Pages

സൂരജിന്റെ മെയിലും ; എന്റെ മറുപടിയും !

രണ്ട് ദിവസമായി ബ്ലോഗുകളോ കമന്റുകളോ ഒന്നും വായിച്ചില്ല . പകരം മലയാളം ഇ-പേപ്പറുകളും ചില ഓണ്‍‌ലൈന്‍ പ്രസിദ്ധീകരണങ്ങളും ഹൌ സ്റ്റഫ് വര്‍ക്സ് പോലുള്ള സയന്‍സ് സൈറ്റുകളിലെ ലേഖനങ്ങളും വായിച്ചു . നെറ്റ് ഒരത്ഭുതം തന്ന . ഭാവിതലമുറകള്‍ക്കായി എന്ത് മാത്രം വിജ്ഞാനങ്ങളാണ് ഇവിടെ സഞ്ചയിച്ചു വെച്ചിട്ടുള്ളത് .



ഇന്ന് രാവിലെ പത്രം വായിച്ചപ്പോള്‍ ഹിന്ദുവിലെ ഒരു റിപ്പോര്‍ട്ട് രസകരമായി തോന്നി . ഇന്‍ഡ്യയിലെ 130 ഓളം യൂനിവേര്‍സിറ്റികളിലേയും ഗവേഷണസ്ഥാപനങ്ങളിലേയും 1100 ല്‍ പരം ശാസ്ത്രജ്ഞന്മാര്‍ക്കിടയില്‍ രാജ്യവ്യാപകമായി ഒരു സര്‍വ്വേ നടത്തിയപ്പോള്‍ അവരില്‍ 29 ശതമാനം പേരും “ കര്‍മ്മ” സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നു . മുജ്ജന്മഫലമാണ് ഈ ജന്മം അനുഭവിക്കുന്നത് എന്നതാണ് കര്‍മ്മ സിദ്ധാന്തത്തിന്റെ കാതല്‍ . 26 ശതമാനം ശാസ്ത്രജ്ഞന്മാര്‍ മരണാനന്തരജീവിതത്തിലും 7 ശതമാനം ഗവേഷകര്‍ ഭൂത-പ്രേത-പിശാചുക്കളിലും വിശ്വക്കുന്നു പോലും . ഇന്‍ഡ്യന്‍ ശാസ്ത്രരംഗം ഒരോ മേഖലയിലും കുതിച്ചുചാട്ടം നടത്തുമ്പോഴും ഇന്‍ഡ്യന്‍ ശാസ്ത്രജ്ഞരിലും ഗവേഷകരിലും മനസ്സില്‍ മതവിശ്വാസത്തിന്റെ വേരുകള്‍ രൂഢമൂലമാണ് എന്നതാണ് ഈ സര്‍വ്വേ ചൂണ്ടിക്കാട്ടുന്നത് . നമ്മുടെ നാട്ടില്‍ ശാസ്ത്രജ്ഞരേക്കാളും ആരാധനയും ബഹുമാനവും അംഗീകാരവും സന്തോഷ് മാധവന്മാര്‍ക്കും ഹിമവല്‍ ഭദ്രാനന്ദമാര്‍ക്കും കിട്ടുന്നതില്‍ എന്തത്ഭുതം ? ഈ ശാസ്ത്രജ്ഞരില്‍ പലരും നാളെ റിട്ടയര്‍മെന്റിന് ശേഷം ഇത്തരം ഹിമവല്‍ ഭദ്രാനന്ദമാരുടെ പാദാരവിന്ദത്തില്‍ സാഷ്ടാംഗം പ്രണമിക്കേണ്ടവരല്ലേ ?


