Pages

അനോണികള്‍ ഉദ്ധേശശുദ്ധിയുടെ പേരില്‍ മാപ്പ് തരണം !

വിജയകൃഷ്ണന്‍ രഘുവംശിയുടെ രഘുവംശം എന്ന ബ്ലോഗില്‍ " ഗുരുജി-ഒരു പേരിലൊരുപാട് കാര്യങ്ങളുണ്ടെന്ന തോന്നലില്‍” എന്ന പോസ്റ്റ് വായിച്ചപ്പോള്‍ അവിടെ ഒരു കമന്റ് എഴുതാന്‍ തുടങ്ങി . എഴുതി വന്നപ്പോള്‍ അത് നീണ്ടു പോയി . മാത്രമല്ല അതൊരു വിവാദമായി ബൂലോഗത്തിന്റെ പതിവ് ശൈലിയില്‍ കടന്നാക്രമിക്കപ്പെടാനുള്ള സാദ്ധ്യതയുള്ളതിനാല്‍ പകുതിയ്ക്ക് നിര്‍ത്തി . അത് അല്പം കൂടി വിശദീകരിച്ച് ഇവിടെ പോസ്റ്റ് ചെയ്യുന്നു .
നിത്യേന ധാരാളം ബ്ലോഗുകള്‍ വായിച്ചിട്ടാണ് ഇവിടെ ബാംഗ്ലൂരില്‍ സമയം ചെലവഴിക്കുന്നത് . വെറുതെ വിരസമായി ഭാരമായിപ്പോകുമായിരുന്ന സമയം എനിക്ക് ചിന്തിക്കാനും മനസ്സിലാക്കാനും കഴിയുന്ന തരത്തില്‍ ഒരു സജീവത നല്‍കുന്നത് ബ്ലോഗുകളാണ് . എന്നിലെ ഭാഷ ചോര്‍ന്നു പോകാതെ അവശേഷിക്കുന്നതും ഈ ബ്ലോഗ് വായന കൊണ്ട് തന്നെ . വായനയില്‍ ഞാന്‍ സെലക്റ്റീവാണ് . വെറുതെ പൈങ്കിളികളും ചാറ്റുകളും നേരം കൊല്ലികളും വായിച്ച് കളയാന്‍ മത്രം സമയം എനിക്കിനിയില്ലല്ലോ . അത് കൊണ്ട് ഗൌരവമുള്ള വിഷയങ്ങളേ വായിക്കാറുള്ളൂ .

അങ്ങനെ വായിച്ചു പോകുമ്പോള്‍ ഇഷ്ടപ്പെട്ട ബ്ലോഗില്‍ കമന്റ് എഴുതാനും തോന്നാറുണ്ട് . കമന്റ് എഴുതുമ്പോള്‍ ആ ബ്ലോഗ്ഗറോടുള്ള ഐക്യദാര്‍ഡ്യം വെളിപ്പെടുത്താന്‍ , സ്നേഹപൂര്‍വ്വം സംബോധന ചെയ്യണമെന്നും (പ്രായത്തിന്റെ ഒരു അസ്കിത ആയിരിക്കാം)തോന്നാറുണ്ട് . പക്ഷെ സംബോധന ചെയ്യാന്‍ മനസ്സ് അനുവദിക്കുന്ന തരത്തിലല്ല പല ബ്ലോഗ് നാമങ്ങളും . അത് കൊണ്ട് പല സ്ഥലത്തും കമന്റ് എഴുതാറുമില്ല .
ഗുരുജിയായി വന്ന് ഞാന്‍ വിജയകൃഷ്ണന്‍ ആണെന്ന് ഒരിക്കല്‍ എന്റെ ബ്ലോഗില്‍ സ്വത്വം വെളിപ്പെടുത്തിയത് ഓര്‍ക്കുന്നു . അങ്ങനെ വിജയകൃഷ്ണന്‍ എനിക്കൊരു പ്രിയപ്പെട്ട ബ്ലോഗ്ഗറുമായി . ഇപ്പോഴത്തെ പേര് മാറ്റത്തില്‍ എനിക്കൊന്നും തോന്നുന്നില്ല . വിശ്വപ്രഭ ഗുരുജീ എന്നേ ഇനിയും വിളിക്കൂ എങ്കില്‍ വിജയകൃഷ്ണന്‍ എന്ന് വിളിക്കാന്‍ എന്നെ അനുവദിക്കുമെങ്കില്‍ ഞാന്‍ കൃതാര്‍ത്ഥനായി .


ഇങ്ങനെ പറയാന്‍ കാരണമുണ്ട് . ഒരു പ്രാവശ്യം ഫോണ്‍ സംഭാഷണത്തിലൂടെ ഒരു ബ്ലോഗ്ഗറുടെ യഥാര്‍ത്ഥ പേര് ഞാന്‍ മനസ്സിലാക്കി . പിന്നീട് അയാളുടെ പോസ്റ്റില്‍ അയാളെ സ്വന്തം പേരില്‍ സംബോധന ചെയ്തുകൊണ്ട് ഒരു കമന്റ് എഴുതി . അത് അയാളെ അലോസരപെടുത്തിയിരിക്കണം . അയാളുടെ മറുപടിക്കമന്റില്‍ അതിന്റെ നീരസം പ്രകടമായിരുന്നു . പിന്നീട് ഒരവസരത്തില്‍ മെയിലിലൂടെ ആശയസംവാദം നടത്തിയപ്പോള്‍ അയാള്‍ പറഞ്ഞു , നിങ്ങള്‍ ബ്ലോഗില്‍ എന്റെ യഥാര്‍ത്ഥ പേരില്‍ സംബോധന ചെയ്യരുതെന്ന് . അനോണിപ്പേരില്‍ എഴുതുന്ന മികവും കഴിവുമുറ്റ ബ്ലോഗ്ഗര്‍മാരുടെ ചങ്ങാത്തം വേണ്ടെന്നും അവരോട് വ്യക്തിപരമയി അടുക്കേണ്ടതില്ലെന്നും ഇപ്പോള്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നു .


യഥാര്‍ഥ ലോകത്ത് നിരുപാധികവും അകൃത്രിമവുമായ ബന്ധങ്ങള്‍ ഇപ്പോള്‍ ദുര്‍ലഭമായിരിക്കുന്നു . എന്നിട്ടും ജീവിയ്ക്കുന്നില്ലേ . അപ്പോള്‍ വ്യക്തി ബന്ധങ്ങള്‍ സ്വന്തം പേരില്‍ സ്ഥാപിക്കണമെന്ന പ്രലോഭനങ്ങള്‍ അതിജീവിച്ചും ബ്ലോഗുകള്‍ വായിക്കാം . നിജത്തെ അവഗണിച്ച് നിഴലിനെ പുണരുക എന്നതാണല്ലോ ആധുനികകാലത്തെ നീതിശാസ്ത്രം .

മനുഷ്യന്‍ ജീവിയ്ക്കാന്‍ പഠിക്കുന്നത് തന്നെ മറ്റുള്ളവരെ അനുകരിച്ചുകൊണ്ടാണെന്ന് തോന്നുന്നു . മനുഷ്യന് മറ്റ് വേറെ മാര്‍ഗ്ഗങ്ങളില്ലല്ലോ. സാമൂഹ്യജീവിതത്തിന് ഒരു നൈരന്തര്യവും ഒഴുക്കും കിട്ടുന്നത് തന്നെ ഈ അനുകരണം കൊണ്ടായിരിക്കണം . സ്വന്തം വഴി വെട്ടിത്തെളിക്കുന്നവര്‍ അപൂര്‍വ്വമാണ് . ബ്ലോഗില്‍ അനോണികള്‍ പെരുകാന്‍ കാരണമെന്തെന്നത് അന്വേഷിക്കുമ്പോള്‍ ചെന്നെത്തുക മലയാളിയുടെ അനുകരണശേഷിയുടെ അപാരമായ സാധ്യതകളിലേക്കാണ് .
മലയാളം ബ്ലോഗ് എഴുതുന്നവരില്‍ പ്രതിഭയും കഴിവും സമൃദ്ധമായുള്ളവര്‍ മിക്കവാറും എഴുതുന്നത് അനോണി നാമങ്ങളിലാണ് . അത് കൊണ്ട് ഒരു ഗുണമുണ്ട് .

പല പല അനോണി നാമങ്ങളില്‍ വന്ന് ബ്ലോഗുകളില്‍ ആഭാസം എഴുതുന്നവരുടെ സംരക്ഷകരായി ഈ അനോണി പ്രതിഭകളും പരോക്ഷമായി മാറുന്നു എന്നതാണത് . അനോണി പേരില്‍ എഴുതുന്നത് ആശാസ്യമാണോ എന്ന് ഋജുമനസ്കരായ ആരെങ്കിലും ചോദിച്ചു പോയാല്‍ ഇക്കൂട്ടര്‍ ശക്തരായി രംഗത്ത് വരും . അനോണി എന്ന് കേള്‍ക്കുമ്പോള്‍ ഛര്‍ദ്ദില്‍ വരുന്നവര്‍ എന്ന് ഇങ്ങനെ ചോദിക്കുന്നവരെ ഭാവനാസമ്പന്നനായ ഒരു ബ്ലോഗര്‍ ഈയ്യിടെ വിശേഷിപ്പിക്കുകയുണ്ടായി . അത് കൊണ്ട് അനോണികള്‍ക്ക് ബൂലോഗത്ത് ശോഭനമായ ഭാവിയാണുള്ളത് . ബൂലോഗത്ത് അനോണികളുടെ ധാരാളിത്തവും സ്വന്തം പേരില്‍ എഴുതുന്നവര്‍ വിരളവുമായതിനാലായിരിക്കണം പുതുതായി കടന്നുവരുന്നവരും സ്വതസിദ്ധമായ അനുകരണശേഷി നിമിത്തം അനോണിയായി എഴുതാന്‍ തന്നെ തീരുമാനിക്കുന്നത് .

സ്വന്തം പേരില്‍ ബ്ലോഗില്‍ എഴുതുന്നത് ഔദ്യോഗികമോ മറ്റെന്തെങ്കിലും കാരണങ്ങളാലോ ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് കൊണ്ടാണ് ഞാന്‍ നടേ പരാമര്‍ശിച്ച പ്രതിഭാശാലികളായ എഴുത്തുകാര്‍ അപരനാമങ്ങളില്‍ ബ്ലോഗെഴുത്ത് നടത്തുന്നത് . തൂലികാനാമങ്ങളില്‍ എഴുതുന്ന എത്രയോ എഴുത്തുകാര്‍ സാഹിത്യലോകത്ത് ഉണ്ടല്ല്ലോ . അവരെക്കൊണ്ട് സാഹിത്യലോകം സമ്പന്നമായതേയുള്ളൂ . എന്നാല്‍ ഈ അനോണിത്വം ബ്ലോഗില്‍ വൃത്തികേടുകള്‍ ഉണ്ടാക്കാനാണ് ഉപയോഗപ്പെടുത്തുന്നത് എന്നത് ഖേദകരമാണ് . മറ്റുള്ളവരെ ചെളി വാരിയെറിയാം , വ്യക്തിഹത്യ നടത്താം , എന്ത് തെറിയും മന:സാക്ഷിക്കുത്തില്ലാതെ ടൈപ്പ് ചെയ്യാം എന്നിങ്ങനെയുള്ള സാധ്യതകളാണ് അനോണിത്വം പലര്‍ക്കും നല്‍കുന്നത് . എഴുതിത്തെളിയുന്ന പലരെയും വഴി തെറ്റിക്കാനും ഈ പ്രവണത കാരണമാകുന്നു . എത്രയോ ബിനാമി ഐഡികള്‍ നിത്യേന സൃഷ്ടിക്കപ്പെടുന്നു . അങ്ങനെ ഡാറ്റാ സ്റ്റോറേജുകളും മാലിന്യങ്ങള്‍ കൊണ്ട് നിറയുന്നു . അന്തരീക്ഷമലിനീകരണം പോലെ ഈ സ്റ്റോറേജ് മാലിന്യങ്ങള്‍ നാളെ ഒരു വിപത്തായേക്കാം . നൈമിഷികമായ സംതൃപ്തികള്‍ക്ക് വേണ്ടി ഭൌതികലോകവും വിര്‍ച്ച്വല്‍ ലോകവും അനുനിമിഷവും മലിനീകരിച്ചു കൊണ്ടിരിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത് .

