Pages

പ്രത്യാശയുടെ ഈ ശബ്ദം മനുഷ്യ സ്നേഹികള്‍ക്ക് ആവേശം പകരട്ടെ !

ഷാനവാസ് ഇലിപ്പക്കുളം എന്റെ പോസ്റ്റിന് എഴുതിയ ഈ കമന്റ് ഒരു മഹത്തായ പുതുവത്സര സമ്മാനമായി ഞാന്‍ സ്വീകരിക്കുന്നു .


സുകുമാരന്‍ മാഷേ നന്ദി.
ഞാന്‍ ഇപ്പോള്‍ മാത്രമല്ല മുന്‍പും, ഇനിയെന്നും ഇത്തരത്തില്‍ ചിന്തിക്കുകയും അതിനായി എന്നാല്‍ കഴിയുന്നത്‌ ചെയ്യുകയും ചെയ്യും.ഇത്തരം സാമൂഹികപ്രശ്നങ്ങളിലുള്ള എന്റെ മുന്‍ നിലപാടുകളും അതിനുദാഹരണങ്ങളാണ്‌.

എന്റെ മുസ്ലിം സഹോദരങ്ങളില്‍ തീവ്രവാദത്തിനെതിരായ നിലപാട്‌ സൃഷ്ടിക്കുകയും തീവ്രവാദമെന്ന മാനുഷികതയ്ക്കെതിരായ ഈ അത്യാപത്തിനെതിരേ ചിന്തിക്കാനും ഉണര്‍ന്ന് പ്രവര്‍ത്തിക്കാനും ജാഗ്രതപാലിക്കാനും അവരെ പ്രേരിപ്പിക്കുന്നതില്‍ എനിക്കെന്തുചെയ്യാന്‍ കഴിയുമോ അതു ചെയാന്‍ ഞാന്‍ എന്നും ശ്രമിച്ചുകൊണ്ടേയിരിക്കും.

ലോകസമാധാനത്തിനായി ലോക മനുഷ്യരാശിക്കു മുഴുവനുമായി എത്തിക്കപ്പെട്ട ഒരു മഹത്തായ ഒരു സന്ദേശത്തിനെ പിന്‍പറ്റുന്നവരെന്ന അവകാശവാദം മാത്രം മറ്റു സഹോദരങ്ങളുടെ സംശയമകറ്റാന്‍ മതിയാവുകയില്ല. അതിന്‌ യോജിച്ച രീതിയിലുള്ള ചിന്തയും പ്രവര്‍ത്തവുമാണതിനാവശ്യം.
തീവ്രവാദത്തിനെതെരേയുള്ള ബോധവത്കരണവും അതുമൂലം സമൂഹം നേരിടുന്ന അരക്ഷിതാവസ്ഥയുമെല്ലാം മുസ്ലിം യുവാക്കള്‍ അത്യധികം ഗൗരവത്തോടെ കാണണം. അതിനായി മത പൗരോഹിത്യത്തിന്റെ ഇടപെടലുകള്‍ക്കായി ഇനിയും കാത്തിരിക്കുന്നതിലര്‍ത്ഥമില്ല. മാറ്റം യുവാക്കളില്‍ നിന്നുമുണ്ടാകണം. തീവ്രവാദത്തിനെതിരായ ഒരു സാമൂഹിക നവീകരണം മുസ്ലിം യുവാക്കള്‍ക്കുടെ ഇടയില്‍ ആരംഭിക്കണം. അതിന്‌ പ്രസ്ഥാനങ്ങളോ, രാഷ്ട്രീയമോ, അരാഷ്ട്രീയമോ ഒന്നും തടസ്സമാകരുതെന്നാണ്‌ എന്റെ വിനീതമായ അഭ്യര്‍ഥന.

