Pages

പ്രകാശേട്ടന്റെ ബ്ലോഗും അല്പം ചില സ്വന്തം കാര്യങ്ങളും

ര്‍ക്കുട്ടില്‍ വെച്ചാണ് പ്രകാശേട്ടനെ ഞാന്‍ പരിചയപ്പെടുന്നത്. സിനിമാനടനും ചാനല്‍ അവതാരകനും (വേറിട്ട കാഴ്ചകള്‍‍) ഒക്കെയായ ശ്രീരാമന്റെ ജ്യേഷ്ടനാണ് അദ്ദേഹം. ഒരിക്കല്‍ തൃശൂരില്‍ പോയപ്പോള്‍ ഞങ്ങള്‍ തമ്മില്‍ നേരിട്ട് കാണുകയുമുണ്ടായി. തൃശൂരില്‍ ഒല്ലൂരില്‍ എന്റെ മകള്‍ക്ക് വൊക്കേഷനല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ നിയമനം ലഭിച്ചതുമായി ബന്ധപ്പെട്ടാണ് എനിക്കും മകള്‍ക്കും അവിടെ പോകേണ്ടി വന്നത്.  തൃശൂര്‍ ശക്തന്‍ തമ്പുരാന്‍ ബസ് സ്റ്റാന്റിന് അടുത്തുള്ള ഒരു ഫ്ലാറ്റിലാണ് ഞാനും മകളും താമസിച്ചിരുന്നത്. ഈച്ചരവാര്യരുടെ മൂത്ത മകള്‍ രമടീച്ചറുടെ ഫ്ലാറ്റായിരുന്നു അത്.  ഈച്ചരവാര്യര്‍ അവസാനകാലത്ത് മകളുടെ കൂടെ ആ ഫാറ്റിലാണ് താമസിച്ചിരുന്നത്. രമടീച്ചറുടെ മകളുടെ ഭര്‍ത്താവ് നൈജീരിയയില്‍ എന്റെ മരുമകന്റെ കൂടെയാണ് ജോലി ചെയ്യുന്നത്. അങ്ങനെയാണ് ഞങ്ങള്‍ ടീച്ചറുടെ ഫ്ലാറ്റില്‍ അതിഥിയാവുന്നത്.  അന്ന് രമടീച്ചറുടെ ഫ്ലാറ്റിലേക്ക് സ്വന്തം കാര്‍ ഓടിച്ചു വന്നാണ് പ്രകാശേട്ടനും ഞാനും നേരില്‍ കാണുന്നത്.  ശക്തന്‍ തമ്പുരാന്‍ ബസ്സ് സ്റ്റാന്റിന്റെ അടുത്ത് തന്നെയാണ് പ്രകാശേട്ടന്റെ വീട് എങ്കിലും എനിക്ക് അദ്ദേഹത്തിന്റെ വീട്ടില്‍ പോകാനോ , രണ്ടാമതൊരിക്കല്‍ കൂടി കാണാനോ കഴിഞ്ഞില്ല. ഒല്ലൂരിലാണ് ജോയ്‌ന്‍ ചെയ്തതെങ്കിലും അവിടെ ജോലി ചെയ്യാതെ തന്നെ മകള്‍ കണ്ണൂരിലേക്ക് ട്രാന്‍സ്ഫര്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇനി വീണ്ടും പ്രകാശേട്ടനെ കാണുമോ എന്നറിയില്ല. അതാണല്ലൊ ജീവിതത്തിന്റെ അനിശ്ചിതത്വം എന്നു പറയുന്നത്. ഞാനും പ്രകാശേട്ടനും ചില ആരോഗ്യപ്രശ്നങ്ങളിലാണ് എന്നതും വീണ്ടുമൊരു കൂടിക്കാഴ്ചയുടെ സാധ്യത വിരളമാക്കുന്നുണ്ട്.

