Pages

ഇന്ന് നീ നാളെ ഞാന്‍ ....

വേണു നാഗവള്ളിയെ ഓര്‍ക്കുമ്പോള്‍ എനിക്ക് വ്യക്തിപരമായി ദു:ഖമുണ്ട്. എനിക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു നടനായിരുന്നു എന്നത് മാത്രമല്ല അതിന് കാരണം.   എത്രയോ സിനിമാനടന്മാരെ നേരില്‍ കാണാന്‍ എനിക്ക് അവസരമുണ്ടായിട്ടുണ്ട്.  ശിവാജി ഗണേശന്‍, എം.ജി.ആര്‍,  പ്രേംസീര്‍ അങ്ങനെ നിരവധി നടന്മാരെ കണ്ടിട്ടുണ്ട്.  ഏറ്റവും ഇഷ്ടപ്പെട്ട നടന്‍ സത്യന്‍ ആയിരുന്നു.  സത്യന് മദ്രാസില്‍ സ്വന്തമായി വീട് ഉണ്ടായിരുന്നില്ല. അവസാനം വരെ സ്വാമീസ് ലോഡ്ജില്‍ ആയിരുന്നു സത്യന്‍ താമസിച്ചിരുന്നത്.  സത്യന്‍ മരണപ്പെടുമ്പോള്‍ ഞാന്‍ മദ്രാസില്‍ ഉണ്ടായിരുന്നു.  സ്വാമീസ് ലോഡ്ജിന്റെ അടുത്ത് തന്നെ കുറച്ച് ദിവസങ്ങള്‍ താമസിച്ചിട്ടും അദ്ദേഹത്തെ കാണാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല.  കാണാമെന്ന് കരുതിയിരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ മരണവാര്‍ത്ത അറിയുന്നത്.  ലൂക്കേമിയ ആയിരുന്നു അദ്ദേഹത്തിന്റെ രോഗമെന്നത് പുറം‌ലോകം അറിഞ്ഞിരുന്നില്ല.  കില്‍‌പ്പാക്കിലെ കെ.ജെ.ഹോസ്പിറ്റലില്‍ വെച്ച് അദ്ദേഹം മരണപ്പെട്ട വാര്‍ത്ത അറിയുമ്പോള്‍ ഞാന്‍ മദ്രാസ് നഗരപ്രാന്തത്തിലെവിടെയോ സഞ്ചരിക്കുകയായിരുന്നു.  സത്യന്റെ മരണത്തെ കുറിച്ച് വീണ്ടും  ഇവിടെ  വായിക്കാനിടയായി. വേണു നാഗവള്ളിയെയും എനിക്ക് നേരില്‍ കാണാന്‍ കഴിഞ്ഞില്ല.

ഒരു കാലത്ത് ഞാന്‍ അല്പം  മുടി വളര്‍ത്തിയിരുന്നു. അന്നതൊരു ഫാഷന്‍ ആയിരുന്നു.  ചിലരൊക്കെ എന്നെ നോക്കി നിനക്കൊരു വേണു നാഗവള്ളി ലുക്ക് ഉണ്ടെന്ന് പറയാറുണ്ടായിരുന്നു. ഞാന്‍ അതൊരു സ്വകാര്യ അഹങ്കാരമായി മനസ്സില്‍ കൊണ്ടു നടക്കുകയും ചെയ്തു വന്നു.  കഴിഞ്ഞ ആഴ്ച  ഇപ്പോള്‍ ഞാന്‍ താമസിക്കുന്ന വീട്ടില്‍ എന്റെ മരുമകന്റെ ചില സുഹൃത്തുക്കള്‍ വന്നിരുന്നു. മരുമകന്‍ ഒരു മാസത്തെ അവധിക്ക് നാട്ടില്‍ എത്തിയതായിരുന്നു.   മരുമകന്‍ എന്നെ പരിചയപ്പെടുത്തുമ്പോള്‍ ഒരു സുഹൃത്ത് പറഞ്ഞു  ഇവരെ കാണുമ്പോള്‍ വേണു നാഗവള്ളിയുടെ ഒരു ഛായ ഉണ്ടെന്ന്.  മുപ്പത് വര്‍ഷം കഴിഞ്ഞിട്ടും  അതേ താരതമ്യം കേട്ടപ്പോള്‍ എന്നിലെ അഹങ്കാരം  എനിക്ക് അടക്കിവെക്കാന്‍ കഴിഞ്ഞില്ല. മരുമകന്‍ അവധി കഴിഞ്ഞ് പോയി.  ഇന്ന് രാവിലെ നേരത്തെ എഴുന്നേറ്റു ഓണ്‍ലൈനില്‍ മാതൃഭൂമി നോക്കിയപ്പോഴാണ് വേണു നാഗവള്ളിയുടെ മരണവാര്‍ത്ത കാണുന്നത്.  മരണത്തെ ധൈര്യപൂര്‍വ്വം  അംഗീകരിക്കാനുള്ള മാനസികമായ തയ്യാറെടുപ്പില്‍ ആയത്കൊണ്ട് പ്രത്യേകിച്ച് ദു:ഖമൊന്നും തോന്നിയില്ല. മുന്‍പൊക്കെ ഇങ്ങനെയായിരുന്നില്ല. ഏത് മരണവും ഞെട്ടിപ്പിക്കുന്നതായിരുന്നു. ഇന്നലെ വരെ നമ്മോടൊപ്പം ഉണ്ടായിരുന്ന ആള്‍ ഇന്ന്.. മണ്ണിലേക്കുള്ള മനുഷ്യന്റെ മടക്കയാത്ര അന്നൊക്കെ ഉള്‍ക്കൊള്ളാന്‍ മനസ്സിന് പ്രയാസമായിരുന്നു.  മലയാളത്തിന്റെ ശോകനായകന് വിട !