Pages

കണ്ണൂരില്‍ “വിസ്മയ ” നാടിന് സമര്‍പ്പിച്ചു !


( ചിത്രങ്ങള്‍ക്ക് കടപ്പാട് : മാതൃഭൂമി )

സിപിഎം തുടങ്ങിയ വിസ്മയ ഇന്‍ഫൊടെയ്ന്‍മെന്റ് സെന്റര്‍ അമ്യൂസ്‌മെന്റ് പാര്‍ക്കിന്റെ ഉദ്ഘാടന ചടങ്ങ് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും ഇ.പി.ജയരാജനും ഉള്‍പ്പെടെയുള്ള പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളുടെ അസാന്നിധ്യം കൊണ്ടു ശ്രദ്ധേയമായി. സിപിഎം സഹകരണ സംഘത്തിനു കീഴില്‍ രൂപീകരിച്ച പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണു പാര്‍ക്ക് നടത്തുന്നത്. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെയാണു ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നത്.

ദേഹാസ്വാസ്ഥ്യം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനാല്‍ ചടങ്ങില്‍ അദ്ദേഹം പങ്കെടുക്കില്ലെന്നു മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് അറിയിച്ചിരുന്നു. സിപിഎം വര്‍ഗ സഹകരണ പാതയില്‍ സഞ്ചരിക്കുന്നതിനെ ആദ്യം മുതല്‍ എതിര്‍ത്ത വി.എസ്., അമ്യുസ്മെന്റ് പാര്‍ക്ക് ഉദ്ഘാടകനായി എത്തുമോയെന്ന ആശങ്ക തുടക്കം മുതല്‍ നിലനിന്നിരുന്നു. ആരോഗ്യ കാരണങ്ങള്‍ പറഞ്ഞായാലും വി.എസ്. ചടങ്ങില്‍ നിന്നു വിട്ടുനിന്നതു പാര്‍ട്ടിയില്‍ പുതിയ വിവാദത്തിനു വഴിമരുന്ന് ഇട്ടിരിക്കുകയാണ്.

ബോധപൂര്‍വം ചടങ്ങില്‍ നിന്നു വിട്ടുനില്‍ക്കാന്‍ അച്യുതാനന്ദന്‍ കാരണം കണ്ടെത്തുകയായിരുന്നുവെന്നാണ് ഒൌദ്യോഗിക വിഭാഗം വിലയിരുത്തുന്നത്. സിപിഎം അമ്യുസ്മെന്റ് പാര്‍ക്ക് സ്ഥാപിക്കുന്നത് അടക്കമുള്ള കാര്യങ്ങളെ പാര്‍ട്ടിക്കകത്തും പുറത്തും വി.എസ്. പക്ഷം എതിര്‍ത്തിരുന്നു.വിഎസിനെക്കൊണ്ടു പാര്‍ക്ക് ഉദ്ഘാടനം ചെയ്യിപ്പിച്ച് അദ്ദേഹം എല്ലാറ്റിനും കീഴടങ്ങിയെന്നു വരുത്തിത്തീര്‍ക്കാനുള്ള ഔദ്യോഗികപക്ഷത്തിന്റെ അജന്‍ഡയാണു വിഎസിന്റെ
പിന്‍മാറ്റത്തോടെ തകര്‍ന്നടിഞ്ഞത്.

മുഖ്യമന്ത്രിയുടെ അസാന്നിദ്ധ്യത്തില്‍ പിണറായി വിജയനാണു പാര്‍ക്ക് ഉദ്ഘാടനം ചെയ്തത്. വിഎസിനെയാണ് ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നതെന്നോ ആരോഗ്യപരമായ കാരണങ്ങളാലാണ് അദ്ദേഹം പങ്കെടുക്കാതിരുന്നതെന്നോ ചടങ്ങില്‍ സംസാരിച്ച പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള ആരും പരാമര്‍ശിച്ചില്ല. വി.എസ്. ബോധപൂര്‍വം ചടങ്ങില്‍ നിന്നു വിട്ടുനിന്നെന്ന ബോധ്യം ഔദ്യോഗിക പക്ഷത്തിന് ഉണ്ടെന്നതിന് ഇതു തെളിവായി.

സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മലബാര്‍ ടൂറിസം ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ് സ്ഥാപക ചെയര്‍മാനുമായിരുന്ന ഇ.പി.ജയരാജന്‍ ചടങ്ങില്‍ പങ്കെടുക്കാതിരുന്നതും ശ്രദ്ധേയമായി. ചടങ്ങിനിടയ്ക്കു പുതുതായി വിതരണം ചെയ്ത നോട്ടീസില്‍ അധ്യക്ഷനായി ചേര്‍ത്തിരുന്നത് ഇ.പി.ജയരാജനെയായിരുന്നു. അദ്ദേഹം കണ്ണൂരില്‍ ഉണ്ടായിരുന്നെങ്കിലും ചടങ്ങില്‍ എത്തിയതേയില്ല.
2001ല്‍ സൊസൈറ്റി രൂപീകരിച്ചപ്പോള്‍ ചെയര്‍മാനായിരുന്ന ഇ.പി.ജയരാജനെ പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗമായെന്ന കാരണം പറഞ്ഞാണു സ്ഥാനത്തു നിന്ന് ഒഴിവാക്കിയത്. ഈ നീരസമാണ് അദ്ദേഹത്തെ വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് അറിയുന്നത്. പകരം പി.കരുണാകന്‍ എംപിയാണ് അധ്യക്ഷത വഹിച്ചത്. വി.എസ്. പക്ഷത്തിനൊപ്പം നില്‍ക്കുന്ന സി.കെ.പി.പത്മനാഭന്‍ എംഎല്‍എയും പങ്കെടുക്കാതിരുന്നതു ശ്രദ്ധേയമായി.