ഇന്നലെ പലരുമായും ഫോണിലും ജിടോക്കിലുമായി സംസാരിച്ചു . ഓര്‍ക്കുട്ടില്‍ ചില സ്ക്രാപ്പുകള്‍ക്ക് മറുപടി എഴുതി . ബ്ലോഗിനെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ ഞാന്‍ കഴിവതും ഒഴിവാക്കി . ചില മെയിലുകളും വന്നിരുന്നു . അവകളില്‍ ഡോക്റ്റര്‍ സൂരജ് അയച്ച മെയിലും അതിന് ഞാന്‍ നല്‍കിയ മറുപടിയും ഈ ഓപ്പണ്‍ ഡയറിയില്‍ ചേര്‍ത്ത് വയ്ക്കാം .


സുകു മാഷിന്റെ "ഇത് ബ്ലോഗല്ല ; ഞാന്‍ ബ്ലോഗറുമല്ല !" എന്ന പോസ്റ്റിന് ഇടാനുദ്ദേശിച്ച കമന്റ് അവിടെ comments restricted to team members എന്നു കാണുന്നതിനാല്‍ ഇവിടെ മെയിലായി അയയ്ക്കുന്നു.

പ്രിയ സുകുമാഷ്,
ഈ ലേഖനത്തിനു ശേഷം വന്ന ചില വിവാദങ്ങളാണ് ഈ പോസ്റ്റിലേക്ക് എത്തിച്ചത്. വന്നപ്പോള്‍ പറയാനുള്ളതു ഏതാണ്ടത്രയും 'സപ്തവര്‍ണ്ണങ്ങള്‍' എന്ന ബ്ലോഗര്‍ പറഞ്ഞു കഴിഞ്ഞു.
അദ്ദേഹം ചൂണ്ടിക്കാട്ടിയ വലിയൊരു സത്യമുണ്ട് - യഥാര്‍ത്ഥമെന്നു നമുക്കു തോന്നാവുന്ന 'ഫോട്ടോ' അടക്കമുള്ള ഒരു പ്രൊഫൈല്‍ പോലും അയഥാര്‍ത്ഥമാകാം. ഞാന്‍ 'സൂരജ്' ആണെന്നും തൊഴില്‍ വൈദ്യമാണെന്നും എഴുതിവച്ചാല്‍ മാത്രം അതു സത്യമാകണമെന്നില്ല.

സത്യത്തില്‍ പ്രൊഫഷനോ പ്രൊഫൈലോ ഒന്നും ബ്ലോഗ് തുടങ്ങുമ്പോള്‍ ഇടണമെന്നേ കരുതിയിരുന്നില്ല. എന്നാല്‍ ബൂലോഗത്ത് പ്രത്യേകിച്ച് അഡ്രസ്സില്ലെങ്കിലും സ്ഥിരമായി ഞാനെഴുതുന്നത് മെയിലില്‍ വായിക്കുന്ന കുറേ സുഹൃത്തുക്കള്‍ - സഹപാഠികളും അധ്യാപകരും ഗുരുതുല്യരുമായവര്‍ - എനിക്കുണ്ട് എന്നതുകൊണ്ടാണ് സ്വന്തം പടവും പേരുമൊക്കെ വച്ചു ബ്ലോഗാം എന്ന് കരുതിയത്. നാളെ ഞാന്‍ കഥയോ കവിതയോ ഫോട്ടോയോ ഒക്കെ പോസ്റ്റാനായി ഒരു ബ്ലോഗ് തുടങ്ങിയാല്‍ തീര്‍ച്ചയായും അതു അനോണിപ്പേരിലായിരിക്കും തുടങ്ങുക; ഇല്ലെങ്കില്‍ ഇപ്പോള്‍ എന്നെ അറിയാവുന്ന ആരെങ്കിലും നാളെ അതില്‍ കമന്റുമ്പോള്‍ അതിലെ പോസ്റ്റുകളെ കാണുക എന്നെയോ എന്റെ നിലപാടുകളെയോ ഒക്കെ മുന്‍ നിര്‍ത്തി തന്നെയാവുമെന്ന് ഉറപ്പ്. അതെനിക്കിഷ്ടവുമല്ല.

