രാജീവ് ഗാന്ധിയുമായി പിന്നീട് സാം പല തവണ കണ്ടുമുട്ടുകയും സംസാരിക്കുകയും ചെയ്തു. സ്വാഭാവികമായും അവര്‍ നല്ല സുഹൃത്തുക്കളാവുകയും ചെയ്തു. ഇന്ദിരാഗാന്ധിയെ സന്ധിച്ച് അധികം കഴിയുന്നതിന് മുന്‍പ് തന്നെ സാം പിട്രോഡ ചെയര്‍മാനായി C-DOT (Centre for Development of Telematics) എന്ന ഗവേഷണസ്ഥാപനം ആരംഭിക്കാന്‍ 50 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു. 1984 ആഗസ്റ്റില്‍ C-DOT പ്രവര്‍ത്തനം ആരംഭിച്ചു.
സാമിന്റെ രക്ഷിതാക്കള്‍ ഇതിനകം അമേരിക്കയില്‍ സ്ഥിരതാമസമാക്കിയിരുന്നു. മക്കള്‍ അവിടെ പഠിച്ചുകൊണ്ടിരിക്കുകയുമായിരുന്നു. അത്കൊണ്ട് കുടുംബം അമേരിക്കയിലും സാം തനിയെ ഡല്‍ഹിയിലുമായി സി-ഡോട്ടിന്റെ പ്രവര്‍ത്തനങ്ങളില്‍ മുഴുകി. ഒരു സെക്രട്ടരിയെയും സര്‍ക്കാര്‍ സാമിന് അനുവദിച്ചിരുന്നു. തനിക്ക് സര്‍ക്കാര്‍ ശമ്പളം ആവശ്യമില്ലെന്ന് സാം സര്‍ക്കാരിനെ അറിയിച്ചു. എന്നാല്‍ വേതനരഹിതമായി സര്‍ക്കാര്‍ ജോലി ചെയ്യാന്‍ നിയമം അനുവദിക്കാത്തതിനാല്‍ സാമിന്റെ ശമ്പളം വര്‍ഷത്തില്‍ ഒരു രൂപ എന്ന് നിശ്ചയിക്കുകയായിരുന്നു. പഴയ കണക്ക് വെച്ചാണെങ്കില്‍ സാമിന്റെ മാസശമ്പളം ഒന്നേകാല്‍ അണയും കാശും. (16 അണ ഒരു രൂപ).
ഇന്ത്യയിലുള്ള എല്ലാ ഐ.ഐ.ടി.(Indian Institute of Technology)കളിലും മികച്ച ചില എഞ്ചിനീയറിങ്ങ് കോളേജുകളിലും ക്യാമ്പസ്സ് ഇന്റര്‍വ്യൂ ചെയ്യാന്‍ എത്തിയ സാം അവിടങ്ങളിലുള്ള വിദ്യാര്‍ത്ഥികളുമായി സംസാരിച്ചു. സാമിന്റെ ആര്‍ജ്ജവമാര്‍ന്ന സംഭാഷത്തില്‍ ആകൃഷ്ടരായ വിദ്യാര്‍ത്ഥികള്‍ സി-ഡോട്ടില്‍ ചേരാന്‍ മുന്നോട്ട് വന്നു. അങ്ങനെ മുന്നോട്ട് വന്നവരില്‍ പകുതി പേരും അമേരിക്കയില്‍ ഉപരിപഠനം നടത്താന്‍ തീരുമാനിച്ചവരായിരുന്നു എന്നത് എടുത്ത് പറയേണ്ടതുണ്ട്. ഒരു മാസത്തില്‍ അമ്പത് യുവ എഞ്ചിനീയര്‍മാരെ സാം റിക്രൂട്ട് ചെയ്തു. അങ്ങനെ രാപ്പകല്‍ വിശ്രമമില്ലാതെ C-DOT ന് വേണ്ടി കഠിന പരിശ്രമം നടത്തിക്കൊണ്ടിരിക്കെയാണ് ഒക്ടോബര്‍ മാസത്തില്‍ ശ്രീമതി ഇന്ദിരാഗാന്ധി ദാരുണമായി കൊല്ലപ്പെടുന്നത്. അടുത്ത പ്രധാനമന്ത്രിയായി രാജീവ് ഗാന്ധി അധികാരമേറ്റു. പ്രധാനമന്ത്രിയായി ഒരു മാസം കഴിഞ്ഞപ്പോള്‍ രാജീവ്ഗാന്ധി സാമിനെ വിളിച്ചു വരുത്തി പറഞ്ഞു, ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്. ചെലവ് എത്രയായാലും പ്രശ്നമില്ല. പദ്ധതിയുമായി മുന്നോട്ട് പോവുക.