പ്രകാശേട്ടന്റെ മിക്ക ബ്ലോഗ് പോസ്റ്റുകളും ഞാന്‍ വായിക്കാറുണ്ട്. അദ്ദേഹത്തിന്റെ വ്യക്തിപരവും കുടുംബപരവുമായ കാര്യങ്ങളാണ് വളരെ സരളമായും വളച്ചുകെട്ടില്ലാതെയും അധികം പോസ്റ്റുകളിലും എഴുതാറുള്ളത്.  അത്കൊണ്ട് പ്രകാശേട്ടന്‍ എല്ലായ്പ്പോഴും എന്റെ ഓര്‍മ്മകളിലുണ്ട്.  ഇന്ന് രാവിലെ തന്നെ അദ്ദേഹത്തിന്റെ “ ഇവള്‍ ഇത്ര ഭയങ്കരിയാണോ?” എന്ന പോസ്റ്റ് വായിച്ചിട്ടാണ് ഞാന്‍ ബ്രേക്ക്ഫാസ്റ്റ് കഴിക്കാന്‍ പോകുന്നത്.  ചപ്പാത്തിയാണ് ആ പോസ്റ്റിലെ താരം.  ചപ്പാത്തി അദ്ദേഹത്തിനെന്ന പോലെ എനിക്കും ഭയങ്കര ഇഷ്ടമാണ്.  എനിക്ക് ഇന്ന് ഗോദമ്പ് ദോശയായിരുന്നു ബ്രേക്ക്ഫാസ്റ്റ്.  ചപ്പാത്തി ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്. പക്ഷെ പ്രകാശേട്ടന്റെ നല്ലപാതി അദ്ദേഹത്തിന് ചപ്പാത്തി ഉണ്ടാക്കി കൊടുക്കുന്നില്ല. എനിക്കും കിട്ടുന്നില്ല.  പൊതുവെ ചപ്പാത്തി ഉണ്ടാക്കാന്‍ പെണ്ണുങ്ങള്‍ക്ക് മടിയാണെന്ന് തോന്നുന്നു. എന്തും എളുപ്പത്തില്‍ ഉണ്ടാക്കുക എന്നതാണ് ഇപ്പോഴത്തെ അടുക്കളക്കാരികളുടെ ഒരു രീതി. മിക്സി,ഗ്രൈന്‍ഡര്‍, പ്രഷര്‍കുക്കര്‍, ഗ്യാസ് അടുപ്പ് എന്നിവയൊക്കെ അടുക്കളപ്പണി അനായാസമാക്കിയപ്പോള്‍ വന്നൊരു മാറ്റമാണിത്.

പണ്ട് എന്റെ അമ്മ വയലില്‍ കൊയ്യാന്‍ പോയി, വൈകുന്നേരം കൂലിയായി കിട്ടിയ നെല്ല്ല് പുഴുങ്ങി ഉണക്കി ഉരലിലിട്ട് കുത്തി ചോറ് വെച്ച് തരുമായിരുന്നു. നെല്ല് കുത്തി പാറ്റുമ്പോള്‍ തവിട് കളയാതെ അരിച്ചെടുത്ത് തരുമായിരുന്നു. അന്നൊക്കെ മക്കളെ പോറ്റാന്‍ അമ്മമാര്‍ എന്തെന്ത് സാഹസങ്ങളാണ് ചെയ്തതും അനുഭവിച്ചതും.  അതൊക്കെ വിസ്തരിക്കാന്‍ ആരെങ്കിലും മുതിരുകയാണെങ്കില്‍ നല്ലൊരു ക്ലാസിക്ക് കൃതിയാവും അത്.  വിശപ്പ് മാറ്റാന്‍ ഞാനും ചങ്ങാതിമാരും ക്ഷണിക്കാത്ത കല്യാണവീടുകളില്‍ പോയിട്ടുണ്ട്. മുത്തശ്ശി നമ്പ്യാര്‍മാരുടെ വീടുകളില്‍ കല്യാണം നടക്കുമ്പോള്‍ പോയി സദ്യ കഴിഞ്ഞാ‍ല്‍ എച്ചിലിലകളില്‍ ശേഷിക്കുന്നവ ശേഖരിച്ച് ഒരിലയില്‍ പൊതിഞ്ഞ് കൊണ്ടുവരുമായിരുന്നു.  ഇന്നിത് വായിക്കുന്നവര്‍ക്ക് ഓക്കാനം വരും. പക്ഷെ അന്ന് ആ ചോറിന് എനിക്കെന്ത് രുചിയായിരുന്നെന്നോ.

