മതങ്ങളെക്കുറിച്ച് താങ്കള്‍ എന്ത് പറയുന്നു ? മതപരിവര്‍ത്തനം നിരോധിക്കുന്നത് ജനാധിപത്യവിരുദ്ധമല്ലേ ?
ഒരാള്‍ സ്വമേധയാ ഒരു മതത്തില്‍ ചേരുന്നതോ , ഒരു മതത്തില്‍ നിന്ന് മറ്റൊരു മതത്തിലേക്ക് മാറുന്നതോ നിരോധിച്ചാലേ ജനാധിപത്യവിരുദ്ധമാവൂ. അതേ പോലെ തങ്ങളുടെ മതത്തെക്കുറിച്ച് പ്രചാരണം നടത്തുന്നതും തെറ്റല്ല . മതങ്ങളെ എതിര്‍ത്ത് പ്രചാരവേല നടത്താനുള്ള അവകാശവും ജനാധിപത്യപൌരാവകാശത്തില്‍ പെടും. ഇവിടെ ജനങ്ങളുടെയിടയില്‍ നിലനില്‍ക്കുന്ന ദാരിദ്ര്യത്തെയും അവശസാഹചര്യങ്ങളെയും മുതലെടുത്ത് പ്രലോഭിപ്പിച്ചും നിര്‍ബ്ബന്ധിച്ചും മതപരിവര്‍ത്തനത്തിന് വിധേയമാക്കുകയാണ് . ഹിന്ദു എന്നത് ഇപ്പോള്‍ ഒരു മതം തന്നെയാണെന്ന് ഏറെക്കുറെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. അപ്പോള്‍ സ്വാഭാവികമായും ഹൈന്ദവസംഘടനകള്‍ ഉയര്‍ന്നുവരും . തങ്ങളുടെ മതത്തില്‍ നിന്ന് കൂട്ടത്തോടെ ആളുകളെ മതം മാറ്റുന്നത് ഹൈന്ദവസംഘടനകള്‍ എതിര്‍ത്തെന്നും വരും . അതാണ് ഒറീസ്സകള്‍ ഉണ്ടാവാന്‍ കാരണം. അതിനാല്‍ മതപരിവര്‍ത്തനം ചെയ്യുന്നത് നിരോധിക്കേണ്ടത് ഇവിടെ മതസൌഹാര്‍ദ്ധം നിലനില്‍ക്കാനുള്ള മുന്നുപാധിയായി മാറിയിരിക്കുന്നു ഇപ്പോള്‍ . മാത്രമല്ല മതപരിവര്‍ത്തനത്തില്‍ ഒരു സാമ്രാജ്യത്വ അജണ്ട ഒളിഞ്ഞിരിക്കുന്നതും കാണാന്‍ കഴിയും . അല്ലെങ്കില്‍ എന്തിനാണ് മതത്തില്‍ ആളുകള്‍ വര്‍ദ്ധിക്കണമെന്ന് കരുതുന്നത് . പണ്ട് കാലത്ത് ഹൈന്ദവസംസ്ക്കാരം വൈദേശികവും സ്വദേശീയവുമായ എല്ലാ മതങ്ങളെയും സഹിഷ്ണുതയോടെ സ്വീകരിച്ചത് കൊണ്ടാണ് ഇവിടെ ഇന്ന് കാണുന്ന മതങ്ങള്‍ വളര്‍ന്നത് . ഇനി മറ്റ് മതങ്ങളില്‍ നിന്ന് ആരെങ്കിലും തങ്ങളുടെ മതബോധനങ്ങളാല്‍ ആകൃഷ്ടരായി സ്വയം മുന്നോട്ട് വന്നാലല്ലാതെ ആരെയും ഇങ്ങോട്ട് വരാന്‍ പ്രേരിപ്പിക്കുകയില്ല എന്ന് എല്ലാ മതങ്ങളും ഒരു പെരുമാറ്റച്ചട്ടം ഉണ്ടാക്കണം. അല്ലാതെ ഹൈന്ദവസംഘടനകളെ സ്ഥാനത്തും അസ്ഥാനത്തും വിമര്‍ശിക്കുകയും അവരെ വര്‍ഗ്ഗീയവാദികള്‍ എന്ന് മുദ്ര ചാര്‍ത്തി അയിത്തം കല്‍പ്പിച്ചത് കൊണ്ടും കാര്യമില്ല . ഹൈന്ദവസംഘടനകള്‍ മറ്റ് മതങ്ങളില്‍ നിന്ന് ആരെയും മതം മാറുന്നതിന് പ്രേരിപ്പിക്കുന്നില്ല . അതേ പോലെ ഹൈന്ദവ സംഘടനകള്‍ക്ക് വിദേശ പണവും ലഭിക്കാന്‍ മാര്‍ഗ്ഗമില്ല . യാതൊരു മതങ്ങളെയും പ്രോത്സാഹിപ്പിക്കാതിരിക്കുക എന്നതാണ് മതേതരത്വം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് . പക്ഷെ ഇവിടെ മറ്റ് മതങ്ങളെ പ്രീണിപ്പിക്കാനും ഹിന്ദു മതത്തെ എതിര്‍ക്കാനുമാണ് മതേതരവാദികള്‍ ശ്രമിക്കുന്നത് . ഹിന്ദു വികാരം ആളിക്കത്തിക്കാനേ ഈ സമീപനം സഹായകമാവൂ .
