Pages

ബാംഗ്ലുരിലെ പ്രബോധിനി വായനശാലയുടെ മാഗസിനില്‍ എഴുതിയ ലേഖനം

ബാംഗ്ലൂര്‍ മഡിവാലയില്‍ പ്രവര്‍ത്തിക്കുന്ന പ്രബോധിനി വായനശാലയുടെ വാര്‍ഷിക പതിപ്പില്‍ ഒരു സൃഷ്ടി എഴുതിത്തരാന്‍ അതിന്റെ സംഘാടകര്‍ എന്നോട് പറഞ്ഞു . ഒരു മിനിക്കഥ പോലും ഞാനിത് വരെ എഴുതിയിട്ടില്ല . എന്തെങ്കിലും എഴുതണമല്ലൊ എന്ന് ആലോചിച്ച് ദിവസങ്ങള്‍ കുറെ കടന്ന് പോയി. അവസാനം ഒരു ചെറിയ കുറിപ്പ് എഴുതി അവര്‍ക്ക് ഇ-മെയിലില്‍ അയച്ചു കൊടുത്തു . മാഗസിനിന്റെ പ്രകാശനം ഇന്നായിരുന്നു . ആ ചെറിയ കുറിപ്പ് ഇവിടെയും പോസ്റ്റ് ചെയ്യുന്നു. പ്രകാശനച്ചടങ്ങുകളും മറ്റും പ്രബോധിനിയുടെ ബ്ലോഗില്‍ പബ്ലിഷ് ചെയ്യുമല്ല്ലൊ.
പ്രബോധിനിയുടെ പ്രസക്തി

രണ്ടോ മൂന്നോ തവണ മാത്രമേ ഞാന്‍ പ്രബോധിനി സന്ദര്‍ശിച്ചിട്ടുള്ളൂ . എങ്കിലും അപ്പോഴൊക്കെ പ്രബോധിനി എന്നില്‍ മതിപ്പും സന്തോഷവും ഉളവാക്കിയിട്ടുണ്ട് . സര്‍ഗ്ഗാത്മകത വരളുകയും ഒരു തരം യാന്ത്രികത ജീവിതത്തിന്റെ സമസ്ത മേഖലകളെയും ഗ്രസിച്ചിരിക്കുകയും ചെയ്തിരിക്കുന്ന ഇക്കാലത്ത് , തിരക്കിനിടയിലും ഒരു പറ്റം ചെറുപ്പക്കാര്‍ ഗ്രന്ഥശാല പ്രവര്‍ത്തനത്തിന് അതും ബാംഗ്ലൂര്‍ പോലെ ഒരു നഗരത്തില്‍ സമയം കണ്ടെത്തുന്നു എന്നത് നിസ്സാരമായ കാര്യമല്ല .


ഒരു നദിയില്‍ നമുക്ക് രണ്ട് പ്രാവശ്യം കുളിക്കാന്‍ കഴിയില്ല എന്നൊരു ചൊല്ല് പ്രശസ്തമാണ് . പുഴ അനുസ്യൂതം മാറിക്കൊണ്ടിരിക്കുന്നു . പുഴയെന്നാല്‍ ഒഴുക്കാണല്ലൊ . നാം കുളിക്കുമ്പോള്‍ ഉണ്ടായിരുന്ന വെള്ളം ഒഴുകി കടലിലെത്തി , അവിടെ നിന്ന് അത് വീണ്ടും നീരാവിയായി അന്തരീക്ഷത്തില്‍ കലര്‍ന്നിരിക്കാം . അടുത്ത തവണ കുളിക്കാന്‍ പോകുമ്പോള്‍ തികച്ചും പുതിയൊരു പുഴയാണവിടെയുള്ളത് . പുഴ മാത്രമല്ല , പ്രകൃതിയില്‍ എല്ലാം മാറിക്കൊണ്ടിരിക്കുന്നുണ്ട് . നമ്മുടെ ശരീരവും സദാ മാറിക്കൊണ്ടിരിക്കുന്നു . ശരീരമെന്നാല്‍ കോശങ്ങളുടെ ആകെത്തുകയാണല്ലൊ . ശരീരകോശങ്ങളും അനുനിമിഷം പുതുപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു . ഇത്കൊണ്ടൊക്കെത്തന്നെയാണ് മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രം എന്ന് ചൊല്ല് പ്രചാരത്തിലായത് .



