Pages

എന്താണ് മതം?

സെമിറ്റിക് മതങ്ങൾ എന്ന് പറഞ്ഞ് പ്രത്യേക മതങ്ങൾ ഇല്ല. അങ്ങനെ പറയുമ്പോൾ സെമിറ്റിക്കും അല്ലാത്തതുമായ മതങ്ങൾ ഉണ്ട് എന്ന തെറ്റിദ്ധാരണ ഉണ്ടാകും. സെമിറ്റിക് എന്ന് പറഞ്ഞാൽ ഹീബ്രു, അറബിക് , അറാമിക് മുതലായ ഭാഷകളെ പരാമർശിക്കാൻ ഉപയോഗിക്കുന്ന പദമാണ്. ഈ ഭാഷകൾ സംസാരിക്കുന്ന പ്രദേശങ്ങളിൽ രൂപം കൊണ്ട മതങ്ങളെ സെമിറ്റിക് മതങ്ങൾ എന്ന് പറയുന്നു എന്നല്ലാതെ ആ മതങ്ങൾക്ക് വേറെ പ്രത്യേകത ഒന്നുമില്ല. പലരും ഹിന്ദുവും ഒരു മതം ആണ് എന്ന് വരുത്തിത്തീർക്കാനാണ് സെമിറ്റിക് മതങ്ങൾ എന്ന വിശേഷണം ഉപയോഗിക്കുന്നത്.

