Pages

കമ്മ്യൂണിസം കാലത്തിന്റെ തിരുത്തപ്പെടേണ്ട തെറ്റ്


അമ്പത്തൊന്ന് വെട്ടേറ്റ് വീണു പിടഞ്ഞ് മരിച്ച ടി.പി.ചന്ദ്രശേഖരന്റെ സ്മരണാർത്ഥം , പിടഞ്ഞ് മരിച്ച സ്ഥലത്ത് സ്ഥാപിച്ച സ്തൂപം തകർത്താൽ എല്ലാം ആയോ? ചന്ദ്രശേഖരനെ വള്ളിക്കാട്ടുകാർ മറക്കുമോ? സാക്ഷി പറയുന്നവരെ ചുവരെഴുത്തെഴുതി ഭീഷണിപ്പെടുത്തിയാൽ കേസ് തേഞ്ഞുമാഞ്ഞുപോകുമോ? ഇല്ല എന്ന് എല്ലാവർക്കും അറിയാം. പിന്നെ എന്തിനിതൊക്കെ ചെയ്യുന്നു എന്ന് ചോദിച്ചാൽ നമ്മൾ ജാത്യാസ്വഭാവം എന്ന് പറയില്ലെ, അത് തന്നെ. മാർക്സിസ്റ്റ് സ്വഭാവം അതാണു. ആ സ്വഭാവം മാറ്റാൻ മാർക്സിസ്റ്റ് സംഘടന സ്പിരിറ്റ് തലക്ക് പിടിച്ചവർക്ക് കഴിയില്ല.

ഈ സ്വഭാവത്തെക്കുറിച്ച് ഞാൻ ഒരു മുൻമാർക്സിസ്റ്റുകാരനോട് ചോദിച്ചു. അവൻ പറഞ്ഞു. എല്ലാം ഒരാവേശമാണു. ആരെയെങ്കിലും കൊല്ലണമെന്ന് നിർദ്ദേശം വന്നാൽ ബാക്കിയൊക്കെ ഞങ്ങൾ ചെയ്തോളും. ആയുധം വരെ ഞങ്ങൾ സംഘടിപ്പിക്കും. ഞങ്ങളുടെ തട്ടകത്തിൽ മറ്റാരെയും വെച്ചുപൊറുപ്പിക്കുകയില്ല. ആരെയെങ്കിലും അടിക്കണമെങ്കിലോ, അല്ലെങ്കിൽ അക്രമം നടത്തണമെങ്കിലോ ഞങ്ങളുടെ കൊടി ഞങ്ങൾ തന്നെ രാത്രി വലിച്ചുകീറി വഴിയിലിടും. പുലർച്ചക്ക് തന്നെ പതാക നശിപ്പിച്ചു എന്ന പ്രചാരണം അഴിച്ചുവിടും. പിന്നെ ആരെ വേണമെങ്കിലും മർദ്ധിക്കാം. ഞങ്ങളുടെ കോട്ടയിൽ ആരെങ്കിലും ബോർഡോ കൊടിയോ സ്ഥാപിച്ചാൽ അതൊക്കെ രാത്രി എടുത്തുകൊണ്ടുപോയി പൊട്ടക്കിണറിലോ തോട്ടിലോ ഇടും.

എല്ലാം പാർട്ടി നിർദ്ദേശപ്രകാരമല്ല ചെയ്യുന്നത്. ഞങ്ങളുടെ ഇഷ്ടപ്രകാരവും ചെയ്യും. എന്തിനാണത് ചെയ്തത് എന്ന് പാർട്ടിയിൽ ആരും ചോദിക്കില്ല. കേസൊക്കെ പാർട്ടി നോക്കും. പോലീസ് സ്റ്റേഷനിൽ പോകാനും മറ്റുള്ള കാര്യങ്ങൾ നോക്കാനും പ്രത്യേകം ചാർജ്ജ് ഉള്ള നേതാവ് ഉണ്ടാകും. പലർക്കും പല ചാർജ്ജ് ആയിരിക്കും. അതൊന്നും പരസ്പരം അറിയുകയും ഇല്ല. ഉദാഹരണത്തിനു കൊലപാതകത്തിന്റെ ചാർജ്ജ് ഉള്ള ആൾ മറ്റൊരു പ്രവർത്തനത്തിനും പോകില്ല. അയാൾ പതിവായി അയാളുടെ ജോലിക്ക് പോകും. ഒരു ദിവസം രാത്രി വീട്ടിൽ എത്തുകയില്ല. അന്ന് രാത്രി ആരെങ്കിലും കൊല്ലപ്പെട്ടിരിക്കും. അന്ന് രാത്രി അയാൾ എവിടെ പോയിരുന്നു എന്ന് ആർക്കും അറിയുകയില്ല. അയാളെ ആരും സംശയിക്കുകയും ഇല്ല.

ഇങ്ങനെയൊക്കെയാണു പാർട്ടി പ്രവർത്തിക്കുന്നത്. എന്ത് നിർദ്ദേശം വന്നാലും അതൊക്കെ അഭിമാനപൂർവ്വം നടപ്പാക്കും. ഇപ്പോൾ ഓർക്കുമ്പോൾ പശ്ചാത്താപം തോന്നുന്നു. കോൺഗ്രസ്സുകാരോടാണു ഇപ്പോൾ ബഹുമാനം തോന്നുന്നത്. ആ സുഹൃത്ത് തുടർന്നു. കോൺഗ്രസ്സുകാരൻ പത്ത് രൂപ കട്ടാൽ അത് നൂറു രൂപയാക്കി കോൺഗ്രസ്സുകാർ തന്നെ വിളിച്ചുപറയും. പക്ഷെ പാർട്ടിയിലെ കാര്യം ആരും ഒന്നും പുറത്ത് പറയില്ല. ഇപ്പോഴൊക്കെ നേതാക്കൾ നല്ല സമ്പന്നതയിലാണു. ദുബൈ സന്ദർശിക്കുന്ന ജില്ലാനേതാക്കൾ ബുർജ്‌ഖലീഫയിലെ സ്റ്റാർ ഹോട്ടലിലാണു റൂം എടുക്കുന്നത്.

