Pages

ലാവലിൻ ; ഐസക് തോമസ്സിനു സുധീരന്റെ മറുപടി

ലാവലിൻ കേസ് അങ്ങനെ തേഞ്ഞുമാഞ്ഞ് പോകുന്ന ഒന്നല്ല. കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കേസാണത്. ഡോക്ടർ തോമസ്സ് ഐസക്ക് കുറെ വിതണ്ഡാവാദങ്ങൾ നിരത്തിയാലൊന്നും ലാവലിൻ കേസ് ഇല്ലാതാകില്ല. ലാവലിൻ കേസിൽ വിചാരണ നടക്കും, ഐസക്കിന്റെ ന്യായമൊന്നും കോടതിയിൽ ചെലവാകില്ല. ലാവലിൻ ഇടപാടിലെ അഴിമതിയും ഗൂഢാലോചനയും ഉള്ളംകൈയ്യിലെ നെല്ലിക്ക പോലെ സുവ്യക്തമാണ്. ഐസക്ക് തോമസ്സിന്റെ ന്യായീകരണത്തിനു കെ.പി.സി.സി. അദ്ധ്യക്ഷൻ വി.എം. സുധീരൻ എഴുതിയ വസ്തുനിഷ്ഠമായ മറിപടി താഴെ വായിക്കുക :

ലാവ്‌ലിൻ കേസ് സംബന്ധിച്ച് സി.പി.എം. പി.ബി. അംഗം പിണറായി വിജയന്റെയും ഡോ. തോമസ് ഐസക്കിന്റെയും പ്രതികരണങ്ങൾ വസ്തുതാ വിരുദ്ധമാണന്ന് അറിയിക്കുന്നു. ജനങ്ങളെ തെറ്റുധരിപ്പിക്കാനുള്ള മനപൂർവ്വം നടത്തുന്ന ഒരു ശ്രമമായിട്ട് മാത്രമേ ഇതിനെ കാണാനാകൂ. കംട്രോളർ ആന്റ് ഓഡിറ്റർ ജനറലിന്റെ 2005 മാർച്ചിൽ അവസാനിച്ച വർഷത്തെ കേരള സർക്കാരിന്റെ (കമോഴ്‌സിയൽ) റിപ്പോർട്ടിന്റെ മൂന്നാം അധ്യായത്തിലാണ് പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ ആധുനീകരണവും നവീകരണവും സംബന്ധിച്ച ഓഡിറ്റ് റിപ്പോർട്ട് വിശകലനം ചെയ്തിട്ടുള്ളത്.

വിദേശ ലോൺ അടക്കം 243.98 കോടി രൂപയാണ് ലാവ്‌ലിൻ കമ്പനിയുമായി ഉണ്ടാക്കിയ കരാറിൽ പള്ളിവാസൽ, ചെങ്കുളം, പന്നിയാർ (പി.എസ്.പി.) പദ്ധതിക്കായി നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ നിർമ്മാണം പൂർത്തിയായപ്പോൾ സർക്കാരിന് 389.98 കോടി രൂപ ചിലവഴിക്കേണ്ടി വരികയും വൈദ്യുതി ഉത്പാദനം നവീകരണത്തിന് മുമ്പുണ്ടായിരുന്നതിനേക്കാൾ കുറയുകയും ചെയ്തു. ഇതും, നവീകരണത്തോടനുബന്ധിച്ച് ഷട്ടറുകൾ അടച്ചുപൂട്ടിയതുമൂലം ഉത്പാദനം നിലച്ചതുൾപ്പെടെ കണക്കാക്കിയാണ് സി.എ.ജി. റിപ്പോർട്ടിന്റെ ആമുഖത്തിലും ഖണ്ഡിക 3.27 ലും 374.5 കോടിരൂപ ചിലവഴിച്ചിട്ടും ഉദ്ദേശിച്ച യാതൊരു ഫലവും ഉണ്ടായില്ലെന്ന് പറഞ്ഞിട്ടുള്ളത്. ഈ യാഥാർത്ഥ്യങ്ങൾ പിണറായിക്കും ഐസക്കിനും നിഷേധിക്കാനാവില്ലല്ലോ?.

