Pages

ഏറണാകുളം ബ്ലോഗ് ശില്പശാലയെക്കുറിച്ച്....

ഏറണാകുളത്ത് ഇക്കഴിഞ്ഞ മെയ് 30ന് നടന്ന ബ്ലോഗ് ശില്പശാല ഞാന്‍ വീട്ടിലിരുന്ന് വൃത്തിയായി കണ്ടിരുന്നു. പരിപാടി ലൈവായി സ്ട്രീം ചെയ്തത്കൊണ്ടാണ് അതിന് സാധിച്ചത്. ഞാന്‍ നോക്കുമ്പോഴെല്ലാം സ്ട്രീമിങ്ങ് ലൈവായി കണ്ട വ്യൂവേഴ്സ് ആറോ പരമാവധി ഏഴോ പേര്‍ മാത്രമായിരുന്നു. ലോകത്തിന്റെ ഏത് മൂലയില്‍ ഇരുന്നിട്ടും ഈ പരിപാടി കാണാമെന്നിരിക്കെ ആളുകള്‍ മൊത്തത്തില്‍ ബഹിഷ്ക്കരിച്ച പോലെയായിപ്പോയി ഇത്. എന്തോ ആകട്ടെ, ഇവിടെ എത്രയോ ബ്ലോഗ് മീറ്റുകളും ശില്പശാലകളും ഒക്കെ നടന്നു. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ലൈവ് സ്ട്രീമിങ്ങ് നടക്കുന്നത്. വെറും കൌതുകത്തിന് വേണ്ടിയെങ്കിലും ഒന്ന് എത്തിനോക്കാമായിരുന്നു.  ഒരു പക്ഷെ ആളുകള്‍ സംഗതി അറിഞ്ഞില്ലായിരിക്കാം. അപ്പോള്‍ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സംഘാടകരുടെ മട്ട് തന്നെ വേണമെങ്കില്‍ ഇങ്ങോട്ട് വന്ന് അറിയട്ടെ എന്നായിരുന്നു എന്ന് തോന്നുന്നു. ബ്ലോഗ് അക്കാദമിയും മലയാളം ബ്ലോഗ് കൌണ്‍സിലും സംയുക്തമായാണ് പരിപാടി നടത്തുന്നത് എന്ന അറിയിപ്പ് കണ്ടിരുന്നു. ബ്ലോഗ് അക്കാദമിയിലെ എല്ലാ അംഗങ്ങളും ഇതറിഞ്ഞിരുന്നോ എന്നറിയില്ല. ബ്ലോഗ് കൌണ്‍സിലില്‍ ആകെ മൂന്നോ നാലോ പേര്‍ മാത്രമേ അതിന്റെ പ്രൊഫൈലില്‍ കാണുന്നുള്ളൂ. കൂടുതല്‍ ആളുകളെ കൌണ്‍സിലില്‍ ചേര്‍ക്കാത്തത്കൊണ്ടാണോ അതല്ല ആള്‍ക്കാര്‍ ചേരാത്തത്കൊണ്ടാണോ എന്നറിയില്ല.  ബ്ലോഗ് കൌണ്‍സിലിനെ പറ്റി അനില്‍@ബ്ലോഗിന്റെ ഒരു പോസ്റ്റ് കണ്ടിരുന്നു. ഉദ്യോഗസംബന്ധമായി തനിക്ക് അതില്‍ അംഗമാകാന്‍ പറ്റില്ല എന്ന് അതില്‍ അനില്‍ എഴുതിക്കണ്ടു. അതെന്താണെന്നറിയില്ല. ഏതായാലും കൌണ്‍സിലില്‍ അംഗങ്ങളായി ചേരാന്‍ അതിന്റെ ഭാരവാഹികള്‍ ആരെയെങ്കിലും ക്ഷണിച്ചിരുന്നോ എന്നും നിശ്ചയം പോര.