വരും ദിവസങ്ങളില്‍ പാര്‍ട്ടിയെ ചുറ്റിപ്പിണയുന്ന പുതിയ വിവാദമായിത്തീരും വിസ്മയ പാര്‍ക്ക്. പാര്‍ട്ടി നേതാക്കള്‍ അംഗങ്ങളായ മലബാര്‍ ടൂറിസം ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡിന്റെ കീഴില്‍ രൂപീകരിച്ച പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായ മലബാര്‍ പ്ലെഷേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് പാര്‍ക്ക് നടത്തുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.കെ.നാരായണനാണ് ചെയര്‍മാന്‍.
മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ വ്യവസായ സംരഭത്തില്‍ മറ്റൊരു എടുത്തുപറയാവുന്ന നേട്ടമായി വിസ്മയയെ ചൂണ്ടിക്കാട്ടുന്നവരുണ്ട് . കണ്ണൂരിലെ ജനങ്ങള്‍ക്ക് ഒരു അമ്യൂസ് മെന്റ് വാട്ടര്‍ തീം പാര്‍ക്കിന്റെ കുറവ് ഉണ്ടെന്ന് കണ്ടെത്തുകയും അത് പരിഹരിക്കാന്‍ മുന്‍‌കൈ എടുക്കുകയും ചെയ്ത നേതാക്കളെ കണ്ണൂരിലെ ജനങ്ങള്‍ അഹ്ലാദാരവങ്ങളോടെയാണ് ഉല്‍ഘാടനവേദിയിലേക്ക് എതിരേറ്റത് .

(കടപ്പാട് : വിവിധപത്രങ്ങള്‍)


18 comments:

  1. വിനോദം വളരട്ടെ..
    വ്യവസായവും!!

    ReplyDelete
  2. 1969ല്‍ കണ്ണൂരില്‍ ഗണേഷ് ബീഡിക്കമ്പനി പൂട്ടിപ്പോയപ്പോള്‍ പതിനായിരക്കണക്കിന് ബീഡിത്തൊഴിലാളി കുടുംബങ്ങള്‍ വഴിയാധാരമായി . അന്നത്തെ കമ്മ്യൂണിസ്റ്റ് വ്യവസായ മന്ത്രി കണ്ണൂരില്‍ ക്യാമ്പ് ചെയ്തു . പട്ടിണിയിലായ തൊഴിലാളികളെ പുനരധിവസിപ്പിക്കാന്‍ വേണ്ടി സഹകരണ മേഖലയില്‍ കേരള ദിനേശ് ബീഡി എന്ന പ്രസ്ഥാനത്തിന് രൂപം നല്‍കി . രാജ്യത്ത് അത്തരത്തിലൊന്ന് ആദ്യമായിരുന്നു . കണ്ണൂരിലെ ബീഡിത്തൊഴിലാളികള്‍ക്ക് ഉപജീവനമാര്‍ഗ്ഗം മാത്രമല്ല അന്തസ്സും ആത്മാഭിമാനവും ദിനേശ് നേടിക്കൊടുത്തു . ബീഡിത്തൊഴിലാളികളാണ് കണ്ണൂരില്‍ മാര്‍ക്സിസ്റ്റ് പര്‍ട്ടിയെ നെഞ്ചോട് ചേര്‍ത്ത് വളര്‍ത്തി ഇന്നത്തെ നിലയിലാക്കിയത് .

