Pages

കീറ്റോ ഡയറ്റ് നല്ലതോ മോശമോ?

ചേട്ടാ ഈ കീറ്റോ ഡയറ്റിനെ (LCHF) കുറിച്ച് ഒന്നെഴുതാമോ, അത് നല്ലതാണോ എന്ന് പല സുഹൃത്തുക്കളും കുറെയായി ഇൻബോക്സിൽ ചോദിക്കുന്നു. അതിനെ പറ്റി ഇന്ന് എഴുതാം എന്ന് വിചാരിക്കുന്നു. അതിനു മുൻപ് ആമുഖമായി പറയട്ടെ LCHF ഡയറ്റ് നല്ലതല്ല എന്ന് മാത്രമല്ല ഏറിയാൽ ഒരു മൂന്ന് മാസത്തിനപ്പുറം ഈ ഡയറ്റുമായി ആർക്കും മുന്നോട്ട് പോകാനും കഴിയില്ല. അതിനുള്ളിൽ തന്നെ ശരീരത്തിൽ അതിന്റെ അപകടങ്ങൾ പ്രത്യക്ഷപ്പെട്ടിരിക്കും. എന്താണ് ഈ കീറ്റോ ഡയറ്റ്  (ketogenic diet) എന്ന് നോക്കാം. നമ്മുടെ ശരീരം അതിന്റെ ഊർജ്ജാവശ്യത്തിനു കാർബോഹൈഡ്രേറ്റ് വിഘടിച്ചുണ്ടാകുന്ന ഗ്ലൂക്കോസിനെയാണ് ആശ്രയിക്കുന്നത്. ഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റ് തീരെ കുറച്ച് മിതമായി പ്രോട്ടീനും അധികമായി ഫാറ്റും കഴിക്കുക എന്നതാണ് LCHF ഡയറ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്. കീറ്റോ, കീറ്റോജനിക്, LCHF എല്ലാം ഒന്ന് തന്നെയാണ്. ഇപ്രകാരം കാർബോഹൈഡ്രേറ്റ് കുറയ്ക്കുമ്പോൾ നമ്മുടെ രക്തത്തിൽ ഗ്ലൂക്കോസ് കുറയുകയും ഊർജ്ജത്തിന്റെ (കലോറി) ആവശ്യം പരിഹരിക്കാൻ ലിവറിൽ നിന്ന് ഫാറ്റിനെ കീറ്റോൺ ആക്കി മാറ്റുകയും ചെയ്യും. അങ്ങനെ പോരാതെ വരുന്ന കലോറി ശരീരത്തിനു കീറ്റോണിൽ നിന്ന് കിട്ടുന്നു. ഇതാണ് ചുരുക്കം.

ഇനി എന്താണ് കീറ്റോണും ഗ്ലൂക്കോസും തമ്മിലുള്ള വ്യത്യാസം എന്ന് നോക്കാം. കീറ്റോണിന്റെ ഫോർമ്യൂല C₃H₆O - ഉം ഗ്ലൂക്കോസിന്റെ ഫോർമ്യൂല C₆H₁₂O₆ - ഉം ആണ്. വല്ലതും മനസ്സിലായോ? കീറ്റോൺ തന്മാത്രയിൽ 3 കാർബണും 6 ഹൈഡ്രജനും ഒരു ഓക്സിജനും ആണുള്ളത്. ഗ്ലൂക്കോസിൽ 6കാർബണും 12 ഹൈഡ്രജനും 6 ഓക്സിജനും മൂലകങ്ങൾ ആണുള്ളത്. ഭഷണത്തിലെ സ്റ്റാർച്ച് വിഘടിച്ചിട്ടാണ് ഗ്ലൂക്കോസ് കിട്ടുന്നത്. ഫാറ്റ് വിഘടിച്ച് ഫാറ്റി ആസിഡുകളായി മാറിയും ശരീരത്തിൽ എത്തുന്നു. ചുരുക്കി പറഞ്ഞാൽ കാർബോഹൈഡ്രേറ്റും  ഫാറ്റും,  കാർബണും ഹൈഡ്രജനും ഓക്സിജനും ചേർന്ന കൂറ്റൻ ചെയിൻ രൂപത്തിലുള്ള തന്മാത്രകളാണ്. കീറ്റോണും ഗ്ലൂക്കോസും വ്യത്യാസപ്പെടുന്നത് അവയുടെ തന്മാത്രകളിലുള്ള മൂലകങ്ങളുടെ എണ്ണത്തിന്റെയും ഘടനയുടെയും വ്യത്യാസം കൊണ്ടാണ്. രണ്ടും ഊർജ്ജം ഉല്പാദിപ്പിക്കാനാണ് ശരീരം ഉപയോഗിക്കുന്നത്. ഇത്രയും പറഞ്ഞതിൽ നിന്ന് തന്നെ കീറ്റോ ഡയറ്റിൽ പുണ്യം ഒന്നും ഇല്ല എന്ന് നിങ്ങൾക്ക് മനസ്സിലാകേണ്ടതാണ്. എന്നാൽ അപകടം കുറേ ഉണ്ട് താനും. അതൊന്നും ഈ പോസ്റ്റിൽ വിവരിക്കാൻ ഉദ്ദേശിക്കുന്നില്ല. ഗ്ലൂക്കോസ് ആണ് ശരീരത്തിന്റെ ഊർജ്ജാവശ്യത്തിനുള്ള preferably energy source എന്ന് മാത്രം തൽക്കാലം മനസ്സിലാക്കുക.

കാർബ്‌സ് എന്നും കാർബോഹൈഡ്രേറ്റ് എന്നും പറയുന്നത് broad category യിൽ പെടുന്നതാണ്. ഷുഗർ, സ്റ്റാർച്ച്, ഫൈബർ എന്നിവയാണ് കാർബോഹൈഡ്രേറ്റിലെ ഘടകങ്ങൾ. ഇതിൽ ഷുഗർ എന്ന് പറയുന്നത് പഴങ്ങളിലെ ഫ്രക്ടോസും പാലിലെ ലാക്ടോസും കരിമ്പിൻ പഞ്ചസാരയിലെ സൂക്രോസും ആണ്. ഇവയെ ശരീരം ഗ്ലൂക്കോസ് എന്ന ഷുഗർ ആക്കി മാറ്റുന്നു. അതുകൊണ്ട് ഗ്ലൂക്കോസിനെ ബ്ലഡ് ഷുഗർ എന്ന് പറയുന്നു. ഗ്ലൂക്കോസ് പ്രകൃതിയിൽ നിന്ന് കിട്ടുന്ന ഭക്ഷണങ്ങളിൽ ഇല്ല. വ്യാവസായികമായി നിർമ്മിക്കുന്നുണ്ട്. ധാന്യങ്ങളിലും കിഴങ്ങുകളിലും പച്ചക്കറികളിലും ആണ് സ്റ്റാർച്ചും ഫൈബറും ഉള്ളത്. സ്റ്റാർച്ച് വിഘടിച്ച് ഗ്ലൂക്കോസ് ആയി ശരീരത്തിൽ എത്തുന്നു. ഫൈബറിനെ നമുക്ക് ദഹിപ്പിക്കാൻ കഴിയില്ല. എന്നാൽ അന്നനാളത്തിന്റെ സുഗമമായ പ്രവർത്തനത്തിനു ഫൈബർ അത്യാന്താപേക്ഷിതമാണ്. ഒടുവിൽ ഫൈബർ മലത്തോടൊപ്പം പുറന്തള്ളപ്പെടുന്നു. ഫൈബറിന്റെ അപര്യാപ്തത മലബന്ധത്തിനു കാരണമാകും.

ഭക്ഷണത്തിൽ നിന്ന് നമുക്ക് സ്റ്റാർച്ച്, പ്രോട്ടീൻ, ഫാറ്റ്, ജീവകങ്ങൾ, ധാതുലവണങ്ങൾ എന്നിവയാണ് ലഭിക്കേണ്ടത്. ഇതിൽ സ്റ്റാർച്ച് ഗ്ലൂക്കോസ് ആയും പ്രോട്ടീൻ അമിനോ ആസിഡുകളായും ഫാറ്റ് ഫാറ്റി ആസിഡുകളായും ചെറുകുടലിൽ വെച്ച് വിഘടിക്കപ്പെട്ടതിനു ശേഷമാണ് നേരിയ സുഷിരങ്ങളിലൂടെ രക്തത്തിൽ പ്രവേശിച്ച് എല്ലാ കോശങ്ങളിലും എത്തുന്നത്. ബാക്കി പണി എല്ലാം നടക്കുന്നത് കോശങ്ങളിൽ വെച്ചാണ്. അതിൽ പ്രധാനമാണ് ഗ്ലൂക്കോസും ശ്വസിക്കുന്ന വായുവിലെ ഓക്സിജനും സംയോജിച്ച് നിരന്തരം ഊർജ്ജം ഉണ്ടാകുന്നത്.  ഊർജത്തിനു ഫാറ്റും പ്രോട്ടീനും ശരീരം ഉപയോഗപ്പെടുത്തും. അതൊക്കെ പക്ഷെ കാർബണും ഓക്സിജനും സംയോജിച്ച് കാർബൺ ഡൈ‌ഓക്സൈഡ് ആകുന്ന പ്രക്രിയയിൽ ഊർജ്ജം റിലീസ് ആകുന്നതാണ് എന്ന് മനസ്സിലാക്കി വയ്ക്കുക.

ഓരോ ഭക്ഷണഘടകത്തിനും ഓരോ ധർമ്മങ്ങൾ ആണ് ശരീരത്തിൽ നിർവ്വഹിക്കാനുള്ളത്. ഗ്ലൂക്കോസ് ആയി മാറുന്ന സ്റ്റാർച്ചിന്റെ ആവശ്യം ഊർജ്ജത്തിനാണ് എന്ന് നാം മനസ്സിലാക്കി. പ്രോട്ടീന്റെ ആവശ്യം പുതിയ കോശനിർമ്മിതിക്ക് വേണ്ടിയാണ്. ഫാറ്റ് അഥവാ കൊഴുപ്പിനു ശരീരത്തിൽ ഒരുപാട് ധർമ്മങ്ങൾ നിർവ്വഹിക്കാനുണ്ട്. എല്ലാം വിവരിക്കാൻ കഴിയില്ല. ഒരു ഉദാഹരണം മാത്രം പറയാം. നമ്മുടെ ചർമ്മത്തിനടിയിൽ അടിഞ്ഞു കിടക്കുന്ന കൊഴുപ്പ് ആണ് നമുക്ക് ചൂടിൽ നിന്നും തണുപ്പിൽ നിന്നും സംരക്ഷണം നൽകുന്നത്.

