അടിയന്തിരാവസ്ഥയുടെ അവസാനനാളുകളിലാണെന്ന് തോന്നുന്നു, എന്റെ വീടിനടുത്ത് ഒരു കലാ-സാംസ്ക്കാരികസമിതിയുണ്ടായിരുന്നു. താഴെ പലചരക്ക് കട. മേലെ സമിതി. എല്ലാ പത്രങ്ങളും സമിതിയില്‍ വാങ്ങാറുണ്ടായിരുന്നു. ഞാന്‍ എന്നും രാവിലെ പലചരക്ക് കടയില്‍ വന്നിരുന്ന് ദേശാഭിമാനി പത്രം ഉറക്കെ വായിക്കും. അത് കേള്‍ക്കാന്‍ പരിസരത്തുള്ള വീടുകളില്‍ നിന്ന് ആളുകള്‍ എന്റെ ചുറ്റും കൂടും. അത്ര ആവേശത്തോടുകൂടിയാണ് ഞാന്‍ വായിക്കുക. രാജനെ ഉരുട്ടിക്കൊന്നതിന്റെയും കക്കയം പോലീസ് ക്യാമ്പിലെ മര്‍ദ്ധനമുറകളെ പറ്റിയും അന്ന് ദേശാഭിമാനിയില്‍ തുടര്‍ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നു. അതാണ് ഞാന്‍ വായിച്ചുകൊണ്ടിരുന്നത്. അന്നേ എനിക്ക് പോലീസിനോട് വെറുപ്പായിരുന്നു. എന്റെ അമ്മയുടെ ഇളയമ്മയുടെ മകന്‍ ഒരു സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ആയിരുന്നു. അന്നൊരിക്കല്‍ അദ്ദേഹം വീട്ടില്‍ വന്നപ്പോള്‍ ഞാന്‍ എഴുനേറ്റ് നിന്ന് ബഹുമാനിച്ചില്ല. അമ്മാവന്‍ ആയാലെന്ത്, സര്‍ക്കിള്‍ ആയാലെന്ത് പോലീസ് പോലീസ് തന്നെ. ഇതായിരുന്നു എന്റെ മനോഭാവം. അതിന്റെ പേരില്‍ ചില്ലറ നഷ്ടങ്ങളൊക്കെ ഞങ്ങള്‍ക്കുണ്ടായിട്ടുണ്ട്.
അടിയന്തിരാവസ്ഥയും കക്കയം ക്യാമ്പും ഒക്കെ അവസാനിച്ചിട്ട് വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞു? ഇന്നത്തെ ആഭ്യന്തരമന്ത്രിയുടെ പാര്‍ട്ടിക്കാര്‍ പോലീസിനെതിരെ എത്രയെത്ര മുദ്രാവാക്യങ്ങള്‍ വിളിച്ചു? ലോക്കപ്പ് മരണങ്ങളുടെ പേരില്‍ കെ.കരുണാകരനെ കരിങ്കാലി, കൊലയാളി എന്നൊക്കെ വിശേഷിപ്പിച്ചുകൊണ്ട് എത്രയെത്ര ചുവരെഴുത്തുകള്‍ എഴുതി? എന്നിട്ട് ഇപ്പോഴോ? ഇപ്പോള്‍ പോലീസിനെക്കുറിച്ച് ആര്‍ക്കും ഒരു പരാതിയുമില്ല. കോടിയേരി പോലീസ് മന്ത്രിയായിരിക്കെ എത്ര പേര്‍ ലോക്കപ്പ് മര്‍ദ്ധനത്തില്‍ മരണപ്പെട്ടു. തലേന്ന് അറസ്റ്റ് ചെയ്യപ്പെട്ട പ്രതിയുടെ ശവം പിറ്റേന്ന് ആസ്പത്രിയില്‍ എത്തിക്കുന്നു. രാവിലെ കസ്റ്റഡിയില്‍ എടുത്ത ആളെ ഉച്ചയ്ക്ക് ജാമ്യത്തില്‍ വിട്ടെങ്കിലും അയാള്‍ രക്തം ഛര്‍ദ്ദിച്ച് വഴിയില്‍ മരിച്ചു വീഴുന്നു. എന്നിട്ടും പോലീസിനെതിരെ ആരും മുദ്രാവാക്യം വിളിക്കുന്നില്ല, കമാന്ന് ഒരക്ഷരം ഉരിയാടുന്നില്ല. പോലീസിന്റെ ക്രൂരതകള്‍ തുടര്‍ക്കഥയാവുന്നു. നമ്മുടെ പോലീസ് ഇങ്ങനെയൊക്കെ മതിയോ?