ബൂലോഗത്ത് പല പല ഗ്രൂപ്പുകളും കൂട്ടായ്മകളും ക്ലബ്ബുകളും നിലവിലുണ്ട് . ഞാനും ഒരു ഗ്രൂപ്പ് തുടങ്ങുകയാണ് . സ്വന്തം പേരും വിലാസവും വെളിപ്പെടുത്തി സ്വന്തം നിലയില്‍ യഥാര്‍ത്ഥ ലോകത്തെന്ന പോലെ ബൂലോഗത്തും അറിയപ്പെടാനാഗ്രഹിക്കുന്നവരുടെ ഗ്രൂപ്പ് . അങ്ങനെയും ഒരു കീഴ്വഴക്കം ബുലോഗത്ത് സൃഷ്ടിക്കേണ്ടതുണ്ട് . പ്രത്യേകിച്ചും ധാരാളം ആളുകള്‍ ബ്ലോഗ് ചെയ്യാന്‍ നിത്യേന പുതിയതായി കടന്നു വരുന്ന സാഹചര്യത്തില്‍ .
ഈ ഗ്രൂപ്പില്‍ ചേരാന്‍ താല്പര്യമുള്ളവര്‍ താഴെ കാണുന്ന ഗ്രൂപ്പ് ബോക്സില്‍ സബ്‌സ്ക്രൈബ് ചെയ്യുകയാണ് വേണ്ടത് . കേരള ബ്ലോഗ് അക്കാദമിയുടെ പേരിലായിരുന്നു ഞാന്‍ ആ ഗ്രൂപ്പ് തുടങ്ങിയിരുന്നത് . എന്നാല്‍ അതൊരു കൂട്ടായ തീരുമാനമായിരുന്നില്ല . അതിനാല്‍ തല്‍ക്കാലം ആ ഗ്രൂപ്പ് ഈ ആവശ്യത്തിന് വേണ്ടി ഉപയോഗപ്പെടുത്തുകയാണ് . പിന്നീട് പേര്‍ മാറ്റാമല്ലോ .
ഇതൊരു ഹോബി മാത്രമാണെന്ന് കരുതിയാല്‍ മതി . ആരും തല്ലാന്‍ വരരുത് !

28 comments:

  1. അനോണികള്‍ ഉദ്ധേശശുദ്ധിയുടെ പേരില്‍ മാ‍പ്പ് തരണം !

    ReplyDelete
  2. എന്തിനും ഉണ്ട് മാഷേ ഒരു നല്ല വശവും ചീത്ത വശവും ...സ്വന്തം പേരില്‍ എഴുതുന്നു എന്നവകാശ പെടുന്നവരില്‍ തന്നെ സ്വന്തം പേരു ഉപയോകികുന്നവര്‍ എത്ര പേരുണ്ട് ?ഉദാഹരണത്തിന് സന്ദീപ്‌ എന്ന പേരില്‍ ബ്ലോഗ് എഴുതുന്ന ആളുടെ പേരു സല്‍മാന്‍ അല്ലാന്ന് ആര് കണ്ടു...ചിലപ്പോള്‍ ഒറ്റ നോട്ടത്തില്‍ അനോണി അല്ല എന്ന് തോന്നുന്ന പലരും അനോനികളേ ക്കള്‍ ആഭാസന്മാരും അപകടകാരികളും ആയേക്കാം ...അനോണി പേരു ഉപയോഗിച്ചു ചെറ്റതരം കാണിക്കുന്നവര്‍ ഉണ്ടാകാം ..എന്നാല്‍ ബൂരിപാകവും അക്കുട്ടരല്ല എന്നാണ് എന്റെ വിശ്വാസം ...മലയാളം ബ്ലോഗ് റോളില്‍ നൂറു കണക്കിന് പോസ്റ്റുകളാണ് ദിവസവും അപ്ഡേറ്റ് ചെയ്യപെടുന്നത് ...അക്കൂടത്തില്‍ രസകരമായ അനോണി പേരുകള്‍ പെട്ടന്ന് ശ്രദ്ധയില്‍ പെടുമെന്നുള്ളതും ഒരു പരുതിവരെ അനോണി പേരുകള്‍ ഉപയോഗിക്കാന്‍ കാരണം ആകുന്നു ..താങ്ങള്‍ തുടങ്ങാന്‍ പോകുന്ന പുതിയ ഗ്രൂപ്പില്‍ ഒരുത്തന്‍ മുകളില്‍ സുചിപിച്ചത് പോലെ വേറെ ഒരു പേരില്‍ വന്നു ചെറ്റതരം കാണിക്കില്ല എന്ന് എന്താണ് ഉറപ്പ്. അത് കൊണ്ടു പേരുകള്‍ നോക്കാതെ അവര്‍ എന്തെഴുതുന്നു എങ്ങനെ മറ്റുള്ളവരുമായി ഇടപഴകുന്നു എന്ന് നോക്കി ആളെ വിലയിരുതുനതാവും മാഷേ നല്ലത്...ഇതു എന്റെ അഭിപ്രായം ആണ് കേട്ടോ ......ഈ ടോപിക്കില്‍ ആദ്യത്തെ പോസ്റ്റ് ഇടാന്‍ കഴിഞ്ഞതില്‍ സന്തോഷം ...മറ്റുള്ളവര്‍ എന്ത് പറയുന്നു എന്ന് നോക്കാം..

    ReplyDelete
  3. താങ്കളുടെ വികാരം മനസ്സിലാക്കുന്നു. നമ്മള്‍ ജീവിക്കുന്ന ലോകവും സൈബര്‍ ലോകവും രണ്ടും രണ്ടാണെന്ന് താങ്കള്‍ മനസ്സിലാക്കാത്തിടത്താണ് യൂസര്‍ ഐഡികള്‍ ഉപയോഗിക്കുന്നതിനെതിരേ ചിന്തിക്കാന്‍ താങ്കളെ പ്രേരിപ്പിക്കുന്നത്.

    സൈബര്‍ ലോകത്ത് ഗൂഗിള്‍ നല്‍കുന്ന ഒരു സൌകര്യുമാണ് യൂസര്‍ ഐഡികള്‍ ഉപയോഗിക്കാം എന്നുള്ളത്. അല്ലെങ്കില്‍ യാഹു പോലുള്ള സര്‍വ്വീസ് ദാദാക്കള്‍ നല്‍കുന്നത്. വ്യക്തിയുടെ വിവരങ്ങള്‍ പൂര്‍ണ്ണമായും വെളിപ്പെടുത്തി സൈബര്‍ ലോകത്ത് വരരുത് എന്നും ഈ സേവന ദാദാക്കള്‍ ഇടയ്ക്കിടക്ക് ഓര്‍മ്മപ്പെടുത്താറുമുണ്ട്. നമ്മുടെ ശരിയായ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതകള്‍ സൈബര്‍ ലോകത്ത് ധാരാളമാണ്. അതെങ്ങിനെയൊക്കെ സംഭവിക്കും എന്ന് ആര്‍ക്കും മുന്‍ കൂട്ടി പറയാനും കഴിയില്ല. സംഭവിച്ചതിന് ശേഷം മാത്രമേ “പറ്റിപ്പോയതിനെ” കുറിച്ച് അറിയുകയുള്ളു.

    അതുകൊണ്ട് തന്നെയാണ് മഹാഭൂരിപക്ഷം പേരും സ്വന്തം വ്യക്തിത്വത്തെ മറച്ച് വെച്ച് സൈബര്‍ ലോകത്ത് കടന്ന് വരുന്നത്. തൊഴില്‍ പരമായ പരിഗണനകള്‍ മാത്രമല്ല ഇതിന് കാരണം. അതിലുമപരി സുരക്ഷിതത്വത്തെ ബാധിക്കുന്ന ഒരു പ്രശ്നമാണ് ഐഡി വെളിപ്പെടുത്തുക എന്നത്.

    അനോനികളും ഗൂഗിള്‍ അനുവദിച്ചിരിക്കുന്ന സൌകര്യമാണ്. അനോനി കമന്റ് വേണ്ടായെങ്കില്‍ അതിനുള്ള ഓപ്ഷനും ഗൂഗിള്‍ നല്‍കുന്നുണ്ട്. ഈ ബ്ലോഗില്‍ പോലും അനോനി ഓപ്ഷന്‍ തുറന്നിട്ടിരിക്കുകയാണ്. അത് അടക്കാത്തിടത്തോളം കാലം അനോനികള്‍ ഈ പോസ്റ്റിന് കമന്റ് എഴുതരുത് എന്ന് പറയുവാന്‍ താങ്കള്‍ക്കും കഴിയില്ല. ഇന്നി നാം എഴുതുന്നത് നമ്മള്‍ക്ക് ഇഷ്ടമുള്ളവര്‍ മാത്രം വായിച്ചാല്‍ മതീയെങ്കില്‍ അതിനുള്ള സൌകര്യവും ഗൂഗിള്‍ തരുന്നുണ്ട്. അതായത് എല്ലാം നാം നിശ്ചയിക്കുന്നതു പോലെയാണ് വന്ന് ഭവിക്കുന്നതും. അത് ഭൂലോകത്ത് ആണെങ്കിലും ബൂലോഗത്ത് ആണെങ്കിലും ഒരു പോലെ തന്നെ.

    ഇത് പറയുമ്പോള്‍ ഞാനൊരു അനോനിയാണെന്ന് കരുതരുത്. “അഞ്ചല്‍ക്കാരന്‍” എന്നത് എന്റെ യൂസര്‍ ഐഡിയാണ്. ഞാന്‍ ഷിഹാബ അഞ്ചല്‍ ആണെന്ന് എന്റെ പ്രൊഫൈലില്‍ ഉണ്ട്. ഫോട്ടോയും ഉണ്ട്. വീട്ട് പേരും മറ്റ് വിലാസങ്ങളും സുരക്ഷിതത്വത്തിന്റെ പേരില്‍ നല്‍കുന്നില്ല എന്ന് മാത്രം.

    അതാണ് ശരി. എന്റെ പേരും ഫോട്ടോയും സൈബറില്‍ വരുന്നത് എനിക്ക് സുരക്ഷിത പ്രശ്നമല്ല എന്ന് എനിക്ക് തോന്നുന്നത് കൊണ്ട് അത് ഞാന്‍ പ്രൊഫൈലില്‍ കൊടുത്തു. മറ്റു വിവരങ്ങള്‍ എന്റെ സുരക്ഷിതത്വത്തെ ബാധിക്കും എന്നു തോന്നിയത് കൊണ്ട് കൊടുക്കുന്നില്ല. അപ്പോള്‍ മറ്റൊരാള്‍ക്ക് ഫോട്ടോ കൊടുക്കുന്നത് സുരക്ഷിതത്വത്തെ ബാധിക്കും എന്ന് തോന്നാം. അവര്‍ ഫോട്ടോ കൊടിക്കില്ല. ചിലര്‍ക്ക് പേരുപോലും തങ്ങള്‍ക്കെതിരേ ഉപയോഗിക്കപ്പെടും എന്ന് തോന്നാം അവര്‍ പേരും കൊടുക്കില്ല. പക്ഷേ എല്ലാവര്‍ക്കും ഐഡികള്‍ ഉണ്ടാവുകയും ചെയ്യും.

    ബ്ലോഗെഴുതുന്നതിനെ സൈബര്‍ യുഗത്തിലെ ഒരു സൌകര്യമായി കാണുക. സൈബര്‍ ലോകമെന്നത് ഒരു സങ്കല്പ ലോകമാണ്. നാം അധിവസിക്കുന്ന ലോകവുമായി അതിനെ താരതമ്യം ചെയ്യുന്നത് എത്രത്തോളം ശരിയാണ് എന്നത് സംശയമാണ്.

    താങ്കളുടെ അഭിപ്രായങ്ങള്‍ക്ക് വിരുദ്ധമാണ് ഈ അഭിപ്രാ‍യം എങ്കിലും ഈ കമന്റ് ഡിലീറ്റ് ചെയ്യില്ല എന്ന് കരുതുന്നു.

    ReplyDelete
  4. അഞ്ചരക്കണ്ടി സര്‍ട്ടിഫൈഡ് എന്ന് മുദ്രവച്ചവര്‍ മാത്രം മതി ബൂലോകത്ത് എന്നായാലോ?

    (ഡിലീറ്റ് ചെയ്യാനുള്ളതായോണ്ട് പ്രതികരണം ചുരുക്കിയെന്നേയുള്ളൂ.. വേറേ ജോലിയൊണ്ടേ..)