LCHF ഡയറ്റിലേക്ക് ഒരാൾ മാറുമ്പോൾ ഒരാഴ്ച കൊണ്ട് അയാളുടെ ബോഡി വെയിറ്റ് ഗണ്യമായി കുറയും. കാരണം എന്തെന്നോ? നമ്മൾ ആവശ്യമുള്ള കലോറിയെക്കാളും സ്റ്റാർച്ച് ഭക്ഷിക്കുന്നുണ്ട്. അപ്പോൾ രക്തത്തിൽ അധികം വരുന്ന ഗ്ലൂക്കോസ് ഗ്ലൈക്കോജൻ ആയി മാറി പേശീകോശങ്ങളിൽ സംഭരിച്ചു വയ്ക്കും. ഇങ്ങനെ സംഭരിച്ചു വയ്ക്കുമ്പോൾ ഒരു ഗ്രാം ഗ്ലൈക്കോജന്റെ കൂടെ മൂന്ന് ഗ്രാം വെള്ളം കൂടിയുണ്ടാകും. ആവശ്യം വരുമ്പോൾ ഉപയോഗപ്പെടുത്താൻ ഒരു റസർവ്വ് എന്ന നിലയിലാണ് ഗ്ലൂക്കോസിനെ ഇപ്രകാരം ഗ്ലൈക്കോജൻ ആക്കി മാറ്റി സൂഷിക്കുന്നത്. ഗ്ലൈക്കോജനും രണ്ട് ഗ്ലൂക്കോസ് യൂനിറ്റുകൾ ചേർന്ന പോളിസാക്കറൈഡ് ആണെന്നും കാർബോഹൈഡ്രേറ്റ് എന്നത് അനേകം ഗ്ലൂക്കോസ് യൂനിറ്റുകൾ ചേർന്ന കൂറ്റൻ തന്മാത്ര ആണെന്നും ഓർമ്മയുണ്ടല്ലോ അല്ലേ. അപ്പോൾ ആദ്യത്തെ ആഴ്ച LCHF ഡയറ്റ് പ്രകാരം കാർബോഹൈഡ്രേറ്റ് കുറയ്ക്കുമ്പോൾ ശരീരത്തിനു ആവശ്യമുള്ള കലോറി കിട്ടാൻ ഗ്ലൂക്കോസ് തികയാതെ വരുമ്പോൾ പേശികളിൽ സംഭരിച്ചിട്ടുള്ള ഗ്ലൈക്കോജനെ വീണ്ടും ഗ്ലൂക്കോസ് ആക്കി മാറ്റുന്നു. അപ്പോൾ ഒരു ഗ്രാം ഗ്ലൈക്കോജൻ കുറയുമ്പോൾ മൂന്ന് ഗ്രാം ജലവും നീക്കം ചെയ്യപ്പെടുന്നു. ഇപ്പോൾ ഭാരം കുറയുന്നതിന്റെ സീക്രട്ട് പിടികിട്ടിയില്ലേ? കുറഞ്ഞത് വാട്ടർ വെയിറ്റ് ആണ്. ഗ്ലൈക്കോജൻ തീർന്നാൽ മാത്രമാണ് ഫാറ്റിനെ കീറ്റോൺ ആക്കി മാറ്റുന്ന പ്രക്രിയ ഗതികെട്ട് ചെയ്യാൻ ലിവർ നിർബ്ബന്ധിതമാവുക.

ഭക്ഷണത്തിൽ മുഴുധാന്യങ്ങളിൽ നിന്ന് ലഭിക്കുന്ന കാർബോഹൈഡ്രേറ്റ് അത്യന്താപേക്ഷിതമാണ്. കുറഞ്ഞത് 40 ശതമാനം എങ്കിലും കാർബോഹൈഡ്രേറ്റ് ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. LCHF അഥവാ കീറ്റോ ഡയറ്റ് എന്ന് പറയുന്നത് ഹോമിയോപ്പതി , ജൈവകൃഷി എന്നൊക്കെയുള്ള നേർ വിപരീതമായ ഒരു സ്യുഡോ സിദ്ധാന്തം മാത്രമാണ് എന്നാണ് എനിക്ക് സുഹൃത്തുക്കളോട് പറയാനുള്ളത്.

നമുക്ക് എങ്ങനെയാണ് ഊർജ്ജം ലഭിക്കുന്നത്?

ഐൻസ്റ്റീന്റെ വിഖ്യാതമായ സമവാക്യപ്രകാരം (E=mc²) സൂര്യനിലുള്ള അളവറ്റ ചൂട് നിമിത്തം രണ്ട് ഹൈഡ്രജൻ അണുക്കൾ ഉരുമിച്ച് ചേർന്ന് ഒരു ഹീലിയം അണു ആയി മാറുമ്പോൾ രണ്ട് ഹൈഡ്രജനിലെയും അല്പം മാസ്സ് (പദാർത്ഥം) ഊർജ്ജമായി മാറുന്നു. അതായത് രണ്ട് ഹൈഡ്രജൻ ആറ്റങ്ങളുടെയും ആകെ ഭാരത്തിൽ അല്പം കുറവാണ് ഒരു ഹീലിയം ആറ്റത്തിന്റെ ഭാരം. ആ കുറവ് വന്ന ഭാരമുള്ള പദാർത്ഥമാണ് ഊർജ്ജമായി മാറിയത്. ഈ ഊർജ്ജമാണ് ഭൂമിയിലേക്ക് വരുന്നത്. ഭൂമിയിലെ പ്രകൃതിയിൽ നടക്കുന്ന എല്ലാ ചലനങ്ങൾക്കും കാരണം ഈ സൗരോർജ്ജമാണ്. ഊർജ്ജം ഇല്ലെങ്കിൽ ഒരു ചലനവും നടക്കില്ല.

ജന്തുക്കൾക്ക് മാത്രമല്ല സസ്യങ്ങൾക്കും ഊർജ്ജം വേണം. സസ്യങ്ങളുടെ കോശങ്ങൾക്കും മനുഷ്യൻ അടക്കമുള്ള ജന്തുക്കളുടെ കോശങ്ങൾക്കും ഒരുപാട് സാമ്യങ്ങളും വ്യത്യാസങ്ങളും ഉണ്ട്. എന്നാലും സസ്യകോശങ്ങൾക്കും ജന്തുകോശങ്ങൾക്കും പ്രവർത്തി ചെയ്യാൻ ഊർജ്ജം കൂടിയേ തീരൂ. സസ്യങ്ങൾക്ക് മാത്രമേ സൂര്യനിൽ നിന്ന് കിട്ടുന്ന ഊർജ്ജം ശേഖരിക്കാനും സംഭരിച്ചു വയ്ക്കാനും കഴിയൂ. അതുകൊണ്ട് ഭൂമിയിലെ സർവ്വജന്തുക്കളും ഊർജ്ജത്തിനു സസ്യങ്ങളെ ആശ്രയിക്കുന്നു. സസ്യകോശങ്ങളുടെ വളർച്ചയ്ക്കും ഭക്ഷണവും പോഷകഘടകങ്ങളും വേണം. മണ്ണിൽ നിന്നും അന്തരീക്ഷത്തിൽ നിന്നും ജലത്തിൽ നിന്നും കിട്ടുന്ന മൂലകങ്ങൾ ഉപയോഗിച്ച് സസ്യങ്ങൾ അവയ്ക്കാവശ്യമുള്ള പോഷകഘടകങ്ങൾ സംശ്ലേഷണം ചെയ്യുകയും ഭക്ഷണം നിർമ്മിക്കുകയും ചെയ്യുന്നു. ഭൂമിയിലെ മറ്റെല്ലാം ജീവികളുടെയും പ്രാഥമികമായ ആഹാരം സസ്യങ്ങൾ നിർമ്മിക്കുന്നതാണ്. അങ്ങനെ ഭൂമിയിലെ സർവ്വ ജീവജാലങ്ങൾക്കും സസ്യങ്ങൾ ഊർജ്ജവും ഭക്ഷണവും തരുന്നു. സസ്യങ്ങൾക്ക് ഇത് സാധിക്കുന്നത് സൂര്യനിൽ പദാർത്ഥം ഊർജ്ജമായി മാറുകയും ആ ഊർജ്ജത്തെ സസ്യങ്ങൾക്ക് രാസോർജ്ജമാക്കി മാറ്റാനും സംഭരിക്കാനും കഴിയുന്നത് കൊണ്ടാണ്.

നമ്മൾ പ്രവർത്തി ചെയ്യാനും ശരീരത്തിന്റെ ആന്തരീകപ്രവർത്തനങ്ങൾ നടക്കാനും എല്ലാം ഉപയോഗിക്കുന്നത് രാസോർജ്ജമാണ്. പല തരം ഊർജ്ജങ്ങൾ ഉണ്ട് എന്നും ഊർജ്ജത്തെ മറ്റൊരു തരം ഊർജ്ജമാക്കി മാറ്റാനും കഴിയുമെന്ന് സ്കൂളിൽ പഠിച്ചിട്ടുണ്ടല്ലൊ. ശരീരത്തിന്റെ പ്രധാന ഊർജ്ജസ്രോതസ്സ് ഗ്ലൂക്കോസ് എന്ന തന്മാത്രയാണ്. നാം ഉണർന്നിരിക്കുമ്പോഴും ഉറങ്ങുമ്പോഴും എന്ത് ചെയ്യുമ്പോഴും ഗ്ലൂക്കോസ് തന്മാത്രയിലുള്ള രാസോർജ്ജമാണ് ഉപയോഗിക്കുന്നത്. ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റ് ദഹിച്ചിട്ടാണ് നമുക്ക് ഗ്ലൂക്കോസ് ലഭിക്കുന്നത്. സസ്യങ്ങൾ അന്തരീക്ഷത്തിലെ കാർബൺ ഡൈ‌ഓക്സൈഡും വെള്ളത്തിലെ ഹൈഡ്രജനും സൂര്യന്റെ ഉർജ്ജവും ഉപയോഗിച്ച് ഗ്ലൂക്കോസ് നിർമ്മിക്കുന്നു. അതായത് കാർബൺ ആറ്റങ്ങളും ഹൈഡ്രജൻ ആറ്റങ്ങളും ഓക്സിജൻ ആറ്റങ്ങളും യോജിച്ച് ഗ്ലൂക്കോസ് തന്മാത്രയാക്കണമെങ്കിൽ ഊർജം വേണം. ആ ഊർജ്ജമാണ് സൗരോർജ്ജം. അതിന്റെ അർത്ഥം സൗരോർജ്ജം ഗ്ലൂക്കോസ് തന്മാത്രയിലെ ആറ്റങ്ങളെ യോജിപ്പിക്കുന്ന രാസോർജ്ജം ആയി മാറി എന്നാണ്. നമുക്ക് ഊർജ്ജം ആവശ്യമുള്ളപ്പോൾ കോശങ്ങളിൽ ഗ്ലൂക്കോസ് വിഘടിക്കപ്പെട്ട് അതിൽ നിന്ന് റിലീസ് ആയ രാസോർജ്ജം ഉപയോഗിക്കുന്നു.

സസ്യങ്ങൾ കാർബണും ഹൈഡ്രജനും ഓക്സിജനും സുര്യപ്രകാശവും കൊണ്ട് ഗ്ലൂക്കോസ് നിർമ്മിക്കുന്ന പ്രക്രിയയെ ഫോട്ടോസിന്തസിസ്സ് അഥവാ പ്രകാശസംശ്ലേഷണം എന്ന് സ്കൂളിൽ പഠിച്ചതാണല്ലൊ. നിർമ്മിക്കുക എന്നൊക്കെ പറയുന്നത് ആലങ്കാരികമാണ്. പ്രകൃതിയിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളും യാന്ത്രികമാണ് ബോധപൂർവ്വമല്ല എന്ന് പറഞ്ഞാൽ മനസ്സിലാക്കാൻ അല്പം പ്രയാസം ഉണ്ടാകും. മനുഷ്യൻ എന്തും ബോധപൂർവ്വം  ചെയ്യുന്നത് കൊണ്ട് പ്രകൃതിയിലും അത് ആരോപിക്കുന്നതാണ് നമുക്ക് ശീലം.

