Pages

കൊറോണയും മഞ്ഞളും

മഞ്ഞൾ കൊറോണയെ പ്രതിരോധിക്കുമോ? മഞ്ഞൾ എന്നല്ല നമ്മൾ ഭക്ഷിക്കുന്ന ഒന്നിനും പ്രത്യേകിച്ച് പ്രതിരോധ ശക്തിയോ ഔഷധഗുണമോ ഇല്ല. ഇത് മനസ്സിലാകണമെങ്കിൽ നമ്മൾ കഴിക്കുന്ന ആഹാരത്തിന്റെ അല്ലെങ്കിൽ വായിലിട്ട് ഇറക്കുന്ന എന്തിന്റെയും സഞ്ചാരപഥം അറിയണം. ചിലതിനൊക്കെ ഔഷധഗുണം ഉണ്ടെന്നത് ആയുർവേദത്തിന്റെ ഒരു സങ്കല്പനം ആണ്. അങ്ങനെ സങ്കല്പിക്കുന്ന കാലത്ത് ശരീരത്തിന്റെ ആന്തരീകഘടനയെ കുറിച്ചോ ഭക്ഷിക്കുന്നത് സഞ്ചരിക്കുന്ന അന്നനാളം എന്ന സഞ്ചാരവഴികളെ കുറിച്ചോ ഒന്നും യാതൊരു അറിവും ഇല്ലായിരുന്നു. ഇന്ന് അതല്ല അവസ്ഥ. എല്ലാം അറിയാം. പക്ഷെ 90 ശതമാനം ജനങ്ങളും ഈ അറിവ് നേടുന്നില്ല. അതുകൊണ്ടാണ് ഇമ്മാതിരി പൊട്ട വിശ്വാസങ്ങൾ ഇപ്പോഴും പ്രചരിക്കുന്നത്.
ഔഷധം എന്നത് എല്ലാറ്റിലും ഉണ്ട്. എന്നാൽ അത് വേർതിരിച്ച് എടുക്കണം. അങ്ങനെ വേർതിരിച്ച് എടുക്കുന്ന സിസ്റ്റം മോഡേൺ മെഡിസിനു മാത്രമേയുള്ളൂ. എന്തെങ്കിലും തിന്നാൽ അതിനു പ്രതിരോധശക്തിയും ഔഷധഗുണവും ഉണ്ടെന്ന് പറഞ്ഞാൽ അത് ഇക്കാലത്ത് അറിവില്ലായ്മയാണ്. നമ്മൾ എന്തിനാണ് ചുമ്മാ ഔഷധഗുണം തിന്നുന്നത്. ഒരു സ്പെസിഫിക് രോഗത്തിനാണ് ഔഷധം വേണ്ടത്. ആ സ്പെസിഫിക് രോഗത്തിനു സ്പെസിഫിക് ഔഷധം കണ്ടുപിടിക്കണം. അതാണ് മോഡേൺ മെഡിസിൻ ചെയ്യുന്നത്. അങ്ങനെ ഔഷധം കണ്ടുപിടിക്കാനുള്ള സാങ്കേതിക വിജ്ഞാനം മോഡേൺ മെഡിസിനു മാത്രമേയുള്ളൂ. ഇത് ദൈവവിശ്വാസികൾക്കും അംഗീകരിക്കാം.
മഞ്ഞളോ പപ്പായനീരോ കമ്മ്യൂണിസ്റ്റ് അപ്പയുടെ നീരോ മുറിവിൽ പുരട്ടിയാൽ മുറിവ് ഉണങ്ങും. അത് ആ മുറിവിൽ പ്രവേശിക്കുന്ന ബാക്റ്റീരിയകൾക്ക് അവ മാരകം ആയത് കൊണ്ടാണ്. എന്ന് വെച്ച് മഞ്ഞൾ ഭക്ഷിച്ചാൽ അവ നേരെ പോയി പ്രതിരോധം ഉണ്ടാക്കും എന്ന് വിചാരിക്കരുത്. എന്താണ് പ്രതിരോധം എന്ന് ഞാൻ മുൻപ് എഴുതിയിരുന്നു. ഒന്ന് കൂടി ചുരുക്കി പറയാം.
