Pages

ഭക്ഷ്യവിചാരം - 1

ഒരു വറ്റ് എത്ര നിസ്സാരമാണു അല്ലേ? എന്നാൽ ആ വറ്റ് എങ്ങനെ ഉണ്ടാകുന്നു എന്നതും ആ വറ്റ് എങ്ങനെ നമ്മുടെ ശരീരത്തിൽ പ്രവർത്തിക്കുന്നു എന്നും അലോചിച്ചാൽ പ്രകൃതിയുടെ അത്ഭുതം ഓർത്ത് നമ്മൾ വിസ്മയിച്ച് ഇരുന്നുപോകും.

എന്തിനാണു നമ്മൾ വറ്റ് തിന്നുന്നത്. നമുക്ക് ജീവിയ്ക്കണമെങ്കിൽ ഊർജ്ജം വേണം. ശരീരത്തിൽ എന്ത് പ്രവർത്തനം നടക്കണമെങ്കിലും ഊർജ്ജം വേണം. ശരീരത്തിന്റെ ഊഷ്മാവ് നിലനിർത്താനും വേണം. ഈ ഊർജ്ജം ഒരു സെക്കന്റ് കിട്ടിയില്ലെങ്കിൽ നമ്മൾ മരിച്ചുപോകും. എവിടെ നിന്നാണു നമുക്ക് ഈ ഊർജ്ജം ലഭിക്കുന്നത്? സംശയമില്ല, നമ്മൾ നിസ്സാരമായി കാണുന്ന ഈ വറ്റിൽ നിന്ന് തന്നെ.

വറ്റിൽ എങ്ങനെ ഊർജ്ജം വന്നു? എങ്ങനെയാണു ആ ഊർജ്ജം നമ്മുടെ ശരീരം ഉപയോഗപ്പെടുത്തുന്നത്? ഇതറിയണമെങ്കിൽ ഊർജ്ജം തരുന്ന എന്ത് ഘടകമാണു വറ്റിൽ ഉള്ളത് എന്ന് മനസ്സിലാക്കണം.

സ്റ്റാർച്ച് അല്ലെങ്കിൽ അന്നജം ആണു ആ ഘടകം.  വറ്റിലെ അന്നജം എന്ന് പറഞ്ഞാൽ അനേകം ഗ്ലൂക്കോസ് തന്മാത്രകൾ ഒരുമിച്ച് ചേർന്ന ഒരു സംയുക്തമാണു. ഈ വറ്റ് ചവയ്ക്കുമ്പോൾ നമ്മൾ അതിനെ ചെറിയ കഷണങ്ങളാക്കുന്നു, ഒപ്പം ഉമിനീരും അതിൽ പ്രവർത്തിച്ച് ദഹനപ്രക്രിയ ആരംഭിക്കുന്നു. ഇങ്ങനെ ചെറിയ തരികളായ അന്നജം ചെറുകുടലിൽ എത്തി, അവിടെ നിന്ന് ചില എൻസൈമുകളുടെ (ആസിഡ്) സാന്നിദ്ധ്യത്തിൽ ഗ്ലൂകോസ് എന്ന ലഘുതന്മാത്രയായി വിഘടിക്കുന്നു.

ചെറുകുടലിൽ നിന്ന് വറ്റിലെ അന്നജം വിഘടിച്ച് ഉണ്ടായ ഗ്ലൂക്കോസ് തന്മാത്രകൾ നേരിയ സുഷിരങ്ങളിലൂടെ രക്തത്തിൽ പ്രവേശിക്കുന്നു. ഇതിനെ നമ്മൾ ഇനി വിളിക്കുക ബ്ലഡ് ഷുഗർ എന്നാണു. ഈ ബ്ലഡ് ഷുഗറിനെ അല്ലെങ്കിൽ പഞ്ചസാരയെ രക്തം ഓരോ ശരീരകോശങ്ങളിലും (സെൽ) എത്തിക്കുന്നു.  അതോടൊപ്പം നമ്മൾ ശ്വസിക്കുന്ന വായുവിലെ ഓക്സിജനും രക്തം ശരീരകോശങ്ങളിൽ എത്തിക്കുന്നു. രക്തത്തിന്റെ ജോലി തന്നെ ഇതാണു. ഭക്ഷണം ദഹിച്ചു രക്തത്തിൽ കലരുന്ന പോഷകഘടകങ്ങളും ശ്വസിച്ച് കിട്ടുന്ന ഓക്സിജനും ഓരോ കോശങ്ങളിലും എത്തിക്കുക.