കുറ്റിയാടി എക്‌സ്റ്റെൻഷൻ സംബന്ധിച്ചുള്ള പദ്ധതി ചിലവിന്റെ താരതമ്യ വിശകലനവും സി.എ.ജി. റിപ്പോർട്ടിന്റെ ഖണ്ഡിക 3.27ൽ വിവരിച്ചിരിക്കുന്നത് ലാവ്‌ലിൻ കേസ് സംബന്ധിച്ച് രണ്ട് പുസ്തകങ്ങൾ എഴുതിയിട്ടുള്ള ഐസക് പരിശോധിക്കുന്നത് നന്നായിരിക്കും. ടേൺ‌കീ വ്യവസ്ഥയിൽ 100 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള കുറ്റിയാടി അഡീഷണൽ എക്‌സ്റ്റെൻഷൻ സ്‌കീം എന്ന പുതിയ ഹൈഡ്രോ ഇലക്ട്രിക്കൽ പദ്ധതി പൂർത്തീകരണത്തിന് ഭാരത് ഹെവി ഇലക്ട്രിക്കൽ / എല്‍.ആന്റ്.ടിയ്ക്ക് നല്‍കിയത് 66.05 കോടി രൂപയ്ക്കായിരുന്നു. അതായത് മെഗാവാട്ട് നിരക്ക് 0.66 കോടി. (സി.ബി.ഐ. പി.) സെൻട്രൽ ബോർഡ് ഓഫ് ഇറിഗേഷൻ ആന്റ് പവർ മാനദണ്ഡങ്ങളനുസരിച്ച് പി.എസ്.പി. പദ്ധതികളുടെ മെഗാവാട്ട് നിരക്ക് 0.5 കോടിയിൽ കവിയാൻ പാടില്ലെന്നും മൂന്ന് പദ്ധതികൾക്കുമുള്ള നിർമ്മാണപരിധി 57.75 കോടി രൂപ (115.5 മെഗാവാട്ടിന് 0.5 കോടി രൂപ മെഗാവാട്ട് നിരക്കനുസരിച്ച്) കവിയാൻ പാടില്ലെന്നും ആയിരുന്നു വ്യവസ്ഥ.

വൈദ്യുതി ബോർഡ് 2004 ഡിസംബർ വരെ മേല്പറഞ്ഞ 3 പദ്ധതികൾക്കുമായി ശരാശരി ചിലവഴിച്ച തുകയായ 374.50 കോടി രൂപ അടിസ്ഥാനത്തിൽ മെഗാവാട്ട് നിരക്ക് 3.24 കോടി രൂപയാണെന്നും അതിൽ നിന്നു തന്നെ അധികരിച്ച് ചിലവഴിച്ച 316.75 കോടി രൂപ മാനദണ്ഡങ്ങൾ മറികടന്നാണെന്നുമുള്ള സി.എ.ജി. റിപ്പോർട്ടിലെ ഞെട്ടിക്കുന്ന വസ്തുതകൾ കണ്ണടച്ച് നിഷേധിക്കുന്ന ഐസക്കിന്റെ നടപടി നട്ടുച്ചയെ കൂരിരുട്ടാക്കുന്നതിന് തുല്യമാണ്. പി.എസ്.പി. പദ്ധതിയുടെ നവീകരണത്തിനായി മുൻ യു.ഡി.എഫ്. സർക്കാർ കൺസൾട്ടൻസി കരാർ മാത്രമാണ് എഴുതി ഒപ്പിട്ടിരുന്നത്. അതനുസരിച്ച് നിർമ്മാതാക്കൾ അല്ലാത്ത ലാവ്‌ലിൻ കമ്പനിക്ക് വിതരണ കരാർ നല്‍കാൻ ബാധ്യസ്ഥമാണെന്ന് പ്രചരിപ്പിക്കുന്നത് നുണയാണ്. കൺസൾട്ടൻസി കരാർ എഴുതി ഒപ്പിട്ടാൽ പിന്നെ സപ്ലൈ കരാറും ഒപ്പിട്ടേ തീരൂ. അല്ലെങ്കിൽ പാരീസിലെ അന്താരാഷ്ട്ര കോടതിയിൽ കേസിനെ നേരിടണമെന്നക്കെയുള്ള ഗീബല്‍സിയൻ പ്രചരണം ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമാണ്.

