Pages

അഭിമുഖം തുടരുന്നു ......... ( 2 )

അഭിമുഖന്‍ : താങ്കള്‍ എല്ലാറ്റിനെയും കണ്ണുമടച്ചു എതിര്‍ക്കുകയാണെന്ന് ഒരു പരാതിയുണ്ട് . താങ്കളുടെതായ ഒരു " ഇസം"
ലോകത്തിന് സംഭാവന ചെയ്യാനുള്ള ശ്രമമാണോ ?

ഞാന്‍ : ഞാന്‍ എല്ലാറ്റിനെയും എതിര്‍ക്കുന്നില്ലല്ലോ . നിലവിലുള്ള വൈരുധ്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നു എന്നേയുള്ളൂ . ഞാനായിട്ട് ഒരു പുതിയ ഇസമൊന്നും സൃഷ്ടിക്കാന്‍ പരിപാടിയില്ല . ഇസങ്ങള്‍ക്ക് അസഹിഷ്ണുക്കളായ അനുയായികളെ ഉണ്ടാക്കാനേ കഴിഞ്ഞിട്ടുള്ളൂ . നല്ല ഇസങ്ങള്‍ക്ക് നല്ല മനുഷ്യരെ വാര്‍ത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ല . കണ്‍ഫ്യൂഷനിസം മുതല്‍ ബുദ്ധിസം ,ജൈനിസം , കൃസ്ത്യനിസം, ഇസ്ലാമിസം , മാര്‍ക്സിസം ,ഗാന്ധിസം തൊട്ട് ബഹായിയിസം വരെ എത്ര ഇസങ്ങള്‍ നമുക്കുണ്ട് . എന്നിട്ടും മനുഷ്യന്‍ നന്നായോ ? മനുഷ്യന്‍ നന്നാക്കപ്പെടുകയേയുള്ളൂ . അതിന് നിയമവാഴ്ച്ച അഭംഗുരം പുലരണം . മാത്രമല്ല സമൂഹത്തെ ഒരു വിപ്ലവത്തിലൂടെ അടിമുടി മാറ്റിയെടുക്കാനും കഴിയില്ല . അതൊരു നീണ്ട പ്രോസ്സസ്സിങ്ങ് ആണ് . നമ്മുടേ സ്വാതന്ത്ര്യ സമരം അതിനൊരുദാഹരണമാണ് . സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടങ്ങളോടൊപ്പം നിരവധി സാമൂഹ്യ തിന്മകള്‍ക്കെതിരെയും അന്ന് പോരാട്ടങ്ങള്‍ നടന്നിരുന്നു . അന്ന് ദൂരീകരിക്കപ്പെട്ട മദ്യപാനം പോലെയുള്ള തിന്മകള്‍ വീണ്ടും സമൂഹ ഗാത്രത്തില്‍ അര്‍ബ്ബുദം പോലെ വളരുന്നു .

അഭി : ഇതിനൊക്ക എന്ത് പ്രതിവിധിയാണ് താങ്കള്‍ക്ക് നിര്‍ദ്ധേശിക്കാനുള്ളത് ?

ഞാന്‍ : എന്റെ കൈയില്‍ ഒറ്റമൂലിയൊന്നുമില്ല . ചിന്തിക്കുന്നവരും മനുഷ്യസ്നേഹികളും ഒരു കൂട്ടായ്മ ഉണ്ടാക്കി ജനമധ്യത്തില്‍ ഇറങ്ങി പ്രത്യേകിച്ച് കോളേജുകളിലും മറ്റും ബോധവല്‍ക്കരണം നടത്തിയാല്‍ അതൊരു മൂവ്മെന്റായി വളര്‍ന്ന് മാറ്റത്തിനും സമൂഹത്തിന്റെ ജനാധിപത്യവല്‍ക്കരണത്തിനും തുടക്കം കുറിച്ചേക്കാം .

അഭി : അപ്പോള്‍ നിലവിലിവിടെ ജനാധിപത്യം ഇല്ലെന്നാണോ ?

ഞാന്‍ : ജനാധിപത്യമെന്നാല്‍ വെറും വോട്ട് ചെയ്യലല്ല . അത് ഒരു ജനത തങ്ങളുടെ രാഷ്ട്രത്തെ പുനര്‍നിര്‍മ്മിക്കുന്ന മഹത്തായ സൃഷ്ടിപ്രക്രിയയാണ് .