സസ്യങ്ങളുടെ ഇലകളിലെ കോശങ്ങളിൽ കാർബൺ ഡൈഓക്സൈഡും ജലവും പ്രകാശവും കടക്കുമ്പോൾ അതിലെ ക്ലോറോപ്ലാസ്റ്റിൽ വെച്ച് ക്ലോറോഫിൽ എന്ന വർണ്ണകത്തിന്റെ സഹായത്തിലാണ് ഫോട്ടോ സിന്തസിസ്സ് നടക്കുന്നത്. 6 കാർബൺ ഡൈഓക്ക്സൈഡ് തന്മാത്രകളും 6 ജലതന്മാത്രകളും യോജിച്ച് ഒരു ഗ്ലൂക്കോസ് തന്മാത്രയും 6 ഓക്സിജൻ തന്മാത്രകളും ഉണ്ടാകുന്ന പ്രക്രിയ ആണ് ഫോട്ടോസിന്തസിസ്സ് എന്നത്. ഈ പ്രക്രിയയിൽ ഉണ്ടാകുന്ന ഓക്സിജൻ തന്മാത്രകളെ സസ്യങ്ങൾ അന്തരീക്ഷത്തിലേക്ക് വിടുന്നു. ഗ്ലൂക്കോസ് തന്മാത്രകളെ കൂട്ടിച്ചേർത്ത് സ്റ്റാർച്ച് മുതലായ കാർബോഹൈഡ്രേറ്റുകളായി സസ്യങ്ങൾ സൂക്ഷിക്കുന്നു. അങ്ങനെ  സൂക്ഷിക്കുന്നത് നമുക്ക് തരാനല്ല. സസ്യങ്ങളുടെ ആവശ്യത്തിനു തന്നെയാണ്. നമ്മൾ അതെടുക്കുന്നു എന്നേയുള്ളൂ. സസ്യങ്ങൾക്ക് ഊർജ്ജം ആവശ്യമുള്ളപ്പോൾ വായുവിൽ നിന്ന് ഓക്സിജൻ ശ്വസിക്കുകയും കാർബൺ ഡൈഓക്സൈഡ് പുറത്തേക്ക് വിടുകയും ചെയ്യുന്നുണ്ട്.

നാം ചെയ്യുന്നത് പോലെ തന്നെയാണ് സസ്യങ്ങളും കാർബോഹൈഡ്രേറ്റിനെ ഗ്ലൂക്കോസ് ആയി വിഘടിച്ച് ഊർജമാക്കി മാറ്റുന്നത്. ചുരുക്കി പറഞ്ഞാൽ സസ്യങ്ങൾ ഊർജ്ജം ഉപയോഗിച്ച് കാർബോഹൈഡ്രേറ്റുകൾ നിർമ്മിക്കുകയും സംഭരിക്കുകയും ആവശ്യത്തിനു ഉപയോഗിക്കുകയും ചെയ്യുന്നു. ഭൂമിയിലെ മറ്റെല്ലാ ജീവികളും സസ്യങ്ങൾ നിർമ്മിച്ച ഗ്ലൂക്കോസ് ഊർജ്ജത്തിനു ഉപയോഗിക്കുന്നു. അപ്പോൾ നമുക്ക് കിട്ടുന്ന ഊർജ്ജം എന്ന് പറഞ്ഞാൽ സസ്യങ്ങൾ കാർബണും ഹൈഡ്രജനും ഓക്സിജനും ഒരുമിപ്പിച്ച് ഒരു കെമിക്കൽ ബോണ്ട് ഉണ്ടാക്കാൻ ഉപയോഗിച്ച സൗരോർജ്ജം രാസോർജ്ജമാക്കി മാറ്റിയതാണ്. ആ കെമിക്കൽ ബോണ്ട് നമ്മുടെ കോശങ്ങളിൽ വെച്ച് വേർപെടുത്തപ്പെടുമ്പോഴാണ് നമ്മുടെ മസ്സിലുകൾക്ക് ഊർജം ലഭിക്കുന്നത്.


ഷുഗർ എന്നാൽ എന്താണ്?

നമ്മുടെ ആളുകൾ വ്യാപകമായി വിശ്വസിക്കുന്ന രണ്ട് തെറ്റായ ധാരണകളാണ് പ്രമേഹം ഉള്ളവർ പഞ്ചസാര കഴിക്കരുത് എന്നും ശരീരത്തിൽ വിഷം കെട്ടിക്കിടക്കുമെന്നും. രണ്ടാമത്തെ തെറ്റിദ്ധാരണ പരത്തുന്നത് ആയുർവേദക്കാരും പ്രകൃതിചികിത്സാവാദക്കാരും ആണ്. ആദ്യത്തെ തെറ്റിദ്ധാരണയ്ക്കുള്ള കാരണം പഞ്ചസാരയെ കുറിച്ചുള്ള വിവരക്കേടാണ്. ശരീരത്തിൽ കോശങ്ങളിലോ രക്തത്തിലോ വിഷമോ മാലിന്യങ്ങളോ കെട്ടിക്കിടക്കുകയില്ല, അതൊക്കെ അപ്പപ്പോൾ പുറന്തള്ളുന്ന പണിയാണ് ലിവറും കിഡ്‌നിയും അനവരതം ചെയ്തുകൊണ്ടിരിക്കുന്നത്. ചർമ്മത്തിൽ കൂടി വിയർപ്പിലൂടെയും മാലിന്യങ്ങൾ പുറന്തള്ളപ്പെടുന്നുണ്ട്. കിഡ്‌നിക്കും ലിവറിനും തകരാറ് ഇല്ലാത്ത കാലത്തോളം ശരീരവും രക്തവും പരിശുദ്ധമാണ്. സ്വന്തം ശരീരത്തെ കുറിച്ച് ഈ ധാരണ എല്ലാവർക്കും വേണം.
പഞ്ചസാരയെ കുറിച്ച് ആളുകൾക്ക് ഒരു ചുക്കും അറിയില്ല എന്നതാണ് വാസ്തവം. സ്കൂളിൽ പഠിച്ചതാണ്. പക്ഷെ അതൊക്കെ മറക്കും. എന്നിട്ട് ആളുകൾ പറയുന്ന വിവരക്കേടുകൾ മനസ്സിൽ സൂക്ഷിക്കും. ഇതാണ് പൊതുവെ വിദ്യാഭ്യാസത്തിനു സംഭവിക്കുന്നത്.
കാർബൺ ആറ്റങ്ങളും ഹൈഡ്രജൻ ആറ്റങ്ങളും ഓക്സിജൻ ആറ്റങ്ങളും സംയോജിച്ച് ഉണ്ടാകുന്ന സംയുക്തങ്ങളെയാണ് കാർബോഹൈഡ്രേറ്റ് എന്ന് പറയുന്നത്. കാർബോഹൈഡ്രേറ്റിന്റെ ഏറ്റവും ലഘുവായ രൂപങ്ങളാണ് ഗ്ലൂക്കോസ്, ഫ്രക്ടോസ്, ഗാലക്ടോസ് എന്നിങ്ങനെയുള്ള മൂന്ന് തരം മോണോ സാക്കറൈഡുകൾ ((Mono Saccharide). സാക്കറൈഡ് എന്ന് പറഞ്ഞാൽ ഷുഗർ എന്ന് തന്നെയാണ് അർത്ഥം. 6 കാർബണും 12 ഹൈഡ്രജനും 6 ഓക്സിജനും ആറ്റങ്ങളാണ് ഈ മൂന്ന് ഷുഗറിലും ഉള്ളത്. അതുകൊണ്ട് മോണോ സാക്കറൈഡിന്റെ ഫോർമുല C₆H₁₂O₆ എന്ന് എഴുതുന്നത്. ഒരേ എണ്ണം കാർബണും ഹൈഡ്രജനും ഓക്സിജനും സംയോജിച്ചിട്ടാണ് ഗ്ലൂക്കോസും ഫ്രക്ടോസും ഗാലക്ടോസും ഉണ്ടാകുന്നത് എങ്കിലും അവ വ്യത്യാസപ്പെടുന്നത് അവയുടെ യോജിക്കുന്ന ഘടനയിൽ ആണ്.
ഈ മൂന്ന് ഷുഗറിലും ഏറ്റവും മധുരം ഫ്രക്ടോസിനാണ്.
ഫ്രക്ടോസ് മാത്രമാണ് ഭക്ഷണപദാർത്ഥങ്ങളിൽ , അതായത് പഴങ്ങളിലും പച്ചക്കറികളിലും നിന്ന് കിട്ടുന്നത്. ഗ്ലൂക്കോസും ഗാലക്ടോസും അതേ രൂപത്തിൽ ഭക്ഷണപദാർത്ഥങ്ങളിൽ ഇല്ല എന്ന് തന്നെ പറയാം.
ഗ്ലൂക്കോസും ഫ്രക്ടോസും, ഗ്ലൂക്കോസും ഗാലക്ടോസും , ഗ്ലൂക്കോസും ഗ്ലൂക്കോസും അങ്ങനെ രണ്ട് C₆H₁₂O₆ തന്മാത്രകൾ ചേർന്നുണ്ടാകുന്ന ഷുഗറിനെ ഡൈസാക്കറൈഡ് എന്ന് പറയുന്നു. മൂന്ന് തരം ഡൈ സാക്കറൈഡുകൾ താഴെ കാണുക:
ഗ്ലൂക്കോസ് + ഫ്രക്ടോസ് = സൂക്രോസ് = പഞ്ചസാര (ടേബിൾ ഷുഗർ)
ഗ്ലൂക്കോസ്+ഗാലക്ടോസ് = ലാക്ടോസ് = മിൽക്ക് ഷുഗർ
ഗ്ലൂക്കോസ്+ഗ്ലൂക്കോസ് = മാൾട്ടോസ് = മൊളാസസ്സ്
മേൽപ്പറഞ്ഞതിൽ നിന്നും ചായയിൽ ഇടുന്ന ടേബിൾ ഷുഗർ എന്നത് സൂക്രോസ് എന്ന ഡൈ സാക്കറൈഡ് ആണെന്ന് മനസ്സിലാക്കാം. അത് പോലെ പാലിൽ ഉള്ള മിൽക്ക് ഷുഗറും ഡൈ സാക്കറൈഡ് ആണ്. ഇവ ദഹിച്ച് ഗ്ലൂക്കോസ് എന്ന സിമ്പിൾ ഷുഗർ ആയിട്ടാണ് രക്തത്തിൽ കലരുന്നത്. ദഹിക്കുക എന്ന് പറഞ്ഞാൽ വലിയ സംയുക്തങ്ങൾ അല്ലെങ്കിൽ തന്മാത്രകൾ വിഘടിക്കപ്പെടുക എന്നതാണ്. രക്തത്തിൽ ഗ്ലൂക്കോസ് മാത്രമേ പാടുള്ളൂ. എല്ലാ കാർബോ ഹൈഡ്രേറ്റുകളും ഗ്ലൂക്കോസ് ആയിട്ടാണ് രക്തത്തിൽ കടക്കുന്നത്. അതായത് പഞ്ചസാരയിലെ സൂക്രോസും പാലിലെ ലാക്ടോസും അതെ രൂപത്തിലല്ല രക്തത്തിൽ കടക്കുന്നത് ഗ്ലൂക്കോസ് ആയി വിഘടിക്കപ്പെട്ടതിനു ശേഷമാണ്. രക്തത്തിൽ ഉള്ള ഷുഗർ ആയത് കൊണ്ട് ഗ്ലൂക്കോസിനെ ബ്ലഡ് ഷുഗർ എന്ന് പറയുന്നു.
അനേകം മോണോ സാക്കറൈഡ് യൂനിറ്റുകൾ ചേർന്ന് ഉണ്ടാകുന്ന കാർബോഹൈഡ്രേറ്റുകളെ പോളി സാക്കറൈഡുകൾ എന്ന് പറയുന്നു. അതിനുദാഹരണമാണ് നമ്മൾ കഴിക്കുന്ന ആഹാരങ്ങളിലെ സ്റ്റാർച്ച്, ഫൈബർ എന്നിവ. ഇതിൽ സ്റ്റാർച്ച് ദഹിച്ച് ഗ്ലൂക്കോസ് ആയി രക്തത്തിൽ കടക്കുന്നു. ഫൈബറിനെ ദഹിപ്പിക്കാൻ മനുഷ്യനു കഴിയില്ല. അതുകൊണ്ട് ഭക്ഷണത്തിലെ ഫൈബർ വൻകുടലിൽ പോയി പിന്നീട് മലത്തോടൊപ്പം പുറന്തള്ളപ്പെടുന്നു.
ഗ്ലൂക്കോസ് , ഗാലക്ടോസ് എന്നീ രണ്ട് മോണോ സാക്കറൈഡുകൾ സ്വതന്ത്ര രൂപത്തിൽ ഭക്ഷണങ്ങളിൽ ഇല്ല എന്ന് പറഞ്ഞല്ലൊ. ഫ്രക്ടോസ് എന്ന മോണോ സാക്കറൈഡ് മാത്രമാണ് സ്വതന്ത്രമായി ഭക്ഷണത്തിൽ ഉള്ളത്. ഗ്ലൂക്കോസ് പോലെ തന്നെ ഫ്രക്ടോസും രക്തത്തിൽ പ്രവേശിക്കും. പക്ഷെ ഫ്രക്ടോസിനെ ലിവർ ഗ്ലൂക്കോസ് ആയി മാറ്റിയതിനു ശേഷം മാത്രമേ രക്തത്തിലേക്ക് കടത്തി വിടുകയുള്ളൂ. കാരണം പറഞ്ഞല്ലോ രക്തത്തിൽ ഗ്ലൂക്കോസ് മാത്രമേ പാടുള്ളൂ.
അപ്പോൾ പ്രമേഹം ഉള്ളവരുടെ മൂത്രത്തിൽ ഉള്ളത് ഗ്ലൂക്കോസ് എന്ന ബ്ലഡ് ഷുഗർ ആണ്. പഞ്ചസാരയിലെയും പാലിലെയും ഡൈ സാക്കറൈഡുകൾ നേരത്തെ തന്നെ ദഹിച്ച് ഗ്ലൂക്കോസ് ആയി മാറിയിരുന്നല്ലൊ.
എന്തുകൊണ്ടാണ് പ്രമേഹം ഉള്ളവരുടെ മൂത്രത്തിൽ കൂടി ഗ്ലൂക്കോസ് പുറത്ത് പോകുന്നത്? സാധാരണ ഗതിയിൽ നമ്മൾ എത്ര കാർബോ കഴിച്ചാലും അതൊക്കെ ദഹിച്ച് ഗ്ലൂക്കോസ് ആയി രക്തത്തിൽ എത്തിയാലും, രക്തത്തിൽ അധികം വരുന്ന ഗ്ലൂക്കോസിനെ ലിവർ ഗ്ലൈക്കോജനാക്കി മാറ്റി സൂക്ഷിക്കും. ഗ്ലൈക്കോജൻ എന്നത് അനേകം ഗ്ലൂക്കോസുകൾ ചേർന്ന പോളി സാക്കറൈഡ് ആണ്. ആവശ്യം വരുമ്പോൾ ഊർജ്ജം ലഭിക്കാൻ വേണ്ടിയാണ് ഗ്ലൂക്കോസിനെ ഇങ്ങനെ ഗ്ലൈക്കോജനാക്കി മാറ്റി സംഭരിച്ചു വയ്ക്കുന്നത്.. കാരണം തലച്ചോറിനു അനവരതം ഗ്ലൂക്കോസ് കിട്ടിക്കൊണ്ടിരിക്കണം.
ഗ്ലൂക്കോസിനെ ഗ്ലൈക്കോജൻ ആക്കി മാറ്റണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോൺ വേണം. പാൻക്രിയാസ് എന്ന ഗ്രന്ഥിയാണ് ഇൻസുലിൻ ഉല്പാദിപ്പിക്കുന്നത്. പാൻക്രിയാസ് ഗ്രന്ഥിയുടെ കാര്യക്ഷമത കുറയുമ്പോൾ ഇൻസുലിൻ ഉല്പാദനം കുറയുന്നു. അപ്പോൾ രക്തത്തിൽ അധികം വരുന്ന ഗ്ലൂക്കോസിനെ ഗ്ലൈക്കോജൻ ആക്കി മാറ്റാൻ കഴിയാതെ വരുന്നു. രക്തത്തിൽ അളവിൽ കൂടുതൽ ഗ്ലൂക്കോസ് പാടില്ല താനും. അങ്ങനെയാണ് അധികം വരുന്ന ഗ്ലൂക്കോസ് കിഡ്‌നി വഴി മൂത്രത്തിലൂടെ പുറന്തള്ളപ്പെടുന്നത്. ഇത് കിഡ്‌നിക്കും ഓവർ ലോഡ് വർക്ക് ആണെന്ന് പറയേണ്ടതില്ലല്ലൊ.
അപ്പോൾ പ്രമേഹം ഉള്ളവർ പഞ്ചസാര എന്ന ടേബിൾ ഷുഗർ മാത്രം വർജ്ജിക്കുകയോ അരിക്ക് പകരം ഗോദമ്പ് ഉപയോഗിക്കുകയോ അല്ല വേണ്ടത്, മൊത്തത്തിൽ ഭക്ഷിക്കുന്ന കാർബോ ഹൈഡ്രേറ്റിന്റെ അളവ് പരിമിതപ്പെടുത്തുകയാണ് വേണ്ടത്. ഒരു ദിവസം 200 ഗ്രാം കാർബോഹൈഡ്രേറ്റിൽ ആധികം ഭക്ഷിക്കാതെ നോക്കിയാൽ പ്രമേഹ രോഗികൾക്ക് സാധാരണ ജീവിതം നയിക്കാൻ കഴിയും.