നാമും നമുക്ക് ചുറ്റുമുള്ളതുമെല്ലാം സദാ മാറിക്കൊണ്ടിരിക്കുന്നത് കൊണ്ടാണ് പൊതുവെ കാലവും മാറി എന്ന് പറയുന്നത് . സത്യത്തില്‍ കാലം മാറുന്നേയില്ല . മാറാന്‍ അങ്ങനെയൊരു കാലമില്ല എന്നതാണ് സത്യം . വര്‍ത്തമാനത്തിന്റെ തുടര്‍ച്ച മാത്രമാണ് കാലം . അത് ഭൂതത്തെ അവശേഷിപ്പിക്കുന്നില്ല . ഭാവിയെ ഉണ്ടാക്കുന്നുമില്ല . ഇത് വളരെ പ്രധാനപ്പെട്ട സംഗതിയാണ് . കഴിഞ്ഞു പോയ സംഭവങ്ങള്‍ നാം ഓര്‍ക്കുന്നു . അതിന്റെ അടിസ്ഥാനത്തില്‍ വരാന്‍ പോകുന്നത് വിഭാവനം ചെയ്യാനും നമുക്ക് കഴിയുന്നു . അങ്ങനെ കാലത്തിന് ഒരു മുപ്പരിമാണം അഥവാ ഭൂതം, വര്‍ത്തമാനം , ഭാവി എന്ന നിലയില്‍ ഒരു നൈരന്തര്യം നാം ആരോപിക്കുകയാണ് ചെയ്യുന്നത് . ഇപ്പോള്‍ കാലം മാറി എന്ന് സാധാരണയായി പറയുമ്പോള്‍ നമ്മുടെ മൂല്യ ബോധത്തില്‍ വന്ന മാറ്റത്തെയാണ് ഭംഗ്യന്തരേണ നാം സൂചിപ്പിക്കുന്നത് .



എല്ലാവര്‍ക്കും ഇന്ന് തിരക്കാണ് . ഒന്നിനും നേരമില്ല , അത് കൊണ്ട് പുസ്തകവായനയുമില്ല . ആധുനിക സാങ്കേതിക വിദ്യ സമയത്തെയും ദൂരത്തെയും കീഴടക്കിയിട്ടുണ്ട് . മുന്‍പൊക്കെ മൂന്നോ നാലോ ദിവസം കഴിഞ്ഞ് മാത്രം കിട്ടിയിരുന്ന വിവരങ്ങള്‍ ഇന്ന് അതേ സെക്കന്റില്‍ നമുക്ക് ലഭിക്കുന്നു . മിക്കവാറും എല്ലാവരും എല്ലാ സമയവും ഇന്ന് ഫോണ്‍ തരംഗങ്ങളാല്‍ കണക്റ്റഡ് ആണ് . എന്നിട്ടും സമയം ആര്‍ക്കും ഒന്നിനും തികയുന്നില്ല . ഇവിടെ കുറഞ്ഞുപോയത് സമയമല്ല , മനസ്സിന്റെ വിശാലതയും മൂല്യവിചാരവുമാണ് . വര്‍ത്തമാനകാലം വെറുതെ അനാവശ്യമായി ധൂര്‍ത്തടിച്ചിട്ടാണ് നാം കാലം ചുരുങ്ങിപ്പോയി എന്ന് ഒഴിവ് കഴിവ് പറയുന്നത് . കാലമെന്നാല്‍ വര്‍ത്തമാനത്തിന്റെ ശൃംഖലകള്‍ മാത്രമാണെന്ന് ആനന്ദ് ഈയ്യിടെ ഒരു ലേഖനത്തില്‍ എഴുതിയത് വായിക്കാനിടയായി . ചുരുള്‍ നിവരുന്ന കാലത്തിലൂടെ നാം സഞ്ചരിക്കുകയല്ല , ചരിത്രത്തിന് പിറകെ കാലം ചുരുളുകയാണ് ചെയ്യുന്നത് എന്ന് ഞാന്‍ എന്റെ ആദ്യ ബ്ലോഗ് പോസ്റ്റില്‍ എഴുതിയിരുന്നു .



