ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര്‍ മാത്രമല്ല ലോകമെമ്പാടുമുള്ള കമ്മ്യൂണിസ്റ്റുകാര്‍ ഇപ്പോള്‍ ആനന്ദത്താല്‍ ഹര്‍ഷപുളകിതരാണ് . എന്താണ് സംഗതിയെന്നല്ലെ. മുതലാളിത്തം അതിന്റെ പ്രഭവസ്ഥാനമായ അമേരിക്കയില്‍ തന്നെ കുമിളകള്‍ കണക്കെ പൊട്ടിത്തെറിച്ച് ചിതറിയിരിക്കുന്നു. നമ്മുടെ മുഖ്യമന്ത്രി അത് പത്രക്കാരോട് പറയുമ്പോള്‍ എന്താ അദ്ദേഹത്തിന്റെ ഒരു സന്തോഷം! സാമ്പത്തികമായി അമേരിക്ക തകരുക എന്ന് വെച്ചാല്‍ മുതലാളിത്തം തകരുന്നു എന്ന് തന്നെയാണ് അര്‍ത്ഥം . മുതലാളിത്തത്തിന് പകരം വയ്ക്കാന്‍ സോഷ്യലിസമല്ലാതെ മറ്റൊന്നില്ല. ഇപ്പോള്‍ യൂറോപ്പില്‍ ഏറ്റവും അധികം വില്പനയാവുന്ന ഗ്രന്ഥം കാള്‍ മാര്‍ക്സിന്റെ മൂലധനം ആണെന്ന് സ്ഥിതിവിവരക്കണക്കുകള്‍ ചൂണ്ടിക്കാട്ടി മാധ്യമങ്ങളിലും ഇന്റര്‍നെറ്റിലും വാര്‍ത്തകള്‍ പ്രചരിക്കുന്നുമുണ്ട് . സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ ഭൌതികസാഹചര്യങ്ങള്‍, മുതലാളിത്തത്തിന്റെ തകര്‍ച്ചയോടെ യൂറോപ്പില്‍ പാകപ്പെട്ടുവരുന്നതായാണ് സൂചനകള്‍.
ഇത്തരുണത്തില്‍ എന്താണ് മുതലാളിത്തം എന്താണ് സോഷ്യലിസം, അവ രണ്ടും തമ്മിലുള്ള വ്യത്യാസം എന്താണ് എന്ന് നമുക്കൊന്ന് മനസ്സിലാക്കണ്ടെ. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ മൂലധനവും പ്രത്യുല്‍പാദനസാമഗ്രികളും എല്ലാം പൊതു ഉടമസ്ഥതയില്‍ ആയിരിക്കണം. പൊതു ഉടമസ്ഥന്‍ സര്‍ക്കാര്‍ ആയിരിക്കും. അതായത് മുതലാളിയുടെ റോള്‍ സര്‍ക്കാറിനായിരിക്കും. ലോകത്ത് തൊഴിലാളികളേ ഉണ്ടാവൂ , മുതലാളിമാര്‍ ഉണ്ടാവില്ല. തൊഴിലാളികള്‍ക്ക് അവരുടെ ഒരു പാര്‍ട്ടിയുണ്ടാവും. ആ പാര്‍ട്ടിയുടെ നിയന്ത്രണത്തിലായിരിക്കും സര്‍ക്കാര്‍ . അതായത് സര്‍ക്കാറും മൂലധനവും പ്രത്യുല്പാദനോപാധികളും പാര്‍ട്ടിയുടെ നിയന്ത്രണത്തില്‍ ആയിരിക്കും. പാര്‍ട്ടി അതിന്റെ ഉന്നതാധികാരസമിതിയുടെ തലവന്റെ നിയന്ത്രണത്തിലുമായിരിക്കും. തൊഴിലാളികള്‍ക്ക് പണി എടുക്കുക എന്ന പണിയേയുള്ളൂ. ബാക്കി എല്ലാം പാര്‍ട്ടി നോക്കിക്കൊള്ളും.
പാര്‍ട്ടിയിലേക്ക് പുതുതായി അംഗങ്ങളെ പാര്‍ട്ടിയുടെ കീഴ്ഘടകങ്ങള്‍ ചേര്‍ക്കും. പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികള്‍ വിവിധസഭകളില്‍ മത്സരിക്കും. ഒരു സ്ഥാനാര്‍ത്ഥിയേ മത്സരരംഗത്ത് ഉണ്ടാവൂ. ആ സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരായ തൊഴിലാളികള്‍ 99.999 ശതമാനം ഭൂരിപക്ഷത്തിന് തെരഞ്ഞെടുക്കും. മനസ്സിലായില്ലെ ? സ്ഥാനാര്‍ത്ഥിയെ വോട്ടര്‍മാര്‍ക്ക് സ്വീകരിക്കാം അല്ലെങ്കില്‍ നിരാകരിക്കാം യെസ് ഓര്‍ നോ. ആരും നോ പറയില്ല. അങ്ങനെയാണ് വിജയശതമാനം 99 കവിഞ്ഞ് നൂറിനോട് അടുക്കുന്നത്. പിന്നെയെന്തിനാണ് തെരഞ്ഞെടുപ്പ് എന്നല്ലെ. അതാണ് യഥാര്‍ത്ഥജനാധിപത്യം, മറിച്ചുള്ളത് ബൂര്‍ഷ്വാജനാധിപത്യമാണ്.
