ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിന്റെ വിചാരണ പുരോഗമിക്കുമ്പോള്‍, ഇത് വരെയുള്ള വിവരങ്ങള്‍ വെച്ചുനോക്കുമ്പോള്‍ തെളിയുന്ന ചിത്രം 51 വെട്ട് വെട്ടിയ പ്രതികള്‍ക്ക് ശിക്ഷ ഏതാണ്ട് ഉറപ്പായി കഴിഞ്ഞു എന്നാണ്. കാരണം കൊടി സുനിയും കൂട്ടര്‍ക്കും എതിരെ സാക്ഷി പറഞ്ഞവര്‍ ആരും കൂറുമാറിയില്ല. എന്നാല്‍ ഗൂഢാലോചനയില്‍ പങ്കെടുത്തവര്‍ക്കെതിരെയുള്ള സാക്ഷികള്‍ മിക്കവരും കൂട്ടത്തോടെ കൂറുമാറിക്കൊണ്ടിരിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ കൊല ചെയ്ത കൊലയാളികള്‍ എങ്കിലും ശിക്ഷിക്കപ്പെട്ടേക്കാം എന്നതാണ് ഇപ്പോഴത്തെ നില. ഇതും പക്ഷെ സി.പി.എമ്മില്‍ പതിവില്ലാത്തതാണ്. പാര്‍ട്ടി കൊല നടത്തിയാല്‍ ആരും സാക്ഷി പറയില്ല. ഒരു പ്രതിയും ശിക്ഷിക്കെപ്പെടില്ല. അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ ഏതെങ്കിലും ഒരു പ്രതി ശിക്ഷിക്കപ്പെട്ടാല്‍ തന്നെ ജയിലില്‍ കഴിയേണ്ടിയും വരാറില്ല. ഇനി അഥവാ കൊടി സുനിക്കും കൂട്ടാളികള്‍ക്കും ജീവപര്യന്തം കിട്ടിയാല്‍ തന്നെ അടുത്ത ഭരണം വന്നാല്‍ ആദ്യം ചെയ്യുന്ന നടപടി കൊടി സുനി ആന്‍ഡ് കൊട്ടേഷന്‍ കമ്പനിയെ ജയില്‍ മോചിതരാക്കുന്നതായിരിക്കും. അങ്ങനെ ജയില്‍ ഇറങ്ങി വരുന്ന കൊടി സുനിമാര്‍ ചുവപ്പ് ഹാരമണിയിച്ച് വരവേറ്റ് ആനയിക്കപ്പെടുകയും ചെയ്യും.
എന്തൊക്കെയായിരുന്നു പോര്‍വിളികള്‍. കേന്ദ്രമന്ത്രി വരുന്നു, ഇപ്പോള്‍ വലയിലാത് പരല്‍മീനുകളാണു പിടിക്കപ്പെടാന്‍ പോകുന്നത് വമ്പന്‍ സ്രാവുകളാണ് എന്ന് പ്രഖ്യാപിക്കുന്നു. കൊന്നവരെയും കൊല്ലിച്ചവരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്ന് പോലീസ് മേധാവി ചാനലുകള്‍ക്ക് ഉറപ്പ് നല്‍കുന്നു. ഒരു ചുക്കും സംഭവിക്കില്ല. ജയകൃഷ്ണന്‍ മാസ്റ്റര്‍ കൊലക്കേസിന്റെ അവസാനം സംഭവിച്ചതില്‍ നിന്ന് വ്യത്യസ്തമായി ചന്ദ്രശേഖരന്‍, ഫസല്‍, ഷുക്കൂര്‍ കേസുകളില്‍ സംഭവിക്കാനില്ല.
ഇതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്നാമത്തെ കാരണം സി.പി.എമ്മില്‍ കൊല നടത്തല്‍ മുതല്‍ സാക്ഷികളെ കൂറു മാറ്റിക്കല്‍ തൊട്ട് അഥവാ ശിക്ഷിക്കപ്പെടുന്ന ബിനാമി/ഒറിജിനല്‍ പ്രതികളെ ജയില്‍ മോചിതരാക്കി ആനയിക്കുന്നത് വരെയുള്ള കാര്യങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ നിയുക്തരായ പാര്‍ട്ടി ഭാരവാഹികളും അതിനായുള്ള മെഷിനറിയുമുണ്ട്. അവര്‍ക്ക് അത് മാത്രമാണ് ചാര്‍ജ്ജ്. ഇങ്ങനെ വികേന്ദ്രീകൃതമായ വിങ്ങുകളും ഓര്‍ഡര്‍ നല്‍കാന്‍ നേതാവും ഉത്തരവ് പാലിക്കാന്‍ ബാധ്യതപ്പെട്ട പാര്‍ട്ടി മെമ്പര്‍മാരും ഉള്ളത് കൊണ്ട് പാര്‍ട്ടി വിചാരിക്കുന്ന ആരെയും പുഷ്പം പോലെ കൊല്ലാന്‍ കഴിയും. അത്കൊണ്ടാണ് പാര്‍ട്ടി ഒരാളെ കൊല്ലാന്‍ വിചാരിച്ചാല്‍ ആ കൊല നടന്നിരിക്കും എന്ന് കൊല്ലപ്പെട്ട ടി.പി തന്നെ ഭാര്യ രമയോട് പറഞ്ഞിരുന്നത്.
