Pages

മമത ബാനര്‍ജിയ്ക്ക് അഭിവാദ്യങ്ങള്‍ !

പശ്ചിമ ബംഗാളിലെ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ ഒരു കാര്യം വ്യക്തമായി, അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പോടുകൂടി അവിടെ ഇടത് ഭരണക്കുത്തക അവസാനിക്കും. അത്ഭുതമൊന്നും സംഭവിച്ചില്ലെങ്കില്‍ ബംഗാളിലെ അടുത്ത മുഖ്യമന്ത്രി കുമാരി മമത ബാനര്‍ജി ആയിരിക്കും.  മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ ഇങ്ങനെ കുളിപ്പിച്ച് കിടത്തുന്നതില്‍ ആ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടരി പ്രകാശ് കാരാട്ട് സ്തുത്യര്‍ഹമായ സേവനമാണ് വഹിച്ചിട്ടുള്ളത് എന്ന് പറയേണ്ടിയിരിക്കുന്നു.  നന്ദിഗ്രാം പ്രശ്നമൊക്കെ ആ പാര്‍ട്ടി എങ്ങനെയെങ്കിലുമൊക്കെ തരണം ചെയ്യുമായിരുന്നു.  പക്ഷെ കാരാട്ടിന്റെ സ്വന്തം അഭിപ്രായത്തിന് പാര്‍ട്ടിയില്‍ മുന്‍‌തൂക്കം കിട്ടിയത്കൊണ്ടാണ് ആണവക്കരാറിന്റെ പേരില്‍ ഇടത്പക്ഷം യു.പി.ഏ.സര്‍ക്കാരിനുള്ള പിന്തുണ പിന്‍‌വലിക്കാനിടയായത്. സോമനാഥചാറ്റര്‍ജിയെ പുറത്താക്കിയ നടപടിയും കാരാട്ടിന്റെ തീരുമാനം തന്നെ.  ഇതിന് മുന്‍പ് ജ്യോതിബസുവിന് പ്രധാനമന്ത്രി പദം സ്വീകരിക്കാന്‍ കഴിയാതെ പോയതിന്റെ കാരണവും അന്ന് സെക്രട്ടരി അല്ലെങ്കില്‍ പോലും കാരാട്ടിന്റെ നിര്‍ബ്ബന്ധ ബുദ്ധി നിമിത്തമായിരുന്നു. ആണവക്കരാരിന്റെ പേരില്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍‌വലിച്ചില്ലായിരുന്നുവെങ്കില്‍ കോണ്‍ഗ്രസ്സും തൃണമൂല്‍ കോണ്‍ഗ്രസ്സും യോജിക്കാനുള്ള സാഹചര്യം ബംഗാളില്‍ ഉണ്ടാകുമായിരുന്നില്ല. ഇക്കാര്യം സി.പി.എം.ബംഗാള്‍ ഘടകത്തിന് നന്നായറിയാം. അല്ലെങ്കിലും അവിടെ സി.പി.എം. തകരുമായിരുന്നു എന്നത് വേറെ കാര്യം. കാരാട്ടിന്റെ തീരുമാനങ്ങള്‍ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി എന്ന് മാത്രം. ജനാധിപത്യം വളരുന്ന മുറയ്ക്ക് കമ്മ്യൂണിസം തകര്‍ന്നേ പറ്റൂ. ജനാധിപത്യമാര്‍ഗ്ഗം സ്വീകരിച്ചും കമ്മ്യൂണിസ്റ്റുകള്‍ക്ക് നല്ല രീതിയില്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്താന്‍ കഴിയുമായിരുന്നു. അങ്ങനെ ജനാധിപത്യകമ്മ്യൂണിസ്റ്റുകള്‍ ഉദയം ചെയ്യണമെങ്കിലും ഇന്നത്തെ സ്റ്റാലിനിസ്റ്റ് കമ്മ്യൂണിസ്റ്റുകള്‍ തകര്‍ന്ന് തീരണം.