എന്തിനുമേതിനും പ്രതികരിക്കുന്ന സി.പി.എം.നേതാക്കളും സാംസ്ക്കാരികനായകരും ഇക്കാര്യത്തില്‍ മൌനം പാലിക്കുന്നത് ഇരട്ടത്താപ്പാണ്. ഈ ഇരട്ടത്താപ്പ് അപകടകരമാണ്. പറയുന്നതിന്റെ വിശ്വാസ്യത ഇല്ലാത്താവും. ഭരിക്കുമ്പോള്‍ പോലീസിന്റെ മൂന്നാം മുറ കണ്ടില്ലെന്ന് നടിക്കുകയും ഭരിക്കാത്തപ്പോള്‍ പോലീസിനെ കാക്കിക്കുള്ളിലെ ചെകുത്താന്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ട് പോലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയും ചെയ്യുന്നത് വിശ്വാസവഞ്ചനയാണ്. പോലീസിനെ നവീകരിക്കേണ്ടേ? നമ്മുടെ പോലീസിന്റെ ഇന്നത്തെ പ്രതിഛായ എന്താണ്? ഒരു പരിഷ്കൃതസമൂഹത്തിന് ചേര്‍ന്നതാണോ നമ്മുടെ പോലീസ് സേന? പുരോഗമനം പ്രസംഗത്തില്‍ മാത്രം മതിയോ? പ്രവൃത്തിയിലും എന്തെങ്കിലും ചെയ്യേണ്ടേ? പോലീസ് എന്നാല്‍ ജനങ്ങളുടെ ഉത്തമസുഹൃത്തായിരിക്കണം എന്നതല്ലേ പുരോഗമനം.
പാലക്കാട്ടെ ഷീല എന്ന വീട്ടമ്മ കവര്‍ച്ചയ്ക്കിടെ കൊല്ലപ്പെട്ടത്ത് ഞെട്ടലോടെയാണ് നമ്മള്‍ വായിച്ചത്. എന്നാല്‍ അതിലേറേ നമ്മെ ഞെട്ടിച്ചത് ആ കൊലക്കേസിലെ പ്രധാനപ്രതി സമ്പത്ത് പോലീസിന്റെ ഭീകരമര്‍ദ്ദനമേറ്റ് മരണപ്പെടാനിടയായ വാര്‍ത്തയാണ്. കള്ളന്മാര്‍ ആളുകളെ കൊല്ലുന്നത് പോലെയല്ല പോലീസുകാര്‍ (പ്രതികളെയാണെങ്കിലും) സ്റ്റേഷനില്‍ വെച്ചു മര്‍ദ്ധിച്ച് ജീവഛവങ്ങളാക്കുന്നത്. പോലീസിന് ആരെയും തല്ലാനോ കൊല്ലാനോ അധികാരമില്ല. മാത്രമല്ല ആളുകളെ കൊല്ലാന്‍ കഴിയുന്നവര്‍ പോലീസില്‍ ഉണ്ടാകാന്‍ പാടില്ല. അത്തരക്കാര്‍ ഇന്നും പോലീസില്‍ ഉണ്ട് എന്നതാണ് നമ്മെ ഭയപ്പെടുത്തുന്നത്. സര്‍വ്വീസില്‍ നിന്ന് റിട്ടയര്‍ ചെയ്യുന്ന പല മുന്‍ പോലീസുകാരുടെയും ശിഷ്ടജീവിതം പരിതാപകരമാണ്. കാരണം ഔദ്യോഗികജീവിതകാലത്ത് അയാള്‍ ജനങ്ങളെ പരമാവധി വെറുപ്പിച്ചിരിക്കും. കാക്കി നഷ്ടപ്പെട്ട് വയസ്സ് കാലത്ത് മനുഷ്യനാകുന്ന അയാള്‍ക്ക് സൌഹൃദങ്ങളോ അയല്‍പക്ക ബന്ധങ്ങളോ ലഭിക്കുകയില്ല. അങ്ങനെ ഹൃദയസ്തംഭനം മൂലം മരണപ്പെട്ട പോലീസ്‌കാരെ എനിക്കറിയാം.