അഭി : ഒന്ന് വിശദീകരിക്കാമോ ?

ഞാന്‍ : സമയം അനുവദിക്കുന്നില്ല . മാത്രമല്ല അത് വിശാലാടിസ്ഥാനത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കപ്പെടേണ്ടതാണ് .

അഭി : ഇവിടെ സര്‍ക്കാറിന്റെ നയങ്ങളല്ലെ ദുരിതങ്ങള്‍ ഉണ്ടാക്കുന്നത് ?

ഞാന്‍ : ആര് പറഞ്ഞു ? സര്‍ക്കാര്‍ എന്നാല്‍ എന്താണ് ? ആത്യന്തികവും ശരിയായതുമായ വിശകലനത്തില്‍ സര്‍ക്കാര്‍ എന്നാല്‍ പാര്‍ലമെന്റും , ബ്യൂറോക്രസിയും , ജനങ്ങളും എല്ലാം കൂടിച്ചേര്‍ന്നതാണ് . സര്‍ക്കാറിന് പുറത്തല്ല ജനങ്ങള്‍ . ഇവിടെ സര്‍ക്കാറും ജനങ്ങളും രണ്ടും രണ്ടാണെന്നും , എല്ലാം ചെയ്യേണ്ടത് സര്‍ക്കാറാണെന്നും ജനങ്ങള്‍ക്ക് ഉത്തരവാദിത്തങ്ങളോ കടമകളോ ഒന്നുമില്ലെന്ന അര്‍ത്ഥത്തിലാണ് ഇത്തരം പ്രചരണങ്ങള്‍ നടക്കുന്നത് .

അഭി : ഒന്നു കൂടി ലളിതമാക്കാമോ ?

