Pages

ഗ്ലോക്കോമയും കാഴ്ചയും




ഈ ചെറിയ കണ്ണുകൾ കൊണ്ട് ഇത്രയും വിശാലമായ പ്രകൃതി എങ്ങനെ കാണാൻ കഴിയുന്നു എന്നത് ചെറുപ്പം മുതലേ എന്നെ അമ്പരപ്പിച്ചിരുന്ന സംശയമായിരുന്നു. അന്നൊക്കെ കിട്ടാവുന്ന പുസ്തകങ്ങൾ വായിച്ച് മനസ്സിലാക്കാനല്ലേ കഴിയൂ. കാഴ്ചയെ പറ്റി പറയുന്നതിനു മുൻപ് ഗ്ലോക്കോമയെ പറ്റി പറയാം. കല്യാണം കഴിഞ്ഞ് അടുത്തടുത്ത വർഷങ്ങളിൽ ഭാര്യ രണ്ട് മക്കളെ പ്രസവിച്ചു. അതവൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. കൂട്ടത്തിൽ കണ്ണിന് വേദനയും. ഒരിക്കൽ കണ്ണൂരിൽ ഒരു ഐ ഡോക്ടറെ കൺസൽട്ട് ചെയ്തു. പ്രായം ചെന്ന ഡോക്ടർ ആയിരുന്നു. പരിശോധിക്കുന്നതിനിടയിൽ അടുത്തിരുന്ന പരിചയക്കാരൻ ആണെന്ന് തോന്നുന്നു അയാളോട് ഈ പേഷ്യന്റിനു ഗ്ലോക്കോമയാണെന്ന് പതുക്കെ പറയുന്നത് ഞാൻ കേട്ടിരുന്നു. എന്നോട് ഡോക്ടർ പക്ഷെ ഒന്നും പറഞ്ഞില്ല. കണ്ണിൽ ഉറ്റിക്കാൻ മരുന്ന് എഴുതിത്തന്നു. അത്രേള്ളൂ. ഞാൻ പിന്നെ ഗ്ലോക്കോമ എന്ന വാക്ക് തന്നെ മറന്നു. പിന്നെയും കണ്ണിന് വേദന തുടർന്നപ്പോൾ പല ഡോക്ടർമാരും മരുന്നുകൾ എഴുതിത്തരും ചിലർ വൈറ്റമിൻ എ ടാബ്‌ലറ്റും എഴുതും. വൈറ്റമിനുകളെ പറ്റി എനിക്ക് അപ്പോൾ കിട്ടിയ ഒരു പുസ്തകത്തിൽ ജീവകം എ യുടെ അപര്യാപ്തത കണ്ണിറ്റെ കാഴ്ചയെ ബാധിക്കും എന്ന് വായിച്ചപ്പോൾ ഞാൻ മീനെണ്ണയും വൈറ്റമിൻ ഗുളികകളും പതിവായി വാങ്ങിക്കൊടുത്തു. പിന്നെ തുടർച്ചയായ തലവേദന ആയിരുന്നു. അതിനു ഡോക്ടർ എഴുതിത്തന്നത് മൈഗ്രെയിനുള്ള ഗുളികയായിരുന്നു.

