Pages

എന്താണ് (കീഴ്) വായു ?

ഈ പ്രപഞ്ചവും പ്രപഞ്ചത്തിലുള്ള സർവ്വതും പഞ്ചഭൂതങ്ങൾ കൊണ്ട് നിർമ്മിക്കപ്പെട്ടവയാണ് എന്നാണ് പ്രാചീന വിശ്വാസം. ഈ വിശ്വാസം ഇന്നും കൊണ്ട് നടക്കുന്ന മൗലികവാദികളുണ്ട്. പഞ്ചഭൂതങ്ങൾ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ആകാശം. മണ്ണ്, വായു, ജലം, അഗ്നി എന്നീ അഞ്ച് പദാർത്ഥങ്ങളാണ്. ഈ അഞ്ച് പദാർത്ഥങ്ങൾ കൊണ്ട് നിർമ്മിതമാണ് ശരീരം എന്ന വിശ്വാസത്തിൽ എഴുതപ്പെട്ട തിയറിയാണ് ആയുർവേദം. ഈ അഞ്ച് സംഗതികളിൽ ആകാശവും വായുവും പദാർത്ഥമല്ല എന്ന് ഞാൻ എഴുതിയതിനെ ചിലർ പരിഹസിച്ചു. അത് മനസ്സിലാക്കാൻ കഴിയാത്തതിന്റെ ഒരു പ്രശ്നമാണ്. വായു എന്ന വാക്ക് നമുക്ക് ആവശ്യമുണ്ട്. എന്നാൽ എന്താണ് വായു എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാക്കണ്ടേ?

എന്താണ് പദാർത്ഥം എന്നാൽ? ഭാരമുള്ളതും സ്ഥിതി ചെയ്യാൻ സ്ഥലം ആവശ്യമുള്ളതും എന്തോ അതാണ് പദാർത്ഥം. ഈ പദാർത്ഥം മൂന്ന് അവസ്ഥയിൽ സ്ഥിതി ചെയ്യും. മാത്രമല്ല ഒരവസ്ഥയിൽ നിന്ന് മറ്റൊരു അവസ്ഥയിലേക്ക് മാറുകയും ചെയ്യും. ഇങ്ങനെ മാറുന്നത് ഊഷ്മാവിന്റെ ഏറ്റക്കുറച്ചിൽ കൊണ്ടാണ്. ഇത് ഉദാഹരിക്കാൻ ഏറ്റവും ലളിതമായ മാതൃക ജലമാണ്. 4 ഡിഗ്രി സെൽഷ്യസിൽ നിൽക്കുമ്പോൾ ജലം ഒരു ദ്രാവകം ആണ്. വെള്ളം എന്ന് പറയുന്നു. പൂജ്യം ഡിഗ്രി സെൽഷ്യസിൽ ജലം ഖരപദാർത്ഥമാണ്. ഐസ് എന്ന് പറയും. 100 ഡിഗ്രി സെൽഷ്യസിൽ ജലം വായു ആണ്. അഥവാ വാതകം. നീരാവി എന്ന് പറയുന്നു. അപ്പോൾ നമ്മൾ പൊതുവായി വായു എന്ന് പറയുമ്പോൾ ഉദ്ദേശിക്കുന്നത് അന്തരീക്ഷത്തിലെ നൈട്രജൻ, ഓക്സിജൻ, കാർബൺ ഡൈ‌ഓക്സൈഡ് എന്നീ വാതക മിശ്രിതങ്ങളുടെ ആകെത്തുകയെ ആണ്. അതായത് വായു എന്നത് ഒരു ഒറ്റ പദാർത്ഥം അല്ല. ഏതാനും പദാർത്ഥങ്ങളുടെ മിശ്രിതം ആണ്. അപ്പോൾ പിന്നെ എങ്ങനെ പഞ്ചഭൂതം എന്ന പ്രാചീന അനുമാനം ശരിയാകും?

ഇനി എന്താണ് ഈ മൂന്ന് അവസ്ഥകളുടെ പ്രത്യേകത എന്ന് നോക്കാം. ഖരം എന്നാൽ അതിലെ തന്മാത്രകൾ വേർപെട്ടുപോകാതെ ഒട്ടിപ്പിടിച്ചു നിൽക്കുന്നു. ദ്രാവകത്തിൽ തന്മാത്രകൾ സ്വതന്ത്രമാണ് പക്ഷെ വേർപെട്ടു പോകില്ല. വാതകത്തിൽ തന്മാത്രകൾ സ്വതന്ത്രവുമാണ് വേർപെട്ടിട്ടും ആണ്. ഇതൊക്കെ ഇന്ന് നാലാം ക്ലാസ്സ് സയൻസ് ആണ്. ഇതൊന്നും പറ്റില്ല  നമുക്ക് പ്രാചീനമായ പഞ്ചഭൂത സിദ്ധാന്തം മതി എന്ന് വാദിക്കുന്നവർ ഹിന്ദു ഫണ്ടമെന്റലിസ്റ്റുകളാണ്. 

