Pages

സിബുവിന് ഒരു തുറന്ന കത്ത് !

ബീരാന്‍ കുട്ടി എന്ന ബ്ലോഗര്‍ എനിക്കൊരു തുറന്ന കത്തെഴുതി . അപ്പോള്‍ എനിക്കുമൊരു മോഹം തുറന്ന കത്തെഴുതാന്‍ . എന്റെ കമന്റ് ബോക്സില്‍ ഒരു കമന്റ് നിക്ഷേപിച്ച സിബുവിന് തന്നെ ഇങ്ങനെയൊരു കത്ത് എഴുതാമെന്ന് വെച്ചു !

പ്രിയപ്പെട്ട സിബു ,

ഇന്റര്‍നെറ്റില്‍ ഒരു മൌസ് ക്ലിക്ക് ചെയ്യുമ്പോള്‍ , കണക്‍ഷനിലുള്ള ഏത് സിസ്റ്റത്തില്‍ നിന്നാണ് അങ്ങനെ ചെയ്യുന്നത് ആ സിസ്റ്റത്തിന്റെ ഐ.പി.വിലാസം എവിടെയൊക്കെയോ രജിസ്റ്റര്‍ ചെയ്യപ്പെടുന്നു . ഈ അര്‍ത്ഥത്തിലാണല്ലോ അധികാരികളില്‍ നിന്ന് ഏത് അനോനിമസ് വ്യക്തിക്കും രക്ഷപ്പെടാന്‍ കഴിയില്ല എന്ന് സിബു പറഞ്ഞത് . അത് ശരിയാണ് താനും . അപ്പോള്‍ അനോണിമസ് ആയി ബ്ലോഗ് എഴുതുന്നവര്‍ നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയല്ല അപ്രകാരം ചെയ്യുന്നത് . പിന്നെയോ ?

സിബു തന്നെ പറയുന്നു : “അപ്പോൾ വഴിയിലിറങ്ങിയാൽ നിന്നെ കണ്ടോളാം എന്നു പറയുന്നവരിൽ നിന്നും രക്ഷപ്പെടാനുള്ള ഒരു മാർഗമല്ലേ അനോനിമസാവുന്നത്‌? പരിചയക്കാരേയും ബന്ധുക്കളേയും ബോധിപ്പിക്കാതെ ഓരോ ഇഷ്യൂവിലും സ്വന്തം അഭിപ്രായം പറയുകയും ആവാം.”

ഇന്ന് മലയാളം ബ്ലോഗില്‍ അനോണിമസ് ആയി എഴുതുക എന്നത് ഒരു ശീലവും അനുകരണവും ആയിരിക്കുന്നു .

ഞാന്‍ ഒന്ന് ചോദിക്കട്ടെ സിബൂ , ഇങ്ങനെ എന്തിനാണ് അഭിപ്രായം പറയുന്നത് ? അങ്ങനെ പറയുന്ന അഭിപ്രായത്തിന് എന്ത് വിലയാണ് ഉള്ളത് ? ഓരോ ഇഷ്യൂവിലും പൌരന്മാര്‍ നിര്‍ഭയം സ്വന്തം അഭിപ്രായം പറയുമ്പോഴല്ലേ ജനാധിപത്യം അര്‍ത്ഥവത്താകുന്നത് . അപ്പോള്‍ ഈ പറയുന്നവര്‍ അതായത് അനോണിമസ് ആയി ബ്ലോഗ് ചെയ്യുന്നവര്‍ ബ്ലോഗിന് പുറത്ത് ഒന്നും ഉരിയാടുകയില്ല എന്നല്ലേ അര്‍ത്ഥം ? അത് ഭീരുത്വമല്ലേ ?

ജനാധിപത്യസംവിധാനത്തില്‍ ഒരു പൌരന്റെ ചുമതലകളില്‍ നിന്നുള്ള ഒളിച്ചോട്ടമല്ലേ അത് . മറിച്ച് ഒരോ ഇഷ്യൂവിലും ഉത്തരവാദപ്പെട്ട ഒരു പൌരന്‍ എന്ന നിലയില്‍ സ്വന്തം അഭിപ്രായം തുറന്ന് പറയാന്‍ ഏറ്റവും നവീനവും , റീച്ചബിളും ആയ ഈ ബ്ലോഗ് എന്ന മാധ്യമത്തെ നമ്മള്‍ ഉപയോഗപ്പെടുത്തുകയല്ലേ വേണ്ടത് . ഞാന്‍ ഈ ചോദ്യം ചോദിക്കുന്നത് സിബുവിനോടല്ല , സിബുവിന്റെ മന:സാക്ഷിയോടാണ് .

