Pages

ബാംഗ്ലുരിലെ പ്രബോധിനി വായനശാല

മിനിഞ്ഞാന്ന് രാവിലെയാണ്, ബാംഗ്ലുര്‍ മഡിവാളയില്‍ ഏതാനും ചെറുപ്പക്കാര്‍ ചേര്‍ന്ന് നടത്തുന്ന പ്രബോധിനി വായനശാല ഞാന്‍ സന്ദര്‍ശിച്ചത് . ജോമേഷ് എന്നെ അയ്യപ്പന്‍ ക്ഷേത്രത്തിന്റെ അടുത്ത് നിന്ന് അവര്‍ താമസിക്കുന്ന വീട്ടിലേക്ക് നയിച്ചു . മൂന്നാമത്തെ നിലയില്‍ ജോമേഷും മറ്റ് നാല് പേരും ചേര്‍ന്ന് താമസിക്കുന്ന വാടക വീട്ടിലാണ് തല്‍ക്കാലം വായനശാല പ്രവര്‍ത്തിക്കുന്നത് . വായനശാലയുടേതായി ഒരു വെബ്‌സൈറ്റും പിന്നെ ബ്ലോഗും കൂടിയുണ്ട് . വായനശാലയുടെ തുടക്കവും ഇനിയിത് കൂടുതല്‍ വികസിപ്പിക്കേണ്ട ആവശ്യകതയും ജോമേഷ് എനിക്ക് വിവരിച്ചു തന്നു.

അലമാരിയില്‍ പുസ്തകങ്ങള്‍ അടുക്കിവെച്ചിരിക്കുന്നത് നോക്കിയിരിക്കേ എന്റെ ചിന്തകള്‍ ഭൂതകാലത്തിലേക്ക് ഒരു മടക്കയാത്ര നടത്തി . വായന നന്നെ ചെറുപ്പം മുതലേ എനിക്കൊരു ഹരമായിരുന്നു . കൈയില്‍ കിട്ടുന്ന എന്ത് തുണ്ട് കടലാസ് പോലും വായിക്കുമായിരുന്നു . എല്ലാം അറിയാനും മനസ്സിലാക്കാനുമുള്ള ജിജ്ഞാസ കലശലായിരുന്നു . നാലാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഉറൂബിന്റെ സുന്ദരന്മാരും സുന്ദരികളും എന്ന നോവല്‍ വായിച്ചത് . ഈ പ്രപഞ്ചത്തിന്റെ അറ്റം വരെ പോകാനും എല്ലാം അറിയാനുള്ള ആകാംക്ഷയുമുള്ള വിശ്വം എന്ന അതിലെ കഥാപാത്രവുമായി ഞാന്‍ താദാത്മ്യം പ്രാപിക്കുകയായിരുന്നു . പിന്നീട് ഹൈസ്കൂള്‍ വിദ്യാഭ്യാസം എനിക്ക് തുടരാന്‍ കഴിഞ്ഞില്ല . അച്ഛന്‍ അകാലത്തില്‍ മരണപ്പെട്ടതോടുകൂടി ജീവിതം തന്നെ വഴി മുട്ടി . എനിക്കാണെങ്കില്‍ പഠിക്കണമായിരുന്നു . പ്രപഞ്ചരഹസ്യങ്ങള്‍ മനസ്സിലാക്കണമായിരുന്നു . വലുതാവുമ്പോള്‍ ഉറൂബിനെപ്പോലെ ഒരു എഴുത്തുകാരനാവണമെന്ന മോഹം വേറെ .

