Pages

സാം പിട്രോഡ - 4

ടെലിക്കമ്മ്യൂണിക്കേഷന്‍ വകുപ്പിലെ(DOT) ഉയര്‍ന്ന് അധികാരികള്‍ പാശ്ചാത്യനാടുകളിലെ കമ്പനികളില്‍ നിന്ന് കമ്മീഷന്‍ പറ്റിക്കൊണ്ടാണ് കാലഹരണപ്പെട്ട മെക്കാനിക്കല്‍ സ്വിച്ചുകളും മറ്റ് ഉപകരണങ്ങളും വാങ്ങിക്കൊണ്ടിരുന്നത്.  C-DOT എന്ന സ്ഥാപനം സാമിന്റെ നേതൃത്വത്തില്‍ തുടങ്ങിയെങ്കിലും അതും സര്‍ക്കാര്‍ സംരഭമായിരുന്നതിനാല്‍ മറ്റ് പൊതുമേഖലാസ്ഥാപനങ്ങള്‍ പോലെ തന്നെ സി-ഡോട്ടും നിശ്ചിതസമയത്തിനകം ഒന്നും ചെയ്തു തീര്‍ക്കാതെ അത് വേഗം തന്നെ പൂട്ടിക്കെട്ടുമെന്ന് ആ അധികാരികള്‍ കരുതി. വിദേശങ്ങളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ ആണല്ലൊ അവര്‍ക്ക് വലുത്.  എന്നാല്‍ സാം പറഞ്ഞപോലെ മൂന്ന് വര്‍ഷത്തിനുള്ളില്‍ 128 Lines RAX  നിര്‍മ്മിച്ച് സി‌-ഡോട്ട് പ്രവര്‍ത്തനക്ഷമത തെളിയിച്ചപ്പോള്‍ അവര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി.  സി-ഡോട്ടില്‍ നിന്ന് ഡിജിറ്റല്‍ സ്വിച്ചുകള്‍ വാങ്ങിക്കൊണ്ടിരുന്നാല്‍ ടെലിക്കമ്മ്യൂണിക്കേഷന്‍ വകുപ്പിലെ ഈ വെള്ളാനകള്‍ക്ക് കമ്മീഷന്‍ ലഭിക്കുമായിരുന്നില്ലല്ലൊ.  അത്കൊണ്ട് സി-ഡോട്ട് തയ്യാറാക്കിയ 128 Lines RAX  ഫീല്‍ഡ് ട്രയല്‍ ചെയ്യുന്നത് വെച്ചുതാമസിപ്പിക്കുക,  ആവശ്യമായ മറ്റ് സൌകര്യങ്ങള്‍ ചെയ്തുകൊടുക്കാതിരിക്കുക എന്ന തരത്തിലാണ് ടെലിക്കമ്മ്യൂണിക്കേഷന്‍ വകുപ്പില്‍ നിന്ന് പാരകള്‍ പണിഞ്ഞുകൊണ്ടിരുന്നത്.