ദയവായി ഈ അനോണിമസ് എന്ന പ്രതിഭാസത്തിന് പ്രചാരം നല്‍കാതിരിക്കുക. പൌരന്മാര്‍ അവരവര്‍ക്ക് കിട്ടാവുന്ന വേദികളിലും ,അവസരങ്ങളിലും , മാധ്യമങ്ങളിലും അവരവരുടെ കാഴ്ചപ്പാടുകള്‍ സ്വന്തം നിലയില്‍ , സ്വന്തം മന:സാക്ഷിക്കനുസരിച്ച് പറയട്ടെ . അതിന് ശക്തി പകരുകയും പ്രചോദനം നല്‍കുകയുമാണ് നമ്മള്‍ ചെയ്യേണ്ടത് .

മുമ്പത്തെ പോലെയല്ല ഇപ്പോള്‍ മലയാളികള്‍ അതായത് നാട്ടുകാ‍ര്‍ കൂടുതല്‍ കൂടുതലായി കമ്പ്യൂട്ടര്‍ ആശയവിനിമയത്തിന് ഉപയോഗപെടുത്താന്‍ തുടങ്ങിയിട്ടുണ്ട് . മൊബൈല്‍ ഫോണ്‍ പോലെ കമ്പ്യൂട്ടറും പെട്ടെന്ന് സാര്‍വ്വത്രികമാവാം . സാധാരണ ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റിലൂടെ ഭരണസിരാകേന്ദ്രങ്ങളില്‍ വരെ എത്തിപ്പെടാനുള്ള സുതാര്യമായ വഴിയാണ് തുറന്ന് വരുന്നത് . ഇനി ബ്ലോഗിലേക്ക് കടന്ന് വരുന്നവരും ഇവരായിരിക്കും . അവരെ അനോണികളാക്കാന്‍ നാം കൂട്ട് നില്‍ക്കാമോ സിബൂ . ഒരു അഴിമതി ഒരാള്‍ കണ്ട് പിടിച്ചാല്‍ ആ വിവരം അനോണിയായി പറഞ്ഞാല്‍ അതിനാരെങ്കിലും ചെവി കൊടുക്കുമോ ?

നേരത്തേ ബ്ലോഗിനെ ഒരു തമാശയായോ അല്ലെങ്കില്‍ അത്ര കാര്യമാക്കാതേയോ ബ്ലോഗ് എഴുതിത്തുടങ്ങിയവര്‍ വിചിത്രമായ അനോണിമസ് പേരുകളില്‍ അങ്ങനെ ചെയ്തിരിക്കാം . എന്നാല്‍ ഇന്ന് ബ്ലോഗിന്റെ ഭൂമിക വിപുലപ്പെടുകയാണ് . ധാരാളം സാമൂഹ്യപ്രവര്‍ത്തകരും ചിന്തകരും ബ്ലോഗിലേക്ക് അനായാസം കടന്ന് വരട്ടെ . ജനാധിപത്യത്തിന്റെ ജിഹ്വകളാവട്ടെ ബ്ലോഗുകള്‍ .

ബ്ലോഗ് എഴുതിയാല്‍, വഴിയിലിറങ്ങിയാൽ നിന്നെ കണ്ടോളാം എന്നു പറയുന്നവര്‍ ഉണ്ടാവും എന്ന മുന്‍‌വിധി എന്തിനാണ് സിബൂ . ജീവന്‍ തൃണവല്‍ഗണിച്ച് പോലും പത്രലേഖകര്‍ വിവരങ്ങള്‍ ശേഖരിച്ച് നമുക്ക് നല്‍കുന്നില്ലേ . അവരും ഇതേ പോലെ ഭയപ്പെട്ടിരുന്നെങ്കില്‍ നാം ജീവിയ്ക്കുന്ന ലോകം എങ്ങനെയുണ്ടാകും . എന്ത് പറഞ്ഞാലും നിഷേധാത്മകമായേ അതിനെ കാണൂ എന്നത് മലയാളി ശീലമാക്കിയിരിക്കുന്നു സിബൂ . അതിന് മാറ്റം വരുത്തനൊന്നുമല്ല എന്റെ ഈ മറുപടി, ഞാന്‍ പറഞ്ഞല്ലോ സിബുവിന്റെ മന:സാക്ഷിയോടാണ് സംവദിക്കുന്നതെന്ന് .

ബ്ലോഗ് എന്നാല്‍ ബ്ലോഗ്ഗര്‍ എന്നാല്‍ എന്തൊക്കെയോ ആണെന്ന് പലരും ധരിച്ചുവശായ പോലെ തോന്നുന്നു . പ്രാകൃതമായ വാമൊഴിയുടെ ഏറ്റവും ആധുനികമായ എക്സ്റ്റന്‍ഷന്‍ മത്രമല്ലേ ബ്ലോഗ് ? അതെ സിബൂ അത് മാത്രമാണ് , അതിനപ്പുറമൊന്നുമല്ല ബ്ലോഗും !