അന്നൊക്കെ നാട്ടില്‍ നിന്നും എത്രയോ പേരെ തീവണ്ടികള്‍ മദിരാശി പോലുള്ള നഗരങ്ങളില്‍ എത്തിച്ചിരുന്നു . കൈയില്‍ കാശില്ലെങ്കിലും കള്ളവണ്ടി കയറി എന്നും പലരും മദ്രാസ് സെന്‍‌ട്രല്‍ സ്റ്റേഷനില്‍ ഇറങ്ങാറുണ്ടായിരുന്നു . ദാരിദ്ര്യവും പട്ടിണിയും നിമിത്തം പലരും നഗരങ്ങളിലേക്ക് ആകര്‍ഷിക്കപ്പെട്ടുകൊണ്ടിരുന്നു . എന്നും വണ്ടിയില്‍ നിന്നും പുറത്തിറങ്ങുന്ന അനേകം ബാലന്മാര്‍ നഗരത്തിലെ ചെറുതും വലുതുമായ റോഡുകളിലൂടേ ഊര്‍ന്നിറങ്ങി നഗരത്തിലെ മുഖമില്ലാത്ത ആള്‍ക്കൂട്ടത്തില്‍ വിലയം പ്രാപിക്കാറുണ്ടായിരുന്നു . മദ്രാസ് പട്ടണം കരുണാനിധിയായ ഒരു മാതാവിനെപ്പോലെ അവിടെയെത്തുന്ന ആയിരമായിരം ബാലന്മാരെ തന്റെ കരങ്ങളാല്‍ ആശ്ലേഷിച്ച് അഭയം നല്‍കാറുണ്ടായിരുന്നു .

ഒരു നിയോഗം പോലെ ഞാനും മദിരാശിയില്‍ എത്തിപ്പെട്ടു . ജ്ഞാനതൃഷ്ണ ശമിപ്പിക്കാന്‍ നഗരത്തില്‍ ധാരാളം ലൈബ്രറികളുണ്ടായിരുന്നു . LLA വകയായ ലൈബ്രറികളുടെ ആസ്ഥാനം മൌണ്ട് റോഡിലെ സ്വന്തമായ കൂറ്റന്‍ കെട്ടിടത്തിലാണ് . മലയാളമുള്‍പ്പെടെ എല്ലാ ഭാഷയിലും ഗ്രന്ഥങ്ങളും ആനുകാലികങ്ങളും . നഗരത്തില്‍ എവിടെയും LLA യ്ക്ക് ശാഖകളുണ്ട് . അംഗത്വകാര്‍ഡ് ഉപയോഗിച്ച് എവിടെ നിന്നും പുസ്തകങ്ങള്‍ എടുക്കാം . അംഗത്വം കിട്ടണമെങ്കില്‍ ഒരു ഗസറ്റഡ് ആഫീസര്‍ അപേക്ഷയില്‍ സൈന്‍ ചെയ്യണമായിരുന്നു . ഒരു സഹൃദയനായ ഓഫീസര്‍ എന്നെ പരിചയമുണ്ടെന്ന് കാണിച്ച് ഒപ്പ് ഇട്ട് തന്നു . എഗ്‌മോറിലെ കണ്ണിമാറ ലൈബ്രറി വളരെ പ്രശസ്തമായിരുന്നു. ബ്രിട്ടീഷ് കാരനായ ഒരു സായ്‌വ് ആണത് നിര്‍മ്മിച്ചത് . അവിടെയുള്ള മലയാളം വിഭാഗത്തില്‍ ഞാന്‍ നിത്യസന്ദര്‍ശകനായി . രാവിലെ കയറിക്കൂടിയാല്‍ മിക്കവാറും വൈകുന്നേരമാണ് ഇറങ്ങുക . വായിക്കാന്‍ വേണ്ടി തമിഴും ഇംഗ്ലീഷും പഠിച്ചു . അക്കാലത്തേ തമിഴില്‍ വിജ്ഞാനകോശം “കലൈക്കളഞ്ചിയം” എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു . (മലയാളത്തില്‍ സര്‍വ്വവിജ്ഞാനകോശം 20 വാല്യം പ്രസിദ്ധീകരിക്കാനുള്ളസര്‍ക്കാര്‍ പദ്ധതി എന്തായെന്നറിയില്ല . 10ആമത്തെ വാല്യം വരെ ഞാന്‍ വാങ്ങിയിരുന്നു.) ആഴ്ച്ചയില്‍ ഒന്നോ രണ്ടോ ദിവസം വല്ല അലവലാതി തൊഴിലും ചെയ്ത് ഒരാഴ്ച ജീവിക്കുവാനുള്ള വരുമാനം ഞാന്‍ കണ്ടെത്തി. കോഡമ്പാക്കത്തെ വെസ്റ്റ് അവന്യു റോഡില്‍ 13ആം നമ്പര്‍ വീട്ടിലെ ഔട്ട് ഹൌസ് എനിക്ക് താമസത്തിന് സൌജന്യമായി നല്‍കപ്പെട്ടിരുന്നു . കണ്ണിമാറ ലൈബ്രറിയില്‍ പോയിരുന്നു വായിച്ച പലരും പില്‍ക്കാലത്ത് പ്രശസ്തരായ എഴുത്തുകാരായിട്ടുണ്ട് . ഈ ലൈബ്രറിയാണ് എന്നെ ഒരു നാടകകൃത്താക്കിയതെന്ന് എന്‍.എന്‍.പിള്ള ഒരിക്കല്‍ പറഞ്ഞിട്ടുണ്ട് . ഞാന്‍ പക്ഷെ വായിക്കുന്തോറും കൂടുതല്‍ക്കൂടുതല്‍ അറിവില്ലാത്തവനാവുകയായിരുന്നു . ഉത്തരങ്ങള്‍ ഒരു മരീചിക പോലെ എന്നില്‍ നിന്ന് അകലുന്നു . പിന്നെപ്പിന്നെ ഒരു പുസ്തകവും മുഴുവനുമായി വായിക്കാന്‍ കഴിയാത്തായി. ഏതാനും പേജുകള്‍ വായിക്കുമ്പോഴേക്കും ചിന്തകള്‍ കാട് കയറാന്‍ തുടങ്ങും .

