Pages

മണ്ണും മലയാളിയും

നാട്ടില്‍ ഇപ്പോള്‍ വസ്തു കച്ചവടം അങ്ങനെ നടക്കുന്നില്ല. ഒന്ന് രണ്ട് ബ്രോക്കര്‍മാര്‍ എന്നോട് പറഞ്ഞതാണ്. ഒരുപാട് സ്ഥലങ്ങള്‍ വിലനയ്ക്കുണ്ട്. എനിക്കും വില്‍ക്കാനുണ്ട് ഒരു 22.5 സെന്റ് സ്ഥലം. പക്ഷെ ആരും വാങ്ങാനാളില്ല. സ്ഥലത്തിന് വാണം പോലെയാണ് വില കുതിച്ചുയര്‍ന്നത്. ഈ വിലക്കുതിപ്പ് സത്യത്തില്‍ നാട്ടിലെ ബ്രോക്കര്‍മാര്‍ കൃത്രിമമായി ഉണ്ടാക്കിയതായിരുന്നു. വിദേശത്ത് നിന്ന് എന്തെങ്കിലും പൈസ വരവുള്ളവരോട് ബ്രോക്കര്‍ പറയും ഒരു വസ്തു വില്‍ക്കാനുണ്ട്, അത് ഇപ്പോ വാങ്ങിയാല്‍ ഞാന്‍ തന്നെ ആറ് മാസം കഴിഞ്ഞാല്‍ ഇരട്ടി ആദായത്തിന് വിറ്റ് തരാം എന്ന്. മിച്ചമായി പൈസ അല്പം കൈയിലുള്ളവര്‍ വിചാരിക്കും ഈ പൈസ കൊണ്ട് മറ്റൊന്നും ചെയ്യാനില്ലാലോ, അത് കൊണ്ട് ഏതായാലും സ്ഥലം വാങ്ങാമെന്ന്. ബ്രോക്കര്‍ക്ക് 3% കമ്മീഷൻ. പ്രമാണം റജിസ്റ്റർ ചെയ്യുന്ന അന്ന് റജിസ്ട്രാഫീസിൽ ഒരു ഡസനിലധികം ആൾക്കാരുണ്ടാകും. ബ്രോക്കറും സബ് ബ്രോക്കർമാരും സിൽബന്ധികളും എല്ലാം കൂടി. പറഞ്ഞ പോലെ ബ്രോക്കർ ആറ് മാസത്തിനുള്ളില്‍ വേറെ ഒരാളെ കൂട്ടി വരും. ദോഷം പറയരുത് സെന്റിന് അമ്പതിനായിരം വെച്ച് കൂട്ടിക്കിട്ടും. അപ്പോഴും ബ്രോക്കര്‍ക്ക് കമ്മീഷൻ. 

ചിലപ്പോൾ ബ്രോക്കർ പറയും നിങ്ങൾ അഡ്വാൻസായി ഒരു തുക കൊടുത്ത് എഗ്രീമെന്റ് എഴുതിയാൽ മതി. എഗ്രീമെന്റ് കാലാവധിക്ക് മുന്നെ നല്ല ലാഭത്തിനു വിറ്റു തരാം. അതും നടക്കാറുണ്ട്. അങ്ങനെ ബ്രോക്കർ കമ്മീഷനു വേണ്ടി ബ്രോക്കർമാരാണു ഭൂമിവില ഉയർത്തിയത്. വിൽക്കാൻ വേണ്ടിയാണു ആളുകൾ വസ്തു വാങ്ങിക്കൂട്ടിയത്. യഥാർത്ഥ ആവശ്യക്കാർ വാങ്ങിയത് വളരെ ചുരുക്കം. അത്കൊണ്ടെന്തായി എന്ന് ചോദിച്ചാൽ വീട് വെക്കാൻ ഒരു സാധാരണക്കാരനു 5 സെന്റ് സ്ഥലം വാങ്ങാൻ കഴിയാതായി. ഇപ്പോൾ എവിടെയോ സ്റ്റക്ക് ആയിപ്പോയി എന്ന് തോന്നുന്നു. ഡീലർമാർ സ്ഥലം വാങ്ങുന്നില്ല. യഥാര്‍ത്ഥ ആവശ്യക്കാര്‍ക്ക് വാങ്ങാന്‍ കഴിയുന്നില്ല, വില്‍ക്കാന്‍ വാ‍ങ്ങിയവര്‍ക്ക് വില കുറച്ച് വില്‍ക്കാനും കഴിയുന്നില്ല. അത്കൊണ്ട് നാട്ടിൽ ഇപ്പോൾ എവിടെ നോക്കിയാലും കാട് പിടിച്ച പറമ്പുകൾ കാണാം. മണ്ണ് ഇങ്ങനെ വെറുതെ കിടക്കുകയാണ്. 