അനോണികളോട് വിരോധം കൊണ്ടല്ല ഞാന്‍ ഇതൊക്കെ പറയുന്നത് . ഇതൊരു നയപരമായ പ്രശ്നമാണ് . സമൂഹത്തില്‍ അരങ്ങേറുന്ന ഇഷ്യൂകളില്‍ ഇടപെട്ട് അഭിപ്രായം പറയുന്നവര്‍ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് വെളിച്ചത്ത് വന്ന് നിന്ന് പറയണം . അല്ലെങ്കില്‍ പറയാതിരിക്കണം . പറയാന്‍ വേറെയും ആണുങ്ങള്‍ ആരെങ്കിലും ഉണ്ടാവും . അത്തരക്കാരുടെ ത്യാഗത്തിന്റെ ഫലമാണ് നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം . ജനാധിപത്യത്തില്‍ പൌരന് അവകാശങ്ങള്‍ മാത്രമല്ല ചുമതലകളുമുണ്ട് . അവകാശങ്ങള്‍ ഏകപക്ഷീയമല്ല . കടമകള്‍ നിര്‍വ്വഹിക്കുമ്പോള്‍ ലഭിക്കുന്ന കൂലിയാണ് പൌരാവകാശം !
തല്‍ക്കാലം നിര്‍ത്തുന്നു ,
സ്നേഹപൂര്‍വ്വം,
കെ.പി.എസ്.
***********************************************
അനുബന്ധം :
ചേര്‍ത്ത് വായിക്കാന്‍ ആരോഗ്യകരമായ ഒരു ചര്‍ച്ച :
Anonymity on the Blog: Bad, Good or .......

12 comments:

  1. ​മാഷുടെ അഭിപ്രായമാണ് എനിക്കും. ഒരു രസത്തിന് തി‌രശീലക്കുപിന്നില്‍ മറഞ്ഞിരിക്കാം എന്നാലും പ്രധാന വിഷയങ്ങള്‍ പറയുമ്പോള്‍ എല്ലാം ഓരോരുത്തരുടെയും വ്യക്തിത്വവും കൂടി വെളിപ്പെടുത്തുമ്പോഴാണ് അഭിപ്രായം ശരിയാവുക. അല്ലെങ്കില്‍ ആരോ എന്തോ പറഞ്ഞു എന്നമട്ടിലായി പോകില്ലേ ???

    ReplyDelete
  2. എന്റെ ഈ പോസ്റ്റ് മാസങ്ങള്‍ക്ക്‌ മുമ്പിട്ടതാണ്. അന്നും ഇന്നും അതു തന്നെയാണെന്റെ അഭിപ്രായവും.

    ReplyDelete
  3. സുകുമാരേട്ടന്റെ ഈ അഭിപ്രായത്തോട് പൂര്‍ണ്ണമായും
    യോജിക്കുന്നു...ഫോണ്‍ നംമ്പര്‍ ഉള്‍പ്പെടുത്തിയാല്‍
    നന്നായിരിക്കും...പ്രത്യെകിച്ച് ഒരു എഡിറ്റര്‍ ഇല്ലാത്തതുകൊണ്ട്..

    എന്റെ ബ്ലൊഗ് ശ്രദ്ധിക്കുക...
    http://gireeshvengacartoon.blogspot.com

    ReplyDelete
  4. സുകുമാരന്‍ മാഷേ, 'അനോണിമസ്‌' ആയി എഴുതുന്നവരെയെല്ലാം ഭീരുക്കളായി കാണുന്നത്‌ ശരിയാണോ? ബ്ലോഗിന്റെ പേരിനുപരി, 'അനോണിമസ്‌', ബ്ലോഗിനെക്കുറിച്ചുള്ള ഒരു മെസേജ്‌ തന്നെ തരുന്നില്ലേ? മാഷിന്റെ തിയറി അനുസരിച്ച്‌, സ്വന്തം പേരും സ്വന്തം ചിത്രവും കൊടുക്കുന്നത്‌ നാലാളുകളുടെ മുമ്പില്‍ പെരുമ കൂട്ടാനാണെന്ന് പറഞ്ഞു കൂടെ?

    ReplyDelete
  5. “ജീവന്‍ തൃണവല്‍ഗണിച്ച് പോലും പത്രലേഖകര്‍ വിവരങ്ങള്‍ ശേഖരിച്ച് നമുക്ക് നല്‍കുന്നില്ലേ.”

    ശരിയാണു്. സ്വന്തം പേരും വെയ്ക്കാറുണ്ടു്. “സ്വന്തം ലേഖകന്‍” എന്നതാണു് ആ പേരു് :)

    ReplyDelete
  6. മാഷേ ...
    മാഷിന്റെ കണ്‍സേണ്‍ മനസ്സിലാകുന്നു.
    പക്ഷേ ബ്ലോഗിന്റെ ഒരു വാമൊഴി സ്വഭാവം മറക്കരുത്. ബ്ലോഗിന്റെ സ്വഭാവം ഒരു ജനക്കൂട്ടത്തിന്റെ സ്വഭാവം കൂടിയാ‍ാണ്.ഒരു ജനക്കൂട്ടത്തില്‍ നിന്നുകൊണ്ട് കുറേ ആളുകള്‍ സംസാരിക്കുകയാ‍ണെന്നു സങ്കല്‍പ്പീക്കൂ..
    അതുതന്നെ ഇവിടെയും...
    ഇതായിബന്ധപ്പെട്ട് ഒരു പോസ്റ്റ് ഞാന്‍ ഇട്ടിരുന്നു. അനോനി പ്രശ്നമല്ല.. ബ്ലോഗിനെകുറിച്ച്.
    ബ്ലോഗിനെകുറിച്ചൊരു ആലോചന എന്ന പേരില്‍..