തൊഴിലാളിക്ക് പണിയും , പണി എടുത്താല്‍ കൂലിയും കിട്ടണം. ഇത് രണ്ടും സോഷ്യലിസത്തില്‍ ഗ്യാരണ്ടിയാണ്. എന്ത് പണി എടുക്കണം എത്ര കൂലി വേണം എന്നതൊക്കെ സര്‍ക്കാര്‍ തീരുമാനിക്കും. മൂലധനവും പ്രത്യുല്പാദനസാമഗ്രികളും പാര്‍ട്ടി നിയന്ത്രിക്കുന്ന സര്‍ക്കാറില്‍ നിക്ഷിപ്തമായിരിക്കും. ചുരുക്കത്തില്‍ ഇതാണ് സോഷ്യലിസം. തൊഴിലാളികളുടെ പാര്‍ട്ടിയും , പാര്‍ട്ടിയുടെ സര്‍ക്കാറും ആയതിനാല്‍ പണിമുടക്ക്,ബന്ദ്,ഹര്‍ത്താല്‍ ഒന്നും ഉണ്ടാവില്ല. ഒരു കണക്കിന് സുന്ദരമായ വ്യവസ്ഥിതി. ഈ വ്യവസ്ഥിതിയാണ് സോവിയറ്റ് യൂനിയനിലും കിഴക്കന്‍ യുറോപ്യന്‍ രാജ്യങ്ങളിലും ഗോര്‍ബ്ബച്ചേവിസം ബാധിച്ച് പൊളിഞ്ഞ് പോയത്. അതിന്റെ ആഘാതത്തില്‍ ചൈനയില്‍ സ്വത്തവകാശവും സ്വകാര്യമൂലധനവും ഭരണഘടനാഭേദഗതിയിലൂടെ ഈയടുത്തകാലത്താണ് പുന:സ്ഥാപിച്ചത്. അവിടെ കൃഷിഭൂമി കര്‍ഷകര്‍ക്ക് ആദ്യം പാട്ടത്തിനും പിന്നീട് ക്രയവിക്രയാവകാശങ്ങളോടെയും തിരിച്ചുകൊടുത്തിരുന്നു.
മുതലാളിത്തത്തില്‍ മൂലധനവും പ്രത്യുല്പാദനസാമഗ്രികളും മുതലാളിമാരുടെ കൈകളിലായിരിക്കും. അതാണ് പ്രശ്നം. അമേരിക്കയില്‍ സര്‍വ്വതും സ്വകാര്യമേഖലയിലാണ്. നമ്മള്‍ വിചാരിച്ചത് മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് പോലെ ക്യാപിറ്റലിസമാണ് ലോകത്തിന്റെ ഓപ്പറേറ്റിങ്ങ് സിസ്റ്റം എന്നാണ്. ആ വിചാരം തെറ്റാണെന്ന് ഇപ്പോള്‍ തെളിയിച്ചത് അമേരിക്ക തന്നെയാണ്. ഗോര്‍ബ്ബച്ചേവിസം കമ്മ്യൂണിസത്തെ തകര്‍ത്ത പോലെ ബുഷിസമാണോ അമേരിക്കയെ തകര്‍ത്തതെന്ന കാര്യത്തില്‍ തീര്‍പ്പ് വന്നിട്ടില്ല. ഇനിയിപ്പോള്‍ സോഷ്യലിസം എന്ന എക്കണോമിക്കല്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റം വെച്ചടി വെച്ചടി വ്യാപിക്കും. തുടക്കം എവിടെ നിന്നാവുമെന്നാണ് വ്യക്തമാവാത്തത്. കൊടുത്തതെല്ലാം തിരിച്ച് പിടിച്ച് ചൈനയില്‍ നിന്ന് ആരംഭം കുറിക്കുമോ അതോ ഇപ്പോഴും സോഷ്യലിസം അഭംഗുരം പുലരുന്ന ക്യൂബയില്‍ നിന്ന് ലോകത്തേക്ക് പടര്‍ന്ന് പന്തലിക്കുമോ എന്നാണറിയേണ്ടത്. ഏതായാലും ഇനിയുള്ള കാലം സോഷ്യലിസത്തിന്റേതാണ് എന്ന് തീര്‍ച്ച. അങ്ങനെ വിപ്ലവം നടത്താനുള്ള ബാധ്യത ഒഴിഞ്ഞുകിട്ടിയല്ലോ എന്ന സന്തോഷം കൂടി നമ്മുടെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്കില്ലാതില്ല.
ചോദ്യം: രാമന്‍ സീതയുടെ ആരാ?
ReplyDeleteഉത്തരം: വാലല്ലാത്തതെല്ലാം അളേലായി!
മാഷെ,
ReplyDeleteഒരു ചെറു നിരാശ പടര്‍ന്നു നില്‍ക്കുന്നല്ലോ വാക്കുകളില്‍.
നിരാശപ്പെടേണ്ട, ഇത് സാമ്പത്തിക ശാസ്ത്രം അനുവദിച്ചു കൊടുത്തിട്ടുള്ള പ്രതിസന്ധിയാണ്.
സമ്പത്ത് ഒരു ചെറുശതമാനം വരുന്ന ആളുകളിലേക്ക് കേന്ദ്രീകരിക്കുമ്പോള്‍ , ഭൂരിപക്ഷം വരുന്ന സാധാരണക്കരന്റെ വാങ്ങല്‍ ശേഷി കുറയുമല്ലോ,ഇത് തീര്‍ച്ചയായും കമ്പോളത്തെ ബാധിക്കുക്യും ചെയ്യും. ബുഷല്ല ഏതു അപ്പൂപ്പന്‍ വന്നാലും അത് തടുക്കാനുമാവില്ല, ഇദ്ദേഹം അല്പം വേഗത കൂട്ടിയിരിക്കാമെന്നു മാത്രം.
പിന്നെ മാര്‍ക്സിയന്‍ പുസ്തകങ്ങളുടെ പ്രസക്തി.
മാഷിന്റെ കയ്യില്‍ പഴയ റഷ്യന്‍ പാഠ്യപുസ്തകങ്ങള്‍ വല്ലതും ചുടാതെ ബാക്കിയുണ്ടെങ്കില്‍ മറിച്ചു നോക്കാം.ഇന്നു ലോകം അഭിമുഖീകരിക്കുന്ന പല പ്രശ്നങ്ങളും 80 കളില്‍ ഇറങ്ങിയ പുതകങ്ങളില്‍ പ്രവചന സ്വഭാവത്തോടെ കാണാനാവും. ഈ കിത്താബുകള്‍ വായിച്ചാണ് ഇവിടെ പലരും പ്രസംഗങ്ങള്‍ കാച്ചുന്നത്, ആഗോളവല്‍ക്കരണം മുതലാളിത്തത്തിന്റെ സന്തതിയാണെന്നു പറയുന്നത്. ഇന്നത്തെ സാമ്പത്തിക പ്രതിസന്ധിക്കു കാരണം ആഗോള വല്‍ക്കരണമാണെന്ന് അങ്ങയുടെ പൂജാ വിഗ്രഹമായ മന്മോഹന്‍സിങ് കഴിഞ്ഞ ദിവസം വെളിപാട് നടത്തിയത് കേട്ടില്ലെ, എത്രയോ വര്‍ഷങ്ങളായി ഇവിടുത്തെ ഇടതു പക്ഷം ഇതു പറയുന്നു?
