Pages

ഇന്‍ലാന്റ് കവര്‍

ന്‍ലാന്റ് കവര്‍ കാണുമ്പോള്‍ ഇപ്പോഴും ഒരു തരം ഗൃഹാതുരത്വം തോന്നുന്നു.  എത്ര പെട്ടെന്നാണ് വിവരവിനിയമത്തിന്റെ സങ്കേതം അടിമുടി കീഴ്മേല്‍ മറിഞ്ഞത്. ഇപ്പോള്‍ ഒരു ഇ-മെയില്‍ ടൈപ്പ് ചെയ്യാനും അത് ലോകത്തിന്റെ ഏത് മൂലയില്‍ എത്തിക്കാനും ഏതനും മിനിറ്റുകള്‍ മതി. ഓരോ മിനിറ്റിലും മെയില്‍ ബോക്സില്‍ സന്ദേശങ്ങള്‍ വന്നവണ്ണമിരിക്കുന്നു. എന്നാലും  ഇന്‍ലാന്റ് തുറന്ന് വായിക്കുന്ന ഒരു സുഖം ഇപ്പോഴത്തെ മെയില്‍ വായിക്കുമ്പോള്‍ തോന്നുന്നില്ല.  എന്ത്കൊണ്ടായിരിക്കും അത്? എല്ലാ ചോദ്യങ്ങള്‍ക്കും നമുക്ക് ഉത്തരങ്ങള്‍ കിട്ടിക്കൊള്ളണമെന്നില്ല.  കത്തെഴുത്ത് ഒരു കലയായി തന്നെ ഞാന്‍ കൊണ്ടുനടന്നിരുന്നു.  ജീവിതത്തിന്റെ ഒരു ഘട്ടം ഞാന്‍ അവധൂതനെ പോലെ അലഞ്ഞുനടന്നിട്ടുണ്ട്. അന്ന് ഞാന്‍ അയച്ച കത്തുകള്‍ ഇപ്പോഴും എന്റെ ഒരു ബാല്യകാല സുഹൃത്ത് സൂക്ഷിച്ചുവെച്ചിട്ടുണ്ട്.  ജീവിതത്തിന്റെ അര്‍ത്ഥം അന്വേഷിച്ചു നടക്കുമ്പോള്‍ എന്റെ ദൃഷ്ടിയില്‍ പെട്ട കാര്യങ്ങളായിരുന്നു അന്ന് എഴുതിയിരുന്നത്.  ജീവിതത്തിന് സത്യം പറഞ്ഞാല്‍ ഒരര്‍ത്ഥമുണ്ടോ?  ജീവിക്കാന്‍ വേണ്ടി മനുഷ്യര്‍ നടത്തുന്ന പോരാട്ടങ്ങള്‍  എന്നെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തിയിരുന്നത്.  ഹോട്ടലുകളുടെ പിന്നാമ്പുറത്ത് പാത്രം കഴുകുന്നവരെ കുറിച്ച് നിരക്ഷരന്‍ ഒരു പോസ്റ്റ് എഴുതിയിരുന്നു ഈ അടുത്ത്. വായിച്ചു എന്നല്ലാതെ അവിടെ കമന്റൊന്നും എഴുതിയില്ല. ഹോട്ടല്‍ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ എനിക്ക് നേരിട്ട് മനസ്സിലാക്കാന്‍ അന്ന് കഴിഞ്ഞിരുന്നു.  ജീവിതത്തിന്റെ പുറമ്പോക്കില്‍ ഒറ്റപ്പെട്ടുപോയവരായിരുന്നു അന്ന് ഹോട്ടല്‍ തൊഴിലാളികള്‍. പാത്രം കഴുകുന്ന ഒരു വൃദ്ധനെ കണ്ടത് ഇപ്പോഴും ഓര്‍ക്കുന്നു.  അയാളുടെ കൈവിരലുകളും കാലിന്റെ വിരലുകളും ദ്രവിച്ച് വെള്ള നിറമായിരുന്നു. അങ്ങനെ എത്ര പേര്‍, ജീവിതത്തിന് എത്രയെത്ര മുഖങ്ങള്‍?  ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം കിട്ടുകയില്ല എന്ന ഒരേയൊരു ഉത്തരമേ എനിക്ക് അന്നും ഇന്നും കിട്ടിയിട്ടുള്ളൂ.