ഞാന്‍ : ഇത്തരം ഒരഭിമുഖത്തില്‍ എങ്ങിനെയാണ് ഇതിനേക്കാളും ലളിതമായി പറയാന്‍ കഴിയുക ? എന്നാലും ഞാന്‍ ഒരു ഉദാഹരണം പറയാം . വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ കൊടിമരം സ്വര്‍ണ്ണം പൂശുന്ന സമയത്ത് കേരള യുക്തിവാദി സംഘം അതിനെതിരെ , ക്ഷേത്രനടയില്‍ ഒരു ധര്‍ണ്ണ നടത്താന്‍ പരിപാടിയിട്ടു.“ നിന്റെയൊക്കെ തറവാട്ടില്‍ നിന്നെടുത്ത സ്വര്‍ണ്ണം കൊണ്ടല്ലടാ ഇവിടെ പൂശുന്നത് , ഭക്തന്മാര്‍ ഭഗവാന് കാണിക്കയിട്ട സ്വര്‍ണ്ണം കൊണ്ടാ .... " എന്നാക്രോശിച്ചു കൊണ്ട് ഭക്തന്മാരും പോലീസും ചേര്‍ന്ന് യുക്തിവാദികളെ തല്ലിയോടിച്ചു . പ്രത്യക്ഷത്തില്‍ ഇത് ശരിയല്ലേ എന്നു തോന്നിപ്പോകും . എന്നാല്‍ യുക്തിവാദികളുടെ സമരപരിപാടി ഒരു പ്രതീകാത്മകമായിരുന്നു . സ്വര്‍ണ്ണം എന്നാല്‍ ധനമാണ് . ധനം ഉല്‍പ്പാദന പ്രക്രിയയുടെ വികസനത്തിന് ഉപയോഗിക്കുമ്പോള്‍ അത് മൂലധനമാകുന്നു . നമ്മുടെ രാഷ്ട്രപുരോഗതിക്ക് തടസ്സമായിട്ടുള്ളത് ഊര്‍ജ്ജത്തിന്റെയും മൂലധനത്തിന്റെയും അപര്യാപ്തതയാണ് . ഇന്നും അത് തന്നെയാണ് സ്ഥിതി . കൊടിമരം സ്വര്‍ണ്ണം പൂശുമ്പോള്‍ വികസനത്തിനുപയോഗിക്കേണ്ട മൂലധനം നിഷ്ക്രിയമാവുകയാണ് ചെയ്യുന്നത് . ഭഗവാന് എന്തിനാണ് സ്വര്‍ണ്ണക്കൊടിമരം എന്ന യുക്തിവാദികളുടെ ചോദ്യം ഭക്തന്മാരെ വിറളി പിടിപ്പിക്കുക തന്നെ ചെയ്തു . ഇന്ന് ടണ്‍ കണക്കിന് സ്വര്‍ണ്ണം ബാങ്ക് ലോക്കറുകളില്‍ കെട്ടിക്കിടക്കുന്നു . ഇന്ത്യയിലെ പോലെ സ്വര്‍ണ്ണം ആഭരണങ്ങള്‍ക്കായി ഉപയോഗിക്കുന്ന രാജ്യം വേറെ ഇല്ല . ക്ഷേത്രങ്ങളുടെ ഭണ്ഡാരങ്ങളിലും കാണും ഇത് പോലെ ധാരാളം സ്വര്‍ണ്ണസൂക്ഷിപ്പുകള്‍ . ഈ സ്വര്‍ണ്ണം മുഴുവനും പ്രതിഫലം വാങ്ങി സര്‍ക്കാറിലേല്‍പ്പിക്കുകയും , സര്‍ക്കാര്‍ അത് വില്‍ക്കുകയും ചെയ്താല്‍ ആ പണം കൊണ്ട് വിദേശക്കടം മുഴുവന്‍ തീര്‍ക്കാമെന്ന് മാത്രമല്ല ബാക്കി തുക കൊണ്ട് മൂലധനനിക്ഷേപം നടത്തി നമ്മുടെ തൊഴിലില്ലായ്മ പരിഹരിക്കുകയും ചെയ്യാം . കോടാനുകോടി രൂപക്ക് തുല്യമായ സ്വര്‍ണ്ണം നിഷ്ക്രിയമൂലധനമാക്കി ഒരു പ്രയോജനമില്ലാതെ വെച്ചിട്ടാണ് നമ്മള്‍ ഒരു റോഡ് ടാറിടാനുള്ള പണത്തിനു പോലും വായ്പക്കായി ഏ.ഡി.ബി.യെ സമീപിക്കുന്നത് . അപ്പോള്‍ നാട് വിദേശശക്തികള്‍ക്ക് പണയപ്പെടുത്തുന്നേ എന്ന മുറവിളി വേറെയും . രാജ്യത്തെ കടക്കെണിയില്‍ നിന്ന് രക്ഷപ്പെടുത്താനും , നാട്ടിലെ ഉല്‍പ്പാദനശക്തികളെ കെട്ടഴിച്ചു വിടുന്നതിനാവശ്യമായ മൂലധനം സ്വരൂപിക്കാനും വേണ്ടി , ആഭരണ ഭ്രമം നമ്മള്‍ ഉപേക്ഷിക്കുമോ ? എന്നിട്ടോ തൊഴിലില്ലായ്മ പരിഹരിക്കലും ദാരിദ്ര്യരേഖ മായ്ക്കലും സര്‍ക്കാര്‍ ചെയ്യുകയും വേണം .

അഭി : താങ്കള്‍ ഊര്‍ജ്ജത്തെ പറ്റി പറഞ്ഞല്ലോ ? ഇപ്പോള്‍ വിവാദമായ ആണവക്കരാറിനെ പറ്റി എന്താണഭിപ്രായം ?