അപ്പോള്‍ പ്രവചന സ്വഭാവമുള്ള ചിലത് കാണുമ്പോള്‍ ആളുകള്‍ക്ക് വെറുതെയെങ്കിലും വായിക്കണം എന്നു തോന്നും. നമ്മുടെ നാട്ടിലെ പോലെ തൊട്ടുകൂടായ്കയൊന്നും ഇക്കാര്യത്തില്‍ പാശ്ചാത്യരിലില്ല എന്നാണ് തോന്നുന്നത്.
ആശംസകള്‍
അനിലേ , 1917ല്‍ സോഷ്യലിസ്റ്റ് വിപ്ലവം അങ്ങ് റഷ്യയില്‍ വിജയിച്ചപ്പോള്‍ ആ വിപ്ലവത്തെ പുകഴ്ത്തി ആദ്യം കവിത രചിച്ചത് നമ്മുടെ ദേശീയ കവി സുബ്രഹ്മണ്യഭാരതി ആയിരുന്നു. ജവഹര്‍ലാല്‍,ജയപ്രകാശ് നാരായണ്‍,ലോഹ്യ,തുടങ്ങി അസംഖ്യം ഭാരതീയ നേതാക്കള്‍ കമ്മ്യൂണിസത്തില്‍ ആകൃഷ്ടരായിരുന്നു.സ്വതന്ത്ര ഇന്ത്യയിലെ പ്രതിപക്ഷനേതാവ് ഏ.കെ.ജി.ആയിരുന്നു. മറ്റുള്ളവരെ കുറ്റം പറയുന്നതിനിടയില്‍ എന്ത് കൊണ്ട് കമ്മ്യൂണിസത്തിന് ഈ ഗതി വരുന്നു എന്ന് അരനിമിഷം ചിന്തിക്കാന്‍ സോകോള്‍ഡ് കമ്മ്യൂണിസ്റ്റുകള്‍ തയ്യാറാവാത്തത് അതിശയം തന്നെയാണ്. ഇവിടെ ബൂര്‍ഷ്വാ വ്യവസ്ഥിതി ആയത് കൊണ്ട് അധികാരം കിട്ടിയാലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. എന്നാല്‍ ചൈനയിലും ആഗോളവല്‍ക്കരണം ഉണ്ടല്ലൊ.അഥവാ അവിടെ ഇല്ലേ ? ഉണ്ടെങ്കില്‍ എന്ത് കൊണ്ട് അവര്‍ക്ക് അതിനെയൊന്നും ചെറുക്കാന്‍ കഴിയുന്നില്ല? ഇവിടത്തേക്കാളും രൂക്ഷമാണ് അവിടത്തെ സ്ഥിതിഗതികള്‍ എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്,സാമ്പത്തികമായി വന്‍പുരോഗതി നേടുന്നു എന്ന് പറയുമ്പോഴും. അവിടെ ബൂര്‍ഷ്വാവ്യവസ്ഥിതി ഇല്ലല്ലോ. ഉണ്ടോ ? ഉണ്ടെങ്കില്‍ എന്ത് കൊണ്ട് സോഷ്യലിസത്തിലും ബൂര്‍ഷ്വാസി കടന്നു കയറുന്നു? ചൈനയെ ഉദാഹരിക്കുന്നത് ഒഴിവാക്കാമായിരുന്നു,സോഷ്യലിസം വരുന്ന വഴി നേതാക്കന്മാര്‍ കാണിച്ചു തന്നിരുന്നുവെങ്കില്‍. അനിലിന് തന്നെ കണ്‍ഫ്യൂഷന്‍ ഇല്ലെ ?
ReplyDeleteമാഷെ,
ReplyDeleteഅനിലിനു കണ്‍ഫ്യൂഷന്‍ ഇവിടുത്തെ ചില നേതാക്കള്‍ ഉണ്ടാക്കുന്നത് മാത്രമേ ഉള്ളൂ. ഒരു നേതാവിന്റേയും വീരസ്യം കേട്ട് പ്രസ്ഥാനത്തിലേക്കു വന്നവനല്ല ഞാന്‍, ഒന്നും പ്രതീക്ഷിച്ചുമല്ല. മനസ്സിനിണങ്ങിയ ആശയങ്ങളോട് യോജിച്ചു പോകാന്‍ പരമാവധി ശ്രമിക്കുകയും ചെയ്യും.
സമൂഹത്തിന്റെ മൂല്യത്തകര്‍ച്ച, നേതാക്കള്‍ എന്ന മനുഷ്യര്‍ക്ക് ബാധിച്ചെന്നു മാത്രമേ ഉള്ളൂ. (ചിലരതിനെ കാലാനുഗതമായ മാറ്റം എന്നു വിശേഷിപ്പിക്കുന്നു). ഇവര്‍ക്കും മുകളിലാണ് പ്രസ്ഥാനം എന്ന ആത്മവിശ്വാസം ഇപ്പോഴുമുണ്ട്.
വീണ്ടും കാണാം
പ്രായോഗിക തലത്തില്‍ തീര്‍ച്ചയായും ചില പാളിച്ചകള്‍ വിന്നിട്ടുന്ടെങ്കിലും കമ്മ്യൂണിസത്തെപ്പോലെ മാനവീകമായ ഒരു പ്രത്യശാസ്ത്രം ഇതുവരെ ഉണ്ടായിട്ടില്ല. മാനവരാശിയുടെ ദീര്‍ഘമായ ചരിത്രവുമായി തട്ടിച്ചു നോക്കുമ്പോള്‍ ഇരുനൂറു വര്‍ഷത്തില്‍ താഴെ പഴക്കമുള്ള ഒരു പ്രത്യശസ്ത്രത്തിന്റെ പ്രായോഗിക തലത്തില്‍ പാളിച്ചകള്‍ സ്വാഭാവികമല്ലേ? അസംഖ്യം തെറ്റുകളിലൂടെയല്ലേ സംസ്കാരം രൂപപ്പെട്ടു വന്നത്. തെറ്റുകളില്‍ നിന്നും പാഠം ഉള്‍കൊണ്ട് മനൂഷീക മൂലിയങ്ങളില്‍ അധിഷ്ഠിതമായ, പ്രാദേശിക ചരിത്ര യാഥാര്‍ത്ഥ്യങ്ങളെ ഉള്‍കൊള്ളാന്‍ കഴിയുന്ന ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥിതി എന്ത് കൊണ്ടു നിലവില്‍ വരാന്‍ കഴിയില്ല?