ഇന്‍ലാന്റുമായി എനിക്ക് കുട്ടിക്കാലത്തേ ബന്ധമുണ്ടായിരുന്നു.  അച്ഛന്‍ കുറെ കാലം കര്‍ണ്ണാടകയിലെ സാഗരത്തായിരുന്നു ജോലി.  ആ‍ഴ്ച തോറും  കത്തുകള്‍ വരും.  മറുപടി എഴുതുന്ന അമ്മയ്ക്ക് ഇന്‍ലാന്റ് കവര്‍ മടക്കി ഒട്ടിക്കാന്‍ അറിയില്ലായിരുന്നു. എഴുതിയ ഇന്‍ലാന്റും കുറച്ചു വറ്റുമായി റോഡരികില്‍ അഞ്ചല്‍ ശിപായിയെ കാത്ത് ഞാന്‍ നിന്നത് ഓര്‍ക്കുന്നു. പിന്നീ‍ട് മിഷന്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ ഇംഗ്ലീഷില്‍  അഡ്രസ്സ് എഴുതിക്കിട്ടാന്‍ സ്കൂളില്‍ പോകുന്ന വഴിയില്‍ ചിലര്‍ എന്നോട് ആവശ്യപ്പെടാറുണ്ടായിരുന്നു.  അന്നൊക്കെ മിക്ക വീടുകളിലും കത്തുകളും മണി ഓര്‍ഡറുകളും വരാറുണ്ടായിരുന്നു.  പതിനഞ്ച് വര്‍ഷം കഴിഞ്ഞുകാണും , അന്നെനിക്ക് നിരവധി തൂലികാമിത്രങ്ങള്‍ ഉണ്ടായിരുന്നു. ഒരു ദിവസം പോസ്റ്റ്മാന്‍ വീട്ടില്‍ വന്നില്ലെങ്കില്‍ എനിക്ക് എന്തോ പൊറുതി മുട്ടുന്ന പോലെയായിരുന്നു. അതും ഒരു കത്തൊന്നും പോര.  ഒരു ദിവസം ഞാന്‍ മലയാള മനോരമ പത്രത്തില്‍  തൂലികാമിത്രം കോളത്തില്‍ ഒരു പരസ്യം കൊടുത്തു. പരസ്യവാചകം ഇങ്ങനെയായിരുന്നു.  “ജീവിതത്തിന്റെ അര്‍ത്ഥം തേടുന്ന അസ്തിത്വചിന്തകനായ എനിക്ക് ദാര്‍ശനികദു:ഖങ്ങള്‍ പങ്ക് വയ്ക്കാന്‍ തൂലികാമിത്രങ്ങളെ ആവശ്യമുണ്ട്.” ഒരാഴ്ചയോളം കെട്ട് കണക്കിനാണ് മറുപടികള്‍ എനിക്ക് വന്നുകൊണ്ടിരുന്നത്.  പുലരുന്നത് വരെ മറുപടികള്‍ എഴുതിയ ദിവസങ്ങള്‍. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റു തരത്തില്‍ എല്ലാവര്‍ക്കും പ്രശ്നങ്ങള്‍ , തേടലുകള്‍, വ്യഥകള്‍.. ജീവിതം മനുഷ്യര്‍ക്ക് നല്‍കുന്നത് യഥാര്‍ത്ഥത്തില്‍ എന്താണ്?  എല്ലാ കത്തുകളും ഞാന്‍ സൂക്ഷിച്ചിരുന്നു. രണ്ടു വര്‍ഷത്തിലധികം എല്ലാ സൌഹൃദങ്ങളും നിലനിന്നിരുന്നു.  എന്നെ സംബന്ധിക്കുന്ന തെളിവുകള്‍ ഒന്നും ശേഷിക്കരുത് എന്ന് തോന്നിയ ഏതോ നിമിഷത്തില്‍ എല്ലാ കത്തുകളും ഞാന്‍ കത്തിച്ചു കളഞ്ഞു.

