Pages

യുക്തിവാദവും കമ്മ്യൂണിസവും !


യുക്തി

ജീവികളിൽ മനുഷ്യനു മാത്രമേ യുക്തിയുള്ളൂ. യുക്തിയെ ആറാം ഇന്ദ്രിയം എന്നാണു വിശേഷിപ്പിക്കാറുള്ളത്. വളർച്ചയെത്തിയ അഞ്ച് ഇന്ദ്രിയങ്ങൾ ഉള്ളതും മനുഷ്യനു മാത്രമാണു. കണ്ണ്, മൂക്ക്, കാത്, നാക്ക്, ചർമ്മം എന്നിവയാണു അഞ്ച് ഇന്ദ്രിയങ്ങൾ. ഈ അഞ്ചും മറ്റ് ജീവികൾക്കും ഉണ്ടെങ്കിലും മനുഷ്യനോളം വളർച്ചയോ പൂർണ്ണതയോ പ്രാപിച്ചതല്ല. ഉദാഹരണത്തിനു സപ്തവർണ്ണങ്ങളും കാണാൻ മനുഷ്യനു മാത്രമേ കഴിയൂ. ചില ജീവികളുടെ ഇന്ദ്രിയങ്ങൾക്ക് മനുഷ്യനുള്ളതിനേക്കാളും കഴിവ് ഉണ്ട് താനും. ഉദാഹരണത്തിനു നായയുടെ ഘ്രാണശക്തി, വവ്വാലിന്റെ ശ്രാവ്യശക്തി എന്നിവ.

പഞ്ചേന്ദ്രിയങ്ങളിൽ കൂടിയാണു വിവരങ്ങൾ മനുഷ്യൻ ശേഖരിക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങളെ അപഗ്രഥിക്കാനുള്ള കഴിവിനെയാണു യുക്തി എന്ന് പറയുന്നത്. വാഹനം വരുമ്പോൾ നടുറോഡിൽ നിൽക്കുന്ന മൃഗം മാറിപ്പോവുകയില്ല. എന്തെന്നാൽ അവയിൽ യുക്തി പ്രവർത്തിക്കുന്നില്ല. യുക്തി എന്ന കഴിവാണു മനുഷ്യനെ മനുഷ്യനാക്കുന്നത്.

എന്നാൽ യുക്തി എല്ലാ മനുഷ്യരിലും ഒരു പോലെയല്ല പ്രവർത്തിക്കുന്നത്. ഒരാളിൽ യുക്തി പ്രവർത്തിക്കണമെങ്കിൽ അയാളുടെ തലച്ചോറിലേക്ക് വിവരങ്ങൾ ബാഹ്യലോകത്ത് നിന്ന് പ്രവഹിക്കേണ്ടതുണ്ട്. ജന്മനാ സഹജവാസനകൾ മാത്രമേ ഏതൊരു ജീവിയെയും പോലെ മനുഷ്യനും ഉള്ളൂ. യുക്തി തീരെ ഇല്ലാത്ത ആരും ഇല്ല എന്ന് നമ്മൾ കണ്ടു. യുക്തിയിൽ ഏറ്റക്കുറവും ഉണ്ട് എന്നും മനസ്സിലാക്കി.

ചിലർ എന്ത്കൊണ്ട് എന്ന ചോദ്യം സ്വയം ചോദിക്കുന്നു. പലരിലും അങ്ങനെ ചോദ്യം ചെയ്യാനുള്ള യുക്തി പ്രവർത്തിക്കുന്നില്ല. എന്ത്കൊണ്ട് ആപ്പിൾ താഴോട്ട് പതിക്കുന്നു എന്ന് സർ ഐസക്ക് ന്യൂട്ടനു മുൻപ് ആരും ചോദിച്ചില്ല. ന്യൂട്ടൻ അതിനു ഉത്തരം കണ്ടെത്തിയപ്പോൾ അത് പ്രപഞ്ചത്തെ കുറിച്ച് നമുക്ക് വ്യക്തമായ വെളിപാട് നൽകി. അങ്ങനെ ചിലരുടെ ചോദ്യം ചെയ്യലുകളിലൂടെയാണു പൊതു അറിവുകൾ സമ്പന്നവും സമ്പുഷ്ടവും ആകുന്നത്. ആ അറിവുകൾ മനുഷ്യരാശിയുടെ പൊതുസ്വത്ത് ആകുന്നു.