ReplyDeleteസോവിയറ്റ് വിപ്ലവത്തില്‍ അതിന്റെ ശൈശവത്തില്‍ തന്നെ എകതിപത്യ പ്രവണതകള്‍ കടന്നു കൂടി വിപ്ലവത്തിന്റെ സത്ത നശിപ്പിക്കപെട്ടിരുന്നു. അങ്ങനെയുള്ള ഒരു എകതിപത്യ ഭരണകൂടവും, അതിനാല്‍ സ്ഥാപിതമായ മറ്റു കിഴക്കന്‍ യൂറോപ്പിലെ ഭാരണങ്ങളും പോളിയുക എന്നത് ചരിത്രത്തിന്റെ അനിവാരിയത ആയിരുന്നു. ശരിയായ വിപ്ലവം ഇനിയും നടക്കേണ്ടിയിരിക്കുന്നു!
മുതലാളിത്തത്തിന് ലാഭം കുന്നുകൂട്ടുക എന്നല്ലാതെ മനൂഷീക പരിഗണന എവിടെ? ഇന്നു ലോകത്ത് സംഭവിക്കുന്ന സാമ്പത്തീക തകര്‍ച്ചയുടെ കാരണം ലോകത്തുള്ള 650 പരം കോടി ജനങ്ങളില്‍ വെറും വിരലില്‍ എണ്ണാവുന്നവരുടെ ആര്‍ത്തിയുടെ പരിണിത ഫലമല്ലേ. മറ്റൊരു ഉദാഹരണം: ഇപ്പോള്‍ കോംഗൊയില്‍ നടക്കുന്ന ആഭ്യന്തിര യുദ്ധത്തിന് പിന്നിലും അവിടുത്തെ പ്രകൃതി സമ്പത്തില്‍ ആര്‍ത്തി പൂണ്ട ലോകത്തെ microsoft ഉള്‍പടെയുള്ള വന്‍ കുത്തക കമ്പനികലനെന്നാണ് പറയപ്പെടുന്നത്! അവിടുത്തെ പാവപ്പെട്ട ജനങ്ങളില്‍ പട്ടിണിയും മരണവും വാരി വിതറുന്നത് ആര്‍ത്തി പൂണ്ട മുതലാളിത്തമാണ്.
ശാസ്ത്രത്തിനും യുക്തിക്കും നിരക്കാത്ത കാരിയങ്ങളെ ഉള്‍കൊള്ളാന്‍ വിസമ്മതിക്കുന്ന സുകുമാരേട്ടന് എങ്ങനെ CPM എന്ന മുതളിത പ്രവണതകളില്‍ മുങ്ങിത്താഴ്ന്നു കൊണ്ടിരിക്കുന്ന ഇടതുപക്ഷ പാര്‍ട്ടിയെ അടിസ്ഥാനമാകി സോഷ്യലിസം/കമ്മ്യൂണിസം എണ്ണ സാമൂഹിക ശാസ്ത്രത്തെ അന്ധമായി എതിര്‍ക്കാന്‍ കഴിയും?
ശ്രീ.അനില്‍
ReplyDeleteതാങ്കള്‍ പറഞ്ഞത് പോലെതന്നെ സുകുമാര്‍ജിയുടെ വാക്കുകളില്‍ ഒരു നിരാശ അനുഭവപ്പെടുന്നുണ്ട്. അദ്ദേഹത്തിന്റെ പൂജാ വിഗ്രഹമായ മന്മോഹന്‍സിങ്ങ് പറഞ്ഞ വാക്കുകളില്‍ ഒളിഞ്ഞിരിക്കുന്ന നിരാശാ ഭാവം അദ്ദേഹത്തിനും ബാധിച്ചു എന്നതാണ് സത്യം. പഴകി പുളിച്ച പ്രത്യശാസ്ത്ര സംവാദത്തിനൊന്നും നില്‍ക്കുന്നില്ല. നെഹ്രുവിനും മറ്റുള്ളവര്‍ക്കും തോന്നിയ സോഷ്യലിസ്റ്റ് പ്രേമത്തിഇന്റെ ഫലമായിരുന്ന ജനങ്ങള്‍ക്ക് ഏറെ ആശ്വാസകരമായിരുന്ന ഇന്ത്യയിലെ പൊതുമേഖലാ സംവിധാനം. ലോകബാങ്ക് ചാരനായ മന്‍ മോഹന്‍ സിങ്ങിന്റെ ഉദാര സമീീപന അസുഖം നിമിത്തം ഇന്ന് എല്ലാം സ്വകാര്യ മേഖലക്ക് വിറ്റു തുലക്കുന്നു. കാര്യങ്ങള്‍ തിര്‍ഞ്ഞ് മറീഞ്ഞ് അവസാനം അമേരിക്കയും ബാങ്കുകളുടെ ദേശസാല്‍കരണത്തിലേക്ക് തിരിഞ്ഞപ്പോള്‍ ശ്രീ.മന്മോഹന് ഇപ്പോള്‍ അയ്യട എന്നായി.