നമുക്കു രണ്ടാള്‍ക്കും ബ്ലോഗില്‍ വരും മുന്‍പേ ഓര്‍ക്കുട്ട് സൌഹൃദമുണ്ട് എന്നതുകൊണ്ടാണ് നാം ഒരിക്കലും നേരിട്ടുകണ്ടിട്ടില്ലെങ്കിലും സുകുമാരന്‍ അഞ്ചരക്കണ്ടിയും സൂരജ് രാജനും യഥാര്‍ത്ഥവ്യക്തികളാണ് എന്ന തോന്നലുള്ളത്. എന്നാല്‍ ബ്ലോഗില്‍ അനോണിയായി പോസ്റ്റുന്ന പല വ്യക്തികളേയും എനിക്ക് ഇ-മെയില്‍ വഴിയായും ഫോണ്‍ വഴിയായും അറിയാം. ആരെയും നേരില്‍ക്കാണാന്‍ പറ്റിയിട്ടില്ലെങ്കിലും.അവര്‍ക്കൊക്കെ ബ്ലോഗിനു പുറത്ത് (പലപ്പോഴും തികച്ചും വ്യത്യസ്ഥമായ) സ്വന്തജീവിതങ്ങളുമുണ്ട്.



സ്ഥായിയായ അനോണിമിറ്റി പലരും ഉപയോഗിക്കുന്നത് പല കാര്യങ്ങള്‍ക്കാണ് : ചിലര്‍ക്ക് അവരുടെ സ്വകാര്യ ജീവിതം സംരക്ഷിക്കാന്‍, ചിലര്‍ക്ക് അവരുടെ രാഷ്ട്രീയ/സാമൂഹിക ജീവിതങ്ങള്‍ മറച്ചുപിടിക്കാന്‍, ചിലര്‍ക്ക് പ്രൊഫഷനല്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍. ബ്ലോഗില്‍ വിപ്ലവകാരി ചമയുന്ന ഒരാള്‍ സ്വജീവിതത്തില്‍ അസല്‍ മൂരാച്ചിയാവും. ചിലപ്പോള്‍ മറിച്ചും. ബ്ലോഗില്‍ ഒരു പാര്‍ട്ടിയെ തെറിവിളിക്കുന്നവന്‍ ചിലപ്പോള്‍ അതേ പാര്‍ട്ടിക്ക് ദശകങ്ങളായി സ്ഥിരം വൊട്ടുകുത്തുന്നവനാകും. ബ്ലോഗില്‍ യുക്തിവാദി കളിക്കുന്നയാള്‍ സ്വജീവിതത്തില്‍ കടുത്ത മതവിശ്വാസിയാകാം. ബ്ലോഗില്‍ പാരമ്പര്യവാ‍ദി കളിക്കുന്നവര്‍ പുറത്ത് ആധുനികതയുടെ റേയ് ബാന്‍ ഗ്ലാസുമായി സ്പ്ലെന്ററില്‍ കറങ്ങുന്നവനായിരിക്കും... ഇവിടെക്കാണുന്നതൊക്കെയും മായയാണു മാഷേ :)



( ഈയിടെവരെ യഥാര്‍ത്ഥമെന്ന് കരുതിയിരുന്ന ഒരു ബ്ലോഗറുടെ പ്രൊഫൈലില്‍ കൊടുത്തിരുന്ന ഫോട്ടോ വലിപ്പം കൂട്ടി നോക്കിയപ്പോള്‍ അതൊരു ഉത്തരേന്ത്യന്‍ വ്യവസായ/രാഷ്ട്രീയ പ്രമുഖന്റേതാണ്! മൂപ്പരാകട്ടെ മെയിലുകള്‍ വഴി ചില വിഷയങ്ങള്‍ ഇടയ്ക്കിടെ ചൂണ്ടിക്കാണിച്ചു തരുന്നയാളും.)