ന്യൂനമർദ്ധവും കേരളത്തിലെ പേമാരിയും

ന്യൂനമർദ്ദവും അതിമർദ്ധവും കാറ്റും പേമാരിയും വെള്ളപ്പൊക്കവും ഒക്കെ പ്രകൃതിയുടെ ഭാഗമാണ്. അതൊക്കെ പ്രകൃതിയുടെ പ്രവർത്തനങ്ങളിൽ നിന്ന് ഉണ്ടാകുന്നതും ആണ്. ഇതിൽ എവിടെയാണ് ഗാഡ്‌ഗിലും കസ്തൂരിരംഗനും ഒക്കെ വരുന്നത്? ചിലർ പറയുന്നു പ്രകൃതി പക വീട്ടിയതാണ് എന്ന്. പ്രാർത്ഥിക്കാനും ചിലർ ആവശ്യപ്പെടുന്നു. എന്നാൽ സംഗതി എന്തെന്ന് വെച്ചാൽ ഭൂമിയിൽ മനുഷ്യൻ ഉള്ള കാര്യവും അവൻ രണ്ടും മൂന്നും നിലകൾ വീടുകൾ പണിതതൊന്നും പ്രകൃതിക്ക് അറിയില്ല. പിന്നെ പ്രാർത്ഥിക്കാൻ പറയുന്നത്, ആരോട് പ്രാർത്ഥിക്കാനാണ്? പ്രാർത്ഥിച്ചാൽ പ്രകൃതി വഴിമാറുമോ? പ്രകൃതി അതിന്റെ നിയമം അനുസരിച്ച് സദാ പ്രവർത്തനനിരതമാണ്. അത്രയേയുള്ളൂ.

ഇപ്പോൾ സംഭവിച്ചത്, ഒഡീഷയുടെ തീരത്ത് ന്യൂനമർദ്ധം രൂപപ്പെടുന്നു. എന്താണ് ഈ ന്യൂനമർദ്ധം എന്നാൽ? വായു എല്ലാറ്റിനു മേലെയും ഒരു മർദ്ധം പ്രയോഗിക്കുന്നു. അതിനു കാരണം വായുവിനു ഭാരമുണ്ട്. ആ ഭാരം ഉണ്ടാകുന്നത് വായു തന്മാത്രകളെ ഭൂമി അതിന്റെ കേന്ദ്രത്തിലേക്ക് ആകർഷിക്കുന്നത് കൊണ്ടാണ്. ഭൂമിയുടെ ആകർഷണബലം കൊണ്ട് പിടിച്ചു നിർത്തുന്ന വായു തന്മാത്രകളുടെ ആകെത്തുകയെ ആണ് നാം അന്തരീക്ഷം എന്ന് പറയുന്നത്. ഈ അന്തരീക്ഷത്തിൽ 21 ശതമാനം ഓക്സിജൻ തന്മാത്രകളും 78ശതമാനം നൈട്രജൻ തന്മാത്രകളും ആണുള്ളത്. ബാക്കി വരുന്ന ഒരു ശതമാനത്തിൽ മറ്റ് വായുതന്മാത്രകളും നീരാവിയും പൊടിപടലങ്ങളും എല്ലാം വരും.

ശരിക്കും പറഞ്ഞാൽ നമ്മൾ ജീവിയ്ക്കുന്നത് വായുസമുദ്രത്തിന്റെ അടിത്തട്ടിലാണ്. കടലിന്റെ അടിത്തട്ട് പോലെ തന്നെയാണ് ഈ വായു സമുദ്രത്തിന്റെ അടിത്തട്ടും. കടലിൽ ഉള്ളത് ജലതന്മാത്രകൾ ആണെങ്കിൽ വായുസമുദ്രത്തിൽ ഉള്ളത് വായുതന്മാത്രകൾ ആണെന്ന് മാത്രം. ജലത്തെ നാം കാണുന്നത് അതിലെ തന്മാത്രകൾ ഒന്നിനൊന്ന് വേർപെട്ടു പോകാതെ പറ്റിപ്പിടിച്ചത് കൊണ്ടാണ്!. വായുവിലെ ഓരോ തന്മാത്രയും സ്വതന്ത്രമാണ്. ഒരു നിശ്ചിത അകലത്തിൽ വായുതന്മാത്രകൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. നഗ്നദൃഷ്ടികൾ കൊണ്ട് വായുതന്മാത്രകളെ കാണാൻ കഴിയില്ല. അവ ജലത്തിലെ പോലെ ചേർന്നു നിൽക്കുന്നുമില്ല. അതുകൊണ്ടാണ് വായുവിനെ നാം കാണാത്തത്. വായുവിന്റെ മേൽ ഭൂമിയുടെ ആകർഷണം ഏറ്റവും കൂടുതൽ ഉണ്ടാകുന്നത് സമുദ്രനിരപ്പിലാണ്. അതുകൊണ്ട് ഭൂമിയുടെ ഉപരിതലത്തിലാണ് ഏറ്റവും കൂടുതൽ വായുമർദ്ധം അല്ലെങ്കിൽ അന്തരീക്ഷമർദ്ധം അനുഭവപ്പെടുന്നത്. മേൽപ്പോട്ട് പോകുന്തോറും അന്തരീക്ഷമർദ്ധം കുറയുകയും പിന്നീട് നേർത്ത് നേർത്ത് അന്തരീക്ഷം ഇല്ലാതെയാകുന്നു. അതിന്റെ അർത്ഥം ഒരു പരിധി കഴിഞ്ഞാൽ ഭൂമിക്ക് വായുവിനെ ആകർഷിക്കാൻ കഴിയുന്നില്ല എന്നാണ്.