    40 വര്‍ഷത്തിന് ശേഷം ഇന്ന് കണ്ണൂരില്‍ ഏറ്റവും കുറഞ്ഞ വരുമാനമുള്ളവര്‍ ബീഡിത്തൊഴിലാളികളാണ് . ആലങ്കാരികമായ അര്‍ത്ഥത്തിലല്ല , അക്ഷരാര്‍ത്ഥത്തില്‍ തന്നെ ജീവിതത്തിന്റെ രണ്ടറ്റവും മുട്ടിക്കാന്‍ ബീഡിക്കാര്‍ ഇന്ന് തത്രപ്പെടുകയാണ് . ആഴ്ചയില്‍ കുറഞ്ഞത് രണ്ട് കല്യാണമോ ഗൃഹപ്രവേശനമോ ഉണ്ടാവും . മിനിമം ഒരു കല്യാണത്തിന് 100 രൂപയെങ്കിലും പാരിതോഷികമായി നല്‍കണം . ഇന്ന് ബീഡിത്തൊഴിലാളികളുടെ അംഗസംഖ്യ ഗണ്യമായി കുറഞ്ഞു . പുതിയ തലമുറയില്‍ ആരും ബീഡിപ്പണി അഭ്യസിക്കുന്നില്ല . പലരും ബീഡിപ്പണി വിട്ട് മറ്റ് മേഖലകള്‍ തേടിപ്പോയി . മര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ഇന്ന് ബീഡിത്തൊഴിലാളികളെ ആവശ്യമില്ല . സംസ്ഥാന സിക്രട്ടരിയുടെ നാടായ പിണറായിയില്‍ ഇന്നും ബീഡിത്തൊഴിലാളികള്‍ ധാരാളമുണ്ട് . പക്ഷെ പാര്‍ട്ടിക്ക് വേണ്ടി പണിയെടുക്കാന്‍ ഇന്ന് സുസംഘടിതരായ സഹകരണജീവനക്കാര്‍ ധാരാളം . പരിപ്പ് വടയും കട്ടന്‍ ചായയും ഉപേക്ഷിക്കാന്‍ നിര്‍ബ്ബന്ധിതരായ നേതാക്കള്‍ സഹകരണ മേഖലയില്‍ ഷോപ്പിങ്ങ് കോം‌പ്ലക്സുകളും സിറ്റി സെന്ററുകളും അമ്യൂസ് മെന്റ് പാര്‍ക്കുകളും കെട്ടിപ്പടുക്കുന്നത് കാണുമ്പോള്‍ ബീഡിത്തൊഴിലാളികള്‍ക്ക് തോന്നുണ്ടാവുക വിസ്മയമോ അതോ നൈരാശ്യമോ ? ബീഡിത്തൊഴിലാളികള്‍ മനസ്സ് തുറക്കുമോ ? അടുത്ത തവണ നാട്ടില്‍ പോകുമ്പോള്‍ ചില ബീഡിത്തൊഴിലാളി സുഹൃത്തുക്കളെ കണ്ട് സംസാരിക്കട്ടെ .

    ReplyDelete
  3. ഇങ്ങനെയുള്ള ചില വിസ്മയങ്ങളോടാണ്‍ ബന്ദും പണിമുടക്കും നാടിനാപത്ത് എന്ന വീണ്ടു വിചാരം പാര്‍ട്ടിയിലെ ചിലര്‍ക്കുണ്ടാകുന്നത് കൂട്ടിവായിക്കേണ്ടത്. ഒരു മുതലാളിക്കേ മറ്റൊരു മുതലാളിയുടെ വിഷമം മനസ്സിലാക്കാനാകൂ, അല്ലാതെ പണിമുടക്കിലും മറ്റും ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടോര്‍ത്തല്ല ഉള്ളിന്‍റെ ഉള്ളില്‍ നിന്നുള്ള ഈ ബഹിര്‍സ്ഫുരണങ്ങള്‍.. ഒരു ബന്ദുണ്ടായാല്‍ പണിമുടക്കുണ്ടായാല്‍ ഭാവിയില്‍ വിസ്മയകൊണ്ട് തന്നെ പാര്‍ട്ടിക്ക് എത്ര നഷ്ടമുണ്ടാകുമെന്ന് കണക്കാക്കേണ്ടിയിരിക്കുന്നു. 'വെറുത്ത് വെറുത്ത് വെറുപ്പിന്‍റെ അവസാനം സ്നേഹത്തിന്‍റെ, പ്രണയത്തിന്‍റെ ഒരു തരി നിനക്കെട്ടോട് കാണാതിരിക്കില്ല' എന്ന ഏതോ ഒരു സിനിമാ ഡയലോഗ് സി പി എമ്മിന്‍റെ ഈ മൂലധന പരിണയത്തോട് ചേര്‍ത്തു വെക്കാനാവില്ല, കാരണം ഇതൊക്കെ സ്വാഭാവികമാണ്, ചെങ്ങറ ഭൂ സമരത്തെ അടിച്ചൊതുക്കുകയും കൊച്ചിയില്‍ ദളിതുകളുടെ സമ്മേളനം വിളിച്ചു ചേര്‍ക്കുകയും ചെയ്യുക പോലെ... കോഴിക്കോട് സച്ചാര്‍ ബിരിയാണിയും മട്ടന്‍ ബിരിയാണിയും വിളംബി നന്ദിഗ്രാമിലെ മുസ്ലീം പാവപ്പെട്ടവന്‍റെ ചാരിത്രം കവര്‍ന്നെടുക്കുകയും കൊള്ളയടിക്കപ്പെടുകയും മയ്യത്ത് പോലും ആവിയാക്കുകയും ചെയ്തതു പോലെ... കയ്യേറ്റക്കാരെ കുടിയൊഴിപ്പിക്കാന്‍ ഇറങ്ങിയവന്‍ സ്വന്തം മൂക്കിനു താഴെ എത്തും വരെ ... അതെ ഇവിടെ വരേയേ വിപ്ലവമുള്ളൂ, അവിടം മുതല്‍ വിസ്മയങ്ങളാണ്... പാവപ്പെട്ടവന്‍റെ രോദനങ്ങള്‍ ആവിയാക്കി മഴ പെയ്യിച്ച് വിസ്മയയിലെ ജലസംഭരണി നിറയ്ക്കല്‍.. കുടിക്കാന്‍ ജലമില്ലാത്ത ദരിദ്രന്‍ പതിനജ്ചുരൂപയിലേറെ വിലയുള്ള വാട്ടര്‍ബോട്ടിലും കോളക്കിറ്റും..
    ഇന്ത്യ മുഴുവന്‍ സൊഷ്യലിസ്റ്റ് ഭരണത്തിന്‍ ശ്രമിച്ചിട്ട് നടന്നില്ലെങ്കിലെന്ത്... പിന്നെ മൂന്നു സംസ്ഥാനങ്ങളില്‍ ശ്രമിച്ചിട്ട് നടന്നില്ലെങ്കിലെന്ത്.. പിന്നെ കണ്ണൂരില്‍ ശ്രമിച്ചിട്ട് നടന്നില്ലെങ്കിലെന്ത്.. ഈ വിസ്മയക്കൊട്ടാരത്തിനകത്തെ പണക്കാരെല്ലാം സമന്മാരാണ്, ഇവിടെ ചെറിയവനും വലിയവനുമില്ല, കറുത്തവനും വെളുത്തവനുമില്ല, ജാതിയില്ല, മതമില്ല, വിസ്മയക്കു പുറത്തുള്ള പട്ടിണിക്കോലങ്ങള്‍ ഡര്‍ട്ടി കണ്ട്രീസ്, പരിപ്പു വടയും കട്ടന്‍ ചായയും..