തീവ്രവാദത്തിന്റെ ക്രിമികീടങ്ങള്‍ ജനിക്കാന്‍ സാധ്യതയുള്ള അഴുക്കുചാലുകള്‍ നികത്തിക്കൊണ്ടായിരിക്കണം അതിന്‌ തുടക്കം കുറിക്കേണ്ടത്‌. അത്‌ ചില ക്രിമിനല്‍ മനസ്സുകളല്ലാതെ മറ്റൊന്നുമല്ല! അവിടേയ്ക്ക്‌ വെളിച്ചമെത്തിക്കന്‍ കഴിയണം.നമുക്കതിനുകഴിയും എന്ന ഉറച്ച്‌ വിശ്വാസക്കാരനാണ്‌ ഞാന്‍.

സമാനചിന്താഗതിയിലുള്ളവരുടെ എല്ലാവരുടേയും ജാതിമത രാഷ്ട്രീയ ഭേദമന്യേയുള്ള സഹകരണവും സഹായവും ഞാന്‍ ഇക്കാര്യതില്‍ ആഗ്രഹിക്കുന്നു പ്രതീക്ഷിക്കുന്നു.എന്നെക്കൊണ്ട്‌ കഴിയുന്ന തരത്തില്‍ ഇത്തരം ചിന്തയും പ്രവര്‍ത്തനങ്ങളും പരമാവധി യുവാക്കളിലെത്തിക്കാനുള്ള എളിയ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകും.

എല്ലാവര്‍ക്കും ഒരു നല്ല, സമാധാനപരമായ, സന്തോഷപ്രദമായ പുതുവര്‍ഷം ആശംസിക്കുന്നു !

*****************************************************************

എന്ത് കൊണ്ടാണ് ലോകം ഇന്ന് ഇത്രയധികം സംഘര്‍ഷപൂരിതമാകുന്നത് ? എന്ത് കൊണ്ടാണ് തീവ്രവാദം ഇന്ന് ലോകമാസകലം ഇത്രമാത്രം അശാന്തിയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുന്നത് . എന്താണ് തീവ്രവാദികള്‍ നേടാന്‍ പോകുന്നത് ? ഒരു കാര്യം ഓര്‍ക്കേണ്ടതാണ് . തീവ്രവാദികള്‍ മാത്രമല്ല തീവ്രവാദികളെ പിന്‍‌തുണക്കുന്നവരും അപകടകാരികളും മനുഷ്യരാശിയുടെ ശത്രുക്കളാണെന്നതാണത് . തമിഴ് വംശജരുടെ പ്രശ്നം ചൂണ്ടിക്കാട്ടി ചിലര്‍ ലോകഭീകരന്‍ വേലുപ്പിള്ള പ്രഭാകരനെ പിന്‍‌തുണക്കുന്നുണ്ട് . ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ വെച്ച് ഏറ്റവും വലിയ ക്രൂരനും ഏകാധിപതിയുമായ പ്രഭാകരന് തമിഴരുടെ പ്രശ്നം പരിഹരിക്കാന്‍ കഴിയുമോ . മിതവാദികളായ എത്ര ശ്രീലങ്കന്‍ തമിഴ് നേതാക്കളെ പ്രഭാകരന്‍ കൊന്നൊടുക്കിയിട്ടുണ്ട് . തമിഴരുടെ പ്രശ്നങ്ങള്‍ക്ക് സമാധാനപരമായി പരിഹാരം കാണാന്‍ ശ്രമിച്ചു കൊണ്ടിരുന്ന എത്രയോ തമിഴ് സംഘടനാ നേതാക്കളെ നിഷ്ക്കരുണം വധിച്ചു കൊണ്ട് താന്‍ മാത്രമാണ് ശ്രീലങ്കന്‍ തമിഴരുടെ ഏക സംരക്ഷകന്‍ എന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു പ്രഭാകരന്‍ ശ്രമിച്ചത് . തമിഴ് ഈഴം എന്ന പേരില്‍ ഒരു രാജ്യം സ്വന്തമായി കരസ്ഥമാക്കി ഏകാധിപതിയായി അവിടെ വാണുകൊണ്ട് ലോകത്തിലുള്ള മൊത്തം തമിഴരുടെ മിശിഹാ താനാണെന്ന് സ്ഥാപിക്കലാണ് പ്രഭാകരന്റെ സ്വപ്നം . പതിനായിരക്കണക്കിന് പാവപ്പെട്ട തമിഴരെ കൊലക്ക് കൊടുത്തതും കൊന്നതുമാണ് പ്രഭാകരന്റെ നേട്ടം . മനുഷ്യബോംബുകള്‍ എന്ന ചാവേറുകളെ ലോകത്ത് അവതരിപ്പിച്ചതും പ്രഭാകരന്‍ തന്നെ . അങ്ങിനെയുള്ള കൊടും തീവ്രവാദിയെ കാഴ്ചയില്‍ ഗാന്ധിയനെപ്പോലെയുള്ള പി. നെടുമാരനും മറ്റും പിന്‍‌തുണക്കുന്നത് എന്തിന്റെ പേരിലായാലും അപലപിക്കപ്പെടേണ്ടതാണ് . ശ്രീലങ്കന്‍ തമിഴരുടെ പ്രശ്നങ്ങള്‍ ആ രാജ്യം വെട്ടിമുറിക്കപ്പെടാതെ പരിഹരിക്കേണ്ടതുണ്ട് . സമാധാനപരമായ ചര്‍ച്ചയിലൂടെയല്ലാതെ ലോകത്തെവിടെയും ഒരു പ്രശ്നവും പരിഹരിക്കാന്‍ കഴിയില്ല . പ്രഭാകരന്റെ അന്ത്യം അടുത്തു എന്നാണ് ശ്രീലങ്കയില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് . തീവ്രവാദവും ലോകത്ത് നിന്ന് അവസാനിപ്പിച്ചേ മതിയാവൂ .