ന്യൂനമർദ്ദം എന്തെന്നല്ലേ? കടൽ ചൂടാകുമ്പോൾ മേൽപ്പരപ്പിലെ വായുവും ചൂടായി മേൽപ്പോട്ട് പോകുന്നു. വായുവിന്റെ സ്വഭാവം ആണത്. അങ്ങനെ കടലിന്റെ മേൽപ്പരപ്പിൽ നിന്ന് ചൂടായ വായു മേലോട്ട് പോകുമ്പോൾ ഒരു യൂനിറ്റ് വിസ്തൃതിയിൽ ഉള്ള വായുതന്മാത്രകളുടെ എണ്ണം കുറവായിരിക്കും. അപ്പോൾ അവിടെ മർദ്ധവും കുറയും. ഇതാണു ന്യൂനമർദ്ധം. എന്നാൽ ഈ ന്യൂനമർദ്ധം എന്ന അവസ്ഥ അധിക സമയം നീണ്ടുനിൽക്കില്ല. കടലും കടലിന്റെ മേൽപ്പരപ്പിലെ വായുവും ചൂടായി നിൽക്കുകയാണല്ലൊ, അവിടേക്ക് തണുത്ത വായുവിന്റെ ഒരു ഒഴുക്ക് ഉണ്ടാകും. ഇതാണ് കാറ്റ് എന്നത്. ഒഡീഷയുടെ തീരത്ത് ന്യൂനമർദ്ധം രൂപപ്പെട്ടപ്പോൾ അവിടേക്ക് അറബിക്കടലിൽ നിന്ന് തണുത്ത വായു അങ്ങോട്ട് പ്രവഹിക്കുന്നു. ഇങ്ങനെ ഭൂമിക്ക് സമാന്തരമായി നീങ്ങുന്ന വായുവിനെ അതായത് കാറ്റിനെ പശ്ചിമഘട്ട പർവ്വതനിരകൾ തടഞ്ഞു നിർത്തുന്നു. തടയപ്പെട്ട കാറ്റ് കുത്തനെ മേൽപ്പോട്ട് ഉയർന്ന് കേരളത്തിന്റെ ആകാശാതിർത്തിയിലുള്ള വായുവിനെ വല്ലാതെ തണുപ്പിച്ച് എത്രയോ കിലോമീറ്ററുകൾ വ്യാപിക്കുന്ന മേഘങ്ങളെ ഉണ്ടാക്കുന്നു, കനം തൂങ്ങുന്ന മേഘങ്ങൾ പേമാരിയായി പെയ്യുന്നു. ഇതാണ് സംഭവിച്ചത്.

എന്നാൽ ഒഡീഷ തീരത്തേക്ക് തണുത്ത കാറ്റ് അറബിക്കടലിൽ നിന്ന് മാത്രമല്ല പ്രവഹിച്ചിരിക്കുക. ഭൂഗോളത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും തണുത്ത കാറ്റ് അവിടേക്ക് വന്നിരിക്കാമല്ലൊ. അങ്ങനെ ഒഡീഷ തീരത്തെ അന്തരീക്ഷ മർദ്ധം സ്വാഭാവിക നിലയിൽ എത്തുകയും ന്യൂനമർദ്ധം മധ്യപ്രദേശ് ഭാഗത്തേക്ക് നീങ്ങുന്നു എന്നുമാണ് ഒടുവിലത്തെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അപ്പോൾ നമുക്ക് കിട്ടിയ പേമാരിയുടെ കാരണം കാറ്റിന്റെ ഗതിയിൽ കുത്തനെ ഉയർന്ന് നിന്ന് തടസ്സം ഉണ്ടാക്കുന്ന പശ്ചിമഘട്ട മലകളാണ്. അല്ലായിരുന്നെങ്കിൽ ഇതൊന്നും നമ്മൾ അറിയുകയേയില്ലായിരുന്നു.

കാറ്റ് നമുക്ക് മഴ കൊണ്ടത്തരുന്നു. കടലും കരയും ഉള്ളത് കൊണ്ട് കടൽ ചൂടാകുമ്പോൾ കര തണുക്കുകയും, കര ചൂടാകുമ്പോൾ കടൽ തണുക്കുകയും ചെയ്യുന്നു. തണുക്കുക എന്നും ചൂടാവുക എന്നും പറയുമ്പോൾ ഒരു പദാർത്ഥത്തിലെ തന്മാത്രകൾ വേഗത്തിൽ ചലിക്കുന്നതാണ് ചൂടായും , മെല്ലെ ചലിക്കുന്നതാണ് തണുപ്പായും നമുക്ക് അനുഭവപ്പെടുന്നത്. ജലത്തിലെ തന്മാത്രകൾ വേറിട്ട് പോകുന്നില്ലെങ്കിലും ഓരോന്നും ചലിക്കുന്നുണ്ട്. തന്മാത്രാ ചലനത്തിനു ആനുപാതികമാണ് ചൂടും തണുപ്പും എന്നത് വെള്ളം കൊണ്ട് തന്നെ നമുക്ക് മനസ്സിലാക്കാം. പച്ചവെള്ളം ചൂടോ തണുപ്പോ? ജലം എന്നത് നാല് ഡിഗ്രി സെൽഷ്യസ് ചൂടിലാണ് ആ അവസ്ഥയിൽ നിൽക്കുന്നത്. അത് തണുത്ത് പൂജ്യം ഡിഗ്രി സെൽഷ്യസ് ആകുമ്പോൾ തണുക്കുക മാത്രമല്ല ഖരാവസ്ഥയിൽ ആവുകയും ചെയ്യുന്നു. അതിന്റെ അർത്ഥം ജലത്തിലേക്കാളും ഐസ് കട്ടയിൽ അതിലെ തന്മാത്രകൾ സാവധാനം ചലിക്കുന്നു എന്നാണ്. അതേ സമയം ജലം ചൂടാക്കി നൂറ് ഡിഗ്രി സെൽഷ്യൽസ് എത്തുമ്പോൾ അത് നമുക്ക് തൊടാൻ കഴിയാത്ത അവസ്ഥയിൽ എത്തുന്നു എന്ന് മാത്രമല്ല ജലം വാതകാവസ്ഥ പ്രാപിക്കുകയും ചെയ്യുന്നു. ഇവിടെ സംഭവിച്ചത് ജലതന്മാത്രകൾ സാധാരണ അവസ്ഥയിൽ നിന്നും വേഗത്തിൽ സഞ്ചരിച്ച് വാതകത്തെ പോലെ സ്വതന്ത്രമായി എന്നാണ്.

ഇതൊക്കെയാണ് പ്രകൃതിനിയമം. നിയമം എന്ന് പറയുമ്പോൾ ഈ പ്രകൃതിയും നിയമവും ആരെങ്കിലും ഉണ്ടാക്കി എന്നോ, മനുഷ്യനോ അല്ലെങ്കിൽ അജ്ഞാത ശക്തിക്കോ ഇതൊക്കെ മാറ്റാൻ കഴിയുമെന്നോ അല്ല. പ്രാർത്ഥിച്ചത് കൊണ്ട് പ്രകൃതിനിയമം മാറുമെന്നോ അല്ല. പ്രകൃതിയുടെ നിയമം  മനുഷ്യൻ കണ്ടെത്തി എന്നതാണ് ശാസ്ത്രത്തിന്റെ നേട്ടം. പ്രകൃതി എങ്ങനെ ഉണ്ടായി എന്ന ചോദ്യം ഒരു പ്രപഞ്ചശക്തി ഉണ്ടാക്കി എന്ന ഉത്തരത്തിലേക്ക് ഒരിക്കലും എത്തുകയില്ല. അങ്ങനെ വേണമെങ്കിൽ വിശ്വസിക്കാം എന്നേയുള്ളൂ. പ്രകൃതിയുടെ നിയമം മനസ്സിലാക്കിയത് കൊണ്ടാണ് നമുക്ക് കാലാവസ്ഥാപ്രവചനം സാധ്യമാകുന്നത്. ഒഡീഷയുടെ തീരത്ത് ന്യൂനമർദ്ധം രൂപപ്പെട്ടത് തികച്ചം ആകസ്മികമാണ്. പ്രകൃതിയിലെ ആകസ്മിക നീക്കങ്ങൾ നമ്മൂടെ നിയന്ത്രണത്തിലല്ല. മറ്റേതെങ്കിലും ശക്തിയുടെ നിയന്ത്രണത്തിലും അല്ല. അതുകൊണ്ട് നമുക്ക് പോംവഴികൾ മനുഷ്യസാധ്യമായത് മാത്രമാണ്. അതാണ് കേരളത്തിൽ നടന്നതും നടക്കുന്നതും.

കീടനാശിനി; മിഥ്യയും യാഥാർഥ്യങ്ങളും

ഈ നൂറ്റാണ്ടിൽ ലോകം കണ്ട ഏറ്റവും വലിയ നുണപ്രചരണമായിരുന്നു എൻഡോസൽഫാൻ ബാധ. 50 വർഷത്തോളം ലോകത്ത് വിവിധ രാജ്യങ്ങളിൽ കാർഷികാവശ്യത്തിനു ഉപയോഗിച്ച കീടനാശിനിയായിരുന്നു എൻഡോസൽഫാൻ. എൻഡോസൽഫാൻ കീടനാശിനിയ്ക്ക് പേറ്റന്റ് ഇല്ലായിരുന്നു. ജനറിക് ഫോർമുല ആയിരുന്നു അതിന്റേത്. അതുകൊണ്ട് ആർക്കും എൻഡോസൽഫാൻ നിർമ്മിച്ച് വിൽക്കാമായിരുന്നു. ഇന്ത്യയിൽ പൊതുമേഖല കമ്പനികൾ ആയുരുന്നു എൻഡോസൽഫാൻ ഉല്പാദിച്ച്, ആഭ്യന്തര ഉപയോഗം കൂടാതെ കയറ്റുമതിയും ചെയ്തിരുന്നത്. എൻഡോസൽഫാൻ കയറ്റുമതി മൂലം കീടനാശിനിയുടെ ലോകവിപണിയിൽ ഇന്ത്യയ്ക്കായിരുന്നു മുൻതൂക്കം. ഈ കുത്തക തകർക്കാനും തങ്ങളുടെ പേറ്റന്റ് ഉള്ള കീടനാശിനികൾക്ക് ലോകവിപണി പിടിച്ചടക്കാനും യൂറോപ്യൻ യൂനിയൻ നടത്തിയ വ്യാപാരയുദ്ധം ആയിരുന്നു എൻഡോസൽഫാൻ വിരുദ്ധപ്രചരണം. അതിൽ അവർ വിജയിക്കുകയും ചെയ്തു. ഈ പ്രചരണയുദ്ധത്തിൽ ജയിക്കാൻ യൂറോപ്യൻ യൂനിയൻ ഇന്ത്യയിലെ NGO-കൾക്ക് പണം വാരിക്കോരി നൽകി. അതിന്റെ വിഹിതം കേരളത്തിലെ പരിസ്ഥിതി സംഘടനകൾക്കും വ്യക്തികൾക്കും കിട്ടിയിട്ടുണ്ട്. ചിലർ എൻഡോസൽഫാൻ സാങ്കല്പിക ദുരിതം നോവൽ രൂപത്തിൽ എഴുതി പ്രശസ്തിയും പണവും ആർജ്ജിച്ചു.