ഇമ്മാതിരി കൊലകള്‍ക്ക് സി.പി.എമ്മിലെ എല്ലാവരും സമ്മതമാണ് എന്നര്‍ത്ഥമില്ല. ടി.പി.തന്നെ കൊലപാതകങ്ങള്‍ക്ക് അനുകൂലമായിരുന്നു എന്നും അര്‍ത്ഥമില്ല. പാര്‍ട്ടി തീരുമാനങ്ങള്‍ക്ക് എല്ലാവരും വഴങ്ങുക എന്ന നിസ്സഹായാവസ്ഥയിലാണ് ഓരോ പാര്‍ട്ടി മെമ്പറും അനുഭാവിയും. എല്ലാ കാര്യങ്ങളും പാര്‍ട്ടിയില്‍ എല്ലാവരും അറിയുകയുമില്ല.അതാണ് ലെനിനിസ്റ്റ് സംഘടനാരീതി. സി.പി.എമ്മില്‍ കൊലകള്‍ക്ക് കോ-ഓര്‍ഡിനേഷന്‍ നല്‍കാന്‍ ചുമതലപ്പെട്ട നേതാവ് തന്നെയാണ് ഇപ്പോള്‍ പാര്‍ട്ടി ഹെഡ്‌ക്വാര്‍ട്ടേര്‍സിലെ ജില്ലാ സെക്രട്ടരി എന്നൊരു ശ്രുതി പണ്ടേയുണ്ട്. കൊല്ലപ്പെടുന്ന പാര്‍ട്ടികളിലൊന്നില്‍ ഇത് ഏറെക്കാലം ചര്‍ച്ച ചെയ്യപ്പെട്ടതിന് ശേഷമാണ് ആ നേതാവിന്റെ ഒരു കൈ നഷ്ടപ്പെട്ടത് എന്ന വദന്തിയും പണ്ടെയുണ്ട്. ടി.പി.വധക്കേസിലും ഷുക്കൂര്‍ വധത്തിലും ആ നേതാവിന്റെ പങ്ക് ചില പാര്‍ട്ടി ശത്രുക്കള്‍ ആരോപിക്കുകയും ചെയ്തിരുന്നു. എന്നാലൊന്നും ഒരു പോറലും ആ നേതാവിന് സംഭവിക്കില്ല. അത്രയും ശക്തവും കരുതലും കോപ്പും ഉള്ളതാണ് കൊലകള്‍ക്ക് വേണ്ടിയുള്ള പാര്‍ട്ടി സെറ്റപ്പ്. തല്‍ക്കാലത്തേക്ക് കൊലകള്‍ക്ക് മോറട്ടോറിയം രഹസ്യമായി പ്രഖ്യാപിച്ചു എന്നേയുള്ളൂ. സി.പി.എമ്മിന്റെ ഔദാര്യം ഒന്ന് കൊണ്ട് മാത്രം ആയുസ്സ് നീട്ടിക്കിട്ടുന്ന എത്രയോ പേര്‍ ഇപ്പോള്‍ കേരളത്തിലുണ്ട്. പക്ഷെ സഖാവ് ടി.പി.ചന്ദ്രശേഖരനെ പോലെ ഒരു മാതൃകാകമ്മ്യൂണിസ്റ്റ് ആയാല്‍ അത്തരം ഔദാര്യമൊന്നും ആരും സി.പി.എമ്മില്‍ നിന്ന് പ്രതീക്ഷിക്കേണ്ട. വി.എസ്സിനെ പോലെയായാല്‍ ചിലപ്പോള്‍ സ്വാഭാവികമരണം വരെ സഹിച്ചേക്കും.
