Pages

സംവരണം , ഒരു വിയോജനക്കുറിപ്പ് !

ജാതി സംവരണത്തെ അനുകൂലിച്ചുകൊണ്ട് വാദിക്കുന്നവർ പ്രധാനമായും പറയുന്നത് , ആയിരക്കണക്കിനു വർഷങ്ങൾ മേൽജാതിക്കാർ അധികാരം കൈയ്യാളിയത്കൊണ്ട് , താഴ്ന്ന ജാതിക്കാരനും അധികാരസ്ഥാനങ്ങളിൽ എത്താൻ വേണ്ടിയാണു സംവരണം എന്നാണു. സർക്കാർ സർവ്വീസിൽ ജോലി കിട്ടിയാൽ എങ്ങനെയാണു ഈ അധികാരം കരഗതമാവുക എന്ന് എനിക്ക് മനസ്സിലാകുന്നില്ല. സർക്കാർ ഉദ്യോഗസ്ഥന്മാർക്ക് അധികാരം ഉണ്ട് എന്ന് പറഞ്ഞാലും അത് അവരുടെ കർത്തവ്യമണ്ഡലങ്ങളിൽ മാത്രമല്ലേ? ഉദാഹരണത്തിനു ഒരു വില്ലേജ് ആഫീസർക്ക് അധികാരം വില്ലേജ് ആഫീസിൽ മാത്രം. ആ അധികാരം പ്രയോഗിക്കുന്നത് ആ വില്ലേജിലെ ജനങ്ങളോടും. ഒരു പട്ടികജാതിക്കാരൻ ഒരു വില്ലേജിൽ ആഫീസർ ആയാൽ മറ്റ് പട്ടികജാതിക്കാർക്കെല്ലാം ആ അധികാരം കിട്ടുമോ? പട്ടികജാതിക്കാരൻ കലക്ട്രർ ആയാൽ ആ ജില്ലയിലെ പട്ടികജാതിക്കാരെല്ലാം കലക്ടറെ പോലെയാകുമോ? ഞാൻ ഒരു തീയ്യൻ ആണു. മറ്റൊരു തീയ്യൻ മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ ആയാൽ എനിക്കെന്ത് കിട്ടി?

ചോദ്യം ബാലിശമായി തോന്നാം. എന്നാൽ ഇതിൽ വാസ്തവമുണ്ട്.  ഒരു ജാതിയിൽ പെട്ടവർക്ക് സംവരണം കിട്ടാൻ വേണ്ടി സമരം തുടങ്ങിയാൽ, ആ ജാതിയിൽ പെട്ടവരെല്ലാം ആ പ്രക്ഷോഭത്തിൽ അണിചേരും. എന്നാൽ ആ ജാതിക്ക്  സംവരണം അനുവദിച്ചാൽ ആ ജാതിയിൽ പെട്ട എത്ര പേർക്ക് സർക്കാരിൽ ജോലി കിട്ടും? കുറച്ചു പേർക്ക് കിട്ടിയാൽ മറ്റെല്ലാ പേർക്കും കിട്ടിയത് പോലെയാകുമോ? എത്ര ആയിരം വർഷം സമവരണം നീട്ടിയാലും ഒരു ജാതിയിൽ പെട്ട എല്ലാവർക്കും സർക്കാർ ജോലി കൊടുക്കാൻ കഴിയുമോ? കുറച്ച് പേർക്ക് കിട്ടിയാൽ എല്ലാവർക്കും കിട്ടിയ പോലെ ഭാവിച്ച് താഴ്ന്ന ജാതിക്കാർ മൊത്തം അധികാരസ്ഥാനങ്ങളിൽ എത്തി എന്ന് സമാധാനിച്ചാൽ മതിയോ? എന്നാൽ ഇനി സംവരണം നിർത്തിക്കൂടേ? കാരണം ഇനിയും പതിനായിരം വർഷം സംവരണം തുടർന്നാലും പിന്നെയും ഒന്നും കിട്ടാത്ത ജാതിക്കാർ ഭൂരിപക്ഷവും ബാക്കിയുണ്ടാകുമല്ലൊ.