അമ്പത് വർഷം ലോകത്ത് ഉപയോഗിച്ച എൻഡോസൽഫാൻ കൊണ്ട് കാസർക്കോട്ട് മാത്രം പ്രശ്നം എന്ന് ആരും ചിന്തിച്ചില്ല. മാത്രമല്ല, കാസർക്കോട്ടെ പ്ലാന്റേഷൻ കോർപ്പറേഷന്റെ കീഴിലുള്ള കശുവണ്ടിത്തോട്ടത്തിൽ എൻഡോസൽഫാൻ തളിച്ച അതേ ഹെലികോപ്റ്ററിൽ നിന്ന് ആറളത്തുള്ള കശുവണ്ടി ഫാമിലും തളിച്ചിരുന്നു. എന്നിട്ട് ആറളത്ത് പോലും എൻഡോസൽഫാൻ ബാധ ഉണ്ടായതായി ആരും പറഞ്ഞിട്ടില്ല. ഹെലികോപ്റ്ററിൽ നിന്ന് സ്പ്രേ ചെയ്യുന്ന എൻഡോസൽഫാൻ ലായനി കശുവണ്ടിവൃക്ഷത്തലപ്പുകളിൽ നിന്ന് താഴേക്ക് പതിച്ചാലും അത് മണ്ണിൽ മൂടിക്കിടക്കുന്ന കരിയിലകളിലാണ് വീഴുക. കാലക്രമേണ അത് വിഘടിച്ചു പോകും. അതാണ് ആറളത്തും ലോകത്തെ എല്ലാ രാജ്യങ്ങളിലും സംഭവിച്ചത്. ആറളമടക്കം ലോകത്ത് എവിടെയും എൻഡോസൽഫാൻ പ്രശ്നമായിരുന്നില്ല. ജനിക്കുന്ന ശിശുവിനു തല വളരുന്ന ഹൈഡ്രോ സെഫാലസ് എന്ന രോഗം കാസർക്കോട്ട് മാത്രം ഉള്ളതുമല്ല. ലോകത്ത് എവിടെയുമുണ്ട്. അതിന്റെ കാരണം എൻഡോസൽഫാൻ ആണെന്ന് ലോകത്ത് എവിടെയും പറഞ്ഞിട്ടില്ല. എന്നിട്ടും കാസർക്കോട്ടെ കുഞ്ഞിന്റെ ഫോട്ടോ ലോകം മുഴുവൻ പ്രചരിപ്പിച്ചാണ് യൂറോപ്യൻ യൂനിയൻ കീടനാശിനിയുടെ ലോകവിപണിയിൽ ഇന്ത്യയെ തോല്പിച്ച് ആധിപത്യം സ്ഥാപിച്ചത്. 

കശുവണ്ടി തോട്ടങ്ങളിൽ എന്തുകൊണ്ട് എൻഡോസൽഫാൻ എന്ന് ചോദിച്ചാൽ കശുവണ്ടി വൃക്ഷം പൂക്കുമ്പോൾ ബാധിക്കുന്ന തേയിലക്കൊതുകിനെ നശിപ്പിക്കാൻ ഏറ്റവും ഫലപ്രദം എൻഡോസൽഫാൻ ആയിരുന്നു. മാത്രമല്ല എൻഡോസൽഫാൻ തേനീച്ചകൾക്ക് ഒരു ദോഷവും ചെയ്യുകയുമില്ല. പരാഗണം നടന്ന് കശുവണ്ടി ഉണ്ടാകണമെങ്കിൽ തേനീച്ചകൾ വേണമല്ലൊ. ആ നിലയ്ക്ക് എൻഡോസൽഫാൻ കശുവണ്ടി തോട്ടങ്ങൾക്ക് രണ്ട് വിധത്തിലും ഉപകാരമായിരുന്നു. ഏതായാലും എൻഡോസൽഫാൻ ഒരു അടഞ്ഞ അദ്ധ്യായം ആണല്ലൊ. പറയാൻ വന്നത് എൻഡോസൽഫാൻ നിരോധിച്ചെങ്കിലും അതിനു ശേഷവും ഇന്ത്യയിൽ മറ്റെല്ലാവിധ കീടനാശിനികൾക്കെതിരെയും പരിസ്ഥിതിവാദികൾ പ്രചരണം നടത്തുന്നത് നമ്മുടെ കാർഷികപുരോഗതിയെ അട്ടിമറിച്ച് രാജ്യത്ത് ഭക്ഷ്യക്ഷാമം ഉണ്ടാക്കി നാം വീണ്ടും ഭക്ഷ്യ ഇറക്കുമതിയെ ആശ്രയിക്കാൻ വേണ്ടിയുള്ള അന്താരാഷ്ട്ര ചതിയുടെ ഭാഗമാണ് എന്നാണ്. 

കർഷകർ ഇന്ത്യയിൽ അമിതമായാണ് കീടനാശിനികളും രാസവളങ്ങളും ഉപയോഗിക്കുന്നത് എന്നും അതുകൊണ്ട് വിളവുകളെല്ലാം വിഷം ആവുകയാണെന്നും മണ്ണും പരിസ്ഥിതിയും മലിനമാവുകയാണ് എന്നുമാണല്ലോ പ്രചരണം. ഈ പ്രചരണവും വരുന്നത് പുറത്ത് നിന്നാണ്. അല്ലാതെ ഇന്ത്യയിൽ കർഷകരുടെ അടുത്ത് പോയി ആരെങ്കിലും കണക്കെടുത്തോ? ഇങ്ങനെ പ്രചരിപ്പിക്കാനും ഇന്ത്യൻ NGO-കൾ വിദേശ ഫണ്ട് പറ്റുന്നുണ്ട്. ഇന്ത്യയിലെ എല്ലാ പരിസ്ഥിതി സംഘടനകളും പ്രവർത്തിക്കുന്നത് വിദേശ ഫണ്ട് സ്വീകരിച്ചുകൊണ്ടാണ്. കീടനാശിനികൾ ഇല്ലാതെ ലോകത്ത് എവിടെയെങ്കിലും കൃഷി നടത്തുന്നുണ്ടോ? യൂറോപ്യൻ യൂനിയനിൽ പെട്ട രാജ്യങ്ങൾ ഉല്പാദിപ്പിക്കുന്ന കീടനാശിനികൾ പിന്നെ എവിടെയാണ് വിറ്റഴിക്കുന്നത്? കീടനാശിനിയുടെ ഉപയോഗത്തിൽ ഇന്ത്യ എത്രാമത്തെ സ്ഥാനത്താണ്? സ്ഥിതിവിവരക്കണക്കുകൾ നോക്കുന്നതിനു മുൻപ് നമുക്ക് നമ്മുടെ കൃഷിയുടെ ഭൂതകാലം ഒന്ന് പരിശോധിക്കാം.

1960കളിൽ ഭക്ഷണപദാർഥങ്ങൾ നമ്മൾ ഇറക്കുമതി ചെയ്യുകയായിരുന്നു. ആ സ്ഥാനത്ത് ഇപ്പോൾ കുറെക്കാലമായി നമ്മൾ കയറ്റുമതിയാണ് ചെയ്യുന്നത്. മാത്രമല്ല അക്കാലത്ത് അമേരിക്ക പി.എൽ.480 പദ്ധതി പ്രകാരം നമുക്ക് സൗജന്യമായി തന്നുകൊണ്ടിരുന്ന ഗോദമ്പ്, ചോളം, പാൽ, വനസ്പതി എന്നിവ മൂലമാണ് ഇന്ത്യയിലെ കുട്ടികളുടെ വിശപ്പ് തെല്ലെങ്കിലും ശമിപ്പിക്കാൻ കഴിഞ്ഞിരുന്നത്. 1975നും 2014നും ഇടയിൽ ഇന്ത്യയിലെ ജനസംഖ്യ നൂറ് ശതമാനം ഉയർന്ന് 54 കോടിയിൽ നിന്ന് 121 കോടിയിലേക്ക് എത്തുകയുണ്ടായി. അതേ കാലയളവിൽ നമ്മുടെ കാർഷികോല്പാദനം പതിനാല് ഇരട്ടി അതായത് 1400 ശതമാനം ഉയരുകയുണ്ടായി. ഇന്ന് കാർഷികോല്പാദനത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ഇതിനു കാരണം കൃഷിയിൽ നാം സ്വീകരിച്ച ശാസ്ത്രീയമാർഗ്ഗങ്ങളും സാങ്കേതിക വിദ്യകളുമാണ്. രാസവളവും കീടനാശിനികളും സങ്കരയിനവിത്തുകളും ഒക്കെയാണത്. അതായത് നമ്മൾ അതിജീവിച്ചത് ഹരിതവിപ്ലവം, ധവളവിപ്ലവം മുതലായ കുതിച്ചു ചാട്ടത്തിലൂടെയാണ്. ഇന്നിപ്പോൾ പരിസ്ഥിതിവാദികൾ ഹരിതവിപ്ലവത്തെ തള്ളിപ്പറയുന്നത് നമ്മൾ വീണ്ടും ഭഷ്യധാന്യങ്ങൾക്കും മറ്റും ഇറക്കുമതിയെ ആശ്രയിക്കാനും അങ്ങനെ നമ്മുടെ ഭക്ഷ്യസുരക്ഷ തകർക്കാനുമാണ്. അതിനാണ് പരിസ്ഥിതിവാദികൾ വിദേശഫണ്ടുകൾ പറ്റുന്നത്. കീടനാശിനി എന്ന് കേട്ടാലേ ഭക്ഷണം വിഷം എന്നൊരു പൊതുബോധം സൃഷ്ടിക്കാൻ വിദേശഫണ്ട് പറ്റുന്ന  ഒരുപറ്റം പരിസ്ഥിതിവാദികൾക്ക് സാധിച്ചിരിക്കുന്നു. 