ഇസ്ലാം മതം ഇങ്ങിനെ ഒരു തീവ്രവാദ മതമാണെന്ന അപഖ്യാതി ലോകമെമ്പാടും പ്രചരിക്കുമ്പോള്‍ എന്ത് കൊണ്ടാണ് ആ മതത്തിലെ സമാധാന പ്രേമികള്‍ തീവ്രവാദത്ത തള്ളിപ്പറയാത്തത് എന്ന സംശയം എല്ലാവരുടെയും മനസ്സില്‍ ഉള്ളതാണ് . എന്നാല്‍ ചിന്തിക്കുന്ന യുവതലമുറ മുസ്ലീം സമുദായത്തില്‍ ഉണ്ടെന്നും അവര്‍ പ്രതികരിക്കാതിരിക്കില്ല എന്ന പ്രത്യാശയാണ് ഷാനവാസ് നല്‍കുന്നത് .

തങ്ങളുടെ മതം , അല്ലെങ്കില്‍ തങ്ങളുടെ പാര്‍ട്ടി , അല്ലെങ്കില്‍ തങ്ങളുടെ സംഘടന മാത്രമാണ് ശരിയെന്നും മറ്റുള്ളവരെല്ലാം തെറ്റുമാണെന്ന ധാരണയില്‍ നിന്നുമാണ് അസഹിഷ്ണുതയും അക്രമവും അത് വളര്‍ന്ന് തീവ്രവാദവുമായി വളരുന്നത് . വിശ്വാസങ്ങളോ അഭിപ്രായങ്ങളോ ആശയങ്ങളോ എന്തുമാവട്ടെ ജീവിയ്ക്കുവാനുള്ള അവകാശം ഏവര്‍ക്കും തുല്യമാണ് . ജീവിയ്ക്കുക , ജീവിയ്ക്കാനനുവദിക്കുക എന്ന തത്വം അംഗീകരിക്കാത ഏത് മതത്തെയും ഏത് പാര്‍ട്ടിയെയും ഏത് സംഘടനയെയും എല്ലാവരും തള്ളിപ്പറയണം . വ്യത്യസ്ഥമായതോ എതിരായതോ ആയ ഏത് അഭിപ്രായത്തെയും ആശയത്തെയും സഹിക്കാനുള്ള ഹൃദയ വിശാലത ഏത് മതക്കാരനും പാര്‍ട്ടിക്കാരനും സ്വായത്തമാക്കണം . കാരണം ഈ ഭൂമിയും ഇവിടെയുള്ള വിഭവങ്ങളും സമ്പത്തും ആരുടെയും സ്വന്തമല്ല . ഇന്ന് ജീവിയ്ക്കുന്നവര്‍ നാളെ ജനിക്കാനിരിക്കുന്നവരില്‍ നിന്ന് കടം വാങ്ങി അനുഭവിക്കുന്നു എന്നേയുള്ളൂ . തീവ്രവാദികള്‍ സ്വമേധയാ മന:പരിവര്‍ത്തനത്തിന് വിധേയരാവുകയോ ആയുധം താഴെ വെക്കുകയോ ഇല്ല . നമ്മുടെ മൌനവും തീവ്രവാദത്തിന് പ്രോത്സാഹനമാണ് . തീവ്രവാദം ഇല്ലാതാക്കാനുള്ള ചുമതല നമുക്കെല്ലാമുണ്ട് . നമ്മള്‍ മറ്റുള്ളവരോട് ഉറക്കെ പറയുന്നത് തന്നെ തീവ്രവാദത്തിനെതിരായ ഒരു പ്രവര്‍ത്തനമാവും . അത്രയെങ്കിലും നമ്മള്‍ ചെയ്യണം .