മനുഷ്യരുടെ പ്രശ്നം ജാതിയല്ല സാമ്പത്തികമാണെന്നാണു എന്റെ പക്ഷം. ജാതിയെന്നത് ഉപരിപ്ലവമായ ഒരു വർഗ്ഗീകരണമാണു. അയിത്തം, തീണ്ടായ്മ അതൊക്കെയാണു ജാതിയുടെ ഭൗതികരൂപങ്ങൾ. അതൊക്കെയാണു പരിഹരിക്കപ്പെടേണ്ടത്, ഇനിയും നിലനിൽക്കുന്നുണ്ടെങ്കിൽ. ജാതി ഏതായാലും മനുഷ്യർ നേരിടുന്ന പ്രശ്നം സാമ്പത്തികപരാധീനതകളാണു. അത്കൊണ്ട് സാമ്പത്തിക സംവരണമാണു വേണ്ടത് എന്ന് വാദിക്കുന്നവരുണ്ട്. സാമ്പത്തികം കുറഞ്ഞവർക്ക് സംവരണം കൊടുത്ത് ഭൂരിപക്ഷം പാവങ്ങളെയും ഉയർത്താൻ കഴിയുമോ? അപ്പോഴും കുറച്ച് പേർക്കല്ലേ അതിന്റെ പ്രയോജനവും കിട്ടുകയുള്ളൂ.

അത്കൊണ്ട് സംവരണം എന്ന ഏർപ്പാട് നീതിയുക്തമാക്കാൻ കഴിയില്ല എന്നാണു എന്റെ വാദം. എല്ലാവർക്കും വിദ്യാഭ്യാസവും തൊഴിലും വരുമാനവും കിട്ടാവുന്ന രീതിയിൽ ഇൻഫ്രാസ്ട്രക്‌ചർ ഒരുക്കുകയാണു വേണ്ടത്. സംവരണം കൊണ്ട് ചെറിയ ശതമാനം പേർക്ക് സർക്കാർ ജോലി കിട്ടിയാലും കിട്ടിയവർ ശമ്പളവും കിമ്പളവും കൊണ്ട് രക്ഷപ്പെട്ട് അവരുടെ തലമുറയെയും രക്ഷപ്പെടും എന്നല്ലാതെ സർക്കാർ ജോലി കിട്ടാതെ പുറത്ത് എല്ലായ്പോഴും ബഹുഭൂരിപക്ഷവും സാമ്പത്തികപരാധീനതകളുമായി കഴിയുന്നുണ്ടാകും. സംവരണം ഒറ്റമൂലിയല്ല. ഭരണഘടന എഴുതിയവരുടെ ഉദ്ദേശ്യശുദ്ധി നല്ലത് തന്നെ, പക്ഷെ ഇന്ന് ചിന്തിച്ചാൽ സംവരണം ഒരസംബന്ധമാണു. ജാതി ഏതായാലും ജനങ്ങളുടെ വരുമാനം വർദ്ധിക്കാനും ജീവിതനിലവാരം ഉയർത്താനുമുള്ള പദ്ധതികളാണു വേണ്ടത്.