പിന്നെയും ഒരു ഇരുപത് വർഷം കഴിഞ്ഞിട്ടാണ് ഗ്ലോക്കോമ എന്ന വാക്ക് ഞാൻ കേൾക്കുന്നത്. അതും അങ്കമാലി ലിറ്റിൽ ഫ്ലവർ കണ്ണാശുപത്രിയിൽ വെച്ച്. അതിനു നിമിത്തമായത് അവൾക്ക് ചിക്കൻപോക്സ് പിടിപ്പെട്ടത്. കണ്ണൂർ പരിയാരത്തെ മെഡിക്കൽ കോളേജ് ആസ്പത്രിയിലാണ് ഗുരുതരമായി ചിക്കൻപോക്സ് ബാധിച്ച നിലയിൽ അഡ്മിറ്റ് ചെയ്തത്. ചിക്കൻപോക്സ് മാറി. പക്ഷെ കണ്ണിന്റെ കാഴ്ചയ്ക്ക് തകരാറ്. ഐ ഡിപ്പാർട്ട്മെന്റിലെ ലേഡി പ്രഫസ്സർ പരിശോധിച്ചു. അവർ ഒന്നും പറയുന്നില്ല. സർജറി വേണം എന്ന് പറഞ്ഞ് ദിവസങ്ങൾ തള്ളി നീക്കുന്നു. ഞാൻ സർജറിക്ക് നിർബ്ബന്ധിച്ചപ്പോൾ ബാംഗ്ലൂരിൽ സെന്റ് ജോൺസ് ഹോസ്പിറ്റലിൽ ഒരു ഡോക്ടറുടെ പേര് എഴുതി തന്നിട്ട് അവരെ കാണാൻ പറഞ്ഞു. പിറ്റേന്ന് ഡിസ്‌ചാർജ്ജ് ആയി വീട്ടിൽ വന്നു. എല്ലാം ഒരു മാതിരി പുകയിൽ കുടുങ്ങിയത് പോലെയാണ് കാണുന്നത് എന്ന് അവൾ പറഞ്ഞു. ഞങ്ങൾ അങ്കമാലിയിൽ എത്തി. അവിടെ നിന്നാണ് ഡോക്ടർ പറഞ്ഞു തന്നത്. ഇത് ഗ്ലോക്കോമയാണ്. കണ്ണിലെ പ്രഷർ ആണ് കാരണം. ചിക്കൻപോക്സ് വന്നത് ഭാഗ്യം എന്ന് കരുതിക്കോളൂ, അതാണ് നിങ്ങൾ ഇപ്പോൾ ഇവിടെ വരാൻ നിമിത്തമായത്. കണ്ണിലെ പ്രഷർ എന്നത് സാധാരണ ബ്ലഡ് പ്രഷർ അല്ല എന്ന് ഞാൻ ആദ്യമായി മനസ്സിലാക്കുകയായിരുന്നു. എന്തായാലും അവിടെ വെച്ച് ലേസർ സർജറിയ്ക്ക് വിധേയയായി നാട്ടിലേക്ക് മടങ്ങുകയും , ലേസർ സർജറി കൊണ്ടും കാഴ്ച മെച്ചപ്പെടാത്തത് കൊണ്ട് ചികിത്സ ബാംഗ്ലൂരിൽ തുടരാൻ തീരുമാനിക്കുകയും ചെയ്തു.

ഗ്ലോക്കോമ എന്തെന്ന് ഇരുപത് വർഷത്തോളം മനസ്സിലാക്കാതെ അജ്ഞതയിൽ തുടർന്നത് കൊണ്ട് ഭാര്യയുടെ കാഴ്ചയുടെ എൺപത് ശതമാനം നഷ്ടപ്പെട്ടുപോയിരുന്നു. ഇപ്പോൾ അവൾക്ക് നേർക്കാഴ്ച മാത്രമേയുള്ളൂ. നമ്മൾ ഒരു കുഴലിലൂടെ നോക്കുന്നത് പോലെയായിരിക്കും ആ കാഴ്ച എന്ന് ഞാൻ അനുമാനിക്കുന്നു. ബാംഗ്ലൂരിൽ വന്നതിനു ശേഷം ബാക്കിയുള്ള കാഴ്ച പതിവായുള്ള ചെക്കപ്പിലൂടെ പതിനഞ്ച് വർഷമായി മെയിന്റൈൻ ചെയ്തു വരുന്നു. ഇതിനിടയിൽ ചെന്നൈ ശങ്കര നേത്രാലയയിൽ വെച്ച് മാന്വൽ സർജറിയും ചെയ്തിരുന്നു. ഇപ്പോൾ ബാംഗ്ലൂർ നാരായണ നേത്രാലയയിലും ചെന്നൈ ശങ്കരയിലും മാറി മാറി പോയി ചെക്കപ്പ് ചെയ്യുകയാണ്. അന്നേ ഗ്ലോക്കോമ എന്തെന്ന് മനസ്സിലായിരുന്നെങ്കിൽ ഭാര്യയുടെ കാഴ്ച ഒട്ടും നഷ്ടമാകാതെ ശ്രദ്ധിക്കാമായിരുന്നു. പക്ഷെ അന്നൊന്നും ഇന്റർനെറ്റ് ഇല്ലല്ലൊ. പുസ്തകങ്ങളും കിട്ടാനില്ലായിരുന്നു. ഡോക്ടർമാർ രോഗികളോട് ഒരു കാര്യവും വിശദീകരിച്ചു തരികയും ഇല്ല. ചികിത്സയും മരുന്നും ഗായത്രി മന്ത്രം പോലെ രഹസ്യമാക്കി വയ്ക്കുകയാണ് ചെയ്യുക. അങ്ങോട്ട് ഒന്നും ചോദിക്കാനും പറ്റില്ല. ഇന്നും ഈ സ്ഥിതിക്ക് വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല എന്ന് തോന്നുന്നു.