ഞാന്‍ : നമ്മുടെ രാജ്യത്തിന്റെ ഭാവിയ്ക്കുവേണ്ടിയും , നിലവിലുള്ള ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള പദ്ധതികളും കരാറുകളും എല്ലാം തന്നെ ചിന്തിക്കുന്നതും പോംവഴികള്‍ കണ്ടെത്തുന്നതുമെല്ലാം അതത് തലത്തിലുള്ള വിദഗ്ദന്മാരാണ് . മന്ത്രിമാര്‍ക്ക് അതിന് നേതൃത്വം കൊടുക്കുന്ന ജോലിയേയുള്ളൂ . ഇത്തരം കാര്യങ്ങളൊന്നും പഠിക്കാന്‍ രാഷ്ട്രീയക്കാര്‍ പൊതുവെ മിനക്കെടാറില്ല. അവര്‍ക്കതിനുള്ള നേരവുമില്ല. നമ്മുടെ പ്രധാനമന്ത്രി ഒരു ലോകപ്രശസ്ത സാമ്പത്തീക ശാസ്ത്രജ്ഞന്‍ കൂടിയാണ് . വിവിധ തട്ടുകളിലുള്ള വിദഗ്ദന്മാരും ശാസ്ത്രജ്ഞന്മാരും ചേര്‍ന്ന് രണ്ട് വര്‍ഷത്തോളം ചര്‍ച്ച ചെയ്ത് രൂപം നല്‍കിയ ഈ കരാറിനെ സംശയിക്കേണ്ടതില്ല എന്നാണെന്റെ അഭിപ്രായം . ഇന്ത്യയിലെ രാഷ്ട്രീയപാര്‍ട്ടികളുടെ ഗതികേട് കൊണ്ടാണ് ഇപ്പോള്‍ ഇതൊരു വിവാദമായത് .സര്‍ക്കാരിന് സ്വന്തം നിലയില്‍ പാര്‍ലമെന്റില്‍ ഭൂരിപക്ഷമില്ല. അത് ഭരണത്തിന് നേതൃത്വം കോണ്‍ഗ്രസ്സിന്റെ ഗതികേട് . തങ്ങളുടെ ആജന്മശത്രുവായ അമേരിക്ക ഇന്ത്യയുമായി ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന നയതന്ത്ര ബന്ധത്തെ ചെറുക്കാന്‍ കഴിയാത്തത് ഇടത് പക്ഷം എന്നവകാശപ്പെടുന്നവരുടെ ഗതികേട് . ഇടത് പക്ഷത്തെ കൂട്ട് പിടിച്ച് ഭരണത്തെ അട്ടിമറിച്ച് , പുതിയ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്താമെന്ന മോഹം പൂവണിയാത്തത് ബി.ജെ.പി.യുടെ ഗതികേട് . ഈ ഗതികേടുകള്‍ക്കിടയില്‍ വീര്‍പ്പ് മുട്ടുന്നത് ഇന്ത്യയുടെ വികസന മോഹങ്ങളും ആണ് .
കരാരിനെ എതിര്‍ത്ത് ബി.ജെ.പി.യും , ഇടത് പക്ഷവും ഉന്നയിക്കുന്ന വാദമുഖങ്ങള്‍ ബാലിശമാണ് . ബി.ജെ.പി. പ്രധാനമായും പറയുന്നത് തങ്ങള്‍ അമേരിക്കക്കെതിരല്ലെന്നും എന്നാല്‍ വിദേശരാജ്യങ്ങളുമായി ഉണ്ടാക്കുന്ന എല്ലാ കരാറുകളും പാര്‍ലമെന്റിന്റെ അനുമതി വാങ്ങിയിരിക്കണമെന്ന് നിര്‍ബ്ബന്ധമാക്കുന്ന തരത്തില്‍ ഭരണഘടന ഭേദഗതി ചെയ്യണമെന്നാണ് . എന്നാല്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ അങ്ങിനെയൊരു ഭരണഘടനാഭേദഗതിക്ക് ഒരു സര്‍ക്കാരും മുതിരുകയില്ല എന്ന് ബി.ജെ.പി.ക്ക് നന്നായി അറിയാം . 1998ന് മുന്‍പ് ഇതേ ആവശ്യം ഉന്നയിക്കാറുണ്ടായിരുന്ന അവര്‍ 2004 വരെ അധികാരം കൈയാളുമ്പോള്‍ ഇതിനെ പറ്റി മൌനം പാലിച്ചു . മാത്രമല്ല അവര്‍ ഒരു പടികൂടി കടന്ന് ഞങ്ങള്‍ അധികാരത്തിയാല്‍ ആറ് മാസത്തിന് ശേഷം ഗാട്ട് കരാറില്‍ നിന്ന് പിന്‍‌മാറുമെന്നും അപ്പോള്‍ പറഞ്ഞിരുന്നു. പിന്നീട് നടന്നത് നമുക്കറിയാമല്ലോ .