ഐസക്കിന്റെ കത്തിൽ പരസ്പര വിരുദ്ധമായ നിരവധി കാര്യങ്ങൾ എഴുതിപ്പിടിപ്പിച്ചിരിക്കുന്നു. വൈദ്യുതി മേഖലയെ ലാവ്‌ലിൻ തീറെഴുതാനുള്ള സി.വി. പത്മരാജന്റെ ധാരണാപത്രം അവസാനിപ്പിച്ചത് പിണറായി വിജയനാണെന്ന് പറയുന്നു. അങ്ങനെയാണെങ്കിൽ ആ ധാരണാപത്രം അവസാനിപ്പിച്ചതിന്റെ പേരിൽ പാരീസിലെ കോടതിയിൽ എന്തുകൊണ്ട് കേസുണ്ടായില്ല ?

പി.എസ്.പി. പദ്ധതി കരാറിൽ സംസ്ഥാനതാല്പര്യം സംരക്ഷിക്കാൻ പിണറായി ശക്തമായ ഇടപെടൽ നടത്തുകയും വിജയിക്കുകയും ചെയ്തു എന്നവകാശപ്പെടുന്ന ഐസക് സംസ്ഥാന ഖജനാവിനും വൈദ്യുതി ബോർഡിനും സി.ഐ.ജി. റിപ്പോർട്ടിലും സി.ബി.ഐ. അന്വേഷണത്തിലും വെളിപ്പെട്ട ഭീമമായ നഷ്ടം സംബന്ധിച്ച് എന്തുകൊണ്ട് മറുപടി നല്‍കുന്നില്ല.

കൺസൾട്ടൻസി കരാറിൽ സപ്ലൈകരാർ നല്‍കുന്നത് സംബന്ധിച്ച് വ്യവസ്ഥ ഉണ്ടെങ്കിൽ പിന്നെ എന്തിന് മന്ത്രിയായിരുന്ന പിണറായിയുടെ നേതൃത്വത്തിൽ വിദഗ്ധരെ ഒഴിവാക്കി ഒരു സംഘം കാനഡ സന്ദർശിച്ച് ലാവ്‌ലിൻ കമ്പനിയുമായി ചർച്ച ചെയ്ത് ആഗോള ടെണ്ടർ പോലും വിളിക്കാതെ 239.81 കോടി രൂപയുടെ കരാർ ഒപ്പുവച്ചു? ഇത്തരമൊരു കരാർ എഴുതി ഒപ്പിടുന്നതിനു മുമ്പായി ഫീസിബലിറ്റി സ്റ്റഡി നടത്തണമെന്ന നിയമവ്യവസ്ഥയും ഇവിടെ ലംഘിക്കപ്പെട്ടു. ലാവ്‌ലിൻ കമ്പനിയുമായി ഉണ്ടാക്കിയ സപ്ലൈകരാറിലെ നിരക്ക് വളരെ കൂടുതലാണെന്ന് പിന്നീട് നാഷണൽ ഹൈഡ്രോ ഇലക്ട്രിക്കൽ പവർ കോർപ്പറേഷൻ നല്‍കിയ റിപ്പോർട്ടിലും വൈദ്യുതി ബോർഡ് തന്നെ നിയമിച്ച സുബൈദാ കമ്മിറ്റി റിപ്പോർട്ടിലും കണ്ടെത്തിയത് സർക്കാരിനും ബോർഡിനും ഉണ്ടായ വൻ നഷ്ടം വെളിവാക്കുന്നതാണ്.
സി.എ.ജി റിപ്പോർട്ടിലെ 3.27 തൊട്ട് 3.31 ഖണ്ഡികകളിൽ പി.എസ്.പി. പദ്ധതിക്കായി കോടികൾ ചെലവഴിച്ച് നവീകരിച്ചിട്ടും വൈദ്യുതി ഉത്പാദനം നവീകരണത്തിന് ശേഷം കുത്തനെ കുറഞ്ഞതായി വിവരിച്ചിട്ടുണ്ട്.