നമ്മുടെ സര്‍ക്കാര്‍ ആഫീസുകളില്‍ ഒരു തരം കൊളോണിയല്‍ സംസ്ക്കാരമാണല്ലോ നിലനിന്നിരുന്നത്. മേലുദ്യോഗസ്ഥരെ സല്യൂട്ട് ചെയ്ത് സര്‍ വിളിക്കണം. എഴുന്നേറ്റ് നിന്ന് ബഹുമാനിക്കണം. ഈ സാഹചര്യത്തിലാണ് ഇന്ത്യയില്‍ ആദ്യമായി ഒരു സര്‍ക്കാര്‍ സ്ഥാപനമായ സി-ഡോട്ടില്‍ അമേരിക്കന്‍ മോഡല്‍ Open Culture സാം പിട്രോഡ നടപ്പാക്കുന്നത്. അതനുസരിച്ച് ആരും സര്‍ വിളിക്കാന്‍ പാടില്ല. പരസ്പരം പേര് വിളിച്ചു മാത്രമേ സംബോധന ചെയ്യാന്‍ പാടുള്ളൂ. ഒരു കാരണവശാലും മേലുദ്യോഗസ്ഥര്‍ വരുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാന്‍ പാടില്ല. മീറ്റിങ്ങുകളില്‍ നിര്‍ഭയം ഉള്ള് തുറന്ന് സംസാരിക്കണം. ആവശ്യമാണെങ്കില്‍ സാമിനെ പോലും മുഖത്ത് നോക്കി എതിര്‍ത്ത് സംസാരിക്കുകയും ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യാം. ( സാം നടപ്പാക്കിയ ചില പരിഷ്ക്കാരങ്ങളാണ് ഇവയൊക്കെ. ഇത്തരം തുറന്ന സംസ്ക്കാരം ഇന്നും നമ്മുടെ സര്‍ക്കാര്‍
ആഫീസുകള്‍ക്കും ഇന്ത്യന്‍ കമ്പനികള്‍ക്കും അന്യമാണ്. ഇന്ത്യയിലെ തന്നെ MNC കമ്പനികളില്‍ പണിയെടുക്കുന്നവര്‍ക്ക് ഈ വ്യത്യാസം മനസ്സിലാകും.)
സര്‍ക്കാര്‍ സര്‍വ്വീസില്‍ ഉള്ളവര്‍ക്ക് അടിസ്ഥാനശമ്പളവും മറ്റാനുകൂല്യങ്ങളും നിജപ്പെടുത്തിയിട്ടുള്ളതിനാല്‍ C-DOT എഞ്ചിനീയര്‍മാര്‍ക്ക് സാം മറ്റ് സൌജന്യങ്ങളും സൌകര്യങ്ങളും ഉദാരമായി അനുവദിച്ചു. താമസിക്കാന്‍ വീട് (C-DOT leased accommodation), വീട്ടില്‍ നിന്ന് ആഫീസില്‍ പോയിവരാന്‍ കാറ്, കേന്റീനില്‍ സദാസമയവും ( 365 X 24) സൌജന്യമായി ആഹാരം, വ്യായാമം ചെയ്യാനും വിശ്രമിക്കാനും ഇന്‍ഡോര്‍ സ്റ്റേഡിയം, ഔദ്യോഗികാവശ്യത്തിന് യാത്ര ചെയ്യാന്‍ വിമാനടിക്കറ്റ്. അന്ന് IAS കാര്‍ക്ക് പോലും സൌജന്യവിമാനയാത്ര ലഭിച്ചിരുന്നില്ല, ഫസ്റ്റ് ക്ലാസ് റെയില്‍വേ ടിക്കറ്റ് മാത്രം. സീനിയര്‍ ഐ.എ.എസ്സ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ വിമാനയാത്ര അനുവദിക്കപ്പെട്ടിരുന്നുള്ളൂ.