    ReplyDelete
  5. സുകുമാര്‍ജി ആന്‍ഡ്‌ അഞ്ചല്‍ജീ.

    അനോനി എന്ന് പറഞ്ഞാല്‍ മാഷ്‌ പറഞ്ഞപോലെ പേടിയാണ്‌. കാരണം, ബൂലോകത്തെ വെള്ളം കലക്കിയതിന്റെ പട്ടയം പലര്‍ക്കും ഫ്രീയായി കിട്ടിയതാണ്‌. അനോണിയും തൂലിക നാമവും രണ്ടല്ലെ. എന്റെ യതാര്‍ഥ പേര്‌ ബീരാന്‍ കുട്ടിയെന്നല്ല. പക്ഷെ, എന്തോ, എനിക്കാ പേരിലറിയപ്പെടാനാണിഷ്ടം, ചുരുങ്ങിയത്‌, ബ്ലോഗിലെ എന്റെ എഴുതുകളില്ലെങ്കിലും. അത്‌ തെറ്റാണെന്ന് കാര്യ കാരണ സഹിതം വിശദീകരിച്ചാല്‍, ഞാന്‍ ഈ പേര്‌ മറ്റാം.

    പിന്നെ, ഈ പേര്‌ എനിക്ക്‌ നല്‍ക്കുന്ന ചില അമിതസ്വതന്ത്ര്യമുണ്ട്‌. അത്‌ ഞാന്‍ ദുരുപയോഗം ചെയ്യാത്തിടത്തോളം, എന്റെ നിലപാട്‌ ശരിയല്ലെ.

    സത്യം പറയട്ടെ, ചിലതോക്കെ നട്ടെല്ല് നിവര്‍ത്തി വിളിച്ച്‌ പറയാന്‍ എനിക്ക്‌ ഈ അനോനിമിറ്റി അവശ്യമാണ്‌. (ഇല്ലെങ്കില്‍ ബ്ലോഗിലെ രക്തസാക്ഷികളുടെ ഒരു ക്ലബ്‌ രുപീകരിക്കേണ്ടി വരും) എത്രയോ വിമര്‍ശകര്‍ ബ്ലോഗില്‍നിന്നും മാറിനില്‍ക്കുന്നതിന്റെ കാരണം മറ്റോന്നല്ല മാഷെ.

    തൂലിക നാമങ്ങള്‍ ഇത്രം വലിയ ഒരു പ്രശ്നം ഉണ്ടാക്കുന്നുണ്ടോ?. ഇല്ലെന്നാണ്‌ എന്റെ എളിയ വിശ്വാസം, കൂടുതല്‍ പ്രതികരണങ്ങള്‍ വരട്ടെ. ഞാന്‍ ഇവിടെതന്നെ ദാ, ആ മാവിന്റെ ചുവട്ടില്‍ നില്‍ക്കാം.

    ഗുപ്തന്റെ പ്രതികരണം തെറ്റിയെന്ന് ഗുപ്തന്‌ തോന്നുന്നെങ്കില്‍ സ്വയം ഡിലീറ്റ്‌ ചെയ്യുവാന്‍ സന്മനസുണ്ടാവണം.

    ReplyDelete
  6. എഴുത്തുകാരന്‍റെ പേര്, നാട് തുടങ്ങിയവ ചില വായനക്കാരുടെയെങ്കിലും അഭിപ്രായരൂപീകരണത്തെ സ്വാധീനിക്കുന്നു എന്ന് കരുതുന്ന ഒരാളാണ് ഞാന്‍.

    ബ്ലോഗ് സംവാദങ്ങളില്‍ എന്റെ പേര് മധു, മാത്യു, മൊഹ്സീന, മുളകുപൊടി ഇവയിലേത് എന്നു നോക്കേണ്ട കാര്യമുണ്ടോ? ഞാന്‍ കറുകച്ചാലില്‍ നിന്നാണെങ്കിലും കരുവഞ്ചാലില്‍ നിന്നാണെങ്കിലും കണ്ണീരിന്‍റെ സാന്ദ്രത മാറുമോ? കോരനും ഘോരശര്‍മ്മയ്ക്കും സാമൂഹ്യവിഷയങ്ങളില്‍ സ്വന്തമായ നിലപാടുകള്‍ വെളിപ്പെടുത്താന്‍ പേരുകള്‍ തടസ്സമെന്നു തോന്നുന്നെങ്കില്‍, കോര എന്ന പേരില്‍ അവര്‍ എഴുതട്ടെ.

    നമുക്ക് എന്താ വേണ്ടത്? അപ്പുറെ നില്ക്കുന്നവനെ വിളിക്കാന്‍ ഒരു പേര് വേണം. അത്രന്നെ.

    ഇന്ത്യക്കാര്‍ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നു എന്നുകരുതി ഭരണഘടന കത്തിച്ച് മനുസ്മൃതി പാര്‍ലിയമെന്‍റില് വെയ്ക്കേണമോ?

    ReplyDelete
  7. അഞ്ചല്‍ക്കാരന്‍ പറഞ്ഞത് ശരിയാണ്. നമ്മള്‍ ജീവിക്കുന്ന ലോകവും സൈബര്‍ ലോകവും രണ്ടും രണ്ടാണെന്ന് ഞാന്‍ മനസ്സിലാക്കിയിട്ടില്ല്ല .

    മാത്രമല്ല അച്ചടി മാധ്യമങ്ങളില്‍ എഴുതുന്നവര്‍ അച്ചടി ലോകം എന്ന് വേറെ ഒരു ലോകം ഉണ്ടെന്ന് കരുത്താത പോലെ , ദൃശ്യമാധ്യമങ്ങളില്‍ കൂടി ആത്മാവിഷ്കാരം നടത്തുന്നവര്‍ വേവ് ലോകം അഥവാ തരംഗലോകം എന്ന് മറ്റൊരു ലോകം ഉണ്ടെന്ന് കരുത്താത പോലെ ബ്ലോഗ് എഴുതുന്നവര്‍ക്ക് സൈബര്‍ ലോകം എന്ന് ഒരു ലോകം ഉണ്ടെന്ന് എനിക്ക് മനസ്സിലായിട്ടില്ല . വസ്തുവിന്റെ നാലാമത്തെ പരിമാണമാണ് കാലം എന്ന ഐന്‍സ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തം മനസ്സിലാകാത്ത പോലെയാണിതെനിക്ക് . എനിക്ക് മനസ്സിലാകാത്തതൊന്നും നിലനില്‍ക്കത്തക്കതല്ല എന്ന് തര്‍ക്കിക്കാനുള്ള മൌഢ്യമൊന്നും എനിക്കില്ല .

    ഈ പോസ്റ്റ് അനോണികള്‍ അത്ര കാര്യമാക്കേണ്ടതില്ല . തലക്കെട്ട് തന്നെ മാപ്പ് ചോദിക്കുന്ന തരത്തിലാണ് . എന്നിട്ടും ചില അനോണികള്‍ അവരുടെ പ്രതിഷേധം ശക്തമായി ഉന്നയിക്കുന്നുണ്ട് . മോഡറേഷന്‍ ഇനേബ്‌ള്‍ ചെയ്തിട്ടും ചിലര്‍ ധാര്‍മ്മിക രോഷം പൂണ്ട് നീണ്ട കമന്റുകള്‍ അയക്കുന്നത് അനോണിയെ തൊട്ട് കളിച്ചാല്‍ സൂക്ഷിക്കണം എന്ന മുന്നറിയിപ്പായി ഞാന്‍ കരുതുന്നു . ഭാഗ്യത്തിന് ഇതേ വരെ തെറികള്‍ ഒന്നും വന്നിട്ടില്ല . പോസ്റ്റ് മനസ്സിരുത്തി വായിച്ചാല്‍ തെറി അയയ്ക്കാന്‍ മാത്രം ഞാന്‍ എഴുതിയിട്ടില്ല എന്ന് ഏത് അനോണിക്കും ബോധ്യമാകും .

    അനോണിയല്ലാതെ ബ്ലോഗ് എഴുതുന്നവര്‍ ആരുമില്ലാത്തായാല്‍ ഞാന്‍ ബ്ലോഗ് വായനയും എഴുത്തും നിര്‍ത്തും .

    മറുപടി തീരുന്നില്ല . മറ്റുള്ളവര്‍ക്ക് തല്‍ക്കാലം നന്ദി മാത്രം !

    ReplyDelete
  8. ഒരു സ്വതന്ത്ര മാധ്യമത്തില്‍ പേരു സൂചകങ്ങള്‍ ഒരു ബാദ്ധ്യതയാകും. അതൊഴിവാക്കാന്‍ ഒരു വഴി അത്രേയുള്ളു. അല്ലാതെ അനോണിയായി വന്ന് തെറി വിളിക്കാനുള്ള ലൈസന്‍സ് അല്ല. അത് ആര്‍ക്കും ചെയ്യാവുന്നതാണല്ലൊ, ചെയ്യുന്നുമുണ്ട്. പലടത്തും അനോണിയായി വന്നത് എതിരന്‍ കതിരവന്‍ ആണോ കെ. പി. സുകുമാരന്‍ അഞ്ചരക്കണ്ടി ആണോ എന്ന് ആര്‍ക്കറിയാം, നമുക്കല്ലാതെ?

    എന്റെ യഥാര്‍ത്ഥ പേര്‍ കണ്ടു പിടിച്ച് എന്റെ മറ്റു വ്യാപാരങ്ങള്‍ എന്താണെന്നും മനസ്സിലാക്കി ആക്ഷേപിക്കാന്‍ ഈയിടെ ഒരു പ്രശസ്ത ബ്ലോഗര്‍ തുനിഞ്ഞു. മറ്റു മേഖലകളില്‍ പരാജയപ്പെട്ടിട്ടാണ് ഇവിടെ വന്നിരിക്കുന്നതെന്ന മട്ടീല്‍. തൂലികാനാമങ്ങളില്‍ എന്തോ വലിയ രഹസ്യം കുടിയിരിക്കുന്നു എന്ന ആശങ്കയും പേടിയുമാണ് ഇത്തരം നിരീക്ഷണങ്ങളുടെ പുറകില്‍.

    ReplyDelete
  9. സുകുമാരേട്ടന്‍ ദി ഹിന്ദു ദിനപത്രം (ജൂലൈ-4) സപ്ലിമെന്റ് (Opportunities) വായിച്ചിട്ടുണ്ടോ എന്നറിയില്ല. അതില്‍ ഫ്രന്റ് പേജില്‍ തന്നെ കൊടുത്തിട്ടുള്ള ആര്‍ട്ടിക്കിള്‍ (Blogs emerge as the new job-hunting tool),ഉള്‍പേജില്‍ കൊടുത്തിട്ടുള്ള ലേഖനം(Build an online image to shine on Internet) എന്നിവ വ്യക്തമായി പ്രതിപാദിക്കുന്നത് എന്തെന്നാല്‍; ഒരു തൊഴിലന്വേഷകനെക്കുറിച്ച് ഇന്ന് മിക്ക സ്ഥാപനങ്ങളും വസ്തുനിഷ്‌ടമായ വിവരങ്ങള്‍ ശേഖരിക്കുവാന്‍ ഗൂഗിളില്‍ സേര്‍ച്ച് ചെയ്തും, ബ്ലോഗ്, മറ്റ് സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകള്‍ എന്നിവയില്‍ ഉദ്യോഗാര്‍ത്ഥിയുടെ ഓണ്‍‌ലൈന്‍ വ്യക്തിത്വം, ഓണ്‍‌ലൈന്‍ വ്യവഹാരങ്ങള്‍ എന്നിവ പഠിച്ചിട്ടാണ്. ഇത് ഉദ്യോഗാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം പരമപ്രദാനമായ സംഗതിയാണ്. അതുകൊണ്ട് ബ്ലോഗുകള്‍ യഥാര്‍ത്ഥനാമത്തില്‍ തുടങ്ങാനും തുടരാനും പലരും തയ്യാറാവുന്നില്ല എന്നാണ് വസ്തുത. നമ്മള്‍ ഒരു കമ്പനിയിലേക്ക് അയക്കുന്ന ബയോഡാറ്റയില്‍ നിന്നും കിട്ടുന്നതിനേക്കാളും അധികം യാഥാര്‍ത്ഥ്യങ്ങള്‍ നമ്മുടെ ബ്ലോഗുകളില്‍ നിന്നും ഗൂഗിളില്‍ നിന്നുമെല്ലാം ഉടനടി ലഭിക്കുമെന്നത് ശെരിയാണ്. എന്റെ പേര് അല്ലെങ്കില്‍ ഏതൊരു ബ്ലോഗറുടെ പേരും ഒന്ന് ഗൂഗിളില്‍ സേര്‍ച്ച് ചെയ്തുനോക്കിയാല്‍ മനസ്സിലാകും ഇതിന്റെ അപാരത, ഇതിലെ വസ്തുത.
    അതുതന്നെ ആയിരിക്കാം ഇന്നത്തെ ചെറുപ്പക്കാര്‍ പ്രത്യേകിച്ചും അനോണികള്‍ ആയി ബ്ലോഗുന്നതിനുള്ള ഹേതു.