ദൈവം ഉണ്ട് എന്ന് പറയുന്നതും ഇല്ല എന്ന് പറയുന്നതും വ്യത്യസ്ത യുക്തികളെ അവലംബിച്ചിട്ടാണു. ദൈവം ഉണ്ട് എന്ന് പറയുന്നവരിൽ ഏകാഭിപ്രായമില്ല. ദൈവത്തെ പറ്റി എത്രയോ സങ്കല്പങ്ങളാണു. ദൈവത്തിൽ വിശ്വസിക്കുന്നവരും ആ സങ്കല്പങ്ങളിൽ തങ്ങൾക്ക് വേണ്ടത് മാത്രമാണു സ്വീകരിക്കുന്നത്. അപ്പോൾ ചിലർ ഇതിൽ ശരിയുണ്ടോ എന്ന് സ്വാഭാവികമായും ചോദിച്ചുപോകും. അത്തരക്കാരെയാണു നമ്മൾ യുക്തിവാദികൾ എന്ന് പറയുന്നത്. ശരി ഏത് എന്ന ചോദ്യത്തിനു വ്യത്യസ്ത ഉത്തരങ്ങൾ ലഭിക്കുമ്പോൾ അതെല്ലാം സ്വീകരിക്കാൻ യുക്തിവാദിക്ക് കഴിയുകയില്ല.

പ്രപഞ്ചരഹസ്യം ദൈവവിശ്വാസിക്കും യുക്തിവാദിക്കും എനിക്കും പൂർണ്ണമായും അറിയില്ല. ആ അറിയായ്മ അറിവില്ലായ്മയായി കരുതാനാണെനിക്കിഷ്ടം.

കമ്മ്യൂണിസം

യൂറോപ്പിൽ വ്യാവസായിക വിപ്ലവത്തിന്റെ ഫലമായി വ്യാപകമായി യന്ത്രവൽക്കരണം നിലവിൽ വന്നു. മുതലാളിമാരും തൊഴിലാളികളും ഉണ്ടായി. ആ കാലഘട്ടത്തിലാണു കാറൽ മാർക്സ് സമൂഹത്തിൽ വരുന്ന മാറ്റങ്ങളുടെ കാരണം എന്ത് എന്ന് സ്വയം ചോദിക്കുന്നത്. അതിനു അദ്ദേഹം കണ്ടെത്തിയ ഉത്തരങ്ങളുടെ ആകെത്തുകയാണു മാർക്സിസം. സമൂഹത്തിന്റെ വളർച്ചയ്ക്കും മാറ്റത്തിനും രണ്ട് വർഗ്ഗങ്ങൾ തമ്മിലുള്ള നിതാന്ത സമരം കാരണമായി വർത്തിക്കുന്നു എന്നും ആത്യന്തികമായി ഒരു വർഗ്ഗരഹിത ലോകം നിലവിൽ വരുമെന്നും മാർക്സ് നിരീക്ഷിക്കുന്നു. ആ വർഗ്ഗരഹിത ലോകത്തിൽ അസമത്വങ്ങളില്ല. ഭരണകൂടങ്ങളില്ല. എല്ലാ മനുഷ്യർക്കും ഏറ്റവും ഉന്നതമായ ബോധനിലവാരം. അത്കൊണ്ട് ആർക്കും സ്വാർത്ഥതയില്ല. ആരും അധികം കൈപ്പറ്റാത്തത്കൊണ്ട് അസമത്വങ്ങളില്ല. അപരന്റെ വാക്കുകൾ എല്ലാവരും സംഗീതം പോലെ ആസ്വദിക്കുന്നു. ഇത്രയും സംഭവിക്കാൻ പോകുന്നത് അനുസ്യൂതവും അഭംഗുരവുമായി നടക്കുന്ന വർഗ്ഗസമരത്തിന്റെ അനന്തരഫലമായിട്ടാണു.