നമ്മുടെ ശരീരത്തിൽ പ്രവേശിക്കുന്ന വൈറസ്, ബാക്റ്റീരിയ, ഫംഗസ് മുതലായ അന്യപദാർത്ഥങ്ങളെ അപ്പോൾ തന്നെ കണ്ടു പിടിച്ച് നശിപ്പിക്കുന്നതിനെയാണ് പ്രതിരോധ ശക്തി എന്ന് പറയുന്നത്. ഇത് ചെയ്യുന്നത് രക്തത്തിലെ വെള്ള അണുക്കളാണ്. അല്ലാതെ മഞ്ഞളോ അതിലെ കുർക്കുമിനോ നേരിട്ട് പോയിട്ടല്ല. രക്തത്തിലെ വെള്ള അണുക്കൾ ഉല്പാദിപ്പിക്കപ്പെടുന്നത് എല്ലിൽ ഉള്ള മജ്ജയിൽ വെച്ചാണ്. ഒരു പ്രത്യേക തരം വെള്ള അണുക്കൾ എന്ന കോശങ്ങളിലാണ് ആന്റിബോഡികൾ നിർമ്മിക്കപ്പെടുന്നത്. ഈ ആന്റിബോഡികൾ ആണ് ഓരോ ആന്റിജനെയും എന്ന് വെച്ചാൽ അന്യപദാർത്ഥങ്ങളെ തിരിച്ചറിഞ്ഞ് നശിപ്പിക്കുന്നത്.
നമ്മൾ എന്ത് കഴിച്ചാലും അവയെയൊക്കെ ലഘുഘടകങ്ങളാക്കി എന്ന് വെച്ചാൽ പ്രോട്ടീനെ അമിനോ‌ആസിഡുകളാക്കി, സ്റ്റാർച്ചിനെ ഗ്ലൂക്കോസ് ആക്കി, കൊഴുപ്പിനെ ഫാറ്റി ആസിഡുകളാക്കി പിന്നെ മിനറൽസിനെയും ജീവകങ്ങളെയും വേർ തിരിച്ച് ചെറുകുടലിലെ നേരിയ സുഷിരങ്ങളിലൂടെ രക്തത്തിൽ പ്രവേശിക്കുകയാണ്. ബാക്കി വരുന്നത് വൻകുടൽ (Colon) വഴി സഞ്ചരിച്ച് പുറത്തേക്ക് പോകുകയാണ്. വൻകുടലിൽ വെച്ച് ബാക്കിയുള്ള ജലത്തിൽ ഒരു ഭാഗവും രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു. (ചിത്രം നോക്കുക)
ചുരുക്കി പറഞ്ഞാൽ നമ്മൾ എന്ത് കഴിച്ചാലും കുടിച്ചാലും അവയൊക്കെ വിഘടിക്കപ്പെട്ട് അമിനോ ആസിഡ്‌സ് ആയും ഗ്ലൂക്കോസ് ആയും ഫാറ്റി ആസിഡ്‌സ് ആയും ധാതുലവണങ്ങൾ ആയും ജീവകങ്ങൾ ആയും പിന്നെ ജലവും ആണ് രക്തത്തിൽ പ്രവേശിക്കുന്നത്. രക്തം ഇവയെ ഓരോ കോശങ്ങളിലും എത്തിക്കുന്നു. പിന്നെ എല്ലാ പണിയും നടക്കുന്നത് കോശങ്ങളിലാണ്. പ്രതിരോധത്തിന് ആവശ്യമുള്ള വെള്ള രക്താണുക്കളും ആന്റിബോഡികളും മാത്രമല്ല രക്തവും കോശങ്ങളും എല്ലാം നിർമ്മിക്കപ്പെടുന്നത് നമ്മൾ ആകെ കഴിച്ച ഭക്ഷണത്തിലെ മേൽപ്പറഞ്ഞ പോഷകഘടകങ്ങൾ ഉപയോഗിച്ചാണ്. ഓരോ കോശങ്ങളും ആണ് ഇതിന്റെയൊക്കെ പണിപ്പുര. സംഗതി മനസ്സിലാവുന്നവർക്ക് ഇത്രയും പറഞ്ഞതിൽ നിന്ന് മനസ്സിലായിക്കാണും എന്ന് കരുതുന്നു. തൽക്കാലം ഇത്രമാത്രം. സമാന വിഷയങ്ങൾ ഇനിയും എഴുതാം

1 comment:

  1. ഔഷധം എന്നത് എല്ലാറ്റിലും ഉണ്ട്. എന്നാൽ അത് വേർതിരിച്ച് എടുക്കണം. അങ്ങനെ വേർതിരിച്ച് എടുക്കുന്ന സിസ്റ്റം മോഡേൺ മെഡിസിനു മാത്രമേയുള്ളൂ. എന്തെങ്കിലും തിന്നാൽ അതിനു പ്രതിരോധശക്തിയും ഔഷധഗുണവും ഉണ്ടെന്ന് പറഞ്ഞാൽ അത് ഇക്കാലത്ത് അറിവില്ലായ്മയാണ്.

    ReplyDelete