നാട്ടിൽ പോയാൽ ഞാൻ ഇപ്പോഴും സഖാവ് തന്നെയാണു. ജീവിക്കണ്ടേ? ചോദിക്കുന്ന സംഭാവന കൊടുക്കും. പ്രവാസിയായ ആ സുഹൃത്തുമായി ഞാൻ കുറെ നേരം സംസാരിച്ചു. കൂടുതൽ കാര്യങ്ങൾ പരസ്യമായി എഴുതാൻ പറ്റില്ല. കൂട്ടത്തിൽ നാട്ടിലെ ഒരു കോൺഗ്രസ് ഭാരവാഹിയെ രാത്രിയിൽ അക്രമിക്കാൻ പദ്ധതി തയ്യാറാക്കിയതും, അവൻ സഞ്ചരിക്കുന്ന വഴിയിൽ തമ്പടിച്ചതും ഭാഗ്യത്തിനു അന്നവൻ ആ വഴി പോകാത്തത്കൊണ്ട് രക്ഷപ്പെട്ട വിവരം സുഹൃത്ത് എന്നോട് പറഞ്ഞു. അന്ന് അക്രമിക്കപ്പെടുമായിരുന്ന നേതാവും എന്റെ സുഹൃത്ത് തന്നെയാണു. അവനോട് ഈ വിവരം ഞാൻ പറയാൻ പോകുന്നില്ല.

ഇതൊക്കെയാണു കമ്മ്യൂണിസം. ആയിരം ഫാസിസം സമം ഒരു കമ്മ്യൂണിസം എന്നാണു ഞാൻ പറയുക. ഫാസിസ്റ്റ് ഫാസിസ്റ്റ് എന്ന് പറഞ്ഞ് കമ്മ്യൂണിസ്റ്റുകൾ ഫാസിസത്തെ ഭയങ്കര സംഭവമാക്കി. സത്യം പറഞ്ഞാൽ ക്രൂരതയുടെ ഏറ്റവും ഉയർന്ന രൂപമാണു കമ്മ്യൂണിസം. കമ്മ്യൂണിസം എവിടെയുണ്ടോ അവിടെ മനുഷ്യത്വത്തിനു സ്ഥാനമില്ല. കമ്മ്യൂണിസ്റ്റുകൾക്ക് പാർട്ടിയാണു വലുത്. പാർട്ടിക്ക് ദോഷം വരാതിരിക്കാൻ, പാർട്ടി വളരാൻ എത്ര പേരെയും കൊല്ലും. മതവിശ്വാസത്തേക്കാളും ആയിരം മടങ്ങ് തീവ്രമാണു കമ്മ്യൂണിസ്റ്റുകൾക്ക് പാർട്ടി സ്പിരിറ്റ്.

ആത്മാവ് എന്നൊന്നുണ്ടെങ്കിൽ സി.പി.എമ്മിനു വേണ്ടി പ്രവർത്തിച്ചതിൽ ടി.പി.ചന്ദ്രശേഖരന്റെ ആത്മാവ് ഇപ്പോൾ കേഴുന്നുണ്ടാവണം. എന്നോട് സംസാരിച്ച സുഹൃത്തിനെ പോലെ പല സഖാക്കളും ഇപ്പോൾ പാർട്ടിയോട് അകലം പാലിക്കുന്നുണ്ട്. പലരും അംഗത്വം ഉപേക്ഷിക്കുന്നു. പലരും പ്രവർത്തനത്തിൽ നിന്ന് പിറകോട്ട് പോകുന്നു. എന്നാലും പത്ത് പേർ കൊഴിഞ്ഞുപോകുമ്പോൾ പുതിയ ഇരുപത് പേർ വരുന്നുമുണ്ട്. ആ വരവ് പക്ഷെ ത്യാഗം ചെയ്യാനല്ല. എന്തെങ്കിലും നേടാനാണു. അങ്ങനെ സ്വാർത്ഥമതികളുടെ കൂടാരമായി മാറി ഈ പാർട്ടി. പിണറായി സഖാവ് ഈ പാർട്ടിയെ നശിപ്പിക്കും എന്ന് പറഞ്ഞുകൊണ്ടാണു സുഹൃത്ത് സംഭാഷണം അവസാനിപ്പിച്ചത്. പിണറായിയാണു ഈ പാർട്ടിയെ ബിസിനസ്സ് സ്ഥാപനമാക്കിയത് എന്ന് ആ സുഹൃത്ത് ആരോപിക്കുന്നു.

ചന്ദ്രശേഖരൻ വധക്കേസ് കോടതിയിൽ വിചാരണയിലാണു. സാക്ഷികൾ കൂറുമാറുന്നത് തുടർക്കഥയാകുന്നു. കേസിനെ പറ്റി ഇപ്പോൾ ആരും ഒന്നും മിണ്ടുന്നില്ല. സാക്ഷികൾ കൂറുമാറുന്നത് സി.പി.എമ്മിന്റെ സമ്മർദ്ധം കൊണ്ടാണോ എന്ന് സർക്കാരാണു പരിശോധിക്കേണ്ടത് എന്ന് പ്രതിപക്ഷനേതാവ് വി.എസ്സ്. ഹിന്റ് കൊടുത്തിട്ടും ആഭ്യന്തരമന്ത്രി വായ തുറന്നിട്ടില്ല. ജയകൃഷ്ണൻ മാസ്റ്റർ വധക്കേസിൽ ശിക്ഷിക്കപ്പെട്ട ഏക പ്രതി ഇപ്പോൾ, താൻ കയറിച്ചെന്ന് അദ്ധ്യാപകനെ വെട്ടിക്കൊന്ന അതേ സ്ക്കൂളിൽ പി.ടി.എ. പ്രസിഡണ്ടാണു. അതേ സി.പി.എം. കൊടി സുനിയെ ഓർക്കാട്ടേരി പഞ്ചായത്ത് പ്രസിഡണ്ടാക്കുമോ എന്നാണു ഇനി കണ്ടറിയേണ്ടത്.