പണ്ട് ഇങ്ങനെയായിരുന്നില്ല. ഒരിഞ്ച് മണ്ണ് ആളുകള്‍ വെറുതെ ഇടൂല്ല. പറമ്പത്ത് പലതരം ചേമ്പ്, ചേന , കാച്ചില്‍, പൊടിക്കിഴങ്ങ്, മരച്ചീനി, കൂവ, ഇങ്ങനെ പലതും കൃഷി ചെയ്യൂമായിരുന്നു. കൂടാതെ മാവ്, പ്ലാവ്, തെങ്ങ് തുടങ്ങിയ വൃക്ഷങ്ങളും. തരിശ് പറമ്പില്‍ മധുരക്കിഴങ്ങ് നടും. രണ്ട് വിളയെടുത്ത് ഒഴിഞ്ഞ പാടത്ത് വെള്ളരിയും കുമ്പളവും നടും. മിക്ക വീടുകളിലും പശു, ആട്, കോഴി എന്നിവയെ വളര്‍ത്തും. എന്നാലും മൊത്തത്തില്‍ ദാരിദ്ര്യമായിരുന്നു എന്നത് വേറെ വിഷയം. ഇന്ന് മണ്ണിനോട് ആര്‍ക്കും സ്നേഹമില്ല. എല്ലാം കടയില്‍ പോയി വാങ്ങാന്‍ കഴിയുന്നത്കൊണ്ട് നട്ട് നനച്ചുണ്ടാക്കാന്‍ ക്ഷമയോ താല്പര്യമോ ഇല്ല. 
ബാംഗ്ലൂരില്‍ മലയാളികളുടെ വീടുകള്‍ കണ്ടാല്‍ പെട്ടെന്ന് മനസ്സിലാകും. വീടിന് മാത്രമല്ലേ സ്ഥലമുള്ളൂ. തൊട്ടടുത്ത വീടുകള്‍ തമ്മില്‍ രണ്ടടി അകലം ഉണ്ടാകും. ഏറിയാല്‍ നാലടി, രണ്ട് വീടിന്റെയും കൂടി. എല്ലാ വീടിന്റെയും മുന്നില്‍ റോഡ് ഉണ്ടാകും. വീടിന്റെ കോമ്പൌണ്ട് മതിലിനും റോഡ് ടാര്‍ ചെയ്ത ഭാഗത്തിനും ഇടയില്‍ മതിലിനോട് ചേര്‍ന്ന് ചില വീടുകള്‍ക്ക് മുന്നില്‍ മാവ്, പ്ലാവ്, മുരിങ്ങ, പേരക്ക, വാഴ എന്നിവ വളര്‍ത്തിയിരിക്കുന്നത് കാണാം. അത് മലയാളി വീടായിരിക്കും. 

നാട്ടില്‍ ഒരു വീട് പണിതാല്‍ അടുത്ത പരിപാടി ഗാര്‍ഡന്‍ സെറ്റ് ചെയ്യലാണ്. അതിനു കുറെ ഗാര്‍ഡന്‍ കമ്പനിക്കാരുണ്ട്. ഒഴിവ് സ്ഥലത്തെല്ലാം ലാണ്‍ ഗ്രാസ്സ് വെച്ച് പിടിപ്പിച്ചു തരും. പോരാത്തതിന് ഒരു മിനിയേച്ചര്‍ കുളവും. ആമ്പലും മറ്റും നടാനാണ്. സെറ്റ് ചെയ്ത് നല്ലൊരു കാശും വാങ്ങി ഗാര്‍ഡന്‍‌കാരന്‍ പോയാല്‍ പിന്നെ ആ ഗാര്‍ഡന്‍ ഒരു കൊല്ലം കാണും. അത് കഴിഞ്ഞ് ഗാര്‍ഡന്‍ മെയിന്റയിന്‍ ചെയ്യണമെങ്കില്‍ വീണ്ടും നല്ല കാശ് മുടക്കണം. അതിനധികം പേരും തയ്യാറാകാറില്ല. ചുരുക്കം വീടുകളില്‍ മാത്രമേ ഗാര്‍ഡന്‍ മെയിന്റനന്‍സ് നടക്കാറുള്ളൂ. എന്നാലും ഉപകാരപ്രദമായ ഒന്നും അവിടെ നടാന്‍ ആരും മെനക്കെടാറുമില്ല. എന്തിന്? പഴങ്ങളും പച്ചക്കറികളും എല്ലാം പീടികകളില്‍ നിറഞ്ഞിരിക്കുകയല്ലേ. 

കേരളത്തിലെ പോലെ ഇതര സംസ്ഥാനങ്ങളിലും ഉപഭോഗസമൂഹം മാത്രമായിപ്പോകരുതേ എന്നും , നാളയും നാളെയും നമുക്ക് വേണ്ടുന്നതെല്ലാം അവര്‍ ഉല്പാദിപ്പിച്ച് തരണേ എന്നും പ്രാര്‍ത്ഥിക്കാം.