പോലീസുകാര്‍ക്ക് ഇന്ന് സംഘടനയുണ്ട്. പോലീസുകാര്‍ക്ക് സംഘടന പാടില്ലായിരുന്നു എന്നാണെന്റെ അഭിപ്രായം. ആ സംഘടനയുടെ നേതാക്കള്‍ക്ക് ഭരണകക്ഷിയുമായി ബന്ധമുണ്ടാവാം. അതായിരിക്കാം ഇപ്പോള്‍ ഇത്രയും ലോക്കപ്പ് മരണങ്ങള്‍ നടക്കുന്നതിന്റെയും ആരും ഒന്നും പ്രതികരിക്കാതിരിക്കുന്നതിന്റെയും കാരണം. സി.പി.എമ്മിന്റെ പോഷകസംഘടനയുടെ നേതൃതലത്തിലെത്തിയാല്‍ പിന്നെ ജനങ്ങള്‍ അവരെ പേടിച്ചോളും എന്നൊരവസ്ഥയുണ്ട്. സത്യത്തില്‍ സി.പി.എമ്മിനെ ഭരണത്തില്‍ കയറ്റാതിരിക്കുകയാണ് നാട്ടുകാര്‍ക്ക് നല്ലത്. എന്തെന്നാല്‍ സമരം ചെയ്തോളുമല്ലൊ. കുറെയൊക്കെ അനാവശ്യസമരങ്ങളാണെങ്കിലും ചിലതൊക്കെ ന്യായമായ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് സമരങ്ങള്‍ നടത്താറ്. ഇപ്പോള്‍ തന്നെ യു.ഡി.എഫ്.ആണ് ഭരിക്കുന്നതെങ്കില്‍ പോലീസുകാര്‍ക്ക് തലയില്‍ മുണ്ടിടാതെ പുറത്തിറങ്ങാന്‍ പറ്റുമായിരുന്നോ?
മറ്റേതൊരു ജോലിയും പോലെ തന്നെയല്ലെ പോലീസ് ജോലിയും? ജീവിയ്ക്കാന്‍ വേണ്ടി ഒരു തൊഴിലിന് അന്വേഷിച്ച് അങ്ങനെയല്ലെ അവര്‍ പോലീസില്‍ എത്തിപ്പെടുന്നത്. അവര്‍ക്ക് കുടുംബവും ഭാര്യയും മക്കളും എല്ലാം ഉണ്ടാവുമല്ലോ. അവരുടെ കുടുംബം മൊത്തം പോലീസ് അല്ലല്ലൊ. അപ്പോള്‍ സമൂഹത്തിലെ മറ്റേത് പൌരനെയും പോലെ തന്നെയല്ലേ പോലീസുകാരനും? പിന്നെന്താ പോലീസായാല്‍ ഈ ക്രൂരത അവര്‍ക്ക് ഉണ്ടാകുന്നത്. ഞാന്‍ മുന്‍പൊരു പോസ്റ്റില്‍ പറഞ്ഞത് പോലെ, തെറി അവരുടെ മാതൃഭാഷയാകുന്നത്?
സംഗതി വ്യക്തമാണ്. സ്വാതന്ത്ര്യം കിട്ടി വര്‍ഷം 63 ആയെങ്കിലും പോലീസ് ഇന്നും സായ്പിന്റെ പോലീസാണ്. ഈ പോലീസ് നമ്മള്‍ ജനങ്ങളുടെ പോലീസ് അല്ല. സായ്പന്മാരാണ് പോലീസുകാരെ ഉരുട്ടാനും ചതയ്ക്കാനും ചീത്ത വിളിക്കാനും ഒക്കെ പഠിപ്പിച്ചത്. അത് ഇന്നും തുടരുന്നു. അധികാരം കിട്ടിയാല്‍ നമ്മുടെ മന്ത്രിമാരും പഴയ വൈസ്രോയ്‌മാര്‍ തന്നെ.