വായനശാലകളും ഗ്രന്ഥാലയങ്ങളും നാടൊട്ടുക്ക് സംഘടിപ്പിക്കുകയും വായന നിത്യ ജീവിതത്തിന്റെ അഭേദ്യമായ ഭാഗവുമായിരുന്ന ഒരു വര്‍ത്തമാനകാലം ഒരിക്കല്‍ ഉണ്ടായിരുന്നു. വായനയിലൂടെ മാത്രമേ മാ‍നവ സംസ്ക്കൃതി നിലനിന്ന് തലമുറകളിലേക്ക് പകര്‍ത്താന്‍ കഴിയൂ എന്ന് ഇപ്പോഴും ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. അത് തന്നെയാണ് പ്രബോധിനിയുടെ പ്രസക്തിയും. നാട്ടിന്‍ പുറങ്ങളിലെ വായനശാലകളും വായനക്കൂട്ടങ്ങളും നിര്‍ജ്ജീവങ്ങളാവുകയും തത്സ്ഥാനത്ത് ടിവി പ്രേക്ഷകര്‍ ഇരിപ്പിടം കണ്ടെത്തുകയും ചെയ്ത , സഹൃദയത്വം നഷ്ടപ്പെട്ടു പോയ ഇക്കാലത്ത് പ്രബോധിനിയുടെ പ്രവര്‍ത്തകരെ എത്ര ശ്ലാഘിച്ചാലും അധികമാവില്ല .



സാമൂഹ്യ പ്രവര്‍ത്തകരെ ഒരു പാട് മേഖലകളില്‍ ഒരു പാട് ആവശ്യമുള്ള കാലമാണിത് . എന്നാല്‍ ദൌര്‍ഭാഗ്യവശാല്‍ നിസ്വാര്‍ത്ഥമായ സാമൂഹ്യ സേവനവും ഇന്ന് ഒരു പഴങ്കഥയായി മാറി . രാഷ്ട്രീയപ്രവര്‍ത്തനമെന്നാല്‍ സാമൂഹ്യപ്രവര്‍ത്തനമാണെന്ന മിഥ്യാധാരണയും പലര്‍ക്കുമുണ്ട് . രാഷ്ട്രീയപ്രവര്‍ത്തനം ഇന്ന് അതാത് പാര്‍ട്ടികളുടെ നിലനില്‍പ്പിന് വേണ്ടി മാത്രമാണ് . പാര്‍ട്ടികള്‍ക്ക് ഫണ്ട് പിരിച്ചു കൊടുക്കുക , സമ്മേളനങ്ങള്‍ നടത്തുക , വോട്ടുകള്‍ പിടിച്ചു കൊടുക്കുക തുടങ്ങി പാര്‍ട്ടിപ്രവര്‍ത്തകന്മാര്‍ക്ക് ധാരാളം ജോലികളുണ്ട് . അതിനൊക്കെ ഏതെങ്കിലും തരത്തിലുള്ള പ്രതിഫലവും ലഭിക്കാന്‍ മാര്‍ഗ്ഗവുമുണ്ട് . ആധ്യാത്മിക മേഖലകളിലും ഇന്ന് ധാരാളം പ്രവര്‍ത്തകന്മാരുണ്ട് . ക്ഷേത്രങ്ങളും മറ്റും പുനരുദ്ധരിക്കുക , ആള്‍ദൈവങ്ങള്‍ക്കും സ്വാമിമാര്‍ക്കും മറ്റും അകമ്പടി സേവിക്കുക എന്നിങ്ങനെ അവിടെയും ഒരു പാട് പ്രവര്‍ത്തന സാധ്യതകളുണ്ട് . പക്ഷെ സമൂഹത്തെ ബോധവല്‍ക്കരിക്കാന്‍ , ജനങ്ങളെ അറിവിലേക്കും അവകാശ ബോധങ്ങളിലേക്കും നയിക്കാന്‍ ഭാവനാശാലികളായ പ്രവര്‍ത്തകന്മാരുടെ അഭാവം നമ്മുടെ സമൂഹത്തെ ഇന്ന് പിറകോട്ട് നയിക്കുകയാണ് . ഈയൊരു പശ്ചാത്തലത്തിലാണ് പ്രബോധിനി നമുക്ക് മാതൃകയാവുന്നത് .

No comments:

Post a Comment