നമുക്ക് കാറൽ മാർക്സിനെയും മാർക്സിസത്തെയും ഒരു നിമിഷത്തേക്ക് മറക്കാം. എന്നിട്ട് സ്വയം ചോദിക്കാം. ഭൂമിയിൽ എന്നെങ്കിലും അസമത്വങ്ങളില്ലാത്ത, ഭരണകൂടങ്ങളില്ലാത്ത ഒരു ലോകം നിലവിൽ വരുമോ? എന്റെ ബുദ്ധി ചെറുതായത്കൊണ്ടാകാം, എനിക്ക് കിട്ടുന്ന ഉത്തരം ഇംപോസ്സിബിൾ ആണെന്നാണു. മാത്രമല്ല, പിണറായി സഖാവോ പ്രകാശ് കാരാട്ടോ സ്വയം ചോദിച്ചാൽ പോലും എനിക്ക് കിട്ടിയ ഉത്തരം മാത്രമേ ലഭിക്കൂ എന്നും ഞാൻ വിശ്വസിക്കുന്നു.

പിന്നെ എന്തിനാണു കമ്മ്യൂണിസ്റ്റ് പാർട്ടി? രാഷ്ട്രീയപാർട്ടികൾ ജനാധിപത്യവ്യവസ്ഥയിൽ അനിവാര്യമാണു. ഭൂമിയിൽ മനുഷ്യൻ ഉള്ള കാലത്തോളം സർക്കാർ സംവിധാനവും ഉണ്ടാകും. ഏറ്റവും നല്ല ഭരണവ്യവസ്ഥ ജനാധിപത്യമാണു. അത് ബ്രിട്ടന്റെ മോഡലിൽ പാർലമെന്ററി സിസ്റ്റമാകാം. യു.എസ്.എ. മോഡലിൽ പ്രസിഡൻഷ്യൽ സിസ്റ്റമാകാം. കമ്മ്യൂണിസ്റ്റ് പാർട്ടി മാർക്സിന്റെ കാല്പനികമായ ആശയങ്ങൾ തള്ളിക്കളയണം. ലെനിന്റെയും സ്റ്റാലിന്റെയും സംഘടനാതത്വങ്ങൾ നിരാകരിക്കണം. തൊഴിലാളിവർഗ്ഗ സർവ്വാധിപത്യം എന്ന ഒറ്റപ്പാർട്ടി ഭരണ സമ്പ്രദായത്തെ തള്ളിപ്പറയണം. വിപ്ലവമല്ല അനുസ്യൂതമായ പരിവർത്തനമാണു സമൂഹത്തിൽ നടക്കേണ്ടത് എന്ന് അംഗീകരിക്കണം. എന്നിട്ട് ഒരു ഡിമോക്രാറ്റിക്ക് കേഡർ പാർട്ടിയാകണം.

8 comments:

  1. ദൈവം ഇല്ലെന്ന് നമ്മള്‍ പറയുകയാണെങ്കില്‍ , മനുഷ്യന് ബുദ്ധിയും യുക്തിയും വന്നതിനു ശേഷമായിരിക്കില്ലേ ദൈവത്തെ 'മനുഷ്യന്‍ സൃഷ്ടിച്ചത് ' അല്ലെങ്കില്‍ ഒരു ദൈവത്തിന്‍റെ ആവശ്യകത മനസിലാക്കിയത് ? അപ്പോള്‍ യുക്തിയോടെ ചെയ്ത ഒരു കാര്യമാവും ദൈവത്തിന്‍റെ സൃഷ്ടി !!

    പിന്നെ
    കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ ഒരു 'ഡെമോക്രാറ്റിക്' രീതി വന്നാല്‍ ഇപ്പോഴത്തെ നേതാക്കളായ എത്ര സഖാക്കള്‍ പാര്‍ട്ടിയുടെ ഉന്നതസ്ഥാനങ്ങളില്‍ തിരഞ്ഞെടുക്കപ്പെടും ? നമ്മുടെ കാരാട്ട് സഖാവിന് എന്തോരം അണികളുടെ പിന്തുണ ഉണ്ടാവും ?