അത്കൊണ്ട് പോലീസ്‌കാരേ നിങ്ങളെ ഞങ്ങള്‍ ഭയപ്പെടുന്നു. പോലീസ് വരുന്നു എന്നാണ് ഇന്നും അമ്മമാര്‍ കുട്ടികളെ പേടിപ്പിക്കാന്‍ വേണ്ടി പറയുന്നത്. പോലീസിന്റെ യൂനിഫോം, തൊപ്പി, പോലീസ് സ്റ്റേഷന്റെ കെട്ടിടം ഇവയൊക്കെ ഇന്നും ജനങ്ങളെ പേടിപ്പെടുത്തിക്കൊണ്ട് നിലനില്‍ക്കുന്നു. ഈ പേടി മാറ്റാന്‍ കഴിയുന്ന ജനനേതാക്കള്‍ക്കായി നമുക്ക് കാത്തിരിക്കാം!
നമ്മുടെ മക്കടെ മക്കടെ മക്കടെ മക്കളുടെ കാലത്തു പൊലും ഒരു മാറ്റമുണ്ടാകുമെന്നു പ്രതീക്ഷിക്കുക വയ്യ..!!
ReplyDeleteപാലീസ് എന്നും പാലീസ് തന്നെ..!!
I don't think white people taught our police to be corrupt and abusive. Why police in European countries are much polite than our police? I guess the training for our is not good enough. The selection method is not proper, so many criminal minded individuals get into the police force easily.
ReplyDeleteഅഴീക്കോട് വല്ലതും....
ReplyDeleteസായിപ്പിനെ കുറ്റം പറയാം... സത്യം വിദൂരത്താണ്.
പോലീസിലെത്തുകയെന്നാൽ പരിമിതിയില്ലാത്ത അധികാരത്തിലെത്തുകയെന്നതാണ്. നമ്മുടെ ചരിത്രത്തിലും പാരമ്പര്യത്തിലും അധികാരം ആസ്വദിച്ചിരുന്നത് വിധേയനെ/കീഴാളനെ കൊന്നും മർദ്ദിച്ചും അവഹേളിച്ചുമല്ലേ !(അതുകൊണ്ടല്ലെ ഡി.എച്ച്.ആർ.എംകാരെയും ദളിതരെയും പ്രത്യേകം തല്ലിയൊതുക്കുന്നതിൽ ഭരണകൂടയന്ത്രം പ്രത്യേകം ശ്രദ്ധ ചെലുത്തുന്നത്.) പോലീസെങ്ങനെ അതിൽ നിന്നും ഒഴിഞ്ഞു നിൽക്കും ? വെള്ളക്കാരൻ നമുക്ക് വേണ്ടിയുണ്ടാക്കിയ സംവിധാനം നാം പിന്തുടരുന്നു.പോലീസയാലും ജനാധിപത്യമായാലും അതൊന്നും നമ്മുടെ സംസ്ക്കാരത്തിൽ നിന്നും ഉരുത്തിരിഞ്ഞു വന്നതല്ല. അതുകൊണ്ട് അതിനോട് താതാത്മ്യം പ്രാപിക്കുക പ്രയാസമുള്ള കാര്യമാണ്.ഫാരതീയ സംസ്ക്കാരത്തിന്റെ മഹിമയാൽ ഇത് വളരെ വളരെ പ്രയാസമാണ്.അതിനാൽ അനുഭവിക്കുക. കണ്ടില്ലെ നക്സൽവർഗ്ഗീസ് കൊലപാതകത്തിന് ഉത്തരവാദിയായ ലക്ഷ്മണയെന്ന കാപാലികൻ ഇപ്പോൾ ക്ഷേത്രങ്ങളിൽ ഭാഗവത പാരായണവും മതപ്രഭാണവുമായി നടക്കുകയാണ്. ഭക്തി ഇവനൊക്കെ സമാധാനം കൊടുക്കുമെന്നാണ് വിചാരം. ശരിയാണ് ഭക്തിയെന്ന അസംബന്ധം ഏത് ക്രൂരനെയും മനസാക്ഷിക്കുത്തിൽ നിന്നും മോചിപ്പിക്കും.
