Pages

ആണുങ്ങൾക്ക് എന്തിനാണ് മുലക്കണ്ണുകൾ?

മുലക്കണ്ണുകൾ കൊണ്ട് പുരുഷശരീരത്തിൽ ഒരു ധർമ്മവും ചെയ്യാനില്ല. പിന്നെ എന്തുകൊണ്ട് ആണുങ്ങൾക്ക് മുലക്കണ്ണുകൾ (nipples ) ഉണ്ടാകുന്നു എന്നത് ഒരുപക്ഷെ നിങ്ങൾ ചിന്തിച്ചിരിക്കാനിടയില്ല. അക്കാര്യം വിശദമായി തന്നെ പരിശോധിക്കാം. അതിന് മുൻപ് ഒറ്റവാക്കിൽ അതിനുള്ള ഉത്തരവും പറയാം. ഗർഭപാത്രത്തിൽ ഏത് കുഞ്ഞും പെൺകുഞ്ഞായിട്ടാണ് ആദ്യം വളരുന്നത്. അതായത് പെൺകുഞ്ഞാണ് പിന്നീട് ആൺകുഞ്ഞായി പരിണമിക്കുന്നത്. ഇനി നമുക്ക് വിശദമായി മനസ്സിലാക്കാം.

പിതാവിൻ്റെ ഒരു ബീജവും മാതാവിൻ്റെ അണ്ഡവും ചേർന്നാണല്ലോ ഒരു ഭ്രൂണം ഉണ്ടാകുന്നത്. ഭ്രൂണം എന്നാൽ ഒരൊറ്റ കോശമാണ് (Cell). അപ്പോൾ ബീജവും അണ്ഡവും അർദ്ധകോശങ്ങൾ ആണെന്ന് കണക്കാക്കാം. ആ അർദ്ധകോശങ്ങൾ ചേർന്ന് ഒരു കോശമുള്ള ഭ്രൂണം ആവുകയും ആ ഭ്രൂണം പിന്നീട് വിഭജിച്ച് രണ്ട് കോശങ്ങളായി, നാല് കോശങ്ങളായി അങ്ങനെ വിഭജിച്ച് വിഭജിച്ച് പുതിയ കോശങ്ങൾ ഉണ്ടാകുമ്പോഴാണ് ഗർഭസ്ഥശിശു വളരുന്നത്. നമ്മുടെ ശരീരം അനേകം കോശങ്ങൾ ചേർത്തു വെച്ചതാണ്. ഇഷ്ടികകൾ ചേർന്ന് ബിൽഡിങ്ങ് ഉണ്ടായത് പോലെ.

ഓരോ കോശത്തിൻ്റെയും മധ്യത്തിൽ (nucleus) ക്രോസോസോമുകൾ ഉണ്ട്. മനുഷ്യകോശത്തിൽ 23 ജോഡി ക്രോമോസോമുകൾ ആണുള്ളത്. എന്ന് വെച്ചാൽ 46 ക്രോസോമുകൾ. ക്രോമോസോം എന്നാൽ ഡി എൻ ഏ (DNA) തന്നെയാണ്. പക്ഷെ DNA നൂൽ പോലെ നീണ്ട തന്മാത്രയാണ്. നിവർത്തിയാൽ ഒരു ആളോളം നീളം വരും. അതിനെ ഒരു മാതിരി പ്രോട്ടീനിൽ പൊതിഞ്ഞ പായ്ക്കറ്റിനെയാണ് ക്രോമോസോം എന്ന് പറയുന്നത്. അതുകൊണ്ടാണ് ഇത്രയും നീളമുള്ള DNA കോശത്തിൻ്റെ ന്യൂക്ലിയസ്സിൽ ചുരുങ്ങി നിൽക്കുന്നത്. DNA യുടെ ഒരു ഭാഗമാണ് ജീൻ എന്നത്. ജീനുകളാണ് നമ്മെ നാമാക്കുന്ന പാരമ്പര്യഘടകങ്ങൾ.

