Pages

പാക്കിസ്ഥാനും ചൈനയും

മ്മള്‍ എന്തിനാണ്  ഇങ്ങനെ ചര്‍ച്ചയ്ക്കെന്നും  പറഞ്ഞ് പാക്കിസ്ഥാനിലേക്കും ചൈനയിലേക്കും അവരുടെ പിന്നാലെ നാണം കെട്ട് പോയിക്കൊണ്ടിരിക്കുന്നത്.  നമ്മുടെ ഭൂപ്രദേശമാണ് ഈ രണ്ട് രാജ്യങ്ങളും അനധികൃതമായി കൈവശം വെച്ച് അനുഭവിച്ചുകൊണ്ടിരിക്കുന്നത്.  ചൈന നമ്മുടെ കുറെ പ്രദേശം കൈവശപ്പെടുത്തി. ഇപ്പോഴും തരം കിട്ടുമ്പോഴെല്ലാം നമ്മുടെ സ്ഥലം ചുരണ്ടിക്കൊണ്ടിരിക്കുന്നുണ്ടാവണം.  അതൊന്നും തിരിച്ചുപിടിക്കാനുള്ള ആണത്തം നമ്മള്‍ക്കില്ല. എന്നാല്‍ പിന്നെ അതൊക്കെ അവര്‍ക്ക് വിട്ട് കൊടുത്ത്കൊണ്ട് നമുക്ക് നിങ്ങളുമായി ഒരു പ്രശ്നവുമില്ല എന്ന് പറഞ്ഞ് മിണ്ടാതിരുന്നുകൂടേ?  ഇതിപ്പോ അരിയും തിന്ന് ആശാരിച്ചിയെയും കടിച്ച് പിന്നെയും പട്ടിക്ക് മുറുമുറുപ്പ് എന്ന പോലെ നമ്മുടെ ഭൂമിയും കൈവശം വെച്ചിട്ട് പിന്നെയും പ്രശ്നം പ്രശ്നം എന്ന് പറഞ്ഞ് ഈ രണ്ട് രാജ്യങ്ങളും നമ്മുടെ പിന്നാലെയാണ്. ഞങ്ങള്‍ ആരുടെയും ഒരിഞ്ച് ഭൂമി പോലും ആരില്‍ നിന്നും കവര്‍ന്നെടുത്തിട്ടില്ല. അത്കൊണ്ട് പ്രശ്നം എന്ന് പറഞ്ഞ് ഇങ്ങോട്ട് വരരുത് എന്ന് പാക്കിസ്ഥാനോടും ചൈനയോടും പറയാനുള്ള ത്രാണിയും നമുക്കില്ല. അതും പോട്ടെ. എന്നാല്‍ ഈ ചര്‍ച്ചയ്ക്ക് പോവുക എന്ന നാണവും മാനവുമില്ലാത്ത പരിപാടി ഇന്ത്യന്‍ സര്‍ക്കാരിന് ഒഴിവാക്കിക്കൂടേ?  നമുക്ക് ഈ പാക്കിസ്ഥാനെയും ചൈനയെയും പേടിക്കേണ്ട ആവശ്യം എന്താണ്?  കാഷ്മീരിനെ കുറിച്ച് പാക്കിസ്ഥാന്‍ പറയുന്നത് നമ്മുടെ ആഭ്യന്തരകാര്യത്തില്‍ ഇടപെടലല്ലെ. അത്തരം ഒരു ഇടപെടല്‍ ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായാല്‍ പാക്കിസ്ഥാനോ ചൈനയോ സഹിക്കുമോ? പറയുന്ന ന്യായം കേട്ടില്ലേ? നമ്മുടെ അയല്‍ക്കാരല്ലേ, അയല്‍ക്കാരായാല്‍ മിണ്ടാതിരിക്കാന്‍ പറ്റുമോ എന്ന്. ത്ഫൂ .. ഒരാലക്കം.

