Pages

നിധിശേഖരം എന്ത് ചെയ്യണം ?

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് കണ്ടെത്തിയ നിധിശേഖരം എന്ത് ചെയ്യണമെന്ന ചര്‍ച്ച ഇപ്പോള്‍ നാലുപാടും നടക്കുകയാണല്ലൊ. എനിക്ക് ഇക്കാര്യത്തില്‍ വ്യക്തിപരമായ ഒരു അഭിപ്രായവും ഇല്ല. എന്തോ ആയിക്കോട്ടെ എന്നേ ഞാന്‍ പറയൂ.  നിര്‍ബ്ബന്ധിച്ച് ചോദിച്ചാല്‍ ഞാന്‍ പറയും , അതൊക്കെ എടുത്ത് ഇപ്പോള്‍ കിട്ടുന്ന വിലയ്ക്ക് വിറ്റ് ആ പണം കൊണ്ട് കേരളത്തിലെ മുഴുവന്‍ റോഡുകളും ഇനിയൊരു പത്ത് കൊല്ലത്തേക്ക് അറ്റകുറ്റപ്പണി വേണ്ടാത്ത തരത്തില്‍ നവീകരിക്കണമെന്ന്.  എന്തായാലും നടക്കാന്‍ പോകുന്നില്ല, അപ്പോള്‍ പിന്നെ ഏവര്‍ക്കും പ്രയോജനപ്പെടുന്ന ഒരഭിപ്രായം ഞാന്‍ പറയും. അത്രമാത്രം.  ഇപ്പോള്‍ എത്രയോ കോടികളാണത്രെ അതിന്റെ മുഖവില.  അന്ന് രാജാക്കന്മാര്‍ അതൊക്കെ ശേഖരിക്കുമ്പോള്‍ ഇത്ര വിലയില്ല. ഇപ്പോഴാണ് സ്വര്‍ണ്ണത്തിനും മറ്റും ഇത്ര വിലയായത്. എന്റെ കല്യാണം കഴിയുമ്പോള്‍ 1977ല്‍ പവന് മുന്നൂറ് രൂപയായിരുന്നു വില. ഇന്നിപ്പോള്‍ എത്രയാ?  നിധിശേഖരത്തിന് ഇനിയും കാലംചെല്ലുന്തോറും വില കൂടിക്കൊണ്ടേ പോകും.  അത് ഇങ്ങനെ സൂക്ഷിക്കുന്നത്കൊണ്ട് എന്താണ് മെച്ചം. അത് ഒരു നിഷ്ക്രിയ മൂലധനമായി അവിടെ കിടക്കും.  ഇത്‌വരെ സംഭവം പുറത്ത് അറിയാത്തത്കൊണ്ട് കാര്യമായ കാവലൊന്നും വേണ്ടി വന്നിരിക്കില്ല. ഇനിയിപ്പോ ലക്ഷങ്ങള്‍ ചെലവാക്കി സെക്യൂരിറ്റി വേണ്ടി വരും. 


നിധി എന്ന് പറയുമ്പോള്‍ അത് കാര്യമായി സ്വര്‍ണ്ണം ആയിരിക്കുമല്ലൊ അല്ലേ.  എന്ത്കൊണ്ടാണ് സ്വര്‍ണ്ണത്തിന് ഇപ്പോഴും വില ഉണ്ടാകുന്നത്?  ഓര്‍ക്കുമ്പോള്‍ എനിക്ക് ചിരി വരും.  മനുഷ്യന്റെ ഓരോ തമാശകള്‍ എന്നേ എനിക്ക് തോന്നുള്ളൂ.  വിറ്റാല്‍ വില കിട്ടും എന്നൊരു വിശ്വാസത്തിന്റെ പുറത്താണ് സ്വര്‍ണ്ണത്തിന്റെ വില.  മനുഷ്യന് യാതൊരു പ്രയോജനവും ഇല്ലാതൊരു മൂലകമാണ് സ്വര്‍ണ്ണം.  സ്വര്‍ണ്ണം എന്ന മൂലകം പ്രപഞ്ചത്തില്‍ ഇല്ലെങ്കില്‍ മനുഷ്യന് ഒരു ചുക്കും വരാനില്ല.  എന്നാല്‍ ഇരുമ്പ്, അലൂമിനിയം, ചെമ്പ്, പ്ലാറ്റിനം തുടങ്ങിയ മൂലകങ്ങള്‍ ഇല്ലെങ്കില്‍ ആധുനികമനുഷ്യന് ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ല.  സ്വര്‍ണ്ണത്തിന്റെ വില ഇങ്ങനെ എല്ലാ കാ‍ലത്തേക്കും കൂടിക്കൊണ്ട് അത് ശാശ്വതമായി നില്‍ക്കുമോ? എനിക്കറിയില്ല. മനുഷ്യന് വിശ്വാസമുള്ള കാ‍ലത്തോളം അതിന്റെ മൂല്യം നിക്കും എന്നേ പറയാന്‍ പറ്റൂ.  വിലയില്ല എന്ന് വന്നാല്‍ ആക്രിക്കടക്കാ‍രന്‍ പോലും എടുക്കില്ല. കാരണം പറഞ്ഞല്ലൊ മറ്റൊരു ആവശ്യത്തിനും അത് പറ്റില.  ആഭരണമെന്നൊക്കെ പറയുന്നത് അതിന് മൂല്യം ഉള്ളത്കൊണ്ടല്ലേ? 


സ്വര്‍ണ്ണത്തിന് എപ്പോഴാണ് വില ഉണ്ടായത്?  ചരിത്രാതീത കാലം മുതലേ മനുഷ്യന്‍ ലോഹങ്ങള്‍ കണ്ടുപിടിച്ചിട്ടുണ്ട്. ലോഹങ്ങളുടെ ഉപയോഗമാണ് മനുഷ്യസംസ്ക്കാരത്തിന്റെ പുരോഗതിക്ക് നിദാനം എന്ന് പറയാം.  പണിയായുധങ്ങള്‍ക്ക് ഇരുമ്പ് വേണമല്ലോ.  ആധുനിക മനുഷ്യന് ചെമ്പ് ഇല്ലെങ്കില്‍ ഒന്നും ചലിക്കില്ല. വൈദ്യുതിയുടെ കാര്യമാണ് പറഞ്ഞത്. വിമാനം ഉണ്ടാക്കാന്‍ അലൂമിനിയം വേണം.  അന്നും ഇന്നും സ്വര്‍ണ്ണം എന്ന ലോഹം കൊണ്ട് മാത്രം ഒരു ഉപയോഗവും മനുഷ്യനില്ല.  ആളുകള്‍ ഒരു കാലത്ത്  ബാര്‍ട്ടര്‍ സമ്പ്രദായത്തിലായിരുന്നു സാധനങ്ങള്‍ വിനിമയം ചെയ്തിരുന്നത്.  അതായത് അവനവന്റെ കൈയിലുള്ളത് മറ്റുള്ളവന് കൊടുത്ത് അവനവന് വേണ്ടത് വാങ്ങുക. സാധനം കൊടുത്ത് സാധനം വാങ്ങുക.  വളരെ എടങ്ങേറ് പിടിച്ച ഏര്‍പ്പാടാണ് അതെന്ന് പറയേണ്ടതില്ലല്ലൊ.  ആവശ്യക്കാര്‍ പരസ്പരം കണ്ടുമുട്ടണ്ടേ?  അങ്ങനെയാണ് നാണയം എന്നൊരു സങ്കല്പം വരുന്നത്.  ഏറ്റവും ദുര്‍ലഭമായതും എന്നാല്‍ പ്രകൃതിയില്‍ സ്വതന്ത്രാവസ്ഥയില്‍ കണ്ടുകിട്ടുന്നതുമായ സ്വര്‍ണ്ണത്തെ നാണയമായി സ്വീകരിച്ചു.  അതായത് പണമായാണ് സ്വര്‍ണ്ണം മനുഷ്യചരിത്രത്തില്‍ അവതരിക്കുന്നത്. അങ്ങനെയാണ് സ്വര്‍ണ്ണത്തിന് വാല്യൂ  ഉണ്ടാകുന്നത്. അപ്പോഴും നിങ്ങള്‍ ഓര്‍ക്കണം, സ്വര്‍ണ്ണത്തിനല്ല വില സാധനങ്ങള്‍ക്കാണ്. സാധനങ്ങള്‍ മനുഷ്യന്‍ ഉല്പാദിപ്പിക്കുന്നില്ലെങ്കില്‍ സ്വര്‍ണ്ണത്തിന് എന്ത് വില. അപ്പോള്‍ സ്വര്‍ണ്ണത്തിന്റെ വില എന്നു പറയുന്നത് സാധനങ്ങളുടെ വിനിമയ മൂല്യമാണ്. ഇന്നത്തെ കടലാസ് നോട്ടുകള്‍ പോലെ. 