എന്നാൽ തന്നെയും കേരളത്തിൽ സി.പി.എം. അതിന്റെ തന്നെ ആഭ്യന്തരവൈരുദ്ധ്യങ്ങളാൽ തകരുക തന്നെ ചെയ്യും. നരഹത്യയും ക്രൂരതയും ഉള്ളിൽ ഒളിപ്പിക്കുന്ന കമ്മ്യൂണിസ്റ്റുപാർട്ടികളിൽ തകർച്ചയുടെ ബീജവും അതിന്റെ ഉള്ളിൽ തന്നെയുണ്ട്. അത്കൊണ്ടാണു എത്രയോ രാജ്യങ്ങളിൽ അത് തകർന്നത്. ഇപ്പോൾ ബാക്കിയുള്ള ചൈന, വടക്കൻ കൊറിയ, വ.വിയറ്റ്നാം, ക്യൂബ, ഇന്ത്യയിലെ കേരളം എന്നിവിടങ്ങളിൽ നിന്നെല്ല്ലാം കമ്മ്യൂണിസം അപ്രത്യക്ഷമാവുക തന്നെ ചെയ്യും. കാറൽ മാർക്സിന്റെ കമ്മ്യൂണിസം അപ്രായോഗികവും ലെനിന്റെ കമ്മ്യൂണിസം നരഹത്യയിൽ അധിഷ്ഠിതവും ആണു. അത്കൊണ്ട് കമ്മ്യൂണിസത്തെ കാലം മായ്ച്ചുകളയുക തന്നെ ചെയ്യും.

എന്‍ഡോസല്‍ഫാനെ ഇനി വെറുതെ വിടുക !


ഞാന്‍ എന്‍ഡോസല്‍ഫാന്‍ കമ്പനിയുടെ വക്താവല്ല. സത്യം പറഞ്ഞാല്‍ കാസര്‍ഗോഡ് ഭാഗത്ത് ജനിതകവൈകല്യങ്ങളോടെ ജനിച്ച് വീഴുന്ന കുഞ്ഞുങ്ങളോട് എനിക്ക് അനുകമ്പയും സഹതാപവും ഉണ്ട്. പക്ഷെ എന്റെ പ്രശ്നം അതല്ല, ഇത്തരം രോഗങ്ങള്‍ക്ക് കാരണം എന്‍ഡോസല്‍ഫാന്‍ ആണെന്ന് എല്ലാവരും വിധിയെഴുതുമ്പോള്‍ എനിക്കതിന് കഴിയുന്നില്ല. ഇത്തരം രോഗം ഒരു പ്രദേശത്ത് വ്യാപകമായ തോതില്‍ കണ്ടുവരുന്നു എന്നേയുള്ളൂ. പല സ്ഥലത്തും ഒറ്റയും തെറ്റയുമായി കണ്ടുവരുന്നുണ്ട്. ചില സ്ഥലത്ത് ഇമ്മാതിരി മൂന്നോ നാലോ കേസ് വരുമ്പോള്‍ അത് എന്‍ഡോസല്‍ഫാന്റെ തലയില്‍ വെച്ചുകെട്ടാന്‍ ശ്രമങ്ങള്‍ നടന്ന് വിജയിക്കാത്ത സംഭവങ്ങളും ഉണ്ട്. കാസര്‍ഗോഡ് ഭാഗത്ത് ഇപ്പോള്‍ എന്ത് രോഗം വന്നാലും, സൈക്കിളില്‍ നിന്ന് വീണു കാലൊടിഞ്ഞാലും അതെല്ലാം എന്‍ഡോസല്‍ഫാന്റെ കണക്കിലാണ് വരവ് വെക്കുക. ഏത് രോഗി ഡോക്ടറെ സന്ദര്‍ശിച്ചാലും ആ രോഗം എന്‍ഡോസല്‍ഫാന്‍ പീഡിത രോഗമായി സര്‍ട്ടിഫൈ ചെയ്ത് തരണം എന്ന സമ്മര്‍ദ്ധം കാസര്‍ഗോട്ടെ ഡോക്‍ടര്‍മാര്‍ നേരിടുന്നു.

ഈ ചിത്രം നോക്കുക. എട്ട് മാസം പ്രായമുള്ള, ഉടലിനേക്കാളും വലുപ്പമുള്ള തലയുമായി പിറന്ന സിനാന്‍ എന്ന കുട്ടി മരണപ്പെട്ടുപോയി. എന്‍ഡോസല്‍ഫാന്‍ വിഷമഴയുടെ ഇരയാണ് എന്നറിഞ്ഞിട്ടും ആ കുട്ടിക്ക് എന്‍ഡോസല്‍ഫാന്‍ ആനുകൂല്യം ഒന്നും കിട്ടിയില്ലെന്നും അതിനു മുന്നേ തന്നെ കുട്ടിയെ മരണം കവര്‍ന്നെടുത്തു എന്നുമാണ് ലേഖകന്‍ വിലപിക്കുന്നത്. ആളുകളും അങ്ങനെ തന്നെയാണ് കരുതുക. ചിത്രത്തില്‍ കാണുന്നത് സിനാന്‍ എന്ന കുഞ്ഞിനെയും എടുത്ത് നില്‍ക്കുന്ന ഉമ്മ ഫാത്തിമയുടെ ചിത്രമാണ്. ഫാത്തിമയ്ക്ക് ഒരു കുഴപ്പവും ഇല്ല. ആ ഉമ്മ എട്ട് മാസം മുന്‍പ് പ്രസവിച്ച കുഞ്ഞിനാണ് ജനിതകവൈകല്യം ഉണ്ടായിരിക്കുന്നത്. അത് എന്‍ഡോസല്‍ഫാന്‍ വിഷമഴ കൊണ്ടാണെന്ന് ഡയഗ്‌നോസിസ് ചെയ്യാന്‍ കഴിയുന്നത് ഏത് വൈദ്യശാസ്ത്രത്തിന്റെ പിന്‍‌ബലത്തിലാണ് എന്നാണ് എന്റെ ചോദ്യം.