    ReplyDelete
  7. സുകുമാരന്‍ അഞ്ചരക്കണ്ടി,
    താങ്കളുടെ അഭിപ്രായസ്വതന്ത്ര്യത്തെ മാനിച്ചു കൊണ്ട് ചില കാര്യങ്ങള്‍ വ്യക്തമാക്കട്ടെ!
    1. ബ്ലോഗുകള്‍ ഇന്റര്‍നെറ്റിലെ ഒരു ഘടകം മാത്രമാണ്‌. അവിടെ നമ്മള്‍ പ്രസിദ്ധീകരിക്കുന്ന കാര്യങ്ങള്‍ ഇന്റര്‍നെറ്റില്‍ എല്ലാവര്‍ക്കും വായിക്കാന്‍/ മനസ്സിലാക്കാന്‍ സാധിക്കും. നമ്മള്‍ ഉദ്ദേശിക്കുന്നതിനേക്കാള്‍ audience - നെ അതു reach ചെയ്യാനുള്ള സാധ്യതയുണ്ട്.
    2. ബ്ലോഗുകളില്‍ നമ്മള്‍ പ്രസിദ്ധീകരിക്കുന്ന കാര്യങ്ങള്‍ ആര്‌ എങ്ങനെ ഉപയോഗിക്കും എന്നത് ഒരു ബ്ലോഗര്‍ക്ക് നിയന്ത്രിക്കാന്‍ സാധിക്കില്ല. നമ്മള്‍ നല്ല ഉദ്ദേശത്തോടുകൂടി വെളിപ്പെടുത്തുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ അതേ രീതിയില്‍ കാണണമെന്നും ഉപയോഗിക്കണമെന്നും ശഠിക്കുവാന്‍ സാധിക്കില്ല.
    3. എല്ലാവരും ജീവിക്കുന്ന സാഹചര്യങ്ങള്‍ ഒരേ രീതിയില്ല. അതു പോലെ എല്ലാവരും ബ്ലോഗിടപാടുകള്‍ നടത്തുന്നത് ഒരേപോലുള്ള സാഹചര്യങ്ങളില്‍ നിന്നല്ല.
    ഇനി ബ്ലോഗില്‍ അടുത്തയിട നടന്ന ചില സംഭവങ്ങള്‍.
    1. അനില്‍ശ്രീ എന്ന ബ്ലോഗര്‍ കേരള്‍. കോമിനെകുറിച്ചുള്ള പോസ്റ്റ് പിന്‍‌വലിക്കുവാനുള്ള കാരണങ്ങളില്‍ ഒന്നായി അദ്ദേഹം പറയുന്നത് ഇതാണ്‌ - അദ്ദേഹത്തെക്കുറിച്ചുള്ള പല കാര്യങ്ങളും ബ്ലോഗില്‍ തന്നെ കിടപ്പുണ്ട് എന്നതാണ് - അതു കൊണ്ട് എന്താ എന്ന് ചോദിക്കില്ല എന്ന് വിശ്വസിക്കുന്നു. (കൂടുതല്‍ തെളിച്ച് പറയാത്തത് അറിയില്ലാത്തവര്‍ ഞാന്‍ പറഞ്ഞ് അറിയേണ്ട എന്നത് കൊണ്ടാണ്‌.)
    2. രാജ് നീട്ടിയത്തിന്റെ മേല്‍‌വിലാസവും ഫോണും കേരള്‍സ് കണ്ടു പിടിച്ചെടുത്ത് പേടിപ്പിക്കാന്‍ ശ്രമിച്ചത് അദ്ദേഹം തന്നെ വിവരിക്കുന്നുണ്ട്.
    3. കുറേ നാളുകള്‍ക്ക് മുന്‍പ് ഒരു ബ്ലോഗര്‍ക്ക് എതിരെ അദ്ദേഹത്തിന്റെ ഓഫീസ്സില്‍ ഒരു പരാതി കിട്ടുകയും ചില പ്രശ്നങ്ങളുണ്ടാകുകയും ചെയ്തു.

    ഇന്റര്‍നെറ്റ് ഉപയോഗിക്കുനവര്‍ തങ്ങളുടെ വ്യക്തിപരമായ കാര്യങ്ങള്‍ ( personal/prfessional details) കഴിവതും നെറ്റില്‍ വെളിപ്പെടുത്തരുത് എന്നാണ്‌ ഉപദേശിക്കുന്നത്. അതിന്റെ അര്‍ത്ഥം ഞാന്‍ ഒരു ഡോക്ടര്‍ അല്ലെങ്കില്‍ എഞ്ചിനിയര്‍ എന്ന് പോലും പറയരുത്‌ എന്നല്ല - നമ്മളുടെ physical locations and access to me മനസ്സിലാക്കുന്ന രീതിയിലുള്ള ഒരു കാര്യങ്ങളും വെളിപ്പെടുത്തരുത്, അതില്‍ റിസ്കുണ്ട്.