    ReplyDelete
  4. മുഖ്യന്‍ വിട്ടു നിന്നതിനു കാരണം ദേഹാസ്വാസ്ഥ്യം തന്നെയാണോ?
    ആയിരിക്കണം; വിഭാഗീയത കോട്ടയത്ത്‌ വച്ചു തീര്‍ന്നു എന്ന് സെക്രട്ടറി തന്നെ പറഞ്ഞതല്ലേ... ദേഹാസ്വാസ്ഥ്യം തന്നെ ആയിരിക്കും ;)

    @kadathukaaran:

    മൊത്തത്തില്‍ പാര്‍ട്ടിയുടെ സമീപകാല പ്രവര്‍ത്തനങ്ങളോട് വിയോജിപ്പ് ഉണ്ടെങ്കിലും, amusement park തുടങ്ങി എന്നത് ഒരു വലിയ തെറ്റാണെന്ന് പറയാമോ? വിസ്മയ ഒരു വ്യവസായം ആണ്; എന്താ അങ്ങനെ കണ്ടു കൂടെ? അതല്ലേ അതിന്റെ ശരി? ഒരു പക്ഷെ ബീഡി കമ്പനികള്‍ പഴയ പോലെ ലാഭകരമല്ലായിരിക്കാം. കാലത്തിനു ഒത്തു മാറണ്ടേ? 'വിസ്മയ' കുറെ പേര്‍ക്ക് തൊഴില്‍ കൊടുക്കും എന്നത് കണ്ടില്ലെന്നു നടിക്കാമോ?
    അവിടെ ഉല്ലസിക്കാന്‍ വരുന്നതു "മുതലാളിത്തത്തിന്റെ പ്രതിനിധികളും മധ്യവര്‍ഗ്ഗ ബൂര്‍ഷ്വാസി" കളും ആയിരിക്കാം, പക്ഷെ അവിടെ പണിയെടുക്കുന്നവര്‍ ബീഡിതിരിപ്പുകാരെ പോലെ തന്നെ തൊഴിലാളികളല്ലേ?

    എന്തിനേയും അന്ധമായി എതിര്‍ക്കുന്നതു കമ്മുണിസ്റ്റുകാരുടെ രീതിയല്ലേ? അവരെ എതിര്‍ക്കുന്നവര്‍ അങ്ങനെ ആവാന്‍ പാടുണ്ടോ?

    ReplyDelete
  5. രാഷ്ട്രീയപ്പാര്‍ട്ടികള്‍ ബിസിനസ്സ് നടത്തുന്നത് തെറ്റ് തന്നെയാണ് . ജനാധിപത്യത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ കൂടിയേ തീരൂ . ജനങ്ങളുടെ ആശയാഭിലാഷങ്ങള്‍ പ്രതിഫലിക്കുന്നതും അവ നിറവേറ്റുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ജനകീയ സംഘടനകളാണ് രാഷ്ടീയപ്പാര്‍ട്ടികള്‍ . രാഷ്ട്രീയപ്രവര്‍ത്തനം ബിസിനസ്സുമായി കൂട്ടിക്കുഴക്കുമ്പോള്‍ പണം സമ്പാദിക്കാനുള്ള ആര്‍ത്തിയില്‍ ജനങ്ങളെ മറന്നു പോകും . ഫലത്തില്‍ രാഷ്ട്രീയപ്രവര്‍ത്തനം എന്നാല്‍ ധനം ആര്‍ജ്ജിക്കുക എന്നതിലേക്ക് അധ:പതിക്കും . ഇന്ന് അത് കാണാനുമുണ്ട് . ജനങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാനോ പ്രവര്‍ത്തിക്കാനോ അങ്ങനെ സാമൂഹ്യസേവനത്തില്‍ തല്പരരായവര്‍ മാത്രം രാഷ്ട്രീയപ്രവര്‍ത്തനത്തിന് വന്നാല്‍ മതി . തീര്‍ച്ചയായും അത്തരം ആളുകള്‍ എല്ലായ്പോഴും സമൂഹത്തില്‍ ഉണ്ടാവും .