ഇനി ഇടത് പക്ഷത്തിന്റെ പ്രധാന പരാതി നമ്മുടെ വിദേശനയം അമേരിക്കക്ക് പണയം വെക്കുന്നു എന്നാണ് . ഇത് അവര്‍ ഇപ്പോഴും 1990 ന് മുന്‍പുള്ള മാനസികാവസ്ഥയിലാണ് ജീവിയ്ക്കുന്നത് എന്നതിന്റെ തെളിവാണ് . രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകം രണ്ട് ശാക്തീകച്ചേരികളായി മാറി . ഇതില്‍ ഏതെങ്കിലും ഒരു ചേരിയുടെ കൂടെ നിലയുറപ്പിക്കാന്‍ അവികസിത രാജ്യങ്ങള്‍ നിര്‍ബ്ബന്ധിതമായി . ഈ അവസരത്തിലാണ് യൂഗോസ്ലാവ്യന്‍ പ്രസിഡണ്ടായിരുന്ന മാര്‍ഷല്‍ ടീറ്റോയുടേയും , നമ്മുടെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാലിന്റെയും നേതൃത്വത്തില്‍ ഒരു ചേരി ചേരാ പ്രസ്ഥാനം രൂപം കൊള്ളുന്നത് . ഒരു കമ്മ്യൂണിസ്റ്റ് രാജ്യമായിരുന്ന യൂഗോസ്ലാവ്യ, സോവിയറ്റ് ചേരിയില്‍ ചേരാതിരുന്നതിനാല്‍ അന്ന് ടീറ്റോ ലോകമെമ്പാടുമുള്ള കമ്മ്യൂണിസ്റ്റുകാരുടെ വിരോധത്തിന് പാത്രമായിരുന്നു. ഇന്ത്യ സോവിയറ്റ് ചേരിയില്‍ നിലയുറപ്പിക്കണമെന്നായിരുന്നു അന്ന് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകാര്‍ സ്വാഭാവികമായും വാദിച്ചത് . എന്നാല്‍ സോവിയറ്റ് യൂനിയനിലും മറ്റ് കി.യൂറോപ്യന്‍ രാജ്യങ്ങളിലും കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ നിലം‌പരിശായതോടെ ലോകത്ത് ശാക്തീകച്ചേരി എന്നൊന്ന് ഇല്ലാത്താവുകയും ചേരിചേരാപ്രസ്ഥാനം അപ്രസക്തമാവുകയും ചെയ്തു . യഥാര്‍ത്ഥത്തില്‍ ഇന്ന് ലോകത്ത് എല്ലാ രാജ്യങ്ങള്‍ക്കും സ്വദേശനയവും സ്വന്തം താല്‍പ്പര്യങ്ങളും മാത്രമേയുള്ളൂ . വിദേശനയം എന്ന ഒന്നുണ്ടെങ്കില്‍ അത് സ്വന്തം താല്‍പ്പര്യങ്ങളെ മുന്‍‌നിര്‍ത്തിയാണെന്ന് സാരം . ഇതിന് ഏറ്റവും നല്ല ഉദാഹരണം ചൈന തന്നെയാണ് . അമേരിക്കന്‍ മൂലധനത്തിന്റെ തണലിലാണ് ചൈന മുന്നോട്ട് കുതിക്കുന്നത് . ഇന്ന് ലോകം കുറെക്കൂടുതല്‍ ജനാധിപത്യവല്‍ക്കൃതമാണ് . രാജ്യങ്ങളെ വെട്ടിപ്പിടിച്ച് സാമ്രാജ്യം വികസിപ്പിക്കലോ കോളനി സ്ഥാപിക്കലോ ഇനി നടക്കില്ല . അത്കൊണ്ട് ഒരു സാങ്കല്‍പ്പികഭയത്തിന്റെ പുറത്ത് കരാറില്‍ നിന്ന് പിന്‍‌മാറി , പ്രധാനമന്ത്രി പറഞ്ഞപോലെ നമ്മള്‍ വികസനത്തിന്റെ അവസാനത്തെ ബസ്സ് മിസ്സ് ചെയ്യേണ്ടതില്ല .