ആലോചിക്കുമ്പോള്‍ അതിശയം തോന്നുന്നു. ഇന്നും എനിക്ക് നിരവധി സുഹൃത്തുക്കളുണ്ട്.  ബ്ലോഗിലൂടെയും ഓര്‍ക്കുട്ടിലൂടെയും ചാറ്റിലൂടെയും  അവസാനിക്കാത്ത സംവാദങ്ങളില്‍ ഏര്‍പ്പെടുന്നു. ഓരോ ദിവസവും ഒന്നില്‍ കൂടുതല്‍ പുതിയ സൌഹൃദബന്ധങ്ങള്‍ തേടിയെത്തുന്നു.  ആരെങ്കിലുമായി പുതിയൊരു സുഹൃത്ത് സുകുമാരേട്ടാ എന്ന് സംബോധന ചെയ്തുകൊണ്ട് കമന്റ് എഴുതുന്നു. ഓര്‍ക്കുട്ടില്‍ ഇപ്പോഴും ആഡ് റിക്വസ്റ്റ് വരുന്നു.  വിഷിബിള്‍ ആയി മെയില്‍ തുറന്നാല്‍ ഒന്നില്‍ കൂടുതല്‍ പോപ്പപ്പില്‍ മാഷേ എന്ന് വിളിക്കുന്നു.  എല്ലാം ഏറെക്കുറെ അറിയാമെന്ന പോലെ ഞാന്‍ കമന്റുകള്‍ക്ക് മറുപടി എഴുതുന്നു. പക്ഷെ സത്യം പറഞ്ഞാല്‍ എനിക്കൊന്നുമറിയില്ല. എന്താണ് സത്യം? ഏതാണ് സത്യം?

22 comments:

  1. വളരെ വിത്യസ്തമായ കുറിപ്പ് സുകുമാര്‍ ജീ.
    നല്ലൊരു വായന

    ReplyDelete
  2. സുകുമാരേട്ടാ കത്തുകൾ പോസ്റ്റിൽ വരുന്നതും കാത്തിരിക്കുന്നതും അതിലെ വിവരങ്ങൾ വായിക്കുമ്പോഴുള്ള ആകാംഷയും സന്തോഷവും പറഞ്ഞറിയിക്കുക ബുദ്ധിമുട്ടുള്ള കാര്യം തന്നെ. വാർത്താവിനിമയ രംഗത്തെ വളർച്ച ഈ കാത്തിരുപ്പിന്റെ ദൈർഘ്യവും, ദൂരവും കുറച്ചു എന്നത് സത്യം തന്നെ. എന്റെ ഒരു അനുഭവം കൂടെ എഴുതട്ടെ. ഡിപ്ലോമ കഴിഞ്ഞ് റിസൾട്ട് വരുന്നതിനു മുൻപ് ഒരു രണ്ടു മാസക്കാലം ഞാൻ എന്റെ ചിറ്റയ്ക്കും (അമ്മയുടെ അനിയത്തി) കുടുംബത്തിനും ഒപ്പം നെയ്‌വേലിയിൽ താമസിച്ചിരുന്നു. കൊച്ചച്ചന് എൻ എൽ സി യിൽ ആയിരുന്നു ജോലി. അവിടെ ലിഗ്‌നൈറ്റ് ഖനിയിൽ ഇലൿട്രീഷ്യന്റെ സഹായി (ഹെല്‍പ്പർ) ആയി ഒന്നരമാസക്കാലം ജോലിയും ചെയ്തു. അന്ന് നാട്ടിൽ നിന്നും അമ്മ അയക്കുന്ന ഓരോ കത്തും പ്രതീക്ഷിച്ചു ഞാൻ ഉച്ചയ്ക്ക് ചിറ്റയുടെ വീട്ടിൽ എത്തിയിരുന്നത്. എന്റെ സ്വന്തം വീട്ടിലേതിനു തുല്ല്യമായ സ്വാതന്ത്ര്യം അവിടെ എനിക്കുണ്ടായിരുന്നു. എന്നാലും അമ്മയുടെ കത്ത് കാണുമ്പോൾ ഉള്ള സന്തോഷം അത് പറഞ്ഞറിയിക്കുക വയ്യ. ആ കത്തുകൾ എല്ലാം ഇന്നും എന്റെ പക്കൽ ഉണ്ട്. ഇടയ്ക്ക് ഞാനും അമ്മയും ചേർന്ന് അത് വായിക്കും.

    ReplyDelete
  3. ഗൃഹാതുരത്വം അനുഭവപ്പെട്ട നല്ല അനുഭവക്കുറിപ്പ് നന്നായി ഇഷ്ടപ്പെട്ടു.

    ReplyDelete
  4. നൊസ്റ്റാള്‍ജിയ!

    ReplyDelete
  5. അസ്സലായി എഴുതി .അഭിനന്ദനങ്ങള്‍.
    വിക്ടര്‍ ഹ്യോഗോ "പാവങ്ങള്‍" എന്ന നോവലില്‍ കുറ്റവാളിയെ സ്നേഹിച്ച പുരോഹിതനെ നമ്മള്‍ കണ്ടു .പക്ഷെ നമ്മളാരും കുറ്റവാളിയെ സ്നേഹിച്ചില്ല ,പകരം പാതിരിയെ ഇഷ്ടപ്പെട്ടു,
    മതങ്ങള്‍ മനുഷ്യനെ സ്നേഹിക്കാന്‍ പറഞ്ഞു പക്ഷെ നമ്മള്‍ മതങ്ങളെ ഇഷ്ടപ്പെട്ടു ,മനുഷ്യനെ മറന്നു ..ഈ പോസ്റ്റിലും നിരക്ഷരെന്റെ പോസ്റ്റിലും പറഞ്ഞ പിന്നാമ്പുറ ജീവിതങ്ങളെ നമ്മളൊരിക്കലും മറക്കരുത്
    എഴുതാനറിയാത്ത എന്നാല്‍ എന്തൊക്കൊയോ പറയണമെന്ന് തോന്നുനവന്റെ
    അഭിപ്രയാമാന്‍

    ReplyDelete
  6. നല്ലൊരു വായനാനുഭവം നല്‍കുന്ന കുറിപ്പ്. നാട്ടുകാരന് ആശംസകള്‍.

    (സാറേ, മസില് പിടിക്കേണ്ട. അതുവഴിയും വരാം. പാവങ്ങളുടെ ബ്ലോഗില്‍ കയറിയിറങ്ങി എന്ന് കരുതി ബുദ്ധിജീവി പരിവേഷമോന്നും പോകില്ല സാറേ..)

    ReplyDelete
  7. പുതിയ പുതിയ കണ്ടുപിടിത്തങ്ങള്‍ വരുമ്പോള്‍ ഇതൊക്കെ സ്വാഭാവികം തന്നെ അല്ലെ.. പണ്ടത്തെ ആളുകള്‍ക്ക് അഞ്ജല്ക്കാരന് പകരം ഇന്‍ ലാന്‍ഡ്‌ വന്നപ്പോളും ഇത് തന്നെ ആയിരിക്കും അനുഭവപെട്ടിരിക്കുക!! അത് കൊണ്ട് നമുക്ക് ഈ മാറ്റങ്ങളെ കാണണ്ടേ ഇരിക്കാന്‍ പറ്റില്ലല്ലോ.. Grahambell ന്റെ ഫോണ്‍ അല്ലല്ലോ ഉപയോഗിക്കുന്നേ, ബ്ലാക്ക്‌ ബെറി അല്ലെ.. അത് പോലെ തന്നെ ഇതും!! ഓരോ മാറ്റവും അവശ്യമാണ്.