നവീകരണത്തിന് മുമ്പ് (1994-95 മുതല്‍ 1998-99 കാലയളവ്) പദ്ധതി മേഖലയിലെ മഴയുടെ അളവ് 3499 എം.എം. മുതല്‍ 4277 എം.എം. വരെ ആണ്. ഇതനുസരിച്ച് 3 പദ്ധതികളില്‍ നിന്നുമായി ഉത്പാദിപ്പിച്ച വൈദ്യുതി 462.55 എം.യു. മുതൽ 555.17 എം.യു. വരെ ആയിരുന്നു. നവീകരണത്തിന് ശേഷം പദ്ധതിപ്രദേശത്തെ മഴയുടെ അളവ് 4069 എം.എം. മുതൽ 5609 എം.എം. ആയി വർദ്ധിച്ചെങ്കിലും നവീകരിക്കപ്പെട്ട 3 പദ്ധതികളിൽ നിന്നും ഉത്പാദിപ്പിച്ച വൈദ്യുതിയുടെ അളവ് 396.67 തൊട്ട് 533.56 എം.യു. വരെയായി കുറഞ്ഞു. മഴയുടെ അളവ് വർദ്ധിച്ചപ്പോഴും വൈദ്യുതി ഉത്പാദനം കുറഞ്ഞതുവഴി വൈദ്യുതി ബോർഡിനും സർക്കാരിനും ഉണ്ടായ വൻ നഷ്ടങ്ങളെപ്പറ്റി പിണറായി, ഐസക് എന്നിവർക്ക് എന്താണ് പറയാനുള്ളത്?

ഇതു കൂടാതെ നവീകരണത്തിനായി ഷട്ടറുകൾ അടച്ചുപൂട്ടിയ കാലത്തെ ഉത്പാദനം നിലച്ചതു വഴിയും വൻ നഷ്ടം സംഭവിച്ചതായി സി.എ.ജി. റിപ്പോര്‍ട്ടിൽ വിവരിച്ചിട്ടുണ്ട്.ഇതിൽ നിന്നു തന്നെ നവീകരണത്തിനായി ഉപയോഗിച്ച യന്ത്രസാമഗ്രികളുടെ ഗുണനിലവാരം കുറഞ്ഞതായിരുന്നു എന്ന് വ്യക്തമാണ്. ആർക്കും നിഷേധിക്കാനാവാത്ത ഈ കണക്കുകളെല്ലാം സി.എ.ജി തങ്ങളുടെ റിപ്പോർട്ടിൽ സവിസ്തിരം പ്രതിപാദിച്ചിട്ടുണ്ട്.
കേരള നിയമസഭ നിയോഗിച്ച ബാലാനന്ദൻ കമ്മിറ്റി റിപ്പോർട്ടിനെപ്പറ്റി വസ്തുതാ വിരുദ്ധമായിട്ടുള്ള ഐസകിന്റെ വിവരണം അന്തരിച്ച ആദരണീയനായ ഇ.ബാലാനന്ദന്റെ സ്മരണയോട് കാട്ടുന്ന ക്രൂരതയാണ്. ബാലാനന്ദൻ കമ്മിറ്റിയിൽ അംഗങ്ങളായിരുന്ന വി.ബി. ചെറിയാനെയും കെ.എൻ. രവീന്ദ്രനാഥിനെയും സി.പി.എം. പാലക്കാട് സമ്മേളനത്തിൽ തരം താഴ്ത്തിയതും പുറത്താക്കിയതുമൊക്കെ ചരിത്രവസ്തുതകളാണ്.