    ReplyDelete
  2. അസമത്വമില്ലാത്ത ഒരു ലോകമോ രാജ്യമോ ഭരണമോ വരികയില്ല.

    വരും, എപ്പോഴെങ്കിലും രണ്ട് മനുഷ്യര്‍ 100% ഒരേപോലെ ആകുന്ന ഒരു സമയം വരുമെങ്കില്‍.

    ReplyDelete
  3. ദൈവം ഉണ്ടെന്നു പറയുന്നവർ യുക്തിവിചാരങളാലല്ല,ഒരു വിശാസമായിട്ടാണു ദൈവത്തെ കാണുന്നതു.

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. സുകുമാരേട്ടാ സുഖം തന്നെ അല്ലെ ..? :)

    പിന്നെ വിഷയം ഇവിടെ പഴയതാണ് .. ന്നാലും രണ്ടു വരി കുറിക്കാതെ വാസുവിന് പോകാന്‍ പറ്റില്ലാലോ ..:)

    യുക്തി എന്നത് ചിന്ത എന്നതിന്റെ പര്യായമാകുന്നു ....ജീവന്‍ എന്നത് ചിന്ത എന്നതിന്റെ പര്യായമാകുന്നു ..എ അങ്ങനെ വരുമ്പോള്‍ , ജീവന്റെ അനിവാര്യതാണ് യുക്തി എന്നാ നിഗമനത്തില്‍ എത്തേണ്ടി വരും .. ജീവന്റെ അനുസ്യോതവും നിസ്സീമവും ആയ തുടര്‍ച്ച ആണ് ലോകം , പ്രപഞ്ചം എന്നിവ എന്ന് നിരൂപിക്കുന്നു എങ്കില്‍ , യുക്തിയുടെ അനുസ്യൂതമായ തുടര്‍ച്ചയാണ് അത് എന്ന് പറയാം .. അതായതു അപ്പോള്‍ യുക്തി വ്യക്തിപരം എന്ന് വരുന്നില്ല അന്ന് വരും ..അതായതു അദ്വൈതം എന്ന് തന്നെ ഹ ഹ !

    പിന്നെ , കമ്യൂണിസം .. ഇവിടെ വിഷയം മൌഷ്യന്‍ എന്നാ അവസ്ഥ എങ്ങനെ ആയിരിക്കണം എന്നും , ആ അവസ്ഥയുടെ പര്‍ണതിയിലേക്ക് നാം എങ്ങനെ എത്തിച്ചേരാം എന്നത് ആണ് . . മന്‍ഷ്യന്‍ എന്ന ജീവിയുടെ പ്രധാന സവിശേഷത അത് സാമൂഹ വുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് .. അത്യായത് വ്യക്തി , അല്ലെങ്കില്‍ വ്യക്തികള്‍ അന്നിവ മാത്രമായി മനുഷ്യ വംശം നിലനിക്കില്ല തന്നെ .. പരസ്പര ബന്ധിതമായ ഒരു സാമൂഹ്യ വ്യവസ്ഥയുടെ കണ്ണികള്‍ ആയാണ് ഓരോ മനുഷ്യനും വര്‍ത്തിക്കുന്നത് ... അത് കൊണ്ട് തന്നെ കടുവ പുലി എന്നിവയില്‍ നിന്നും വ്യത്യുസ്തമായി മനുഷ്യന് ഉണ്ടായിരിക്കേണ്ട സദ്‌ ഗുണങ്ങളില്‍ ഏറ്റവും പ്രധാനം അവന്‍ അത്ര കണ്ടു ഒരു സാമൂഹ്യ ജീവിയാണ് എന്നതാണ് ( ഇതി കുറവ് സംഭവിച്ചാല്‍ അവന്റെ സ്പീഷിസ് കുറ്റി അറ്റ് പോകും എന്നര്‍ത്ഥം )