    ReplyDelete
  10. ഒരു കാര്യം സൂചിപ്പിച്ചോട്ടെ. ഏറനാടന്‍ എന്ന നാമധേയത്തില്‍ ബ്ലോഗുന്നെങ്കിലും ഞാന്‍ ഒരിക്കലും ഒരു അനോണിയോ അനോണിയുടെ ബന്ധുപോലുമോ അല്ല. എന്റെ യഥാര്‍ത്ഥഫോട്ടോ എന്റെ പ്രൊഫൈലില്‍ കൊടുത്തത് ശ്രദ്ധിക്കുമല്ലോ. മാത്രമല്ല, സാലിഹ് എന്ന എന്റെ പേരിനേക്കാളും ശ്രദ്ധനേടാവുന്ന പേര് വേണമെന്ന് തോന്നിയപ്പോള്‍ 2006-ജൂണ്‍-22-ന്‍് മലയാളബ്ലോഗ് ആരംഭിച്ചപ്പോള്‍ ഏറനാട് ദേശത്തെ കഥകള്‍ എഴുതാന്‍ ശ്രമമാരംഭിച്ചപ്പോള്‍ ഏറനാടന്‍ എന്ന് സ്വയമിട്ടതാണ്‍്.

    ReplyDelete
  11. നേരത്തെ അഞ്ചല്‍ക്കാരനോട് ഒന്ന് ചോദിക്കാന്‍ മറന്ന് പോയിരുന്നു . ഈ ബ്ലോഗ് എഴുതുന്നവര്‍ മാത്രമാണോ സൈബര്‍ ലോകത്തെ പ്രജകള്‍ ? ബ്ലോഗില്‍ ഉള്ളവരെക്കാള്‍ ആളുകള്‍ ഓര്‍ക്കുട്ടില്‍ ഉണ്ട് . ഇപ്പോള്‍ തന്നെ എന്റെ പ്രൊഫൈലില്‍ മാത്രം അറുന്നൂറിലധികം ഫ്രണ്ട്സ് ഉണ്ട് . ആദ്യം ആയിരത്തോളം ഫ്രണ്ട്സ് ഉണ്ടായിരുന്ന ഒരു പ്രൊഫൈല്‍ ഒരു ദുര്‍ബ്ബല നിമിഷത്തില്‍ ഞാന്‍ ഡിലീറ്റ് ചെയ്തു പോയിരുന്നു . ബ്ലോഗ്ഗേര്‍സ് അല്ലാത്ത ഓര്‍ക്കുട്ട് സുഹൃത്തുക്കള്‍ എല്ലാം തങ്ങളുടെ യഥാര്‍ഥ വിവരങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട് . ഞാന്‍ എത്രയോ ഓര്‍ക്കുട്ട് സുഹൃത്തുക്കളെ നേരില്‍ കണ്ട് പരിചയം സ്ഥാപിച്ചിട്ടുണ്ട് . കണ്ണൂരില്‍ ഓര്‍ക്കുട്ട് സംഗമം സംഘടിപ്പിച്ചിട്ടുണ്ട് . ഓര്‍ക്കുട്ട് ദുരുപയോഗം ചെയ്തതായി വാര്‍ത്തകള്‍ ഉണ്ടാകാറുണ്ട് . ദുബൈയിലും മറ്റും ഓര്‍ക്കുട്ട് നിരോധിച്ചിട്ടുമുണ്ട് . പക്ഷെ എന്നിട്ടും ഓര്‍ക്കുട്ടില്‍ സൌഹൃദം സ്ഥാപിക്കുന്നവരില്‍ ഈ സൈബര്‍ ഭീതി കാണുന്നില്ലല്ലോ . ഇത് ഒരു ബാലിശമായ സംശയമയിരിക്കാം . എന്റെ മനസ്സില്‍ തോന്നിയത് എഴുതി എന്ന് മാത്രം . ഇതിന് അഞ്ചല്‍ക്കാരന്‍ മറുപടി തരേണ്ട . കമന്റ് മോഡറേഷന്‍ വെച്ചിട്ട് മറുപടി ചോദിക്കുന്നത് മര്യാദയല്ല . വെറുതെ എന്തിന് മന:സമാധാനക്കേട് ചോദിച്ച് വാങ്ങണം എന്ന നിലയില്‍ മോഡറേഷന്‍ എടുത്തുകളയാനും ധൈര്യമില്ല . ചോദ്യം ഏതായാലും ഇവിടെ നില്‍ക്കട്ടെ . എനിക്ക് ഓര്‍ക്കുട്ടില്‍ ധാരാളം സൌഹൃദങ്ങളുണ്ട് . അത് തന്നെ ധാരാളം . നമ്മള്‍ നമ്മുടെ ജീവിതത്തില്‍ എന്തിനും ഒരു പരിധി നിശ്ചയിക്കണമല്ലോ !

    എതിരവന്‍ കതിരവനും മറ്റെല്ലാവര്‍ക്കും നന്ദിയുണ്ട് . ആരും സീരിയസ്സാകരുതേ എന്ന അര്‍ത്ഥനയോടെ ,

    ReplyDelete
  12. തികച്ചും വ്യക്തിപരമായ ഒരു കാര്യമാണെന്കിലും നാട്ടുകാര് വന്നു അത് ശരിയല്ല ഇതു ശരിയല്ല എന്ന് പറയുന്നതു ബ്ലോഗിന്റെ ഒരു സ്വഭാവമാണ്. അനോണിപ്പേരില് എഴുതുന്ന ബ്ലോഗ്ഗെര്മാരുടെ ചങ്ങാത്തം സുകുമാരേട്ടനു വേണ്ടെന്കില് അത് സുകുമാരേട്ടന് മാത്രം തീരുമാനിച്ചാല് മതി.പുതിയ ഗ്രൂപ്പിനു ആശംശകള് സുകുമാരേട്ടാ.

    ReplyDelete
  13. ചങ്ങാത്തം വേണ്ടാഞ്ഞിട്ടല്ല കുതിരവട്ടാ , വേണമായിരുന്നു പക്ഷെ അതെങ്ങനെയാണ് കിട്ടുക ? അതാണെന്റെ പ്രശ്നവും . ഉദാഹരണത്തിന് എന്നെ എവിടെയെങ്കിലും വെച്ച് കണ്ടുമുട്ടുകയാണെങ്കില്‍ കുതിരവട്ടന് എന്നെ തിരിച്ചറിയാന്‍ പറ്റും . വേണമെങ്കില്‍ എന്നെ ഫോണില്‍ വിളിക്കാം . എനിക്ക് മെയില്‍ അയയ്ക്കാം . ജിടാക്കിലോ സ്കൈപ്പിലോ സംസാരിക്കാനോ പോലും കഴിയും . എന്നാല്‍ എനിക്കോ ? എന്നെ സംബന്ധിച്ച് കുതിരവട്ടന്‍ എന്നത് ഈ മോണിട്ടറില്‍ കാണുന്ന യൂനിക്കോഡ് ഫോണ്ടുകള്‍ മാത്രമാണ് . കീ ബോര്‍ഡിലൂടെയല്ലാതെ ഒന്ന് കാണാനോ തൊടാനോ ഉരിയാടാനോ കഴിയില്ലല്ലോ ? പിന്നെയെന്ത് ചങ്ങാത്തം ?

    ReplyDelete
  14. സ്വന്തം അഭിപ്രായം സ്വന്തം പേരില്‍ തുറന്നു പറയാന്‍ കഴിയാത്ത ഭീരുകളാണ് “അനോനി” മാരായി വരുന്നത്.

    ReplyDelete
  15. നാം ജീവിക്കുന്ന ലോകമെന്നും അച്ചടി ലോകമെന്നും രണ്ടായി കാണാത്തതു പോലെ എന്ന താങ്കളുടെ പരാമര്‍ശത്തിലേക്ക് തന്നെ തീരിച്ചു വരാം. പുസ്തകങ്ങളുടെ ലോകത്തും നല്ലതും ചീത്തയും ഇല്ലേ?

    ഷാര്‍ജ്ജയിലെ റോളയില്‍ ഒരു ബുക്ക് ഷോപ്പുണ്ട്. അവിടെ ആനുകാലികങ്ങള്‍ വാങ്ങാനായി പോകുമ്പോള്‍ ഭാഷാപോഷിണിയോടൊപ്പം മുത്തുച്ചിപ്പിയും ഇരിക്കുന്നതു കാണാം. കലാകൌമുദിയോടൊപ്പം ഫയറും മാതൃഭൂമിയോടൊപ്പം ക്രൈമും എം.ടിയുടെ രണ്ടാമൂഴത്തോടൊപ്പം മൈഥിലി, തങ്കം, വസന്ത, കൊച്ചുകുട്ടന്‍ തുടങ്ങിയ പേരുകളില്‍ എഴുതപ്പെട്ട അശ്ലീല പുസ്തകങ്ങളും കാണാം. നാം വാങ്ങാന്‍ ആഗ്രഹിക്കുന്നത് മാത്രം വാങ്ങി നാം തിരിച്ചു പോകുന്നു. ഇവിടെ മൈഥിലിയും വസന്തയും ഒക്കെ അച്ചടി ലോകത്തിലെ അനോനികളായി കരുതാം. അത് ഇഷ്ടമുള്ളവരാണ് താരതമ്യാന കൂടുതലും എന്നും ഒരു മണിക്കൂര്‍ ആ പുസ്തക കട നിരീക്ഷിച്ചാല്‍ മനസ്സിലാകും.

    ഇന്നി അനോനിയായി അച്ചടി ലോകത്ത് അഭിപ്രായം പറയുന്നതിനേ കുറിച്ച്. ഒരോ പുസ്തകത്തെ കുറിച്ചും എഴുത്തുകാരെ കുറിച്ചും വരുന്ന ഊമക്കത്തുകള്‍ എന്തുമാത്രം ഉണ്ട് എന്ന് അച്ചടി മെഖലയില്‍ പണിയെടുക്കുന്നവരോട് ചോദിക്കണം. അവര്‍ പറയും യഥാര്‍ത്ഥ വസ്തുത. അവിടെ പ്രസിദ്ധീകരിക്കാന്‍ കഴിയുന്നത് മാത്രമേ വെളിച്ചം കാണുന്നുള്ളു എന്ന് മാത്രം.

    വീണ്ടും ബൂലോഗത്തേക്ക് വരാം. വിശാലമനസ്കന്‍ എന്നാല്‍ സജീവ് എടത്താടന്‍ ആണെന്നും, കുറുമാന്‍ എന്നാല്‍ രാഗേഷ് അണെന്നും, തറവാടിയെന്നാല്‍ അലിയു ആണെന്നും, കാര്‍ട്ടൂണിസ്റ്റ് എന്നാല്‍ സജ്ജീവ് ബാലകൃഷ്ണന്‍ ആണെന്നും, തൊമ്മന്‍ എന്നാല്‍ തോമസ് ടി.കെ ആണെന്നും, കേരളാ ഫാര്‍മര്‍ എന്നാല്‍ ചന്ദ്രശേഖരന്‍ നായര്‍ ആണെന്നും, കൈപ്പള്ളീയെന്നാല്‍ നിഷാദ് ഹുസൈന്‍ ആണെന്നും നമ്മുക്ക് അറിയാം. പക്ഷേ അവര്‍ അറിയപ്പെടുന്നത് അവരുടെ യൂസര്‍ ഐഡികളിലാണ് എന്നതു കൊണ്ട് അവര്‍ അവരല്ലാതായി മാറുന്നില്ലല്ലോ?