ബാലാനന്ദൻ കമ്മിറ്റി റിപ്പോര്‍ട്ടിൽ പി.എസ്.പി. പദ്ധതികളുടെ നവീകരണം ആവശ്യമില്ലെന്നും സ്‌പെയർ പാര്‍ട്ടുകൾ മാറ്റിയാൽ മതിയെന്നും 100.5 കോടി രൂപ ചെലവിൽ പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കൽസിനെ ഏല്‍പിക്കാവുന്നതാണെന്നും ശുപാർശ ചെയ്തിരുന്നു.

ബാലാനന്ദൻ വിദഗ്ധസമിതി റിപ്പോർട്ട് 2.2.1997ൽ വൈദ്യുതി മന്ത്രിയായിരുന്ന പിണറായിക്ക് നല്‍കിയെങ്കിലും പഠിക്കുകയോ പരിശോധിക്കുകയോ ചെയ്യാതെ 10.2.97ൽ ലാവ്‌ലിൻ കമ്പനിയുമായി സപ്ലൈകരാറിൽ ഒപ്പിടുകയാണ് ചെയ്തത്. ഇതിൽ നിന്നും കറാറിൽ നിന്നും പിന്മാറ്റം സാധ്യമായിരുന്നില്ല എന്ന വാദം നിരർത്ഥകമാണെന്ന് തെളിയുന്നു. ഇന്ത്യൻ ഇലക്ട്രിസിറ്റി സപ്ലൈ നിയമമനുസരിച്ച് കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റിയുടെ മുൻ‌കൂട്ടിയുള്ള അനുമതിയില്ലാതെ കരാർ ഒപ്പിടാനാവില്ല എന്ന നിയമവ്യവസ്ഥയും പിണറായി ഇവിടെ ലംഘിച്ചിരിക്കുന്നു.

മലബാർ ക്യാൻസർ സെന്ററിന് , വെറും ഇടനിലക്കാർ മാത്രമായ ലാവ്‌ലിൻ കമ്പനി വാഗ്ദാനം ചെയ്ത് 98.4 കോടി രൂപ ലഭിക്കുമെന്ന് ഉറപ്പുവരുത്താൻ സാധിക്കത്തക്ക വിധം കരാർ ഒപ്പിടണമെന്ന് അന്നത്തെ വൈദ്യുതി ബോർഡ് സെക്രട്ടറി കുറിപ്പെഴുതിയിട്ടും വാഗ്ദാനം ചെയ്ത 98.4 കോടി ലാവ്‌ലിൻ കമ്പനിയിൽ നിന്നും ഈടാക്കാൻ സാധിക്കത്തക്ക വ്യവസ്ഥ ഉറപ്പുവരുത്തുന്നതിലെ വീഴ്ച കുറ്റകരമായ ഗൂഢാലോചനയുടെ ഫലമാണെന്നാണ് സി.ബി.ഐ.യുടെ കണ്ടെത്തൽ. ലാവ്‌ലിൻ കമ്പനിയുമായി ഉണ്ടാക്കിയ കരാറിലെ കള്ളത്തരങ്ങളെ എതിർത്തുകൊണ്ട് അന്നത്തെ ധനകാര്യ പ്രിന്‍സിപ്പൽ സെക്രട്ടറി കുറിപ്പെഴുതിയപ്പോൾ മന്ത്രിയായിരുന്ന പിണറായി അതിനെ പരിഹസിക്കുകയാണ് ചെയ്തിരുന്നത്.

വൈദ്യുത പദ്ധതികളുടെ നിർമ്മാണപ്രവർത്തികൾക്ക് ടെണ്ടർ വിളിക്കേണ്ടത് നിർബന്ധമാണെന്ന് കാണിച്ച് കേന്ദ്ര ഊർജ്ജ വകുപ്പ് സ്‌പെഷൽ സെക്രട്ടറി 24.5.1995ൽ സംസ്ഥാന ഊർജ്ജവകുപ്പ് സെക്രട്ടറിക്ക് കത്തയച്ചത് പാടെ അവഗണിച്ചുകൊണ്ട് യാതൊരു ടെണ്ടറും വിളിക്കാതെ പിണറായി 10.2.97ൽ വൈദ്യുതി ബോർഡും ലാവ്‌ലിൻ കമ്പനിയുമായി പി.എസ്.പി.പദ്ധതി നവീകരണത്തിനായി കരാർ ഒപ്പിട്ടതിനെയും സംസ്ഥാന ഖജനാവിനുണ്ടായ നഷ്ടത്തെയും ന്യായീകരിക്കുന്ന ഐസക്കിന്റെ തൊലിക്കട്ടി അപാരം തന്നെ.