    അത് കൊണ്ട് പൊതുവില്‍ മാനുഷികഗുണങ്ങള്‍ .,മനുഷ്യത്വം എന്നിവ ആയി നാം അറിയുന്ന അല്ല ഗുണങ്ങളും മനുഷ്യന്റെ സമൂഹ്യമായ ഇടപെടലുകളില്‍ അവന്‍ അത്ര കണ്ടു മികച്ചു നില്ല്കുന്നു ( എത്ര കണ്ടു മനുഷ്യത്വം കാണിക്കുന്നു ) എന്നതിന്റെ അളവുകള്‍ മാത്രം ആണ് . അതായതു താനും സമൂഹവും തമ്മില്‍ ഒരു തുടര്‍ച്ച ഉണ്ടെന്നും ആ തുടര്‍ച്ച ഉള്ളത് കൊണ്ട് തന്നെ തമ്മില്‍ തമ്മില്‍ സംഭാവന ഉണ്ടെന്നും സഹജമായ ഒരു ബോധം ഇതു മനുഷ്യ ശിശുവിലും ജനിക്കുമ്പോള്‍ മുതല്‍ ( അതിനു മുന്‍പും ) അന്കുരിക്കുന്നുണ്ട് . സാമൂഹ്യമായ തുല്യത എന്നത് ഇത്തരം ഒരു അടിസ്ഥാന മാനവിയ ഗുണം ആയതിനാല്‍ , അതിനെ പരിപോഷിപ്പിക്കുക എന്നത് മനുഷ്യ വംശത്തിന്റെ ചുമലയും അതിന്റെ വളര്‍ച്ചയുടെ അളവുകോലും ആകുന്നു . എന്നെകിലും പൂര്‍ണ സമത്വം ഉണ്ടാകുമോ എന്നതല്ല , എത്ര കണ്ടു നാം അതിലേക്കു പുരോഗമിക്കുന്നു എന്നതാണ് വിഷയം. രാജ വ്യവസ്ഥയില്‍ നിന്നും , നാം ജനാധിപത്യത്തിലേക്ക് വന്നത് ഒരു ഉദാഹരണം മാത്രം ആണ്

    ഇനി ഈ പ്രക്രിയ ഏതൊക്കെ വിധത്തില്‍ നടത്താം എന്നതാണ് പൊതുവില്‍ നാം ഇസങ്ങളും പ്രത്യയ ശാസ്ത്രങ്ങലും മറ്റു സാമൂഹ്യ ഉപകരനഗല്‍ ആയ ജനാധിപത്യം എന്നിവ കൊണ്ടും ഒക്കെ ഉദ്ദേശിക്കുന്നത് .. തീര്‍ച്ചയായും ഓരോ നൂറ്റാണ്ട് മുന്‍പ് അന്നത സാമൂഹ്യ സാഹചര്യത്തില്‍ രൂപം കൊണ്ട ഒരു ചിന്താ ധാര മാത്രം ആണ് കമ്യൂണിസം .. അത് കൊണ്ട് തന്നെ കാലഘട്ടം മാറുമ്പോഴും അതിന്റെ പ്രസക്തി പുനര്‍ മൂല്യ പരിശോധനക്ക് വിധേയമാക്ക്നെടി വരുന്നു എന്നത് തന്നെയാണ് യാഥാര്‍ത്ഥ്യം.. അങ്ങനെ നോക്കുമ്പോള്‍ ഇന്നത് കമ്യൂണിസം എന്നാ സാമൂഹ്യ എന്ജിനീരിംഗ് ടൂള്‍ വേണ്ട അത്ര പര്സക്തം അല്ല എന്ന് കാണാം . പക്ഷെ സമത്വ ബോധം എന്നാ മാനുഷിക ഉന്നമനതിലേക്ക് എത്താന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ തേടെണ്ടതുണ്ട് എന്ന് തന്നെ പറയാം .

    ReplyDelete
  7. "ഉദാഹരണത്തിനു സപ്തവർണ്ണങ്ങളും കാണാൻ മനുഷ്യനു മാത്രമേ കഴിയൂ."

    ഈ വാക്കുകൾ ചിമ്പാൻസികൾ “കാണണ്ട” ;)

    മാഷിന്റെ പ്രസ്താവന എത്രമാത്രം ശരിയാണെന്ന് ഒന്നു കൂടി നോക്കുന്നത് നല്ലതാണെന്നു തോന്നുന്നു...

    ReplyDelete