കുറെ കഴിഞ്ഞപോള്‍ ഈ ഏര്‍പ്പാടും  എടങ്ങേറായി. ഒരു സവറന്‍ സ്വര്‍ണ്ണത്തിന് ഇത്ര ചാക്ക് നെല്ല് എന്നോ അങ്ങനെ ഏത് സാധനത്തിനും വില സ്വര്‍ണ്ണത്തിന്റെ അളവില്‍ നിശ്ചയിക്കാം. പക്ഷെ കുറച്ചു മാത്രം സാധനങ്ങള്‍ വേണ്ടി വരുമ്പോള്‍ സ്വര്‍ണ്ണം മുറിച്ച് കഷണങ്ങളാക്കാനൊക്കെ പ്രയാസം നേരിട്ടിരിക്കാം.  അങ്ങനെയാണ് ബേങ്ക് എന്ന സങ്കല്പം വരുന്നത്. ഞാന്‍ ചുരുക്കി പറഞ്ഞതാണ് കേട്ടോ?  സ്വര്‍ണ്ണം ബേങ്കില്‍ സൂക്ഷിക്കുന്നു.  എന്നിട്ട് ആ സ്വര്‍ണ്ണത്തിന്റെ മതിപ്പ് എത്രയാണോ ആ മതിപ്പ് ഒരു കടലാസില്‍ എഴുതിക്കൊടുക്കുന്നു. അങ്ങനെയാണ് സ്വര്‍ണ്ണനാണയങ്ങള്‍ക്ക് പകരം വെക്കാന്‍ കടലാസ് നാണയങ്ങള്‍ അഥവാ കറന്‍സികള്‍ പ്രചാരത്തില്‍ ആകുന്നത്.  ബേങ്കില്‍ സൂക്ഷിച്ച സ്വര്‍ണ്ണമാണ് കറന്‍സികള്‍ക്ക് മൂല്യം ഉണ്ടാക്കുന്നത്.  ഈ കടലാസ് തിരികെ തന്നാല്‍ ഇത്രം പണം തിരിച്ചുകൊടുക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ് എന്ന് ബേങ്കിന്റെ അതോറിറ്റി ആ കടലാസില്‍ എഴുതി ഒപ്പ് വെച്ചിട്ടുണ്ടാവും. എല്ലാം ഒരു വിശ്വാസം മാത്രം. ആ ഒരു സിസ്റ്റമാണ് ഇപ്പോഴും തുടരുന്നത്.  നിങ്ങളുടെ കൈയിലുള്ള കറന്‍സി എടുത്ത് നോക്കൂ. ഉദാഹരണത്തിന് 500 രൂപയുടെ ഒരു കറന്‍സി. അതില്‍  I PROMISE TO PAY THE BEARER THE SUM OF FIVE HUNDERD RUPEES എന്ന് അച്ചടിച്ച് റിസര്‍വ്വ് ബേങ്ക് ഗവര്‍ണ്ണര്‍ ഒപ്പ് വെച്ചിട്ടുണ്ടാകും. ഇത് കൊണ്ടു വരുന്ന ആള്‍ക്ക് 500 രൂപ കൊടുക്കും എന്ന് ഞാന്‍ വാഗ്ദാനം ചെയ്യുന്നു എന്നാണ് ആ എഴുതിയതിന്റെ പച്ചമലയാളം. അപ്പോള്‍ 500 രൂപ എന്നാല്‍ എന്താണ്, അതെവിടെയാണ് ഉള്ളത്?  റിസര്‍വ്വ് ബേങ്കില്‍ സൂക്ഷിച്ചിട്ടുണ്ട് എന്ന് നാം കണ്ണും പൂട്ടി വിശ്വസിക്കുന്ന ആ സ്വര്‍ണ്ണമാണ് യഥാര്‍ഥത്തില്‍ 500 രൂപ. 


ഞാന്‍ ചോദിക്കട്ടെ, ഇപ്പോള്‍ ഇന്ത്യാമഹാരാജ്യത്ത് സര്‍ക്യുലേഷനില്‍ ഉള്ളത്രയും കറന്‍സി നോട്ടുകള്‍ക്ക് തുല്യമായ സ്വര്‍ണ്ണശേഖരം റിസര്‍വ്വ് ബേങ്കില്‍ ഉണ്ടോ? ആ ആര്‍ക്കറിയാം!  ചോദ്യം മറ്റൊരു തരത്തില്‍ ചോദിക്കാം.  എന്തിനാണ് അങ്ങനെ സ്വര്‍ണ്ണം?  ഇന്ത്യാഗവണ്മേന്റ് സാക്ഷ്യപ്പെടുത്തുന്ന കറന്‍സി നോട്ടുകള്‍ തന്നെ പോരേ? എല്ലാം ഒരു വിശ്വാ‍സമല്ലേ? അതെ എല്ലാം നടക്കുന്നത് വിശ്വാ‍സത്തിന്റെ പുറത്താണ്. നാളെയും ഇന്നത്തെ പോലെ ഉണ്ടാകുമെന്നൊരു വിശ്വാസവും പ്രതീക്ഷയും.  അപ്പോള്‍ സ്വര്‍ണ്ണത്തിന്റെ കാര്യം മനസ്സിലായല്ലോ.  അത്കൊണ്ടാണ് ഞാന്‍ പറയുന്നത്, സ്വര്‍ണ്ണത്തിന് ഇന്ന് നല്ല വിലയുണ്ട്. ആ വില എന്ന് പറയുന്നത് ഒരു അന്താരാഷ്ട്രവിശ്വാസത്തിന്റെ പുറത്താണ്. വിലയില്ലാതായാല്‍ വെറും ചരലിന്റെ സ്ഥാനമേ സ്വര്‍ണ്ണത്തിന് ഉണ്ടാവൂ. അങ്ങനെ സംഭവിക്കും എന്നല്ല,  മറ്റൊന്ന് ഈ സ്വര്‍ണ്ണവും കറന്‍സിയും വിലയും മൂല്യവും ഒന്നും ദൈവത്തിന് ബാധകമല്ല. പിള്ളേര് മണ്ണപ്പം ചുട്ടുകളിക്കുന്ന പോലൊരു കുസൃതിയായിട്ടേ ഇതെല്ലാം ദൈവം കാണുകയുള്ളൂ.  അത്കൊണ്ട് കാറ്റുള്ളപ്പോഴേ തൂറ്റിക്കോ എന്ന് പറഞ്ഞ പോലെ ആ നിധിശേഖരം എടുത്ത് വിറ്റ് കാശാക്കി റോഡുകളും ആശുപത്രികളും പിന്നേം ബാക്കിയുണ്ടെങ്കില്‍ നഗരങ്ങളും ഒക്കെ നവീകരിക്കാം.  ദൈവത്തിന് ഒട്ടും അപ്രീതി തോന്നില്ല. എന്തെന്നാല്‍ കുശുമ്പും കുനുഷ്ടും ഒക്കെ ഉള്ള മനസ്സ് മനുഷ്യന് മാത്രമേയുള്ളൂ. അത്കൊണ്ട് മനുഷ്യന് തോന്നുന്നതൊന്നും ദൈവത്തിന് തോന്നില്ല.


ശുഭം.

30 comments:

  1. നല്ല നിര്‍ദ്ദേശം; പക്ഷെ നടക്കില്ല. വിവാദമാക്കേണ്ട എന്ന് കരുതി സര്‍ക്കാറും കൈ കഴുകുകയാണ്.

    തുറക്കാതെ ഇരിക്കയായിരുന്നു നല്ലത് എന്നെനിക്ക് തോന്നിയപ്പോള്‍ കുറിച്ചത്.

    http://yours-ajith.blogspot.com/2011/07/blog-post.html

    ReplyDelete
  2. "മനുഷ്യന് യാതൊരു പ്രയോജനവും ഇല്ലാതൊരു മൂലകമാണ് സ്വര്‍ണ്ണം."

    അത്രയ്ക്ക് ഉറപ്പാണോ!!!!! വിക്കിയെ വിശ്വാസമില്ല എങ്കില്‍ ഒന്ന് ഗൂഗിള്‍ അമ്മച്ചിയോടെങ്കിലും ചോദിക്കുവാന്‍ നോക്കിയിരുന്നെങ്കില്‍‌......

    “സ്വര്‍ണ്ണം എന്ന മൂലകം പ്രപഞ്ചത്തില്‍ ഇല്ലെങ്കില്‍ മനുഷ്യന് ഒരു ചുക്കും വരാനില്ല.”

    .....എന്ന് പറയില്ലായിരുന്നു. :)

    ReplyDelete
  3. sir, aadyamaayitta thankalude aashayathod yojikkan thonnunnath..oru prasnam ullath hindu mathathe samrakshikkan irangiyirikkunna kure aalukalude karyam aanu..panamokke padmanabha swamiyudethanenna paraayunnath..daivam panam agrahikkumo?agrahichal nammalum daivavum thammil enth vyathyasam?pinne ithokke hinduvinte swathaanennu parayunnavarkk hindu mathathe kurich enth ariyaam?aa panam angane thanne padmanabha swamiyude kaalkkal irikkanam ennanu viswasikalude abhiprayam..angane aarkkum prayojanam ellathe swantham kaalakkal irikkunna panam swamikk ishtamakumo? athonnum ivide arkkum chinthikkan vayya.sankuchithamaya mansu marathe onnum nadakkilla..panathinu moolyam undayatha manushyarude avasyangal kondaanu..allenkil aa pandangal okke ippo waste koodi kidakkunnu ennu paranju thoothu vrithiyaakkiyene..ippo aarkkum upakarappedathe athinu waste vila mathram aakunnu..

    ReplyDelete
  4. ഇല്ലാത്ത വസ്തുവിന്, കിട്ടാത്ത വസ്തുവിന് വിലകൂടും എന്നല്ലെ ചൊല്ല്.
    സ്വർണ്ണത്തെക്കാൾ വിലയുള്ള അപൂർവ്വ വസ്തുക്കൾ ഉണ്ട്. എന്നാൽ അവയൊന്നും ഇതുപോലെ പൂഴ്ത്തി വെക്കാനാവില്ല, നശിച്ചുപോകും.