3 comments:

  1. എന്ത് കൊണ്ടാണ് ലോകം ഇന്ന് ഇത്രയധികം സംഘര്‍ഷപൂരിതമാകുന്നത് ? എന്ത് കൊണ്ടാണ് തീവ്രവാദം ഇന്ന് ലോകമാസകലം ഇത്രമാത്രം അശാന്തിയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുന്നത് . എന്താണ് തീവ്രവാദികള്‍ നേടാന്‍ പോകുന്നത് ? ഒരു കാര്യം ഓര്‍ക്കേണ്ടതാണ് . തീവ്രവാദികള്‍ മാത്രമല്ല തീവ്രവാദികളെ പിന്‍‌തുണക്കുന്നവരും അപകടകാരികളും മനുഷ്യരാശിയുടെ ശത്രുക്കളാണെന്നതാണത്

    ReplyDelete
  2. പ്രശംസനീയവും, സ്വാഗതാര്‍ഹവും...
    കൂടുതല്‍ മുസ്ലിം സുഹ്രുത്തുക്കള്‍ ഇങ്ങിനെ ചിന്തിക്കട്ടേ, തീവ്രവാതത്തിനെതിരെ ഒത്തു കൂടട്ടെ...

    ReplyDelete
  3. നിര്‍ബന്ധിത മതം മാറ്റം എതിര്‍ക്കപെടെണ്ടതാണ്..പക്ഷെ പ്രലോഭിപ്പിച്ച് മതപരിവര്‍ത്തനം നടത്തുന്നത് ഒരു മോശം കാര്യമായി തോന്നുന്നില്ല..ഒരു തരാം പ്രചരണം തന്നെയാണ് അതും..(പ്രചരണം നടത്താം എന്ന് താങ്കള്‍ പറഞ്ഞിരുന്നു)...ഞങ്ങളുടെ മതത്തില്‍ ചേര്‍ന്നാല്‍ അത് ചെയ്തു തരാം..ഇത് കിട്ടും..എന്ന രീതിയില്‍ ഉള്ള പ്രലോഭനം..അതിനു വീഴുന്നവന്‍ ഇപ്പോള്‍ വിശ്വസിക്കുന്ന മതത്തില്‍ നില നില്ക്കാന്‍ യോഗ്യന്‍ അല്ല..ദരിദ്രന് വിശപ്പടക്കാന്‍ ഉള്ള വക നല്‍കാം എന്ന് പറഞ്ഞും പ്രലോഭനം ഉണ്ടായേക്കാം..ഒരു നേരത്തെ ഭക്ഷണം പോലും കൊടുക്കാത്ത നിലവില്‍ ഉള്ള മതം ,അവന്‍ മതം മാറി കഴിയുമ്പോള്‍ എന്തിനു ശബ്ദം ഉയര്‍ത്തുന്നു ?പ്രലോഭനങ്ങളില്‍ വീഴണോ വേണ്ടയോ എന്നത് അവന്‍റെ വ്യക്തി പരമായ കാര്യമാണ്..

    ReplyDelete