Pages

അനോണികള്‍ക്ക് പ്രവേശനമില്ലാത്ത മലയാളത്തിലെ ആദ്യത്തെ ബ്ലോഗ് !

എന്റെ ബ്ലോഗില്‍ രണ്ട് മൂന്ന് ദിവസമായി സദാ ആളുകള്‍ വന്നും പോയും ഇരിക്കുന്നു . ഹിറ്റ് കുത്തനെ ഉയരുന്നു . ഇപ്പോഴാണ് അതിന്റെ കാരണം എന്റെ ശ്രദ്ധയില്‍ പെട്ടത് . ആരൊക്കെയോ എന്നെ മഹത്‌വല്‍ക്കരിച്ചു കൊണ്ട് അനോണി സ്റ്റൈലില്‍ പോസ്റ്റുകള്‍ ഇറക്കുന്നു . അനോണി സ്റ്റൈലില്‍ മഹത്‌വല്‍ക്കരിക്കുക എന്ന് വെച്ചാല്‍ തെറി വിളിക്കുക എന്നാണ് അര്‍ത്ഥം . ഇങ്ങനെ തെറി കേള്‍ക്കാത്തവര്‍ ബൂലോഗത്ത് വിരളമാണ് . തെറി വിളിക്കലിന് വിധേരായവരാണ് ഇങ്ങനെ അനോണിയായി അവതരിച്ച് മറ്റുള്ളവരെ തെറി വിളിച്ച് പോസ്റ്റുകള്‍ ഇറക്കുന്നത് . എന്നെ കുറിച്ച് പോസ്റ്റ് ഇറക്കിയവര്‍ അവരുടെ പോസ്റ്റില്‍ എന്റെ ബ്ലോഗിന്റെ ലിങ്ക് കൊടുക്കുന്നു . ആ ലിങ്കില്‍ നിന്നാണ് ആളുകള്‍ ഇവിടെ എത്തിക്കൊണ്ടിരിക്കുന്നത് . മനുഷ്യസഹജമായ ഒരു ജിജ്ഞാസ കാരണം . അങ്ങനെ വന്നവര്‍ക്ക് എന്റെ പോസ്റ്റില്‍ അപക്വമായതോ പരിധി ലംഘിച്ചു കൊണ്ട് ഉള്ളതോ ആയ പരാമര്‍ശങ്ങള്‍ ഒന്നും കാണാന്‍ കഴിയുന്നുണ്ടാവില്ല . ഏതായാലും ആരുടെ ബ്ലോഗിലാണോ എന്റെ പോസ്റ്റിന്റെ ലിങ്ക് നല്‍കപ്പെട്ടിരിക്കുന്നത് ആ ലിങ്ക് എനിക്ക് എന്റെ പേജില്‍ നിന്ന് ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ ഉണ്ട് എന്ന് ഇപ്പോഴാണ് മനസ്സിലായത് . അപ്രകാരം എന്റെ ശ്രദ്ധയില്‍ പെട്ട ചില ലിങ്കുകള്‍ ഞാന്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട് . ആരോഗ്യകരമായ രീതിയില്‍ വിമര്‍ശിക്കുന്ന ലിങ്ക് അവിടെത്തന്നെയുണ്ട് .

അനോണിമിറ്റി എന്ന പ്രതിഭാസം ബ്ലോഗ്ഗിങ്ങിന്റെ വിശ്വാസ്യതയും ആധികാരികതയും ആണ് തകര്‍ക്കുന്നത് എന്നത് എന്റെ അഭിപ്രായമാണ് . ആ അഭിപ്രായം തുടര്‍ന്നും ബ്ലോഗിലൂടെ ഞാന്‍ പ്രചരിപ്പിക്കും . ഏത് അഭിപ്രായങ്ങള്‍ക്കും അനുകൂലിക്കാനും പ്രതികൂലിക്കാ‍നും ആളുകള്‍ ഉണ്ടാവും . ഇക്കാര്യത്തിലും എന്നെ അനുകൂലിക്കുന്നവരുണ്ട് . പക്ഷെ അവരൊന്നും പരസ്യമായി ബ്ലോഗില്‍ വന്ന് എന്നെ അനുകൂലിക്കുന്നില്ല . അനോണികള്‍ ബ്ലോഗില്‍ അത്ര ശക്തരും സംഘടിതരുമാണ് . എന്നെ ബ്ലോഗില്‍ ഹരികുമാറാക്കിക്കളയുമോ എന്ന ഭയം പലര്‍ക്കും നിലവിലുണ്ട് . അനോണികള്‍ക്ക് ഭാഷയിലെ ഏത് പദവും ശൈലിയുമെടുത്ത് അമ്മാനമാടാം . അതാണ് അനോണിമിറ്റിയുടെ ഒരു സൌകര്യം .