    ReplyDelete
  5. നിധികാക്കുന്ന ഭൂതമായി മാറുന്നതിനേക്കാള്‍ നല്ലത് ജനോപകാരപ്രദമായി വിനിയോഗിക്കുക തന്നെ.. പക്ഷെ

    ReplyDelete
  6. സ്വര്‍ണത്തെ ക്കുറിച്ചും അതിന്റെ മൂല്യത്തെക്കുരിച്ചും ഉള്ള അഭിപ്രായതോട്ട് പൂര്‍ണമായി യോജിക്കുന്നു .. സ്വര്‍ണത്തിന് വില അടിസ്ഥാന വില അതിന്റെ "മോഹ വില " ( ഫാന്‍സി പ്രൈസ് ) ആണ് . മോഹ വില എന്ന് പറയുന്നത് ഒരു വസ്തുവിന്റെ ഉപയോഗം മനുഷ്യന് എത്ര മാത്രം അത്യാവശ്യമാണ് എന്നതിനെ അടിസ്തനമക്കിയുള്ളതല്ല. അതാണ്‌ മോഹ വില , അത് വുസ്തുവിന്റെ ആവശ്യത്തെ കാണിക്കുന്നു എങ്കിലും അതിന്റെ ആവശ്യകതയെ കാണിക്കുന്നില്ല . സ്വര്‍ണത്തിന്റെ ആവശ്യം (need )ഉള്ളത് കൊണ്ടാണ് അതിനു മോഹ വില കൊടുക്കാന്‍ ആളുകള്‍ തയ്യാറാകുന്നത് എന്നാല്‍ സ്വര്‍ണത്തിന്റെ ആവശ്യകത ( necessessitty - the reason why it is needed‌ ) വളരെ കുറവാണ് തന്നും .മോഹ വില ഉള്ള ഒരു ഉത്പന്നം , ആവശ്യകത ഉള്ള ഉത്പന്നതെക്കാലും വളരെ മേലെ വില മതിക്കപ്പെടും .
    എന്നാല്‍ അതെ സമയം ഈ മോഹ വിലയില്‍ നിന്നും തന്നെ ഒരു പാട് മേലെയാണ് ഇപ്പോള്‍ സ്വര്‍ണത്തിന്റെ വില നില്‍ക്കുന്നത് . ഇവിടെയാണ്‌ സുകുമെരേട്ടന്‍ പറയുന്ന കാര്യം . അതായത് സ്വര്‍ണം ഭാവിയില്‍ വില കൂടിയെക്കാവുന്ന ഒരു നിക്ഷേപമായാണ് ആളുകള്‍ കരുതുന്നത് , അത് കൊണ്ട് ഭാവില്യില്‍ വരുമെന്ന് നാം ഊഹിക്കുന്ന വില ഇപ്പോഴേ കൊടുത്തു നമ്മള്‍ അത് വാങ്ങി വക്കുന്നു എന്നര്‍ത്ഥം . ഇതാണ് സാമ്പത്തിക ശാസ്ത്രത്തില്‍ ഊഹ ക്കച്ചവടം കൊണ്ട് ഉദ്ദേശിക്കുന്നത് .

    സ്വര്‍ണത്തിന് ഇതു കാലത്തും വിലയുണ്ടാകുമോ എന്ന് യുക്തിപൂര്‍വ്വമായി വിശകലനം ചെയ്യാനാകില്ല . കാരണം ഇത് വിശ്വാസത്തില്‍ അധിസ്ഥിതമായ ഒരു ചിന്തയാണ് . എല്ലാവരും ഒരേ പോലെ ഒരു കാര്യം വിസ്വിക്കുമ്പോള്‍ അത് ഏറെ കാലം നില നില്‍ക്കാന്‍ ഉള്ള സാധ്യത ഏറെ ആണ് . എന്നാല്‍ അതൊരു കുമിള പോലെ ദുര്‍ബലമാണ് താനും . കാരണം എന്തെങ്കിലും കാരണത്താല്‍ ഈ വിശ്വാസത്തിനു കോട്ടം തട്ടിയാല്‍ ഈ കുമിള പൊട്ടുകയും സ്വര്‍ണം അതിന്റെ മോഹ വിലയിലെക്കോ അല്ലെങ്കില്‍ അതിനു താഴെ മറ്റു ലോഹങ്ങള്‍ക്ക് സമമാനമായ വിപണി മൂല്യതിലെക്കോ വന്നേക്കാം ..

    ഒരു കാര്യം കൂടി ഓര്‍മിപ്പിച്ചു കൊള്ളട്ടെ . സ്വര്‍ണത്തിന്റെ മൂല്യത്തിനു തുല്യമായ നോട്ടുകള്‍ വിതരണം ചെയ്യുന്ന രീതി (ഗോള്‍ഡ്‌ സ്റ്റാന്‍ഡേര്‍ഡ് )പണ്ടേ അവസാനിപ്പിച്ചിട്ടുണ്ട്‌ . അതായതു ഇന്ന് നമ്മള്‍ ഉപയോഗിക്കുന്ന നോട്ടുകള്‍ക്ക് തുല്യമായ സ്വര്‍ണത്തിന്റെ പിന്‍ബലം ഇല്ല . അതായതു ഈ നോട്ടുകളുടെ മൂല്യം 'ഫ്ലോടിംഗ് ' ആണ് . നിശ്ചിതം അല്ല. അത് കൊണ്ടാണ് ആവശ്യാനുസാരം സര്‍ക്കാരുകള്‍ റിസര്‍വ് ബാങ്ക് മുഖാന്തരം യെധേഷ്ടം നോട്ടടിക്കാന്‍ സാധിക്കുകയും , രൂപയ്ക്കു മൂല്യ ശോഷണം സംഭവിക്കുകയും ചെയ്യുന്നത് . അത് കൊണ്ട് കൂടിയാണ് നമുക്ക് കിട്ടുന്ന ബാങ്ക് പലിശ പോലും യഥാര്‍ത്ഥത്തില്‍ നമ്മുടെ നിക്ഷേപതിനുണ്ടാകുന്ന മൂല്യശോഷണത്തിന് പകരമായി വരാത്തത് . സാമ്പത്തിക കമ്മി നികത്താനായി സര്‍ക്കാരുകള്‍ നോട്ടുകള്‍ അടിച്ചു കൂട്ടുമ്പോള്‍ , പൌരനു നഷ്ടമാകുന്നത് അവാന്റെ നോട്ടുകളുടെ അല്ലെങ്കില്‍ നോട്ടുകളില്‍ അക്കൌന്റ് ചെയ്യപ്പെടുന്ന നിക്ഷേപത്തിന്റെ ( ബാങ്ക് ഡെപ്പോസിറ്റ് ) മൂല്യമാണ് .. ഈ നഷ്ടപ്പെട്ട മൂല്യം റിസര്‍വ് ബാങ്കോ ,സര്‍ക്കാരോ നമുക്ക് ഒരിക്കലും വാഗ്ദാനം ചെയ്യുന്നില്ല . ( No guarantee or promise on the worth of the note , the sum of 100 rupees can be less than a penny and be worthless if the depreciation sustains. That is the reason people world over are switching over their wealth from cash to other asset classes like Gold and triggering speculation as explained above )

    ReplyDelete
  7. വാസുവിന്റെ കമന്റ് ഏറെക്കുറെ എന്റെ പോസ്റ്റിനോട് അടുത്ത് വരുന്നുണ്ട്. എന്നാല്‍ പൂര്‍ണ്ണമായി അടുത്ത് വരുന്നില്ല താനും :)

    ആളുകള്‍ക്ക് ഒരു കാരണവശാലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വസ്തുതയാണ് ഈ പോസ്റ്റില്‍ ഞാന്‍ അവതരിപ്പിച്ചിട്ടുള്ളത്. സ്വര്‍ണ്ണത്തിന് സ്വന്തം നിലയില്‍ യാതൊരു വിലയോ മൂല്യമോ ഇല്ല എന്നാണ് ഞാന്‍ പറയുന്നത്. ഇന്നത്തെ കറന്‍സി പോലെ ചരിത്രത്തിന്റെ ഒരു ഘട്ടത്തില്‍ അവതരിപ്പിക്കപ്പെട്ട നാണയമാണ് സ്വര്‍ണ്ണം. അന്ന് സര്‍ണ്ണത്തിനല്ല മൂല്യം, സ്വര്‍ണ്ണനാണയം കൊടുത്താല്‍ കിട്ടുന്ന ഉപഭോഗപദാര്‍ത്ഥങ്ങള്‍ക്കാണ്. ഇന്നത്തെ കറന്‍സി നോട്ടുകളുടെ മൂല്യവും ഇത് തന്നെ. രാജ്യത്ത് ഉല്പാദനം അനുസ്യൂതമായി തുടരുന്നത്കൊണ്ടാണ് കറന്‍സിക്ക് തുടര്‍ച്ചയായി മൂല്യം ഉണ്ടാകുന്നത്. ഉല്പാദനം നിലച്ചാല്‍ കറന്‍സി വെറും കടലാസ് തുണ്ടായി. രാജ്യത്ത് ഉല്പാദിപ്പിക്കുന്ന സാധനങ്ങളുടെ മൂല്യങ്ങള്‍ക്കനുസരിച്ചാണ് റിസര്‍വ്വ് ബാങ്ക് കറന്‍സികള്‍ അച്ചടിക്കുന്നത്. അല്ലെങ്കില്‍ യഥേഷ്ടം നോട്ടുകള്‍ അച്ചടിച്ചാല്‍ പോരേ? പണത്തിന് എന്ത് പഞ്ഞം? നോട്ട് കൊടുത്താല്‍ സാധനം കിട്ടണം. അത് ഉറപ്പ് വരുത്താനുള്ള ബാധ്യത നോട്ട് അടിക്കുന്ന അതോറിറ്റിക്ക് ഉണ്ട്. അല്ലെങ്കില്‍ കറന്‍സിക്ക് എന്ത് വില. പക്ഷെ സര്‍ക്കാര്‍ ഏകദേശ കണക്ക് വെച്ചും ചിലപ്പോള്‍ അധികമായും കറന്‍സികള്‍ അച്ചടിക്കാറുണ്ട്.പണപ്പെരുപ്പം ഉണ്ടാകുന്നതിന്റെ ഒരു കാരണം ഇതാണ്.