അന്ന് ഇത്തരം സൌകര്യങ്ങള്‍ ഇന്ത്യയിലെ പൊതുമേഖലയിലോ സ്വകാര്യമേഖലയിലോ ഉള്ള ഒരു കമ്പനിയിലും സ്വപ്നം കാണാന്‍ പോലും കഴിയുമായിരുന്നില്ല. അതിനാല്‍ സി-ഡോട്ടിലെ ചെറുപ്പക്കാരായ എഞ്ചിനീയര്‍മാര്‍ ആത്മാര്‍ത്ഥമായി, കഠിനമായി പണിയെടുത്തു. സാമിന്റെ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും അവര്‍ക്ക് ആവേശവും പ്രേരണയും പകര്‍ന്ന് നല്‍കി. ജോലി, ഭക്ഷണം, വിശ്രമം, വിനോദം അങ്ങനെ C-DOT ആഫീസ് അവര്‍ക്ക് ഒരു കോളേജ് ക്യാമ്പസ്സിന്റെ പ്രതീതിയാണ് നല്‍കിയത്. കുടുംബം ഷിക്കാഗോയില്‍ ആയിരുന്നതിനാല്‍ ഉറങ്ങുന്ന സമയം ഒഴിച്ചു ബാക്കി സമയങ്ങളിലെല്ലാം സാം ആഫീസില്‍ തന്നെ കഴിച്ചുകൂട്ടി. ചെറുപ്പക്കാരായ ആ എഞ്ചിനീയര്‍മാര്‍ക്കൊപ്പം ടെന്നീസ് കളിച്ചും നര്‍മ്മഭാഷണങ്ങളില്‍ ഏര്‍പ്പെട്ടും തോളില്‍ തട്ടി ജോലി ചെയ്യിച്ചും അവരുടെ സഹോദരനെ പോലെയും സുഹൃത്തിനെ പോലെയും സഹജമായി സാം ഇടപഴകി. സി-ഡോട്ട് മേധാവി എന്നൊരു ജാഡ ഒരിക്കലും സാമില്‍ കാണാന്‍ ആര്‍ക്കും കഴിഞ്ഞില്ല.
അന്തരിച്ച പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് വാക്ക് കൊടുത്ത പോലെ മൂന്ന് വര്‍ഷത്തിനുള്ളില്‍ 1987ല്‍ സ്വന്തമായ സാങ്കേതികവിദ്യ ഉപയോഗിച്ച് 128 RAX – Rural Automatic Exchange സി-ഡോട്ട് പ്രവര്‍ത്തനസജ്ജമാക്കി. അതിന്റെയൊന്നും വിശദാംശങ്ങളിലേക്ക് കടക്കാനുള്ള സാങ്കേതികപരിജ്ഞാനം എനിക്കില്ല. ഇന്ത്യന്‍ ടെലിക്കമ്മ്യൂണിക്കേഷന്‍ ചരിത്രത്തിലെ സുപ്രധാനമായൊരു നാഴികക്കല്ലായിരുന്നു 1987 എന്ന് മാത്രം പറഞ്ഞുവെക്കാം. അപ്പോഴേക്കും സി-ഡോട്ടിലെ സ്റ്റാഫുകളുടെ എണ്ണം 500 ആയി ഉയര്‍ന്നിരുന്നു. ശരാശരി വയസ്സ് 25. ഡല്‍ഹിയിലും ബാംഗ്ലൂരിലും കാര്യാലയങ്ങളും. അങ്ങനെ സാമിന്റെ നേതൃത്വത്തില്‍ സി-ഡോട്ട് ഇങ്ങനെ പുരോഗതിയിലേക്ക് കുതിക്കുമ്പോള്‍ അഴിമതിവീരന്മാരായ ചില ബ്യൂറോക്രാറ്റുകള്‍ക്ക് ഇതത്ര രസിച്ചില്ല. അവരുടെ എതിര്‍പ്പുകളെയും പാരകളെയും സാം എങ്ങനെ നേരിട്ടു എന്ന് നോക്കാം.