അനോണിയായി വന്ന് ചര്‍ച്ചകള്‍ കലക്കി തെറിവിളി നടത്തിയും ഉത്തരവാദിത്തമില്ലാതെ കമന്റുകള്‍ പാസാക്കിയും പോകുന്നവര്‍ ഇഷ്ടമില്ലാത്ത താരത്തിന്റെ സിനിമയ്ക്കു കൂകാന്‍ വരുന്ന ഫാന്‍സ് അസോസിയേഷന്‍കാരെപോലെയാണ്. രാജീവ് ചേലനാട്ടിന്റെ ബ്ലോഗിലെ ചര്‍ച്ചകള്‍ താങ്കള്‍ ശ്രദ്ധിച്ചിട്ടുണ്ടോ ? ബ്ലോഗില്‍ പ്രഖ്യാപിതമായ ഒരു രാഷ്ട്രീയ നിലപാടുള്ള വ്യക്തിയെന്ന നിലയ്ക്ക് പുള്ളി എന്തെഴുതിയാലും എട്ടുപത്ത അനോണിത്തെറികളെങ്കിലും വരും. പ്രസക്തമെന്നു പുള്ളിക്ക് തോന്നുന്ന അനോണിക്കമന്റുകള്‍ക്ക് മറുപടിനല്‍കും. ഓരിയിടല്‍ സ്റ്റൈലുള്ള കമന്റുകളെ അവഗണിക്കുന്നു എന്ന് വ്യക്തമായി പറയും. രാജീവ് ജീ യുടെ ഭാഷയില്‍ പറഞ്ഞാല്‍ 'പിന്നാലെ വന്നു കടിക്കുന്ന പട്ടികളെപ്പോലെയാണ് അവ'. കുറേ കുരച്ചുകഴിയുമ്പോള്‍ അവ നിര്‍ത്തിപ്പോകും. അത്രതന്നെ :)



സംഗതി ബ്ലോഗാണെങ്കിലും വിവരസാങ്കേതികതയുടെ ഏറ്റവും പുതിയ സാധ്യതയാണെങ്കിലും എഴുതുന്നത് മനുഷ്യര്‍ തന്നെയല്ലേ ? അതും, ബൂലോഗത്തിലാണെങ്കില്‍ എഴുതുന്നത് മലയാളിയും!

ഏഷണി,കുശുമ്പ്,കുന്നായ്മ, കോക്കസ്, ഗ്രൂപ്പിസം തുടങ്ങിയവ പ്രതിഫലിപ്പിക്കുന്നത് വേര്‍ച്വല്‍ ലോകത്തിനു പുറത്തുള്ള മനുഷ്യരുടെ വികാരവിചാരങ്ങള്‍തന്നെയാണ്. ബൂലോഗത്തെ എന്റെ പരിമിതമായ പരിചയം വച്ചു പറഞ്ഞാല്‍, ഇവിടെ ചര്‍ച്ച എന്ന് നമ്മള്‍ വിളിക്കുന്ന മിക്ക സംഭവങ്ങളും 'അവനവന്റെ നിലപാടില്‍ തൂങ്ങിയുള്ള' സര്‍ക്കസ് മാത്രമാണ്. എതിരഭിപ്രായം എത്ര logical ആണെങ്കിലും നാം അതു സമ്മതിച്ചുകൊടുക്കില്ല. അങ്ങനെ 'ഞാന്‍ പിടിച്ച മുയലിന്..' സ്റ്റൈലില്‍ നടക്കുന്ന വാദപ്രതിവാദങ്ങളെയാണ് നാം 'ചര്‍ച്ച' എന്നൊക്കെ വിളിച്ച് പരിഹസിക്കുന്നത്. അതില്‍ തെറ്റൊന്നുമില്ല, കാരണം അഭിപ്രായങ്ങള്‍ തമ്മിലുള്ള അത്തരം friction എല്ലാ മനുഷ്യ ഇടപെടലിലും സാര്‍വ്വലൌകികമായി ഉള്ളതത്രെ.