ലാവ്‌ലിൻ കമ്പനിയുമായി ഉണ്ടാക്കിയ കരാറിൽ മലബാർ ക്യാന്‍സർ സെന്ററിന്റെ നിർമ്മാണത്തിനായി ക്യാൻസർ സെന്റർ സ്വന്തം ആർക്കിട്ടെക്കിനെ വച്ച് നിർമ്മാണം നടത്തുമെന്ന വ്യവസ്ഥകൾക്കെതിരായിട്ടാണ് ലാവ്‌ലിൻ കമ്പനി സ്വന്തം ഏജന്റായ ടെക്‌നിക്കാലിയ എന്ന സ്ഥാപനത്തെ ഏൽപ്പിച്ചത്. ക്യാൻസർ സെന്ററിന്റെ നിർമ്മാണവുമായി ലാവ്‌ലിൻ ചിലവഴിച്ചുവെന്ന് അവകാശപ്പെടുന്ന ഒരു രൂപ പോലും സംസ്ഥാന സർക്കാരിനോ വൈദ്യുതി ബോർഡിനോ ലഭിച്ചിട്ടില്ല. സത്യം പറയുമ്പോൾ വിഡ്ഡിത്തരം എന്ന് വിശേഷിപ്പിച്ച് യഥാർത്ഥ വസ്തുതകളെ മറച്ചു വയ്ക്കാനാകുമോ?

വിദേശ സംഭാവനകൾ സ്വീകരിക്കുമ്പോൾ അതിനായി പ്രത്യേക അക്കൗണ്ടും ഇന്ത്യാ ഗവണ്മെന്റിന്റെ അനുമതിയും വേണമെന്ന് ഐസക്കിന് നല്ലവണ്ണം അറിവുള്ളതാണല്ലോ? തലശ്ശേരി എസ്.ബി. ഐ.യിൽ മലബാർ ക്യാൻസർ സെന്ററിന്റെ പേരിൽ 500 രൂപ മുടക്കി അക്കൗണ്ട് തുടങ്ങിയെങ്കിലും ഒരു രൂപ പോലും പ്രസ്തുത അക്കൗണ്ടിൽ വന്നില്ല. ടെക്‌നിക്കാലിയയുടെ കയ്യിലേക്കാണ് പോയത്. ധാരണാപത്രത്തിലെ 2.സി. വകുപ്പിലെ വ്യവസ്ഥ അനുസരിച്ച് അന്തിമ ഡിസൈൻ ഉൾപ്പെടെ മലബാർ ക്യാൻസർ സെന്ററിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തേണ്ടത് സംസ്ഥാന സർക്കാർ നിയമിക്കുന്ന ആർക്കിടെക്കും എഞ്ചിനീയേഴ്‌സുമാണെന്ന സത്യം മറച്ചുവെച്ച് അതുചെയ്യേണ്ടത് ലാവ്‌ലിൻ ആണെന്ന കള്ളം തന്നെ വിളിച്ചുപറയുന്ന ഐസക്കിന്റെ നടപടി തികച്ചും ലജ്ജാകരമാണ്. പരിയാരം മെഡിക്കൽ കോളേജിന്റെ നിർമ്മാണം ടെക്‌നിക്കാലിയ നടത്തിയതുകൊണ്ട് ലാവ്‌ലിൻ അഴിമതിയിൽ നിന്നും പിണറായി അടക്കമുള്ളവർക്ക് രക്ഷപ്പെടാനാകുമോ?