ReplyDelete@ ഹരീഷ്, bodhi,കാക്കര, നിസ്സഹായന്‍ , കമന്റുകള്‍ക്ക് നന്ദി. കേന്ദ്രം കൊണ്ടുവരാന്‍ പോകുന്ന പുതിയ ബില്‍ നിയമമായാല്‍ പോലീസ് പീഢനം കുറയുമെന്ന് പ്രതീക്ഷിക്കാം അല്ലേ ?
ReplyDeleteThere are too many laws and regulations in India, but nobody is enforcing them. The new law will be just another law like the old ones.
ReplyDeletePoliticizing the force was a big mistake.
@bodhi
ReplyDeleteശരിയാണ്, നിയമങ്ങള്‍ നിമ്മിച്ചാല്‍ പോരല്ലോ. ജനങ്ങളും സഹകരിച്ചാല്‍ മാത്രമേ നിയമങ്ങള്‍ നടപ്പിലാവുകയുള്ളൂ. എല്ലാം സര്‍ക്കാരിന്റെ ജോലിയാണ്, എനിക്കിതിലൊന്നും ചെയ്യാനില്ല എന്ന മട്ടില്‍ ചിന്തിക്കുന്ന ആള്‍ക്കൂട്ടമാണിവിടെയുള്ളത്. വിദ്യാഭ്യാസമുള്ള കുറച്ച് ചെറുപ്പക്കാര്‍ എന്തെങ്കിലും ഇനീഷ്യേറ്റീവ് എടുത്തിരുന്നുവെങ്കില്‍ കാതലായ മാറ്റങ്ങള്‍ വരുത്താന്‍ കഴിയും. രാഷ്ട്രീയക്കാരില്‍ നിന്ന് ഒന്നും പ്രതീക്ഷിച്ചിട്ട് കാര്യമില്ല.
നല്ല പല പോലിസ് ഉദ്യോഗസ്തരും ഇന്നു രാഷ്ട്രീയക്കാരുടെ കൈയിലെ പാവകളാണ് ..ഈ അവസ്തക്കു ഒരവസാനം വേണം...
ReplyDeleteപ്രീയ സുകുമാരേട്ട...ടിവിയില്‍ ആ കൊലപാതക വാര്‍ത്ത കണ്ടതിനു ശേഷം ഒരു സ്ത്രീയെ കഴുത്തറത്ത് കൊന്ന മനുഷ്യനെ തല്ലി തന്നെ കൊല്ലണം എന്ന് മനസ്സില്‍ തോന്നിയതാണ്.
ReplyDeleteപക്ഷെ അങ്ങനെ തന്നെ സംഭവിച്ചപ്പോള്‍ അത് ശരിയോ എന്ന് ചോദിച്ചാല്‍ ഇല്ല എന്ന് തന്നെ ആണ് എന്‍റെ ഉത്തരം. പക്ഷെ ആ മനുഷ്യനോട് എനിക്ക് ഒട്ടും സഹതാപം തോന്നുന്നില്ല.
പക്ഷെ പലപ്രാവശ്യമായി ആവര്‍ത്തിക്കുന്ന ഈ കസ്റ്റഡി മരണങ്ങള്‍ക് ഒരറുതിവരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഏതോ ഒരു ഹോളിവൂഡ് സിനിമയില്‍ കണ്ടതുപോലെ തല്ലാനും കൊല്ലാനും മാത്രമേ ഇവരെ പഠിപ്പിക്കുന്നുള്ളുവോ??......സസ്നേഹം
നാമെല്ലാം അടങ്ങുന്ന സമൂഹത്തില്‍ നിന്ന് തന്നെയാണ് ഈ പോലീസുകാരെ തിരഞ്ഞെടുക്കുന്നത്.
ReplyDeleteസമൂഹത്തില്‍ എന്തെല്ലാം തെറ്റായ കാര്യങ്ങള്‍ ഉണ്ടോ ...അവയെല്ലാം പോലീസ് സേനയിലും കാണും.