കൊടികുത്തിയ മുതലാളിത്ത പ്രേമം അസ്ഥിക്ക് പിടിച്ചപ്പോല്‍ മുതലാളിത്ത കാമുകിക്ക് . കാമുകിക്ക് ഇപ്പോള്‍ പണ്ടുള്ള പകിട്ടൊന്നും ഇല്ല എന്ന് മനസ്സിലായത്. :)
പ്രിയപ്പെട്ട ബൈജു, യാഥാര്‍ത്ഥ്യബോധത്തോടെയാണ് ബൈജു സംസാരിക്കുന്നത് എന്നതില്‍ എനിക്ക് അങ്ങേയറ്റം ചാരിതാര്‍ത്ഥ്യമുണ്ട്. സോവിയറ്റ് വിപ്ലവത്തില്‍ അതിന്റെ ശൈശവത്തില്‍ തന്നെ ഏകാധിപത്യ പ്രവണതകള്‍ കടന്നു കൂടി വിപ്ലവത്തിന്റെ സത്ത നശിപ്പിക്കപെട്ടിരുന്നു. ഇതാണ് ശരിയായ നിരീക്ഷണം. ആ ഏകാധിപത്യപ്രവണതകള്‍ ഇന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ തുടരുന്നു. അതാണ് കമ്മ്യൂണിസ്റ്റ് വിരോധികള്‍ ഉണ്ടാവാനുള്ള കാരണം.ഒരു സി.പി.എം. അനുഭാവിക്ക് ഈ സത്യം മനസ്സിലാവില്ല. അതാണ് ഇന്ത്യയില്‍ സി.പി.എം. മാത്രം എതിര്‍ക്കപ്പെടാനുള്ള ഒരേയൊരു കാരണവും.
ReplyDeleteസി.പി.എം. എന്ന പാര്‍ട്ടിയുടെ ഉത്ഭവം തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സംഘടനാചട്ടക്കൂടിനും അടിസ്ഥാനപ്രമാണങ്ങള്‍ക്കും എതിരായിരുന്നു. ഒരു ചെറിയ ന്യൂനപക്ഷം ഇറങ്ങിപ്പോയി പുതിയ പാര്‍ട്ടി ഉണ്ടാക്കുക എന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നശിപ്പിക്കുന്നതിന് തുല്യമായിരുന്നു.ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചിന്നിച്ചിതറി പോകാന്‍ കാരണം 1964ലെ ആ പിളര്‍പ്പായിരുന്നു.അന്ന് ആ വേറിട്ട് പോകല്‍ സംഭവിച്ചില്ലായിരുന്നുവെങ്കില്‍ ഇന്ത്യയുടെ തലയെഴുത്ത് മാറിയേനേ. ഒരു കണക്കിന് പാര്‍ട്ടിയുടെ ശൈഥില്യം അനിവാര്യമായിരുന്നു. കാരണം ലെനിനെയോ,മാവോവിനെയോ പോലെ മാര്‍ക്സിസത്തെ ഇന്ത്യന്‍ പരിസ്ഥിതികള്‍ക്കനുസരിച്ച് വ്യാഖ്യാനിച്ച് പ്രയോഗത്തില്‍ വരുത്താന്‍ മൌലികമായി ചിന്തിക്കുന്ന ഒരു നേതാവ് ഇവിടെ ഉണ്ടായില്ല. എന്നാലും ഭൂരിപക്ഷതീരുമാനത്തിന് ന്യൂനപക്ഷം വഴങ്ങുക എന്ന സംഘടനാതത്വം ലംഘിക്കപ്പെടാതെ പാര്‍ട്ടി അവിഭക്തമായി പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ ഇന്ന് നമ്മുടെ രാജ്യം ഇക്കാണുന്ന കോലത്തില്‍ അല്ല ഉണ്ടായിരിന്നിരിക്കുക. ഏകാധിപത്യപ്രവണത ഉള്ളവരാണ് പിളര്‍ന്ന് പോയത് എന്ന് പിന്നീടങ്ങോട്ടുള്ള സംഭവവികാസങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പിളര്‍പ്പിന് ശേഷം നേതാക്കള്‍ ഭൂരിപക്ഷം സി.പി.ഐ.യിലും അണികള്‍ ഭൂരിപക്ഷം സി.പി.എമ്മിലുമായിരുന്നു. ആശയപരമായി ആയുധമണിയാത്തത് കൊണ്ടാണ് വൈകാരികമായ കാരണങ്ങളുടെ പുറത്ത് അണികള്‍ സി.പി.എമ്മിന്റെ കൂടെ അണിചേരാന്‍ കാരണമായത്.ശരിയായ ഒരു നേതാവ് അതായത് ഏ.കെ.ജി. തെറ്റായ ഒരു ഗ്രൂപ്പില്‍ എത്തിപ്പെട്ടു എന്നതാണ് ആ പിളര്‍പ്പിന്റെ ദുരന്തം. തെറ്റായ ഒരു നേതാവ് അതായത് ഇ.എം.എസ്.ശരിയാക്കാമായിരുന്ന ആ ഗ്രൂപ്പിന്റെ നേതാവായി എന്നത് മറ്റൊരു ദുരന്തം.പിണറായിലൂടെ ആ തെറ്റ് ഇപ്പോഴും തുടരുന്നു .
കമ്മ്യൂണിസത്തെപ്പോലെ മാനവീകമായ ഒരു പ്രത്യശാസ്ത്രം ഇതുവരെ ഉണ്ടായിട്ടില്ല എന്നതില്‍ ആര്‍ക്ക് തര്‍ക്കം ബൈജു ? മനുഷ്യന്റെ മനസ്സ് അത് യാഥാര്‍ത്ഥ്യമാക്കാന്‍ പറ്റും വിധം സ്വാര്‍ത്ഥതകളെ പരിമിതപ്പെടുത്താന്‍ തയ്യാറാവുമോ എന്നതിലേ എനിക്ക് സംശയമുള്ളൂ. സോഷ്യലിസം/കമ്മ്യൂണിസം എന്ന സാമൂഹിക ശാസ്ത്രത്തെയല്ല പാര്‍ട്ടികളിലെ ഏകാധിപത്യപ്രവണതകളെയാണ് ഞാന്‍ എതിര്‍ക്കുന്നത് എന്ന് ദയവായി മനസ്സിലാക്കുക. അത് കൊണ്ടാണ് എല്ലാ കമ്മ്യൂണിസ്റ്റ് ആശയക്കാരും പുനരേകീകരിച്ച് ഒരു സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപപ്പെടണം എന്ന ആശയം ഞാന്‍ മുന്നോട്ട് വെക്കുന്നത്. ഈ ആശയം പുറത്ത് പറഞ്ഞാല്‍ സി.പി.എം. അതിനെ അടിച്ചമര്‍ത്തും. കാരണം അളവറ്റ ആസ്തിക്ക് മേലെ അടയിരിക്കുകയാണ് അതിന്റെ നേതൃത്വം. അത് സംരക്ഷിക്കാനുള്ള കാവല്‍ ഭടന്മാരാണ് ആ പാര്‍ട്ടിയുടെ അംഗങ്ങള്‍. നഷ്ടപ്പെടാന്‍ ഏറെയുള്ളത് കൊണ്ട് ഇന്നുള്ളതില്‍ ഒരു നേരിയ മാറ്റം പോലും അവര്‍ സഹിക്കുകയില്ല. അത് കൊണ്ടാണ് സി.പി.എം.ഒരു പ്രതിവിപ്ലവസംഘടനയാണെന്ന് ഞാന്‍ പറയുന്നത്.