അഴിമതിയിൽ കൂടിനേടിയ പണം ഉപയോഗിച്ച് പൊതുതാല്‍പര്യമുള്ള സംരംഭങ്ങൾ ആരംഭിച്ചാൽ അഴിമതി നിരോധനത്തിന്റെ പരിധിയിൽ വരില്ലെന്ന സി.ബി.ഐ. കോടതിയുടെ കണ്ടെത്തലിന്റെ പൊള്ളത്തരമാണ് ബഹു. ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിട്ടുള്ളത്. പൊതുമുതൽ കൊള്ളയടിച്ച അഴിമതിക്കാരായ പ്രതികളെല്ലാം പൊതുതാല്പര്യമുള്ള ആശുപത്രിയോ അനാഥാലയമോ നിർമ്മിച്ചാൽ നിയമത്തിന്റെ പിടിയിൽ നിന്നും രക്ഷപ്പെടുമെന്ന് കരുതുന്നത് വിഢ്ഡിത്തരമാണ്.

വിചാരണക്കോടതിയിൽ 4 പ്രതികൾ വിടുതൽ ഹരജി ബോധിപ്പിച്ചപ്പോൾ മുഴുവൻ പ്രതികളെയും കുറ്റമുക്തരാക്കിയ നടപടിയാണ് സംശയാസ്പദമെന്ന് ബഹു. ഹൈക്കോടതി നിരീക്ഷിച്ചിട്ടുള്ളത്. ലാവ്‌ലിൻ കമ്പനി വൈസ് പ്രസിഡന്റ് ക്ലോസ് ട്രെണ്ടലിനെതിരെ ഇന്റർപോൾ വഴി വാറണ്ട് നിലനില്‍ക്കുമ്പോഴാണ് പ്രതികളെയെല്ലാം കുറ്റമുക്തരാക്കിയത്. വിചാരണക്കോടതിയുടെ ഡിസ്‌ചാർജ്ജ് വിധി അന്തിമം അല്ലെന്ന വസ്തുത പിണറായി ബോധപൂർവ്വം മറയ്ക്കാനാണ് ശ്രമിക്കുന്നത്. തനിക്കെതിരെ കേസില്ല എന്ന് സ്വയം മഹത്വവല്‍ക്കരിക്കുന്നത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്.

പിണറായിക്കെതിരെ അഴിമതിക്കുറ്റം ചുമത്തി കുറ്റവിചാരണ ചെയ്യാൻ ഗവർണർ അനുമതി നല്‍കിയതിനെതിരെ സുപ്രീംകോടതിയിൽ ചോദ്യം ചെയ്തിട്ടും മതിയായ പ്രാഥമിക തെളിവ് ഉണ്ടായിരുന്നതുകൊണ്ടല്ലേ ഗവർണറുടെ ഉത്തരവ് സുപ്രീംകോടതി റദ്ദ് ചെയ്യാതിരുന്നത്. ഹൈക്കോടതി ഡിവിഷൻ ബഞ്ച് മുമ്പാകെ സി.ബി.ഐ. അന്വേഷണം പാടില്ല എന്ന് പറഞ്ഞുകൊണ്ട് ഇടതു സർക്കാർ പൊതുഖജനാവിൽ നിന്നും കോടികൾ ചിലവഴിച്ച് ഡൽഹിയിൽ നിന്നും അഭിഭാഷകരെ കൊണ്ടുവന്ന് പിണറായിക്കായി കേസ് നടത്തിച്ചു. എന്നിട്ടും ഹൈക്കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത് പ്രഥമദൃഷ്ടിയാൽ കേസിൽ കഴമ്പുണ്ട് എന്നതുകൊണ്ടല്ലേ?

