോലെ തന്നെ 3ജിയും ലേലം ചെയ്യാതെ അനുവദിച്ചിരുന്നുവെങ്കില്‍ ഇന്ന് സാധാരണക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ അണ്‍‌ലിമിറ്റഡ് ഇന്റര്‍നെറ്റ് മൊബൈല്‍ ഫോണിലോ ആകാശ് പോലെയുള്ള ടാബ്‌ലറ്റുകളിലോ ലഭിക്കുമായിരുന്നു എന്നാണ് എന്റെ അഭിപ്രായം.  സര്‍ക്കാരിന് സ്പെക്ട്രം വകയില്‍  തോന പണം കിട്ടണം എന്നാണ് പൊതുവെ എല്ലാവരും പറഞ്ഞത്. 3ജി ലേലം ചെയ്തപ്പോള്‍ കിട്ടിയ തുക കണ്ട് സര്‍ക്കാര്‍ തന്നെ ഞെട്ടിപ്പോയി. അങ്ങനെ 3ജി ലേലം ചെയ്ത പോലെ 2ജിയും ലേലം ചെയ്തിരുന്നുവെങ്കില്‍ സര്‍ക്കാരിന് കിട്ടുമായിരുന്ന ഇത്ര ലക്ഷം കോടി ഖജനാവിന് നഷ്ടമായി എന്നാണ് സി.എ.ജി യുടെ മായക്കണക്ക്. അതാണ് 2ജി അഴിമതി എന്ന പേരില്‍ ഇപ്പോഴും സര്‍ക്കാരിനെ വേട്ടയാടുന്നത്.

അഴിമതി എന്നത് നമ്മുടെ രാജ്യത്ത് വില്ലേജ് ആഫീസ് മുതല്‍ തുടങ്ങുന്നുണ്ട്.  അവിടെ നിന്ന് മേലോട്ട് പോകുംതോറും അഴിമതിയും വര്‍ദ്ധിക്കും. അഴിമതിയില്ലാതെ എന്തെങ്കിലും സര്‍ക്കാ‍ര്‍ കാര്യം നടക്കും എന്ന് ആ‍രും കരുതുകയില്ല. ഉദ്യോഗസ്ഥര്‍ മാത്രമല്ല മന്ത്രിമാരും രാഷ്ട്രീയക്കാരും എല്ലാം അഴിമതിയുടെ ഉപഭോക്താക്കള്‍ തന്നെയാണ്. അണ്ണാ ഹസാരെ സമരം ചെയ്ത് ശക്തമായ ലോക്‍പാല്‍ വന്നാലും അഴിമതി ഒട്ടും കുറയാന്‍ പോകുന്നില്ല. 2ജിയോ 3ജിയോ ലേലം ചെയ്താലോ ചെയ്തില്ലെങ്കിലോ അതിലൊക്കെ അഴിമതി നടക്കുകയും ചെയ്യും. പക്ഷെ സി.എ.ജി. പറഞ്ഞ നഷ്ടക്കണക്ക് മായയാണ്, സാങ്കല്പികമാണ്.  അത്കൊണ്ടെന്തായി എന്ന് ചോദിച്ചാല്‍ 3ജി എവിടെയും എത്താതെ ഇപ്പോഴും പെരുവഴിയില്‍ തന്നെ.  സര്‍ക്കാരിന് കുറെ പണം കിട്ടിയത്കൊണ്ട് ഉണ്ടാകുന്ന ഗുണത്തേക്കാളും ജനങ്ങള്‍ക്ക് നല്ലത് കുറഞ്ഞ നിരക്കില്‍ 3ജി ഇന്റര്‍നെറ്റ് ലഭിക്കുന്നതായിരുന്നു.

എന്നിട്ടും ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത് പറഞ്ഞില്ല അല്ലേ?  കേരളത്തിലെ എല്ലാ വായനശാലകള്‍ക്കും ഓരോ കമ്പ്യൂട്ടര്‍ ലഭ്യമാക്കുക. ഇന്നത്തെ സാഹചര്യത്തില്‍ ഇതിന് വേണ്ട ഫണ്ട് കണ്ടെത്തുക ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നിട്ട് എല്ലാ വായനശാലകളും ഇന്റര്‍നെറ്റ് കണക്‍ഷന്‍ എടുക്കുക. ബി.എസ്.എന്‍.എല്ലിന്റെ  അണ്‍‌ലിമിറ്റഡ് കണക്‍ഷനാണ് എടുക്കേണ്ടത്. പ്രതിമാസം ടാക്സ് അടക്കം 850 രൂപയോളം ബില്ല് വരും. ആ തുക വായനശാല ഭാരവാഹികള്‍ മാസാമാസം സ്വരൂപിക്കണം.  നെറ്റ് എടുക്കുമ്പോള്‍ വയര്‍ലസ്സ് മോഡം നോക്കി വാങ്ങണം.  അണ്‍ലിമിറ്റഡ് കണക്‍ഷന്‍ ആകുന്നത്കൊണ്ട് സിസ്റ്റം എപ്പോഴും ഓണ്‍ലൈന്‍ ആയാല്‍ പ്രശ്നമില്ല. ഇനിയാണ് വൈഫൈ സൌകര്യമുള്ള യൂബിസ്ലേറ്റ് ടാബ്‌ലറ്റ് വാങ്ങിയാലുള്ള ഗുണം. ആ ടാബ്‌ലറ്റ് കൈവശമുള്ളവര്‍ക്ക് വായനശാലയില്‍ പോയി വൈഫൈ ഉപയോഗിച്ച് നെറ്റ് ബ്രൌസ് ചെയ്യാം. ഇതാണ് എന്റെ സങ്കല്പത്തിലുള്ള ഇന്റര്‍നെറ്റ് വായനശാലകള്‍.

യൂബിസ്ലേറ്റിന് വില കുറവായത്കൊണ്ട് മറ്റ് ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ പോലെയോ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ പോലെയോ ബ്രൌസ് ചെയ്യുമ്പോള്‍ അത്ര സ്പീഡ് ലഭിക്കണമെന്നില്ല.  സൌകര്യമുള്ളവര്‍ മുന്തിയ ഇനം ടാബ്‌ലറ്റുകളോ മൊബൈലുകളോ വാങ്ങുമായിരിക്കും. അത്പോലെ തന്നെ വായനശാല ഭാരവാഹികളുടെ ധനസമാഹരണ ശേഷിക്കനുസരിച്ച് ഒന്നില്‍ കൂടുതല്‍ കമ്പ്യൂട്ടറുകളും നല്ല വയര്‍ലസ്സ് മോഡവും സംഘടിപ്പിക്കാന്‍ പറ്റും. ഇന്നത്തെ നിലയില്‍ ഗ്രന്ഥശാല സംഘം തന്നെ അംഗീകൃത വായനശാലകള്‍ക്ക് ഓരോ കമ്പ്യൂട്ടര്‍ നല്‍കും എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.  ഇന്റര്‍നെറ്റ് എന്നത് ഇന്നത്തെ നിലയില്‍ ഓരോ പൌരനും അത്യാവശ്യമായി മാറിയിരിക്കുന്നു എന്നാണ് എന്റെ അഭിപ്രായം.

10 comments:

  1. യൂറോപ്പിൽ ഒരുകൊല്ലമുണ്ടാക്കുന്ന ലാഭം ..ഇന്ത്യയിൽ ആകാശ് വിറ്റാൽ ഒരുമാസം കൊണ്ടുണ്ടാക്കാമെന്നാണ് ബ്രിട്ടനിലെ ആകാശ് മുതലാളിമാരുടെ പ്രതീക്ഷ കേട്ടൊ ഭായ്.

    ReplyDelete
  2. ഇന്റര്‍നെറ്റ്‌ കണക്ട് ചെയ്ത ഒരു കമ്പ്യൂട്ടറില്‍ നിന്നും എങ്ങിനെയാണ് ഒരു മൊബൈല്‍ വൈഫൈ ഉപയോഗിച്ച് നെറ്റ് ബ്രൌസ് ചെയ്യുന്നതെന്നതിനെക്കുറിച്ചു ഒരു പോസ്റ്റ്‌ ഇട്ടാല്‍ നന്നായിരിക്കും.

    ReplyDelete
  3. താങ്കളുടെ അഭിപ്രായം അച്ചട്ട്......ഞാന്‍ പൂര്‍ണ്ണമായും പിന്താങ്ങുന്നു.