അതിനു സമൂഹം നന്നാവണം. ആ നന്നായ സമൂഹത്തില്‍ നിന്നും വരുന്ന പോലീസുകാര്‍ ആണ് ഇത് ചെയ്തത് എങ്കില്‍ നിങ്ങള്‍ പരിതപിച്ചത് പോലെ ആവാം. തെറ്റ് ചെയ്തത് ...ആവര്‍ത്തിക്കാതിരിക്കാന്‍ ...വേണ്ട നടപടികള്‍ നാം ഒത്തു ചേര്‍ന്ന് ചെയ്യുക. അല്ലാതെ വിമര്‍ശനം മാത്രം കൈമുതലാക്കരുത്.
താങ്കള്‍ക്കു ഇതിനൊരു പരിഹാരം പറയാന്‍ കഴിയുമോ?
പോലീസ് സേനയെ പിരിച്ചു വിട്ടാല്‍ പരിഹാരമാവുമോ?
വേണ്ട....... പോലീസുകാരെ പുറത്തു നിന്നും സല്‍ സ്വഭാവം മാത്രം ഉള്ള ഒരു രാജ്യത്ത് നിന്നും കൊണ്ട് വരാം....കഴിയുമോ?
അല്ലെങ്കില്‍...റോബോട്ടുകളെ പോലീസുകാരാക്കി പരീക്ഷിച്ചാലോ?
മാഷിതിനൊരു പരിഹാരം പറഞ്ഞു തന്നാല്‍ വളരെ ഉപകാരം.
പോലിസ് നാടിന്റെ ഹൃദയത്തിലെ കാന്‍സെര്‍ ആണെന്ന് പി.കുഞ്ഞിരാമന്‍ നായര്‍ പണ്ടേ പറഞ്ഞു. (കവിയുടെ കാല്പാടുകള്‍) ചീത്തയായ ഒരു സമൂഹത്തില്‍ ഒരു നല്ല മനുഷ്യന് ജീവിക്കുക അസാധ്യം, പക്ഷെ നല്ലവരുടെ സമൂഹത്തില്‍ ഏതു ചീത്ത മനുഷ്യനും പാര്‍ക്കാം( മുന്‍പെ പറക്കുന്ന പക്ഷികള്‍.) ബഷീറിന്റെ ഒരു മനുഷ്യന്‍ എന്ന കഥയൊക്കെ സാങ്കല്പികമാണിപ്പോള്‍.
ReplyDelete“അധികാരം കിട്ടിയാല്‍ നമ്മുടെ മന്ത്രിമാർ പഴയ വൈസ്രോയ്‌മാര്‍ തന്നെ“..............മാറ്റേണ്ടത് നമ്മുടെ ചട്ടക്കൂടിനെയാണ്........
ReplyDeleteസുകുമാരേട്ടാ,എല്ലാ കാലത്തും അധികാരി വർഗ്ഗത്തിന്റെ കാവൽ നായ്ക്കളാണ്’പോലീസ്’അതിന് ഇടതെന്നോ വലതെന്നോ ഭേദമില്ല.പിടിക്കടാ കടിക്കടാ എന്നുപറഞ്ഞാൽ അങ്ങനെ,വിട്ടേരടാ എന്നു പറഞ്ഞാൽ അങ്ങനെ.അല്ലാതെ പോലീസിനെ നവീകരിക്കാമെന്നും ,മനുഷ്യ പക്ഷത്താക്കാമെന്നതും വ്യാമോഹം മാത്രമാണ്.കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവുമധികം പോലീസ് പീഡനം നേരിടേണ്ടിവന്നിട്ടുള്ളത് കമ്മ്യൂണിസ്റ്റു പാർട്ടിപ്രവർത്തകർക്കാണ്.ഇന്നത്തെ ‘വൈസ്രോയി’മാരെല്ലാം കണക്കിനു തല്ലുകൊണ്ടവരും.പോലീസിന്റെ കയ്യിൽ ഒടക്കുഴലല്ലന്നും,മുള്ളുള്ള വടികൊണ്ടുനേരിടുമെന്നും പറയുന്നത് ഇതേ വിപ്ലവകാരികൾ തന്നെ.
ReplyDelete‘ഞങ്ങടെ പോലീസ് ഞങ്ങളെ തല്ലിയാൽ,നിങ്ങക്കെന്നാ കാൺഗ്രസ്സേ’ എന്നു വിളിപ്പിച്ചതും ഇവർ തന്നെ.