ശില്പശാല കഴിഞ്ഞിട്ട് പിന്നെ ഒരനക്കവും എവിടെയും കണ്ടില്ല. ചിത്രകാരന്‍ ചില്ലറ ഫോട്ടോകള്‍ പോസ്റ്റ് ചെയ്തത് ശ്രദ്ധയില്‍ പെട്ടു. സാധാരണയായി അങ്ങനെയല്ല. പത്രറിപ്പോര്‍ട്ടുകള്‍ ഒക്കെ സ്കാന്‍ ചെയ്ത് പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. പരിപാടി ലൈവ് ആയി കണ്ട എനിക്ക് പ്രദീപ് കുമാറിന്റെ സാമാന്യം ദീര്‍ഘമായ ക്ലാസ്സ് മുഷിപ്പ് ആയിത്തോന്നി. ബ്ലോഗ് പഠിതാക്കള്‍ക്ക് മുന്നില്‍ പോഡ്‌കാസ്റ്റിനെ പറ്റിയൊക്കെ ക്ലാസ്സ് എടുക്കുന്നത് ഓവറോ ബോറോ ആണ്. അതൊക്കെ പിന്നീട് മനസ്സിലാക്കേണ്ടതാണ്. മാത്രമല്ല ഇപ്പോഴൊക്കെ ലൈവ് സ്ട്രീമിങ്ങ് തന്നെ കാശ് മുടക്കില്ലാതെ ചെയ്യാമെന്നിരിക്കെ പോഡ്‌കാസ്റ്റിങ്ങിന് പ്രസക്തിയുമില്ല. ആളുകള്‍ ബ്ലോഗ് എഴുതാനും വായിക്കാനും മുന്നോട്ട് വരിക എന്നതിലാണ് കാര്യം. പൊതുവെ ഇപ്പോള്‍ ബ്ലോഗില്‍ ഇപ്പോള്‍ ഒരു സ്തംഭനാവസ്ഥയാണ്. അത്കൊണ്ടായിരിക്കണം ഏറണാകുളം ശില്പശാലയും ശുഷ്ക്കമായിപ്പോയത് എന്ന് തോന്നുന്നു. ശുഷ്ക്കമായിപ്പോയി എന്ന് ഞാന്‍ പറഞ്ഞത് സംഘാടകര്‍ വകവെച്ചു തരണമെന്നില്ല. മൊത്തത്തില്‍ അങ്ങനെയാണ് പ്രതീതി. ഇന്റര്‍നെറ്റ് മൊത്തത്തില്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലൂടെയും ലൈവ് സ്ട്രീമിങ്ങുകളിലൂടെയും ഒക്കെ മുന്നോട്ട് കുതിക്കുമ്പോള്‍ നമ്മുടെ ബ്ലോഗുകള്‍ക്ക് പോലും എന്ത് പറ്റി ? യഥാര്‍ഥ ജീവിതത്തില്‍ നമുക്ക് നഷ്ടപ്പെട്ട സോഷ്യല്‍ ലൈഫ് വെര്‍ച്വല്‍ ലോകത്തിലും നഷ്ടപ്പെടുകയാണോ? വെറും പണമുണ്ടാക്കുന്ന യന്ത്രമായി മനുഷ്യന്‍ മാറുകയാണോ? കൂടുതല്‍ ചിന്തിക്കരുതെന്ന് എന്നോട് ചില സു ഹൃത്തുക്കള്‍ ഉപദേശിച്ചിട്ടുണ്ട്.

എല്ലാ പഞ്ചായത്തുകളിലും നമുക്ക് ബ്ലോഗ് ഗ്രൂപ്പുകള്‍ തുടങ്ങാമായിരുന്നു. പക്ഷെ ഒന്ന് തുടങ്ങിവെച്ചാല്‍ അതിന്റെ ഉടമാവകാശം തന്നില്‍ സ്ഥിരമായി നിക്ഷിപ്തമായിരിക്കണം എന്ന് ആരും കരുതരുത്.  തുടങ്ങി വയ്ക്കാം ആരെങ്കിലും കൊണ്ടുനടക്കട്ടെ എന്ന് കരുതാനുള്ള വിശാലമനസ്ക്കത മുന്‍‌കൈ എടുക്കുന്നവര്‍ക്ക് വേണം.  ബ്ലോഗിന് ഇന്നും പ്രസക്തിയുണ്ട്. സമൂഹത്തിലെ കൂട്ടായ്മകള്‍ ബ്ലോഗിലൂടെയും സമ്പുഷ്ടവും സമ്പന്നവുമാകും.  ഇത്തരം കൂട്ടായ്മകള്‍ ലോക്കലായി ഇല്ലെങ്കില്‍ പിന്നെ ഈ ജീവിതം കൊണ്ട് നമ്മള്‍ നേടുന്നതെന്ത് ?