എന്‍ഡോസല്‍ഫാന്‍ ആരുടെ ശരീരത്തിലാണ് പ്രവേശിച്ചിരിക്കുക? ഫാത്തിമയുടെ ശരീരത്തില്‍ ആണെന്ന് സങ്കല്പിക്കാം. എന്നാലോ ഫാത്തിമയ്ക്ക് ഒരു തകരാറും ഇല്ല. അവര്‍ക്ക് കുഞ്ഞിനെ പ്രസവിക്കാനുള്ള ആരോഗ്യവും ഉണ്ട്. പക്ഷെ ജനിക്കുന്ന കുഞ്ഞിന് ജനിതകരോഗം. ലോകത്ത് എന്‍ഡോസല്‍ഫാന്‍ എന്ന വിഷത്തിന് മാത്രമുള്ള പ്രത്യേകതയാണോ ഇത്. മറ്റെല്ലാ വിഷവും ആരുടെ ശരീരത്തിലാണോ കടക്കുക, ആ വ്യക്തി മരണപ്പെടുകയോ അല്ലെങ്കില്‍ ചികിത്സയ്ക്ക് വിധേയമായി രക്ഷപ്പെടുകയോ ആണ് പതിവ്. ഈ എന്‍ഡോസല്‍ഫാന്‍ എന്ന വിഷം ലോകം മുഴുവന്‍ 50 വര്‍ഷത്തോളം തളിച്ചിട്ടും കാസര്‍ഗോഡ് മാത്രം അത്ഭുതകരമായ ഈ കഴിവ് എന്‍ഡോസല്‍ഫാനു എങ്ങനെ വന്നു ചേര്‍ന്നു എന്ന് എനിക്ക് മനസിലാകുന്നില്ല്ല.

എന്‍ഡോസല്‍ഫാന്‍ നിമിത്തമാണ് ഈ തരത്തിലുള്ള ജനിതകവൈകല്യം ഉണ്ടാകുന്നത് എന്ന് അവിടെ തീരുമാനിക്കപ്പെട്ടത് ചില സര്‍വ്വേകളുടെ പിന്‍‌ബലത്തിലാണു. അല്ലാതെ ജീവശാസ്ത്രപരമായും വൈദ്യശാസ്ത്രപരമായും രോഗം ബാധിച്ചവരെ പരിശോധിച്ച് തീരുമാനിക്കപ്പെട്ടതല്ല. എന്‍ഡോസല്‍ഫാന്‍ നിമിത്തം തന്നെയാണ് അങ്ങനെയുണ്ടാകുന്നത് എന്ന് വിധിയെഴുതണം എന്ന് ചിലര്‍ക്ക് വല്ലാത്ത നിര്‍ബന്ധമാണ്. അത്തരക്കാര്‍ പലസ്ഥലത്തും ഇമ്മാതിരി രോഗങ്ങള്‍ ചിലര്‍ക്ക് കണ്ടപ്പോള്‍ അതും എന്‍ഡോസല്‍ഫാന്‍ കൊണ്ടാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പാട് പെട്ടിരുന്നു. പക്ഷെ ആ‍ളുകളെ വിശ്വസിപ്പിക്കാന്‍ കഴിയാത്തത്കൊണ്ട് പിന്‍‌വാങ്ങുകയായിരുന്നു. എന്തിനാണ് അങ്ങനെ ആഞ്ഞുപിടിക്കുന്നത് എന്നല്ലേ? അത് യൂറോപ്യന്‍ യൂനിയന്റെ ഫണ്ട് സ്വീകരിച്ചത്കൊണ്ട് വന്നുചേര്‍ന്ന ബാധ്യതയാണെന്ന് ഏതോ ഇംഗ്ലീഷ് റിപ്പോര്‍ട്ടില്‍ ഞാന്‍ വായിച്ചിരുന്നു. തെളിവൊന്നും ഇല്ല ഹാജരാക്കാന്‍, അത്കൊണ്ട് എല്ല്ലാവരും വിശ്വസിക്കണ്ട.

ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു, എട്ട് മാസം മുന്‍പ് വലിയ തലയും ചെറിയ ഉടലുമായി സിനാന്‍ എന്ന കുഞ്ഞ് ജനിച്ചെങ്കില്‍, പ്രത്യക്ഷത്തില്‍ ആരോഗ്യവതികളായ അമ്മമാര്‍ ഇനിയും അമ്മാതിരി കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുമെങ്കില്‍ അതിന്റെ പിന്നില്‍ ജീവശാസ്ത്രപരമായ പ്രശ്നങ്ങള്‍ ഉണ്ട്. അതെന്താണെന്ന് കണ്ടെത്തി പരിഹാരം തേടുകയും അമ്മാതിരി കുഞ്ഞുങ്ങളുടെ ജനനം മുന്‍‌കൂട്ടി കണ്ടറിഞ്ഞ് തടയുകയും വേണം. അതിനൊക്കെ ആധുനികവൈദ്യശാസ്ത്രം ഇക്കാലത്ത് വളര്‍ന്നിട്ടുണ്ട്.

അതൊന്നും ചെയ്യാതെ എന്‍ഡോസല്‍ഫാന്‍ വിരുദ്ധര്‍ക്ക് ആഘോഷിച്ചുകൊണ്ടിരിക്കാന്‍ വേണ്ടി , ഒരു ശാസ്ത്രീയപരീക്ഷണവും നടത്താതെ, ഏത് രോഗത്തിനും എന്‍ഡോസല്‍ഫാന്‍ ലേബല്‍ ചാര്‍ത്തി പണം നല്‍കി, ഇനിയും വലിയ തലയും ചെറിയ ഉടലുമുള്ള കുഞ്ഞുങ്ങള്‍ പിറന്നുകൊണ്ടേയിരിക്കാനുള്ള സാഹചര്യം നിലനിര്‍ത്താനാണ് സര്‍ക്കാരിന്റെ ഭാവമെങ്കില്‍ എനിക്കൊന്നേ പറയാനുള്ളൂ. ഇത് നിന്ദ്യമായ കുറ്റമാണ്, ക്രൂരതയാണ്. എന്‍ഡോസല്‍ഫാനെ ഇനി വെറുതെ വിടുക. അത് നിരോധിച്ചല്ലൊ. ഇനിയെങ്കിലും യഥാര്‍ത്ഥ കാരണം കണ്ടെത്തി ഭാവിതലമുറയെ രക്ഷിക്കുക. പ്ലീസ് !

ടി.പി.വധക്കേസ് ; ഒരവലോകനം !


ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിന്റെ വിചാരണ പുരോഗമിക്കുമ്പോള്‍, ഇത് വരെയുള്ള വിവരങ്ങള്‍ വെച്ചുനോക്കുമ്പോള്‍ തെളിയുന്ന ചിത്രം 51 വെട്ട് വെട്ടിയ പ്രതികള്‍ക്ക് ശിക്ഷ ഏതാണ്ട് ഉറപ്പായി കഴിഞ്ഞു എന്നാണ്. കാരണം കൊടി സുനിയും കൂട്ടര്‍ക്കും എതിരെ സാക്ഷി പറഞ്ഞവര്‍ ആരും കൂറുമാറിയില്ല. എന്നാല്‍ ഗൂഢാലോചനയില്‍ പങ്കെടുത്തവര്‍ക്കെതിരെയുള്ള സാക്ഷികള്‍ മിക്കവരും കൂട്ടത്തോടെ കൂറുമാറിക്കൊണ്ടിരിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ കൊല ചെയ്ത കൊലയാളികള്‍ എങ്കിലും ശിക്ഷിക്കപ്പെട്ടേക്കാം എന്നതാണ് ഇപ്പോഴത്തെ നില. ഇതും പക്ഷെ സി.പി.എമ്മില്‍ പതിവില്ലാത്തതാണ്. പാര്‍ട്ടി കൊല നടത്തിയാല്‍ ആരും സാക്ഷി പറയില്ല. ഒരു പ്രതിയും ശിക്ഷിക്കെപ്പെടില്ല. അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ ഏതെങ്കിലും ഒരു പ്രതി ശിക്ഷിക്കപ്പെട്ടാല്‍ തന്നെ ജയിലില്‍ കഴിയേണ്ടിയും വരാറില്ല. ഇനി അഥവാ കൊടി സുനിക്കും കൂട്ടാളികള്‍ക്കും ജീവപര്യന്തം കിട്ടിയാല്‍ തന്നെ അടുത്ത ഭരണം വന്നാല്‍ ആദ്യം ചെയ്യുന്ന നടപടി കൊടി സുനി ആന്‍ഡ് കൊട്ടേഷന്‍ കമ്പനിയെ ജയില്‍ മോചിതരാക്കുന്നതായിരിക്കും. അങ്ങനെ ജയില്‍ ഇറങ്ങി വരുന്ന കൊടി സുനിമാര്‍ ചുവപ്പ് ഹാരമണിയിച്ച് വരവേറ്റ് ആനയിക്കപ്പെടുകയും ചെയ്യും.

എന്തൊക്കെയായിരുന്നു പോര്‍വിളികള്‍. കേന്ദ്രമന്ത്രി വരുന്നു, ഇപ്പോള്‍ വലയിലാത് പരല്‍മീനുകളാണു പിടിക്കപ്പെടാന്‍ പോകുന്നത് വമ്പന്‍ സ്രാവുകളാണ് എന്ന് പ്രഖ്യാപിക്കുന്നു. കൊന്നവരെയും കൊല്ലിച്ചവരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്ന് പോലീസ് മേധാവി ചാനലുകള്‍ക്ക് ഉറപ്പ് നല്‍കുന്നു. ഒരു ചുക്കും സംഭവിക്കില്ല. ജയകൃഷ്ണന്‍ മാസ്റ്റര്‍ കൊലക്കേസിന്റെ അവസാനം സംഭവിച്ചതില്‍ നിന്ന് വ്യത്യസ്തമായി ചന്ദ്രശേഖരന്‍, ഫസല്‍, ഷുക്കൂര്‍ കേസുകളില്‍ സംഭവിക്കാനില്ല.

ഇതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്നാമത്തെ കാരണം സി.പി.എമ്മില്‍ കൊല നടത്തല്‍ മുതല്‍ സാക്ഷികളെ കൂറു മാറ്റിക്കല്‍ തൊട്ട് അഥവാ ശിക്ഷിക്കപ്പെടുന്ന ബിനാമി/ഒറിജിനല്‍ പ്രതികളെ ജയില്‍ മോചിതരാക്കി ആനയിക്കുന്നത് വരെയുള്ള കാര്യങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ നിയുക്തരായ പാര്‍ട്ടി ഭാരവാഹികളും അതിനായുള്ള മെഷിനറിയുമുണ്ട്. അവര്‍ക്ക് അത് മാ‍ത്രമാണ് ചാര്‍ജ്ജ്. ഇങ്ങനെ വികേന്ദ്രീകൃതമായ വിങ്ങുകളും ഓര്‍ഡര്‍ നല്‍കാന്‍ നേതാവും ഉത്തരവ് പാലിക്കാന്‍ ബാധ്യതപ്പെട്ട പാര്‍ട്ടി മെമ്പര്‍മാരും ഉള്ളത് കൊണ്ട് പാര്‍ട്ടി വിചാരിക്കുന്ന ആരെയും പുഷ്പം പോലെ കൊല്ലാന്‍ കഴിയും. അത്കൊണ്ടാണ് പാര്‍ട്ടി ഒരാളെ കൊല്ലാന്‍ വിചാരിച്ചാല്‍ ആ കൊല നടന്നിരിക്കും എന്ന് കൊല്ലപ്പെട്ട ടി.പി തന്നെ ഭാര്യ രമയോട് പറഞ്ഞിരുന്നത്.