    ReplyDelete
  4. @ ആറങ്ങോട്ടുകര മുഹമ്മദ്, കമ്പ്യൂട്ടറില്‍ മോഡം വഴിയാണല്ലൊ ഇന്റര്‍നെറ്റ് കണക്‍റ്റ് ചെയ്യുന്നത്. മോഡം രണ്ട് തരമുണ്ട്. വയര്‍‌ലസ്സ് സൌകര്യം ഉള്ളതും ഇല്ലാത്തതും. വയര്‍ലസ്സ് മോഡം വാങ്ങി ഇന്റര്‍നെറ്റ് കണക്‍ഷന്‍ എടുത്താല്‍ മാത്രമേ മൊബൈലിലെ വൈഫൈ ഉപയോഗിച്ച് നെറ്റ് ബ്രൌസ് ചെയ്യാന്‍ സാധിക്കുകയുള്ളൂ. വയര്‍ലസ്സ് മോഡം കോണ്‍ഫിഗര്‍ ചെയ്യുമ്പോള്‍ സര്‍വീസ് പ്രൊവൈഡര്‍ (ഉദാ:ബി.എസ്.എന്‍.എല്‍)ഒരു പാസ്സ്‌വേര്‍ഡ് ക്രീയേറ്റ് ചെയ്യും. ആ പാസ്സ്‌വേര്‍ഡ് ഉപയോഗിച്ച് മൊബൈല്‍ മോഡവുമായി കണക്‍റ്റ് ചെയ്ത് ഇന്റര്‍നെറ്റ് ബ്രൌസ് ചെയ്യാം. മോഡവും മൊബൈലുമാണ് കണക്റ്റ് ആകുന്നത് എന്ന് ഓര്‍ക്കുക. കമ്പ്യൂട്ടറും മൊബൈലും ബന്ധമുണ്ടാകുന്നില്ല.

    മുരളി, സാഹിര്‍ , യൂസ്‌ഫ എന്നിവര്‍ക്ക് നന്ദി ...

    ReplyDelete
  5. നല്ല പോസ്റ്റ് .അന്യംനിന്നു തുടങ്ങുന്ന ലൈബ്രറികൾക്ക് പുനർജീവനം സാദ്യമാവാനിതൊരു നല്ല ആശയമാണ്.
    ആശംസകൾ.

    ReplyDelete
  6. ലൈബ്രറി കൌൺസിൽ മുഖാന്തരം ഇപ്പോൾ ഒരു വായനശാലയ്ക്ക് ആവശ്യമായ മിക്ക സാമഗ്രികളും വാങ്ങാൻ പണം നൽകുന്നുണ്ട്. കമ്പ്യൂട്ടർ, അലമാര, മൈക്ക് എസ്റ്റ് ( ബോക്സും മൈക്കും മറ്റും) കസേര തുടങ്ങി പലതിനും പണം നൽകുന്നുണ്ട്. ചിലതിന് അല്പം ഗുണഭോക്തൃവിഹിതം അടയ്ക്കേണ്ടിവരും.പലയിടത്തും കമ്പ്യൂട്ടർ ക്ലാസ്സുകൾ നടത്താൻ ഒന്നിലധികം കമ്പ്യൂട്ടറുകൾ പോലും നൽകുന്നുണ്ട്. പക്ഷെ ഇതൊന്നും വാങ്ങി ഉപയോഗുക്കാൻ പല ലൈബ്രറികളും തയ്യാറാകുന്നില്ലെന്നു മാത്രം. മിക്ക വായനശാലകളും കൊണ്ടുനടക്കാൻ ആളില്ലാത്ത സ്ഥിതിയാണ്. ലൈബ്രറി കൌൺസിലുകളുടെ ഇടപെടൽ കൊണ്ടാണ് പല ലൈബ്രറികളും നിലനിൽക്കുന്നത്. ലൈബ്രറി കൌൺസിൽ പോലൊരു സംവിധാനം ഇല്ലായിരുന്നെങ്കിൽ പല വായനശാലകളും ഇന്നുണ്ടാകുമായിരുന്നില്ല. ഇവിടെ നമ്മുടെ വായമശാലയിൽ കമ്പ്യൂട്ടർ, യോഗങ്ങൾ നടത്താനുള്ള മൈക്ക്സെറ്റ് (രണ്ട് ബോക്സും ആമ്പ്ലിഫെയരും രണ്ട് മൈക്കും സ്റ്റാൻഡും ഉണ്ട്), റ്റി.വി ഇതെല്ലാമുണ്ട്. പോരാത്തതിന് ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയുടെ സഹായത്താൽ ഇരു നിലകെട്ടിടം, പഴയ കെട്ടിടത്തിന്റെ മുകളിൽ ഷീറ്റടിച്ച് കോൺഫറൻസ് ഹാൾ ഇതൊക്കെ ഉണ്ടാക്കിയിട്ടുണ്ട്. വായനശാലയുടെ വികസനത്തിനുവേണ്ടി അവയുടെ പ്രവർത്തകർ ആത്മാർത്തമായി ശ്രമിച്ചാൽ ഏതൊരു വായനശാലയ്ക്കും ഈ സൌകര്യങ്ങൾ ഒക്കെ ഉണ്ടാക്കാം. പക്ഷെ സർക്കാർ ലൈബ്രറി കൌൺസിലിന് നൽകുന്നഫണ്ടിംഗും മറ്റും ഇല്ലാതാക്കിയാൽ എല്ലാം തകരാറിലാകും. ഇപ്പോൾ അത്തരം ചില ബുദ്ധിമുട്ടുകൾ ഉണ്ടായി. രാജാറാം മോഹൻ റോയി ഫൌണ്ടേഷനിൽ രജിസ്റ്റർ ചെയ്യുന്ന വായനശാലകൾക്ക് അത് വഴിയും കെട്ടിടനിർമ്മാണത്തിനും പുസ്തകം വാങ്ങുന്നതിനും മറ്റും മറ്റും പണം ലഭിക്കും. ചുരുക്കത്തിൽ പണ്ടത്തെ പോലെയല്ല, സാംസ്കാരികപ്രസ്ഥാനങ്ങൾക്കൊക്കെ സർക്കാരിന്റെ പലവിധ പ്രോത്സാഹനങ്ങൾകൊണ്ടുതന്നെ തന്നെ ഇന്ന് നല്ല നിലയിൽ വികസിക്കാനും നിലനിൽക്കാനും കഴിയും.