എഴുപതുകള്‍ വായനയുടെ വസന്തകാലമായിരുന്നു . അക്കാലത്ത് ഞാന്‍ സ്വന്തമായി ഒരു മലയാളം സര്‍ക്ക്യുലേറ്റിങ്ങ് ലൈബ്രറി തുടങ്ങി. ഒന്ന് രണ്ട് അഭ്യുദയകാംക്ഷികള്‍ നല്‍കിയ സാമ്പത്തിക സഹായം മൂലധനമായി സ്വരൂപിച്ച് മോഡേണ്‍ സര്‍ക്ക്യുലേറ്റിങ്ങ് ലൈബ്രറി എന്ന പേരിലാണ് തുടങ്ങിയത് . മലയാളികളുടെ വീടുകളില്‍ ആഴ്ചയില്‍ രണ്ട് വീതം പുസ്തകങ്ങള്‍ എത്തിക്കുക എന്നതായിരുന്നു പരിപാടി . ഓരോ അംഗത്തില്‍ നിന്നും മാസത്തില്‍ 3 രൂപ വരിസംഖയും വസൂലാക്കി . പുസ്തകം വാങ്ങിയിട്ട് രണ്ട് ദിവസം കൊണ്ട് രണ്ട് പുസ്തകവും വായിച്ച് തീര്‍ത്തിട്ട് എന്റെ വരവും കാത്ത് ഇരിക്കുമായിരുന്നു അക്കാലത്ത് മലയാളി വീട്ടമ്മമാര്‍ . പുസ്തകവും കൊടുത്ത് വായിച്ച പുസ്തകത്തെക്കുറിച്ച് ചര്‍ച്ച കൂടി നടത്തിയിട്ടേ ഞാന്‍ വീടുകളില്‍ നിന്ന് തിരിച്ചിറങ്ങാറുണ്ടായിരുന്നുള്ളൂ .