( ബാക്കി ഭാഗം നാളെ )

5 comments:

  1. സുകുമാരേട്ടാ ,
    അഭിമുഖ രീതിയാകുംബോള്‍ പല പല വിഷയങ്ങളിലൂടെ സഞ്ചരിച്ച് ഒരു സമകാലീന അവലോകനമായി തീരുന്നുണ്ടെന്നു തോന്നുന്നു.
    അതിന്റെ കുഴപ്പം ഒരു വിഷയത്തിലുള്ള ആഴമുള്ള ചര്‍ച്ച അസാദ്ധ്യമാകുന്നു എന്നതായിരിക്കാം.
    എങ്കിലും സുകുമാരേട്ടന്റെ അഭിപ്രായങ്ങള്‍ പറയാനുള്ള വേദിയെന്ന നിലയില്‍ നന്നായിരിക്കുന്നു. നിലപാടുകളുടെ ക്രോഡീകരണത്തിനും ഇതു സഹായിച്ചേക്കാം.

    ReplyDelete
  2. പ്രിയപ്പെട്ട ചിത്രകാരന്‍ ,
    എന്റെ നിലപാടുകള്‍ ഇവിടെ ചേര്‍ത്തു വെക്കുക എന്ന പരിമിതമായ ഉദ്ധേശ്യം മാത്രമേ എനിക്കുള്ളൂ . ഇത്തരം ഗൌരവതരമായ ചര്‍ച്ചകള്‍ക്ക് മലയാളം ബ്ലോഗുലകം ശ്രീ. കൈപ്പള്ളി പറഞ്ഞത് പോലെ വളര്‍ന്നിട്ടില്ല .അത് ഇപ്പോഴും അതിന്റെ ബാലാരിഷ്ടതകളില്‍ മുട്ടിലിഴയുകയാണ് . ബ്ലോഗുകള്‍ക്ക് പുറത്ത് സമൂഹമധ്യത്തില്‍ ഒരു വേദി രൂപപ്പെടുത്തിയെടുക്കുവാനാകുമോ എന്നാണ് ഞാന്‍ ഇതിലൂടെ ഉറ്റു നോക്കുന്നത് .

    ReplyDelete
  3. ആശയ പരമായ വിയോജിപ്പുകള്‍ ഉണ്ടെങ്കിലും താഴെപ്പരയുന്ന കാര്യത്തോടു നൂറു ശതമാനവും യോജിയ്ക്കുന്നു.

    ‘ചിന്തിക്കുന്നവരും മനുഷ്യസ്നേഹികളും ഒരു കൂട്ടായ്മ ഉണ്ടാക്കി ജനമധ്യത്തില്‍ ഇറങ്ങി പ്രത്യേകിച്ച് കോളേജുകളിലും മറ്റും ബോധവല്‍ക്കരണം നടത്തിയാല്‍ അതൊരു മൂവ്മെന്റായി വളര്‍ന്ന് മാറ്റത്തിനും സമൂഹത്തിന്റെ ജനാധിപത്യവല്‍ക്കരണത്തിനും തുടക്കം കുറിച്ചേക്കാം‘ .

    ReplyDelete
  4. വ്യക്തിഗതങ്ങളായ ആശയങ്ങളില്‍ വിയോജിപ്പുകള്‍ സ്വാഭാവികം . മാത്രമല്ല ആരോഗ്യകരമായ സംവാദങ്ങളിലൂടെ സമൂഹത്തെ മുന്നോട്ട് നയിക്കുന്നതിന് പ്രേരണയാവുന്നതും വിയോജിപ്പുകള്‍ തന്നെ . നമുക്ക് എല്ലാവര്‍ക്കും യോജിപ്പിലെത്താവുന്ന ഒരു മേഖലയുണ്ട് . അതാണ് ഒരു ജനാധിപത്യ -പരിഷ്കൃകൃത സിവില്‍ സമൂഹം കെട്ടിപ്പടുക്കുക എന്നത് . അതിന് നിശ്ചയമായും ഒരു മൂവ്മെന്റ് വളര്‍ന്നു വരേണ്ടതുണ്ട് .മാവേലികേരളത്തിന് നന്ദി !!

    ReplyDelete
  5. അതെ ...! എല്ലാ തലത്തിലും യോജിപ്പുള്ളവരുടെ കൂട്ടായ്മ അസംഭവ്യമാണ്. എന്നാല്‍ സ്വീകാര്യമായ ഒരു പൊതു ലക്ഷ്യത്തിനായുള്ള മൂവ്മെന്റിന്റെ നിലപാടുതറ ഒരുക്കാനുള്ള സുകുമാരേട്ടന്റെ ശ്രമങ്ങള്‍ക്ക് ചിത്രകാരന്റെ പൂര്‍ണ്ണ പിന്തുണ.

    ReplyDelete