Pages

ലീല

“ലീല” വായിച്ചു. നെറ്റിൽ കണ്ടത് കൊണ്ടാണു വായിച്ചത്. കുറേയായി ഫിക്‌ഷൻ ഒന്നും വായിക്കാറില്ലായിരുന്നു. ഒന്നുംകൊണ്ടല്ല. എപ്പൊഴോ വായന നിന്നുപോയി. അത്ര തന്നെ. കുറേ വായിച്ചതല്ലേ. പിന്നെയെപ്പോഴോ വായനയോട് മടുപ്പ് തോന്നിയോ അതോ വായിക്കാനുള്ള ദാഹം കെട്ടടങ്ങിയോ എന്നറിയില്ല. കഥാപാത്രങ്ങൾ പുസ്തകങ്ങളിൽ നിന്ന് ഇറങ്ങിവരുന്നതും ചുറ്റുമുള്ള മനുഷ്യർ കഥാപാത്രങ്ങളായി പുസ്തകത്താളുകളിൽ അക്ഷരക്കൂട്ടങ്ങളായി ചുരുങ്ങുന്ന പോലൊരു വിഭ്രമാത്മകത എന്നോ അനുഭവപ്പെട്ടിരുന്നു. മിത്തും യാഥാർഥ്യവും കൂടിക്കുഴഞ്ഞൊരു ഭ്രമാത്മകത. പിന്നെ എപ്പൊഴോ ജീവിതത്തിന്റെ യാഥാർഥ്യങ്ങൾ അതിനൊപ്പിച്ച് എന്നെ പരുവപ്പെടുത്തുകയായിരുന്നു. അങ്ങനെയൊരാൾക്ക് ലീല വായിക്കുമ്പോൾ വെറുതെ ഒരു കുട്ടിയപ്പനാകാൻ തോന്നും. വ്യവസ്ഥാപിതമായ ജീവിതചര്യകളെ വെല്ലുവിളിക്കാൻ തീവ്രമായി മോഹിച്ചു അലഞ്ഞു നടന്ന എന്നെ പോലെയൊരാൾക്ക് പ്രത്യേകിച്ചും.

വായന നിന്നുപോയത് കൊണ്ടാവാം ലീല പ്രസിദ്ധീകരിക്കപ്പെട്ടപ്പോൾ അത് ശ്രദ്ധയിൽ പെടാതെ പോയത്. ഇപ്പോൾ ലീല വായിച്ചപ്പോഴും ഞാൻ ഞെട്ടി. വായിക്കുമ്പോൾ മനസ്സിൽ ഓരോ രഗവും ദൃശ്യവൽക്കൃതമാകുന്ന അനുഭൂതിയും ഉണ്ടായി. സഹൃദയത്വം ഇപ്പോഴും മരിച്ചിട്ടില്ല എന്ന് സാരം. ഭാഷ കൈകാര്യം ചെയ്യുന്നതിലെ കൈയ്യടക്കവും മിടുക്കും ആണു ഒരു കഥാകൃത്തിനെ അനുഗൃഹീതനാക്കുന്നത്. പണ്ടൊക്കെ കഥ നേരെ ചൊവ്വെ പറഞ്ഞുപോകുന്നതായിരുന്നു സാഹിത്യത്തിലെ രചനാരീതി. പിന്നെയാണു വാക്കുകൾ കൊണ്ട് അമ്മാനമാടുന്ന രചനാവൈഭവം സാഹിത്യത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ചേരുവയാകുന്നത്. കാക്കനാടന്റെ വസൂരിയും പറങ്കിമലയും ഒക്കെ വായിക്കുമ്പോഴാണു ഭാഷയുടെ ഈ അനന്തസാധ്യതകൾ വിസ്മയിപ്പിച്ചത്.