അടുത്ത വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ ബംഗാള്‍ മാത്രമല്ല കേരളവും ഇടതുകള്‍ക്ക് നഷ്ടപ്പെടും. അതില്‍ പക്ഷെ വലിയ കാര്യമില്ല. കേരളത്തില്‍ ഭരണത്തിലെത്താന്‍ കോണ്‍ഗ്രസ്സുകാര്‍ ലവലേശം പോലും പണി എടുത്തിട്ടില്ല.  ചെന്നിത്തല ആകെ ചെയ്യുന്നത് മുഖം മേക്കപ്പിട്ട് പത്രസമ്മേളനം നടത്തലാണ്. ഉമ്മന്‍ ചാണ്ടി പുതിയ കുപ്പായം തുന്നിയാല്‍ പോലും അതില്‍ തുള ഉണ്ടാക്കിയും ഒതുങ്ങിപ്പോകുന്ന മുടി അലങ്കോലമാക്കിയും ആ‍ദര്‍ശം ലേബലൊട്ടിച്ച് പ്രസ്താവനകള്‍ ഇറക്കലാണ്. ഇവന്മാരുടെ സ്റ്റൈല്‍ കണ്ടിട്ടല്ല ആളുകള്‍ യു.ഡി.എഫിന് വോട്ട് ചെയ്യുന്നത്. ആളുകള്‍ക്ക് വേറെ ഗതി ഇല്ലാത്തത്കൊണ്ടാണ്. മാത്രമല്ല, യു.ഡി.എഫിനെ അധികാരത്തില്‍ എത്തിക്കാന്‍ ആരെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അത് മാര്‍ക്സിസ്റ്റ്കാര്‍ തന്നെയാണ്. മാര്‍ക്സിസ്റ്റുകാരോടുള്ള വെറുപ്പ് ഒന്ന് മാത്രമാണ് യു.ഡി.എഫിന് വോട്ട് ചെയ്യാന്‍ ആളുകളെ പോളിങ്ങ് ബൂത്തില്‍ എത്തിക്കുന്നത്. ഉമ്മന്‍ ചാണ്ടിയേക്കാളും ചെന്നിത്തലക്കാരനേക്കാളും എത്രയോ നല്ല നേതാവാണ് കെ.എം.മാണി. പക്ഷെ പറഞ്ഞിട്ടെന്താ. കേരള കോണ്‍ഗ്രസ്സ് എന്നാല്‍ കൃസ്ത്യന്‍ പാര്‍ട്ടി എന്ന ലേബല്‍ പതിഞ്ഞു പോയി. കോണ്‍ഗ്രസ്സിന്  ഇപ്പോള്‍ നേതാക്കന്മാരേയുള്ളു. പ്രവര്‍ത്തകന്മാരില്ല. എന്തിനാ പ്രവര്‍ത്തിക്കുന്നത്. മാര്‍ക്സിസ്റ്റുകാര്‍ അപ്പണി എടുത്തോളുമല്ലോ എന്ന ധൈര്യം.  അല്ല ഉമ്മന്‍ ചാണ്ടീ, മനസ്സിലാവാഞ്ഞിട്ട് ചോദിക്കുവാ.   മുരളിയുടെ കാര്യം അവിടെ നിക്കട്ടെ, സസ്പന്‍ഷന്‍ എന്നൊരു ന്യായമെങ്കിലും പറയാം. ജോസഫ് ഗ്രൂപ്പ് മാണി ഗ്രൂപ്പില്‍ ലയിച്ചാല്‍ നല്ലതല്ലേ? പത്ത് വോട്ടെങ്കില്‍ പത്ത് വോട്ട് യു.ഡി.എഫിന് കിട്ടിയാല്‍ അത്രയെങ്കിലുമായില്ലേ? ജനാധിപത്യശക്തികളുടെ ഏകീകരണം എന്നൊരു രാഷ്ട്രീയലക്ഷ്യം യു.ഡി.എഫിന് വേണ്ടേ? എവിടെ? പുള്ളിക്ക് ഒന്നുകില്‍ മുഖ്യമന്ത്രി അല്ലെങ്കില്‍ പ്രതിപക്ഷനേതാവ്.