ബീജവും അണ്ഡവും ചേർന്ന ഭ്രൂണകോശത്തിൽ 23 ജോഡി ക്രോമോസോമുകൾ ആണുണ്ടാവുക എന്ന് മനസ്സിലായല്ലോ. ഇതിൽ 23 ക്രോസോമുകൾ വീതം പിതാവിൻ്റെ ബീജത്തിൽ നിന്നും മാതാവിൻ്റെ അണ്ഡത്തിൽ നിന്നും ലഭിക്കുന്നതാണ്. അങ്ങനെയാണ് 23 ജോഡി ആകുന്നത്. ഇതിൽ 23 ആമത്തെ ജോഡി ആണ് ആണോ പെണ്ണോ എന്ന് നിർണ്ണയിക്കുന്നത്. X X ജോഡി ആയാൽ പെൺകുഞ്ഞ്, X Y ജോഡി ആയാൽ ആൺകുഞ്ഞ്. അതുകൊണ്ട് സ്ത്രീയുടെ അണ്ഡത്തിൽ X ക്രോമോസോം മാത്രമേ ഉണ്ടാകൂ. പുരുഷൻ്റെ ബീജത്തിൽ X അല്ലെങ്കിൽ Y അങ്ങനെ ക്രോമോസോം ഉണ്ടാകാം. X ക്രോമോസോം ആണ് അണ്ഡവുമായി ചേരുന്നതെങ്കിൽ പെൺകുഞ്ഞ്, Y ക്രോമോസോം ആണെങ്കിൽ ആൺകുഞ്ഞ്. അതുകൊണ്ട് കുഞ്ഞ് ആണോ പെണ്ണോ ആകുന്നതിൽ പുരുഷൻ്റെ ബീജമാണ് കാരണം.

ശരി, പുരുഷൻ്റെ Y ക്രോമോസോമും സ്ത്രീയുടെ X ക്രോമോസോമും ചേർന്ന് ആൺകുഞ്ഞ് ആകാവുന്ന ഭ്രൂണം മാതാവിൻ്റെ ഗർഭപാത്രത്തിൽ രൂപപ്പെട്ടു എന്ന് വിചാരിക്കാം, പക്ഷെ ആ ഭ്രൂണം അഞ്ചോ ആറോ ആഴ്ച വരെ പെൺകുഞ്ഞ് ആയി തന്നെയാണ് വളരുന്നത്. ലിംഗവ്യത്യാസം ആണല്ലോ ആണിനെ ആണായും പെണ്ണിനെ പെണ്ണായുമാക്കുന്നത്. ആറാഴ്ച വരെ പെൺകുഞ്ഞായിട്ടാണ് ഗർഭസ്ഥശിശു വളരുന്നത് എന്നതിൻ്റെ അർത്ഥം ആ കുഞ്ഞിൽ പെൺ സെക്സ് ഓർഗൻസ് ആണ് രൂപപ്പെടുന്നത് എന്നാണ്. അതിന് കാരണം കുഞ്ഞിൻ്റെ Y ക്രോമോസോമിലെ SRY എന്ന ജീൻ അഞ്ച് മുതൽ ആറ് ആഴ്ച വരെ പ്രവർത്തന നിരതമാകുന്നില്ല എന്നതാണ്. SRY യുടെ ഫുൾഫോം sex-determining region Y gene എന്നാണ്.

ആറാമത്തെ ആഴ്ച SRY ജീൻ പ്രവർത്തിക്കാൻ തുടങ്ങുമ്പോഴാണ് ഗർഭസ്ഥശിശു പെണ്ണിൽ നിന്ന് ആണായി രൂപാന്തരപ്പെടുന്നത്. അതിൻ്റെ അർത്ഥം പെൺ സെക്സ് ഓർഗൻസ് ആണിൻ്റേതായി രൂപമാറ്റം വരുന്നു എന്നാണ്. അങ്ങനെ അണ്ഡാശയങ്ങൾ (ovaries) വൃഷണങ്ങൾ (testes) ആയും , clitoris എന്ന അവയവം penis ആയും രൂപാന്തരം പ്രാപിക്കുന്നു. നിപ്പിൾസ് യാതൊരു മാറ്റവും ഇല്ലാതെ നിലനിൽക്കുന്നു. ചുരുക്കി പറഞ്ഞാൽ എല്ലാ ആണുങ്ങളും ഗർഭാവസ്ഥയിൽ ആറാഴ്ച വരെ പെൺകുഞ്ഞ് ആയിരുന്നു. അതുകൊണ്ടാണ് ആണുങ്ങൾക്ക് മുലക്കണ്ണുകൾ ഉള്ളത്.

No comments:

Post a Comment