    പണം സമ്പാദിക്കാന്‍ മോഹമുള്ളവര്‍ ബിസിനസ്സിലേക്ക് പോകട്ടെ . ആരും തടുക്കില്ലല്ലൊ . അതിനും എത്രയോ മാര്‍ഗ്ഗങ്ങള്‍ ഇവിടെയുണ്ട് . സത്യം പറഞ്ഞാല്‍ ഭാഗ്യാന്വേഷികളുടെ പറുദീസയാണ് നമ്മുടെ നാട് . കൌശലമുള്ളവര്‍ക്ക് ചുളുവില്‍ പണമുണ്ടാക്കാന്‍ പറ്റിയ നാട് . ഇവിടെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ രാഷ്ട്രീയത്തെ വ്യഭിചരിച്ച് കൌശലത്തില്‍ മൂലധനം സര്‍ക്കാറില്‍ നിന്ന് എടുത്തും ജനങ്ങളില്‍ നിന്ന് ഷേര്‍ പിരിച്ചും പണം സമ്പാദിക്കുന്ന ബിസിനസ്സിലാണ് ഏര്‍പ്പെട്ടിരിക്കുന്നത് . നാട്ടില്‍ എല്ലാവര്‍ക്കുമിത് അറിയാമെങ്കിലും ആരും തുറന്ന് പറയില്ല . ഭയം കൊണ്ടാണ് . എങ്ങനെ ഇത് സാധ്യമാവുന്നു ? സഹകരണ സംഘങ്ങളില്‍ 51ശതമാനം ഓഹരി മൂലധനം സര്‍ക്കാറിന്റേതായി കിട്ടും . ബാക്കി ജനങ്ങളില്‍ നിന്ന് പിരിച്ചെടുക്കും . ഇതിന്റെ സുഖസൌകര്യങ്ങള്‍ കിട്ടുക നേതാക്കന്മാര്‍ക്കാണ് . പ്രവര്‍ത്തിക്കുന്ന അണികള്‍ക്ക് ഒരു സംതൃപ്തി മാത്രം . എന്റെ നേതാവ് ഇങ്ങനെ സുഖിക്കുന്നുണ്ടല്ലൊ എന്ന ഒരു തരം തൃപ്തി . പഴയകാല ജന്മിമാരുടേതിനാക്കാള്‍ നൂ‍റ് മടങ്ങ് സുഖലോലുപരായാണ് ഇന്ന് നേതാക്കള്‍ വാഴുന്നത് . രാഷ്ട്രീയത്തിന് ആവശ്യം ഇത്തരം നേതാക്കളെയല്ല . പണവും ബിസിനസ്സും നിങ്ങളെടുത്തോളൂ , രാഷ്ട്രീയം ഞങ്ങള്‍ക്ക് വിട്ടുതരൂ എന്ന് ജനങ്ങള്‍ നേതാക്കന്മാരോട് യാചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് “വിസ്മയ ”നല്‍കുന്ന പാഠം !

    ReplyDelete
  6. മാഷെ,
    ഇതില്‍ എങ്ങിനെ കമന്റിടും എങ്ങിനെ ഇടാതിരിക്കും എന്ന കണ്‍ഫ്യൂഷനിലാണ്.
    അഞ്ചാം ക്ലാസ്സ് മുതല്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചു തുടങ്ങിയതാണ്. കാലത്തിനനുസൃതമായ മാറ്റങ്ങള്‍ കാണുന്നു, അംഗീകരിക്കേണ്ടതു അംഗീകരിക്കുന്നു.അല്ലാത്തവ പൊതുവേദികളില്‍ എതിര്‍ക്കാനും പാടില്ല. പക്ഷെ എന്തു തത്വചിന്ത വച്ചായാലും യോജിക്കാന്‍ പറ്റാത്ത ഒരു കാര്യമായിപ്പോയി ഇതു.അവിടെ തോഴിലെടുക്കുന്ന എല്ലാ തൊഴിലാളിയുടെയും കൂട്ടുടമസ്ഥതയിലുള്ള ഒരു സ്ഥാപനമായിരുന്നെങ്കില്‍ മനോഹരമായ ഒരു സങ്കല്‍പ്പത്തിന്റെ പൂര്‍ത്തീകരണം എന്നു നമുക്കതിനെ വിശേഷിപ്പിക്കാമായിരുന്നു. ഇവിടെ ഇപ്പോള്‍ പാര്‍ട്ടി മുതലാളിയുടെ റോളിലാണ്. സ്വാഭാവികമായും തൊഴിലാളി മുതലാളിയാകുമ്പോഴുള്ള ഒര്‍ പ്രതിസന്ധിയാണ് എന്റെ മനസ്സില്‍ വരുന്നതു. ക്ലാസ്സ് വാര്‍ അടിസ്ഥാനമാക്കി നിലനില്‍ക്കുന്ന പാര്‍ട്ടിക്കു ഇതെങ്ങിനെ വിശദീകരിക്കാനാവും എന്നു എനിക്കറിയില്ല, വിശദീകരണം അംഗീകരിച്ചേ മതിയാവൂ എന്നതു വേറെ കാര്യം.(ഇതാദ്യ വ്യവസായമൊന്നുമല്ലല്ലൊ.പിന്നെ വ്യവസാ‍യം തെങ്ങിന്റെ മണ്ടയി തുടങ്ങാനുമാവില്ല).എന്തായാലും ആളുകളെ കൂടുതല്‍ ആശയക്കുഴപ്പത്തിലാക്കി എന്നു തന്നെ പറയാം. പിന്നെ പണ്ടു ഞങ്ങളൊക്കെ ചേര്‍ന്നു ഒരു ചാനലിനു ഷെയര്‍ പിരിച്ച കാര്യവും ഇപ്പോള്‍ ഓര്‍മ വരികയാണു. മലര്‍ന്നു കിടന്നു തുപ്പുകയാണെന്നറിയാം , എങ്കിലും കിടക്കട്ടെ ഒരു കമന്റ്.