ബ്ലോഗ് ജനാധിപത്യത്തിന്റെ നെക്സ്റ്റ് സ്റ്റെപ്പാണെന്നൊക്കെ വലിയവായില്‍ പറഞ്ഞാലും പോസ്റ്റിട്ടവന്റെ സമ്പൂര്‍ണ്ണ ഏകാധിപത്യം ഓരോ ബ്ലോഗിലുമുണ്ട്.പോസ്റ്റെഴുതിയവന് പോസ്റ്റിന്റെ ഓരോ വരിയും കമന്റുന്നവനോ വായനക്കാരനോ വീണ്ടും വീണ്ടും വ്യാഖ്യാനിച്ചും വിശദീ‍കരിച്ചും നല്‍കേണ്ട ബാധ്യതയൊന്നുമില്ല. വിഷയവുമായി ബന്ധമില്ലാതെ 'പരദൂഷണ'സ്റ്റൈലില്‍ വരുന്ന അനോണിക്കമന്റുകള്‍ക്ക് മറുപടി നല്‍കി വിരലുകളെ ആയാസപ്പെടുത്തേണ്ടതുമില്ല. സി.കെ ബാബുവിന്റെ ബ്ലോഗും ഈ 'ഏകാധിപത്യം' വളരെ നന്നായി ഉപയോഗിക്കുന്നുവെന്നു കണ്ടിട്ടുണ്ട്.



സുകുമാഷ് ബ്ലോഗ് ജീവിതത്തെ യഥാര്‍ത്ഥ ജീവിതവുമായി വേറിട്ട് കാണാത്തതുകൊണ്ടോ ബ്ലോഗ് എന്നത് പത്രമാധ്യമങ്ങള്‍ പോലെത്തന്നെ ശക്തമായ സാമൂഹിക ഇടപെടലിന്റെ വേദിയാണെന്ന് കരുതുന്നതുകൊണ്ടോ ആണ് അനോനിമസായുള്ള അഭിപ്രായപ്രകടനങ്ങള്‍ ഭീരുത്വമാണെന്ന് പറയുന്നത്. ബ്ലോഗിനെ എങ്ങനെ വേണേലും ഡിഫൈന്‍ ചെയ്യാം. കുറച്ചാളുകള്‍ക്കെങ്കിലും പ്രയോജനമാകട്ടെ എന്നു കരുതി ഞാന്‍ വൈദ്യസംബന്ധിയായ കാര്യങ്ങള്‍ എഴുതുന്നു. ചിലര്‍ സാമൂഹിക വിഷയങ്ങള്‍ ഗവേഷണം ചെയ്തെഴുതുന്നു. ചിലര്‍ പ്രശ്നങ്ങളില്‍ സ്വന്തം അഭിപ്രായം കുറിക്കുന്നു. ചിലര്‍ തങ്ങള്‍ കണ്ട നാടുകളെക്കുറിച്ചും വേറെ ചിലര്‍ കോളെജിലെയും കൌമാരത്തിലെയും ചാപല്യങ്ങളെക്കുറിച്ചെഴുതുന്നു. പിന്നെ ചിലര്‍ കഥയും കവിതയും കുറിച്ചിടുന്നു. ഇതിനെയെല്ലാം കൂടി ഒറ്റ കുടയ്ക്കു കീഴില്‍ ഡിഫൈന്‍ ചെയ്തുവയ്ക്കാന്‍ പറ്റില്ലല്ലോ.


അതുകൊണ്ട് സുകു മാഷ് മാഷിനു ബോധ്യമുള്ളതൊക്കെ എഴുതിയിടുക. If you fear criticism, then do nothing, say nothing... അത്രതന്നെ.
(ഇതൊന്നും ഉപദേശമല്ല, മാഷ് തന്നെ പണ്ട് പരോക്ഷമായിട്ടെങ്കിലും എന്നോട് പറഞ്ഞ കാര്യങ്ങളാണ്:)

ആശംസകള്‍!