    മറ്റൊരു സംശയം കൂടി. ഈ ടാബ്ലറ്റ് കമ്പ്യൂട്ടറിൽ നെറ്റൊക്കെ ശരിക്ക് ഉപയോഗിക്കാൻ കഴിയുമോ? നമ്മുടെ ഫോണ്ടുകളൊക്കെ സെറ്റ് ചെയ്യാൻ കഴിയുമോ? അതോ മൊബെയിൽ ഫോൺ പോലെയൊക്കെ തന്നെ ആയിരിക്കുമോ?

    ReplyDelete
  7. കെപീയെസിന്റെ കാഴ്ചപ്പാടിനെ നമിക്കുന്നു.
    ഒരു ചോദ്യം. വായനശാലകളിൽ ടിവി വന്നശേഷം ലൈബ്രറി മാറാല കെട്ടി. ഇന്ന് ജനം പിറന്നുവീഴുന്നത് തന്നെ പുസ്തകവൈരിയായാണ്.നഷ്ട്ടമാകുന്നത് മലയാളിയുടെ സ്വതസിധ്ധമായ വായനാസംസ്കാരവും അതിന്റെ ബൈപ്രൊഡക്ടായ ആത്മബന്ധങ്ങളും. ഇനി ഇതും കൂടിയായാൽ?

    ReplyDelete
  8. വളരെ നല്ലതുപോലെ നടപ്പിലാക്കാവുന്ന ഒരു പദ്ധതിതന്നെയാണ്. വായനശാലകൾ നല്ലരീതിയിൽ പ്രവർത്തിക്കുന്നില്ല എന്നത് കുറേ സത്യമാണ്. പുതിയ തലമുറയ്ക്ക് വായനാശീലം കുറഞ്ഞതാണ് അതിനുകാരണം. അവയുടെ നടത്തിപ്പിനും വ്യത്യസ്തമായ ഒരു പുതിയ സംവിധാനം കൊണ്ടുവരേണ്ടിയിരിക്കുന്നു. പ്രധാനമായും വായനാശീലം നിർബ്ബന്ധമാക്കാനുള്ള ക്ലാസ്സുകൾ അറിവുള്ളവർ സംഘടിപ്പിക്കണം. ഭരണസമിതിക്കാർ ശ്രീ. കെപീയെസ് കാണിച്ചതുപോലുള്ള ആധുനികസാമഗ്രികൾ വാങ്ങി ഉപയോഗപ്പെടുത്താൻ ശ്രമിക്കണം. എന്തിനും വിജയത്തിനുവേണ്ടി മുൻകയ്യെടുക്കാനുള്ള ആത്മാർത്ഥതയും സന്മനസ്സുമാണ് എല്ലാവർക്കും ഉണ്ടാകേണ്ടത്.......

    ReplyDelete
  9. എല്ലാം വളരെ ഉപകാരപ്രദമായ ലേഖനങ്ങള്‍

    ReplyDelete