മതം എന്നത് കുറെ ആളുകളുടെ കൂട്ടായ്മയോ അല്ലെങ്കില്‍ സംഘടനയോ ആണ് . അതിന് ഒരു ഗുരുവോ അല്ലെങ്കില്‍ സ്ഥാപകനോ കാണും . തത്വങ്ങളും പ്രബോധനങ്ങളും പ്രാമാണിക ഗ്രന്ഥങ്ങളും ആചാരങ്ങളും ശീലങ്ങളും അനുഷ്ടാനങ്ങളും കാണും . അത്രയേയുള്ളൂ . മനുഷ്യര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതില്‍ മതങ്ങള്‍ക്ക് വലിയ പങ്കുമുണ്ട് . പക്ഷെ മതങ്ങള്‍ എണ്ണത്തില്‍ കൂടിയത് കൊണ്ട് ഫലത്തില്‍ ലോകത്ത് സംഘര്‍ഷങ്ങളാണ് ഉണ്ടാവുന്നത്. അത് കൊണ്ടാണ് ഒരു മതം മതിയെന്ന് ശ്രീനാരായണ ഗുരു പറഞ്ഞത് . ചിന്തിക്കുന്ന ആര്‍ക്കും അത് ശരിയെന്നേ തോന്നൂ . ദൌര്‍ഭാഗ്യവശാല്‍ ലോകത്ത് ചിന്തിക്കുന്നവര്‍ ന്യൂനപക്ഷവും വിശ്വസിക്കുന്നവര്‍ മഹാഭൂരിപക്ഷവുമായിപ്പോയി . അതാണ് പ്രശ്നം . ചിലര്‍ പറയും തങ്ങളുടെ മതം ദൈവം നേരിട്ട് സൃഷ്ടിച്ചതാണെന്ന് . അതേ നാവ് കൊണ്ട് പ്രപഞ്ചത്തെയും സര്‍വ്വചരാചരങ്ങളെയും സൃഷ്ടിച്ചതും ദൈവമാണെന്ന് പറയും . ഇതില്‍ വൈരുധ്യമുണ്ട് . പ്രപഞ്ചത്തെ സൃഷ്ടിച്ച ദൈവം കുറച്ച് ആള്‍ക്ക് മാത്രമായി മതം ഉണ്ടാക്കി സംഘര്‍ഷത്തിന്റെ വിത്ത് വിതയ്ക്കുമോ ?
മനുഷ്യനെ നന്നാക്കാന്‍ ഇന്ന് മതം വേണ്ട എന്നാണെന്റെ അഭിപ്രായം . നല്ല വിദ്യാഭ്യാസം മതി . ലോകം മൊത്തം ഇന്ന് ഒരു അയല്‍ക്കൂട്ടം മാതിരി ചുരുങ്ങി . മനുഷ്യരാശിയെ ആകെമൊത്തം ഒരു കുടുംബമായി കാണാനുള്ള മാനസിക പരിശീലനമാണ് ഇന്ന് വ്യക്തികള്‍ക്ക് ലഭിക്കേണ്ടത് . ഭൂതകാലത്തിന്റെ ഭാരിച്ച വിഴുപ്പുഭാണ്ഡങ്ങള്‍ ഓരോ വ്യക്തിയും ഇന്ന് അനാവശ്യമായി ചുമക്കുന്നു എന്നാണെനിക്ക് തോന്നുന്നത് . അത് കൊണ്ട് ജീവിതം പലര്‍ക്കും നരകതുല്യമാവുന്നു. സത്യത്തില്‍ അത്രക്കൊന്നുമില്ല ജീവിതം . നാം ജീവിതത്തില്‍ സന്തോഷത്തിന്റെ അളവ് കൂട്ടുകയാണ് വേണ്ടത് . തനിക്കും മറ്റുള്ളവര്‍ക്കും എന്താണോ സന്തോഷം തരുന്നത് അതാണ് സ്വീകരിക്കേണ്ടത് . സന്തോഷത്തെ ഇല്ലാതാക്കുന്നത് നിരസിക്കണം . ചടങ്ങുകള്‍ക്കും ആചാരങ്ങള്‍ക്കും വേണ്ടി ജീവിതം പലരും തുലയ്ക്കുന്നു . ഒരു ഉദാഹരണം പറയാം .
ദിനേശ് ബീഡിയിലെ പണി കൊണ്ട് തന്റെ രണ്ട് മക്കളെ പോറ്റാന്‍ കഴിയാതെ വന്നപ്പോള്‍ സാവിത്രി (പേര് സാങ്കല്പികം) കൂലിപ്പണിക്ക് പോകാന്‍ തുടങ്ങി . മാനസിക രോഗിയായിരുന്ന ഭര്‍ത്താവ് മരിച്ചു പോയി. കഷ്ടപ്പെട്ടാണ് മക്കളെ പഠിപ്പിച്ചത് . അഞ്ച് സെന്റ് സ്ഥലത്ത് ഒരു വീടും പണിതു . ഡിഗ്രി പഠിക്കുന്ന മകള്‍ക്ക് ഒരു ചെറുപ്പക്കാരനുമായി പ്രണയമായി . ദൂരെയുള്ള ജില്ലയില്‍ നിന്ന് അഞ്ചരക്കണ്ടിയില്‍ കാര്‍പ്പന്റര്‍ പണിക്ക് വന്നതാണ് ആ യുവാവ് . സല്‍സ്വഭാവി . അവര്‍ വിവാഹിതരാവാന്‍ തീരുമാനിക്കുന്നു . ജാതിവ്യത്യാസം രണ്ടു വീട്ടുകാരും കണക്കിലെടുക്കുന്നേയില്ല . ഞാന്‍ കാണുമ്പോള്‍ സാവിത്രി തന്റെ പേരിലുള്ള അഞ്ച് സെന്റ് സ്ഥലത്തിന്റെ ആധാരവുമായി സ്ഥലത്തെ സഹകരണ ബാങ്കിലേക്ക് പോവുകയായിരുന്നു. സ്ത്രീധനം എന്ന നീചമായ ആചാരം കണ്ണൂര്‍ ജില്ലയിലില്ലെങ്കിലും പൊന്നിന്റെ വിലയൊക്കെ പരിഗണിക്കുമ്പോള്‍ കുറഞ്ഞത് ഒരു ലഷം രൂപയെങ്കിലും കൈവശമില്ലെങ്കില്‍ സാധാരണഗതിയില്‍ കല്യാണം നടക്കില്ല. അത്രയും തുക സംഘടിപ്പിക്കാനുള്ള തത്രപ്പാടിലായിരുന്നു അവള്‍ . സദ്യക്കും മറ്റും വേണ്ടി വരുന്ന ബാക്കി തുക കല്യാണദിവസം ക്ഷണിക്കപ്പെടുന്നവരില്‍ നിന്നും പിരിഞ്ഞു കിട്ടും . മറ്റൊരര്‍ത്ഥത്തില്‍ അതും പലിശസഹിതമുള്ള വായ്പ തന്നെയാണ് . ഞാന്‍ ചോദിച്ചു , കല്യാണം ലളിതമായി നടത്തിക്കൂടേ ? റജിസ്റ്റര്‍ വിവാഹമായോ അല്ലെങ്കില്‍ വായനശാലയില്‍ വെച്ചോ മറ്റോ ... ? “ പക്ഷെ എന്നെ സാധാരണ പോലെ കല്യാണം കഴിച്ചയക്കണം എന്നാണ് മോള് പറയുന്നത് സുകുമാരേട്ടാ .... ” ഈ സാധാരണ പോലെ എന്ന സംഗതി എത്ര കുടുംബങ്ങളെയാണ് കണ്ണീര്‍ കുടിപ്പിക്കുന്നതും ആത്മഹത്യയിലേക്ക് നയിക്കുന്നതും . കല്യാണച്ചടങ്ങ് ലളിതമാക്കിയാല്‍ എത്രയോ കുടുംബങ്ങള്‍ക്ക് ജീവിതം തന്നെ തിരിച്ചു കിട്ടും. എന്തിനാണ് നിയോഗം പോലെ ഇത്തരം ചടങ്ങുകള്‍ ജീവിതവും ചിലപ്പോള്‍ ജീവനും കളഞ്ഞ് ആളുകള്‍ പിന്‍പറ്റുന്നത് എന്നാണ് എന്റെ ദു:ഖം . നമുക്ക് അനായാസമായി ഈ ജീവിതം ജീവിച്ച് തീര്‍ത്തുകൂടേ ?
Thanks
ReplyDelete:)
ReplyDelete"തങ്ങളുടെ മതത്തില്‍ നിന്ന് കൂട്ടത്തോടെ ആളുകളെ മതം മാറ്റുന്നത് ഹൈന്ദവസംഘടനകള്‍ എതിര്‍ത്തെന്നും വരും . അതാണ് ഒറീസ്സകള്‍ ഉണ്ടാവാന്‍ കാരണം."
ReplyDeleteമാഷേ, ഒറീസ്സയില്‍ പട്ടികവര്ഗ്ഗങ്ങളും പട്ടികജാതികളും സംഘര്ഷം തുടങ്ങിയിട്ട് കാലം കുറെയായി. പട്ടികജാതിയില്‍ ഒരു പാടു പേര്‍ ഈയടുത്തായി ക്രിസ്തുമതത്തിലേക്ക് മാറിയതിനു ശേഷം അവരെ സപ്പോര്ട്ട് ചെയ്യാന്‍ ഇറ്റലിയില്‍ നിന്നുവരെ ആളുണ്ടെന്ന് മാത്രം. ആത്യന്തികമായി അവരുടെ ആവശ്യം ഒന്നേയുള്ളു. പനകളെ (പട്ടികജാതികളെ) പട്ടിക വര്ഗ്ഗമായി അംഗീകരിക്കുക. നിലവിലുള്ള പട്ടിക വര്ഗ്ഗങ്ങള് അതിനെ എതിര്ക്കുകയും ചെയ്യുന്നു.