ഗ്ലോക്കോമ എന്താണെന്ന് എങ്ങനെയാണ് നിങ്ങളെ മനസ്സിലാക്കി തരേണ്ടത് എന്നാണ് ഞാൻ ആലോചിക്കുന്നത്. ഇത് ചികിത്സിച്ച് മാറ്റാനോ നഷ്ടപ്പെട്ട കാഴ്ച വീണ്ടെടുക്കാനോ കഴിയില്ല. കണ്ണിൽ ദ്രവം അധികമായി ഉണ്ടാവുകയും അത് ഒഴുകിപ്പോകുന്ന ഡ്രെയിനേജ് ബ്ലോക്ക് ആവുകയും, ആ ബ്ലോക്ക് നിമിത്തം കണ്ണിൽ പ്രഷർ അധികമാവുകയും, ആ പ്രഷർ നിമിത്തം  ഓപ്റ്റിക് നെർവിനു ഡാമേജ് ഉണ്ടാവുകയും , ആ ഡാമേജ് നിമിത്തം വിഷ്വൽ ഫീൽഡ് ചുരുങ്ങിപ്പോവുകയുമാണ് ചെയ്യുന്നത്. ഡാമേജ് ആയ ഓപ്റ്റിക് നെർവ് വീണ്ടെടുക്കാൻ കഴിയില്ല. കണ്ണിലെ കാഴ്ച എന്ന് പറയുന്നത്, ദൃശ്യങ്ങളുടെ പ്രതിബിംബങ്ങൾ കണ്ണിന്റെ ഉൾഭിത്തിയിലെ റെറ്റിന എന്ന ലേയറിൽ പതിക്കുകയും അവിടെ നിന്ന് ഓപ്റ്റിക് നെർവ് വഴി തലച്ചോറിൽ എത്തുകയുമാണ് ചെയ്യുന്നത്. തലച്ചോറിൽ വെച്ചാണ് ഓപ്റ്റിക് നെർവ് വഴി ലഭിച്ച പൾസുകളെ ദൃശ്യങ്ങളായി പുനരാവിഷ്ക്കരിക്കപ്പെടുന്നത്. അങ്ങനെയാണ് നമ്മൾ പുറം ലോകത്തെ കാഴ്ചകൾ കാണുന്നത്. ഓപ്റ്റിക് നെർവിനു ഡാമേജ് ഉണ്ടായാൽ അത്രയും പൾസുകൾ തലച്ചോറിലേക്ക് എത്താതിരിക്കുകയും കാഴ്ച പരിമിതമാവുകയും ചെയ്യുന്നു. ചികിത്സ കിട്ടാതിരുന്നാൽ ഓപ്റ്റിക് നെർവ് കം‌പ്ലീറ്റ് ഡാമേജ് ആവുകയും കാഴ്ച പൂർണ്ണമായും നശിക്കുകയും ചെയ്യും.

എന്താണ് ചികിത്സ എന്ന് ചോദിച്ചാൽ കണ്ണിൽ ഉണ്ടാകുന്ന ദ്രവത്തിന്റെ ഉല്പാദനം കുറയ്ക്കാൻ ഐ ഡ്രോപ്സ് പതിവായി ഉറ്റിക്കലാണ്. ദ്രവം കുറയുമ്പോൾ പ്രഷർ കുറയും. പ്രഷർ നോർമൽ ആയി മെയിന്റൈൻ ചെയ്യൽ മാത്രമാണ് ചികിത്സ. വല്ല കാരണവശാലും ഡ്രോപ്സ് ഫലപ്രദം അല്ലാതെ വരുന്ന പക്ഷം മാന്വൽ സർജറി വേണ്ടി വരും. ദ്രവം ഒഴുകുന്ന ഡ്രെയിനേജിലെ ബ്ലോക്ക് നീക്കം ചെയ്യാൻ ഒരു ഹോൾ ഉണ്ടാക്കുക എന്നതാണ് ഈ സർജറി എന്നാണ് മനസ്സിലാകുന്നത്. എന്നാൽ ഈ ഹോൾ വീണ്ടും അടഞ്ഞു പോകാൻ സാധ്യതയുണ്ട്. പ്രത്യേകിച്ചും പ്രായം ആകാത്തവർ സർജറിക്ക് വിധേയനായാൽ. പുതിയ കോശങ്ങൾ ഉണ്ടായിട്ടാണ് ഹോൾ അടഞ്ഞു പോകുന്നത്. എന്റെ ഭാര്യ മാന്വൽ സർജറിക്ക് വിധേയ ആയിരുന്നെങ്കിലും ഒരു വർഷത്തിനു ശേഷം വീണ്ടും പ്രഷർ കൂടിയപ്പോൾ ഡ്രോപ്സ് ഉറ്റിക്കാനാണ് ഡോക്ടർ നിർദ്ദേശിച്ചത്. അത് ഇപ്പോഴും തുടരുന്നു. ആറാറ് മാസം കൂടുമ്പോൾ കണ്ണുകളുടെ വിസ്വൽ ഫീൽഡ് ടെസ്റ്റ് ചെയ്ത് ശേഷിക്കുന്ന നെർവ്സ് സ്റ്റേബിൾ ആണെന്ന് ഉറപ്പിക്കുന്നു.