രണ്ടാമത്തെ കാരണം യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലുള്ള അഡ്ജസ്റ്റ്മെന്റുകളാണ്. പരസ്പരാശ്രിതത്വത്തിന്റെ അടിസ്ഥാനത്തില്‍ ചില അലിഖിതകരാറുകളുടെ പുറത്താണ് യു.ഡി.എഫും എല്‍.ഡി.എഫും കേരളത്തില്‍ നിലനില്‍ക്കുന്നത്. ഇതില്‍ യോജിപ്പ് ഇല്ല്ലാത്തവര്‍ രണ്ട് മുന്നണിയിലും ഉണ്ടാകാം. പക്ഷെ രാഷ്ട്രീയത്തില്‍ തുടരണമെങ്കില്‍ അതൊക്കെ കണ്ടില്ലെന്ന് നടിച്ചേ പറ്റൂ. രാഷ്ട്രീയം വിട്ടാല്‍ അവര്‍ക്കൊന്നും വേറെ പണി അറിയുകയുമില്ല. അഡ്‌ജസ്റ്റ്മെന്റിന്റെ ഒരു ഉദാഹരണം പറയാം. കഴിഞ്ഞ ഭരണത്തിന്റെ അവസാനനാളുകളില്‍ സംസ്ഥാന ടെക്സ്‌റ്റൈല്‍ കോര്‍പറേഷനു കീഴില്‍ പൊതുമേഖലയില്‍ മൂന്നു തുണിമില്ലുകള്‍ തുടങ്ങിയതിനു പിന്നില്‍ 23 കോടി രൂപയുടെ ക്രമക്കേട് നടന്നതായി ഈ ഭരണം വന്നതിന് ശേഷം ധനവകുപ്പിനു കീഴിലെ ഫിനാന്‍സ് ഇന്‍സ്‌പെക്ഷന്‍ വിങ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി.കാസര്‍കോട് ഉദുമ സ്പിന്നിങ് മില്‍, പിണറായി ഹൈടെക് വീവിങ് മില്‍, ആലപ്പുഴ കോമളപുരം സ്പിന്നിങ് ആന്‍ഡ് വീവിങ് മില്‍ എന്നിവ തുടങ്ങിയതിന്റെ മറവിലെ ക്രമക്കേടുകളാണ് കണ്ടെത്തിയത്. എന്നിട്ടെന്തായി? ഇപ്പോഴത്തെ വ്യവസായ വകുപ്പ് എന്തെങ്കിലും നടപടി എടുക്കുമോ? ഇല്ല, അതിന് കഴിയില്ല അതാണ് വാസ്തവം.
രണ്ട് മുന്നണിയിലെയും പ്രബല നേതാക്കളുടെ മക്കള്‍ക്ക് വിദേശത്ത് വന്‍പിച്ച മുതല്‍മുടക്കും കമ്പനികളും ഷെയറുകളും ഒന്നും ഇല്ല എന്ന് ആരെങ്കിലും വിശ്വസിക്കുമോ? അതാണ് പരസ്പരാശ്രിതത്വം.
വാല്‍ക്കഷണം: മാധ്യമങ്ങള്‍ക്ക് രണ്ട് ദിവസത്തേക്ക് ചെറിയൊരു എല്ലിന്‍കഷണം കിട്ടിയിട്ടുണ്ട്. അതാണ് കഞ്ഞിക്കുഴി!
അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം നീണാള്‍ വാഴട്ടെ...
ReplyDeleteപാവം ജനങ്ങള്‍ വിഡ്ഢികളായിക്കൊണ്ടേയിരിക്കട്ടെ....
രക്തസാക്ഷികള്‍ സിന്ദാബാദ്...!
അഡ്ജസ്റ്റ് ചെയ്യൂ
ReplyDeleteഎന്നാണിപ്പോഴത്തെ മുദ്രാവാക്യം
"ഗൂഡാലോചനയിൽ പങ്കെടുത്തവർ ശിക്ഷിക്കപ്പെടില്ല, കാരണം യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലുള്ള അഡ്ജസ്റ്റ്മെന്റുകളാണ്", എന്നത് വളരെ വ്യക്തം.
ReplyDeleteഈയ്യിടെ ഒരു ടി വി ചർച്ചയിൽ കേരളത്തിലെ പ്രമുഖ വക്കീൽ പറഞ്ഞത് സാക്ഷികളുടെ മൊഴിയെടുക്കുമ്പോൾ വിഡിയോ റികോഡു ചെയ്തിരുന്നെങ്കിൽ ഇത്രയും കൂറുമാറ്റം ഒഴിവാക്കാൻ പറ്റുമായിരുന്നു എന്നാണ്. ടി പി യുടെ ഭാഗത്തുള്ള കുമാരൻകുട്ടി വക്കീലും മറ്റും എന്തുകൊണ്ട് ഇക്കാര്യം നിർബന്ധിക്കുകയൊ, മീഡിയയ്ക്ക് മുൻപിൽ കൊണ്ടുവരാനോ ശ്രമിച്ചില്ല ?