ഹാർദ്ദിക് പട്ടേലിന്റെ പ്രക്ഷോഭത്തെ ഞാൻ പിന്തുണയ്ക്കാൻ കാരണം, ആ പ്രക്ഷോഭം മിക്ക ജാതികളും ഏറ്റുപിടിക്കും. ഞങ്ങളുടെ ജാതിയ്ക്കും സംവരണം വേണം എന്ന് പറഞ്ഞ് പല ജാതികളും മുന്നോട്ട് വരും. പ്രക്ഷോഭം ആളിപ്പടരും. അതിന്റെ കൂടെ സാമ്പത്തിക സംവരണക്കാരും കൂടും. എന്നാൽ പ്രക്ഷോഭം വിജയം കാണുകയില്ല. കാരണം എല്ലാ ജാതികൾക്കും, എല്ല്ലാ പാവങ്ങൾക്കും സംവരണവും സർക്കാർ ജോലിയും നൽകാൻ കഴിയില്ലല്ലൊ. ഫലത്തിൽ ഇന്നല്ലെങ്കിൽ നാളെ സംവരണപ്രശ്നത്തിൽ ഒരു പുനർവിചിന്തനം വേണ്ടി വരും. സംവരണം എടുത്തുകളയാൻ ഏറ്റവും നല്ല വഴി സംവരണത്തിനു വേണ്ടി നാനാജാതികളും പ്രക്ഷോഭത്തിൽ ഇറങ്ങലാണു. എനിക്ക് ജാതികളിൽ വിശ്വാസമില്ല. ജാതിയേ പാടില്ല എന്നാണു എന്റെ അഭിപ്രായം. മനുഷ്യർ സാമ്പത്തികമായി പല തട്ടുകളിലാണു. അത് മാത്രമാണു റിയാലിറ്റി. സാമ്പത്തികമായി ഏറ്റവും താഴെ നിൽക്കുന്നവരെ ഉയർത്തിക്കൊണ്ട് വരാൻ, മുകളിൽ നിൽക്കുന്നവരിൽ നിന്നും അധികം നികുതി വാങ്ങി ആവശ്യമായ ഇഫ്രാസ്ട്രക്ചർ ഒരുക്കണം എന്നാണു എന്റെ അഭിപ്രായം.

ഇനി, താഴ്ന്ന ജാതിക്കാരെ അധികാര സ്ഥാനങ്ങളിൽ എത്തിക്കണം എങ്കിൽ അതിനു വേണ്ടത് പഞ്ചായത്ത് മുതൽ ലോകസഭ വരെ 75 ശതമാനമെങ്കിലും സീറ്റുകൾ താഴ്ന്ന ജനവിഭാഗങ്ങൾക്ക് വേണ്ടി സംവരണം ചെയ്യുകയാണു വേണ്ടത്. അതിൽ ഒരു ന്യായമുണ്ട്. സർക്കാർ ഉദ്യോഗസ്ഥർ അധികാരകേന്ദ്രങ്ങല്ല്ല. അധികാരം കൈയ്യാളുന്നത് ജനപ്രധികളാണു. അത്കൊണ്ട് ഇന്നത്തെ സംവരണ സമ്പ്രദായത്തെ ഞാൻ എതിർക്കുകയും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കും നിയമനിർമ്മാണ സഭകളിലേക്കും സംവരണം 100 ശതമാനമാക്കിയാൽ പോലും  പിന്തുണയ്ക്കുകയും ചെയ്യുന്നു

1 comment:

  1. >>>എനിക്ക് ജാതികളിൽ വിശ്വാസമില്ല. ജാതിയേ പാടില്ല എന്നാണു എന്റെ അഭിപ്രായം. <<<

    താങ്കൾ വിവാഹം ചെയ്തത് സ്വന്തം ജാതിയിലുള്ള ആളെയാണോ അന്യജാതിക്കാരിയെ ആണോ ?
    താങ്കളുടെ കുട്ടികൾ വിവാഹം ചെയ്തത് സ്വന്തം ജാതിയിലുള്ള ആളെയാണോ അന്യജാതിക്കാരെ ആണോ ?


    ഈ ചോദ്യങ്ങളുടെ ഉത്തരം എന്തു തന്നെ ആയാലും താങ്കൾ ജാതി ചിന്തയ്ക്ക് അതീതനായി സ്വയം കരുതുന്നത് ഞാൻ മുഖവിലക്കെടുക്കുന്നു ......എന്തു കൊണ്ടു സമൂഹത്തിൽ ജാതിചിന്ത നിലനിൽക്കുന്നു എന്നതിലേക്ക് വിരൽ ചൂണ്ടാനാണ് ഈ ചോദ്യങ്ങൾ .......ജാതിയിൽ വിശ്വാസം ഇല്ലാത്തവർ പോലും വിവാഹക്കാര്യം വരുമ്പോൾ ആ ചട്ടക്കൂടിനകത്തു തന്നെ നില്ക്കുന്നതായാണ് പൊതുവേ കാണുന്നത്

    ReplyDelete