ഈ ഘട്ടത്തില്‍ സാം ചിന്തിച്ചത് Market Efficiency കുറിച്ചായിരുന്നു. അതായത് ഒരു ഉല്‍പ്പന്നത്തിന്റെ വില കുറയണമെങ്കിലും നിലവാരം കൂടണമെങ്കിലും വിപണിയില്‍ മത്സരം ഉണ്ടാകണം.  അത്കൊണ്ട് ഡിജിറ്റല്‍ സ്വിച്ചുകള്‍ C-DOT എന്ന പൊതുമേഖലസ്ഥാപനം നിര്‍മ്മിക്കുമ്പോള്‍ തന്നെ ഈ  സാങ്കേതികവിദ്യ റോയല്‍റ്റി അടിസ്ഥാനത്തില്‍  L&T, WS Industries മുതലായ സ്ഥാപനങ്ങള്‍ക്ക് നല്‍കി സ്വകാര്യമേഖലയിലും ഇതിന്റെ നിര്‍മ്മാണം തുടങ്ങാനുള്ള ഒരു പദ്ധതി കൊണ്ടുവന്നു. എന്നാല്‍ ടെലിക്കമ്മ്യൂണിക്കേഷന്‍ വകുപ്പ് മേധാവികളില്‍ നിന്ന് കടുത്ത എതിര്‍പ്പാണ് വന്നത്.  റോയല്‍റ്റി വാങ്ങിയാണെങ്കില്‍ പോലും ഈ സാങ്കേതികവിദ്യ സ്വകാര്യമേഖലക്ക് കൈമാറരുതെന്ന് അവര്‍ ശഠിച്ചു. ഡിജിറ്റല്‍ സ്വിച്ച് നിര്‍മ്മിക്കാനുള്ള സാങ്കേതികവിദ്യ ബാംഗ്ലൂരിലുള്ള India Telephone Industries ന് മാത്രമേ നല്‍കാവൂ എന്നും അവര്‍ മാത്രമേ ഇത് നിര്‍മ്മിക്കാവൂ എന്നും വാദിച്ചു. ITI യും  മറ്റേത് പൊതുമേഖല സ്ഥാപനവും പോലെ ചില താപ്പാനകള്‍ക്ക് തിന്ന് കൊഴുക്കാനുള്ള വിഹാ‍രരംഗമാണെന്ന് അറിയാമല്ലൊ.  ITI യെ ഏല്‍പ്പിച്ചാല്‍ ഈ പദ്ധതിയെ ഒരു വഴിക്കാക്കുമെന്ന് ആ ഉദ്യോഗസ്ഥര്‍ ആലോചിച്ചിരിക്കണം. (ഇന്നും ഇത്തരം ബ്യൂറോക്രാറ്റുകള്‍ തന്നെയാണ് നമ്മുടെ പൊതുമേഖല ഭരിക്കുന്നത്) പക്ഷെ ഇത് സാധ്യമല്ല എന്ന് സാം തീര്‍ത്ത് പറഞ്ഞു.

ടെലികോം വകുപ്പ് അധികാരികളുടെ ഭാഗത്ത് നിന്നുള്ള ഈ തടസ്സങ്ങള്‍ സാം രാജിവ് ഗാന്ധിയുടെ ശ്രദ്ധയില്‍ പെടുത്തി. എന്താണ് ഇതിനൊരു പരിഹാരം എന്ന് രാജീവ് ഗാന്ധി സാമിനോട് ചോദിച്ചു. ഇന്ത്യയിലുള്ള ടെലികോം സംബന്ധപ്പെട്ട സ്ഥാപനങ്ങള്‍ DOT (Department of Telecommunications), TEC (Telecommunication Engineering Centre), C-DOT (Centre for Development of Telematics), ITI (Indian Telephone Industries)  എല്ലാം തന്നെ  ടെലികോം കമ്മീഷന്‍ എന്ന ഒറ്റ വകുപ്പിന്റെ കീഴില്‍ കൊണ്ടുവരണമെന്ന് സാം നിര്‍ദ്ദേശിച്ചു. ഉടനെ രാജീവ് അത് അംഗീകരിക്കുകയും  താങ്കള്‍ തന്നെ ആ കമ്മീഷന്റെ ചെയര്‍മാന്‍ സ്ഥാനത്ത് ഇരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഒന്ന് കൂടി രാജീവ് ഗാന്ധി ആവശ്യപ്പെട്ടു. താങ്കളിപ്പോള്‍ അമേരിക്കന്‍ പൌരത്വമുള്ള ആളാണ്. ഈ സ്ഥാനത്ത് താങ്കളെ അവരോധിച്ചാ‍ല്‍ സഹപ്രവര്‍ത്തകരില്‍ നിന്ന് പോലും എനിക്ക് എതിര്‍പ്പ് നേരിടേണ്ടി വരും. അത്കൊണ്ട് താങ്കള്‍ അമേരിക്കന്‍ സിറ്റിസണ്‍‌ഷിപ്പ് ഒഴിവാക്കുക. താങ്കള്‍ക്ക് കേബിനറ്റ് റാങ്കോടുകൂടി Scientific Advisor to Prime Minister എന്ന പദവി നല്‍കാം.  മാതൃരാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടി താന്‍ ആവിഷ്ക്കരിച്ച സ്വപ്നപദ്ധതി ടെലികോം ഉദ്യോഗസ്ഥരുടെ എതിര്‍പ്പിനെ അവഗണിച്ച് വിജയകരമായി പൂര്‍ത്തിയാക്കാന്‍ ഇതാണ് വഴിയെന്ന് സാമിന് തോന്നി. അങ്ങനെ 1987ല്‍ അമേരിക്കന്‍ പൌരത്വം ഉപേക്ഷിച്ച് പ്രധാനമന്ത്രിയുടെ Scientific Advisor to Prime Minister എന്ന പദവിയും ടെലികോം കമ്മീഷന്റെ (Telecom Commission) ചെയര്‍മാന്‍ സ്ഥാനവും ഏറ്റെടുത്തു. ഭാര്യയും മക്കളും ഡല്‍ഹിയില്‍ താമസമാക്കി.