    പ്രചാരത്തിലുള്ള നോട്ടുകള്‍ക്ക് തുല്യമായ സ്വര്‍ണ്ണം റിസര്‍വ്വ് ബാങ്ക് ഖജനാവില്‍ സൂക്ഷിക്കുന്ന ഏര്‍പ്പാട് പണ്ടേ അവസാനിപ്പിച്ചിട്ടുണ്ട് എന്നാണ് പറയേണ്ടത്. സത്യത്തില്‍ ഇന്ന് അതിന്റെ ആവശ്യമില്ല താനും. എന്നാല്‍ ഒരു രാജ്യത്തിന്റെ കറന്‍സിക്ക് അന്താരാഷ്ട്ര മതിപ്പുള്ള ഒരു ഈട് വേണം എന്നാണ് ഇപ്പോഴും അന്താരാഷ്ട്ര നാട്ടുനടപ്പ്. ബംഗ്ലാദേശില്‍ അവിടത്തെ ഭൂമിയാണ് ഈട് എന്ന് വായിച്ചതോര്‍ക്കുന്നു.ശരിക്ക് പറഞ്ഞാല്‍ ഈ ഈട് തന്നെ ഇന്ന് ആവശ്യമില്ല. നിയമവിധേയമായ സര്‍ക്കാര്‍ പുറത്തിറക്കുന്ന കറന്‍സിക്ക് തന്നെ മതിപ്പ് ഉണ്ടായാല്‍ മതി. പ്രായോഗിക തലത്തില്‍ ഇന്ന് നടക്കുന്നതും ഇത് തന്നെ.

    സ്വര്‍ണ്ണത്തിന് ഇന്ന് ഇക്കാണുന്ന വിലയുണ്ടാകുന്നത്, അതിന് ആഭരണം എന്നൊരു പ്രയോജനം ഉള്ളത്കൊണ്ടാണ്. ഏതൊന്നിനാണോ പ്രയോജനമൂല്യം ഉള്ളത് അതിന് മാത്രമേ വിപണന മൂല്യവും ഉണ്ടാവുകയുള്ളൂ. ആഭരണമായിട്ട് മാത്രമാണ് സ്വര്‍ണ്ണത്തിന് പ്രയോജനമുള്ളത്. എന്നാല്‍ സ്വര്‍ണ്ണത്തിന്റെ വില എന്നു പറയുന്നത് അത് വിറ്റാല്‍ കൂടുതല്‍ പണം കിട്ടും എന്ന വിശ്വാസം ഉള്ളത്കൊണ്ട് മാത്രമാണ്. വെറും ആഭരണം ഇത്രയും കാശ് കൊടുത്ത് ആ‍രും വാങ്ങില്ലലൊ. അപ്പോള്‍ അഞ്ച് പവന്‍ സ്വര്‍ണ്ണത്തിന്റെ മാല അണിയുക എന്ന് പറയുമ്പോള്‍ ഇന്നത്തെ നിലവാരം വെച്ച് ഒരു ലക്ഷത്തിനടുത്ത തുകയുടെ ചെക്ക് അണിയുന്നത് പോലെ തന്നെയാണ്. ആഭരണത്തിന് ആളുകള്‍ സ്വര്‍ണ്ണം തീരെ ഉപയോഗിക്കുന്നില്ല എന്ന് വന്നാലും സ്വര്‍ണ്ണത്തിന്റെ വില സീറോ ആകും. എന്തെന്നാല്‍ ആ ലോഹം കൊണ്ട് ആര്‍ക്കും കാര്യമായ പ്രയോജനം ഇല്ല. ഒരു കഷണം ഇരുമ്പിനോ കുപ്പിച്ചില്ലിനോ റീ-സൈക്കിള്‍ ചെയ്യാം എന്നൊരു പ്രയോജനമുണ്ട്.

    സ്വര്‍ണ്ണത്തിന്റെ വില എക്കാലത്തേക്കുമുണ്ടാവുമോ? അത് വാസു പറഞ്ഞത് തന്നെയാണ് ശരി. വിശ്വാസം ഉള്ള കാലത്തോളം ഉണ്ടാവും. എന്നാല്‍ ആ വിശ്വാസം നീര്‍ക്കുമിളയാണ് താനും. ആ കുമിള ലോകാവസാനം വരേക്കും നിലനില്‍ക്കുകയുമാവാം. സ്വര്‍ണ്ണത്തിന് ഇന്ന് വിലയുള്ളത്കൊണ്ട്, വെറുതെ വെച്ചിരിക്കുന്ന സ്വര്‍ണ്ണം നിഷ്ക്രിയ മൂലധനമാണ്. അങ്ങനെ വെറുതെ വെക്കേണ്ട, അത് സക്രിയമൂലധനമാവട്ടെ എന്ന് എനിക്ക് അഭിപ്രായമുണ്ട്. അത്കൊണ്ടാണ് നിധിശേഖരം എടുത്ത് വിറ്റ് ആളുകളുടെ സൌകര്യം വര്‍ദ്ധിപ്പിക്കണം എന്ന് ഞാന്‍ പറയുന്നത്. ആരും തെറി പറയില്ലെങ്കില്‍ ലോക്കറില്‍ വെച്ചിട്ടുള്ള സ്വര്‍ണ്ണം എടുത്ത് വിറ്റ് ആധുനിക സൌകര്യങ്ങള്‍ , ഉദാഹരണത്തിന് ലാപ്ടോപ്പ്, ആന്‍ഡ്രോയിഡ് ഫോണ്‍ അങ്ങനെ എന്തെല്ലാമാണ് ഇല്ലാത്തത് അവയൊക്കെ വാങ്ങി എല്ലാവരും അനുഭവിക്കണം എന്ന് ഞാന്‍ പറയും. അത്രയ്ക്കൊക്കെയല്ലേ ജീവിതം ഉള്ളൂ ....

    ReplyDelete
  8. ആ സ്വര്‍ണ്ണം കണ്ടെത്താതിരിക്കുകയായിരുന്നു നല്ലത്!
    മുന്‍പ് യാതൊരു പ്രശ്നവും അവിടെ ഇല്ലായിരുന്നു. ഇപ്പൊ കോടാനുകോടിയുടെ സ്വര്‍ണ്ണം സൂക്ഷിക്കാന്‍, അതിന്റെ സെക്യൂരിറ്റി ഏര്‍പ്പെടുത്താന്‍, സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നമ്മള്‍ മാവിലായിക്കാരുടെ കുറെ കോടികള്‍ ചെലവാകും എന്നതൊഴിച്ചാല്‍ നമുക്ക് എന്ത് മെച്ചം?
    വിരുന്ന്കാര്‍ വന്നാലും വെളിച്ചപ്പാട് വന്നാലും നമ്മള്‍ കോഴികള്‍ക്ക് തന്നെ നഷ്ടം!

    ദൈവത്തിനു എന്തിനു സ്വര്‍ണ്ണാഭരണങ്ങള്‍? എന്തിനു സ്വര്‍ണ്ണക്കുരിശ് ? എന്തിനു സ്വര്‍ണ്ണവാതില്‍?
    സമ്പത്ത്‌ സ്നേഹിക്കുന്ന ദൈവങ്ങളെ നമുക്ക് വേണ്ട.

    ReplyDelete
  9. കണ്ടവന്റെ ആവുമ്പോള്‍ എന്തുമാകാമല്ലോ ?!

    ആ സ്വത്തിനെ നിധി എന്ന് തന്നെ വിളിക്കാന്‍ പാടില്ല. അതിനെ പറ്റി വ്യക്തമായ കണക്കുകള്‍ രാജകുടുംബത്തിനു പക്കലുണ്ട്. അത് വിറ്റു പുട്ടടിക്കാന്‍ ഏതു ശുംഭനും പറ്റും; അത് പോലെയൊന്ന് ഉണ്ടാക്കിയെടുക്കാന്‍ പറ്റുമോ? (എല്ലാം നശിപ്പിക്കാന്‍ എളുപ്പമാണ്) ഒന്നുമില്ലെങ്കിലും ആ സ്വത്ത് ബ്രിട്ടിഷുകാരും ,ടിപ്പുവും ഒന്നും കൊണ്ടുപോകാതെ കാക്കാന്‍ ആ രാജാവിന്റെ ബുദ്ധിക്കു ആയി അതിനെയെങ്കിലും മാനിച്ചു കൂടെ ?

    ഇത് വിറ്റു കാശ് ആക്കിയാല്‍ മിനിട്ടുകള്‍ക്കകം അതിലെ സിംഹഭാഗം പലരുടെയും വീടുകളില്‍ എത്തും. അങ്ങനെ ഒരു ___മോനും ഇനി കാശ് ഉണ്ടാക്കേണ്ട. എല്ലാത്തില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ എളുപ്പമാണ്. ഒഴുക്കിനെതിരെ നിവര്‍ന്നു നില്ക്കാന്‍ ചങ്കൂറ്റം വേണം. അതില്ലെന്നാണോ?! എന്തായാലും ഞാന്‍ കൊടുക്കുന്ന നികുതി പണം കൊണ്ട് പലരും സ്ഥലം വാങ്ങിക്കുകയും, കള്ളുകുടിക്കുകയും, പെണ്ണ് പിടിക്കുകയും, വിദേശ യാത്ര നടത്തുകയും ചെയ്യുന്നു. എന്നാല്‍ ഈയൊരു നല്ല കാര്യത്തിനു വേണ്ടി ഇത്തിരി അധികം നികുതി കൊടുക്കാന്‍ ഞാന്‍ തയ്യാറുമാണ്.