    ഇന്നി അജ്ഞാതരായ വ്യക്തിളിലേക്കും കൂടി ഒന്ന് കടന്ന് പോകാം. ഇഞ്ചിപ്പെണ്ണ് ആരാണെന്ന് അറിയില്ല. വക്കാരിമഷ്ട ആരാണെന്ന് ഒരു പിടിയും ഇല്ല. അനോനി ആന്റണി ആരാണെന്നറിയില്ല. എന്നു വെച്ച് ഇവരുടെയൊക്കെ രചനകള്‍ വായിക്കപ്പെടേണ്ടവയല്ല എന്ന അഭിപ്രായം അങ്ങേക്ക് ഉണ്ടോ? അവര്‍ അജ്ഞാതരായതു കൊണ്ട് അവര്‍ ഉന്നയിക്കുന്ന വിഷയങ്ങളുടെ കാതല്‍ മനസ്സിലാക്കാതിരിക്കുന്നതും ചര്‍ച്ചകളില്‍ പങ്കെടുക്കാതിരിക്കുന്നതും അവരുടെ രചനകള്‍ വായിക്കാതിരിക്കുന്നതും അക്ഷന്തവ്യമായ തെറ്റല്ലേ?

    ഇന്നി മരമാക്രി, അനോനിമാഷ്, കോവാല കൃഷ്ണന്‍ തുടങ്ങിയ അജ്ഞാതരിലേക്ക് വരാം. പ്രകോപനപരമായ പോസ്റ്റുകളുമായിട്ടാണ് ഇവരൊക്കെയും പലപ്പോഴും വരാറ്. എന്നിരിക്കിലും എത്രയോ നല്ല വിഷയങ്ങള്‍ ഇവരും അവതരിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് ഇവരെ ബഹിഷ്കരിക്കണമെന്ന് പറയുന്നതിനേയും അംഗീകരിക്കാന്‍ കഴിയുമോ?.

    ചുരുക്കത്തില്‍ തിരഞ്ഞെടുക്കുന്നതിനുള്ള നമ്മുടെ വിവേകമാണ് എല്ലാത്തിന്റേയൂം കാതല്‍. എങ്ങിനെ സമൂഹത്തില്‍ ജീവിക്കണമെന്ന് നാം തീരുമാനിക്കുന്നുവോ അങ്ങിനെ ജീവിക്കാം. അത് ബൂലോഗത്തിലായാലും അച്ചടിലോകത്തിലായാലും നാം അധിവസിക്കുന്ന ഭൂമിയിലായാലും.

    ഓര്‍ക്കുട്ടില്‍ ഞാനും ഒരിക്കല്‍ അംഗമായിരുന്നു. ഇപ്പോള്‍ ഈ രാജ്യത്ത് ആത് പൂട്ടിക്കെട്ടി. കാരണം അതിലെ അശ്ലീലത്തിന്റെ അതിപ്രസരം തന്നെ. പക്ഷേ എന്റെ ഓര്‍ക്കുട്ട് അനുഭവം താങ്കള്‍ പറഞ്ഞതില്‍ നിന്നും വിഭിന്നവുമായിരുന്നു. ഊരും പേരും ഇല്ലാത്ത എത്രയോ മെസ്സേജുകള്‍ എനിക്ക് ലഭിച്ചിരുന്നു. പിന്നെ ഓര്‍ക്കുട്ട് സൌഹൃദവേദിയാണ്. അവിടെ സമാന സ്വഭാവം ഉള്ളവര്‍ മാത്രം ഒത്തു കൂടുന്നു എന്ന വസ്തുതയും ഉണ്ട്. പ്രണയിക്കുന്നവരുടെ കമ്മ്യൂണിറ്റി, ആത്മഹത്യ ചെയ്യാന്‍ വെമ്പുന്നവരുടെ കമ്മ്യൂണിറ്റി, യാത്രചെയ്യാന്‍ ഇഷ്ടാപ്പെടുന്നവരുടെ കമ്മ്യൂണിറ്റി അങ്ങിനെ പലതും. ഒരോന്നിലും അവരവര്‍ക്ക് സമാനര്‍ എന്ന് തോന്നുന്നവര്‍ മാത്രം ചേരുന്നു. അവര്‍ പൊതുവേ ഇഷ്ടപ്പെടുന്ന വിഷയങ്ങളുമായി പരസ്പരം സംവേദിക്കുന്നു. തര്‍ക്കങ്ങള്‍ക്ക് സാധ്യത തുലോം വിരളം.

    പക്ഷേ ബ്ലോഗ് ഒരു സൌഹൃദ കൂട്ടായ്മയേ അല്ല. ഒരു ഇണ്ട്രാക്ടീവ് മീഡിയ ആണ്. അഭിപ്രായ വ്യത്യസങ്ങളാണ് ബ്ലോഗിന്റെ കാതല്‍. അഭിപ്രായ വ്യത്യാസങ്ങള്‍ മാത്രമേ ചര്‍ച്ചകളേ മുന്നോട്ട് നയിക്കുള്ളൂ‍. “നീ പറയുന്നതും ശരിയാണ് അതുപോലെ ഞാനും പറയുന്നു” എന്നിടത്ത് ചര്‍ച്ച വഴിമുട്ടുമല്ലോ? ഈ മാധ്യമത്തില്‍ ഇടപെടുന്നവര്‍ എന്ന ഒരു പ്രാധാന്യം മാത്രമേ ബ്ലൊഗെഴുതുന്നവരുടെ കൂട്ടായ്മകള്‍ക്ക് കൊടുക്കേണ്ടുന്നതുള്ളു.

    വീണ്ടും ഒന്നു കൂടി പറയട്ടെ. ഓര്‍ക്കുട്ടിനെയോ മറ്റേതെങ്കിലും സൈബര്‍ കൂട്ടായ്മകളേയോ ബ്ലൊഗുമായി താരതമ്യം ചെയ്യരുത്.ഓര്‍ക്കുട്ടിലെ സ്ക്രാപ്പെഴുത്തും ഗസ്റ്റ് ബുക്കും ഒക്കെ ഠാവട്ടത്ത് ചര്‍ച്ചചെയ്യപ്പെടുന്ന സംഗതിയാണ്. ബ്ലോഗില്‍ എഴുതി പ്രസിദ്ധീകരിക്കുന്നത് വായിക്കപ്പെടുന്നത് ലോകത്തിന്റെ ഏതെങ്കിലുമൊക്കെ കോണില്‍ വെച്ച് നമ്മുക്ക് യാതൊരു പരിചയവും ഇല്ലാത്തവരാലാണ്. എന്നും കമന്റെഴുതുന്നവര്‍ മാത്രമല്ല ബ്ലോഗ് വായിക്കുന്നത്. അജ്ഞാതരായ എത്രയോ പേര്‍ ഇത് വായിക്കുന്നു. ഞാന്‍ എഴുതുന്ന ഒരു ആര്‍ട്ടിക്കിള്‍ ആരെയൊക്കെ പ്രകോപ്പിക്കും എന്ന് എനിക്ക് അറിയാന്‍ കഴിയില്ല. വായനക്കാരില്‍ ഒരാള്‍ എനിക്കെതിരേ തിരിഞ്ഞാല്‍ അത് എന്റെ സുരക്ഷിതത്വത്തെ ബാധിക്കുന്ന പ്രശ്നമാണ്. അതുകൊണ്ട് ഞാന്‍ എന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. നേരത്തേ ഞാന്‍ പറഞ്ഞ കമന്റിലേതു പോലെ അവരവര്‍ക്ക് സുരക്ഷിതമായ രീതിയില്‍ മാത്രമേ സൈബര്‍ ലോകത്ത് വ്യക്തി വിവരങ്ങള്‍ വെളിപ്പെടുത്തുവാന്‍ പാടുള്ളു. ഇത് പറയുന്നത് യാഹുവും ഗൂഗിളും ഒക്കെത്തന്നെയാണ്. അവര്‍ അത് പറയണമെങ്കില്‍ വ്യക്തിവിവരങ്ങള്‍ സൈബര്‍ ലോകത്ത് മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ തക്കവണ്ണം വെളിപ്പെടുന്നതിന്റെ അപകടം എത്രയോ വലുതായിരിക്കും?

    സൌഹൃദങ്ങളിലെ സുതാര്യതയെ കുറിച്ചുള്ള താങ്കളുടെ ആശങ്കകള്‍ അസ്ഥാനത്തല്ല. പക്ഷേ ഒരു യൂസര്‍ ഐഡിയുടെ പിന്നില്‍ മറഞ്ഞിരിക്കുന്നവര്‍ അനുഭവിക്കുന്ന സുരക്ഷിതത്വത്തില്‍ നിന്നും പുറത്തേക്ക് വന്നുകൊണ്ടാകണം എന്ന് വാശിപിടിക്കുന്നതിനെ അംഗീകരിക്കാന്‍ കഴിയുന്നില്ല. മറ്റുള്ളവരില്‍ നിന്നും മറഞ്ഞ് നില്‍ക്കാന്‍ ശ്രമിക്കുന്നവരും നമ്മോട് നല്ല സൌഹൃദം കാത്തു സൂക്ഷിക്കുമെങ്കില്‍ നാം എന്തിന് അതിന് എതിര് നില്‍ക്കണം.

    ബ്ലൊഗിങ്ങിലെ അനോനിറ്റി അവരവരുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ടതാണ്. അത് തിരഞ്ഞെടുക്കാനും പുറന്തള്ളാനും ഉള്ള അവകാശം അവരവര്‍ക്ക് തന്നെ വിട്ടു കൊടുക്കുക. അതാണ് പ്രായോഗികം.

    ReplyDelete
  16. തൂലികാനാമവും അനാമികത്വവും ഒന്നാണോ.?
    കെ.പി.സുകുമാരന്‍‍ അഞ്ചരക്കണ്ടിയുടെ ഉദ്ദേശശുദ്ധിയെ, ഈ പോസ്റ്റിന്‍റെ വിഷയത്തെ അര്‍ഹമായ ഗൌരവത്തോടെ വീക്ഷിക്കുന്നു..

    ReplyDelete
  17. പ്രിയ അഞ്ചല്‍ക്കാരന്‍ ,

    അപ്പോള്‍ അതാണ് പ്രശ്നം അല്ലേ ? പറയാനുള്ളത് ഒരിടത്ത് സുരക്ഷിതമായി ഒളിഞ്ഞിരുന്ന് പറയണം . പറഞ്ഞതിന്റെ പേരില്‍ ഒരു ഭവിഷ്യത്തും അനുഭവിക്കാന്‍ ഇടവരരുത് . അതായത് തസ്ലിമ നസ്രീനെപ്പോലെയോ , സല്‍മാന്‍ റുഷ്ദിയെപ്പോലെയോ മറ്റനേകം പേരെ പോലെയോ സ്വന്തം അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ വേട്ടയാടപെടരുത് എന്ന് . ഇതാണ് പൊതുവേ ബ്ലോഗ്ഗര്‍മാര്‍ക്കിടയില്‍ കാണുന്ന സൈബര്‍ ഭീതിയ്ക്ക് കാരണമെങ്കില്‍ എനിക്ക് ഭിന്നമായ അഭിപ്രായമാണുള്ളത് . എന്റെ വാക്കുകള്‍ ലോകം മുഴുക്കെ കേള്‍ക്കട്ടെ . അതിന്റെ പേരില്‍ ഉണ്ടാവുന്ന ഭവിഷ്യത്തുകള്‍ അനുഭവിയ്ക്കാന്‍ ഞാന്‍ തയ്യാറാണ് .

    ഉദാഹരണത്തിന് സി.പി.എമ്മിന്റെ ആക്രമണോത്സുകതയെ ഞാന്‍ കിട്ടാവുന്ന വേദികളിലെല്ലാം എതിര്‍ക്കുന്നുണ്ട് . അതിന്റെ പേരില്‍ എന്റെ വീട് അവര്‍ തകര്‍ക്കുന്നെങ്കില്‍ തകര്‍ക്കട്ടെ . എന്റെ വീടിന്റെ ലൊക്കേഷന്‍ വിക്കിമേപ്പിയയില്‍ കണ്ടെത്താന്‍ പറ്റും . അതേ പോലെ ഇസ്ലാം മതത്തിലെ അനാചാരങ്ങളെയും കിട്ടുന്ന അവസരത്തില്‍ എതിര്‍ക്കും . അവര്‍ എനിക്കെതിരെ ഫത്വവ പുറപ്പെടുവിക്കട്ടെ . ഇത് ഉദാഹരണങ്ങള്‍ മാത്രം . ഇപ്പറഞ്ഞതിന്റെ അര്‍ത്ഥം ഞാന്‍ എതിര്‍ക്കാന്‍ വേണ്ടി എതിര്‍ക്കും എന്നല്ല .സ്വന്തംഅഭിപ്രായംമനുഷ്യസമൂഹത്തോട്
    തുറന്ന് പറയാന്‍ കഴിയുന്ന ഒരു ലോകത്ത് എനിക്ക് ജീവിച്ചാല്‍ മതി .

    ഇത് എന്റെ കാഴ്ചപ്പാട് മാത്രമാണ് . ഇത് ഞാന്‍ പ്രചരിപ്പിക്കുകയും ചെയ്യും . അപ്പോള്‍ എന്റെ അഭിപ്രായം ആരിലെങ്കിലും അടിച്ചേല്‍പ്പിക്കുന്നു എന്ന് ധരിക്കേണ്ടതില്ല . എന്തും തുറന്ന് പറയാനുള്ള ആര്‍ജ്ജവമാണ് വേണ്ടതെന്ന് ഞാന്‍ കരുതുന്നു .

    അതിനിടയില്‍ ഒന്ന് രണ്ട് വിശദീകരണങ്ങള്‍ :

    1) തൂലികാ നാമത്തില്‍ ബ്ലോഗെഴുതുന്നതിന് ഞാന്‍ എതിരല്ല . അനോണികളായി വന്ന് കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ അനോണിമിറ്റി പ്രേരണ നല്‍കുന്നു ,അങ്ങനെ ബ്ലോഗിന്റെ നിലവാരം താഴുന്നു എന്നതാണെന്റെ പ്രശ്നം . തൂലികാനാമങ്ങളില്‍ എഴുതുന്നവരെ ബഹിഷ്കരിക്കണമെന്നോ അവര്‍ എഴുതുന്നത് വായിക്കരുതെന്നോ ഞാന്‍ പറഞ്ഞിട്ടില്ലല്ലോ . ശില്പശാലകളില്‍ പങ്കെടുക്കുന്നവര്‍ പോലും അനോണിമിറ്റി കാത്ത് കൊള്ളേണമേ എന്ന് ശാഠ്യം പിടിക്കുന്നതിന്റെ മന:ശാസ്ത്രം എന്നെ അമ്പരപ്പിക്കുന്നു .

    അത് കൊണ്ട് മേലില്‍ ശില്പശാലകളുമായി സഹകരിക്കണമെങ്കില്‍ ഈ അനോണിമിറ്റിയെ പ്രോത്സാഹിപ്പിക്കുന്ന നയം അക്കാദമി ഉപേക്ഷിക്കണമെന്ന് ഞാന്‍ ആവശ്യപ്പെടും . കാരണം സിറ്റിസണ്‍ ജേര്‍ണ്ണലിസമാണ് ബ്ലോഗിന്റെ അനന്തസാധ്യതകളായി ഞാന്‍ കാണുന്നത് . ആ മേഖലയിലേക്ക് അനോണികള്‍ക്ക് പ്രവേശിക്കാന്‍ കഴിയില്ലല്ലോ . ബ്ലോഗെഴുത്ത് എന്നാല്‍ സാഹിത്യവും വിവാദങ്ങളും മാത്രമല്ല. ഉത്തരവാദിത്ത ബോധമുള്ള ഒരു പൌരന് തന്റെ അഭിപ്രായം അനോണിയായി ഒളിഞ്ഞിരുന്ന് പറയാന്‍ കഴിയില്ല .

    2)അച്ചടി ലോകം എന്ന് പറഞ്ഞത് , പ്രിന്റ് മീഡിയയില്‍ തങ്ങള്‍ യഥാര്‍ഥ പേരില്‍ അറിയപ്പെടുന്നതില്‍ മിക്കവര്‍ക്കും ഭയമില്ലല്ലോ , ബ്ലോഗെഴുത്തുകാരില്‍ മിക്കവര്‍ക്കും ഈ സൈബര്‍ ഭീതി എന്തിന് എന്ന് സൂചിപ്പിക്കാന്‍ വേണ്ടിയാണ് . നേരെ വാ നേരേ പോ എന്ന് ചിന്തിക്കുന്നവരും എഴുതുന്നവരും ആരേയും ഭയപ്പെടേണ്ട . ലോകം ഏതായാലും ഭൂരിപക്ഷം അത്തരക്കാരാവുന്നതല്ലേ അഭികാമ്യം ?

    3)മാധ്യമം ഏതായാലും എഴുത്തുകാരന് സാമൂഹ്യ പ്രതിബദ്ധത വേണം . നമ്മള്‍ ഉച്ചരിക്കുന്ന ഓരോ വാക്കും എഴുതുന്ന ഓരോ വരിയും നമുക്ക് അന്നവും അഭയവും തരുന്ന സമൂഹത്തിന്റെ ഗുണത്തിനായ് വരേണമെന്നതാണെന്റെ മതം !

    ഏതായാലും ബ്ലോഗില്‍ അനോണിമിറ്റിയുടെ സൌകര്യം ഉപയോഗിച്ച് എഴുതാനുള്ള സ്വാതന്ത്ര്യം പോലെ തന്നെ അനോണിമിറ്റിയെ എതിര്‍ക്കാനുള്ള സ്വാതന്ത്ര്യവും അനുവദിച്ചുകൂടേ ?

    ശ്രദ്ധിക്കുക : അനോണി വേറെ അനോണിമിറ്റി വേറേ . എതിര്‍ക്കുന്നത് അനോണിയെ അല്ല അനോണിമിറ്റിയെയാണ് . കാതലായ ഈ വ്യത്യാസം അഞ്ചല്‍ക്കാരനെങ്കിലും മനസ്സിലാക്കണം പ്ലീസ് !

    ReplyDelete
  18. അനോണിമിറ്റി എഴുത്തുകാരന്‍‌റ്റെ സ്വാര്‍ത്ഥതയും തത്വം സൂക്ഷിക്കുന്ന അനോണി സമൂഹത്തിന്‍‌റ്റെ സഹായിയും ആണ്.

    ReplyDelete
  19. സ്വന്തം അഭിപ്രായം തുറന്നു പറഞ്ഞാലുള്ള ഭവിഷ്യത്തുകള്‍ നേരിടാനുള്ള സ്വാതന്ത്ര്യമോ ചുറ്റുപാടുകളോ ഇല്ലാ‍ാത്തവര്‍ മിണ്ടാതിരിക്കണമെന്നാണോ? എന്തിനാണ് ഒരു തെരഞ്ഞെടുപ്പ് വരുമ്പോള്‍ ‘രഹസ്യ’ ബാലറ്റ് പേപര്‍?

    സല്‍മാന്‍ റഷ് ദിയോ തസ്ലീമയൊ പോലെ എഴുത്തും പ്രസ്താവനയും ജീവിതവുമായി കൂട്ടിക്കെട്ടിയവരല്ല നമ്മളൊന്നും.

    എനിയ്ക്ക് ലോകത്തോട് പലതും വിളിച്ചു പറയണമെന്നുണ്ട്. എന്റെ മുഖച്ഛായയോ ശബ്ദമോ ഞാന്‍ വിളിച്ചുപറയുന്നതിലെ സത്യം അപഗ്രഥിക്കാന്‍ ഉപയോഗിക്കപ്പെടരുത്.

    ReplyDelete
  20. അപ്പോള്‍ അതാണ് പ്രശ്നം അല്ലേ ? പറയാനുള്ളത് ഒരിടത്ത് സുരക്ഷിതമായി ഒളിഞ്ഞിരുന്ന് പറയണം . പറഞ്ഞതിന്റെ പേരില്‍ ഒരു ഭവിഷ്യത്തും അനുഭവിക്കാന്‍ ഇടവരരുത് . അതായത് തസ്ലിമ നസ്രീനെപ്പോലെയോ , സല്‍മാന്‍ റുഷ്ദിയെപ്പോലെയോ മറ്റനേകം പേരെ പോലെയോ സ്വന്തം അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ വേട്ടയാടപെടരുത് എന്ന്.

    സുകുമാരന്‍ മാഷിന്റെ ഈ പ്രസ്ഥാവനയ്ക്ക് ഉത്തരവുമായി വന്നപ്പോഴേക്കും എതിരവന്‍ അത് പറഞ്ഞ് കഴിഞ്ഞിരിക്കുന്നു.

    എതിരവനോട് നൂറുശതമാനവും യോജിക്കുന്നു.

    ReplyDelete
  21. ബൂലോഗത്തെ ബ്ലോഗെഴുത്ത് കാര്‍ സ്വയം തിരഞ്ഞെടുത്ത പേരുകളേ കുറിച്ചും അനോനിമിറ്റിയെ കുറിച്ചും മൈന യുടെ പോസ്റ്റിലും വ്യക്തമായ ചില കാഴ്ചപ്പാടുകള്‍ കാണാം.

    ReplyDelete
  22. ഓക്കെ എതിരന്‍ ,

    മിണ്ടാതിരിക്കണമെന്ന് പറയുന്നില്ലല്ലോ . ഒളിഞ്ഞും തെളിഞ്ഞും സമൂഹത്തിന്റെ നന്മയ്ക്കും നിലനില്പിനും പരിവര്‍ത്തനത്തിനും ഒക്കെ എല്ലാവരും പറയട്ടെ . പറയുന്നത് പ്രതിലോമപരമല്ലെങ്കില്‍ ശരി .

    കഴിയുന്നതും സ്വത്വം വെളിപ്പെടുത്തി പറയാന്‍ ആര്‍ജ്ജവം കാണിക്കൂ എന്ന് എനിക്കും പറയാമല്ലോ . അതിനര്‍ത്ഥം ജീവിതസാഹചര്യങ്ങള്‍ നിമിത്തം തൂലികാനാമങ്ങളില്‍ എഴുതുകയും സംസാരിക്കുകയും ചെയ്യുന്നവരെ നിരുത്സാഹപ്പെടുത്തണം എന്നല്ല .

    എല്ലാവര്‍ക്കും ചെഗുവേരമാ‍ര്‍ ആകാന്‍ കഴിയില്ലല്ലോ . എന്റെ വാദം ഈ നിലയില്‍ തെറ്റിദ്ധരിക്കപ്പെട്ടു പോയതില്‍ ഖേദമുണ്ട് . ബ്ലോഗില്‍ അനോണികളുടെ സാന്നിധ്യം വല്ലാതെ ... എന്താ പറയുക ... ഒരു തരം അരാജകത്വവും പലര്‍ക്കും അരക്ഷിത ബോധവും ഉണ്ടാക്കുന്നില്ല്ലേ ...

    പലര്‍ക്കും ബ്ലോഗ് എഴുതുമ്പോള്‍ താന്‍ വ്യക്തിഹത്യക്ക് വിധേയനായിപ്പോയേക്കാം എന്ന ഒരു ഭയം തോന്നുന്നില്ലേ . ഈ ഒരവസ്ഥ ഇല്ലായിരുന്നെങ്കില്‍ അനോണിമിറ്റി എന്ന വിഷയം ബ്ലോഗില്‍ ഒരിക്കലും ഒരു ചര്‍ച്ചാ വിഷയമേ ആകുമായിരുന്നില്ലല്ലോ . ഇതില്‍ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല എന്നത് വേറെ വിഷയം .

    പക്ഷെ ഈ പ്രവണത നിലനില്‍ക്കുന്ന കാലത്തോളം ഈ അനോണിമിറ്റി പ്രശ്നം ഞാന്‍ അല്ലെങ്കില്‍ മറ്റൊരാള്‍ ഉന്നയിച്ചു കൊണ്ടേയിരിക്കും .

    തൂലികാനാമം എന്ന അര്‍ത്ഥത്തില്‍ ഉപയോഗിക്കാവുന്ന ബ്ലോഗ് നാമത്തില്‍ ബ്ലോഗ് എഴുതുന്ന എതിരവന്‍ , അഞ്ചല്‍ക്കാരന്‍ , ഇഞ്ചിപ്പെണ്ണ് , തുടങ്ങി എത്രയോ ബ്ലോഗ്ഗേര്‍സുണ്ട് . അതേ പോലെയുള്ള എഴുത്തുകാരെ , അവര്‍ അപരനാമത്തില്‍ എഴുതുന്നു എന്ന പേരില്‍ ആരെങ്കിലും കുറ്റപെടുത്തുമോ ?

    എതിരന് ഞാന്‍ പറയുന്നത് മനസ്സിലാവുമല്ലോ .

    ഈ പോസ്റ്റ് പക്ഷെ ഞാന്‍ ഒരിടത്ത് എഴുതിയ കമന്റ് ഇവിടെ പെയിസ്റ്റ് ചെയ്തതായിരുന്നു . അനോണിമിറ്റിയെ പറ്റി ചര്‍ച്ച ചെയ്യാന്‍ ഉദ്ധേശിച്ചുള്ളതായിരുന്നില്ല . കമന്റില്‍ വൈകാരികമായ അംശങ്ങളായിരുന്നു കൂടുതല്‍ .

    അത് കൊണ്ട് എന്റെ വിശദീകരണങ്ങളില്‍ വൈരുധ്യം കാണുകയാണെങ്കില്‍ തലവാചകത്തില്‍ ഉള്ളത് എനിക്ക് ആവര്‍ത്തിക്കാനേ കഴിയൂ .

    ഇവിടെ ഒരു ചര്‍ച്ച ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല . പക്ഷെ അഞ്ചല്‍ക്കാരന്‍ ആദ്യം തന്നെ ഒരു കമന്റ് എഴുതിയത് കൊണ്ട് ഇതിന് ഒരു ചര്‍ച്ചയുടെ മാനം കൈവന്നു എന്നേയുള്ളൂ ,

    സ്നേഹപൂര്‍വ്വം,

    ReplyDelete
  23. മാഷെ,
    ബ്ലോഗി ഒരുപാടു പരിചയമൊന്നുമില്ല. ഈയടുത്തകാലത്താണ് തുടക്കം. മാഷിന്റെ അഭിപ്രായത്തില്‍ ഞാനും ഒരു ശുദ്ധ അധകൃതനായി തന്നെയാണ് തുടക്കം. ഞാനും തൂലികനാമത്തില്‍(അതോ വ്യാജപ്പേരിലോ) തന്നെയാണ് അല്ലറചില്ലറകള്‍ എഴുതി തുടങ്ങിയത്. എനിക്കാരും ഉപദേശം തന്നിട്ടൊന്നുമല്ല അത്തരമൊരു പേരുസ്വീകരിച്ചത്. ഒരു പേരിലെന്തിരിക്കുന്നു മാഷെ...... സൈബര്‍ ലോകത്തിന്റെ സുരക്ഷിതമില്ലായ്മ പലരേയും അനോണികളായി ഒതുങ്ങാന്‍ പ്രേരിപ്പിക്കുന്നുവെന്നതില്‍ കഴമ്പില്ലെ. പിന്നെ പേരും പ്രശസ്തിയും ആഗ്രഹിക്കാതെ ഈ സമൂഹത്തിനോട് പറയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ എന്ത് പേരിലെഴുതിയാലെന്ത്. പിന്നെ അനോണികളുടെ തെറിയഭിഷേകത്തെ ബ്ലോഗിങ്ങില്‍ പയറ്റിത്തെളിഞ്ഞ മാഷ് എന്തിനാണ് പേടിക്കുന്നത്. അഭിപ്രായം ഇരുമ്പുലക്കയൊന്നുമല്ല. ഏത് തരം വിമര്‍ശങ്ങളെയും ഉള്‍ക്കൊള്ളാന്‍ പാകത്തിനുള്ള മനസുണ്ടെങ്കില്‍ എന്ത് അനോണി എന്ത് കമന്റ്. ഒളിച്ചിരുന്നു തെറിപറയുന്നവന് അവനര്‍ഹിക്കുന്ന പ്രാധാന്യം നല്‍കിയാല്‍ മതിയാവും. കുറെ പറഞ്ഞു ക്ഷീണിക്കുമ്പോള്‍ പരിപാടി വച്ച് മതിയാക്കിക്കൊള്ളും. ഒരാള്‍ അനോണിയായി ബ്ലോഗുന്നത് അയാളുടെ വ്യക്തിഗത സ്വാതന്ത്ര്യമാണെന്ന് ഉറച്ച് വിശ്വസിക്കാതിരിക്കാന്‍ മറ്റ് കാര്യങ്ങളൊന്നും കാണുന്നില്ല. പിന്നെ മാഷിനെ പോലൊരാള്‍ ഇത്തരത്തില്‍ മാപ്പു ചോദിച്ചുകൊണ്ട് പോസ്റ്റുടുന്നതിനെ ഔചത്യം എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. അനോണികളെ കുറിച്ച് മാഷ് പറഞ്ഞത് മാഷിന്റെ അഭിപ്രായം മാത്രം. ഞാന്‍ പറഞ്ഞത് എന്റെ അഭിപ്രായവും....ഈശ്വരാ ഇവിടെ സ്വതന്ത്രമായി ബ്ലോഗാനും അനുവദിക്കില്ലെ..
    എല്ലാതിന്റെയും ചീത്തവശം മാത്രം കാണാന്‍ ശ്രമിക്കുന്നത് ഒരു സ്വതന്ത്ര എഴുത്തുകാരന്റെ പക്വത കുറവായേ കാണാനാവൂ...

    ReplyDelete
  24. ചാണക്യന്‍ പറഞ്ഞതെല്ലാം ഞാന്‍ ഉള്‍ക്കൊണ്ടു . ഒരാള്‍ സ്വന്തം പേരില്‍ എഴുതിയാല്‍ നാലാള്‍ അയാളെ നേരിട്ട് പരിചയപ്പെടുമെന്നല്ലാതെ മറ്റ് യാതൊരു ബുദ്ധിമുട്ടുകളും ഇല്ലാതിരിക്കുകയാണെങ്കില്‍ അയാള്‍ അനോണിയായി എഴുതാതെ സ്വന്തം പേരില്‍ എഴുതിക്കൂടേ എന്ന ചോദ്യത്തെ വ്യക്തി സ്വാതന്ത്ര്യം ആണ് എന്ന ഉത്തരം കൊണ്ടാണ് നേരിടുന്നതെങ്കില്‍ എനിക്കൊന്നും പറയാനില്ല .

    ഇന്ന് പല തരം സ്വാതന്ത്ര്യങ്ങളെക്കുറിച്ച് പറയുന്നുണ്ട് . വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം , തോന്നിയ പോലെ ചടങ്ങുകളും ആചാരങ്ങളും അനുഷ്ടിക്കാനുള്ള സ്വാതന്ത്ര്യം , മതങ്ങളുടെ പേരില്‍ എന്ത് അസംബന്ധങ്ങളും പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യം , ആരാധനയുടെ പേരില്‍ കൊള്ളയടിക്കാനുള്ള സ്വാതന്ത്ര്യം ഇങ്ങനെ പല പല സ്വാതന്ത്ര്യങ്ങള്‍ .

    ഇങ്ങനെയുള്ള സ്വാതന്ത്ര്യങ്ങളുടെ വക്താക്കള്‍ ഇവകളിലെ പൊരുത്തക്കേടുകളും യുക്തിരാഹിത്യങ്ങളും (യുക്തി എന്ന പദം ഇന്ന് ആളുകള്‍ക്ക് അലര്‍ജിയുണ്ടാക്കുന്നു . ഹാ കഷ്ടം!)ചൂണ്ടിക്കാണിക്കാനുള്ള സ്വാതന്ത്ര്യം വകവെച്ചു കൊടുക്കാന്‍ വിസമ്മതിക്കുന്നു .

    മനുഷ്യര്‍ അത്ര സര്‍വ്വതന്ത്ര സ്വതന്ത്രരല്ല എന്നാണെനിക്ക് തോന്നുന്നത് . നമുക്ക് ജീവിയ്ക്കാന്‍ നിയന്ത്രണവിധേയവും നിയമവാഴ്ച പുലരുന്നതായ സമൂഹവും സ്വച്ഛമായ പരിസ്ഥിതിയും ആവശ്യമുണ്ട് . ഇതിനെ അപകടത്തിലാക്കുന്ന സ്വാതന്ത്ര്യം അനുവദനീയമായിരിക്കരുത് എന്നും എനിക്ക് തോന്നുണ്ട് .

    അനോണിയായി ബ്ലോഗുന്നതിനുള്ള ഒരാളുടെ സ്വാതന്ത്ര്യം കവര്‍ന്നെടുക്കാന്‍ എനിക്ക് കഴിയില്ല . ഇതിനെ ഒരാശയ പ്രചരണമായി എടുത്താല്‍ മതി . സ്വന്തം പേരില്‍ എഴുതുന്ന ധാരാളം ബ്ലോഗ്ഗേര്‍സ് ഉണ്ട് .

    പലരും യാതൊരു കാരണവുമില്ലാതെ അനോണി നാമത്തില്‍ ബ്ലോഗുന്നവരെ അനുകരിച്ചിട്ടാണ് അനോണി നാമത്തില്‍ ബ്ലോഗ് തുടങ്ങുന്നത് എന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട് . കഴിയുന്നതും സ്വന്തം പേരില്‍ ബ്ലോഗ് തുടങ്ങുക , തുടങ്ങിയവര്‍ കഴിയുമെങ്കില്‍ അനോണിമിറ്റി കളഞ്ഞ് പുറത്ത് കടക്കുക എന്ന എന്റെ ആഹ്വാനം ഉപേക്ഷിക്കാനുള്ള കാരണമൊന്നും ഞാന്‍ കാണുന്നില്ല .

    ചാണക്യന് എന്റെ അഭിവാദ്യങ്ങള്‍ ! ആ അധ:കൃതന്‍ എന്ന പ്രയോഗം ഒഴിവാക്കാമായിരുന്നു . അനോണികളെക്കൊണ്ട് എന്നെ അടിപ്പിക്കാന്‍ മാത്രം ചാണക്യന് എന്നോട് വിരോധമൊന്നുമില്ലല്ലോ :)

    ReplyDelete
  25. മാഷെ,
    മനുഷ്യന്‍ സര്‍വ്വത്ര സ്വതന്ത്രനാണ്, അത് നേടിയെടുത്തവന്‍ അല്ലെങ്കില്‍ അതിനു ബുദ്ധിമുട്ടിയവന്‍..
    മാഷ് ഏതര്‍ത്ഥത്തിലാണ് സ്വതന്ത്രനല്ലാത്തത്. (ഉത്തരം വേണ്ട) അനോണികള്‍ ‘വളരെ വളരെ‘ സ്വതന്ത്രരും നിര്‍വ്യാജമായി ആശയവിനിമയം നടത്തുവാന്‍ കെല്പുള്ളവരുമാണ്. അനോണിയായി ബ്ലോഗുക എന്നത് ഒരു ഫാഷനായി ആരെങ്കിലും എടുത്തിട്ടുണ്ടോ എന്നനിക്കറിയില്ല മാഷെ. അനോണികളെ ഒരു തരം കുറഞ്ഞവരായി മാഷ് ദ്യോതിപ്പിച്ചു കണ്ടു അതുകൊണ്ടാണ് ‘അധ:കൃതന്‍’ എന്ന വാക്ക് ഉപയോഗിച്ചത്. എന്ത് അസത്യം പ്രചരിപ്പിച്ചാലും അതിനൊക്കെ സാധുത ലഭിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. അനോണി എന്നല്ല ആര്‍ എന്ത് എഴുതിയാലും അതിവിടെ ചെലവാകും എന്നും ഞാന്‍ വിശ്വസിക്കുന്നില്ല. വായനക്കാര്‍ വളരെ സെലക്ടീവ് ആണ്. അവര്‍ ആരെഴുതി എന്ന് തല്‍ക്കാലം നോക്കില്ല, എന്തെഴുതി എന്നെ നോക്കാറുള്ളൂ. ആരുടെയും സ്വാതന്ത്ര്യം കവര്‍ന്നെടുക്കാന്‍ കഴിയില്ലാ എന്ന മാഷ് പറഞ്ഞു കണ്ടു അതിനര്‍ത്ഥം ആര്‍ക്കെങ്കിലും സ്വാതന്ത്ര്യമുണ്ടന്നല്ലെ(അത് ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ എന്റെ അഭിപ്രായം മാഷിനൊപ്പമാണ്). അനോണികളാവുന്നത് ആരെയും അനുകരിച്ചിട്ടൊന്നുമല്ല. അങ്ങനെയായവരുടെ ഉദ്ദേശശുദ്ധിയെ മാഷിനെപ്പോലൊരാള്‍ സംശയിക്കരുതെ എന്ന് ഞാന്‍ പറഞ്ഞുള്ളൂ. എന്തിനാ മാഷെ കളരിയില്‍ പക്ഷ ഭേദം. അനോണികളെന്നും ഇല്ലാത്തവരെന്നും പറഞ്ഞ് വിവാദമുണ്ടാക്കിയാല്‍ ഭൂലോഗത്തിന് എന്തെങ്കിലും പ്രയോജനമുണ്ടോ. ഇവിടെ ഈ ഭൂലോഗത്തില്‍ ആരും ആരെയും കൊണ്ട് അടിപ്പിക്കുകയില്ല മാഷെ...........