ഇനിയാണ് ഈ പോസ്റ്റിന്റെ തലക്കെട്ടിലേക്ക് ഞാൻ വരുന്നത്. കീഴ്‌വായു എന്ന പ്രയോഗത്തിനു ഒരു മാന്യതയുണ്ട്. എന്നാൽ വളി എന്ന് പറഞ്ഞാൽ ആളുകൾ നെറ്റി ചുളിക്കും. വളി എന്നാൽ കാറ്റിന്റെ ഒരു പര്യായം ആണെന്ന് തോന്നുന്നു. കാറ്റ് എന്നാൽ ദ്രുതഗതിയിൽ ചലിക്കുന്ന വാതക തന്മാത്രകളാണ് എന്ന കാര്യം ആരും നിഷേധിക്കില്ലല്ലോ അല്ലേ? അപ്പോൾ കീഴ്വായു എന്നാൽ നമ്മുടെ വൻകുടലിൽ നിന്ന് ബഹിർഗ്ഗമിക്കുന്ന വാതക തന്മാത്രകളാണ്. അതിൽ അധികവും നാം ഭക്ഷണത്തോടൊപ്പം വിഴുങ്ങുന്ന നൈട്രജൻ അടക്കമുള്ള അന്തരീഷത്തിലെ വാതക തന്മാത്രകളും ആണ്. ആഹാരം വായ തുറന്നു കൊണ്ട് ചവയ്ക്കുമ്പോൾ കുറേ വായു തന്മാത്രകൾ അകത്ത് കടക്കും. അവയ്ക്ക് പുറത്ത് പോയല്ലേ പറ്റൂ. അങ്ങനെ പോകാൻ രണ്ട് വഴി ഒന്ന് കീഴ്‌വായു പോകുന്നതും മറ്റൊന്ന് ഏമ്പക്കമായി തൊണ്ട വഴി വായയും ആണ്. 

Oxygen, nitrogen, carbon dioxide എന്നിവയാണ് പുറത്ത് നിന്ന് വൻകുടലിൽ എത്തി കീഴ്‌വായു ആയി പോകുന്ന തന്മാത്രകൾ. ഭക്ഷണം ദഹിക്കുമ്പോൾ മറ്റ് ചില വാതകങ്ങൾ ഉണ്ടാകുന്നുണ്ട്. മീഥേൻ, ഹൈഡ്രജൻസൽഫൈഡ് എന്നിവയാണ് അവ. ഇതിൽ ഹൈഡ്രജൻസൽഫൈഡ് ആണ് കീഴ്‌വായുവിനു ദുർനാറ്റം ഉണ്ടാക്കുന്നത്. അളവിൽ ഒരു ശതമാനം മാത്രമേ ഹൈഡ്രജൻ സൽഫൈഡ് ഉള്ളൂ. അതേ സമയം 99 ശതമാനം വാതകത്തിനും യാതൊരു ഗന്ധവും ഇല്ല. ഒരു ശതമാനം ഹൈഡ്രജൻസൽഫൈഡ് ആണ് കീഴ്‌വായുവിലെ വില്ലൻ. ഒരാൾ ദിവസവും പത്ത് പതിനഞ്ച് പ്രാവശ്യം കീഴ്‌വായു വിടുന്നുണ്ട് എന്ന് പറയുന്നു. പക്ഷെ നമ്മൾ അറിയുന്നത് ഒച്ചയോ ദുർഗന്ധമോ ഉള്ളപ്പോൾ മാത്രമാണ് എന്നതാണ് വസ്തുത.

ഞങ്ങൾക്ക് സയൻസ് പറ്റില്ല പ്രാചീന കാലത്തെ ഊഹങ്ങളും അടിസ്ഥാന രഹിതമായ അനുമാനങ്ങളും മാത്രമേ പറ്റൂ എന്ന് വാദിക്കുന്ന ഫണ്ടമെന്റലിസ്റ്റുകളോട് എനിക്ക് ഒന്നേ പറയാനുള്ളൂ നിങ്ങൾക്ക് പ്രകൃതിയിൽ നടക്കുന്ന ഒന്നിനെ കുറിച്ചും മനസ്സിലാക്കാൻ കഴിയില്ല. ആ അജ്ഞത ഒരു അലങ്കാരമായും നിങ്ങൾ കാണുന്നു. അടുത്ത തലമുറയ്ക്ക് കൂടി ഈ അജ്ഞത നിങ്ങൾ പകർന്നു കൊടുക്കുന്നത് കഷ്ടമാണ്. എന്ത്, എന്തുകൊണ്ട് എന്ന് ചോദിക്കാനും ഉത്തരങ്ങൾ അറിയാനും കുട്ടികളെ പ്രാപ്തരാക്കുകയാണ് ഇന്നത്തെ മുതിർന്ന പൗരന്മാർ ചെയ്യേണ്ടത് എന്ന് പറഞ്ഞു കൊണ്ട് തൽക്കാലം നിർത്തുന്നു.

1 comment:

  1. ആണും പെണ്ണും അറിയാതെ വളി വിടുമ്പോൾ പോലും sorry പറയുന്ന സമൂഹത്തിൽ ജീവിക്കുന്നവനായതിനാൽ ഈ ലേഖനത്തിന് അഭിനന്ദനങ്ങൾ

    ReplyDelete