    ReplyDelete
  10. ഇത് വിറ്റു കാശ് ആക്കിയാല്‍ മിനിട്ടുകള്‍ക്കകം അതിലെ സിംഹഭാഗം പലരുടെയും വീടുകളില്‍ എത്തും എന്ന kpofcochin-ന്റെ അഭിപ്രായത്തോട് യോജിക്കുന്നു. ഞാന്‍ വെറുതെ ഒരഭിപ്രായം പറഞ്ഞു എന്നേയുള്ളൂ. പക്ഷെ അത് അങ്ങനെ കിടക്കുന്നത്കൊണ്ട് ആര്‍ക്ക് എപ്പോള്‍ എന്ത് പ്രയോജനം എന്നും ചിന്തിച്ചു പോകുന്നു :)

    ReplyDelete
  11. അത് ന്യായമായ ചോദ്യം. അതിനു ഉത്തരം ഉത്രാടം തിരുനാള്‍ മഹാരാജാവ് പറഞ്ഞു കഴിഞ്ഞു . "വറുതി കാലത്തേക്കുള്ള കരുതല്‍ ധനമായി ആണ് രാജാക്കന്മാന്‍ ആ സ്വത്ത് സ്വരൂപിച്ചത് ". അത് കൊണ്ട് ഭാവിയില്‍ ഒരു വറുതി ഉണ്ടായാല്‍ അന്നത്തെ തലമുറ ഇത് കൊണ്ട് രക്ഷപെടട്ടെ. അത് വരെ നമുക്കിത് സുരക്ഷിതമായി കൈമാറി കൊണ്ടിരിക്കാം . " സ്ത്രീധനം" എന്നതിന് പിന്നിലെ ആശയവും ഇത് തന്നെ ആയിരിക്കണം. പക്ഷെ അത് പ്രചരിക്കുന്ന രീതി തെറ്റായി പോകുന്നു.

    ReplyDelete
  12. ഉത്തരം കൊള്ളാം. കേട്ടാല്‍ വളരെ ശരിയെന്നും തോന്നും. പക്ഷെ അങ്ങനെയൊരു വറുതി ഉണ്ടായാല്‍ അത് ജനങ്ങള്‍ക്ക് പങ്ക് വയ്ക്കപ്പെടും എന്ന് എങ്ങനെ പ്രതീക്ഷിക്കാനാവും. ചക്കരക്കുടത്തില്‍ കൈയിടാന്‍ ചാന്‍സ് കിട്ടുന്നവര്‍ എല്ലാം വീതം വെച്ച് എടുക്കില്ലേ?

    ReplyDelete
  13. നമ്മുടെ കൊച്ചു കേരളമാണല്ലോ സ്വര്‍ണ്ണ ഉപഭോഗത്തില്‍ മുമ്പന്തിയില്‍ .നമ്മുടെ ഓരോരുത്തരുടെയും വീട്ടിലുള്ള സ്വര്‍ണ്ണശേഖരം മേല്‍ പറഞ്ഞതില്‍ കൂടുതല്‍ വരും .നമ്മുടെ ഈ ഭ്രാന്ത് എന്നവസാനിക്കും.നമ്മുടെ സ്ത്രീധന സമ്പ്രദായവും ഇതിന് കുടപിടിക്കുന്നു.നമ്മുടെ വിവാഹ വേളകളില്‍ സ്ത്രീധനമായ് സ്വര്‍ണ്ണം നല്‍കുന്ന സമ്പ്രദായം കുറച്ചു കൊണ്ടുവന്നാല്‍ തന്നെ സ്വര്‍ണ്ണത്തിന് കേരളത്തിലുള്ള അമിത പ്രാധാന്യം കുറയും .

    ReplyDelete
  14. ഈ നിധി ഇങ്ങനെ സൂക്ഷിക്കുന്നത്കൊണ്ട് എന്താണ് മെച്ചം..? അതാണു മനസ്സിലാകാത്തത്..?

    ReplyDelete
  15. സുകുമാരേട്ടന്‍ പറയുന്നത് ശരി തന്നെ .. ചില ഭാഗങ്ങള്‍ ഒന്ന് കൂടെ ഞാന്‍ വിശദീകരിക്കട്ടെ ..

    1 . "അന്ന് സര്‍ണ്ണത്തിനല്ല മൂല്യം, സ്വര്‍ണ്ണനാണയം കൊടുത്താല്‍ കിട്ടുന്ന ഉപഭോഗപദാര്‍ത്ഥങ്ങള്‍ക്കാണ് " .

    ഇത് ഭാഗികമായി മാത്രാമാണ് ശരി എന്ന് പറയേണ്ടി വരില്ലേ ..? ഒരു സ്വര്‍ണ നാണയം കൊടുത്താല്‍ പകരം കിട്ടുന്ന വസ്തുവിന്റെ മൂല്യം ആ നാണയത്തില്‍ അടങ്ങിയിരിക്കുന്ന സ്വര്‍ണത്തിന്റെ വിലയേക്കാള്‍ കൂടുതലായിരിക്കണം എന്നാല്‍ മാത്രമേ സ്വര്‍ണ നാണയങ്ങള്‍ , ഒരു നാണയം ആയി നില നില്‍ക്കൂ .. അതല്ല എങ്കില്‍ പൂഴ്ത്തി വെപ്പ് മൂലം ആ നാണയ വ്യവസ്ഥ പരാജയപ്പെടും .. സ്വര്‍ണത്തിന് മറ്റേതൊരു ഉപഭോഗ വസ്തു പോലെ ഒരു മൂല്യം ഉണ്ട് സുകുമാരേട്ടാ.. സ്വര്‍ണ ആഭരണങ്ങള്‍ ഉണ്ടാക്കാം എന്ന need നിറവേറ്റുന്നതാണ് താണ് അതിന്റെ മൂല്യം .എന്നാല്‍ സ്വര്‍ണത്തിന് ഇപ്പോഴുള്ള വിലക്കൂടുതല്‍ ആഭരണ ഭ്രമം കൊണ്ട് ഉള്ള മോഹ വില ( ഫാന്‍സി പ്രൈസ് ) മാത്രമല്ല . ലോക മാര്‍ക്കറ്റില്‍ സ്വര്‍ണത്തിന് വില കൂടുന്നത് ആളുകള്‍ ആഭരണം വാങ്ങിച്ചണിയാന്‍ ആഗ്രഹിക്കുന്നത് കൊണ്ടും അല്ല .. ഇപ്പോള്‍ ഇവിടെ വിലക്കൂടുതല്‍ സംജാതമായിരിക്കുന്നത് ഡോളര്‍ എന്നാ കരന്‍സിക്കുണ്ടായ വിലയിടിവ് കൊണ്ട് ആണ് , അത് കൊണ്ട് ,ഡോളറില്‍ നിന്നും ആളുകള്‍ നിക്ഷേപം മാറ്റി സ്വര്‍ണം , വെള്ളി പോലെ ഉള്ള അസ്സറ്റുകള്‍ അവധി വ്യാപരടിസ്ഥാനത്തില്‍ വാങ്ങി ക്കൂട്ടുന്നു എന്നതാണ് . നമ്മുടെ നാട്ടിലെ സ്വര്‍ണ വില ലോക മാര്‍ക്കറ്റിലെ വിലയുടെ നേര്‍ അനുപാതമാണ് .. ഇവിടെയല്ലാതെ ലോകത്ത് മറ്റെവിടെയും ഇത്ര കണ്ടു സ്വര്‍ണാഭരണ ഭ്രമം ഇല്ലെന്നും ഓര്‍ക്കുക . എന്നാല്‍ അവരും സ്വര്‍ണം വല്ലാതെ വാങ്ങിക്കൂട്ടുന്നുണ്ട് (ഓഫ് കോഴ്സ് , more so in futures trading)

    എന്ത് കൊണ്ട് ഡോളറിനു വില ഇടിവുണ്ടായി എന്ന് എല്ലാവര്ക്കും അറിവുള്ളതാണ് എന്ന് തോന്നുന്നു , അമേരിക്കന്‍ റിസര്‍വ് ബാങ്ക് ( അമേരിക്കന്‍ ഫെടരല്‍ റിസര്‍വ് ) പുതുതായി ഒരു പാട് ഡോളര്‍ ഉത്തപാടിപ്പിച്ചതാണ് ( പ്രിന്റ്‌ ചെയ്തു എന്ന് എളുപ്പം മനസ്സിലാക്കാന്‍ പറയാം .. യഥാര്‍ത് പ്രിന്റിംഗ് നടക്കുന്നില്ല , എല്ലാം വെര്‍ച് ല മണി ആണ് ). സാമ്പത്തിക കമ്മി നേരിടുമ്പോള്‍ പല രാജ്യങ്ങളും ഇങ്ങനെ നോട്ടടിക്കാറുണ്ട് ..സുകുമാരേട്ടന്‍ പറഞ്ഞ പോലെ ഇതിനു ചില മാനടന്ടങ്ങള്‍ ഉണ്ട് എന്നത് സത്യം, തോന്നിയ പോലെ അടിക്കേണ്ടി വരുന്നത് മറ്റു മാര്‍ഗ്ഗങ്ങള്‍ മുന്നില്‍ ഇല്ലാത്ത സമയത്ത് മാത്രമാണ് (ഇപ്പോള്‍ അമേരിക്കയിലെ പോലെ ) .