ഇത്പോലത്തെ ഒരു സംഭവം ഞാന്‍ പിന്നീട് കാണുന്നത് മദ്രാസില്‍ വെച്ചായിരുന്നു. ജോലി തേടി മദ്രാ‍സില്‍ അലയുന്ന കൌമാരകാലം. സെന്‍‌ട്രല്‍ സ്റ്റേഷന്റെ അടുത്തുള്ള റോഡില്‍ ചില സ്ത്രീകള്‍ വട്ടമിട്ടിട്ടിരുന്നു, ടിഫിന്‍ കേരിയറില്‍ ബാക്കി വന്നിരുന്ന ഉച്ഛിഷ്ടങ്ങള്‍ എല്ലാം ഒരു പാത്രത്തിലാക്കി അത് വില്പനയ്ക്ക് വെക്കുന്നു. ചിലര്‍ അത് വാങ്ങി കഴിക്കുന്നുമുണ്ട്. പിന്നീടുള്ള ദിവസങ്ങളില്‍ ശ്രദ്ധിച്ചപ്പോള്‍ അതുമൊരു കച്ചവടമായിരുന്നു. നഗരത്തിലെ വീടുകളില്‍ നിന്ന് ടിഫിന്‍ കേരിയറില്‍ ഓഫീസുകളില്‍ ഭക്ഷണം എത്തിക്കുന്നവര്‍ അത് മടക്കി എടുത്ത് വരുമ്പോള്‍ സെന്‍‌ട്രല്‍ സ്റ്റേഷന്റെ അടുത്ത് വെച്ച് ബാക്കിയാവുന്ന ഭക്ഷണങ്ങള്‍ എല്ലാം എടുത്ത് കാലി ടിഫിന്‍കേരിയര്‍ വീടുകളില്‍ എത്തിക്കുന്നു. അവര്‍ക്ക് ചില്ലറ വരുമാനവും വിശക്കുന്നവര്‍ക്ക് ചില്ലറ നാണയത്തുട്ടുകള്‍ക്ക് വിശപ്പിന് പരിഹാരവും.  ഒട്ടിയ വയറും കാലിയായ കീശയുമായി പലവട്ടം ആ വഴി പോകുമ്പോള്‍ കൊതിയോടെ ഞാന്‍ ആ എച്ചില്‍ വില്പന നോക്കിയിട്ടുണ്ട്.  വിശപ്പിന്റെ കാഠിന്യം അനുഭവിച്ചവര്‍ക്കേ അറിയൂ.

ചപ്പാത്തിയും ഉരുളക്കിഴങ്ങ് ഫ്രൈയും ഞാന്‍ ഉണ്ടാക്കാറുണ്ടായിരുന്നു.  വീട്ടിലെ അടുക്കളപ്പണിയില്‍ എപ്പോഴും പകുതി ഭാര്യയുമായി ഞാന്‍ പങ്ക് വയ്ക്കാറുണ്ടായിരുന്നു. ചപ്പാത്തിയുടെ കൂടെ ഉരുളക്കിഴങ്ങ് ഫ്രൈ നല്ല രുചിയാണ്. ഇഞ്ചിയും വെളുത്തുള്ളിയും ചതച്ച് ചേര്‍ക്കുമ്പോള്‍ ഉണ്ടാകുന്ന വാസനയാണ് ഉരുളക്കിഴങ്ങ് ഫ്രൈക്ക് നല്ല സ്വാദ് നല്‍കുന്നത്.  നാക്കും മൂക്കും ചേര്‍ന്നാണല്ലൊ രുചി എന്ന സംഭവം നാം അറിയുന്നത്. ഇന്ന് സൌകര്യങ്ങള്‍ വര്‍ദ്ധിച്ചപ്പോള്‍ അടുക്കളയെ ആരും അത്ര ശ്രദ്ധിക്കുന്നില്ല എന്ന് തോന്നുന്നു. അത്കൊണ്ടല്ലെ ഹോട്ടലുകളില്‍ ഇത്ര തിരക്ക്. വാസ്തവത്തില്‍ ഹോട്ടലില്‍ നിന്ന് ലഭിക്കുന്ന ഭക്ഷണങ്ങള്‍ക്ക് എന്ത് ടേസ്റ്റ് ആണ് ഉള്ളത്. അപൂര്‍വ്വം ചില ഹോട്ടലുകളില്‍ രുചിയുള്ള ആഹാരപദാര്‍ത്ഥങ്ങള്‍ ലഭിക്കാറുണ്ട് എന്ന വസ്തുത വിസ്മരിക്കുന്നില്ല.  എന്നാലും നമ്മുടെ അടുക്കളയില്‍ വെച്ച് എന്തെന്ത് രുചികരമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉണ്ടാക്കാമായിരുന്നു! ആര്‍ക്കും ഒന്നിനും നേരമില്ല ഇപ്പോഴൊക്കെ.  ഷോപ്പിങ്ങും സീരിയലും ഒക്കെ കഴിഞ്ഞ് നേരം വേണ്ടേ.  രുചികരമായ, വിധം വിധങ്ങളായ ആഹാരപദാര്‍ത്ഥങ്ങള്‍ ഉണ്ടാക്കുകയും അത് മറ്റുള്ളവര്‍ക്ക് പരിമാറുന്നതില്‍ സംതൃപ്തി കണ്ടെത്തുകയും ചെയ്യുക എന്നത് ഒരു വാസനയാണ്.