മുതലാളിത്തം തകരുന്നു എന്ന് ഞാന്‍ പറയില്ല. പാവപ്പെട്ടവന്റെ ചോര കുടിച്ച് അത് ഇപ്പോഴും അനുനിമിഷം വീര്‍ക്കുക തന്നെയാണ്.ഒരു ബദല്‍ മാര്‍ഗ്ഗം കാണാത്തത് കൊണ്ട് അപ്രിയയാഥാര്‍ത്ഥ്യമായി അംഗീകരിക്കുകയാണെന്റെ മനസ്സ്.
സുകുമാരേട്ടാ,
ReplyDeleteസി പി എം എന്ന പാര്‍ട്ടിയില്‍ മൂല്യ ശോഷണം വന്നിട്ടുണ്ട് എന്ന കാര്യം അംഗീകരിയ്ക്കാത്ത ഒരു സി പി എം അനുഭാവിയെങ്കിലും ഈ ബൂലോകത്ത് ഉണ്ടെന്ന് ഞാന്‍ വിശ്വസിയ്ക്കുന്നില്ല്ള. തീര്‍ച്ചയായും ആഗോളീകരണത്തിണ്റ്റെ ദോഷകരമായ ഒരു സ്വാധീനം മറ്റേത് മേഖലകളിലെന്ന പോലെ പാര്‍ട്ടിയിലും ഉണ്ടായിട്ടുണ്ട്. അതു പോലെ തന്നെ പാര്‍ട്ടിയ്ക്കകത്ത് പ്രാദേശിക തലത്തിലെങ്കിലും എകാധിപത്യപരമെന്ന് വിശേഷിപ്പിയ്ക്കാവുന്ന ചില നടപടികള്‍ ഉണ്ടാവുന്നുണ്ട്.
പക്ഷെ ഇന്ന് ഇന്‍ഡ്യയില്‍ നിലവിലിലുള്ള പാര്‍ട്ടികളില്‍ ഏറ്റവും ജനാധിപത്യപരമായി തീരുമാനങ്ങള്‍ എടുക്കുന്നത് കമ്മൂണിസ്റ്റ് പാര്‍ട്ടികള്‍ അല്ലേ? ഇനി കേന്ദ്രീകൃത ജനാധിപത്യ രീതിയെയാണു എകാധിപത്യ പ്രവണത എന്നുദ്ദേശിച്ചതെങ്കില്‍ ഇതിനേക്കാള്‍ ജനാധിപത്യപരമായും അതേ സമയം സമയനിഷ്ടമായും ഫലപ്രദമായും തീരുമാങ്ങള്‍ എടുക്കാന്‍ കഴിയുന്ന ഒരു ബദല്‍ രീതി നിര്‍ദ്ദേശിയ്ക്കാമോ?( കോണ്‍ഗ്രസിണ്റ്റെയോ ബി ജെ പിയുടേയൊ രീതിയാണു ബദല്‍ എങ്കില്‍ എനിക്ക് മറുപടി ഇല്ല.).
സുകുമാരേട്ടാ, സി പി എം നേതാക്കള്‍ മാത്രമല്ല പാര്‍ട്ടിയുടെ മൂല്യ ശോഷണത്തിന് പ്രതികള്‍ പാര്‍ട്ടി അംഗങ്ങളിലും, അനുഭാവികളിലും മൂല്യ ശോഷണത്തിനു വിധേയമായിക്കൊണ്ടിരിയ്യ്ക്കൂന്ന സമൂഹം ചെലുത്തുന്ന സ്വാധീനം തന്നെ മൂല കാരണം. അതിനെ കുറേയൊക്കെ പ്രതിരോധിയ്ക്കാന്‍ പാര്‍ട്ടിയ്ക്ക് കഴിയേണ്ടിയിരുന്ന്നു. പിന്നെ വ്യക്തിപരമായി നമ്മളും മൂല്യങ്ങളില്‍ നിന്നകലുകയല്ലേ...
ഇ സിയുടെ തണൂപ്പിലിരുന്ന് വിമര്‍ശിയ്ക്കാന്‍ എളുപ്പമാണു...കൃത്യമായ പരിഹാര മാര്‍ഗ്ഗങ്ങള്‍ കാണാനും, അതു പ്രാവര്‍ത്തികമാക്കാനും അത്ര എളുപ്പമല്ല...
വിമര്‍ശനം പാടില്ല എന്നല്ല... അത് സൃഷ്ടിപരമായിരിയ്ക്കണം... വസ്തുനിഷ്ടമായിരിയ്ക്കണം... പ്രായോഗിക പരിഹാര മാര്‍ഗ്ഗങ്ങള്‍ അടങ്ങിയതിരിയ്ക്കണം.സി പി എം ഒരു പ്രതി വിപ്ളവ സംഘനയാണു എന്ന വിലയിരുത്തല്‍ എത്രമാത്രം വസ്തുനിഷ്ടമാണ് എന്നാലോചിയ്ക്കുക...
കമ്മ്യൂണിസം എന്ന ആശയത്തില്‍ ചേട്ടനുള്ള അനുഭാവം ആത്മാറ്‍ത്ഥമാണെന്ന ധാരണയിലാണു ഇതെഴുതുന്നത്. കാരണം നകുലനെന്ന ബ്ളോഗ്ഗറും പാര്‍ട്ടിയിലെ മൂല്യതകര്‍ച്ചയില്‍ ദുഖിയ്ക്കുന്നയാളാണു.