ഇനിയാണു ശരീരത്തിനു വേണ്ട ഊർജ്ജോല്പാദനം നടക്കേണ്ടത്. കോശങ്ങളിൽ വെച്ച് ഗ്ലൂക്കോസും ഓക്സിജനും സംയോജിക്കുന്നു. അഥവാ കത്തുന്നു. അതിന്റെ ഫലമായി കാർബൺ ഡൈഓക്സൈഡ് ഉണ്ടാവുകയും ഊർജ്ജം റിലീസ് ആവുകയും ചെയ്യുന്നു. ഊർജ്ജം ശരീരത്തിന്റെ പ്രവർത്തനത്തിനു വിനിയോഗിക്കുകയും കാർബൺഡൈഓക്സൈഡ് രക്തം തിരികെ വഹിച്ചുകൊണ്ടുപോയി ഉച്ഛ്വാസപ്രക്രിയയിലൂടെ പുറന്തള്ളുകയും ചെയ്യുന്നു.

ശരി, വറ്റിൽ ഗ്ലൂക്കോസ് എങ്ങനെ വന്നു? ഗ്ലൂക്കോസിൽ 6 കാർബൺ ആറ്റവും 6 ജലതന്മാത്രയും (C6,H12,O6) ആണുള്ളത്. നമുക്കറിയാവുന്നത് പോലെ ഒരു നെന്മണിയാണു ഒരു വറ്റ്. നെന്മണിയിൽ ഈ അന്നജം അഥവാ ഗ്ലൂക്കോസ് തന്മാത്രകളുടെ കൂട്ടം ഉണ്ടാക്കാൻ ആവശ്യമായ കാർബൺ ആറ്റങ്ങൾ അന്തരീക്ഷത്തിൽ നിന്നും (കാർബൺഡൈഓക്സൈഡിൽ നിന്ന്) ഓക്സിജനും ഹൈഡ്രജനും ജലത്തിൽ നിന്നുമാണു നെൽച്ചെടി സ്വീകരിക്കുന്നത്. ഈ ആറ്റങ്ങളെ സംയോജിപ്പിക്കാൻ നെൽച്ചെടിക്ക് ഊർജ്ജം വേണം. ആ ഊർജ്ജം സൂര്യപ്രകാശത്തിൽ നിന്നാണു ചെടിക്ക് കിട്ടുന്നത്.

ചുരുക്കി പറഞ്ഞാൽ നെൽച്ചെടി സൂര്യപ്രകാശത്തിൽ നിന്ന് സംഭരിച്ച ഊർജ്ജം വറ്റിൽ ശേഖരിച്ചു വെച്ച് , ആ ഊർജ്ജമാണു നമ്മൾ നമ്മുടെ ശാരീരികപ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നത്.

ഭൂമിയിൽ ഏത് പ്രവർത്തിക്കാനും ഉപയോഗിക്കുന്ന ഊർജ്ജം സൂര്യന്റെ ഊർജ്ജം തന്നെയാണു. ആണവോർജ്ജം കൂടാതെ. കാർ ഓടുമ്പോൾ ആ ഊർജ്ജവും സൂര്യന്റെ ഊർജ്ജം തന്നെയാണു. പെട്രോളിലും ഡീസലിലും  സൂര്യന്റെ ഊർജ്ജം എങ്ങനെ ഒളിഞ്ഞുകിടന്നു എന്ന് അത്ഭുതം തോന്നുന്നില്ലേ? അതെ തീർച്ചയായും അത്ഭുതം തോന്നണം. 

3 comments:

  1. "എൻസൈമുകളുടെ (ആസിഡ്)" അമിനോആസിഡിന്റെ അമിനോ വിട്ട് പോയതാണോ....

    ReplyDelete
  2. അപ്പോള്‍ അങ്ങനെ ആണല്ലേ? വളരെ ഉപയോഗപ്രദ മായ പോസ്റ്റ്‌. ഇനിയും വരാം

    ReplyDelete
  3. നല്ല അറിവ് പകര്‍ന്നു തന്ന പോസ്റ്റ്‌

    ReplyDelete