    പൊതുവില്‍ ഒരു രാജ്യത്തിന്‍റെ ടോട്ടല്‍ കടം ( debt ) നോക്കിയാണ് ആ രാജ്യത്തെ കരന്‍സ്സിയുടെ ശക്തി നിശ്ചയിക്കപ്പെടുന്നത് , അത് മാത്രമല്ല , മറ്റൊരുപാട് ഖടകങ്ങള്‍ ഉണ്ട് , രാജ്യത്തിന്‍റെ പോളിറ്റികല്‍ പവര്‍ , വില്‍ പവര്‍ എന്നിവ ഒരു പ്രധാന ഖടകം ആണ് .മാത്രമല്ല ,അതിന്റെ ഇന്റെഗ്രിടി , യുനിട്ടി , എകനോമിക് ഗ്രോത്ത് , മോണിട്ടറി പോളിസി തുടങ്ങിയവയും ആ രാജ്യങ്ങളുടെ കറന്‍സ്സി വിദേശങ്ങളില്‍ എങ്ങനെ സ്വേകരിക്കപ്പെടുന്നു -അതായത് അതിന്റെ മൂല്യം - നിര്‍ണയിക്കുന്ന ഖടകങ്ങള്‍ ആണ് . ഇതില്‍ കടം ,മോനിടറി പോളിസി എന്നിവ വളരെ പ്രധാനമാണ് .

    ഇപ്പോഴത്തെ (അടുത്ത കാലത്തെ ) സ്വര്‍ണത്തിന്റെ വിലക്കയറ്റത്തിന് പിന്നില്‍ അമേരികന്‍ എകൊനോമിക് ക്രൈസിസ് ആണെന്ന് ആളുകള്‍ അറിയാത്തത് സ്വാഭാവികം , നമ്മള്‍ അതിനു സമൂഹത്തെ ഏകാനോമിക്സ് പഠിപ്പിക്കുന്നുണ്ടോ..? ഒരു മനുഷ്യന്റെ ജീവിതത്തില്‍ ഏറ്റവും ആവശ്യം വേണ്ട വിവരം അതാണ്‌ .പനതിഒനെ കുറിച്ചും അതിന്റെ മൂല്യത്തെ കുറിച്ചും ഉള്ള അറിവ് . അത് ചെയ്യാത്തത് കൊണ്ടാണ് മണി ചെയിനും , നോട്ടിരട്ടിപ്പും ഒക്കെ നാട്ടില്‍ അരങ്ങേറുന്നത് .

    എന്തായാലും തന്റേതായ രീതിയില്‍ ഈ ബ്ലോഗിലൂടെ കുറച്ചു പേരെയെങ്കിലും ആ അറിവിനായി പ്രേരിപ്പിക്കുന്ന സുകുമാരെന്‍ ചേട്ടന് അഭിവാദ്യങ്ങള്‍! , ആശംസകള്‍ !

    ReplyDelete
  16. ഒന്നാം ലോക യുദ്ധ കാലത്തോ മറ്റോ കേരളത്തില്‍ നല്ല വരുത്തിയും പട്ടിണിയും ഉണ്ടായിരുന്നു എന്നാണ് കേട്ടിരിക്കുന്നത് , (കാലം ശരിക്കറിയില്ല ). എന്നിരുന്നാലും എന്റെ കുട്ടിക്കാലത്ത് നാട്ടിലെ അപ്പൂപ്പന്മാര്‍ പാടുന്ന ഒരു രണ്ടു വരി ഓര്മ വരുന്നു

    "കപ്പലണ്ടി പ്പിന്നക്കില്ലെങ്കില്‍ പണ്ടേ ചത്തേനെ , അതിലൊരു
    കല്ല്‌ കടിച്ചാല്‍ , പണ്ടാരായി പ്പോകട്ടെ "

    സുഭിക്ഷമായ ഭക്ഷണവും സമ്പത്തും ഉള്ള ഒരു കുടുംബത്തില്‍ ജനിച്ച എനിക്ക് കുട്ടിക്കാലത്ത് ബന്ധുക്കളാരോ തമാശക്ക് ഈ പാട്ട് മൂളിയപ്പോള്‍ ജിജ്ഞാസ തോന്നിയിരുന്നു . അങ്ങനെ അച്ഛനോട് ചോദിച്ചു , അച്ഛന്‍ പറഞ്ഞത് പണ്ടൊക്കെ നാട്ടില്‍ വലിയ പട്ടിണി ആയിരുന്നു എന്നും , അരിക്ക് പകരം കപ്പലണ്ടിപ്പിന്നാക്ക് തിന്നാണ് ആളുകള്‍ കഴിഞ്ഞിരുന്നത് എന്നും ആണ് .. എന്തായാലും ആ പട്ടിണി കാലത്തും ഈ പറഞ്ഞ സ്വര്‍ണം എടുത്തിട്ടില്ല ..പിന്നെ എപ്പോഴാണാവോ ഇത് രാജ്യത്തെ പട്ടിണിയും ക്ഷാമവും മാറ്റാന്‍ ഉപയോഗിക്കുന്നത് ..? ഇന്ത്യ ഒരു വന്‍ സാമ്പത്തിക ശക്തി ആയതിനു ശേഷമോ ..? കഷ്ടം !!

    ReplyDelete
  17. സുകുമാരൻ പറയുന്നപോലെ അല്ല, എനിക്ക്‌ ഈകാര്യത്തിൽ വ്യക്തിപരമായ അഭിപ്രായം ഉണ്ട്‌. എന്ത്‌ എവിടുന്നുകിട്ടിയാലും ഉടനെ തന്നെ അത്‌ സാധുക്കളുടെയും പാവപ്പെട്ടവന്റെയും പേരുപറഞ്ഞ്‌ നമ്മൾക്ക്‌ പ്രയോജനപ്പെടുത്തണം എന്നതിനോട്‌ ഞാൻ യോജിക്കുന്നില്ല. അടുത്ത തലമുറകൾക്ക്‌ വേണ്ടി യാതൊന്നും കരുതിവെക്കാൻ നമുക്കോ കഴിയുന്നില്ല. നമ്മളെ പ്പോലെതന്നെ നമ്മുടെ ശ്രേഷ്ടന്മാരായ പൂർവ്വികരും ചിന്തിച്ചിരുന്നൂ എങ്കിൽ ആ നിധി അവിടെ കാണില്ലായിർന്നൂ എന്ന കാര്യം നാം പാടെ വിസ്മരിക്കുന്നു. ഇവിടെ യേശുക്രിസ്തു പറഞ്ഞതാണു് എന്റെയും ഉറച്ച അഭിപ്രായം. " കൈസർക്ക്‌ ഉള്ളത്‌ കൈസർക്കും ദൈവത്തിനുള്ളത്‌ ദൈവത്തിനും " ഇരിക്കട്ടെ. അത്‌ ആരും കൈയ്യിട്ടുവാരാൻ ശ്രമിക്കരുത്‌. പണ്ടത്തെ രാജാക്കന്മാർ ആരും തന്നെ അടുത്ത തലമുറക്കായി നമ്മൾ ഉണ്ടാക്കിവച്ചിട്ടുള്ള ത്ര കടം വരുത്തിയിട്ടല്ല പോയിട്ടുള്ളത്‌ എന്നകാര്യം നാം വിസ്മരിക്കുന്നൂ. "മാതാ പിതാ ഗുരൂ ദൈവം " എന്നും, "മുതിർന്ന സ്ത്രീ കളെ അമ്മയെ പ്പോലെ കാണണം" എന്നും പഠിപ്പിച്ച തലമുറയുടെ നിധിയാണു് അത്‌. എട്ടും പൊട്ടും തിരിയാത്ത സ്വന്തം മകളെഭോഗിച്ചിട്ട്‌ ചില്ലിക്കാശിനായി അന്യന്റെ മുന്നിലേക്ക്‌ എറിഞ്ഞുകൊടുക്കുന്ന മുക്ക്‌ അതിൽ തൊടാൻ എന്ത്‌ അവകാശമാണു് ഉള്ളത്‌. "രതി നിർവ്വേതം" പോലെയുള്ള പാഠം അല്ലേ നാം നമ്മുടെ കുരുന്ന് തലമുർക്ക്‌ നൽകുന്നത്‌. അതിനെ ക്കുറിച്ചുള്ള ചർച്ചകളല്ലേ എപ്പോഴും നാം കേൾക്കുന്നത്‌. കുരുന്നു കുഞ്ഞുങ്ങളെ അല്ലേ നമ്മുടെ അധ്യാപകർ നശിപ്പിക്കന്നത്‌. ഇങ്ങനെയുള്ള നമുക്ക്‌ ആ നിധിയിൽ തൊടാൻ ഒരു അർഹതയും ഇല്ല എന്നാണു് എന്റെ ഉറച്ച അഭിപ്രായം. അതിനാൽ " കൈസർക്കുള്ളത്‌ കൈസർക്കും ദൈവത്തിനുംള്ളത്‌ ദൈവത്തിനും" തന്നെ ഇരിക്കട്ടെ.

    ReplyDelete
  18. കേസ്‌ കൊടുത്ത സുന്ദര രാജന്‍ ഇന്നലെ മരിച്ചതോടെ ഇതു പത്മനാഭണ്റ്റെ അനിഷ്ടം ആണെന്ന ഒരു പ്റചരണം കേരളം എമ്പാടും പരന്നു കഴിഞ്ഞു. ഇനി ബാക്കിയുള്ള നിലവറകള്‍ തുറക്കാന്‍ കോടതി ഓറ്‍ഡറ്‍ ഇടാന്‍ ചാന്‍സില്ല. സ്റ്റാറ്റസ്‌ കോ തുടരും. അത്റ തന്നെ, ഒരു ജഡ്ജിയും ഇനി ഈ കേസ്‌ നീട്ടിവെയക്കാന്‍ അല്ലാതെ അതില്‍ ഒരു ഓറ്‍ഡറ്‍ ഇടാന്‍ പോകുന്നില്ല.