**********************************************

ഞാന്‍ സൂരജിന് അയച്ച മറുപടി :

**********************************************

പ്രിയ സൂരജ് ,
സുദീര്‍ഘമാ‍യ മെയിലിന് നന്ദിയും സ്നേഹവും അറിയിക്കട്ടെ . കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ബ്ലോഗ് ഒരു അഡിക്റ്റ് ആയത് പോലെയായിരുന്നു എനിക്ക് . ഈ കാലയളവില്‍ സൂരജിനെപ്പോലെ വിലപ്പെട്ട ഏതാനും കുറച്ച് സൌഹൃദങ്ങള്‍ കിട്ടി എന്നതാണ് എന്നെ സംബന്ധിക്കുന്ന പ്ലസ് പോയിന്റ് . എന്നാല്‍ വിജ്ഞാനപ്രദങ്ങളായ വളരെ കുറച്ച് വായനയേ ഇക്കാലത്ത് നടന്നുള്ളൂ . വെറുതെ വിവാദങ്ങളുടെ പിറകേ പോയി ഒരു തരം വിഷാദരോഗം എന്നെ ബാധിച്ചോ എന്ന് ഞാന്‍ സംശയിക്കുന്നു . ഈ മാനസികാവസ്ഥയില്‍ നിന്ന് രക്ഷപ്പെടേണ്ടതുണ്ടായിരുന്നു .

അനോണി പ്രശ്നം ഞാന്‍ ഒരു നയപരമായ സംഗതി എന്ന നിലയില്‍ എടുത്തിട്ടത് മാത്രമാണ് . ബൂലോഗവിവാദങ്ങളില്‍ നിന്ന് തല്‍ക്കാലം മാറി നില്‍ക്കാനുള്ള ഒരു നിമിത്തമായി ഞാനതിനെ എടുക്കുന്നു എന്ന് മാത്രം . ബ്ലോഗ് ഒരു ഓപ്പണ്‍ ഡയറിയായി മാറ്റുക വഴി എനിക്ക് എന്റെ ചിന്തകള്‍ എപ്പോഴും അവിടെ എഴുതുകയും , താല്പര്യമുള്ള ബ്ലോഗുകള്‍ വായിക്കുകയും ചെയ്യാം .

ശാരീരികമായി ചില പ്രശ്നങ്ങള്‍ എനിക്കുണ്ട് . നട്ടെല്ല് സംബന്ധപ്പെട്ടതാണത് . ഞാന്‍ ചികിത്സയ്ക്ക് തയ്യാറാവാന്‍ ഓരോ കാരണങ്ങള്‍ പറഞ്ഞ് നീട്ടുകയായിരുന്നു . മകന്റെ ജോലി കാരണമായി ചികിത്സയ്ക്ക് ഇന്‍ഷൂറന്‍സ് സംരക്ഷണം ഉണ്ട് . ഏതായാലും ഇവിടെ ബാംഗ്ലൂരിലുള്ള അപ്പോളോ അസ്പത്രിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ഞാന്‍ . ചെന്നൈയില്‍ ആയിരുന്നു എനിക്ക് താല്പര്യം . അതിനിടയില്‍ ഇന്ന് വൈകുന്നേരം ഒന്ന് നാട്ടിലേക്ക് പോകുന്നുണ്ട് . ഇങ്ങനെയാണ് ഞാന്‍ കാരണങ്ങള്‍ ഉണ്ടാക്കാറ് ! ഇനി പക്ഷെ താമസിപ്പിക്കുകയില്ല .

തല്‍ക്കാലം നിര്‍ത്തുന്നു ,

ഒത്തിരിയൊത്തിരി സ്നേഹത്തോടെ,

No comments:

Post a Comment