    ബ്ലോഗ്ഗില്‍ പേരും ഊരും ഒന്നും വെളിപ്പെടുത്താതെ ബ്ലോഗു ചെയ്യുന്ന അനോനി ബ്ലോഗന്മാരുണ്ട്. ഉദാഹരണങ്ങള്‍ : ഇഞ്ചിപ്പെണ്ണ് , യാത്രാമൊഴി, മാരീചന്‍, വക്കാരി, അങ്ങനെ പലരും..
    അതു പോലെ അനോനിയായി കമന്റുന്നവരുമുണ്ട്. (അവരെ ഒരു പ്രശ്നമായി കാണേണ്ട, കാരണം ബ്ലോഗര്‍ക്ക് നിശ്ചയിക്കാം എന്റെ ബ്ലോഗില്‍ അനോനി കമന്റ് വേണോ എന്ന്!) ( ഇനി മുതല്‍ ഈ പ്രതികരണത്തില്‍ അനോനി എന്നാല്‍ അനോനിയായി ബ്ലോഗുന്നവര്‍ എന്ന്‌ അര്‍ത്ഥം)

    അനോനിയോടുള്ള താങ്കളുടെ അഭിപ്രായം വളരെ prejudiced ആണെന്ന് തോന്നുന്നു, താങ്കള്‍ പറയുന്ന കാര്യങ്ങളിലേക്ക് നോക്കാം.

    ഇന്ന് മലയാളം ബ്ലോഗില് അനോണിമസ് ആയി എഴുതുക എന്നത് ഒരു ശീലവും അനുകരണവും ആയിരിക്കുന്നു . ഞാന് ഒന്ന് ചോദിക്കട്ടെ സിബൂ , ഇങ്ങനെ എന്തിനാണ് അഭിപ്രായം പറയുന്നത് ? അങ്ങനെ പറയുന്ന അഭിപ്രായത്തിന് എന്ത് വിലയാണ് ഉള്ളത് ? ഓരോ ഇഷ്യൂവിലും പൌരന്മാര് നിര്ഭയം സ്വന്തം അഭിപ്രായം പറയുമ്പോഴല്ലേ ജനാധിപത്യം അര്ത്ഥവത്താകുന്നത് . അപ്പോള് ഈ പറയുന്നവര് അതായത് അനോണിമസ് ആയി ബ്ലോഗ് ചെയ്യുന്നവര് ബ്ലോഗിന് പുറത്ത് ഒന്നും ഉരിയാടുകയില്ല എന്നല്ലേ അര്ത്ഥം ? അത് ഭീരുത്വമല്ലേ ?

    താങ്കള്‍ അനോനികള്‍ക്ക് ജനാധിപത്യബോധമില്ല എന്ന് കരുതുന്നില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
    അനോണിമസ് ആയി ബ്ലോഗ് ചെയ്യുന്നവര് ബ്ലോഗിന് പുറത്ത് ഒന്നും ഉരിയാടുകയില്ല - ഇതാണ്‌ ഇഞ്ചിപ്പെണ്‌ ചെയ്തത്?