ഞാന്‍ ജോമേഷിനോട് എന്റെ അനുഭവം അയവിറക്കി പറഞ്ഞപ്പോള്‍ അവനത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞുവോ എന്തോ ? വായനയാണ് മനുഷ്യനെ മനുഷ്യനാക്കുന്നത് . മനസ്സിന്റെഭക്ഷണമാണ് വായന . ശരീരത്തോടൊപ്പം മനസ്സും ആരോഗ്യകരമായി വളരണമെങ്കില്‍ വായന എന്ന പോഷകാഹാരം മനസ്സിന് അനുസ്യൂതം ലഭിക്കേണ്ടതുണ്ട് . എന്നാല്‍ ഇന്നത്തെ ഈ യാന്ത്രികമായ ജീവിതത്തിനിടയില്‍ എത്ര പേര്‍ വായനക്കായി സമയം നീക്കി വെക്കും . ഏതായാലും കുറച്ച് വായനക്കാരെ കൂടി കണ്ടെത്തി പ്രബോധിനി വായനശാല വികസിപ്പിക്കണമെന്ന ധാരണയിലാണ് ഞാന്‍ ജോമേഷിനോട് യാത്ര പറഞ്ഞത് . പ്രബോധിനിയുടെ അണിയറയില്‍ പ്രവര്‍ത്തിക്കുന്ന ചെറുപ്പക്കാരെ എത്ര പ്രശംസിച്ചാലും അധികമാവുകയില്ല . പ്രബോധിനി വളര്‍ന്ന് ബാംഗ്ലൂര്‍ മലയാളികളുടെ ഒരു കലാ-സാംസ്കാരിക കേന്ദ്രമായി വികസിക്കട്ടെ എന്നാണ് എന്റെ ആഗ്രഹം !

15 comments:

  1. പ്രബോധിനി വായനശാല വളര്‍ന്ന് ബാംഗ്ലൂര്‍ മലയാളികളുടെ ഒരു കലാ-സാംസ്കാരിക കേന്ദ്രമായി വികസിക്കട്ടെ എന്നാണ് എന്റെ ആഗ്രഹം !

    ReplyDelete
  2. പ്രിയ സുകുമാരന്‍ സര്‍,
    ആശംസകള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും നന്ദി. താ‍ങ്കളെപ്പോലെയുള്ളവരുടെ സാന്നിദ്ധ്യവും പ്രവര്‍ത്തനങ്ങള്‍ കൊണ്ടും പ്രബോധിനിയെ നമ്മള്‍ ആഗ്രഹിക്കുന്ന പോലെ ഒരു സാംസ്കാരിക കൂട്ടായ്മയായി വളര്‍ത്താന്‍ കഴിയും എന്നു തന്നെയാണ് ഞങ്ങള്‍ കരുതുന്നത്.

    പ്രബോധിനിയ്ക്കുവേണ്ടി,
    ജൊമേഷ്

    ReplyDelete
  3. പ്രിയ സുകുമാരന്‍ മാഷെ പുതുയ അറിവിലേയ്ക്കും വിഷയത്തിലേയ്ക്കും എനിക്കും ചുവടുറപ്പിക്കണമെന്നുണ്ട് പക്ഷെ ഈ പ്രവാസലോകം എല്ലാത്തിനും ഒരു വിലക്കാണ് എങ്കിലും കിട്ടുന്നത് വായിക്കുന്നുണ്ട് മാഷിനെപോലുള്ളവരുടെ പ്രൊത്സാഹനങ്ങളും ആഭിനന്ദനങ്ങളും ഞാന്‍ ആഗ്രഹിക്കുന്നൂ.
    താ‍ങ്കളെപ്പോലെയുള്ളവരുടെ സാന്നിദ്ധ്യവും പ്രവര്‍ത്തനങ്ങള്‍ കൊണ്ടും പ്രബോധിനിയെ താങ്കള്‍ ആഗ്രഹിക്കുന്ന പോലെ ഒരു സാംസ്കാരിക കൂട്ടായ്മയായി വളര്‍ത്താന്‍ കഴിയുംമാറാകട്ടെ..

    ReplyDelete
  4. പ്രബോധിനിയ്ക്ക് നന്മകള്‍ നേരുന്നു.

