Pages

ബീരാന്‍ കുട്ടിക്ക് മറുപടി !

പ്രിയ ബീരാന്‍ കുട്ടി ,

ആദ്യമേ പറയട്ടെ ഇങ്ങനെ ഒരു കത്തിന്റെ അവശ്യമില്ലായിരുന്നു . ബീരാന്‍ കുട്ടിയുടെ പേരില്‍ ആകെ ഒരു കമന്റ് മാത്രമേ എന്റെ ബ്ലോഗില്‍ ഞാന്‍ കണ്ടിട്ടുള്ളൂ . അത് വ്യക്തിപരമായി എന്നെ പരിഹസിക്കുന്നതായിരുന്നുമില്ല . ഞാന്‍ പൊതുവേ സീരിയസ്സായ വിഷയങ്ങള്‍ മാത്രമേ ബ്ലോഗില്‍ വായിക്കാറുള്ളൂ . ഫിക്‍ഷന്‍സ് വായിക്കാറുമില്ല . തേങ്ങ ഉടക്കാറോ ചാറ്റ് ശൈലിയില്‍ കമന്റാറുമില്ല . ബ്ലോഗില്‍ ഞാന്‍ മറ്റുള്ളവരുടെ ശൈലി പിന്‍‌തുടരാറുമില്ല .

ആശയപരമായി എനിക്ക് കുറെ ശത്രുക്കള്‍ ബ്ലോഗിലുണ്ട് . ഞാന്‍ പക്ഷെ അവരെ അങ്ങനെ കാണാറില്ല . ജീവിതത്തെ ഞാന്‍ എന്റേതായ രീതിയില്‍ ഫിലോസഫിക്കലായിട്ടാണ് കാണുന്നത് . ഏതൊരു മനുഷ്യനോടും എനിക്ക് അനുകമ്പയേയുള്ളൂ . പിന്നെ മനുഷ്യനെ മനുഷ്യനായല്ലാതെ മതക്കാരനായോ ജാതിക്കാരനായോ പാര്‍ട്ടിക്കാരനായോ ഞാന്‍ കാണുന്നില്ല . എന്നെ സംബന്ധിച്ച് ഒരോ മനുഷ്യനും മരണം വരെ ജീവിയ്ക്കാന്‍ വേണ്ടി പോരാടുന്ന നിസ്സഹായനും നിസ്സാരനുമായ ജീവി മാത്രമാണ് മറ്റേതൊരു ജീവിയേയും പോലെ . ഇങ്ങനെ ഒറ്റ നോട്ടത്തില്‍ മറ്റുള്ളവര്‍ക്ക് വിചിത്രമെന്ന് തോന്നാവുന്ന തീയറികള്‍ മനസ്സില്‍ കൊണ്ട് നടക്കുന്ന ഞാന്‍ ബ്ലോഗ് എഴുതുന്നത് ആരുടെയെങ്കിലും പ്രീതിയോ സ്നേഹമോ പിടിച്ചു പറ്റാനുമല്ല , ശത്രുതയും !

പിന്നെയോ , വെറുതെ എന്നേ എനിക്ക് പറയാന്‍ കഴിയൂ . ഒന്നും സ്ഥാപിക്കാനല്ല , മനസ്സില്‍ തോന്നുന്നത് ബ്ലോഗില്‍ കുറിച്ചിടുന്നു .

ലോകം വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതാണ് . ഇത് അംഗീകരിക്കാന്‍ പലര്‍ക്കും കഴിയുന്നില്ല . എന്റെ വിശ്വാസം ആണ് ശരി , ഞാന്‍ പറയുന്നത് ആണ് ശരി എന്ന് എല്ല്ലാവരും കരുതുന്നു . എന്നാല്‍ പൂര്‍ണ്ണമായ ശരി ആരും പറയുന്നില്ല എന്നാണ് ഞാന്‍ കരുതുന്നത് . മാത്രമല്ല എല്ലാ ശരികളും ആപേക്ഷികമാണെന്നും ഞാന്‍ കരുതുന്നു . ഒരു വിശ്വാസിക്ക് ഈ ആശയം സഹിക്കാന്‍ കഴിയില്ല . കാരണം അവന്റെ പ്രവാചകന്‍ , അല്ലെങ്കില്‍ അവന്റെ അവതാരം , അല്ലെങ്കില്‍ അവന്റെ ഗ്രന്ഥത്തില്‍ പറഞ്ഞതും ഉള്ളതും എല്ലാം അവന് കേവലശരികളാണ് . ഞാന്‍ നീട്ടുന്നില്ല .