    ReplyDelete
  7. അനില്‍ , നമ്മള്‍ കാണക്കാണെ ഒരു രാഷ്ട്രീയപ്പാര്‍ട്ടി വ്യവസായപ്പാര്‍ട്ടിയായി മാറുന്ന കാഴ്ചയാണ് കാണുന്നത് . ഇതാര്‍ക്ക് വേണ്ടിയാണ് ? തീര്‍ച്ചയായും പാര്‍ട്ടിയുടെ ഔദ്യോഗികഭാരവാഹികള്‍ക്ക് വേണ്ടിത്തന്നെ . താഴെത്തട്ടിലുള്ള പ്രവര്‍ത്തകര്‍ പണവും പദവികളും സംഭരിച്ചു മുകള്‍ത്തട്ടിലുള്ള നേതാക്കള്‍ക്ക് കാഴ്ചവെക്കുന്നു . എന്നിട്ട് അവര്‍ക്കെന്ത് തിരിച്ചുകിട്ടുന്നു ? ആജ്ഞകളും കല്പനകളും . ചുരുക്കം ചിലര്‍ക്ക് ഇത്തരം സംരഭങ്ങളില്‍ ജോലി . അങ്ങനെ ജോലി കിട്ടുന്നവര്‍ ആയുഷ്ക്കാലം ലെവിയും കൊടുക്കണം അടിമപ്പണിയുമെടുക്കണം എന്നത് വേറെ കാര്യം . കുറെ പേര്‍ക്ക് പ്രതീക്ഷകളും . പണം സമ്പാദിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് വല്ലാത്ത ഒരു സാമര്‍ത്ഥ്യം തന്നെയാണ് . എന്തോ ആയിക്കോട്ടെ . അസൂയപ്പെട്ടിട്ട് കാര്യമില്ല . പക്ഷെ ജനങ്ങള്‍ക്ക് ശരിയായ രീതിയില്‍ ( അത് ഇടത്തോ വലത്തോ എന്ത് കുന്തവുമാവട്ടെ )പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ വേണ്ടേ ? അതാണ് കാതലായ പ്രശ്നം . ഇക്കൂട്ടര്‍ രാഷ്ട്രീയക്കാരന്റെയും മുതലാളിയുടെയും വേഷം ഒരേ സമയം ധരിക്കുമ്പോള്‍ ശരിയായ ജനകീയപ്പാര്‍ട്ടികള്‍ ഉയര്‍ന്നു വരാനുള്ള ചാന്‍സ് ഇല്ലാതാവുകയാണ് . കാരണം അത്തരം പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ അതിനെ തല്ലിക്കെടുത്താന്‍ ഇവര്‍ക്ക് സംരഷണപ്പട്ടാളവുമുണ്ട് . എന്നിട്ടും ഇവര്‍ക്ക് വേണ്ടി നാളെ ബക്കറ്റും തൂക്കി വീടുവീടാന്തരം കയറിയിറങ്ങാന്‍ അണികളുമുണ്ട് . ചിന്തിക്കുമ്പോള്‍ സങ്കടം വരും . നിസ്വാര്‍ത്ഥരായ പ്രവര്‍ത്തകരും മാതൃകാപരമായ ജനനേതാക്കളും ഉള്ള രാഷ്ട്രീയപ്പാര്‍ട്ടികള്‍ ജനാധിപത്യത്തിന് വേണ്ടേ ? ഒരു പ്രതീക്ഷയും കാണുന്നില്ല . നാളെ ഇവര്‍ കേരളം മൊത്തം വിഴുങ്ങും !

    ReplyDelete
  8. എനിക്കിഷ്ടപ്പെട്ടാത്ത ചിത്രമാണ്. തമ്പ്രാന്‍ മുമ്പെ, കാരൃസ്തപട പിമ്പേ, ഇരു വശവും പ്രജകള്‍ കൊട്ടൂത്തും കൊഴലൂത്തും. പ്രൌഢഠ, ഗഭീരം, രാജകീയം!

    ReplyDelete
  9. അഭിനവ തമ്പ്രാന് ഒരു പരവതാനി വിരിക്കാമായിരുന്നു ..ഹ ഹ ഹ

    ReplyDelete
  10. പാര്ക്കിലെ ജലസംഭരണി ഇന്ത്യയിലെ ഏറ്റവും വലുതാണ്. മറ്റൊന്ന് ബീഡി മേഖലയും കൈത്തരിമേഖലയും നേരിടുന്ന പ്രതിസന്ധിക്ക് എന്തെങ്കിലും പരിഹാരം താങ്കള്ക്ക് നിര്ദ്ദേശിക്കാനുണ്ടോ?
    പാർട്ടി ഇവിടെ അടിസ്ഥാൻ നയ്ങ്ങളിൽ നിന്ന് എന്താണ് വ്യതിചലിച്ചത്?