ഇമ്മാ‍തിരി കൊലകള്‍ക്ക് സി.പി.എമ്മിലെ എല്ലാവരും സമ്മതമാണ് എന്നര്‍ത്ഥമില്ല. ടി.പി.തന്നെ കൊലപാതകങ്ങള്‍ക്ക് അനുകൂലമായിരുന്നു എന്നും അര്‍ത്ഥമില്ല. പാര്‍ട്ടി തീരുമാനങ്ങള്‍ക്ക് എല്ലാവരും വഴങ്ങുക എന്ന നിസ്സഹായാവസ്ഥയിലാണ് ഓരോ പാര്‍ട്ടി മെമ്പറും അനുഭാവിയും. എല്ലാ കാര്യങ്ങളും പാര്‍ട്ടിയില്‍ എല്ലാവരും അറിയുകയുമില്ല.അതാണ് ലെനിനിസ്റ്റ് സംഘടനാരീതി. സി.പി.എമ്മില്‍ കൊലകള്‍ക്ക് കോ-ഓര്‍ഡിനേഷന്‍ നല്‍കാന്‍ ചുമതലപ്പെട്ട നേതാവ് തന്നെയാണ് ഇപ്പോള്‍ പാര്‍ട്ടി ഹെഡ്‌ക്വാര്‍ട്ടേര്‍സിലെ ജില്ലാ സെക്രട്ടരി എന്നൊരു ശ്രുതി പണ്ടേയുണ്ട്. കൊല്ലപ്പെടുന്ന പാര്‍ട്ടികളിലൊന്നില്‍ ഇത് ഏറെക്കാലം ചര്‍ച്ച ചെയ്യപ്പെട്ടതിന് ശേഷമാണ് ആ നേതാവിന്റെ ഒരു കൈ നഷ്ടപ്പെട്ടത് എന്ന വദന്തിയും പണ്ടെയുണ്ട്. ടി.പി.വധക്കേസിലും ഷുക്കൂര്‍ വധത്തിലും ആ നേതാവിന്റെ പങ്ക് ചില പാര്‍ട്ടി ശത്രുക്കള്‍ ആരോപിക്കുകയും ചെയ്തിരുന്നു. എന്നാലൊന്നും ഒരു പോറലും ആ നേതാവിന് സംഭവിക്കില്ല. അത്രയും ശക്തവും കരുതലും കോപ്പും ഉള്ളതാണ് കൊലകള്‍ക്ക് വേണ്ടിയുള്ള പാര്‍ട്ടി സെറ്റപ്പ്. തല്‍ക്കാലത്തേക്ക് കൊലകള്‍ക്ക് മോറട്ടോറിയം രഹസ്യമായി പ്രഖ്യാപിച്ചു എന്നേയുള്ളൂ. സി.പി.എമ്മിന്റെ ഔദാ‍ര്യം ഒന്ന് കൊണ്ട് മാത്രം ആയുസ്സ് നീട്ടിക്കിട്ടുന്ന എത്രയോ പേര്‍ ഇപ്പോള്‍ കേരളത്തിലുണ്ട്. പക്ഷെ സഖാവ് ടി.പി.ചന്ദ്രശേഖരനെ പോലെ ഒരു മാതൃകാകമ്മ്യൂണിസ്റ്റ് ആയാല്‍ അത്തരം ഔദാര്യമൊന്നും ആരും സി.പി.എമ്മില്‍ നിന്ന് പ്രതീക്ഷിക്കേണ്ട. വി.എസ്സിനെ പോലെയായാല്‍ ചിലപ്പോള്‍ സ്വാഭാവികമരണം വരെ സഹിച്ചേക്കും.

രണ്ടാമത്തെ കാരണം യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലുള്ള അഡ്ജസ്റ്റ്മെന്റുകളാണ്. പരസ്പരാശ്രിതത്വത്തിന്റെ അടിസ്ഥാനത്തില്‍ ചില അലിഖിതകരാറുകളുടെ പുറത്താണ് യു.ഡി.എഫും എല്‍.ഡി.എഫും കേരളത്തില്‍ നിലനില്‍ക്കുന്നത്. ഇതില്‍ യോജിപ്പ് ഇല്ല്ലാത്തവര്‍ രണ്ട് മുന്നണിയിലും ഉണ്ടാകാം. പക്ഷെ രാഷ്ട്രീയത്തില്‍ തുടരണമെങ്കില്‍ അതൊക്കെ കണ്ടില്ലെന്ന് നടിച്ചേ പറ്റൂ. രാഷ്ട്രീയം വിട്ടാല്‍ അവര്‍ക്കൊന്നും വേറെ പണി അറിയുകയുമില്ല. അഡ്‌ജസ്റ്റ്മെന്റിന്റെ ഒരു ഉദാഹരണം പറയാം. കഴിഞ്ഞ ഭരണത്തിന്റെ അവസാനനാളുകളില്‍ സംസ്ഥാന ടെക്സ്‌റ്റൈല്‍ കോര്‍പറേഷനു കീഴില്‍ പൊതുമേഖലയില്‍ മൂന്നു തുണിമില്ലുകള്‍ തുടങ്ങിയതിനു പിന്നില്‍ 23 കോടി രൂപയുടെ ക്രമക്കേട് നടന്നതായി ഈ ഭരണം വന്നതിന് ശേഷം ധനവകുപ്പിനു കീഴിലെ ഫിനാന്‍സ് ഇന്‍സ്‌പെക്ഷന്‍ വിങ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി.കാസര്‍കോട് ഉദുമ സ്പിന്നിങ് മില്‍, പിണറായി ഹൈടെക് വീവിങ് മില്‍, ആലപ്പുഴ കോമളപുരം സ്പിന്നിങ് ആന്‍ഡ് വീവിങ് മില്‍ എന്നിവ തുടങ്ങിയതിന്റെ മറവിലെ ക്രമക്കേടുകളാണ് കണ്ടെത്തിയത്. എന്നിട്ടെന്തായി? ഇപ്പോഴത്തെ വ്യവസായ വകുപ്പ് എന്തെങ്കിലും നടപടി എടുക്കുമോ? ഇല്ല, അതിന് കഴിയില്ല അതാണ് വാസ്തവം.

രണ്ട് മുന്നണിയിലെയും പ്രബല നേതാക്കളുടെ മക്കള്‍ക്ക് വിദേശത്ത് വന്‍പിച്ച മുതല്‍മുടക്കും കമ്പനികളും ഷെയറുകളും ഒന്നും ഇല്ല എന്ന് ആരെങ്കിലും വിശ്വസിക്കുമോ? അതാണ് പരസ്പരാശ്രിതത്വം.

വാല്‍ക്കഷണം: മാധ്യമങ്ങള്‍ക്ക് രണ്ട് ദിവസത്തേക്ക് ചെറിയൊരു എല്ലിന്‍‌കഷണം കിട്ടിയിട്ടുണ്ട്. അതാണ് കഞ്ഞിക്കുഴി!

ഗണേഷ് കുമാറും ഉമ്മന്‍ ചാണ്ടിയും രാഷ്ട്രീയവും ...


ഗണേഷ് കുമാര്‍ പ്രശ്നത്തില്‍ മുഖ്യമന്ത്രി ഗുരുതരമായ രണ്ട് തെറ്റുകള്‍ ചെയ്തു. ഒന്നാമത്തെ തെറ്റ്, മന്ത്രിയെ പിന്‍‌വലിക്കണമെന്നും കേരള കോണ്‍ഗ്രസ്സ് (ബി)പാര്‍ട്ടിക്ക് മന്ത്രി സ്ഥാനം വേണ്ടെന്നും ആവശ്യപ്പെട്ട് ആ പാര്‍ട്ടിയുടെ ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപ്പിള്ള രേഖാമൂലം കത്ത് നല്‍കിയപ്പോള്‍ ആ ആവശ്യം ചര്‍ച്ച ചെയ്ത് ഗണേഷ് കുമാറിനെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമായിരുന്നു. അതാണ് മുന്നണി രാഷ്ട്രീയ മര്യാദ. ആ മര്യാദ പാലിക്കാതെ മുഖ്യമന്ത്രി ദോഷകരമായ ഒരു കീഴ്വഴക്കം സൃഷ്ടിക്കുകയാണ് ചെയ്തത്. മുന്നണിയിലെ ഘടകകക്ഷികളുടെ നേതാക്കള്‍ മുന്നോട്ട് വെക്കുന്ന ആവശ്യങ്ങള്‍ പരിഗണിക്കാതെ അവഗണിക്കുന്നത് ഭാവിയില്‍ ദോഷം ചെയ്യും.

ഗണേഷ് കുമാര്‍ വെറും ഒരു എം.എല്‍.എ. മാത്രമായിരുന്നു. മുന്നണി മര്യാദ അനുസരിച്ച് ഒരു മന്ത്രി സ്ഥാനം കിട്ടിയത് കേ.കോ.(ബി)ക്ക് ആണ്. ആ പാര്‍ട്ടിക്ക് മന്ത്രിസ്ഥാനം വേണ്ട എന്ന് പറഞ്ഞാല്‍ അത് പറഞ്ഞതാണ്. അപ്പോള്‍ തന്നെ ഗണേഷ് കുമാറിനെ നീക്കി ആ വകുപ്പ് കോണ്‍ഗ്രസ്സിന്റെ കൈയില്‍ വെക്കാമായിരുന്നു. അങ്ങനെ ഒരു ഔചിത്യബോധം മുഖ്യമന്ത്രി കാണിച്ചില്ല. കോണ്‍ഗ്രസ്സിന്റെ കാര്യങ്ങളിലും സര്‍ക്കാരിന്റെ കാര്യങ്ങളിലും ഉമ്മന്‍ ചാണ്ടി തന്നെ, തന്റെ സൌകര്യം പോലെ തീരുമാനം എടുത്താല്‍ മതി എന്നൊരു അവസ്ഥയുള്ളത്കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഏറിയാല്‍ ചെന്നിത്തല രമേശനോട് ഞാന്‍ ഇങ്ങനെ തീരുമാനിച്ചു എന്ന് പറഞ്ഞാല്‍ മതി. കേരളത്തിലെ കോണ്‍ഗ്രസ്സില്‍ ഉമ്മന്‍ ചാണ്ടി മാത്രമാണ് എല്ലാം. സി.പി.എമ്മില്‍ സഖാവ് പിണറായി വിജയനു പോലും ഇങ്ങനെയൊരു സൌഭാഗ്യമില്ല.

രണ്ടാമത്തെ തെറ്റ്, യാമിനി തങ്കച്ചനോട്, പരാതി നല്‍കിയിട്ടില്ല എന്ന് എഴുതി വാങ്ങി അത് നിയമസഭയില്‍ വായിച്ചതാണ്. യാമിനിയുടെ പരാതിയെക്കുറിച്ച് പ്രതിപക്ഷം അടിയന്തിരപ്രമേയം കൊണ്ടുവരും എന്നറിഞ്ഞ് അതിനെ പ്രതിരോധിക്കാനായിരിക്കണം യാമിനിയോട് അങ്ങനെയൊരു കുറിപ്പ് വാങ്ങിയത്. അത് നിയസഭയില്‍ വായിക്കുമ്പോള്‍ കേരളത്തിലെ കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാമായിരുന്നു, യാമിനി പരാതി കൊടുക്കാത്തതല്ല , മുഖ്യമന്ത്രി ആ പരാതി വാങ്ങിയില്ല എന്നതാണ് സത്യം എന്ന്. മുഖ്യമന്ത്രി എന്തിനാണ് ഇങ്ങനെയൊക്കെ വൃത്തികെട്ട കളികള്‍ കളിക്കുന്നത്? അതാണ് നമ്മുടെ രാഷ്ട്രീയം. യാമിനിയുടെ പരാതിയെക്കുറിച്ച് പ്രതിപക്ഷം അടിയന്തിരപ്രമേയം കൊണ്ടുവന്നത് ചെറ്റത്തരമാണെങ്കില്‍ അതിനെ പ്രതിരോധിക്കാന്‍, പരാതി വാങ്ങാതെ മടക്കി അയച്ച യാമിനിയോട് പരാതി നല്‍കിയിട്ടില്ല എന്ന് എഴുതിവാങ്ങിച്ചത് ലോകചെറ്റത്തരം ആയിപ്പോയി. മാന്യനായ മുഖ്യമന്ത്രി ആയിരുന്നെങ്കില്‍ പ്രതിപക്ഷത്തിന്റെ ആ അടിയന്തിരപ്രമേയത്തെ അവഗണിക്കണമായിരുന്നു. അതെങ്ങനെ? ചണ്ടിക്ക് ചണ്ടി സമം എന്നൊരു ചൊല്ല് ഞങ്ങളുടെ നാട്ടിലുണ്ട്. പ്രതിപക്ഷവും ഭരണപക്ഷവും ഒരേ തൊഴില്‍ ചെയ്യുന്ന വര്‍ഗ്ഗമാണല്ലൊ. അപ്പോള്‍ മാന്യത ഒരു പക്ഷത്തും പാടില്ലാത്തവിധം വര്‍ഗ്ഗപരമായ ഐക്യം വേണമല്ലൊ.

ഗണേഷ് കുമാറിന്റെ പ്രശ്നങ്ങളെല്ലാം അവരുടെ കുടുംബത്തെ മാത്രം ബാധിക്കുന്ന പ്രശ്നങ്ങളാണ്. അതൊന്നും കേരളത്തിന്റെ പ്രശ്നങ്ങളല്ല. ജനങ്ങള്‍ക്ക് നിരവധി പ്രശ്നങ്ങളുണ്ട്. എന്നാ‍ല്‍ പെരുമാറ്റത്തിലും സ്വഭാവത്തിലും ചെറ്റത്തരത്തിന്റെ അംശങ്ങള്‍ ഏറിയോ കുറഞ്ഞോ ഉള്ള രാഷ്ട്രീയക്കാര്‍ പറയുന്നതാണ്, അവര്‍ പറയുന്നത് മാത്രമാണ് ജനങ്ങളുടെ പ്രശ്നങ്ങള്‍ എന്നൊരു വയ്പ് നിലവിലുണ്ട്. അത്കൊണ്ടാണ് ഗണേഷ് കുമാറിന്റെ പ്രശ്നം കേരളപ്രശ്നമായി പ്രതിപക്ഷക്കാര്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത്. ഭരണപക്ഷത്തിനും അതിനെയൊക്കെ പ്രതിരോധിച്ചും അങ്ങനെ വിലകുറഞ്ഞ രാഷ്ട്രീയനാടകങ്ങള്‍ കളിച്ചും അങ്ങനെ മുന്നോട്ട് പോകാനേ കഴിയൂ. കാരണം നമ്മുടെ രാഷ്ട്രീയത്തിന്റെ നിലവാരം അങ്ങനെയാണ്.
നാട്ടിലെ രാഷ്ട്രീയപാര്‍ട്ടികളിലെ അംഗങ്ങളുടെയും പ്രവര്‍ത്തകരുടെയും നിലവാരം ഒന്ന് പരിശോധിച്ചുനോക്കൂ. വിവിധ തട്ടുകളിലുള്ള നേതാക്കളുടെയും ഭാരവാഹികളുടെയും സില്‍ബന്ധികള്‍ ആയിരിക്കും പാര്‍ട്ടി മെമ്പര്‍മാരും പ്രവര്‍ത്തകരും. സില്‍ബന്ധികള്‍ക്ക് അവരുടെ താല്പര്യങ്ങളും നേതാക്കള്‍ക്ക് അവരുടെ താല്പര്യങ്ങളും കാണും. ആ താല്പര്യങ്ങള്‍ നിറവേറ്റാനാണ് അവര്‍ക്ക് രാഷ്ട്രീയം. സ്വന്തമായി ചിന്താശേഷിയും അഭിപ്രായവും രാഷ്ട്രീയബോധവും ഉള്ള, സമൂഹത്തിന്റെ വിവിധ മേഖലകളെ പ്രതിനിധീ‍കരിക്കുന്ന, പ്രൊഫഷണലുകള്‍, അങ്ങനെ മറ്റുള്ളവര്‍ ഒന്നും ഒരു പാര്‍ട്ടിയിലും മെമ്പര്‍മാരായോ പ്രവര്‍ത്തകരായോ ഒരു പാര്‍ട്ടിയിലും ഉണ്ടാവില്ല. ചെറുതും വലുതുമായ നേതാക്കള്‍ പിന്നെ സില്‍ബന്ധികള്‍ അങ്ങനെയാണ് എല്ലാ പാര്‍ട്ടികളുടെയും ഘടന. മൌലികമായി ചിന്തിക്കുന്നവര്‍ക്ക് ഒരു പാര്‍ട്ടിയിലും അംഗത്വം കിട്ടുകയില്ല. അങ്ങനെ ആരെങ്കിലും കയറിപ്പറ്റിയാല്‍ അവരെ പുകച്ചു പുറത്ത് ചാടിക്കും.

ഇതിനൊക്കെ മാറ്റം വരണമെങ്കില്‍ മതേതരര്‍ എന്ന് പറയുന്ന പോലെ ഒരു പാര്‍ട്ടിയോടും വിധേയത്വമില്ലാത്ത പാര്‍ട്ടി‌ഇതരര്‍ അല്ലെങ്കില്‍ കക്ഷിരഹിതരുടെ ഒരു സമൂഹം ഉയര്‍ന്നു വരണം. തെരഞ്ഞെടുപ്പ് വരുമ്പോള്‍ അപ്പോള്‍ മന:സാക്ഷിപ്രകാരം ആര്‍ക്കെങ്കിലും വോട്ട് നല്‍കാം. അല്ല്ലാതെ ഞാന്‍ ഇന്ന പാര്‍ട്ടിക്കാരനാണ്, ഇന്ന ചിഹ്നം എന്റെ വിഗ്രഹമാണ് എന്ന് പൌരന്മാര്‍ കരുതരുത്. പാര്‍ട്ടികള്‍ നമ്മുടെ ജീവിതത്തില്‍ അങ്ങനെ അനിവാര്യമല്ല. സമൂഹത്തില്‍ എന്തെങ്കിലും സോഷ്യല്‍ വര്‍ക്ക് നടത്തുന്നവരെ അംഗീകരിക്കാം. അതിനപ്പുറം ജാതിമതം പോലെ ഒരു പാര്‍ട്ടി ഐഡന്റിറ്റി ആര്‍ക്കും വേണ്ട. സര്‍ക്കാര്‍ എന്നത് മനുഷ്യന്‍ കണ്ടുപിടിച്ച ഒരു സംവിധാനമാണ്, അതൊരു തുടര്‍ച്ചയാ‍ണ്. സര്‍ക്കാര്‍ എന്ന സംവിധാനം പാര്‍ട്ടികളുടേതല്ല.

ആര്‍. ബാലകൃഷ്ണപ്പിള്ള ആവശ്യപ്പെട്ടപ്പോള്‍ ഗണേഷ് കുമാറിനെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കാനുള്ള സാമാന്യമര്യാദയും നീതിബോധവും ശ്രീമാന്‍ ഉമ്മന്‍ ചാണ്ടി കാണിച്ചിരുന്നുവെങ്കില്‍ അത് ഗണേഷ് കുമാറിന്റെയും യാമിനി തങ്കച്ചിയുടെയും തലയെഴുത്ത് മാറ്റിയിരിക്കുമെന്നും മുന്നണിരാഷ്ട്രീയത്തിന്റെ മര്യാദകള്‍ ആരോഗ്യകരമായി നിലനിന്നിരിക്കുമെന്നും പറഞ്ഞുകൊണ്ട് ഈ കുറിപ്പ് തല്‍ക്കാലം ഉപസംഹരിക്കുന്നു.