പല വിധം ഗ്ലോക്കോമകൾ ഉണ്ട്. അതൊന്നും ഇവിടെ വിവരിക്കുന്നില്ല. ഏറ്റവും നേരത്തെ കണ്ടുപിടിക്കുക എന്നതാണ് പ്രധാനം. നാട്ടിൽ ചിലർക്കൊക്കെ ഗ്ലോക്കോമയുണ്ട്. പക്ഷെ ശരിയായ ചികിത്സയിൽ പലരും എത്തിപ്പെടുന്നില്ല എന്നത് ദൗർഭാഗ്യകരമാണ്. കണ്ണിലെ പ്രഷർ ചെക്ക് ചെയ്ത് 12നും 20നും ഇടയിൽ നോർമൽ ആണ് പ്രഷർ എന്ന് മനസ്സിലാക്കണം. എല്ലാ കണ്ണാശുപത്രികളിലും പ്രഷർ (intra ocular pressure) പരിശോധിക്കാനുള്ള സംവിധാനം ഉണ്ട്. മൈഗ്രെയിൻ എന്ന് എഴുതിത്തള്ളുന്ന തലവേദന ഉള്ളവർ ഡോക്ടറോട് അങ്ങോട്ട് പറഞ്ഞ് പ്രഷർ ചെക്ക് ചെയ്യാൻ മടിക്കണ്ട.

എങ്ങനെയാണ് നമ്മൾ ഒന്ന് കാണുന്നത്? കാണണമെങ്കിൽ പ്രകാശം വേണം. എന്നാൽ പ്രകാശത്തെ നമ്മൾ കാണുന്നില്ല. വസ്തുക്കളിൽ പ്രകാശം തട്ടി അത് പ്രതിഫലിപ്പിക്കുന്ന നിറങ്ങൾ നമ്മുടെ കണ്ണിലെ ലെൻസിലൂടെ കടന്ന് റെറ്റിനയിൽ പതിച്ച് ഓപ്റ്റിക് നെർവ്സിലൂടെ എലക്ട്രിക്കൽ സിഗ്നലുകളായി തലച്ചോറിൽ എത്തുകയാണ് ചെയ്യുന്നത്. പ്രകാശത്തിൽ നമുക്ക് ദൃശ്യമായ ഏഴ് നിറങ്ങൾ ആണുള്ളത്. ആപ്പിളിന്റെ നിറം ചുകപ്പാണ് എന്ന് പറയുമ്പോൾ ആപ്പിൾ പ്രതിഫലിപ്പിക്കുന്ന ചുകപ്പ് നിറം ആണ് നമ്മൾ കാണുന്നത്. ആപ്പിളിൽ പതിച്ച ബാക്കി നിറങ്ങളൊക്കെ ആപ്പിൾ ആഗിരണം ചെയ്യുകയാണ്. നീല വെളിച്ചത്തിൽ ആപ്പിൾ കറുപ്പ് ആയിരിക്കും.  കാരണം നീല പ്രകാശം ആപ്പിൾ ആഗിരണം ചെയ്യുകയാണ്. നമ്മൾ പ്രകാശം അല്ല കാണുന്നത് എന്നും വസ്തുക്കളിൽ തട്ടി അവ പ്രതിഫലിക്കുന്ന പ്രകാശത്തിലെ നിറങ്ങൾ ആണു കാണുന്നത് എന്നും എല്ലാ നിറങ്ങളും പ്രതിഫലിക്കുന്നതാണ് വെളുപ്പ് എന്നും, ഒരു നിറവും പ്രതിഫലിക്കാതെ എല്ലാം ആഗിരണം ചെയ്യുന്ന വസ്തുവാണ് കറുപ്പ് എന്നും പറഞ്ഞുകൊണ്ട് ഈ കുറിപ്പ് ഇവിടെ ഉപസംഹരിക്കുകയാണ്.

2 comments: