Pages

മുസ്ലീം ലീഗിന് ഒരു സല്യൂട്ട് !

തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനം മുസ്ലീം സമൂഹത്തിന് ചീത്തപ്പേരുണ്ടാക്കാന്‍ കാരണമായെന്നും ഇത്തരം സംഘടനകള്‍ക്കെതിരെ പോരാടണമെന്നും മുസ്ലീം ലീഗ് സംസ്ഥാന കൌണ്‍സില്‍ ആവശ്യപ്പെട്ടിരിക്കുന്നു.  ഇത്തരം ഒരു ആഹാനമാണ് ലീഗില്‍ നിന്നോ മറ്റ് മുസ്ലീം സമുദായനേതാക്കളില്‍ നിന്നോ കേള്‍ക്കാന്‍ ഞാന്‍ കൊതിച്ചിരുന്നത്.  ഈ കാലഘട്ടത്തിന്റെ  ആവശ്യം മനസ്സിലാക്കി ഇപ്പോഴെങ്കിലും ഇത്തരം ഒരു പ്രമേയം അംഗീകരിച്ചതില്‍ ഞാന്‍ മുസ്ലീം ലീഗിനെ സല്യൂട്ട് ചെയ്യുന്നു.  അത് മാത്രമല്ല , ആയുധം ഒരു ബാധ്യതയാണെന്നും ആയുധമേന്തുന്ന തീവ്രവാദസംഘടനകളുടെ വോട്ട് ഞങ്ങള്‍ക്ക് വേണ്ടെന്ന് കുഞ്ഞാലിക്കുട്ടിയും പറഞ്ഞിരിക്കുന്നു. മുന്‍പ് മുനീര്‍ ഇത് പറഞ്ഞപ്പോള്‍ കുഞ്ഞാലിക്കുട്ടി അത് അംഗീകരിച്ചിരുന്നില്ല. ഇന്നും ഉമ്മന്‍ ചാണ്ടി ഈ നിലപാട് സ്വീകരിച്ചിട്ടില്ല എന്ന് വരുമ്പോള്‍ കുഞ്ഞാലിക്കുട്ടിക്ക് എന്റെ മനസ്സ് നിറഞ്ഞ നന്ദി.  മറ്റ് എല്ലാ മുസ്ലീം സംഘടനകളും ലീഗിന്റെ നിലപാട് പിന്തുടര്‍ന്നാല്‍ തീവ്രവാദികള്‍ ഒറ്റപ്പെടുകയും  മുസ്ലീം സമുദായത്തിനുണ്ടായ ചീത്തപ്പേര് മായുകയും ചെയ്യും. വേറെ കുറുക്ക് വഴിയില്ല. തങ്ങളെ തീവ്രവാദികള്‍ എന്ന് മുദ്ര കുത്തുന്നേ എന്ന് പരിഭവിച്ചിട്ട് കാര്യമില്ല.  നമുക്കെല്ലാം മതേതര പരിസരത്ത് മാത്രമേ സ്വൈര്യജീവിതം  സാധ്യമാകൂ. അതാരും വിസ്മരിക്കരുത്.