അവര്‍ നല്ല ബന്ധത്തിലാണ്. ആര്? ചൈനയും പാക്കിസ്ഥാനും.  നമ്മുടെ കൈയ്യില്‍ നിന്ന് പിടിച്ചെടുത്ത പ്രദേശത്തില്‍ നിന്ന് പാക്കിസ്ഥാന്‍ കുറെ ഭാഗം ചൈനയ്ക്ക് കാഴ്ച വെയ്ക്കുന്നു.  ചൈന റോഡുകളും റെയില്‍ പാതകളും പണിയുന്നു.  എന്താ അവരുടെ ഒരു ഒരുമ! നമ്മള്‍ പുരോഗതിയിലേക്ക് നീങ്ങുന്നതില്‍ അസൂയയുള്ള അയല്‍ക്കാരാണ് ഇപ്പറഞ്ഞ രണ്ട് രാജ്യങ്ങളും. പരമാവധി നമുക്കെതിരെ തൊരപ്പന്‍ പണി എടുക്കുന്നവരാണ് ഇക്കൂട്ടര്‍ .  എന്നിട്ടും അവരുമായി ചര്‍ച്ചയ്ക്ക് പോകുന്ന നമ്മുടെ വിദേശനയം ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യുന്ന പോലെയാണ്. ഒരു രാജ്യമായാല്‍ ഇത്രയും ശുദ്ധവും ദുര്‍ബ്ബലവും ആകരുത്. കുറഞ്ഞ പക്ഷം പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രിയുടെ അത്രയെങ്കിലും ഗട്ട്സ് നമ്മുടെ രാജ്യത്തിന് വേണ്ടേ? പ്രശ്നം എന്ന് പറഞ്ഞ് നമ്മളെ എന്നും അനാവശ്യമായി പ്രതിരോധത്തില്‍ തളച്ചിടുകയാണ് ഈ രണ്ട് രാജ്യങ്ങളും ചെയ്യുന്നത്. നമുക്കിതിന്റെ വല്ല ആ‍വശ്യവുമുണ്ടോ?

തമാശയെന്തെന്ന് വെച്ചാല്‍ ഈ പാക്കിസ്ഥാനും ചൈനയും അമേരിക്കയുമായി നല്ല ബന്ധത്തിലാണ്. അവിടെയും നമുക്ക് രക്ഷയില്ല. അമേരിക്കയോട് നമ്മള്‍ അടുക്കാമെന്ന് വെച്ചാല്‍ ഇവിടത്തെ കമ്മ്യൂണിസ്റ്റുകള്‍ അനുവദിക്കില്ല. എന്നാലും നമ്മളുടെ ഒരു ഗതികേട്.  ഈ ചീള് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ പോലും നമുക്ക് പേടിക്കേണ്ട അവസ്ഥ.  പാക്കിസ്ഥാനും ചൈനയ്ക്കും ആവാമെങ്കില്‍ നമുക്കും അമേരിക്കയുമായി ബന്ധപ്പെട്ടുകൂടേ എന്ന് കമ്മ്യൂണിസ്റ്റുകളോട് ചോദിക്കാന്‍ നമ്മുടെ സര്‍ക്കാരിന് ധൈര്യമില്ല.  കമ്മ്യൂണിസ്റ്റുകള്‍ സാമ്രാജ്യത്തമെന്ന ഉമ്മാക്കി കാട്ടി ഇന്ത്യയെ പേടിപ്പിച്ച് വിറപ്പിക്കുകയാണ്.  കമ്മ്യൂണിസ്റ്റുകള്‍ക്ക് ഇങ്ങനെ ചില പദാവലികളുണ്ട്. സാമ്രാജ്യത്വം, ആഗോളീകരണം, കുത്തകമുതലാളിത്തം , ബൂര്‍ഷ്വാസി ഇങ്ങനെ പലതും. കാലം മാറുന്നത് കമ്മ്യൂണിസ്റ്റുകള്‍ക്ക് ബാധകമല്ല. മൂലധനസമാഹരണം ഇന്ന് നടക്കുന്നത് ഓഹരികളായിട്ടാണ്. കുത്തകമുതലാളി എന്നത് ലോകത്ത് അപ്രത്യക്ഷമായി എന്ന് ചുരുക്കം.  അങ്ങനെ കാലഹരണപ്പെട്ട ചില കമ്മ്യൂണിസ്റ്റ് പദാവലികള്‍ തത്തമ്മേ പൂച്ച പൂച്ച എന്ന മട്ടില്‍ കമ്മ്യൂണിസ്റ്റുകള്‍ ഉരുവിടുമ്പോള്‍ അതൊക്കെ അങ്ങ് പള്ളിയില്‍ പറഞ്ഞാ മതി , ഇവിടെ അതൊന്നും നടപ്പില്ല എന്നും പറയാനുള്ള ചങ്കൂറ്റം ഇവിടെ മറ്റ് പാര്‍ട്ടികള്‍ക്കുമില്ല.