    ReplyDelete
  5. വായിക്കാനഗ്രഹിക്കുന്നവര്‍ക്കു പുസ്തകങ്ങള്‍ കിട്ടാതിരിക്കുക എന്ന അവസ്ഥ.... വല്ലാത്ത ഒരു മരവിപ്പാണ് ഉണ്ടാവുന്നത് ഈ അഭായാര്‍ത്ഥി ജീവിതത്തില്‍ കുറച്ചനുഭവിക്കാനും കഴിഞ്ഞു കെവിന്‍(അഞ്ജലി ഫോണ്ട്) നടത്തിയിരുന്ന അഞ്ജലി വായനശാലയിലൂടെ,നല്ലൊരു ദിശാബോധമുള്ള സമൂഹത്തെ വാര്‍ത്തെടുക്കാന്‍ പ്രബോധിനി വായനശാലയ്കാവട്ടെയെന്ന പ്രാര്‍ത്ഥനയോടെ
    സ്നേഹപൂര്‍വ്വം

    ReplyDelete
  6. വായന; വീണ്ടും വീണ്ടും ആരംഭത്തില്‍നിന്നും ആരംഭിക്കേണ്ടിവരാതിരിക്കാന്‍.

    ആശംസകള്‍!

    ReplyDelete
  7. നന്ദി സുകുമാരേട്ടാ, ഇങ്ങനെ ഒന്നിനെപ്പറ്റി അറിയിച്ചതില്‍..

    ReplyDelete
  8. സുകുമാര്‍ജി, നല്ല എഴുത്ത്. ഓര്‍മ്മകളിലൂടെ ഞാനും . ഉറൂബിന്‍റെ വിശ്വം കണ്ട സ്വപ്നങ്ങളുമായി. പ്രബോധിനി വളരട്ടെ. ആശംസകള്‍‍.!

    ReplyDelete
  9. വായനശാല പ്രവര്‍ത്തകര്‍ക്ക് ആശംസകള്‍...
    ഇത്രയും റിസ്ക് പരിപാടികള്‍ എല്ലാ ബുദ്ധിമുട്ടുകളും അതിജീവിച്ച് മുന്നോട്ട് പോകുമെന്നും പ്രതീക്ഷിക്കുന്നു.
    :)
    എന്നും സ്നേഹത്തോടെ
    ഉപാസന

    ReplyDelete
  10. പ്രിയപ്പെട്ട സുകുമാരന്‍ സാര്‍,
    താങ്കളുടെ ഈ കുറിപ്പ് എന്തുകൊണ്ടോ എന്നിലും ഒരു ഗൃഹാതുരതയുടെ വേദനയുളവാക്കി.
    70കള്‍ എന്റെയും വായനയുടെ വസന്തകാലമായിരുന്നു. ഇന്നു വായന കുറയുന്നു എന്നത് ഒരു സത്യം തന്നെ.

    ReplyDelete
  11. അത്യാവശ്യം വേണ്ടുന്ന ഉപദേശങ്ങള്‍ കൊടുക്കാന്‍ സുകുമാരന്‍ മാഷും ഇപ്പോള്‍ ബാങ്ലൂരില്‍ ഉണ്ടല്ലോ. തീര്‍ച്ചയായും പ്രബോധിനി വായനശാല നാള്‍ക്കുനാള്‍ വളരും.
    വായനശാലക്കാശംസകള്‍.

    ReplyDelete
  12. സുകുമാരേട്ടാ, പ്രബോധിനിക്ക്‌ എല്ലാ വിധ ആശംസകളും :)

    ReplyDelete
  13. മനുഷ്യനില്‍ നിന്നും നന്മ അകലാതടുതോളം വായന നിലനില്‍ക്കും...

    ReplyDelete
  14. ഇന്നാണിത് കണ്ടത്. വൈകിയതില്‍ ക്ഷമിക്കുക. സുകുമാരേട്ടന്റെ അനുഭവത്തിനുമുന്നില്‍ നമിക്കുന്നു. അവനവന് ആവശ്യമുള്ള അറിവ് നേടുന്ന വിദ്യാഭ്യാസമല്ലെ വായനശാലകള്‍ നല്‍കുന്നത്. അത് ലഭിച്ചപ്പോള്‍ ഔപചാരികമായത് കിട്ടാത്തതില്‍ എന്തിനു ദുഃഖിക്കണം? ഇതാണു മൂല്യവത്തായത്.

    ReplyDelete