    ഒരു അഴിമതി ഒരാള് കണ്ട് പിടിച്ചാല് ആ വിവരം അനോണിയായി പറഞ്ഞാല് അതിനാരെങ്കിലും ചെവി കൊടുക്കുമോ?
    ചെവി കൊടുക്കും, ന്യായമായ തെളിവുകളോടെയാണ് അത് പൊതു ജന സമക്ഷം കൊണ്ടു വരുന്നത് എങ്കില്‍ അതു കേള്‍ക്കാനും പ്രതികരിക്കാനും ആളുകള്‍ ഉണ്ടാകും. ആദ്യമൊക്കെ കുറച്ച് ചെവികളേ കിട്ടൂ, പക്ഷേ ഇനി വരും കാലങ്ങളില്‍ കൂടുതല്‍ കൂടുതല്‍ ചെവികള്‍ ബ്ലോഗില്‍ വെളിപ്പെടുന്ന സത്യങ്ങള്‍ക്കായി കാതോര്‍ക്കും.ബ്ലോഗന്‍ അനോനിയാണോ എന്നതല്ല, ബ്ലോഗിന്റെ വിശ്വാസ്യതയായിരിക്കും അപ്പോള്‍ കണക്കിലെടുക്കപ്പെടുന്നത്.
    നേരത്തേ ബ്ലോഗിനെ ഒരു തമാശയായോ അല്ലെങ്കില് അത്ര കാര്യമാക്കാതേയോ ബ്ലോഗ് എഴുതിത്തുടങ്ങിയവര് വിചിത്രമായ അനോണിമസ് പേരുകളില് അങ്ങനെ ചെയ്തിരിക്കാം .
    അങ്ങനെ തോന്നുന്നില്ല. എന്റെ കാര്യത്തില്‍ ഞാന്‍ ആലോചിച്ച് തീരുമാനിച്ച് തന്നെയാണ് അനോനിയായി തുടങ്ങിയത്. മിക്ക ബ്ലോഗര്‍മാര്‍ക്കും അവരുടേതായ കാരണങ്ങളും കാണും. ആദ്യം പറഞ്ഞിരിക്കുന്ന 3 ഐറ്റം നോക്കുക - "എല്ലാവരും ജീവിക്കുന്ന സാഹചര്യങ്ങള്‍ ഒരേ രീതിയില്ല. അതു പോലെ എല്ലാവരും ബ്ലോഗിടപാടുകള്‍ നടത്തുന്നത് ഒരേപോലുള്ള സാഹചര്യങ്ങളില്‍ നിന്നല്ല. "
    അനോണികളോട് വിരോധം കൊണ്ടല്ല ഞാന് ഇതൊക്കെ പറയുന്നത് . ഇതൊരു നയപരമായ പ്രശ്നമാണ് . സമൂഹത്തില് അരങ്ങേറുന്ന ഇഷ്യൂകളില് ഇടപ്പെട്ട് അഭിപ്രായം പറയുന്നവര് അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് വെളിച്ചത്ത് വന്ന് നിന്ന് പറയണം . അല്ലെങ്കില് പറയാതിരിക്കണം . പറയാന് വേറെയും ആണുങ്ങള് ആരെങ്കിലും ഉണ്ടാവും . അത്തരക്കാരുടെ ത്യാഗത്തിന്റെ ഫലമാണ് നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം . ജനാധിപത്യത്തില് പൌരന് അവകാശങ്ങള് മാത്രമല്ല ചുമതലകളുമുണ്ട് . അവകാശങ്ങള് ഏകപക്ഷീയമല്ല . കടമകള് നിര്വ്വഹിക്കുമ്പോള് ലഭിക്കുന്ന കൂലിയാണ് പൌരാവകാശം !

    സുകുമാരന്‍ സാറേ, അപ്പോള്‍ ആണുങ്ങള്‍ മാത്രമേ വെളിച്ചത്ത് നിന്ന് സത്യങ്ങള്‍ പറയാറൊള്ളൂ അല്ലേ :) വെളിച്ചത്ത് സഹിച്ചത് മാത്രമേ ത്യാഗങ്ങളായി കണക്കാകൂ അല്ലേ, കൊള്ളാം!

    ഇനി ഞാന്‍ ചില ചോദ്യങ്ങള്‍ സുകുമാരന്‍ മാഷിനോട് ചോദിക്കട്ടേ?
    ൧. മാരീചന്‍ എന്ന ബ്ലോഗര്‍ എഴുതുന്ന പോസ്റ്റുകളോട് സം‌വദിക്കുവാന്‍ അദ്ദേഹത്തിന്റെ പേര്‌, ഫോണ്‍, ജാതി, മതം, ജോലി, മറ്റു വിവരങ്ങള്‍ ഇവയൊക്കെ ആവശ്യമാണോ? എങ്കില്‍ അതിന്‌ കാരണങ്ങള്‍ പറയാമോ?
    ൨. സൂരജ് എന്ന ബ്ലോഗര്‍ ഒരു ഡോക്ടറാണ്‌ എന്ന് ബ്ലോഗ്ഗില്‍ അവകാശപ്പെടുന്നു ( അദ്ദേഹത്തെ സംശയിക്കുന്നില്ല, ഒരു ഉദാഹരണമായി എടുത്തതാണ്‌) . തീര്‍ച്ചയായും ഒരു ഡോക്ടര്‍ എന്ന വെളിപ്പെടുത്തല്‍ ആ ബ്ലോഗിന്‌ കൂടുതല്‍ ആധികാരികത നല്‍കും. പക്ഷേ അദ്ദേഹത്തന്റ്റെ വെളിപ്പെടുത്തലുകളുടെ ആധികാരികത ഞാന്‍ എങ്ങനെ വിശ്വസിക്കും? ഞാന്‍ നേരില്‍ കണ്ടിട്ടില്ല, എന്റെ സുഹൃത്തുക്കള്‍ വഴിയും അറിയില്ല. മറ്റു വഴികളിലൂടെയും അറിയില്ല. എനിക്ക് സൂരജ് ഡോക്ടര്‍ ഒരു അനോനി തന്നെയാണ്‌.
    അനോനിയാണെങ്കിലും അല്ലെങ്കിലും വിഷയത്തോടുള്ള പ്രതികരണം, അതാണ്‌ നോക്കേണ്ടത്.
    പിന്നെ എന്റെ അഭിപ്രായത്തില്‍ ബ്ലോഗ് സൗഹൃദങ്ങള്‍ ഉണ്ടാക്കാനുള്ള വേദിയല്ല. ഓര്‍ക്കൂട്ടില്‍ ഒരു പരിധി വരെ അതിന്‌ സാധിക്കും, ബ്ലോഗും ഓര്‍ക്കൂട്ടും രണ്ട വ്യത്യസ്ത ആവശ്യങ്ങള്‍ക്കുള്ളതാണ്‌.