ഏതായലും മലയാളം ബൂലോഗം ഇപ്രകാരം അനോണികളുടെ ശക്തമായ കരങ്ങളില്‍ അമര്‍ന്ന് പോയത് കൊണ്ടും അടുത്തൊന്നും അതിന് മാറ്റമുണ്ടാവാന്‍ സാധ്യതയില്ലാത്തതിനാലും എന്റെ ബ്ലോഗ് ബഹിഷ്കരിക്കാന്‍ ഞാന്‍ അനോണികളോട് ആവശ്യപ്പെടുന്നു . ഞാനും അനോണി ബ്ലോഗുകള്‍ ബഹിഷ്കരിക്കുകയാണ് . വായിക്കാന്‍ ധാരാളം സൈറ്റുകള്‍ ഇന്ന് ലഭ്യമാണ് . ബ്ലോഗ് വായന തന്നെ വേണോ എന്ന കാര്യം ആലോചിക്കേണ്ടതുണ്ട് . എന്നെക്കുറിച്ച് അനോണി പോസ്റ്റുകള്‍ എഴുതുക . പക്ഷെ അവിടെ എന്റെ ബ്ലോഗിന്റെ ലിങ്ക് കൊടുത്താല്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഞാന്‍ ആ ലിങ്ക് ഡിലീറ്റ് ചെയ്യും . എന്നെ കുറിച്ച് അത്തരം അനോണി പോസ്റ്റുകളില്‍ കമന്റുകളും എഴുതുക . പരദൂഷണമാണല്ലോ മലയാളികളുടെ ഇപ്പോഴത്തെ പ്രധാന ഹോബ്ബി . എന്നാല്‍ ഞാന്‍ അത്തരം പോസ്റ്റുകള്‍ക്കോ കമന്റുകള്‍ക്കോ മറുപടി പറയുന്നതല്ല . എന്റെ ഈ ബ്ലോഗില്‍ അനോണികള്‍ വരരുത് എന്നാണ് എന്റെ താല്പര്യം . പക്ഷെ അനോണിയല്ലേ എന്ത് ചെയ്യാന്‍ പറ്റും ?

ഞാ‍ന്‍ ഈ ബ്ലോഗ് , ബൂലോഗത്തിന് പുറത്തുള്ള വായനക്കാര്‍ക്ക് വേണ്ടിയാണ് എഴുതുന്നത് . ബ്ലോഗ് വായന മലയാളികളുടെ ഒരു ശീലമാവുമ്പോള്‍ , അന്ന് എന്റെ ബ്ലോഗ് ചിലര്‍ വായിച്ചേക്കാം . അത് വരെ പോസ്റ്റുകള്‍ എഴുതുകയാണ് എന്റെ ലക്ഷ്യം .

ഇത്തവണ അനോണികളോട് ഞാന്‍ ക്ഷമാപണം നടത്തുന്നില്ല , കാരണം അനോണികള്‍ ഇവിടെ വരുമെന്ന് ഞാന്‍ കരുതുന്നില്ല്ല . ബ്ലോഗ് പൂട്ടുന്നതിനേക്കാളേറെ ഇതാണ് അഭികാമ്യം എന്നെനിക്ക് തോന്നുന്നു .

ഞാന്‍ ഒരു അനോണിക്കാരനേയും വിമര്‍ശിച്ചിട്ടില്ല . ഒരു അനോണിക്കാരനേയും ചൂണ്ടിക്കാട്ടി പോസ്റ്റ് ഇട്ടിട്ടില്ല . അനോണിമസ് എന്ന രീതിയില്‍ ബ്ലോഗിങ്ങ് നടത്തുന്നത് ആരോഗ്യകരമായ ബ്ലോഗ്ഗിങ്ങ് അല്ല എന്ന ഒരു അഭിപ്രായം പറഞ്ഞു എന്ന് മാത്രം . അത് കേട്ട് ബൂലോഗം ആകെ വിറളി പിടിച്ച മട്ടാണ് . എന്റെ പേരും താമസസ്ഥലവും കൂടി ചേര്‍ത്ത് തലക്കെട്ട് ആക്കിയാണ് പോസ്റ്റ് ഇറക്കുന്നത് . ബൂലോഗത്ത് അനോണികള്‍ക്ക് എന്തും ആവാം . അതാണ് ബൂലോഗത്തെ പ്രത്യേകത . എന്റെ പേര്‍ ബൂലോഗത്ത് ഇന്ന് ഒരു വിധപ്പെട്ട പ്രശസ്തിയൊന്നുമല്ല ആര്‍ജ്ജിച്ചിരിക്കുന്നത് . അനോണികള്‍ക്ക് എന്തും കഴിയും . കാരണം അവര്‍ക്ക് യാതൊരു ബാധ്യതയുമില്ല. അവര്‍ സര്‍വ്വതന്ത്ര സ്വതന്ത്രരാണ് . “ അല്ലാ ..... അനോണീ ...... നിങ്ങളുടെ പേരും താമസസ്ഥലവും ആര്‍ക്കും അറിയില്ല , അപ്പോള്‍ നിങ്ങള്‍ മറ്റുള്ള ബ്ലോഗ്ഗറുടെ പേരും താമസസ്ഥലവും ചൂണ്ടിക്കാണിച്ച് തലക്കെട്ടാക്കി പോസ്റ്റുന്നത് ശരിയായ കീഴ്വഴക്കമാണോ ? ”എന്ന് ഒരു അനോണിയും ചോദിക്കില്ല .

(തുടരും )

No comments:

Post a Comment