ഇവിടെ കുറെകൂടി ലളിതമാണ് കാര്യങ്ങൾ.സാമ്പത്തികമായും,സാമൂഹ്യമായും പിന്നണി ജനസമൂഹങ്ങളിലുള്ളവരാണങ്കിൽ ,പോലീസിന്റെ വീര്യം കൂടും.സമീപ കാലത്തെ കസ്റ്റടി മരണങ്ങളും പീഡന കഥകളും നോക്കുക.
പാർട്ടിക്കു ഗുണം കിട്ടുമെങ്കിൽ മാത്രം പ്രതികരിക്കുന്ന യുവാക്കളിലെ നീതിബോധം,കക്ഷിരാഷ്ട്രീയവൽക്കരണത്തിലൂടെ അരാഷ്ട്രീയമായ ഒരു തലമുറയെ നിർമ്മിച്ചെടുക്കലാണ്.
@ചാർവാകൻ
ReplyDelete//പാർട്ടിക്കു ഗുണം കിട്ടുമെങ്കിൽ മാത്രം പ്രതികരിക്കുന്ന യുവാക്കളിലെ നീതിബോധം,കക്ഷിരാഷ്ട്രീയവൽക്കരണത്തിലൂടെ അരാഷ്ട്രീയമായ ഒരു തലമുറയെ നിർമ്മിച്ചെടുക്കല്‍ //
അതെ, ചാര്‍വ്വാകന്‍ ശരിയായി പറഞ്ഞു. രാഷ്ട്രീയമെന്നാല്‍ കക്ഷിരാഷ്ട്രീയമാണെന്നും , കക്ഷിരാഷ്ട്രീയത്തിന് പുറത്തുള്ളവര്‍ അരാഷ്ട്രീയക്കാരാണെന്നും അണികളെ വിശ്വസിപ്പിക്കാന്‍ കഴിഞ്ഞു എന്നിടത്താണ് കപട ഇടത്പക്ഷത്തിന്റെ വിജയം. രാഷ്ട്രീയമെന്നാല്‍ കക്ഷിരാഷ്ട്രീയത്തിനപ്പുറത്ത് ജനപക്ഷത്ത് നിന്ന് കൊണ്ട് കാര്യങ്ങള്‍ വിശകലനം ചെയ്യലാണ്. കക്ഷിരാഷ്ട്രീയവല്‍ക്കരണത്തിലൂടെ സംഭവിക്കുന്നത് തികഞ്ഞ അരാഷ്ട്രീയവല്‍ക്കരണമാണ്. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നതും അതാണ്.
സി.പി.എമ്മിന്റെ ബിസിനസ്സ് രാഷ്ട്രീയത്തിനും സ്വത്ത് വെട്ടിപ്പിടിക്കലിനും ഈ അരാഷ്ട്രീയവല്‍ക്കരണം അത്യന്താപേക്ഷിതമാണ്. ഞാന്‍ ഇക്കാര്യം കുറെയായി എന്റെ പോസ്റ്റുകളിലൂടെ പറയാന്‍ ശ്രമിക്കുന്നു. ചാര്‍വ്വാകന്‍ അത് ചുരുങ്ങിയ വാക്കുകളില്‍ വിശദീകരിച്ചു. അത്കൊണ്ടാണ് കേരളത്തില്‍ എന്തെങ്കിലും സാമൂഹ്യമാറ്റങ്ങള്‍ ഇനി നടക്കണമെങ്കില്‍ സി.പി.എം. എന്ന നിക്ഷിപ്തതാല്പര്യക്കാരുടെ എസ്റ്റാബ്ലിഷ്‌മെന്റ് ആദ്യം തകര്‍ക്കപ്പെടണം എന്ന് പറയുന്നത്. സി.പി.എമ്മിന്റെ ലക്ഷക്കണക്കിന് അനുഭാവികള്‍ ശുദ്ധരും കഥയറിയാതെ ആട്ടം കാണുന്നവരുമാണ്. സി.പി.എം. തകര്‍ന്നാല്‍ ഈ ഇടത് മനസ്സുകളെ നാടിന്റെ പുനര്‍നിര്‍മ്മിക്കലിന് സജ്ജരാക്കാന്‍ സാധിക്കും.