    ReplyDelete
  26. കെ.പി.എസ്സും അഞ്ചലും പറഞ്ഞതില്‍ കാര്യമുണ്ടെന്ന് അഭിപ്രായം. കെ.പി.എസ്സിനോട് കൂടുതല്‍ യോജിക്കേണ്ടിവരുകയും ചെയ്യുന്നു. ഒളിഞ്ഞിരുന്നുള്ള ശരപ്രയോഗങ്ങള്‍ തന്നെയാണ് ബ്ലോഗ്ഗില്‍, അനോണികളുടെ പേരില്‍ വരുന്നവയില്‍ അധികവും. അപവാദങ്ങള്‍ ഇല്ലെന്നല്ല. ബ്ല്ലോഗ്ഗിന്റെ പ്രസക്തി ഒരു മാധ്യമമെന്ന നിലയിലുള്ള അതിന്റെ അനന്തമായ സാദ്ധ്യതകള്‍ തന്നെയാണ്. അവിടെ നിലപാടുകള്‍ എടുക്കേണ്ടത് സ്വന്തം അഡ്രസ്സില്‍ തന്നെയാകുന്നതാണ് മാന്യതയും. വ്യക്തിപരമായും സാമൂഹ്യപരമായുമുള്ള സുരക്ഷാപ്രശ്നങ്ങളെചൊല്ലിയാണ് സ്വയം അനോണിമിറ്റി കല്‍പ്പിക്കേണ്ടിവരുന്നതെങ്കില്‍, പിന്നെ എന്തിനാണ് വേണ്ടാത്ത ഏടാകൂടങ്ങളില്‍ ചെന്നു ചാടുന്നത്. ഒന്നും വായിക്കാതെയും എഴുതാതെയും വായിച്ചാലും എഴുതാതെയും ചിന്തിച്ച് എരിപൊരികൊള്ളാതെപോലും എത്രപേര്‍ നമ്മുടെയിടയില്‍ സമാധാനചിത്തരാ‍യി കഴിയുന്നു. അതുപോലെ കഴിയുന്നതല്ലേ ഉത്തമം? അതല്ല, ഇടപെടലും നിലപാടുകള്‍ വ്യക്തമാക്കലും കൂടിയേ കഴിയൂ എന്നുണ്ടെങ്കില്‍, പിന്നെ മറ്റു സാങ്കേതിക-സുരക്ഷാ പരിഗണനകള്‍ മാറ്റിവെക്കാനുള്ള ചങ്കൂറ്റം കാണിക്കണം.

    കമന്റുകളെഴുതുമ്പോഴും മറ്റും, ചില ബ്ലോഗ്ഗ് നാമങ്ങള്‍ വിഷമം സൃഷ്ടിക്കാറുണ്ട്. ഇഞ്ചിപ്പെണ്ണേ, തോന്ന്യാസീ, മരമാക്രി, ഗുരുജീ എന്നൊക്കെ വിളിക്കുമ്പോള്‍ ഒരു വല്ലായ്മ. എന്റെ ഒരു പോസ്റ്റില്‍ ഗുരുജി എഴുതിയ ഒരു കമന്റിനു മറുപടി എഴുതിയപ്പോള്‍ ഞാനിത് സൂചിപ്പിക്കുകയും ചെയ്തിരുന്നു.

    അഭിവാദ്യങ്ങളോടെ

    ReplyDelete
  27. എന്റെ ഒരു പോസ്റ്റിനെക്കുറിച്ച് ഇങ്ങനെ ഒരു സംവാദം ഇവിടെ നടക്കുന്നതു ഞാന് ഇത്തിരി താമസിച്ചാണു കണ്ടത്. മൊത്തം കമന്റുകള് വായിച്ചു. ഇവിടെ രണ്ടു ശരികള് തമ്മിലുള്ള ആരോഗ്യപരമായ ഏറ്റുമുട്ടലാണു നടക്കുന്നത്. രണ്ടു പക്ഷത്തും തുല്യാതുല്യ ശരിയുണ്ടായിരിക്കെ അഭിപ്രായം എഴുതാനാകാതായിരിക്കുന്നു.

    രണ്ടു ശരികളോടും ഐക്യം പറയുന്നവര്ക്ക് സംവാദത്തില് പങ്കെടുക്കാനുള്ള അര്ഹത നഷ്ടപ്പെടുന്നു എന്ന തിരിച്ചറിവില് ഞാന് മൌനം പാലിക്കുന്നു. എന്നിരുന്നാലും എന്റെ ഒരു ശരിയെക്കുറിച്ചു പറഞ്ഞുകൊള്ളട്ടെ.

    എന്റെ പ്രശ്നം അനോണിമിറ്റിയുടേതായിരുന്നില്ല. അതൊരു തിരിച്ചറിവിന്റെ ഉള്ബോധമായിരുന്നു. ഞാന് ഇവിടെ ഈ ബൂലോകത്തില് എന്നേക്കാള് ഒരുപാടു അറിവും അനുഭവവുമുള്ളവരെ വായിച്ചുപോരുന്നു ഉദാഹരണം വെള്ളെഴുത്ത്, ഗുപ്തന്, രാജീവ് ചേലനാട്ട്, കെ, പി, എസ്, സൂരജ്, എതിരവന്, അനോണി മാഷ്, ബ്രിജ്വിഹാരം മനു, ശ്രീവല്ലഭന്, വര്ക്കേഴ്സ് ഫോറം, കണ്ണൂരാന്‍ (പേരെടുത്തെഴുതാത്ത നിരവധി, അനവധി പേര് വേറെയും) ഇത്യാദി ബ്ലോഗ്ഗേര്സിന്റെ ര ചനകള് ഒന്നുവിടാതെ വായിച്ചുപോരുന്നവനാണ് ഞാന്. ഗുരുജി എന്ന പേരില് അവര്ക്കൊരു കമന്റ് അയക്കാന് ഞാന് സര്വദാ അനര്ഹനാണെന്ന ഒരു തിരിച്ചറിവു എനിക്കു തുടക്കം മുതലേ ഉണ്ടായതാണ്!. വിശാലമനസ്കന്റെ കാര്യം പറയേണ്ടതില്ലല്ലോ. ഇവരുടെയൊക്കെ എഴുത്തിനോട് ഈ ഒരു പേരില് എങ്ങനെ ഒരു മറുപടി എഴുതും എന്നു കരുതി നിമിഷങ്ങളോളമിരുന്നിട്ട്, ഒന്നുമെഴുതാതെ ഇരിക്കുന്നവനാണു ഞാന്. കാരണം ആ ഒരു വാക്കു വഹിക്കാനുള്ളത്ര അറിവു എനിക്കില്ലാ എന്ന തിരിച്ചറിവില് നിന്നുള്ളതാണ്.

    ബ്ലോഗ്` എഴുത്തിന്റെ പറുദീസയാണ്. പറുദീസയില് വിഷവൃക്ഷമുണ്ടായിരുന്നതുപോലെ ചില വിഷമരങ്ങള്‍ ഇവിടേയുമുണ്ടാകാം. പക്ഷേ അതു തിരിച്ചറിവിന്റെ ഒരു വഴി കാട്ടിത്തരുന്നെങ്കില് ആ വിഷമരത്തേയും നമ്മള്‍ സഹിക്കേണ്ടിയിരിക്കുന്നു. നമ്മള് അംഗീകരിക്കണം. എല്ലാവരിലും ഒരു മറുവശമുണ്ടായിരിക്കെ, ചിലര് നേരെ നിക്കുന്നു, ചിലര് പിന്തിരിഞ്ഞും.

    ഒരിക്കല്‍ എന്റെ ഒരു പോസ്റ്റിന്‌ ജോക്കര്‍ എന്ന പേരില്‍ ഒരു ബ്ലോഗര്‍ അസഹനീയവും വേദനജനകവുമായ രീതിയില്‍ ഒരു കമന്റ്‌ അയച്ചതു ഞാന്‍ ഓര്‍ക്കുന്നു. ഞാന്‍ ഐ.ഡി. ഷെയര്‍ ചെയ്ത എന്റെ ഒരു കൂട്ടുകാരന്‍ തമാശക്കുവേണ്ടി പോസ്റ്റിയ ഒരു പോസ്റ്റായിരുന്നു അത്‌. ഏപ്രില്‍ ഫൂളിനെ സംബന്ധിച്ച്‌. പ്രത്യക്ഷമായോ, പരോക്ഷമായോ ആരെയും വേദനിപ്പിക്കാത്ത ഒരു ശുദ്ധഹാസ്യമായിരിന്നിട്ടുകൂടി അതിനെ ജോക്കര്‍ എന്ന ബ്ലോഗ്ഗര്‍ കണ്ടത് മറ്റൊരര്‍ഥത്തിലാണ്‌. ആ കമന്റിനോടുള്ള അസഹനീയതയില്‍ മറുത്തൊരു വാക്കു പറയാതെ ഞാന്‍ ആ പോസ്റ്റ് തന്നെ ഡിലിറ്റ് ചെയ്തിരുന്നു.

    അനോണീമിറ്റി എതിരഭിപ്രായം പറയാനുപകരിക്കും. അതു നമുക്ക്‌ അനോണിമാഷ്‌ എന്ന ബ്ലോഗ്ഗറില്‍ നിന്നും പഠിക്കാം. ആരേയും വ്യക്തിഹത്യ നടത്താതെ, ബൂലോകത്തെ നിത്യസംഭവങ്ങളിലെ അനാരോഗ്യതയെ അദ്ദേഹം നര്‍മ്മത്തിലൂടെ അവതരിപ്പിക്കുമ്പോള്‍ അതു വായിക്കാനായി കാത്തിരിക്കുന്ന ഒരു സുഖം വേറെ തന്നെയാണ്‌. എന്നാല്‍ അനോണിമിറ്റി മറ്റൊരാളുടെ സ്വത്വത്തെ വേദനിപ്പിക്കുമ്പോഴും ഒരാളിലെ നെഗറ്റീവ്‌ എനര്‍ജ്ജിയെ ഉണര്‍ത്താനും ഉപയോഗിക്കുമ്പ്പൊഴാണ്‌ സുകുമാരന്‍മാഷ്‌ പറഞ്ഞ ശരിയിലേക്കു വരുന്നത്‌.

    ഏതായാലും എന്റെ പേരുമാറ്റം കൊണ്ട് ഇത്തരം ഒരു ആരോഗ്യകരമായ ചര്‍ച്ച നടന്നല്ലോ....ഒരു എതിര്‍വാക്കുപോലും ബൂലോകത്തെ സമൃദ്ധമാക്കുകയാണ്. നമുക്കെല്ലാവര്‍ക്കും ഇത്തിരി പിണങ്ങിയും ഏറെ ഇണങ്ങിയും ഇവിടൊക്കെ കഴിയാമെന്നേ.......
    ആജാ...ഉമൃ ബഹുത് ഹൈ ഛോട്ടീ...

    ReplyDelete
  28. അനോണിമസ്സ് ആവുക എന്നത് പൌരാവകാശത്തിന്റെ ഭാഗമാണ്. അതിന്റെ ഉത്ത്രവാദിത്വം ഏറ്റെടുക്കാത്തവരാണ് പ്രശ്നം.

    അനോണിമിറ്റിയെന്നാല്‍ കള്ളപ്പേരു മാത്രമല്ലെന്നും ഓര്‍ക്കുമല്ലോ.

    ഞാനെന്തായാലും അനോണിമിറ്റിക്കനുകൂലമാണ്.

    കൂടുതല്‍ വായനയ്ക്ക് ഈ ലിങ്ക് കാണുക
    http://www.eff.org/issues/anonymity

    ReplyDelete