അധികാരമുള്ള രണ്ട് പദവികള്‍ കൈവശമുള്ളത്കൊണ്ട് ടെലികോം അധികാരികള്‍ പത്തി താഴ്ത്തി. കൂടാതെ രാജീവ് ഗാന്ധിയുടെ അടുത്ത സുഹൃത്ത് എന്ന നിലയില്‍ എല്ലാ മന്ത്രിമാരും നേതാക്കളും സാമിനോട് ബഹുമാനപൂര്‍വ്വം പെരുമാറി. C-DOT ഡിജിറ്റല്‍ സ്വിച്ച് ,  ട്രാന്‍സ്മിഷന്‍ ഉപകരണങ്ങള്‍ എന്നിവ നിര്‍മ്മിക്കാനുള്ള അവകാശം റോയല്‍റ്റി അടിസ്ഥാനത്തില്‍ ചില പൊതുമേഖലസ്ഥാപനങ്ങള്‍ക്കും നാല്പതോളം സ്വകാര്യസ്ഥാപനങ്ങള്‍ക്കും നല്‍കി.  ടെലികോം ഉല്പാദനരംഗത്ത് ഒരു കുതിച്ചുചാട്ടം ഉണ്ടായി. ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഉയര്‍ന്ന് വരാനും നഗരങ്ങളിലേത് നവീകരിക്കപ്പെടാനും തുടങ്ങി. നമുക്ക് STD/ISD സൌകര്യങ്ങള്‍ കിട്ടിത്തുടങ്ങി.  പബ്ലിക്ക് ടെലിഫോണ്‍ ബൂത്തുകള്‍ അനുവദിക്കപ്പെട്ടു.  ബൂത്ത് അനുവദിക്കുന്നതില്‍ വികലാംഗര്‍ക്ക് മുന്‍‌ഗണന നല്‍കപ്പെട്ടു. 20 ശതമാനമായിരുന്നു ബൂത്ത് ഉടമകള്‍ക്ക് കമ്മീഷന്‍ .

അങ്ങനെ സാമിന്റെ  സ്വപ്നങ്ങള്‍ , പദ്ധതികള്‍  ഒന്നൊന്നായി മുന്നേറിക്കൊണ്ടിരിക്കവേ 1989ല്‍ കനത്ത തിരിച്ചടി നേരിട്ടു. തോല്‍‌വികളുടെയും പരീക്ഷണങ്ങളുടെയും നാളുകള്‍ . Law of Average പോലെ വിജയവും തോല്‍‌വിയും.  താങ്ങാനാവാത്ത മാനസികസമ്മര്‍ദ്ധത്താല്‍ 1990ല്‍ നാല്പത്തിയെട്ടാമത്തെ വയസ്സില്‍ സാമിന് കടുത്ത ഹൃദ്രോഗബാധ(Massive Heart Attack)യുണ്ടായി...

( അടുത്ത അദ്ധ്യായത്തോടെ അവസാനിക്കും)

3 comments:

  1. സാമിന്റെ ഈ യാത്ര ആവേശം പകരുന്നത് തന്നെ...

    ReplyDelete
  2. സാം അമേരിക്കന്‍ ചാരന്‍ ആണ് എന്ന്പറഞ്ഞ് അപമാനിച്ചവര്‍ക്ക് ആവട്ടേ, ഇന്ന് ഒരുമണിക്കൂര്‍ പോലും ഫോണ്‍ ഇല്ലാതേ ജീവിക്കാന്‍ പറ്റില്ല

    ReplyDelete