ലോകത്ത് ഇപ്പോൾ കാർഷികോല്പാദനത്തിൽ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം ഉണ്ടെങ്കിലും കീടനാശിനി ഉപയോഗത്തിൽ പതിനൊന്നാം സ്ഥാനമാണുള്ളത്. കീടനാശിനി ഉപയോഗത്തിൽ  ഒന്നും രണ്ടും സ്ഥാനം ചൈനയ്ക്കും അമേരിക്കയ്ക്കും ആണ്. ആകെ ഉല്പാദിപ്പിക്കപ്പെടുന്ന കീടനാശിനികളുടെ 90ശതമാനവും ഉപയോഗിക്കുന്നത് ചൈന, അമേരിക്ക, യൂറോപ്യൻ യൂനിയൻ, ബ്രസീൽ, അർജന്റീന എന്നീ രാജ്യങ്ങളിലാണ്. 141 മില്യൻ ഹെക്ടർ കൃഷിസ്ഥലവും ഉല്പാദനത്തിൽ രണ്ടാം സ്ഥാനവും ഉള്ള ഇന്ത്യയിൽ ഉപയോഗിക്കുന്നത് വെറും 1.7 ശതമാനവും. ഇത് മറച്ചു വെച്ചുകൊണ്ടാണ് ഇന്ത്യൻ കർഷകർ കീടനാശിനികൾ അമിതമായി ഉപയോഗിച്ച് വിളവുകളിൽ വിഷം നിറയ്ക്കുന്നു എന്ന് പ്രചരിപ്പിക്കുന്നത്. എൻഡോസൽഫാന്റെ കാര്യത്തിൽ എന്ന പോലെ ഈ പ്രചരണവും യൂറോപ്യൻ യൂനിയനിൽ നിന്ന് ഫണ്ട് കൈപ്പറ്റിക്കൊണ്ട് പരിസ്ഥിതിവാദികൾ അറിഞ്ഞോ അറിയാതെയോ ചെയ്യുന്നത്, നമ്മുടെ കാർഷിക വിളവുകൾക്ക് അന്താരാഷ്ടതലത്തിൽ മോശം ഇമേജ് സൃഷ്ടിച്ച് നമ്മെ തകർക്കലാണ്. ഇത്തരം കാര്യങ്ങളിൽ അഭിപ്രായം പറയേണ്ടത് കാർഷികശാസ്ത്രജ്ഞന്മാരും വിദഗ്ദ്ധരും ആണെന്ന കാര്യം ആരും ഓർക്കുന്നില്ല. പരിസ്ഥിതിവാദികൾ പറയുന്നതാണ് ആളുകൾ മുഖവിലയ്ക്ക് എടുക്കുന്നത്. ഉല്പാദിപ്പിക്കുന്നതെല്ലാം വിഷം എന്ന് പ്രചരിപ്പിച്ചുകൊണ്ട് നമ്മുടെ രാജ്യത്തെ അന്നവും മറ്റ് ആഹാരപദാർത്ഥങ്ങളും ഉലാദിപ്പിച്ച് തരുന്ന കർഷകരെ ശത്രുക്കളായി കാണുന്നത് ആത്മഹത്യാപരമാണ്.  ഭക്ഷ്യക്ഷാമത്തിലേക്കും പട്ടിണിമരണത്തിലേക്കും രാജ്യത്തെ നയിക്കരുത് എന്നാണ് എനിക്ക് എല്ലാവരോടും വിനയപൂർവ്വം അഭ്യർഥിക്കാനുള്ളത്. നമ്മുടെ കർഷകർക്ക് അക്കാദമിക്ക് വിദ്യാഭ്യാസം കുറവാണെങ്കിലും കൃഷിയിൽ വേണ്ടത്ര പ്രായോഗികപരിജ്ഞാനം ഉണ്ട്. അത്കൊണ്ടാണ് ഇന്ത്യയെ കാർഷികോല്പാദനത്തിൽ ലോകത്തെ രണ്ടാം സ്ഥാനത്തെത്തിക്കാൻ അവർക്ക് കഴിഞ്ഞത്. എന്നിട്ടും പക്ഷെ കർഷകരുടെ അവസ്ഥ പരിതാപകരവും.

മണ്ണും കൃഷിയും ഭക്ഷണവും നമ്മളും

കേരളം ഇപ്പോൾ ജൈവ പച്ചക്കറിക്കൃഷി കൊണ്ടാടുകയാണല്ലൊ.  ആബാലവൃദ്ധം ജനങ്ങൾ ഇപ്പോൾ ജൈവ പച്ചക്കറിയുടെ പിന്നാലെയാണ്. മുഖ്യമന്ത്രി പിണറായി വിജയനും  വിദ്യാർത്ഥികളായ ഒരുപറ്റം കുട്ടികളും ഒരുമിച്ചുള്ള ഒരു ടിവി പരിപാടി കാണാനിടയായി. വീണാ ജോർജ്ജ് ആയിരുന്നു മോഡറേറ്റർ.  ഒരു കുട്ടി മുഖ്യമന്ത്രിയോട് ചോദിക്കുന്നു.  അങ്കിൾ, ഞങ്ങൾ മാർക്കറ്റിൽ പോയപ്പോൾ അച്ഛൻ പറഞ്ഞു ജൈവ പച്ചക്കറികൾക്ക് ഇരട്ടി വിലയാണ്, നമുക്കൊക്കെ സാധാരണ പച്ചക്കറി  മാത്രമേ വാങ്ങാൻ കഴിയൂ എന്ന്.  അതായത് വിഷപച്ചക്കറി എന്ന് വിവക്ഷ. അപ്പോൾ മുഖ്യമന്ത്രിയുടെ മറുപടി. അച്ഛനോട് പറയണം, ഇരട്ടി വിലയാണെങ്കിൽ പകുതി വാങ്ങിയാൽ മതി. കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന പച്ചക്കറി കഴിച്ചാൽ രോഗം വരുമെന്ന്.

എങ്ങനെയുണ്ട്?  ഒരു മുഖ്യമന്ത്രി കുട്ടികളുടെ മനസ്സിൽ വിഷം നിറയ്ക്കുകയാണ്. പച്ചക്കറികളിൽ അല്ല വിഷം ഉള്ളത്. ഇങ്ങനെയുള്ള പ്രചാരണങ്ങളാണ് വിഷം.  നമ്മുടെ ഭക്ഷണത്തിൽ മുഖ്യമായത് ധാന്യങ്ങളാണ്. ധാന്യങ്ങളിൽ നിന്നാണ് നമുക്ക് വേണ്ടതായ ഊർജ്ജം കിട്ടുന്നത്. പച്ചക്കറികൾ പൂരകഭക്ഷണ പദാർത്ഥങ്ങളാണ്.  എന്നിട്ടും എന്തുകൊണ്ട് നമ്മൾ ജൈവ അരി മാത്രമേ കഴിക്കാവൂ എന്ന് പറയുന്നില്ല? കാരണം  ആവശ്യത്തിനു അരി ജൈവം എന്ന പേരിൽ ഉല്പാദിപ്പിക്കാൻ കേരളത്തിനു കഴിയില്ല. അപ്പോൾ ആഘോഷിക്കാനും ഫോട്ടോ എടുക്കാനും ഒക്കെ എളുപ്പം ജൈവ പച്ചക്കറി കൃഷിയാണ്. അരി,പയർ എന്നിവയെ പറ്റി മിണ്ടണ്ട. നാട്ടുനടപ്പ് മുഖ്യമന്ത്രിയും പറഞ്ഞു എന്നേയുള്ളൂ. അതിനപ്പുറം പഠിക്കാൻ മുഖ്യമന്ത്രിക്ക് കഴിയില്ല. പഠിപ്പിക്കാനും ആരും ആളല്ല.

ജൈവകൃഷി, പ്രകൃതികൃഷി, ചെലവില്ലാകൃഷി ഇങ്ങനെ പല പേരുകളിലാണ് ഇപ്പോൾ കൃഷി. കൂടാതെ മണ്ണിനെ പറ്റി പല വിധ വർണ്ണനകളാണ്. ഇതൊക്കെ മണ്ണ്, ചെടികൾ എന്നിവയെ കുറിച്ച് യാതൊരു അടിസ്ഥാന വിവരങ്ങളും ഇല്ലാത്ത വിവരക്കേടിൽ നിന്ന് ഉണ്ടാകുന്ന കുപ്രചരണങ്ങളാണ്.  കൃഷിക്ക് വേണ്ടത് മണ്ണല്ല. മണ്ണിലെ പതിമൂന്നോളം മൂലകങ്ങൾ മാത്രമാണ്. മണ്ണ് ഇല്ലെങ്കിലും ഈ 13 മൂലകങ്ങളും ലഭ്യമാക്കിയാൽ ചെടികൾ പുഷ്ഠിയോടെ വളരും. ചെടികളെ ഉറപ്പിച്ച് നിർത്താൻ എന്തെങ്കുലും മാധ്യമം വേണം എന്ന് മാത്രം.  അത്തരം കൃഷി രീതിയാണ് ഹൈഡ്രോപോണിക്സ്.

ചെടികൾക്ക് ആവശ്യമായ 13 മൂലകങ്ങളും ജലവും , ഉറപ്പിച്ച് നിർത്താൻ കഴിയുന്ന മാധ്യമവും എളുപ്പത്തിൽ ലഭിക്കുന്നത് കൊണ്ടാണ് നമ്മൾ മണ്ണിൽ കൃഷി ചെയ്യുന്നത്.  മണ്ണിൽ ഉള്ള എല്ലാ മൂലകങ്ങളും ചെടികൾക്ക് ആവശ്യമില്ല.  ഭൂമിയുടെ മേൽപ്പരപ്പിൽ തൊണ്ണുറോളം മൂലകങ്ങൾ ഉണ്ട്.  ഇവയെല്ലാം കെമിക്കൽ തന്നെയാണ്.  പ്രപഞ്ചത്തിൽ കെമിക്കൽ എന്നും കെമിക്കൽ അല്ലാത്തത് എന്നും രണ്ട് തരം പദാർത്ഥങ്ങൾ ഇല്ല. കെമിക്കൽ പേടി അതുകൊണ്ട് ഒഴിവാക്കണം.  തൊണ്ണൂറോളം മൂലകങ്ങൾ ഭൂമിയിൽ ഉള്ളതിൽ ഏറ്റവും കൂടുതൽ ഓക്സിജൻ, സിലിക്കൺ, അലൂമിനിയം എന്നിവയാണ്. ഇവ ചെടികൾക്ക് വേണ്ട.  ചെടികൾ ഇവ എടുക്കുകയും ഇല്ല. ചെടികൾക്ക് മണ്ണിൽ നിന്ന് ആവശ്യമുള്ള 13 മൂലകങ്ങൾ ഇവയാണ് :

Major Nutrients         :  Nitrogen (N), Phosphorus (P),  Potassium (K)
Secondary Nutrients:  Calcium (Ca), Magnesium (Mg),  Sulfur (S)
Micronutrients          :  Boron (B), Chlorine (CI), Copper (Cu), Iron (Fe),Manganese (Mn),        Molybdenum (Mo),  Zinc (Zn)

മേൽപ്പറഞ്ഞ 13 മൂലകങ്ങളും കെമിക്കൽ തന്നെയാണ് എന്ന് പ്രത്യേകം പറയേണ്ടല്ലൊ. ഇവയിൽ നൈട്രജൻ, ഫോസ്‌ഫറസ്സ്, പൊട്ടാസിയം ആണ് ചെടികൾക്ക് കൂടുതൽ വേണ്ടത്. ഇത്രയും മൂലകങ്ങൾ ആവശ്യത്തിനു കൊടുത്താൽ ഹൈഡ്രോപോണിക്സ് രീതിയിൽ മണ്ണ് ഇല്ലാതെ സമ്പൂർണ്ണ ആരോഗ്യത്തോടെ ചെടികളെ വളർത്താനും പരമാവധി പോഷകങ്ങൾ ഉള്ള വിളവ് എടുക്കാനും കഴിയും. കൃഷിക്ക് മണ്ണല്ല, മണ്ണിലെ 13 മൂലകങ്ങൾ മാത്രമാണു ആവശ്യമായിട്ടുള്ളത് എന്നാണ് ഞാൻ അടിവരയിട്ട് പറയുന്നത്. നമ്മൾ വളം എന്ന് പറയുന്നതും ഈ 13 മൂലകങ്ങളെയാണ്.  ഈ മൂലകങ്ങൾക്ക് ജൈവം എന്നും കെമിക്കൽ എന്നും വ്യത്യാസം ഇല്ല. ഇപ്പറഞ്ഞ 13 മൂലകങ്ങളിൽ ,  മേൽമണ്ണിൽ തുടർച്ചയായി കൃഷി ചെയ്യുമ്പോൾ നൈട്രജനും ഫോസ്‌ഫറസ്സും പൊട്ടാസിയവും (NPK) കുറഞ്ഞു പോകും.  അതിനാണ് നമ്മൾ വളം ഇട്ടുകൊടുക്കേണ്ടത്.  NPK എന്ന കെമിക്കൽ വളം തന്നെ ഇട്ടുകൊടുക്കണം.  കെമിക്കൽ എന്നത് നാം പരിചയിച്ച പദപ്രയോഗം മാത്രമാണ്. അല്ലാതെ കൃത്രിമമായി സൃഷ്ടിക്കുന്നതല്ല.  ഭൂമിയിൽ ഒന്നും കൃത്രിമമായി സൃഷ്ടിക്കപ്പെടുന്നില്ല. ഉള്ളത് ഒന്നും നശിക്കുന്നുമില്ല.