ബാബറി മസ്ജിദ്  പൊളിച്ചപ്പോള്‍  കോണ്‍ഗ്രസ്സിന്റെ കൂടെ നില്‍ക്കുന്നു എന്നതിന്റെ പേരില്‍ മുസ്ലീം ലീഗ് കേട്ട പഴിക്ക് കണക്കില്ല.  ലീഗ് സമുദായത്തെ വഞ്ചിക്കുന്നു എന്ന് പറഞ്ഞാണ് ഐ.എന്‍‌.എല്‍‌ ഉണ്ടാക്കിയത്.  കോണ്‍ഗ്രസ്സ് പള്ളി പൊളിച്ച പോലെയാണ് പലരും സംസാരിച്ചത്. കോണ്‍ഗ്രസ്സിനെയാണ് കുറ്റപ്പെടുത്തിയത്.  അക്കാലത്ത് സാങ്കേതികമായി കോണ്‍ഗ്രസ്സ് കേന്ദ്രഭരണം കൈയാളിയിരുന്നു എന്നതായിരുന്നു അതിനുള്ള കാരണം. ഇതിനൊക്കെ ചില നടപടി ക്രമങ്ങളുണ്ട്.  ക്രമസമാധാനം സംസ്ഥാനത്തിന്റെ അധികാരപരിധിയില്‍ വരുന്ന കാര്യമാണ്.  ബാബറി മസ്ജിദിന് സംരക്ഷണം ഉറപ്പ് വരുത്തുമെന്ന്  അന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി കേന്ദ്രത്തിന് രേഖാമൂലം ഉറപ്പ് കൊടുത്തതാണ്. ആ ഉറപ്പ് മുഖവിലയ്ക്കെടുക്കാന്‍ കേന്ദ്രത്തിന് ഭരണഘടനാപരമായ ബാധ്യതയുണ്ട്. ആ ഉറപ്പ് കണക്കിലെടുക്കാതെ പള്ളി പൊളിക്കും എന്ന് മുന്‍‌കൂട്ടി കണ്ട് സംസ്ഥാന പോലീസ് സേനയെ അവഗണിച്ച് കേന്ദ്രത്തിന്റെ സേനാവിഭാഗത്തെ അവിടെ വ്യനിസിക്കാന്‍ കഴിയുമായിരുന്നില്ല എന്ന് സാരം. പള്ളി പൊളിച്ചതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ബി.ജെ.പി.ക്കും അന്നത്തെ യു.പി.സര്‍ക്കാരിനും മാത്രമായിരുന്നു. എന്നിട്ടും  കുറ്റം കോണ്‍ഗ്രസ്സിന്റെ മേല്‍ ചാരാന്‍ നടത്തിയ വൃഥാശ്രമം ബി.ജെ.പി.യെയും യു.പി.സര്‍ക്കാരിനെയും രക്ഷിക്കാനേ സഹായിച്ചിട്ടുള്ളൂ.  പള്ളി പൊളിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസ്സിനെ ഒറ്റപ്പെടുത്തി, അങ്ങനെ കോണ്‍ഗ്രസ്സ് ക്ഷയിച്ചാല്‍ ഇവിടത്തെ മുസ്ലീം സമുദായത്തിന് രക്ഷ കിട്ടുമായിരുന്നോ എന്ന് അന്ന് കുറ്റപ്പെടുത്തിയവര്‍ ഇന്ന് ശാന്തമായി ആലോചിക്കണം. ലീഗിന്റെ നിലപാടായിരുന്നു ശരിയെന്ന് കാലം തെളിയിച്ചു. എന്തിനായിരുന്നു ഇന്ത്യന്‍ നേഷനല്‍ ലീഗ് രൂപീകരിച്ചത്? പൊളിറ്റിക്കല്‍ വേസ്റ്റ്. കുറെക്കാലം സി.പി.എമ്മിനെ സേവിച്ചത് മിച്ചം. ഇടത്പക്ഷമുണ്ടെങ്കിലേ മതന്യൂനപക്ഷങ്ങള്‍ക്ക് രക്ഷയുണ്ടാവൂ എന്ന സി.പി.എമ്മിന്റെ വാദം രാഷ്ട്രീയത്തട്ടിപ്പാണ്. ചൈനയില്‍ പോയി നോക്കണം കമ്മ്യൂണിസ്റ്റുകാരുടെ തനിനിറം മനസ്സിലാക്കാന്‍ . കോണ്‍ഗ്രസ്സാണ് ഇന്ത്യയില്‍ എല്ലാവര്‍ക്കും രക്ഷ എന്ന് തിരിച്ചറിയണം. കോണ്‍ഗ്രസ്സിനെ ക്ഷയിപ്പിക്കുന്ന നടപടി ന്യൂനപക്ഷങ്ങള്‍ക്കെങ്കിലും ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന പോലെയാണ്.