ഓക്കെ കുതിരവട്ടന്‍ , ഒറീസ്സ ഞാന്‍ ആനുഷംഗികമായി പരാമര്‍ശിച്ചു എന്ന് മാത്രം . മതപരിവര്‍ത്തനമാണ് പ്രശ്നം. പട്ടികജാതികളില്‍ പെട്ട വിഭാഗങ്ങളെ പട്ടിക വര്‍ഗ്ഗമായി അംഗീകരിക്കണമെന്ന ആവശ്യവും നിലവിലുള്ള പട്ടിക വര്ഗ്ഗങ്ങള് അതിനെ എതിര്‍ക്കുകയും ചെയ്യുക എന്ന പ്രതിഭാസം ഈയടുത്ത കാലത്ത് ആരംഭിച്ചതാണല്ലൊ . സ്വാതന്ത്ര്യം കിട്ടിയത് മുതല്‍ നടപ്പാക്കി വരുന്ന സംവരണനയം കൊണ്ട് അര്‍ഹിക്കുന്ന പട്ടികജാതി-പട്ടികവര്‍ഗ്ഗവിഭാഗങ്ങള്‍ക്കും ആദിവസി-ദളിതുകള്‍ക്കും ഇതേവരെയായി അവസരസമത്വം ലഭ്യമായിട്ടില്ല. ഇന്ന് എല്ലാ പ്രശ്നങ്ങള്‍ക്കും ഒരു ഒറ്റമൂലി ആയിട്ടാണ് സംവരണത്തെ രാഷ്ട്രീയക്കാര്‍ കാണുന്നത് . സത്യത്തില്‍ സംവരണം കൊണ്ട് അതിന്റെ ആനുകൂല്യങ്ങള്‍ കൈക്കലാക്കുന്നത് പട്ടികജാതി/വര്‍ഗ്ഗങ്ങളിലെ മേല്‍ത്തട്ടിലുള്ളവര്‍ തന്നെയാണ് . കോരന് 60 വര്‍ഷം കഴിഞ്ഞിട്ടും കഞ്ഞി കുമ്പിളില്‍ തന്നെ. സംവരണ നയം തന്നെ പുന:പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട് . അതിനൊക്കെ ഭാവനയുള്ളവര്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കേണ്ടതുണ്ട് .
ReplyDeleteപണ്ടുകാലത്തും പട്ടികജാതി/വര്‍ഗ്ഗക്കാരെത്തന്നെയാണ് മതപരിവര്‍ത്തനത്തിന് വിധേയമാക്കിയിരുന്നത് . അയിത്തവും തൊട്ടുകൂടായ്മയുമൊക്കെ ആയിരുന്നു കാരണങ്ങള്‍ . അന്നൊന്നും ഹൈന്ദവസംഘടനകള്‍ ഓര്‍ഗ്ഗനൈസ്‌ഡ് ആയിരുന്നില്ല . ഇന്ന് സ്ഥിതി മാറി വരുന്നു . ഹിന്ദു സംഘടനകളില്‍ മതപരിവര്‍ത്തനത്തിനെതിരായ വികാരം വളര്‍ന്നു വരുന്നു . ഹൈന്ദവ വികാരത്തെ വര്‍ഗ്ഗീയതയായി മതേതരവാദികള്‍ വ്യാഖ്യാനിക്കുമ്പോള്‍ ഹൈന്ദവതയ്ക്ക് സ്വീകാര്യത കൂടി വരികയും ചെയ്യുന്നു . ഇതൊക്കെ ആത്യന്തികമായി സംഘര്‍ഷത്തിലേക്ക് നയിക്കുന്നു . അത് കൊണ്ടാണ് മതപരിവര്‍ത്തനം ഇനി നിരോധിക്കണമെന്നും , ബന്ധപ്പെട്ട മത വിഭാഗങ്ങള്‍ മതത്തിലേക്ക് ആളുകളെ ആകര്‍ഷിച്ച് പരിവര്‍ത്തനവിധേയമാക്കുന്നത് നിര്‍ത്തണമെന്നും ഞാന്‍ അഭിപ്രായപെടുന്നത് . മനുഷ്യന്റെ പ്രശ്നങ്ങള്‍ ഒന്നും മതവുമായി ബന്ധപ്പെട്ടതല്ല. അത് സമൂഹത്തിന്റെ പ്രശ്നങ്ങളുമായി കെട്ടുപിണഞ്ഞ് കിടക്കുന്നതാണ് . അത് കൊണ്ട് സാമൂഹികമായും രാഷ്ട്രീയമായുമാണ് മനുഷ്യരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടേണ്ടത് . സമാന്തര ഭരണകൂടങ്ങളായാണ് ഇന്ന് മതങ്ങള്‍ വര്‍ത്തിക്കുന്നത് . നാളെ ഹിന്ദു മതത്തിനും ഈ ഗതി വന്നേക്കാം . ഈ ഭൂമിയെ മാനവീകരിക്കേണ്ടതുണ്ട് . അതിന് ജാതി-മത ചിന്തകള്‍ ഒഴിവാക്കുകയാണ് വേണ്ടത് . എത്രയോ വര്‍ഷങ്ങളായി മനുഷ്യസ്നേഹികള്‍ ഇത് പറയുന്നു , ഇപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നു ....