    ReplyDelete
  8. അഭിപ്രായങ്ങള്‍ ‍എഴുതിയില്ലെങ്കിലും “അനോണി-നോണ്‍ അനോണി“ ചര്‍ച്ചകള്‍ കൌതുകപൂര്‍വ്വം വായിച്ചു വരുന്നുണ്ടായിരുന്നു. ബ്ലോഗിന്‍റെ ഏറ്റവും വലിയ ഗുണമായി കാണുന്നത് ‍സ്വാതന്ത്ര്യമാണു. നിയന്ത്രണങ്ങളില്ലാത്ത സ്വാതന്ത്ര്യം. ചിലര്‍ക്കു സ്വന്തം പേരില്‍ എഴുതിയാലും സ്വാതന്ത്ര്യം നഷ്ടമാവില്ല.അവര്‍ അങ്ങനെ ബ്ലോഗു ചെയ്തുകൊള്ളട്ടെ. എന്നാല്‍ മറ്റുചിലര്‍ക്കു പല കാരണങ്ങള്‍ കൊണ്ട് സ്വാതന്ത്യം നഷ്ടമാവുന്നു എന്നു തോന്നുമ്പോള്‍ അവര്‍ അനോണിയാവുന്നു അല്ലെങ്കില്‍ തൂലികാനാമങ്ങള്‍ സ്വീകരിയ്ക്കുന്നു. ചിലപ്പോള്‍ തികച്ചും വ്യക്തിപരമായ കാരണങ്ങളാവാം. മറ്റുചിലപ്പോള്‍, സാമുഹികവും. ചില കേസിലെങ്കിലും മള്‍ട്ടിപ്പിള്‍ കാരണങ്ങളുമാവാം.

    ഉദാഹരണത്തിനു ഹരിത്തെന്ന ഞാന്‍ ഒരു വീട്ടമ്മയാണെന്നിരിക്കട്ടെ. വടക്കുനോക്കിയെന്ത്രത്തിലെ ശ്രീനിവാസന്‍റെ സ്വഭാവമുള്ള എന്‍റെ ഭര്‍ത്താവിനു ഞാന്‍ ബ്ലോഗെഴുതുന്നതും മറ്റു പുരുഷന്മാരുടെ ബ്ലോഗില്‍ ഞാന്‍ കമന്‍റിടുന്നതും ഒന്നും ഇഷ്ടമില്ല. അപ്പോള്‍ സ്വന്തം പേരില്‍ ബ്ലോഗെഴുതുന്നതു എന്നെ സംബന്ധിച്ചിടത്തോളം വല്ലാത്ത റിസ്ക് ആണ്. അതുകൊണ്ട് തൂലികാനാമം. പിന്നെ ഭര്‍ത്താവിനിഷ്ടമില്ലെങ്കില്‍ ബ്ലോഗണ്ട എന്ന അഭിപ്രായത്തിനു മറുപടി വേണ്ടല്ലോ.

    ഹരിത്തെന്ന ഞാന്‍ വാസ്തവത്തില്‍ എം ടി വാസുദേവന്‍ നായരോ, സാറാ ജോസഫോ, മോഹന്‍ലാലോ, മമ്മൂട്ടിയോ സംവിധായകന്‍ വിനയനോ ആണെന്നിരിക്കട്ടെ. എന്നെ ഇഷ്ടമുള്ളവര്‍ ആരാധിച്ചു കൊല്ലുകയും എഴുതുന്ന ചവറുകള്‍ എല്ലാം മഹത്തരമെന്നു ഘോഷിയ്ക്കുകയും ചെയ്യും. ഇഷ്ടമില്ലാത്ത്തവര്‍ എന്നെ പിച്ചിച്ചീന്തി ഉപ്പിലിട്ടു വയ്ക്കും, ഇല്ലേ? ഇപ്പോള്‍ അനോണിയായിരിയ്ക്കുമ്പോള്‍ മുഖം നോക്കാതെയുള്ള സ്നേഹം, വെറുപ്പു, അഭിപ്രായം, വിമര്‍ശനം ഒക്കെ കിട്ടുന്നില്ലേ. എനിയ്ക്കു ഇപ്പോള്‍ സ്വതന്ത്രമായി എന്തും എഴുതാമല്ലൊ .