പൊതുജനം കഴുതകളാണല്ലോ മാഷെ?
ReplyDeletequoting myself !
ReplyDelete" സമൂഹം എന്ത് ചെയ്യാനാണ് ......എനിക്കെന്തു ചെയ്യാന്‍ കഴിയും .......ഇതുപോലെ ഏതെങ്കിലും ബ്ലോഗിലോ മറ്റോ നാലുവരി എഴുതും പക്ഷെ ആര് വായിക്കാന്‍ ...എന്നാല്‍ കേരളത്തില്‍ വലിയൊരു വിഭാഗം ആളുകള്‍ ചെവികൊടുക്കുകയും ഒരുപരിധി വരെയെങ്കിലും സമൂഹത്തിലെ ഭൂരിപക്ഷത്തിന്റെ അഭിപ്രായ രൂപീകരണത്തെ സ്വാധീനിക്കാന്‍ കഴിവുള്ളവരുമൊക്കെ ആയ എഴുത്തുകാരും സാംസ്കാരിക നായകന്മാരുമൊക്കെ ഒന്നുകില്‍ ഈ മാഫിയാ സംഘത്തിന്റെ ഔദാര്യം കൊണ്ടു കിട്ടുന്ന അപ്പക്കഷണങ്ങള്‍ വാങ്ങിയിട്ട് അവരുടെ സ്തുതി പാടുന്നു അല്ലെങ്കില്‍ അവരെ ഭയന്ന് മൌനത്തിന്റെ വാല്മീകത്തില്‍ ഒളിക്കുന്നു ....സീ ആര്‍ നീലകന്ടനും സഖറിയാക്കും ഒക്കെ ഉണ്ടായ അനുഭവങ്ങള്‍ ഓര്‍മ്മയുണ്ടല്ലോ ..... എന്നൊക്കെ ചിന്തിച്ചാണ് ഭരണക്കാര്‍ക്ക് ഇതൊക്കെ അവസാനിപ്പിക്കാനുള്ള ആര്‍ജവം ഉണ്ടാവുമോ എന്ന് പ്രത്യാശിച്ചത്......ശരിയായ രീതിയില്‍ അന്വേഷണവും കേസും നടത്തി ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ ഉന്നത നേതാക്കളെയും നിയമത്തിനു മുന്നില്‍ കൊണ്ടു വന്നു ശിക്ഷ വാങ്ങിക്കൊടുക്കുവാനുള്ള ഇച്ഛാശക്തി ഭരണത്തില്‍ ഇരിക്കുന്നവര്‍ കാണിക്കുമോ..... പക്ഷെ അതൊരു വ്യാമോഹം മാത്രമാണെന്നും ഞാന്‍ തിരിച്ചറിയുന്നു ....കാരണം ഭരണത്തിലായാലും പ്രതിപക്ഷതായാലും രാഷ്ട്രീയത്തില്‍ ഒരേ തൂവല്‍ പക്ഷികള്‍ കൊടുക്കല്‍ വാങ്ങലുകളില്‍ കൂടെ എത്തുന്ന സമവായങ്ങള്‍ സമൂഹ നന്മയെ ലാക്കാക്കി ആവുകയില്ലല്ലോ.....അതുകൊണ്ടൊക്കെ തന്നെയാണ് അച്ചുതാനന്ദന്‍ ഇത്രയും കാലം തനിക്കു വേണ്ടി പാര്‍ട്ടിക്കുള്ളില്‍ നിലപാടുകള്‍ എടുത്തതിന്റെ പേരില്‍ പുറത്തു പോവുകയോ ഒതുക്കപ്പെടുകയോ ചെയ്തവര്‍ക്ക് വേണ്ടി ഒന്നും ചെയ്യാതിരുന്നിട്ടു ഇന്നിപ്പോള്‍ പാര്‍ട്ടി അച്ചടക്കം ലംഘിച്ചു പരസ്യ പ്രസ്താവന നടത്തുന്നത് എത്രത്തോളം ആത്മാര്‍ത്ഥ മായിട്ടാണ് എന്ന് സംശയം തോന്നുന്നത് .....അദ്ദേഹത്തിനെതിരെ എടുത്തിരുന്ന സ്വജനപക്ഷപാത കേസുകള്‍ ഇനി മരവിപ്പിച്ചു നിറുത്തുമോ ആവോ !
Posted 16th May 2012 by Ananth "
എല്ലാം തമ്മിലുള്ള
ReplyDeleteഅഡ്ജസ്റ്റ്മെന്റുകളാണ് എന്നത് വളരെ വ്യക്തം...
അതെല്ലെ പൊളിറ്റിക്സ്..!