ഫോട്ടോ കടപ്പാട്: C-DOT
(തുടരും)
VIJYANAPRATHAMAAYA POST
ReplyDeleteAASAMSAKAL
താങ്കളുടെ ഏറ്റവും നല്ല പോസ്റ്റുകളില്‍ ഒന്നാണിത്. വ്യക്തിക്കും, സമൂഹത്തിനും അറിവും ഉണര്‍വ്വും നല്‍കുമ്പോഴാണ് ഇതൊരു സാഹിത്യത്തിനും മൂല്യമുണ്ടാകുന്നത്. സാം പിട്രോടയെക്കുറിച്ചുള്ള ഈ അറിവുകള്‍ ആ അര്‍ത്ഥഅത്തില്‍ വളരെ വിലപ്പെട്ടതാണ്. നന്ദി. ഇത്തരം കുറിപ്പുകള്‍ ചെറുപ്പക്കാര്‍ക്ക് ആവേശം നല്‍കും. ശ്രദ്ധിക്കപ്പെട്ട മറ്റൊരു പ്രസ്ഥാനമാണ് http://www.sooryakiran.com
ReplyDeleteകൂടുതൽ നന്നായിവരുന്നു...
ReplyDeleteസാം പിട്രോഡ നമ്മുടെ നാട്ടിലെ ഉദ്യോഗസ്ഥ മേധാവികൾക്കൊക്കെ ഒരു വഴികാട്ടി തന്നെ. സംശയമില്ല.
C-DOT ഇന്നൊരു സിക്ക് unit ആണന്നു ഞാന്‍ എവിടേയോ വായിച്ചിരുന്നു .. രാജീവ് ഗാന്ധി ക്ക് ശേഷം സാം പിട്രോഡ യുടെ പ്രാധാന്യം കുറഞ്ഞു വന്നു .. അതിന്റെ
ReplyDeleteപരിണിത ഭലമാണ് 3G ക്ക് വേണ്ടി നാം ചീന കമ്പനി യുടെ( ZTE, Huawei wich is related to peoples Army) സഹായം തേടേണ്ടി വന്നത് ....
അറിവ് പകരുന്ന നല്ല പോസ്റ്റ്.
ReplyDeleteകൊള്ളാം.....
ReplyDeleteഇത് ഇംഗ്ലീഷ്ലും, ഹിന്ദിയിലും ആക്കാന്‍ ശ്രമിച്ചു കൂടേ?
നാട്ടില്‍ മാറ്റങള്‍ വരുന്നത് വര്‍ഗീയത യില്‍കൂടി അല്ല എന്ന് ആര് എങ്കിലും ഒക്കേ ഒന്ന് മനസിലാക്കിയാലോ....
ഈ സാം ആണ് ,ഇന്ന് ലോകത്തിൽ ഏറ്റവും ചീപ്പായി ഫോൺ വിളികൾ നടത്താവുന്ന രാജ്യമായി ഇന്ത്യയെയെത്തിച്ച ആ തുടക്ക കാരൻ..!
ReplyDeleteവായിച്ചുകൊണ്ടിരിക്കുന്നു. ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. സാം പിട്രോഡ സീരീസ് പൂർത്തിയായിട്ട് എല്ലാറ്റിനും കൂടി ഒന്നിച്ച് എഴുതാം
ReplyDelete