    ഹരിത്തെന്ന ഞാന്‍ നാഷണല്‍ സെകൂരിട്ടി അഡ്വൈസര്‍ എം കെ നാരായണനോ, പ്രധാന മന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടീ ക്കേ ഏ നായരോ, സുപ്രീം കോടതി ചീഫ് ജസ്റ്റീസ് കേ ജീ ബാലകൃഷ്ണനോ ആണെങ്കിലോ? എന്തെങ്കിലും അഭിപ്രായം പറയാന്‍ എനിയ്ക്കു സ്വാതന്ത്ര്യം ഉണ്ടാവുമോ? ഇങ്ങനെയുള്ള ഫ്രൊഫഷണല്‍ കാരണങ്ങള്‍ കൊണ്ടും ചിലപ്പോള്‍ ചിലര്‍ അനോണി ആവേണ്ടിവരും. അങ്ങനെയുള്ളവര്‍ ബ്ലോഗാന്‍ പോകാതെ ഉള്ള ജോലിയും ചെയ്തു ചുമ്മാ ജീവിച്ചു പൊയ്ക്കൂടേ എന്നു ചോദിച്ചാല്‍ അതിനും ഉത്തരം ഇല്ല. ആര്‍മി ഉദ്യോഗസ്ഥര്‍, പോലീസുകാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, രാഷ്റ്റ്രീയനേതാക്കള്‍ ഇങ്ങനെ പല വിഭാഗത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനു പരിമിതികളുണ്ട്. തൂലികാനാമം ആവര്‍ക്കു ഒരു അനുഗ്രഹമാണു. ഈ പ്രശനം സെലിബ്രേറ്റികള്‍ക്കും ഉന്നത നേതാക്കന്മാര്‍ക്കും ഉദ്യോഗസ്ഥന്മാര്‍ക്കും മാത്രമല്ല, ചെറിയ ജോലികള്‍ ചെയ്യുന്നവര്‍ക്കും അവരുടേതായ പരിമിതികളും വിപരീത ചുറ്റുപാടുകളുമുണ്ട്. ഹരിത്തെന്ന ഞാന്‍ ഒരു ബാങ്കിലെ പ്യൂണ്‍ ആണെങ്കില്‍ ഞാന്‍ സ്വന്തം പേരില്‍ ബ്ലോഗെഴുന്നതു എന്‍റെ മാനേജരുള്‍പ്പെടെ അക്ഷര വൈരികളായ പല കൊളീഗ്സിനും അസൂയയുണ്ടാക്കുമെന്നുള്ളതു കൊണ്ട്, ക്ലര്‍ക്കായി കിട്ടാവുന്ന പ്രൊമോഷന്‍, ബ്ലോഗുകാരണം പാരവച്ചു നശിപ്പിച്ചാലോ? ആ പേടികോണ്ട് അനോണിയായി ബ്ലോഗുന്നു. പിന്നെ എഴുതുന്നതു വെറും ചവറാണോ എന്ന ഭയം കാരണം, എന്നെ അറിയുന്ന ആള്‍ക്കാരുടെ മുന്നില്‍ പരിഹാസ്യ കഥാപാത്രമാകാനുള്ള മടിയുമായിക്കൂടേ ഹരിത്തെന്ന പേരിന്‍റെ പിറകില്‍ ഓളിച്ചിരിയ്ക്കാന്‍?
    അങ്ങനെ എത്ര കാരണങ്ങള്‍ വേണമെങ്കിലും ഉണ്ടാവും അനോണികള്‍ക്കു്.ഇതൊക്കെ സ്വന്തം ഐഡന്‍റിറ്റിയില്‍ ബ്ലോഗുന്നവര്‍ക്കു ബാധകമല്ലേ എന്ന ചോദ്യത്തിനു, അവര്‍ ധൈര്യശാലികള്‍ എന്നേ പറയാന്‍ പറ്റു. പേടിത്തൊണ്ടന്മാരും ബൂലോകത്ത് അനോണിയായി ജീവിച്ചു പൊയ്ക്കോട്ടെന്നേ. ഇഷ്യൂ ആക്കാതെ വിട്ടുകള സുഹൃത്തുക്കളേ

    സ്നേഹത്തോടെ
    ഹരിത്

    ReplyDelete
  9. ഹരിത്തും സപ്തവർണ്ണവും എഴുതിയതിലപ്പുറമൊന്നൊം എനിക്കും പറയാനില്ല :(

    ReplyDelete
  10. സപ്തവര്‍ണങ്ങളും ഹരിത്തും ഭംഗിയായി പറഞ്ഞിരിക്കുന്നു. അനോനികളെ തടയുന്നതെന്തിന്‌? എനിക്കു തോന്നുന്നത്‌, അവരെ തടയാന്‍ ശ്രമിക്കുന്നവരാണു ഭീരുക്കളെന്നാണ്‌.

    ReplyDelete
  11. പലപോസ്റ്റുകളും കണ്ട് പെരുവെരല്‍ മുതല്‍ ചൊറിഞ്ഞിട്ടുണ്ട്.
    അനൊണിക്ക് ഒരുസൌകര്യമുള്ളതുകോണ്ട് ഒന്നു തോണ്ടീട്ടുപോകാം
    അതുകളയല്ലേ...

    ReplyDelete
  12. വിമര്‍ശനം വളര്‍ച്ചയ്ക്ക് നിദാനമാകുന്നു എങ്കില്‍ അതിനെ തടയാതിരിക്കുക.

    ReplyDelete