ജീവിതത്തില്‍ ഒരിക്കലെങ്കിലും നേരില്‍ കാണുകയോ ഫോണില്‍ കൂടി സംസാരിക്കുകയോ ചെയ്തവരുമായി മാത്രമേ എനിക്ക് മാനസികമായി ബന്ധമുള്ളൂ . എന്റെ കോണ്‍‌ടാക്ട് നംബര്‍ പ്രൊഫൈലില്‍ കൊടുത്തിട്ടുണ്ട് . ചിലര്‍ വിളിക്കാറുണ്ട് . അനോണിയായി വന്ന് കമന്റ് എഴുതുന്നവര്‍ ഒന്ന് വിളിക്കാന്‍ മെനക്കെടാറില്ല . പരിപാവനമായ അനോണിത്വം നഷ്ടപ്പെട്ട് പോകുമെന്നത് കൊണ്ടോ ബന്ധപ്പെട്ടാല്‍ പിന്നെ പരിഹസിച്ചുകൊണ്ട് കമന്റ് എഴുതാന്‍ കഴിയാത്തത് കൊണ്ടുമാണ് അനോണികള്‍ അതിന് മുതിരാത്തത് . ഓര്‍ക്കുട്ടിലും ബ്ലോഗിലും ഏതാനും പേരെ എനിക്ക് നേരില്‍ കണ്ട് ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടുണ്ട് . അതൊരു അനുഗ്രഹമായി കാണുന്നു . ബീരാന്‍ കുട്ടിയെ നേരില്‍ കാണാന്‍ കഴിയുമെന്ന് എനിക്ക് പ്രതീക്ഷയില്ല . മലപ്പുറത്ത് എനിക്ക് ചില സുഹൃത്തുക്കളുണ്ട് . കാവന്നൂരില്‍ ഒരു സെയ്തലവി , എടവണ്ണയില്‍ ഒരു നാസര്‍ , തിരൂരില്‍ ഒരു നജീബ് അങ്ങനെയങ്ങനെ .. മലപ്പുറത്ത് താമസിച്ച ഒന്ന് രണ്ട് ദിനങ്ങളില്‍ ഞാന്‍ അവിടെ ഒറ്റ മുസ്ലീമിനേയോ ഹിന്ദുവിനേയോ കണ്ടിട്ടില്ല . പക്ഷെ മനുഷ്യസ്നേഹവും കറകളഞ്ഞ മതേതര സമഭാവനയും ഞാന്‍ അനുഭവിച്ചത് അവിടെ വെച്ചാണ് . എടവണ്ണയിലെ നാസര്‍ എന്നേക്കും ഓര്‍ക്കാന്‍ വേണ്ടി എന്നെ ചാലിയാര്‍ പുഴയില്‍ കുളിപ്പിച്ചിട്ടേ വിട്ടൂള്ളൂ .

ബ്ലോഗ് എനിക്ക് അങ്ങനെ തടിക്ക് പിടിക്കുന്ന ഒന്നല്ല . പക്ഷെ ഈ മാധ്യമത്തെ സമൂഹത്തില്‍ മാനവികതയും പൌരധര്‍മ്മവും മൂല്യങ്ങളും പ്രചരിപ്പിക്കാന്‍ ഉപയോഗപെടുത്താമല്ലോ എന്ന് ചിന്തിക്കുന്നു എന്ന് മാത്രം . അനോണിയായി എഴുതുന്നവരുടെ ന്യായവാദങ്ങളൊന്നും എനിക്ക് ബാധകമല്ല . എന്നെ സംബന്ധിച്ച് ഞാന്‍ പറയുന്നതിന്റെ ഉത്തരവാദിത്വം എനിക്ക് ഏറ്റെടുക്കേണ്ടതുണ്ട് . അനോണികളുടെ കാര്യം എനിക്കറിയില്ല . ഒരു അനോണിയും എന്റെ ശത്രുവോ മിത്രമോ അല്ല .
എന്ന് ,
കെ.പി.സുകുമാരന്‍

No comments:

Post a Comment