എന്തുകൊണ്ട് കെമിക്കൽ വളം തന്നെ ഇട്ടുകൊടുക്കണം?  അത് ഇട്ടുകൊടുത്താൽ അപ്പോൾ തന്നെ ജലവുമായി സമ്പർക്കപ്പെട്ട് ചെടികൾക്ക് ആഗിരണം ചെയ്യാൻ സാധിക്കും.  അതിനു പകരം ജൈവം എന്ന് പറയുന്ന എന്തൊക്കെയോ വാരിവലിച്ച് മണ്ണിൽ ഇട്ടാൽ അത് മണ്ണിൽ കിടക്കും.  ജൈവം എന്ന് പറയുന്ന സാധനങ്ങളും അതിന്റെ തന്മാത്രാ ലവലിൽ കെമിക്കൽ മൂലകങ്ങൾ തന്നെയാണ് എന്ന വസ്തുത മറക്കാതിരിക്കുക. ചെടികൾക്ക് ജൈവം ഇട്ടാൽ അതിൽ ചെടികൾക്ക് ആവശ്യമുള്ള കെമിക്കൽ മൂലകങ്ങൾ വല്ലതും ഉണ്ടെങ്കിൽ തന്നെ അത് ചെടികൾക്ക് ആഗിരണം ചെയ്യാൻ കഴിയുന്ന പാകത്തിൽ തന്മാത്രകളായി വിഘടിക്കപ്പെടാൻ മാസങ്ങൾ എടുക്കും.  ഫലത്തിൽ ചെടികൾക്ക് ആവശ്യമുള്ളത് ആവശ്യമുള്ളപ്പോൾ ലഭിക്കുന്നില്ല. എല്ലാ മൂലകങ്ങളും ആവശ്യത്തിനു ലഭിക്കാതെ ഉണ്ടാകുന്ന വിളവുകളിൽ നമുക്ക് ആവശ്യമുള്ള എല്ലാ പോഷകഘടങ്ങളും ഉണ്ടാവില്ല. ഈ പോരായ്മ പരിഹരിക്കാനാണ് ശാസ്ത്രം രാസവളങ്ങൾ കണ്ടുപിടിച്ചത്.

ചെടികൾക്ക് മണ്ണിൽ നിന്ന് 13 മൂലകങ്ങൾ ആണു വേണ്ടത് എന്ന് പറഞ്ഞല്ലോ.  എന്നാൽ ചെടികൾക്ക് ആകെ വേണ്ടതായ 16 മൂലകങ്ങളിൽ ഏറ്റവും കുറഞ്ഞ അളവിലാണ് മണ്ണിൽ ലഭിക്കേണ്ട ഈ പതിമൂന്ന് മൂലകങ്ങൾ.  അതായത് ഒരു ചെടിയുടെ അല്ലെങ്കിൽ വൃക്ഷത്തിന്റെ 96 ശതമാനം ഭാരവും കാർബൺ, ഹൈഡ്രജൻ, ഓക്സ്ജിൻ എന്നിങ്ങനെ മൂന്ന് മൂലകങ്ങളാണ്. ബാക്കി നാല് ശതമാനം ഭാരം മാത്രമാണ് 13 മൂലകങ്ങളും ചേർന്നുള്ളത്.  ഈ മൂന്ന് മൂലകങ്ങൾ അതായത് കാർബണും ഹൈഡ്രജനും ഓക്സിജനും ചെടികൾക്ക് കിട്ടുന്നത് ജലത്തിൽ നിന്നും അന്തരീക്ഷത്തിൽ നിന്നുമാണ്.  ഈ കാർബണും ഹൈഡ്രജനും ഓക്സിജനും മൂന്നും കെമിക്കൽ തന്നെയാണ്. ജൈവം എന്നും കൃത്രിമം എന്നും വേവ്വേറെ മൂലകങ്ങൾ ഇല്ല. അന്തരീക്ഷത്തിൽ നിന്നും ജലത്തിൽ നിന്നും ലഭിക്കുന്ന കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ എന്നിവ ഉപയോഗിച്ചിട്ടാണ് സൗരോർജ്ജത്തിന്റെ സഹായത്തിൽ ചെടികൾ എല്ലാ ജീവികൾക്കും ആവശ്യമായ ഗ്ലൂക്കോസ് നിർമ്മിക്കുന്നത്.

ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായിക്കാണും ചെടികൾക്ക് മണ്ണിൽ നിന്ന് എത്ര കുറച്ചു മാത്രം മൂലകങ്ങൾ മതി എന്ന്. ഹൈഡ്രോപോണിക്സ് കൃഷി എളുപ്പമാക്കുന്നത് ഈ തിരിച്ചറിവാണ്.  നമുക്ക് എന്നല്ല ഏത് ജീവിയ്ക്കും ഊർജ്ജം പ്രദാനം ചെയ്യുന്ന അന്നജം അല്ലെങ്കിൽ സ്റ്റാർച്ച് ചെടികൾ അന്തരീക്ഷത്തിൽ നിന്നും ജലത്തിൽ നിന്നും ലഭിക്കുന്ന കാർബണും ഹൈഡ്രജനും ഓക്സിജനും ഉപയോഗിച്ച് നിർമ്മിച്ചതാണ് എന്ന് നിങ്ങൾ ചോറോ കിഴങ്ങുകളോ പഴങ്ങളോ ഭക്ഷിക്കുമ്പോൾ ഓർമ്മിക്കുക. ആദ്യം ഈ മൂന്ന് മൂലകങ്ങളും സൗരോർജ്ജവും കൊണ്ട് ഗ്ലൂക്കോസ് നിർമ്മിക്കുകയും പിന്നീട് അനേകം ഗ്ലൂക്കോസ് തന്മാത്രകൾ ചേർത്ത് വെച്ച് സ്റ്റാർച്ച് നിർമ്മിച്ച് സംഭരിക്കുകയുമാണ് ചെടികൾ ചെയ്യുന്നത്.  പിന്നീട് നമ്മൾ ഇത് ഭക്ഷിച്ചാൽ ദഹനസമയത്ത് സ്റ്റാർച്ച് വീണ്ടും ഗ്ലൂക്കോസ് ആയി മാറുന്നു. ആ ഗ്ലൂക്കോസ് നമ്മുടെ കോശങ്ങളിൽ വെച്ച് വീണ്ടും ഊർജ്ജവും കാർബൺ ഡൈ‌ഓക്സൈഡും ആയി മാറുന്നു.  ഇങ്ങനെ പദാർത്ഥങ്ങളുടെ മാറ്റവും ഊർജ്ജപരിവർത്തനവും ആണു നമ്മളിലും ചെടികളിലും പ്രകൃതിയിലും നടക്കുന്നത്.

ഇനി കീടനാശിനികളുടെ കാര്യം പറയാം. ലോകത്ത് ആകെ കൃഷി ചെയ്യുന്നതിന്റെ 40 ശതമാനവും പല വിധത്തിലുള്ള കീടങ്ങൾ നശിപ്പിക്കുകയാണ്. ഈ കീടങ്ങളെ നിയന്ത്രണവിധേയമാക്കാൻ ശാസ്ത്രം കണ്ടുപിടിച്ചതാണ് പലതരത്തിലുള്ള കീടനാശിനികൾ.  കീടനാശിനികൾ ഇല്ലെങ്കിൽ കീടങ്ങൾ പെറ്റുപെരുകി കൃഷി മൊത്തത്തിൽ നശിപ്പിക്കും എന്ന അപായമുണ്ട്.  കീടനാശിനികൾ ഇല്ലാതെ കൃഷി ചെയ്യാൻ പറ്റില്ല എന്ന് ജൈവവാദികളും സമ്മതിക്കും. പക്ഷെ ജൈവകീടനാശിനിയേ പറ്റൂ, കെമിക്കൽ കീടനാശിനികൾ തളിച്ചാൽ വിളവുകൾ വിഷം ആയി മാറും എന്നാണ് വാദം.  കീടനാശിനി തളിച്ചാൽ കീടങ്ങൾ നശിക്കുമെങ്കിൽ അതിൽ കീടങ്ങൾക്ക് ഹാനികരമായ കെമിക്കൽ ഉണ്ട് എന്നാണർത്ഥം.  അതിൽ ജൈവം എന്നും കെമിക്കൽ എന്നും വ്യത്യാസമില്ല. പദാർത്ഥങ്ങൾ ഏതുമാകട്ടെ തന്മാത്രാ ലവലിൽ ഒന്ന് തന്നെയാണ് എന്ന് ആദ്യം പറഞ്ഞത് ഓർക്കുക. ഒതളങ്ങ ഭക്ഷിച്ചാൽ മനുഷ്യൻ മരണപ്പെടുന്നത് അതിലെ കെമിക്കൽ തന്മാത്രകൾ നിമിത്തമാണ്. ഒതളങ്ങ ജൈവമാണ് അതുകൊണ്ട് മനുഷ്യനു ഹാനികരമല്ല എന്നാരും പറയില്ലല്ലൊ.

അനുവദനീയമായ അളവിൽ കെമിക്കൽ കീടനാശിനികൾ തളിക്കുമ്പോൾ അത്കൊണ്ട് മനുഷ്യർക്ക് യാതൊരു ഹാനിയും ഉണ്ടാക്കുന്നില്ല എന്ന് മാത്രമല്ല വിളവുകളുടെ അകത്ത് അവ പ്രവേശിച്ച് വിഷം ആക്കുന്നുമില്ല. ഇക്കാലമത്രയും നാം രാസവളവും രാസ കീടനാശിനും ഉപയോഗിച്ച് കൃഷി ചെയ്യുന്ന ചോറ് ആണു ഭക്ഷിക്കുന്നത് എന്നും മേലിലും ഇതേ ചോറ് തന്നെയാണ് ഭക്ഷിക്കാൻ പോകുന്നത് എന്നും സാമാന്യബുദ്ധി ഉപയോഗിച്ച് ചിന്തിക്കുക. ഇത്രയും പേർക്ക് ജൈവച്ചോറ്  കൃഷി ചെയ്തു ഉല്പാദിപ്പിക്കാൻ ആർക്കും കഴിയില്ല.  അതുകൊണ്ട് വിഷപ്പേടിയില്ലാതെ ഭക്ഷണം കഴിക്കുക. കുഞ്ഞുമനസ്സുകളിൽ വിഷപ്പേടി എന്ന വിഷം കുത്തിവയ്ക്കാതിരിക്കുക.  പച്ചക്കറികളിലോ അരിയിലോ കീടനാശിനിയുടെ അംശം പറ്റിപ്പിടിച്ചിരിക്കുന്നു എന്ന് സംശയമോ പേടിയോ ഉണ്ടെങ്കിൽ ഒന്നുകൂടി നല്ലോണം കഴുകുക. ഭക്ഷണം രുചിച്ച്, ആസ്വദിച്ച് കഴിക്കുക.