കേരളത്തില്‍ തീവ്രവാദികള്‍ ശക്തി പ്രാപിച്ചു വരുന്നു എന്ന് ഇപ്പോള്‍ എല്ലാവരും പറയുന്നു.  അങ്ങനെയെങ്കില്‍ മുസ്ലീം ലീഗ് എന്നൊരു പാര്‍ട്ടി കേരളത്തില്‍ ഇല്ലായിരുന്നെങ്കില്‍ എന്തായിരുന്നിരിക്കും ഇന്നത്തെ അവസ്ഥ എന്ന് മദനിയെപ്പോലെയുള്ളവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നവര്‍ ആത്മപരിശോധന നടത്തണം.  ഇന്ന് ചിലര്‍ ആലങ്കാരികമായി പറയുന്നുണ്ടല്ലൊ കേരളം താലിബാനായി എന്ന്.  ആ അവസ്ഥ അക്ഷരാര്‍ത്ഥത്തില്‍ ഇവിടെ സംഭവിക്കുമായിരുന്നില്ലേ ഇവിടെ ഒരു കോട്ട പോലെ ലീഗ് എന്ന പ്രസ്ഥാനമില്ലായിരുന്നുവെങ്കില്‍?  അന്ന് ലീഗ് ക്ഷയിച്ച് ഐ.എന്‍‌. എല്‍  ശക്തിപ്പെട്ടിരുന്നുവെങ്കിലും സ്ഥിതി ഇന്നത്തേക്കാള്‍ ഗുരുതരമാവുമായിരുന്നു. മുസ്ലീം ചെറുപ്പക്കാരെ എളുപ്പത്തില്‍ തീവ്രവാദികളാക്കാന്‍ കഴിയുന്നൊരു വ്യാഖ്യാനം ഇസ്ലാം തത്വസംഹിതയ്ക്ക് നല്‍കാന്‍ തല്പരകക്ഷികള്‍ക്ക്  സാധിക്കും. അതിനെയാണ് ലീഗ് എന്ന പാര്‍ട്ടി പ്രതിരോധിച്ചത്.  കേരളത്തില്‍ കോണ്‍ഗ്രസ്സും ലീഗും ഉള്‍പ്പെടുന്നൊരു മുന്നണി ശക്തമായി നിലനില്‍ക്കുന്നത്കൊണ്ടാണ് ഒരു സോഷ്യല്‍ ബാലന്‍സ് ഇവിടെ സാധ്യമാകുന്നത് എന്നും എല്ലാവരും തിരിച്ചറിയണം.  കലക്ക് വെള്ളത്തില്‍ മീന്‍ പിടിക്കുക എന്നത് മാത്രമാണ് സി.പി.എമ്മിന്റെ എക്കാലത്തെയും തന്ത്രം. പാര്‍ട്ടിക്ക് ഗുണകരമായതേ അവര്‍ ചെയ്യൂ. അതിന് വേണ്ടി നാട് കുട്ടിച്ചോറായാലും അവര്‍ക്ക് പ്രശ്നമില്ല. നാട് എല്ലാവരുടെയുമല്ലേ. പാര്‍ട്ടി അവരുടെ മാത്രം സ്വന്തവും. ഈ വികാരമാണ് ഓരോ മാര്‍ക്സിസ്റ്റ്കാരനെയും നയിക്കുന്നത്. മറ്റേത് പാര്‍ട്ടിക്കാരും അങ്ങനെയല്ല.  നമുക്ക് നാടാണ് ചുമര്, ചിത്രം വരയ്ക്കണമെങ്കില്‍.

പിന്നോക്കക്കാര്‍ക്കും ദളിതര്‍ക്കും വേണ്ടി പോരാടണമെങ്കില്‍ ആയുധത്തിന്റെ ആവശ്യമില്ലെന്ന് കൂടി കുഞ്ഞാലിക്കുട്ടി പറഞ്ഞിരിക്കുന്നു. ഇത്തരത്തിലുള്ള പോസിറ്റീവായ വാക്കുകള്‍ ഏതെങ്കിലും മാര്‍ക്സിസ്റ്റ് നേതാവിന്റെ വായില്‍ നിന്ന് എന്നെങ്കിലും പുറത്തേക്ക് വരുമോ?  സ്ഥിരഭരണം കേരളത്തില്‍ ഉട്ടിയുറപ്പിക്കാന്‍ വോട്ട് രാഷ്ട്രീയത്തില്‍ സകല അടവുകളും പയറ്റുന്ന സി.പി.എം. കുറെക്കാലം ലീഗിന്റെ പിന്നാലെ നടന്നു. കിട്ടാതെ വന്നപ്പോള്‍ ലീഗിനെ എതിര്‍ക്കുന്ന മുസ്ലീം സമുദായത്തിലെ സകല സംഘടനകളെയും ചാക്കിലാക്കാന്‍ നോക്കി. തീവ്രവാദസ്വഭാവമുള്ള ചിലതാണ് എളുപ്പത്തില്‍ ചാക്കില്‍ കയറിയത്. ഇവിടെ തീവ്രവാദത്തിന് ഇത്രയും വേരോട്ടമുണ്ടാകാന്‍ കാരണം സി.പി.എമ്മിന്റെ ഈ ദുഷ്ടസമീപനമാണ്.  ഇത്രയേ ഇവിടെ തീവ്രവാദത്തിന് വേരുറപ്പിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ എന്ന് സമാധാനിക്കാന്‍ കഴിഞ്ഞത് മുസ്ലീം ലീഗിന്റെ സാന്നിദ്ധ്യമാണ്. കഴിഞ്ഞ നാല് കൊല്ലത്തെ ആഭ്യന്തര വകുപ്പിന്റെ മൃദുനിലപാടാണ് ഇത്രയെങ്കിലും തീവ്രവാദം ഇവിടെ ശക്തിപ്പെടാന്‍ കാരണം  എന്ന സത്യം ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല. തച്ചങ്കിരി ബാംഗ്ലൂരിലേക്ക് തിരക്കിട്ട് ഓടിപ്പോയതിന്റെ കാരണം ഒന്ന് മാത്രം മതി അത് വ്യക്തമാകാന്‍.  എന്ത് തന്നെയായാലും യു.ഡി.എഫിന്റെ ഭരണം തന്നെയാണ് കേരളത്തിന്റെ സുസ്ഥിരവികസനത്തിനും സമാധാനത്തിനും നല്ലത്.  മാര്‍ക്സിസ്റ്റ് പാര്‍ട്ടി ആവശ്യത്തിലധികം തടിച്ചു കൊഴുത്തു. അതിന്റെ നേതാക്കള്‍ അതൊക്കെ അനുഭവിച്ച് സസുഖം വാഴട്ടെ. യു.ഡി.എഫ്. കേരളം ഭരിക്കട്ടെ, കൂടുതല്‍ മെച്ചപ്പെട്ട ഒരു സംവിധാനം വരുന്നത്‌വരെ.

കുഞ്ഞാലിക്കുട്ടിക്കും മുസ്ലീം ലീഗിനും ഒരിക്കല്‍ കൂടി സല്യൂട്ട് !

3 comments:

  1. വായിച്ചതു ഇപ്പോഴാണ്, ശരിയായ വീക്ഷണം

    ReplyDelete
  2. വളരേ നല്ല ലേഖനം...
    എതിരാളികള്‍ക് ലീഗില്‍ നിന്ന് വേണ്ടത് തീവ്രവാതം
    അത് ലീഗിന്റെ നയവുമല്ല

    ReplyDelete