പ്രകാശേട്ടനും ഞാനും ഏതാണ്ട് സമപ്രായക്കാരാണ്. അറുപത് കഴിഞ്ഞവര്‍. മക്കളൊക്കെ കല്യാണം കഴിഞ്ഞ് സെറ്റില്‍ ആയി.  വയസ്സാകുമ്പോള്‍ പല പ്രശ്നങ്ങളുമുണ്ട്. മക്കളൊക്കെ അവരുടെ പാട്ടിന് ജീവിയ്ക്കും എന്നതാണ് അംഗീകരിക്കാന്‍ പ്രയാസമുള്ള ഒരു വെല്ലുവിളി. നമ്മള്‍ ഒരു പുരുഷായുസ്സ് കൊണ്ട് ആര്‍ജ്ജിച്ച അനുഭവങ്ങളൊന്നും അവര്‍ക്ക് വേണ്ട. അവര്‍ക്ക് അവരുടേതായ രീതികളുണ്ട്. ആ രീതികളുമായി പൊരുത്തപ്പെടാന്‍ നമ്മള്‍ നിര്‍ബ്ബന്ധിതരാവുന്നു.  ഇന്ന് നല്ല പോലെ പണം സമ്പാദിക്കാന്‍ മക്കള്‍ക്ക് കഴിയുന്നുണ്ട്. അതൊക്കെ ആവശ്യത്തിനും അനാവശ്യത്തിനും ചെലവാക്കി ധൂര്‍ത്ത് ചെയ്യുകയാണ്.  മണ്ണിനോട് തീരെ സ്നേഹമില്ല. ഇങ്ങനെ പറയാന്‍ തുടങ്ങിയാല്‍ കുറെ പൊരുത്തക്കേടുകള്‍ വിവരിക്കാന്‍ പറ്റും. അത്കൊണ്ടെന്ത് പ്രയോജനം.

കുറെ കാര്യങ്ങള്‍ എഴുതണമെന്നുണ്ടായിരുന്നു. അപൂര്‍ണ്ണമായി ഈ പോസ്റ്റ് ഞാന്‍ ഇവിടെ അവസാനിപ്പിക്കുകയാണ്.  അവനവന്റെ മനസ്സില്‍ തോന്നുന്നത് അപ്പടി ബ്ലോഗില്‍ പകര്‍ത്താന്‍ പ്രകാശേട്ടനുള്ള കഴിവ് ഒന്ന് വേറെ തന്നെ.  മേലെ കാണുന്ന ഇമേജില്‍ ക്ലിക്ക് ചെയ്താല്‍ പ്രകാശേട്ടന്റെ പ്രൊഫൈലില്‍ എത്താം.  ഇമേജിന് ലിങ്ക് കൊടുക്കുന്നത് എങ്ങനെയെന്ന് അറിയാത്തവര്‍ ഉണ്ടെങ്കില്‍ പറഞ്ഞുതരാം.