ലീല ഇന്ന് വായിക്കുമ്പോഴും ആരെയും ഞെട്ടിക്കുക തന്നെ ചെയ്യും. വ്യത്യസ്തമായ കഥാപാത്രങ്ങൾ, വ്യത്യസ്തമായ ക്ലൈമാക്സ്, വ്യത്യസ്തമായ ആഖ്യാനശൈലി. എന്നാൽ ലീല സിനിമ ആക്കേണ്ടതില്ല എന്നാണു എന്റെ അഭിപ്രായം. അത്കൊണ്ട് ലീല എന്ന സിനിമ കാണാൻ ഉദ്ദേശിക്കുന്നില്ല. വായിച്ചപ്പോൾ മനസ്സിൽ അനുഭവിച്ച ആ രംഗചിത്രം മതി. വായന അത്യന്തം ഉദ്വേഗജനകമായിരുന്നെങ്കിലും പിന്നെയത് അയവിറക്കാൻ തോന്നിയിട്ടില്ല. പിന്നെയും പിന്നെയും അയവിറക്കാൻ തോന്നുന്നതാണു കാലാതിവർത്തിയായി നിലനിൽക്കുന്ന കൃതികൾ. ജീവിതമാണു നമ്മെ എന്നും പ്രലോഭിപ്പിക്കുന്ന പ്രതിഭാസം. ലീലയിൽ ജീവിതമില്ല. ഉള്ളത് ദുസ്വപ്നം പോലെ എന്തോ ഒന്നാണു. അത് കണ്ടോ വായിച്ചോ നമ്മൾ ഞെട്ടുന്നു. ലീല അവിടെ തീരുന്നു. ജീവിതമാണു പിന്നെയും തുടരുക. ഉത്തമകൃതികൾ ജീവിതത്തിന്റെ നേർപ്പതിപ്പുകൾ ആയിരിക്കും.

അല്ലെങ്കിലും സാഹിത്യവും സിനിമയും വെവ്വേറെ മാധ്യമങ്ങളാണു. രണ്ടിന്റെയും സാധ്യതകളും വേറെയാണു. സിനിമ സ്വതന്ത്രവും മൗലികവുമായ ഒരു കലയായി, മാധ്യമമായി സ്വന്തമായി നിൽക്കേണ്ടതാണു. വായിക്കുന്നതും കാണുന്നതും അനുവാചകർക്കും വ്യത്യസ്തമായ അനുഭവങ്ങളാണു. സാഹിത്യകൃതികൾ സിനിമയാക്കിയപ്പോൾ അതിലേതെങ്കിലും വിജയിച്ചിട്ടുണ്ടെങ്കിൽ അത് സിനിമയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി മൗലികമായി പുനരാവിഷ്ക്കരിച്ചത് കൊണ്ടായിരിക്കണം.

ലീല സിനിമയാക്കാൻ ഏത് ചലച്ചിത്രകാരനെയും പ്രലോഭിക്കുന്നത് തന്നെയാണു. അത്കൊണ്ടായിരിക്കാം രജ്ഞിത്ത് അത് സിനിമയാക്കിയത്. എന്തായാലും ലീല വായിച്ചവർ സിനിമ കാണരുത് എന്നും സിനിമ കാണുന്നവർ വായിക്കരുത് എന്നുമാണു എന്റെ വ്യക്തിപരമായ അഭിപ്രായം. വായിച്ചത് സിനിമയായി കാണാനുള്ള അഭിവാഞ്ച പക്ഷെ മനുഷ്യസഹജവുമാണു. അത്കൊണ്ടാണല്ലൊ ഓടയിൽ നിന്ന് മുതൽ എത്രയോ സിനിമകൾ നമ്മൾ കണ്ടത്. എന്നാൽ വായിച്ചപ്പോൾ ലഭിച്ച അനുഭൂതി സിനിമയിൽ ലഭിച്ചിട്ടില്ല എന്നും അതേ സമയം വായിക്കാത്ത എത്രയോ സിനിമകൾ അവാച്യമായ അനുഭൂതി പകർന്നു നൽകിയിട്ടുണ്ട് എന്നും സ്മരിച്ചുകൊണ്ട് ഈ കുറിപ്പ് ഉപസംഹരിക്കുന്നു.

നെറ്റിൽ നിന്നും കിട്ടിയ ലീല വായിക്കാത്തവർക്കായി ഇതാ ഇവിടെ .

No comments:

Post a Comment