Dear dropsofrain,
ReplyDeleteവായനയ്ക്കും അഭിപ്രായത്തിനും നന്ദി. മൂല്യ ശോഷണം എന്നത് ഇന്ന് സമൂഹത്തെ ആകെ ബാധിച്ചിട്ടുണ്ട്. ഇത്രയും വലിയ ഒരു ജനക്കൂട്ടത്തെ മൂല്യബോധമുള്ളവരാക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. പണം ഒരു അത്യാവശ്യഘടകമായി വന്നു,ആവശ്യങ്ങള്‍ പെരുകി.എങ്ങനെയും പണമുണ്ടാക്കണം എന്ന ചിന്തയാണ് ഇന്ന് എല്ലാവര്‍ക്കും. എല്ലാവരും അത് തങ്ങളുടെ കഴിവിനനുസരിച്ച് ചെയ്യുന്നു.നിയമവാഴ്ച ഉള്ളത് കൊണ്ട് കുറ്റകൃത്യങ്ങള്‍ കൂടുന്നില്ല എന്നേയുള്ളൂ.ജനനനിരക്ക് അനിയന്ത്രിതമായി വര്‍ദ്ധിക്കുമ്പോള്‍,ആവശ്യങ്ങളും പരിധിയില്ലാതെ പെരുകുമ്പോള്‍ മൂല്യബോധം എത്രമാത്രം സംരക്ഷിക്കപ്പെടാന്‍ കഴിയും എന്നത് സംശയമാണ്.
സി.പി.എം.എന്ന പാര്‍ട്ടി മാത്രമല്ല രാഷ്ട്രീയത്തിലും എല്ലാ പാര്‍ട്ടികളിലും അപചയം സംഭവിച്ചു.മനുഷ്യര്‍ തന്നെ ആണല്ലൊ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നത്.ഒരു നിര്‍ദ്ധിഷ്ട ഐഡിയോളജി പ്രവര്‍ത്തിപഥത്തിലെത്തിക്കാന്‍ യത്നിക്കുന്ന പാര്‍ട്ടികള്‍ ഇന്നില്ല എന്ന് പറയാം.അഥവാ എന്തെങ്കിലും ഐഡിയോളജി ആരെങ്കിലും മുന്നോട്ട് വെക്കുന്നുണ്ടെങ്കില്‍ തന്നെ അത് ഒരു മുഖം മൂടിയായി ഉപയോഗപ്പെടുത്തുന്നതാണ്. കാലികമായി പ്രസക്തമാവുന്ന ഒരു ഐഡിയോളജി ഇന്ന് നിലവിലില്ല എന്ന് എനിക്ക് തോന്നുന്നു. എന്തെങ്കിലും ഉണ്ടെങ്കില്‍ തന്നെ അത് നെഗറ്റീവാണ്. അത് കൊണ്ടാണ് തീവ്രവാദികള്‍ ഉണ്ടാവുന്നത്.തീവ്രവാദികള്‍ പ്രതിനിധാനം ചെയ്യുന്ന ഐഡിയോളജികള്‍ ഒന്നും പ്രായോഗികമല്ല. അതിനാല്‍ തന്നെയാണ് അസഹിഷ്ണുത മൂത്ത് അവരൊക്കെ തീവ്രവാദികളാവുന്നത്.
കാലത്തിന്റെ പ്രശ്നങ്ങളും ആവശ്യങ്ങളും ഏറ്റെടുത്ത് കൊണ്ട് അതാത് കാലത്ത് പുത്തന്‍ ഐഡിയോളജികളും പുതിയ പ്രസ്ഥാനങ്ങളും ആവിര്‍ഭവിക്കേണ്ടതുണ്ട് എന്നാണെന്റെ അഭിപ്രായം. മനുഷ്യര്‍ പൊതുവെ ഭൂതകാലത്തില്‍ ഒട്ടിപ്പിടിക്കാനുള്ള വാസനയാണ് കാണിക്കുന്നത്. സത്യം പറഞ്ഞാല്‍ കമ്മ്യൂണിസം അടക്കം ഇന്നും പ്രചാരത്തിലുള്ള പ്രത്യയശാസ്ത്രങ്ങള്‍ക്ക് അതാത് കാലത്ത് പ്രസക്തിയുണ്ടെങ്കിലും ഇക്കാലത്തേക്കോ,വരും കാലത്തേക്കോ അവ പ്രസക്തമല്ല്ലാത്ത വിധം കാലഹരണപ്പെട്ടു എന്ന ഒരു കാഴ്ചപ്പാടില്‍ നിന്ന് കൊണ്ടാണ് ഞാന്‍ എന്റെ അഭിപ്രായം പറയുന്നത്. അത് തെറ്റോ ശരിയോ എന്നത് വേറെ കാര്യം. എന്നാല്‍ ഓരോ കാലത്തും ഓരോ ഇസങ്ങള്‍ ഉടലെടുത്തുവെങ്കില്‍ എന്ത് കൊണ്ട് ഇക്കാലത്ത് നമുക്ക് ഒരു പുതിയ പ്രത്യയശാസ്ത്രത്തെ പറ്റി ആലോചിച്ചു കൂട? ഇന്ന് പല പ്രത്യയശാസ്ത്രങ്ങളെ അന്ധമായി പിന്‍തുടരുന്നവരുടെ ശാഠ്യങ്ങളും അതില്‍ നിന്നുണ്ടാവുന്ന സംഘര്‍ഷങ്ങളുമാണ് ലോകത്ത് അസമാധാനം സൃഷ്ടിക്കുന്നത്.