മമത ജീവന്‍ പണയം വെച്ചുകൊണ്ട് ഉള്ള രാഷ്ട്രീയപ്രവര്‍ത്തനമാണ് ബംഗാളില്‍ നടത്തിയത്.  അക്ഷരാര്‍ത്ഥത്തില്‍ മാര്‍ക്സിസ്റ്റ് ദുര്‍ഭരണത്തിനെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തിയാണ്  അവര്‍ ബംഗാളികളുടെ സ്വന്തം ദീദിയായത്. മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സും തൃണമൂല്‍ കോണ്‍ഗ്രസ്സും യോജിച്ച് മത്സരിച്ചിരുന്നുവെങ്കില്‍ അവിടെ ഇടതിന്റെ അഡ്രസ്സ് കാണില്ലായിരുന്നു. അടുത്ത വര്‍ഷത്തെ നിയമസഭാതെരഞ്ഞെടുപ്പില്‍ കിട്ടുന്ന സീറ്റ് വാങ്ങി കോണ്‍ഗ്രസ്സിന് മമതയുടെ കൂടെ കൂടാമെന്നേയുള്ളൂ. ഇല്ലെങ്കിലും തൃണമൂല്‍ ഒറ്റയ്ക്ക് തന്നെ വിജയിക്കും.

ബംഗാളും കേരളവും നഷ്ടപ്പെട്ടതിന് ശേഷമാവും സി.പി.എമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസ്സ് ചേരുക. പാര്‍ട്ടിയെ പരാജയത്തിലേക്ക് നയിച്ചതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് കാരാട്ടിന് ഒഴിഞ്ഞ് മാറാന്‍ പറ്റില്ല. സീതാറാം യെച്ചൂരി സെക്രട്ടരി സ്ഥാനത്തേക്ക് വരാനുള്ള സാധ്യതയാണ് കാണുന്നത്. എന്നാലും സി.പി.എമ്മിന് ഇനി ഇന്ത്യയില്‍ ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ കഴിയില്ല. കാരണം യാന്ത്രികമായ ആവര്‍ത്തനചര്‍ച്ചകളല്ലാതെ സര്‍ഗ്ഗാകത്മകമായി ചിന്തിക്കലോ പഠിക്കലോ ഒന്നും ആ പാര്‍ട്ടിയില്‍ നടക്കില്ല. ഇപ്പോള്‍ തന്നെ സ്വത്വ-വര്‍ഗ്ഗ വിവാദം കാണുന്നില്ലേ? വര്‍ഗ്ഗരാഷ്ട്രീയത്തിനെന്ത് പ്രസക്തി ഇക്കാലത്ത്? പക്ഷെ കുഞ്ഞഹമ്മദും പോക്കറും സ്വത്വം പറഞ്ഞത് മുസ്ലീം വോട്ട് തട്ടാനായിരുന്നു. വലിയ ജാഡയോടെ കടിച്ചാല്‍ പൊട്ടാത്ത സിദ്ധാന്തങ്ങള്‍ വിളമ്പുന്ന കുഞ്ഞഹമ്മദ് ഏതെങ്കിലും സാമൂഹ്യപ്രശ്നങ്ങളില്‍ പ്രതികരിക്കാറുണ്ടോ?  ഇത്തരം വ്യാജബുദ്ധിജീവികള്‍ കൊണ്ടല്ല സമൂഹത്തിന് എന്തെങ്കിലും ഗുണം കിട്ടുക.  ആര്യാടന്‍ ഷൌക്കത്തിന്റെ നിലമ്പൂരില്‍ പോയി നോക്കണം യഥാര്‍ത്ഥ സാമൂഹ്യപ്രവര്‍ത്തനവും  ബുദ്ധിജീവിനാട്യപ്രസംഗങ്ങളും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാന്‍ .

ഏതായാലും ബംഗാളിനെ മാര്‍ക്സിസ്റ്റ് സര്‍വ്വാധിപത്യത്തില്‍ നിന്ന് മോചിപ്പിച്ച് ജനാധിപത്യത്തിന്റെ അടിത്തറ ഉറപ്പിക്കാന്‍ പോരാടുന്ന മമത ബാനര്‍ജിക്ക് അഭിവാദനങ്ങള്‍ നേരാന്‍ ഈ പോസ്റ്റ് ഞാന്‍ സമര്‍പ്പിക്കുന്നു.