    കാരണം ഉന്നത പദവികളില്‍ ഇരിക്കുന്നവരെ പോലെ അന്ധ വിശ്വാസം മറ്റാറ്‍ക്കും ഇല്ല സുന്ദര രാജന്‍ വയസ്സായി മരിച്ചതായിരിക്കാം എന്നാല്‍ എന്തു കൊണ്ട്‌ ഇപ്പോള്‍ മരിച്ചു എന്നു ചോദിക്കുമ്പോള്‍ ഒരു റിസ്ക്‌ എടുക്കാന്‍ ധൈര്യം ഉള്ള ആരും ഇല്ല എന്ന്താണു സത്യം

    ബീ നില്വറയില്‍ സറ്‍പ്പത്തിണ്റ്റെ ചിത്റം വരച്ച്‌ വച്ചിരിക്കുന്നു അതു കുറെക്കൂടി ഭദ്രമായിട്ടാണു അതിനടുത്തു നിന്നും കടല്‍ ഇരമ്പം കേട്ടു പാമ്പിണ്റ്റെ ചീറ്റല്‍ കേട്ടു എന്നൊക്കെ പല കഥകളും കേള്‍ക്കുന്നു

    ക്ഷേത്റത്തിണ്റ്റെ കുളത്തില്‍ നിന്നും എക്സസ്‌ ആയ വെള്ളം സമുദ്രത്തിലേക്ക്‌ ഒഴുകാന്‍ സംവിധാം പണ്ട്‌ ഉണ്ടായിരുന്നു അതിനറ്‍ഥം സമുദ്ര ജലം ഈ തുറക്കാത്ത നിലവറക്കകത്ത്‌ വന്നു കൂടായ്ക ഇല്ല ഇനി ഒരു താലിബാന്‍ ആക്റമണം ഉണ്ടാകുന്നത്‌ വരെ നിധിയും ഒക്കെ അതുപോലെ ഇരിക്കും ഇതിപ്പോള്‍ ലോകം എമ്പാടും ഒരു ട്റഷറ്‍ എന്ന നിലയില്‍ പരസ്യം ആയി ഇപ്പോള്‍ തന്നെ ഐ എസ്‌ ഐ ലഷ്കറ്‍ ഈ തോയ്ബ ഒക്കെ ഈ നിധിയോ അതല്ലെങ്കില്‍ ഈ ഖ്സേത്റം ആക്റമിച്ചാല്‍ കിട്ടുന്ന പബ്ളിസിറ്റിയോ ലക്ഷ്യം ഇട്ട്‌ പ്ളാന്‍ തുടങ്ങിക്കഴിഞ്ഞിരിക്കണം

    പണ്ടോറയുടെ പേടകം തുറന്നു വിട്ടതു പോലെ തന്നെ ആയി ഇപ്പോള്‍ ഈ പ്റശ്നം

    അതിനിടയില്‍ ഇതു അവറ്‍ണ്ണരുടെ മുലക്കരം പിരിച്ചുണ്ടാക്കിയ സമ്പത്ത്‌ ഒക്കെ ആണെന്ന രീതിയില്‍ നീലണ്റ്റെ ഭാര്യ ജമീലാ പ്റകാശം പ്റസ്താവന ഇറക്കി

    അവറ്‍ക്ക്‌ ചെറിയ ഒരു പനി വന്നാല്‍ പോലും അതും പത്മനാഭണ്റ്റെ ശാപം ആയിട്ടായിരിക്കും തിരുവനന്തപുരത്തു കാറ്‍ കാണാന്‍ പോകുക ഇതുകൊണ്ടൊക്കെ ഈ ടോപ്പിക്ക്‌ അടഞ്ഞ അധ്യായം ആയിക്കഴിഞ്ഞു എന്നു കരുതുക നമ്മളെല്ലാം മരിച്ചാലും സ്റ്റാറ്റസ്‌ കോ തുടരും

    ReplyDelete
  19. ഇതുപോലുള്ള മറ്റൊരു വിഷയമാണ് നമ്മുടെ മറയൂരെ ചന്ദനവും. കാവലാളെ നിർത്തി മുടിയാമെന്നല്ലാതെ മറ്റ് പ്രയോജനമൊന്നുമില്ല,സൂക്ഷിച്ചിട്ട്. ഇതിലിപ്പോൾ കെ.പി.എസ് പറയുന്നതിനോട് യോജിക്കാൻ അധികമാലോചിക്കാനൊന്നുമില്ല.ആ ഡെഡ് മണി ഉപകാരപ്രദമായി ചെലവഴിക്കുന്നതിനെതിരു നിൽക്കാൻ ശ്രീപദ്മനാഭനു പോലും കഴിയില്ല.പക്ഷേ നമ്മുടെ നാടൊരു വെള്ളരിക്കാ പട്ടണത്തിന്റെ അവസ്ഥയിൽ നിന്നും വല്ലാതങ്ങ് മാറിയിട്ടില്ലല്ലോ!ആ സമ്പത്ത് ഒരു പക്ഷേ അധിനിവേശ ശക്തികളിൽ നിന്നും മറച്ചു വച്ചതാകാം.എന്നിരുന്നാലും അത് പൊതുമുതലല്ലാതാകുന്നില്ലല്ലോ. പൊതുമുതൽ പൊതു നന്മക്ക് തന്നെ ഉപയോഗിക്കണം. പദ്ധതി നടത്തിപ്പിന് ധനമില്ലെങ്കിൽ വിദേശകടം വാങ്ങുന്ന ഒരു നാട് അതിന്റെ പക്കലുള്ള ധനം യഥാവിധി ചെലവാക്കുന്നത് ഒരു തെറ്റല്ല,മറിച്ച് അതായിരിക്കും ശരി. അതെ പിള്ളേരു പറയുന്നതു പോലെ വീട്ടിൽ സ്വർണ്ണം വച്ചിട്ടെന്തിന് നാട്ടിൽ കേണു നടപ്പൂ!

    ReplyDelete
  20. എന്‍റെ ദൈവമേ .. അങ്ങനെ സുകുമാരേട്ടന്റെ ഒരു പോസിറ്റീവായ പോസ്റ്റ്‌ കണ്ടല്ലോ !!!
    സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നവര്‍ ഒരു തരത്തില്‍ വലിയ മണ്ടത്തരമാണ് കാണുന്നത് , അതിനു പകരം കുറച്ചു ഭൂമി വാങ്ങിച്ച് അവിടെ ഫലവൃക്ഷങ്ങള്‍ വെച്ചു പിടിപ്പിക്കുക , ഭാവിയില്‍ ഒരു ഗതികേട് വന്നാല്‍ ചക്കയോ മാങ്ങയോ തിന്നു ജീവിക്കാമല്ലോ ! ഹഹഹ ....സ്വര്‍ണതിനേക്കാള്‍ എത്ര വേഗത്തിലാണ് ഭൂമിക്കും വില വര്‍ദ്ധിക്കുന്നത് !!... ഭാവിയില്‍ സ്വര്‍ണത്തിന്‍റെ മൂല്യം ഇടിഞ്ഞാല്‍ ആത്മഹത്യകളുടെ ഒരു ഘോഷയാത്ര ഉണ്ടായേയ്ക്കാം ! എത്രയും പെട്ടെന്ന് അതുണ്ടാവട്ടെ എന്നും വിചാരിയ്ക്കുന്നു .! കാരണം ജീവിതകാലം മുഴുവന്‍ പണിയെടുത്ത് നടുവൊടിഞ്ഞ , ഒന്നും നേടാന്‍ കഴിയാത്ത , നമ്മളെയൊക്കെ ഊട്ടുന്ന അതുകൊണ്ട് തന്നെ ആത്മഹത്യ ചെയ്യേണ്ടി വന്ന പതിനായിരക്കണക്കിന് കര്‍ഷകരെ ഓര്‍ക്കുമ്പോള്‍ അങ്ങനെ പറയാതെ വയ്യ , അതല്ലേ കാവ്യ നീതി ! [ കുറച്ചു ദിവസം മുന്‍പ് എന്‍ ഡി ടി വി യില്‍ വിദര്‍ഭയിലെ കര്‍ഷകരെ കുറിച്ച് ഒരു ഡോക്യുമെന്ററിയുണ്ടായിരുന്നു ...അത് കണ്ടപ്പോള്‍ സമൂഹത്തിനു ഒരു പ്രയോജനവുമില്ലാതെ പത്തിരുപത്തഞ്ചു കോടിയൊക്കെ പ്രതിഫലം പറ്റുന്ന കുമ്പളപ്പുഴുക്കള്‍ ഈ രാജ്യത്ത് തന്നെയാണല്ലോ എന്നോര്‍ത്ത് പോയി !!]

    ReplyDelete
  21. << ഒന്നും ദൈവത്തിന് ബാധകമല്ല. പിള്ളേര് മണ്ണപ്പം ചുട്ടുകളിക്കുന്ന പോലൊരു കുസൃതിയായിട്ടേ ഇതെല്ലാം ദൈവം കാണുകയുള്ളൂ. അത്കൊണ്ട് കാറ്റുള്ളപ്പോഴേ തൂറ്റിക്കോ എന്ന് പറഞ്ഞ പോലെ ആ നിധിശേഖരം എടുത്ത് വിറ്റ് കാശാക്കി റോഡുകളും ആശുപത്രികളും പിന്നേം ബാക്കിയുണ്ടെങ്കില്‍ നഗരങ്ങളും ഒക്കെ നവീകരിക്കാം. ദൈവത്തിന് ഒട്ടും അപ്രീതി തോന്നില്ല. എന്തെന്നാല്‍ കുശുമ്പും കുനുഷ്ടും ഒക്കെ ഉള്ള മനസ്സ് മനുഷ്യന് മാത്രമേയുള്ളൂ. അത്കൊണ്ട് മനുഷ്യന് തോന്നുന്നതൊന്നും ദൈവത്തിന് തോന്നില്ല. >>

    ദൈവത്തിന്റെ മനസ്സിലിരുപ്പ് കണ്ടുപിടിക്കാനുള്ള തട്ടിപ്പ് നാം എന്നേ വശത്താക്കിക്കഴിഞ്ഞു. ദൈവത്തിന്റെ പ്രീതിയും അപ്രീതിയും കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചുകഴിഞ്ഞു. അത് കണ്ടെത്തിക്കഴിഞ്ഞതിനുശേഷം ദൈവത്തിന് പ്രീതിയാണോ അപ്രീതിയാണോ എന്നു പറയുന്നതല്ലേ ശരി?