ഏത് മതവും മതം തന്നെയാണ്. സെമിറ്റിക് ഭാഷകൾ സംസാരിക്കുന്ന ആഫ്രോ ഏഷ്യൻ രാജ്യങ്ങളിൽ രൂപം കൊണ്ട ജൂത-ക്രിസ്ത്യൻ-മുസ്ലീം മതങ്ങൾ ആയാലും ഇന്ത്യയിൽ രൂപം കൊണ്ട സിഖ്-ബൗദ്ധ-ജൈന മതങ്ങൾ ആയാലും എല്ലാം മതങ്ങൾ തന്നെയാണ്. ഒരു മതം ഉണ്ടാകണമെങ്കിൽ ഒരു സിദ്ധനെയും ഒരു ഗ്രന്ഥത്തെയും മുൻ നിർത്തി ഒരു കൂട്ടം ആൾക്കാരെ ചേർത്ത് രൂപീകരിക്കപ്പെടണം. അല്ലാതെ തനിയെ മതം ഉണ്ടാകില്ല. സിദ്ധൻ എന്ന് പറഞ്ഞാൽ ദൂതൻ എന്നോ പ്രവാചകൻ എന്നോ ഒക്കെ വിശേഷിപ്പിക്കപ്പെടാം. ഏത് മതത്തിനും ഇപ്രകാരം ഒരേയൊരു സിദ്ധൻ അല്ലെങ്കിൽ ഗുരു അതുമല്ലെങ്കിൽ ഒരു ദൂതനോ പ്രവാചകനോ ഉണ്ടാകും. അത് പോലെ ഒരേയൊരു വിശുദ്ധ ഗ്രന്ഥവും ഉണ്ടാകും. വിശ്വാസികൾക്ക് ആ ഒരൊറ്റ ദൂതനും ആ ഒരൊറ്റ ഗ്രന്ഥവും പാവനവും അലംഘനീയവും ആയിരിക്കും. ഇതൊക്കെ ഉള്ള ഒരു വിശ്വാസി സമൂഹത്തെയാണ് മതം എന്ന് പറയുന്നത്.
ഹിന്ദു എന്നൊരു മതം ആരെങ്കിലും രൂപീകരിച്ചിരുന്നോ? ഹിന്ദുക്കൾക്ക് ഒരേയൊരു സിദ്ധനോ ഗുരുവോ ദൂതനോ പ്രവാചകനോ ഉണ്ടോ? ഹിന്ദുക്കൾക്ക് ഒരേയൊരു വിശുദ്ധഗ്രന്ഥം ഉണ്ടോ? ഇല്ല. ഇല്ലേയില്ല. ഹിന്ദുക്കൾ എന്നാൽ ഒരു പൊതുവായ പേരാണ്. ആദിവാസികൾ തൊട്ട് അനേകം ജാതി ഉപജാതി വിഭാഗങ്ങളെ മൊത്തത്തിൽ പറയുന്ന പേരാണ് ഹിന്ദുക്കൾ എന്നത്. അതൊരു മതം ആണെന്ന് ഒരു തരത്തിലും പറയാൻ കഴിയില്ല. ലോകത്ത് പല മതങ്ങൾ രൂപീകരിക്കപ്പെട്ടു. ഇന്ത്യയിലും മതങ്ങൾ ഉണ്ടാക്കപ്പെട്ടു. അത്തരം മതങ്ങളിൽ കുറേ ഹിന്ദുക്കൾ ചേർന്നു. മഹാഭൂരിപക്ഷം ഹിന്ദുക്കളും ഒരു മതത്തിലും ചേരാതെ അവരവരുടെ ജാതികളിൽ ഉറച്ചു നിന്നു. ആ ജാതി സമൂഹങ്ങളിൽ പെടുന്ന മൊത്തം ജനങ്ങളെയാണ് ഹിന്ദുക്കൾ എന്ന് പറയുന്നത്.
ഇനി മതങ്ങളുടെ സിദ്ധന്മാരെയും ദൂതന്മാരെയും പ്രവാചകന്മാരെയും നോക്കാം. അതൊക്കെ വെറും അവകാശവാദങ്ങൾ മാത്രമാണ്. അത്ഭുത സിദ്ധിയുള്ള ഒരു മനുഷ്യക്കുഞ്ഞിനെയും ഒരു സ്ത്രീയും പ്രസവിച്ചിട്ടില്ല. സ്ത്രീയും പുരുഷനും ഇണചേർന്ന് ഉണ്ടാകുന്ന ഭ്രൂണം വളർന്നാണ് ഒരു ശിശു ജനിക്കുന്നത്, ആ ശിശു ആണ് ഒരു മനുഷ്യവ്യക്തിയായി വളരുന്നത്. അങ്ങനെയുള്ള ഒരു വ്യക്തിയിലും സിദ്ധത്വമോ ദിവ്യത്വമോ ഉണ്ടാകില്ല. ഒരു അത്ഭുത മനുഷ്യനും ഭൂമിയിൽ ജനിച്ചിട്ടില്ല ജനിക്കാനും പോകുന്നില്ല. അതുകൊണ്ട് മതങ്ങളുടെ അവകാശവാദങ്ങൾ മുഴുവനും പൊള്ളയാണ് നുണകളാണ്.
ഇന്നത്തെ കാലത്ത് ആളുകളുടെ കൂട്ടായ്മകളിൽ രാഷ്ട്രീയപാർട്ടികൾ ഉണ്ടാക്കുന്നത് പോലെ പണ്ട് കാലത്ത് മതങ്ങൾ ഉണ്ടാക്കി എന്നല്ലാതെ മതങ്ങൾക്കോ മതവിശ്വാസങ്ങൾക്കോ ഒരു പാവനത്വവും ഇല്ല. മതം ഉണ്ടാക്കുന്ന പണിയും മതങ്ങൾ തന്നെയും കാലഹരണപ്പെട്ടു കഴിഞ്ഞതാണ്. ഇനി ആരും മതം ഉണ്ടാക്കില്ല. ഇന്നത്തെ ജനാധിപത്യ യുഗത്തിൽ മനുഷ്യർക്ക് മതം എന്ന നുണക്കൂട്ടായ്മകൾ ആവശ്യവും ഇല്ല. മനുഷ്യർ മനുഷ്യർ എന്ന വിശാല കൂട്ടായ്മയുടെ ഭാഗമായാൽ മതി.
നമ്മൾ സഞ്ചരിക്കുന്നത് ഭാവിയെ നോക്കിയിട്ടാണ്. അതുകൊണ്ട് ഭാവിയിൽ പ്രസക്തമാകുന്ന ചിന്തകളും കാഴ്ചപ്പാടുകളും ദർശനങ്ങളുമാണ് നമുക്ക് വേണ്ടത്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ കാലത്തിൽ ജീവിച്ചുകൊണ്ട് അമ്പിൻ്റെയും വില്ലിൻ്റെയും ഭൂതകാലത്തിലേക്ക് തിരിഞ്ഞു നടന്നത് കൊണ്ട് ഒരു നേട്ടവും ഇല്ല. വർത്തമാന കാലത്തെ സത്യങ്ങളെ മനസ്സിലാക്കി ഭാവിയുടെ വെല്ലുവിളികളെ ഏറ്റെടുക്കാൻ ബുദ്ധിയെയും വിവേകത്തെയും സജ്ജമാക്കുകയാണ് വേണ്ടത്.

No comments:

Post a Comment