    OT: കണ്ണൂരാനെ.. ഹഹഹ

    ReplyDelete
  8. സത്യം പറഞ്ഞാല്‍ കത്തുകളുടെ സുഖം ഇ-മെയിലിനില്ല. പിന്നെ ഇപ്പോള്‍ മലയാളത്തില്‍ എഴുതാന്‍ കഴിയുന്നതില്‍ ഒരാശ്വാസമുണ്ട്. എന്നാലും കത്തോളം വരില്ല. കത്താവുമ്പോള്‍ ഓരോരുത്തരുടെ കയ്യക്ഷരം കാണുമ്പോഴുള്ള ആ നിര്‍വൃതി ഒന്നു വേറെ തന്നെയാണ്. എന്റെ അഭിപ്രായത്തില്‍ കവറില്‍ കുറെ പേജുകള്‍ നമ്പറിട്ട് ഉണ്ടായാല്‍ ഏരെ രസമായിരുന്നു. തൂലികാ മിത്രങ്ങള്‍ കുറെ എനിക്കുമുണ്ടായിരുന്നു.ഇന്റെര്‍നെറ്റ് വന്നതോടെ അതൊക്കെ നിന്നു.കത്തുകള്‍ കുറെ നാളുകള്‍ക്കു ശേഷം വീണ്ടും വായിക്കാന്‍ രസമാണ്. ഇ-മെയിലും ഒരു വര്‍ഷത്തിലധികം ഞാന്‍ സൂക്ഷിക്കാറുണ്ട്. ഫോര്‍വാഡ് ചെയ്ത ഉരുപ്പടികളല്ല,പേര്‍സണല്‍ മെയിലുകള്‍!

    ReplyDelete
  9. " പക്ഷെ സത്യം പറഞ്ഞാല്‍ എനിക്കൊന്നുമറിയില്ല."

    ഒന്നുമറിയാത്തവന്റ്റെ അറിവാണറിവെന്നിപ്പോള്‍
    അറിഞ്ഞു തുടങ്ങുന്നു ഞങ്ങള്‍,ഭാവുകങ്ങള്‍..

    ..ഇപ്പോഴും,എപ്പോഴും കത്തുകള്‍ക്ക് മറുകുറി
    അയക്കാന്‍ ശുഷ്ക്കാന്തി കാട്ടുന്നൊരാളാണ്‍ നമ്മുടെ
    “ഇന്ന്”ന്റ്റെ കവി മണമ്പൂര്‍ രാജന്‍ ബാബു..!
    കീബോഡ് തൊടില്ലെന്ന് തീരുമാനിച്ചൊരാള്‍ !

    ReplyDelete
  10. അപ്പൊ ഇതാണല്ലേ ആ നോസ്റ്റാൽജിയ കത്തിടപാട്‌ നിരുത്താതിനാൽ എനിക്‌ നസ്റ്റാൽജീല.ഈമെയിലും smsum നോകിയില്ലെങ്കിലും കത്തുകളെ നോക്കാതിരിക്കില്ല.

    ReplyDelete
  11. ഇപ്പോള്‍ വംശ നാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ജീവി ആയ പോസ്റ്റ്മനെ കാത്തു നിന്നിരുന്ന പഴയ കാല നിമിഷങ്ങള്‍ ഓര്‍മയില്‍ കൊണ്ടു വന്നു താങ്കളുടെ രചന.ഇന്‍ലന്‍ഡ് പഴയതു വന്നതു ധാരാളം ഇപ്പോഴും ഞാന്‍ സൂക്ഷിക്കുന്നു.പ്രത്യേകിച്ചും എന്റെ പിതാവു എനിക്കു അയച്ചു തന്നതു.അതു എനിക്കു എന്റെ പഴയ കാലം കൊണ്ടു തരും. അതോടൊപ്പം ഞാന്‍ ആരായിരുന്നു എന്നും ഇപ്പോള്‍ എനിക്കു കിട്ടിയ അനുഗ്രഹങ്ങള്‍ എന്തെല്ലാമാണു എന്നും എന്നെ ഓര്‍മിപ്പിക്കുകയും ചെയ്യുന്നു.
    പോസ്റ്റിനു നന്ദി.

    ReplyDelete
  12. ഓര്‍മ്മകള്‍ക്ക്കെന്തു സുഗന്ധം ....സൗഹൃദത്തിന്‍റെ,പ്രണയത്തിന്‍റെ കാത്തിരിപ്പിന്‍റെ ...അങ്ങനെ ഒരുപാട് ..അല്ലേ സര്‍?