ആഗോളവല്‍ക്കരണമാണ് ഇന്നത്തെ സകല പ്രശ്നങ്ങള്‍ക്കും കാരണമെന്ന മട്ടില്‍ പലരും പറയുന്നത് കേള്‍ക്കുന്നുണ്ട്. എനിക്കതിന്റെ അര്‍ത്ഥം ശരിക്ക് മനസ്സിലായിട്ടില്ല. ആഗോളവല്‍ക്കരണം എന്നത് ആരെങ്കിലും നടപ്പിലാക്കിയ ഒരു നയമായിരുന്നോ അതോ ലോകത്തിന്റെ സ്വാഭാവികമായ വളര്‍ച്ചയോ? ഒരു രാജ്യത്തിനും മറ്റ് രാജ്യങ്ങളുമായി കൊടുക്കല്‍ വാങ്ങല്‍ നടത്താതെ നിലനിന്ന് പോകാന്‍ കഴിയാത്ത ഒരു സാഹചര്യം ഇന്ന് നിലവിലുണ്ട്. ആ സാഹചര്യമല്ലേ ആഗോളവല്‍ക്കരണം? അത്തരം ഒരു സാഹചര്യത്തില്‍ നിന്ന് ഒരു തുരുത്തിലെന്ന പോലെ ഏതെങ്കിലും രാജ്യത്തിന് മാറിനില്‍ക്കാനാവുമോ? ഞാന്‍ മനസ്സിലാക്കുന്നത് ആഗോളവല്‍ക്കരണം എന്നത് ശാസ്ത്രസാങ്കേതിക വളര്‍ച്ചയുടെ ഫലമായി സംഭവിച്ച സ്വാഭാവികമായ ഒരു ലോകപരിണാമം എന്നാണ്. അത് ഒഴിവാക്കാനാകുമായിരുന്നോ എന്നെനിക്കറിയില്ല.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ജനാധിപത്യകേന്ദ്രീകരണം എന്ന വകുപ്പ് ആണ് പാര്‍ട്ടിയും പാര്‍ട്ടി നയിച്ച സര്‍ക്കാറുകളും ഏകാധിപത്യപ്രവണത കാണിക്കാന്‍ കാരണമെന്നും ആ ഏകാധിപത്യപ്രവണത തന്നെയാണ് സോവിയറ്റ് യൂനിയന്റെ അടക്കം പതനത്തിലേക്ക് നയിച്ചതെന്നും നിരീക്ഷണങ്ങളുണ്ടായിട്ടുണ്ട്. അതാണ് ശരിയെന്ന് ഞാനും കരുതുന്നു. തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യമെന്ന പരിപാടിയുടെ അടിസ്ഥാനത്തിലുള്ള കമ്മ്യൂണിസത്തോട് എനിക്കിന്ന് യോജിപ്പില്ല. ജനാധിപത്യത്തിന്റെ ചട്ടക്കൂടില്‍ നിന്ന് കൊണ്ട് പ്രവര്‍ത്തിക്കാന്‍ കഴിയും വിധം ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പരിപാടി മാറ്റണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അങ്ങനെ വരുമ്പോള്‍ ജനാധിപത്യകേന്ദ്രീകരണം എന്ന വകുപ്പ് പാര്‍ട്ടിയുടെ കെട്ടുറപ്പിന് ഗുണം ചെയ്യും എന്നും ജനാധിപത്യ വികേന്ദ്രീകരണം എന്ന തത്വം അതിന്റെ സ്പിരിറ്റില്‍ നടപ്പിലാവും എന്നും എനിക്ക് തോന്നുന്നു. അതേ പോലെ തന്നെ ഈ ഒരു മാറ്റത്തോടെ ഇന്ത്യയിലെ മുഴുവന്‍ കമ്മ്യൂണിസ്റ്റ് ആശയക്കാര്‍ക്കും ഒരേ കൊടിക്കീഴില്‍ അണിനിരക്കാനും ഈ മാറ്റം വഴി തുറക്കും.
എന്റെ ഈ അഭിപ്രായം എല്ലാവരും പുച്ഛിച്ച് തള്ളുകയേയുള്ളൂ എന്നെനിക്കറിയാം. അത് ഭൂതകാലത്തിന് മനുഷ്യമനസ്സുകളുടെ മേലുള്ള പിടുത്തത്തിന്റെ കാഠിന്യം നിമിത്തമാണ്. നടന്നില്ലെങ്കിലും വേണ്ടില്ല ഈ ആശയം എനിക്ക് പ്രിയപ്പെട്ടതായിപ്പോയി അതിനാല്‍ ഞാനിത് ഉപേക്ഷിക്കില്ല എന്ന് മനസ്സ് പറയും. അതിനെ ധിക്കരിക്കാന്‍ പലര്‍ക്കും കഴിയില്ല. പിന്നെ ഇന്നത്തെ നിലയില്‍ അതിന്റെ സൌഭാഗ്യങ്ങള്‍ അനുഭവിക്കുന്ന സ്ഥാപിതതാല്പര്യക്കാര്‍ ഏതൊരു മറുപരിശീലനത്തെയും പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുകയും ചെയ്യും.
പുതിയ ചിന്തകളെ, പുതിയ ഒരു മൂവ്‌മെന്റിനെ കാത്തിരിക്കുന്ന ആളാണ് ഞാന്‍. അത് നിര്‍ദ്ദേശിക്കാനുള്ള ധിഷണ എനിക്കില്ല എന്ന് വിനയപൂര്‍വ്വം പറയട്ടെ. അത് കൊണ്ട് ഈ ജീര്‍ണ്ണതകള്‍ക്കെതിരെ ശബ്ദിക്കരുത് എന്നെന്നോട് പറയരുത്. കമ്മ്യൂണിസം മാത്രമാണ് നല്ല ആശയം എന്നെനിക്ക് തോന്നുന്നില്ല. ഗാന്ധിസത്തിലും നബിയിസത്തിലും കൃസ്ത്യനിസത്തിലും ബുദ്ധിസത്തിലും ഒക്കെ നല്ല ആശയങ്ങളുണ്ട്. ആശയങ്ങള്‍ അവ നല്ലതായാല്‍ സ്വാംശീകരിക്കണം എന്ന് തോന്നുന്നു. ജനാധിപത്യപരമായ ഒരു സമന്വയമാണ് ആവശ്യം. ഒരു ആശയം മാത്രം സാര്‍വ്വലൌകികമായി നടപ്പിലാക്കാന്‍ ഇനി കഴിയുമെന്ന് തോന്നുന്നില്ല. അവിടെയാണ് ജനാധിപത്യത്തിന്റെ പ്രസക്തി. അത് കൊണ്ടാണ് ഇനി ജനാധിപത്യത്തിന്റെ കാലമാണ് എന്ന് പറയുന്നത്. ജനാധിപത്യം എന്ന് പറയുന്നത് അഞ്ച് കൊല്ലം കൂടുമ്പോള്‍ വോട്ട് ചെയ്യാനുള്ള അവസരമല്ല. അത് സഹനത്തിന്റെയും സമന്വയത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ഒക്കെ അടിസ്ഥാനത്തിലുള്ള ഒരു ജീവിതശൈലിയാണ്, ഒരു സംസ്ക്കാരമാണ്.
നമുക്കിനിയും സംവദിക്കാമല്ലൊ,
സ്നേഹപൂര്‍വ്വം,