    ReplyDelete
  11. പാര്‍ക്കിലെ ജലസംഭരണി ഇന്ത്യയിലെ ഏറ്റവും വലുതാണ്

    നല്ലത് തന്നെ .


    ബീഡി മേഖലയും കൈത്തറിമേഖലയും നേരിടുന്ന പ്രതിസന്ധിക്ക് എന്തെങ്കിലും പരിഹാരം താങ്കള്‍ക്ക് നിര്‍ദ്ദേശിക്കാനുണ്ടോ?

    എനിക്ക് വ്യക്തിപരമായി ഒന്നും നിര്‍ദ്ദേശിക്കാനില്ല . അതിന് ബാധ്യതപ്പെട്ട ട്രേഡ് യൂനിയന്‍-രാഷ്ട്രീയ നേതാക്കള്‍ നാട്ടില്‍ കുറെയുണ്ട് . അവര്‍ അതൊക്കെ കൈകാര്യം ചെയ്യട്ടെ .

    പാർട്ടി ഇവിടെ അടിസ്ഥാന നയങ്ങളിൽ നിന്ന് എന്താണ് വ്യതിചലിച്ചത്?

    പ്രിയ പ്രവീണ്‍ , അവസാനത്തെ ചോദ്യത്തിന് മറുപടിയായി ഒരുപാട് പറയാനുണ്ട് . അതിന് മുന്‍പ് ഒന്ന് ചോദിക്കട്ടെ . മുഷിയരുത് . പാര്‍ട്ടി നടത്തുന്ന ഇത്തരം വ്യവസായസംരംഭങ്ങളുടെ ഗുണഭോക്താക്കളില്‍ പെടുന്ന ആളാണോ പ്രവീണ്‍ ? എങ്കില്‍ എനിക്കൊന്നും പറയാനില്ല . അല്ല, പാര്‍ട്ടിയില്‍ വിശ്വസിക്കുന്ന സാധാരണ അനുഭാവിയോ ? പാര്‍ട്ടിയോട് യഥാര്‍ഥ കൂറുള്ള അനുഭാവിയാണെങ്കില്‍ പാര്‍ട്ടിയുടെ ഈ അപചയത്തിനെതിരെ ധീരമായി ശബ്ദമുയര്‍ത്തണം . പാര്‍ട്ടി തിരുത്തപ്പെടണം . ജനകീയപ്രശ്നങ്ങള്‍ക്ക് വേണ്ടി , സാംസ്ക്കാരികജീര്‍ണ്ണതകള്‍ക്കെതിരെ , അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ നിലകൊള്ളുന്ന യഥാര്‍ഥ ജനകീയപ്രസ്ഥാനം കേരളത്തിന് ഏറ്റവും ആവശ്യമായിരിക്കുന്ന ഒരു ആസുരകാലഘട്ടമാണിത് . എന്റെ ഈ പോസ്റ്റിന് അനുഭാവം പ്രകടിപ്പിച്ചു കൊണ്ടു നിരവധി പേര്‍ എന്നെ വിളിക്കുന്നുണ്ട് . വിളിച്ചവര്‍ ഒക്കെ പങ്ക് വെക്കുന്നത് പ്രവീണ്‍ പറഞ്ഞ വ്യതിയാനം തന്നെയാണ് . പറശ്ശിനിക്കടവുകാരനും ഇപ്പോള്‍ മഹരാഷ്ട്രയില്‍ താമസിച്ചു വരുന്ന ഒരു സുഹൃത്ത് ഇക്കാ‍ര്യത്തെ പറ്റി സംസാരിച്ച് ഫോണ്‍ വെച്ചതേയുള്ളൂ .

    ReplyDelete
  12. പാര്‍ട്ടി തുടങ്ങാന്‍ പോകുന്ന പഞ്ചനക്ഷത്ര ഹോട്ടലാണ് ഇപ്പോഴത്തെ വിവാദം . ഇതൊക്കെ അടിസ്ഥാനനയങ്ങള്‍ തന്നെയാണോ ? ഞാന്‍ വീണ്ടും ആവശ്യപ്പെടുന്നു , ജനങ്ങളുടെ രാഷ്ട്രീയം ജനങ്ങള്‍ക്ക് വിട്ടുകൊടുക്കൂ ; നിങ്ങള്‍ ബിസിനസ്സ് മാത്രം നോക്കി നടത്തൂ !