എസ്.എം. കൃഷ്ണയെ പറ്റി എനിക്ക് നല്ല മതിപ്പായിരുന്നു. ബാംഗ്ലൂരിനെ ഇന്ത്യയുടെ ഐ.ടി.തലസ്ഥാനമാക്കിയ മുഖ്യമന്ത്രി ആയിരുന്നു അദ്ദേഹം.  ഇപ്പോള്‍ പൂച്ചയെ പോലെ പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രിയെ പേടിച്ച് ഞാന്‍ ഒന്നും പറയുന്നില്ലേ എന്ന് പതുങ്ങിക്കഴിയുന്നു.  നമ്മള്‍ ഇങ്ങനെ നാണം കെടാന്‍ എന്ത് തെറ്റാണ് ചെയ്യുന്നത്? ആരോടും അങ്ങോട്ട് യുദ്ധത്തിന് പോകുന്നില്ല.  ആരുടെയും അതിര് മാന്തുന്നില്ല. ആരുടെയും ആഭ്യന്തരകാര്യത്തില്‍ ഇടപെടുന്നില്ല.  അതിര്‍ത്തിക്കപ്പുറത്തേക്ക് തീവ്രവാദികളെ അയക്കുന്നില്ല.  ഒരു രാജ്യത്തിനെതിരെയും പാര പണിയുന്നില്ല.  എന്നിട്ടും  അകത്തും പുറത്തും നമുക്ക് ശത്രുക്കള്‍ , എന്ത് ചെയ്യും?

പാക്കിസ്ഥാനെയും ചൈനയെയും അവഗണിച്ച് അമേരിക്കയുമായി എല്ലാ അര്‍ത്ഥത്തിലും നയതന്ത്ര ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുകയാണ് നമുക്ക് നല്ലത്.  ചൈന തിബത്തില്‍ നാവികത്താവളം പണിയുന്നു. പാക്കിസ്ഥാനെ ആണവരാഷ്ട്രമാക്കുന്നു. ഇവിടത്തെ കമ്മ്യൂണിസ്റ്റുകളെ പേടിച്ച് അമേരിക്കയുമായി നല്ല ബന്ധം ഉണ്ടാക്കിയില്ലെങ്കില്‍ നാളെ ചൈന നമ്മെ ആക്രമിക്കുമ്പോള്‍ പാക്കിസ്ഥാനും അവരോട് ചേരുമ്പോള്‍ ഇവിടത്തെ കമ്മ്യൂണിസ്റ്റുകള്‍ പണ്ടത്തെ ഈയെമ്മെസ്സിന്റെ ന്യായമാണ് പറയുക.  അത്കൊണ്ട് ഞാന്‍ ഇന്ത്യാ ഗവണ്മേണ്ടിനോട് ആവശ്യപ്പെടുന്നു,  ഈ മഹാശുദ്ധന്റെ നിലപാട് ഉപേക്ഷിക്കണം. പാക്കിസ്ഥാനിലേക്കും ചൈനയിലേക്കും ചര്‍ച്ചയ്ക്ക് പോകരുത്.  അവര്‍ വേണമെങ്കില്‍ ഇങ്ങോട്ട് വരട്ടെ.  അമേരിക്കയുമായി സുദൃഢ ബന്ധം സ്ഥാപിക്കുക. അമേരിക്കയോട് അടുക്കരുത് എന്ന് ഇവിടെ ആരെങ്കിലും പറയുന്നെങ്കില്‍ അവരുടെ താല്പര്യം വേറെയാണ്. സൌദി അറേബ്യ പോലും അമേരിക്കയുമായി നല്ല ബന്ധത്തിലാണ്.

എസ്.എം.കൃഷ്ണയുടെ പാക്കിസ്ഥാനിലേക്കുള്ള പോക്കും വരവും ഒരു ഇന്ത്യന്‍ പൌരന്‍ എന്ന നിലയില്‍ എന്റെ ആത്മാഭിമാനത്തിന് മുറിവേല്‍പ്പിച്ചിരിക്കുന്നു. ഇനി ഇതാവര്‍ത്തിക്കരുത്, ജാഗ്രത !