    ReplyDelete
  22. ഈ സ്വത്തുക്കള്‍ ജനങ്ങള്‍ക്കുപകാരം ഉണ്ടാകുന്ന വിധത്തില്‍ ഉപയോഗിക്കേണം എന്ന് പറയുന്നവരോട് ഒരു ചോദ്യം. ഏത് ജനങ്ങള്‍ക്ക്‌ ? തിരുവിതാംകൂര്‍ ഭാഗത്ത്തുള്ളവര്‍ക്ക് മാത്രമോ ? അതോ മുഴുവന്‍ കേരളത്തിനോ? ഭാരതത്തിനു മുഴുവനായോ ? അതോ ലോകജനതയ്ക്ക് വേണ്ടിയോ?

    നിങ്ങള്‍ക്കൊന്നും ബാങ്കില്‍ fixed deposit ഇല്ലേ ? അത് എന്തിനാ അവിടെ വെച്ചിരിക്കുന്നെ? പാവപെട്ടവര്‍ക്ക് കൊടുത്തൂടെ ? ബുദ്ധിമുട്ടാണ് അല്ലെ ?

    ReplyDelete
  23. ക്ഷേത്രത്തില്‍ കൊണ്ട് പോയി വെക്കുന്നതിനു പകരം അന്നത്തെ രാജാക്കന്മാര്‍ ഈ കള്ളപ്പണം മുഴുവന്‍ വല്ല സ്വിസ് ബാങ്കിലും നിക്ഷേപിചിരുന്നെങ്കില്‍ രണ്ടു മൂന്നു രാംദേവുമാര്‍ വിചാരിച്ചാല്‍ ഇത് രാജ്യത്തിന് ലഭിക്കുമായിരുന്നു.

    ReplyDelete
  24. പ്രമുഖ ചരിത്രഗവേഷകന്‍ ഡോ. എം എസ് ജയപ്രകാശ്, മംഗളം ദിനപ്പത്രത്തില്‍ ഒരല്പം വ്യത്യസ്തമായ ചില കാര്യങ്ങള്‍ എഴുതിയിരിക്കുന്നു.
    രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുന്‍പുള്ള “വാഗ്ദത്തഭൂമി” യുടെ പേരിലാണ് ഫലസ്തീനിലെ പ്രശ്നം. ഇവിടെ ആയിരം കൊല്ലം മുന്‍പത്തെ ചില കാര്യങ്ങള്‍ എഴുതിയിരിക്കുന്നു:

    (പത്രത്തിന്റെ വെബ്‌സൈറ്റില്‍ ഇപ്പോള്‍ അതു കാണുന്നില്ല; പക്ഷേ, ഇവിടെ അത് പകര്‍ത്തിയിട്ടുണ്ട്.):
    1. http://anteormakal.blogspot.com/2011/07/blog-post_08.html

    2. http://anteormakal.blogspot.com/2011/07/2.html

    ReplyDelete
  25. Regarding our rupee note's backing, I had recently posted a blog about it and dollar. Read it at
    http://seshnath.blogspot.com/2011/04/us-dollar-indian-rupee-and-gold.html

    Sorry, the comment is in English. There is no malayalam support in this computer, I am posting from

    ReplyDelete
  26. ദൈവങള്‍ ക്ക് എന്തിനാ കാശ് ...? ദൈവങള്‍ പാവപ്പെട്ടവരൊ പട്ടിണിക്കാരൊ അണോ..?

    ReplyDelete
  27. ശ്രീപത്മനാഭ സ്വാമീ ക്ഷേത്രത്തിന്റെ ദൈനദിന കാര്യങ്ങളും സ്ഥാവര ജംഗമ വസ്തുക്കളും പരിപാലിച്ചിരുന്നത് എട്ട് വീട്ടിൽ പിള്ളമാർ എന്ന് ചരിത്രത്തിൽ അറിയപെടുന്ന, പ്രഗത്ഭങ്ങളായ എട്ട് നായറ് തറവാട്ടിലെ പ്രമാണികളായിരുന്നു. നായറ് പട്ടാളം എന്നപേരിൽ സ്വകാര്യ സേനയും അവർക്കുണ്ടായിരുന്നു. സാമൂഹിക ഘടനയിലെ മേൽതട്ടുകാരായ ഇവർ ഭരണ രംഗത്ത് സ്വാധീനം ചെലുത്താൻ തുടങ്ങിയപ്പോൾഅപകടം മണത്തറിഞ്ഞ തിരുവിതാംകൂറ് രാജാവ് പിള്ളമാരെ കുലമറുത്ത് നിഷ്കാസനം ചെയ്തത്. ഇത് ശ്രീ പത്മനാഭ ക്ഷേത്രത്തിന്റെ പരിപാലനത്തെ ബാധിക്കുകയും തിരുവിതാംകൂറിൽ പ്രശ്നങ്ങളുണ്ടാവുകയും ചെയ്തു. ഭരണ വിരോധികളായ പല രാജ കുടുംബങ്ങളും ഗൂഢപദ്ധതികൾ ആവിശ്കരിച്ചപ്പോൾ നിപുണനും തന്ത്രശാലിയുമായ രാജാവ് രാജ്യത്തെ മുഴുവനും പത്മനാഭനു സ്വയം സമർപ്പിച്ച് കൊണ്ട് ഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങളുടേയും ദേവസ്വക്കാരുടേയും ഇതര മാടമ്പിമാരുടെയും വിഘടിതശക്തികളെ തളർത്തിക്കളഞ്ഞത്. ഇതാണ് 1730ൽ ചരിത്രത്തിൽ രേഖപെടുത്തിയ ‘തൃപ്പടിദാനം’.
    രാജ്യത്തെ സ്വത്ത് മുഴുവൻ ക്ഷേത്രത്തിൽ സൂക്ഷിക്കുകയും അത് രാജ്യം ൻഭാവിയിൽ ദാരിദ്ര്യം അനുഭവിക്കുമ്പോൾ ഉപയോഗപെടുത്താനുമായിരുന്നു തീരുമാനിച്ചത്. ഈ വസ്തുതകൾ ചരിത്രത്തിൽ രേഖപെട്ടിരിക്കെ, സ്വത്തുക്കൾ രാജ്യത്തിന് തന്നെ ഉപയോഗപെടുത്തണമെന്ന് പറയുന്നതിൽ കാര്യ കാരണമുണ്ട്.

    സ്വത്തുക്കളെ കുറിച്ചും അത് എങ്ങിനെ വിനിയോഗിക്കണമെന്ന സാറിന്റെ വളരെ നല്ല നിർദ്ദേശവും വേണ്ടപെട്ടവർ അറിഞ്ഞിരുന്നെങ്കിൽ...

    ReplyDelete
  28. തിരുവതാംകൂറും ലക്ഷം കോടികളും !!?? എന്ന പേരില്‍ ഞാന്‍ ബ്ലോഗില്‍ (IndianSatan.com) എനിക്ക് തോന്നിയ അഭിപ്രായം പറഞ്ഞിട്ടുണ്ട്... ;-)
    വായിച്ചു അഭി പ്രായം പറയും എന്ന് കരുതുന്നു

    http://indiansatan.blogspot.com/2011/07/blog-post.html

    ReplyDelete
  29. സുകുമാരേട്ടാ,

    ദൈവത്തിന്റെ മനസ്സിലിരുപ്പ് പുറത്തുവന്നു കഴിഞ്ഞു:

    1 . ദ്രവ്യങ്ങള്‍ പ്രദര്‍ശിപ്പിക്കരുത്
    2 . വീഡിയോ ചിത്രീകരിക്കരുത്
    3 . മൂല്യം നിര്‍ണയിക്കരുത്
    4 . ബി നിലവറ തുറക്കരുത്
    5. നിധിക്ക് സ്ഥാനചലനം സംഭവിച്ചാല്‍ നിലവറയില്‍ അടച്ചുവച്ചിരിക്കുന്ന ദേവചൈതന്യം ഓടി ഒളിക്കും.

    ഇനി ആരെങ്കിലും ഇതൊക്കെ ചെയ്താല്‍ അവനെ പാമ്പിനെ വിട്ടു കടിപ്പിക്കും. മാത്രമല്ല മന്ത്രിസഭയെ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കാന്‍ അനുവദിക്കില്ല. ഇനി ഏതെങ്കിലും രാഷ്ട്രീയക്കാരന്‍ അവിടെ തൊടാന്‍ ധൈര്യപ്പെടുമോ?

    ReplyDelete
  30. ഹ ഹ രാജന്‍, ഇവിടെ മനുഷ്യന്‍ അവന്റെ ചെറിയ മനസ്സില്‍ ഉണ്ടാകുന്ന വിചാ‍രവിചാരങ്ങള്‍ ദൈവത്തില്‍ ആരോപിക്കുകയാണ്. വിട്ടുകളയാം :)

    ReplyDelete