ഇന്ത്യയിലെ പ്രമുഖ അന്വേഷണ ഏജൻസിയായ സി.ബി.ഐ. അന്വേഷണം നടത്തി കുറ്റപത്രം നൽകിയ കേസിൽ ഹരജി പോലും നല്‍കാത്ത പ്രതികളെ ഡിസ്ചാർജ്ജ് ചെയ്ത സംഭവം ഒരുപക്ഷെ നീതിന്യായ ചരിത്രത്തിൽ ആദ്യത്തേതാകാം. എന്തടിസ്ഥാനത്തിലാണ് ലാവ്‌ലിൻ കേസിൽ സംസ്ഥാന സർക്കാർ കക്ഷിയായത് എന്നാണ് പിണറായി ചോദിക്കുന്നത്. ഞാൻ ഇതേപ്പറ്റി അന്വേഷിച്ചു. 2013 നവംബര്‍ 5ന് സി.ബി.ഐ കോടതി പ്രതികളെ ഡിസ്ചാര്‍ജ്ജ് ചെയ്ത ഉത്തരവിനെതിരെ സി.ബി.ഐയും രണ്ട് സ്വകാര്യ വ്യക്തികളും ഹൈക്കോടതിയിൽ റിവിഷൻ ഹര്‍ജി ബോധിപ്പിച്ചപ്പോൾ സി.ബി.ഐയുടെ ഹര്‍ജിയിൽ സംസ്ഥാന സർക്കാരിനെ കക്ഷിചേർത്തിരുന്നില്ല. 2014 ഫെബ്രുവരി മാസത്തിൽ തന്നെ സർക്കാർ സി.ബി.ഐ.യുടെ ഹരജിയിൽ കക്ഷിചേരാൻ ഹരജി ബോധിപ്പിച്ചിട്ടുണ്ടായിരുന്നു. ആ ഹരജിയുടെ വാദം നീട്ടിക്കൊണ്ടുപോയതിനാലാണ് കേസ് നേരത്തെയെടുക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാർ ഹർജി നല്‍കിയത്.

വിടുതൽ ഹരജി വേഗത്തിൽ വാദം കേൾക്കണമെന്ന് ഹൈക്കോടതിയെ സമീപിച്ച് ഉത്തരവ് വാങ്ങിയ പിണറായി, ഇപ്പോൾ റിവിഷൻ ഹര്‍ജിയിൽ വേഗം വാദം കേൾക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ഹര്‍ജിയെ എതിർക്കുന്നതിന്റെ യുക്തിഹീനത ജനങ്ങൾ സംശയത്തോടെ കാണുന്നു. വസ്തുതാപരമായും യാഥാർത്ഥ്യബോധത്തോടുകൂടിയും മറുപടി പറയാതെ ചോദ്യകർത്താക്കളെ വിഡ്ഢികളെന്നും അറിവില്ലാത്തവരെന്നും വിശേഷിപ്പിച്ചാൽ അകപ്പെട്ട ഗുരുതരമായ കുറ്റകൃത്യത്തിൽ നിന്നും രക്ഷപ്പെടാനാകുമോ? ജുഡീഷ്യറി മുമ്പാകെയുള്ള എല്ലാ പരിശോധനകൾക്കും പിണറായി വിധേയനാകണം. ഒളിച്ചോടരുത്. ലാവ്‌ലിൻ അഴിമതി സംബന്ധിച്ച് പൊതുസമൂഹത്തിൽ നിന്നു ഉയർന്നു വരുന്ന ചോദ്യങ്ങൾക്ക് മുന്നിൽ അസഹിഷ്ണുത കാട്ടാതെ പിണറായി തന്നെ മറുപടി പറഞ്ഞേ തീരൂ.

ലാവ്‌ലിൻ അഴിമതി കേസിൽ പ്രതികരിക്കാനില്ലെന്ന് വാശിപ്പിടിച്ച സി.പി.എം നേതൃത്വത്തെ കൊണ്ട് മറുപടി പറയിപ്പിക്കാൻ കഴിഞ്ഞുയെന്നതിൽ സംതൃപ്തിയുണ്ട്. എന്നാൽ പിണറായി പ്രകടിപ്പിച്ച അരാഷ്ട്രീയ പ്രതികരണവും വ്യക്തിഹത്യയും സി.പി.എമ്മിനെ ബാധിച്ചിരിക്കുന്ന ജീർണതയ്ക്ക് തെളിവാണ്. രാഷ്ട്രീയബോധം പ്രകടിപ്പിക്കുന്ന ഒരു നയം പുന:നിർവചിക്കാൻ സമയമായെന്ന് സി.പി.എം നേതൃത്വത്തെ ഓർമ്മിപ്പിക്കുന്നു.

No comments:

Post a Comment