9 comments:

  1. സുകുമാരേട്ടാ ... പ്രകാശേട്ടന്റെ വിശേഷങ്ങലെക്കാളും ഞാന്‍ ശ്രദ്ധിച്ചത് സുകുമാരേട്ടന്റെ എഴുത്താ....സത്യം പറയട്ടെ എന്‍റെ അമ്മയും അച്ഛനും ഒക്കെ ഇങ്ങനത്തെ കാര്യങ്ങള്‍ പറയുമ്പോള്‍ ശ്രധിക്കാരില്ലായിരുന്നു..പക്ഷെ ഇതൊക്കെ വായിച്ചപ്പോള്‍ എന്തോ ഒരു ഫീലിങ്ങ്സ്‌ .... അറിയില്ല അത് എങ്ങനെ വിവരിക്കുമെന്നു...എന്തായാലും എന്നെയും ആ പഴയ കാലത്തെ കാര്യങ്ങളിലേക്ക് കൈ പിടിച്ചു നടത്തിയതിനു നന്ദി .... ആശംസകള്‍ ...

    ReplyDelete
  2. പഴമയ്യും പുതുമയ്യും തമ്മിലുള്ള വിടവ് കൂടിവരുന്നു.കാലത്തെ നമ്മുക്ക് തടുത്ത് നിർത്താനാവില്ലല്ലോ?

    ReplyDelete
  3. വികാര വിചാരങ്ങള്‍ തന്മയത്വമായി പകര്‍ത്താന്‍ കഴിയുന്ന രചനാപാടവം.ഒരു കാലഘട്ടത്തിന്‍റെ ആത്മസംഘര്‍ഷങ്ങള്‍ വരികള്‍ക്കിടയില്‍ ഒളിഞ്ഞും തെളിഞ്ഞും കിടന്നു.ചില വരികള്‍ വായിച്ചപ്പോള്‍ മനസ്സില്‍ ഒരു തണുത്ത കാറ്റടിച്ച ആശ്വാസം കൈവന്നു.
    തുടരുക..

    ReplyDelete
  4. ഈ പോസ്റ്റിനു എന്റെ ഒരു പ്രത്യേക അഭിനന്ദനം സുകുമാരേട്ടാ..! തീയില്‍ കുരിത്തത് വെയിലത്ത്‌ വാടില്ലെന്നും മുത്തശ്ശിമാര്‍ പറഞ്ഞു കാണും അന്ന് ..!

    ReplyDelete
  5. ഈ പണ്ടത്തെകാര്യം പറച്ചിൽ പുതു തലമുറയ്ക്ക് നല്ലൊരു പൊതു വിജ്ഞാനമാണ്. ഓരോ പ്രായക്കാരും അവരുടെ ജിവിതത്തിഉലെ അനുഭവങ്ങൾ തുണ്ടുതുണ്ടുകളായെങ്കിലും എഴുതിവയ്ക്കുന്നത് ഒരുതരത്തിലുള്ള ചരിത്രമെഴുത്ത് തന്നെയാണ്. ആർക്കെങ്കിലുമൊക്കെ അതുകൊണ്ടു ഗുണമുണ്ടാകും.

    ReplyDelete
  6. ഏറെ ഇഷ്ടപ്പെട്ടു ഈ പോസ്റ്റ്. കടുകട്ടി വിഷയങ്ങളും രാഷ്ട്രീയവും നാം ധാരാളം എഴുതാറും വായിക്കാറും ഉണ്ട്. പക്ഷെ ലളിതമായ ഇത്തരം വിഷയങ്ങളാണ് ഹൃദയത്തില്‍ തട്ടി നില്‍ക്കുക.

    ReplyDelete
  7. >> ഞാനും പ്രകാശേട്ടനും ചില ആരോഗ്യപ്രശ്നങ്ങളിലാണ് എന്നതും വീണ്ടുമൊരു കൂടിക്കാഴ്ചയുടെ സാധ്യത വിരളമാക്കുന്നുണ്ട്. << ഇങ്ങനെയൊന്നും പറയരുത് കെട്ടോ. നിങ്ങള്‍ ഇനിയും കാണും. പല തവണ..

    ReplyDelete
  8. തലമുറകൾ തമ്മിലെ അന്തരം സുകുമാരേട്ടന്റെ ജീവിത്തിൽ ബാധിക്കില്ലെന്ന് കരുതുന്നു. പുതിയ അറിവുകളും സാങ്കേതീകവിദ്യകളും സ്വായത്തമാക്കുന്നതിൽ സുകുമാരേട്ടൻ കാണിക്കുന്ന ഉത്സാഹം പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

    ReplyDelete