    ReplyDelete
  13. സത്യം ഇതാണ്.സഹജീവികളോടുള്ള സൌഹാർദ്ദം അത് നൽകിയും തേടിയും നാം ജീവിതത്തെ മുന്നോട്ട് കൊണ്ടു പോകുന്നു.അതിലെ നന്മയിൽ നാം ആഹ്ലാദിക്കുന്നു. അതല്ലേ സത്യം?

    ReplyDelete
  14. സുകുമാരന്‍ സാര്‍,

    കത്തുമായി പോസ്റ്റുമാനെത്തുന്നത് സുഖമുള്ള ഒരോര്‍മ്മയായിരിക്കും. എന്താണ് കത്തിലുണ്ടാകുക എന്നറിയാന്‍ നമുക്ക് എന്ത് ആകാംക്ഷയായിരിക്കുമല്ലേ. ഞാന്‍ രണ്ടാം ക്ലാസില്‍ പഠിപ്പിക്കുമ്പോള്‍ സെക്രട്ടറിയേറ്റില്‍ ജോലി ചെയ്യുന്ന എന്റെ അമ്മാവന്‍ അയച്ച കത്ത് സ്ക്കൂളില്‍ വന്നപ്പോഴുള്ള അഭിമാനകരമായ മുഹൂര്‍ത്തം, ആ രംഗം, ആ കത്തിലെ വരികള്‍ എല്ലാം എന്റെ മനസ്സില്‍ ഇപ്പോഴുമുണ്ട്.

    ReplyDelete
  15. ചെറുവാടി, മണികണ്ഠന്‍,ഏറനാടന്‍,വാസു,അനസ് ബാബു,റ്റോംസ് കോനുമഠം,കണ്ണൂരാന്‍,ഞാന്‍,മുഹമ്മദ്കുട്ടിമാഷ്,ഹാരൂണ്‍ക്ക,റ‌ഈസ്,ഷെരീഫ്മാഷ്, ബി.എം., യൂസുഫ്പ, ഹരി പിന്നെ കമന്റ് സ്വയം ഡിലീറ്റിയ ശ്രീജ്ത് എല്ലാവര്‍ക്കും നന്ദി, വായനാനുഭവം പങ്ക് വെച്ചതിന്..

    ReplyDelete
  16. നൂറുശതമാനം വാസ്തവം.
    ഒരു കത്ത് കിട്ടുമ്പോള്‍ നമ്മള്‍ അനുഭവിക്കുന്ന ആ പ്രത്യേക സുഖം നല്‍കാന്‍ ഇ- മെയിലുകള്‍ക്ക് ആവില്ല എന്നതാണ് സത്യം.
    ''ആയിരം കണ്ണുമായി കാത്തിരുന്നൂ'' എന്ന എന്റെ പോസ്റ്റ്‌ ഈ വിഷയ സംബന്ധിയായിരുന്നു.
    ആശംസകള്‍.

    ReplyDelete
  17. ഗൃഹാതുരത്വം..!