    ReplyDelete
  13. ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ് അല്ല എന്നു ആദ്യമേ പറഞ്ഞു കൊള്ളട്ടേ! പക്ഷേ, വീട്ടിലെല്ലാരും ഇടത് അനുഭാവികളാണ്. എനിക്കു ലഭിച്ച രണ്ട് അവസരങ്ങളിലും ഞാന്‍ ഇടതിനു മാത്രമേ വോട്ട് ചെയ്തിട്ടുള്ളു.പക്ഷേ അതു കൊണ്ട് ഞാന്‍ കമ്മ്യൂണിസ്റ്റാകുന്നില്ല. എനിക്കു മുതലാളിത്തവും പൊതുമേഖലയും ഒരുമിച്ച് നില്‍ക്കുന്നതാണ് ഇഷ്ട്ടം. ഞാന്‍ കേട്ടറിഞ്ഞ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ അല്ല ഞാന്‍ കാണുന്നത്. ഒരേ സമയം ഒറീസയിലെ മനുഷ്യകുരിതിയെ എതിര്‍ക്കുകയും എന്നാല്‍ പോലിസ് സ്റ്റേഷന്‍ ആക്രമിച്ച് പ്രതിയെ രക്ഷിക്കുന്നത് പോലുള്ള നിയമവാഴ്ചയെ ചോദ്യം ചെയ്യുന്ന പ്രവര്‍ത്തങ്ങളുമായി മുന്നോട്ടു പോകുകയും ചെയ്യുന്നു. സ്വാശ്രയ രംഗത്ത് നാടു മുഴുവന്‍ കത്തിച്ചമര്‍ത്തിയ വിദ്യാര്‍ത്ഥിപ്രസ്ഥാനം ഇപ്പോള്‍ വായ് പൂട്ടി നില്‍ക്കുന്നു. 2004 ഇതിനേക്കാളും കഷ്ട്ടമല്ലേ ഇന്നു സ്വാശ്രയരംഗം. ഇങ്ങനെ മൂല്ല്യച്യുതി സംഭവിക്കുന്നുണ്ട് ഈ പ്രസ്ഥാനത്തിന്. എസ് എന്‍ ഡി പി പോലെ തീര്‍ത്തും ആശയവിരുദ്ധമായ നിലയിലേക്കെത്തുന്നതിനും മുന്‍പ് പാര്‍ട്ടിയെ പിടിച്ച് നിര്‍ത്തേണ്ടതത്യാവശ്യം തന്നെ!! വ്യവസായം നടത്തേണ്ടത് പര്‍ട്ടി അല്ല്ലെന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു.

    ReplyDelete
  14. പാര്‍ട്ടിയുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ എന്ത് ദോഷമാണ് സമൂഹത്തിനുണ്ടാക്കുക എന്ന് ഒന്ന് വിശദീകരിക്കാമോ സര്‍?

    ആണവകരാറിനെ എതിര്‍ക്കുന്നവര്‍ക്ക് അതിന്റെ ദോഷവശങ്ങള്‍ ചൂണ്ടിക്കാട്ടാനുണ്ട്. SEZനെ എതിര്‍ക്കുന്നവര്‍ക്ക് അതിന്റെ ദോഷവശങ്ങള്‍ ചൂണ്ടിക്കാട്ടാനുണ്ട്. സംവരണത്തെ എതിര്‍ക്കുന്നവര്‍ക്ക് അതിന്റെ ദോഷവശങ്ങള്‍ ചൂണ്ടിക്കാട്ടാനുണ്ട്. എന്തിന്, പാഠപുസ്തകത്തെ എതിര്‍ക്കുന്നവര്‍ക്കുപോലും ചില ദോഷവശങ്ങള്‍ ചൂണ്ടിക്കാട്ടാനുണ്ട്.

    അതുപോലെ...

    ReplyDelete
  15. ഇനിയും ഈ പാര്‍ട്ടിയെ രക്ഷപെടുത്താമെന്നു കരുതുന്നവര്‍ക്ക്-----നല്ലനമസ്കാരം

    ReplyDelete
  16. ഇനിയും ഈ പാര്‍ട്ടിയെ രക്ഷപെടുത്താമെന്നു കരുതുന്നവര്‍ക്ക്-----നല്ലനമസ്കാരം

    ReplyDelete
  17. ചെങ്ങറയും മൂലമ്പള്ളിയും...

    ത്ഫൂ...

    വികസന വിരോധികള്‍ പലതും പറയും.

    പാര്‍ക്കും ഹോട്ടലുമൊക്കെ വേണം.

    പരിപ്പ് വടയുടെ കാലമൊക്കെ പോയി...

    കമ്മ്യൂണിസ്റ്റുകാര്‍ എപ്പോഴും കട്ടന്‍ ചായ കഴിച്ച്-

    സിമന്റ് ബെഞ്ചില്‍ കിടന്നുറങ്ങേണം എന്നൊന്നുമില്ലല്ലോ...

    ഒരു കമ്മ്യൂണിസ്റ്റ് ബിര്‍ളയും മാര്‍ക്സിസ്റ്റ് ടാറ്റയുമൊക്കെ

    ഉയര്‍ന്നു വരട്ടെ..നമ്മള്‍ തുടങ്ങും പാര്‍ക്കും ഹോട്ടലുമൊക്കെ-

    നമ്മുടെത് തന്നെയല്ലേ എന്റെ കണ്മണീ.....

    ReplyDelete
  18. താങ്കളുടെ ബ്ലോഗ് വായിക്കാറുണ്ട്.നന്നാകുന്നുണ്ട്.
    ഒരാഴ്ചയായി ഞാനും ബ്ലോഗിത്തുടങ്ങിയിരിക്കുന്നു...
    സന്ദര്‍ശിക്കില്ലേ?
    ഒന്നു കമന്റുകയില്ലേ?

    ReplyDelete