    ReplyDelete
  18. ഇത്തരത്തില്‍ ഉള്ള കത്തുകള്‍ പകര്‍ന്നു തരുന്ന ഗൃഹാതുര സ്മരണകള്‍ അനിര്‍വചനീയം തന്നെ.. ഞാനും എന്റെ കുട്ടിക്കാലത് ഇത്തരത്തിലുള്ള കത്തുകള്‍ക്കായി വല്ലാതെ കൊതിച്ചിരുന്നു. ഇപ്പോള്‍ കൊതിക്കാറില്ല, കാരണം കിട്ടില്ല എന്ന തീര്‍ച്ച കൊണ്ട് തന്നെ. സ്കൂള്‍ വിട്ടു വീട്ടിലേക്കു വരുന്ന വഴിയില്‍ ആണ് പോസ്റ്റ്‌ഓഫീസ്, മിക്കദിവസവും അച്ഛനുള്ള കത്തുകള്‍ പോസ്റ്റ്മാന്‍ വാസുവേട്ടന്‍ എന്റെ കയ്യില്‍ ആണ് തരാരുള്ളത്. വസുവേട്ടനെ കാണുമ്പോള്‍ ഞാന്‍ ചോദിക്കുനത് എനിക്ക് വല്ല കത്തുമുണ്ടോ വാസുവേട്ടാ എന്നാണ്. ഉടനെ തന്നെ വാസുവേട്ടന്റെ എടുത്തടിച്ച പോലുള്ള മറുപടി - നിനക്കൊക്കെ ആരാടാ ഇപ്പൊ കത്തയക്കാന്‍, ഇത് നിന്റെ അച്ഛനുള്ളതാ! വാസുവേട്ടന്റെ ഈ കളിയാക്കല്‍ സഹിക്കാനാകാതെ ഞാന്‍ ഒരു ദിവസം 75 പൈസക്ക്‌ (ഇന്ന് എത്രയാനെന്നറിയില്ല, ഞാന്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആണെന്നു തോന്നുന്നു) ഒരു നീല ഇന്‍ലന്റ് വാങ്ങി എന്റെ പേരില്‍ തന്നെ പോസ്റ്റ്‌ ചെയ്തു. സ്വന്തമായി ഒരു കത്ത് കൈപറ്റുവാനുള്ള കൊതികൊണ്ടായിരുന്നു കേട്ടോ. പക്ഷെ എന്റെ കാത്തിരിപ്പ്‌ വെറുതെ ആയപോലെ ഒരാഴ്ച കഴിഞ്ഞിട്ടും കത്ത് എനിക്ക് തന്നെ കിട്ടിയില്ല. പിന്നെ രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ വാസുവേട്ടന്‍ വീട്ടില്‍ വന്നു, ഒരു കത്തുണ്ട്, ഞാന്‍ കത്ത് വാങ്ങി മേശപുറത്തു വച്ച്, ഒരു ചുവന്ന നിറമുള്ള കവറില്‍ എന്തോ.. എന്റെ നീല ഇന്‍ലാന്റ് അല്ല. അച്ചനുള്ളതാവും. വെറുതെ ഒരു കൌതുകത്തിന് അഡ്രെസ്സ് ഒന്ന് നോക്കി.. കത്ത് എനിക്ക് തന്നെ, എന്റെ പേര് .. ശ്രീജിത്ത്‌.കെ / ലോകം കീഴടക്കിയ പോലെ തോന്നിയ നിമിഷം. അതൊരു സമ്മാനം ആയിരുന്നു, ഒരു ക്വിസ്സ്‌ മത്സരത്തിന്റെ.. അതായിരുന്നു എനിക്ക് വന്ന ആദ്യ കത്ത്.. അപ്പോള്‍ ഞാന്‍ ചിന്തിച്ചത് മറ്റൊരു കത്തിനെ കുറിച്ചായിരുന്നു.. ജീവിതത്തില്‍ ഞാന്‍ ആദ്യമായി എനിക്കയച്ച കത്തിനെ കുറിച്ച്.. അത് ആര്‍ക്കാണ് കിട്ടിയത് ആവോ?
    നാട്ടിലെ പോസ്റ്റ്‌ ഓഫീസിന്റെ ചുവരില്‍ തൂക്കി ഇട്ട ചുവന്നു, തുരുമ്പിച്ച പോസ്റ്റ്‌ ബോക്സിലേക്ക് കത്ത് നീട്ടി ഇടുമ്പോള്‍ കയ്യില്‍ തുരുമ്പിച്ച പോസ്റ്റ്‌ ബോക്സിന്റെ അരികു തട്ടി ചോര കിനിഞ്ഞിട്ടുണ്ട്‌, ഇന്നിപ്പോള്‍ ഇ-മെയില്‍ ഫോര്‍വേര്‍ഡ്‌ ചെയ്യാന്‍ വേണ്ടി എന്തെക്കെയോ ടൈപ്പ് ചെയ്തു സെന്‍റ് ഓപ്ഷനില്‍ മൌസുകൊണ്ട് ആഞ്ഞമര്‍ത്തുമ്പോള്‍ ചൂണ്ടുവിരല്‍ ഒന്നും സംഭവിക്കാത്തപോലെ...

    ReplyDelete
  19. സുഖമുള്ള ഓര്‍മ്മകള്‍ ..!

    ReplyDelete
  20. This comment has been removed by the author.

    ReplyDelete