15 comments:

  1. സുകുമാരേട്ടാ നഗ്ന യാഥാര്‍ത്ഥ്യം . സൂക്ഷികുക ബ്രോകര്‍ മാര്‍ക്കും സംഘടന യുള്ള കാലമാണ് .തങ്ങളുടെ അസുഖമോകെ ഭേദമായി എന്ന് കരുതുന്നു . ഇപ്പോള്‍ ബാംഗളൂര്‍ലാണോ ഉള്ളത് ?കോണ്‍ഗ്രസിലെ സംഘടന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ഉള്ള പോസ്റ്റ്‌ വായിച്ചു .കന്ഗ്രസ്സുകര്കുള്ള നല്ല ഉപദേശം തന്നെ. ഭൂമി വിഷയവുമായി ബന്ധപ്പെട്ടു ഇന്നലെ കോടിയേരിയുടെ ഒരു പോസ്റ്റ്‌ തങ്ങളുടെ ശ്രദ്ധയില്‍ പെട്ടിടുണ്ടാകുമെന്നു കരുതുന്നു . അതിന്റെ ഒരു ചുരുക്കം താഴെ കൊടുക്കാം
    " ഭൂപരിഷ്‌കരണനിയമം അട്ടിമറിച്ചതോടെ സാധാരണക്കാര്‍ക്ക് ഒരു സെന്‍റ് ഭൂമി വിലകൊടുത്തു വാങ്ങാനാവാത്ത സ്ഥിതിയാണ് യുഡിഎഫ് സര്‍ക്കാര്‍ ഉണ്ടാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് ഭൂമിയുടെ എല്ലാ ഇടപാടും ഇപ്പോള്‍ റിയല്‍ എസ്‌റ്റേറ്റ് മാഫിയയാണ് നിയന്ത്രിക്കുന്നത്. യുഡിഎഫ് സര്‍ക്കാര്‍ ഭൂപരിഷ്‌കരണനിയമം അട്ടിമറിച്ചതോടെയാണ് ഇതിന് കളമൊരുങ്ങിയത്.

    ഒരാള്‍ക്ക് പരമാവധി 15 ഏക്കര്‍ ഭൂമിവരെ മാത്രമേ കൈവശം വയ്ക്കാനാവൂ എന്ന നിയമം ഇ എം എസ് സര്‍ക്കാര്‍ നടപ്പാക്കി. കൂടുതല്‍ ഭൂമിയുണ്ടെങ്കില്‍ അത് ഏറ്റെടുക്കും. എന്നാല്‍, യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം അനുസരിച്ച് 15 ഏക്കറില്‍ അധികം ഭൂമിയുണ്ടെങ്കില്‍ അതില്‍ ഒരു ഹെക്ടറില്‍ കശുമാവിന്‍തൈകള്‍ നട്ടാല്‍ പിന്നെ ഏറ്റെടുക്കാനാവില്ല. ഇതിലൂടെ ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയാണ് കൈവശം വയ്ക്കാന്‍ അവസരമൊരുക്കിയത്. തോട്ടങ്ങളുടെ അഞ്ചു ശതമാനം ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന നിയമം കൊണ്ടുവന്നതോടെ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി റിയല്‍എസ്‌റ്റേറ്റ് മാഫിയയുടെ കൈയിലായി.

    ഭൂരഹിതരായ എല്ലാവര്‍ക്കും മൂന്നു സെന്റ് ഭൂമിവീതം നല്‍കുമെന്ന് മന്ത്രി അടൂര്‍ പ്രകാശ് കഴിഞ്ഞദിവസം പറഞ്ഞു. ഇതിലൂടെ ഭൂരഹിതരെ വ്യാമോഹിപ്പിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ കരുതരുത്. ഭൂരഹിതര്‍ക്ക് കുറഞ്ഞത് 10 സെന്റ് എങ്കിലും നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുമ്പോഴാണ് കേരളത്തിലെ ഈ നിലപാട്. വഞ്ചനാ പരമായ നിലപാടുകള്‍ ആണ് യു ഡി എഫിന്‍റെ മുഖമുദ്ര. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇ എം എസ് ഭവനപദ്ധതി അട്ടിമറിച്ചു. നെല്‍വയല്‍ നികത്തുന്നതിന് അവസരമൊരുക്കി. ഇതുവഴി 50,000 ഏക്കര്‍ ഭൂമി നികത്തിയതിനാണ് അംഗീകാരം കൊടുത്തത്. "

    ഈ വിഷയത്തില്‍ സുകുമാരേട്ടന്റെ അഭിപ്രായം അറിയാന്‍ താല്പര്യം . ഏതായാലും തങ്ങളുടെ ഈ പോസ്റ്റ്‌ ഞാന്‍ ഷെയര്‍ ചെയുന്നു .

    ReplyDelete
  2. @ Reedesh കോടിയേരി എന്ന രാഷ്ട്രീയക്കാരന്റെ പ്രസ്താവനയെക്കുറിച്ച് ഞാന്‍ എന്ത് അഭിപ്രായം പറയാനാണ്? 1957ല്‍ ഇ.എം.എസ്സ്. ഭൂരിപരിഷ്ക്കരണം നടപ്പാക്കിയെങ്കില്‍ പിന്നെയും 55 കൊല്ലം കഴിഞ്ഞ് എങ്ങനെയാണ് അത് അട്ടിമറിക്കാന്‍ യു.ഡി.എഫ്. സര്‍ക്കാരിന് കഴിയുക? മാത്രമല്ല, ഭൂപരിഷ്ക്കരണവും കഴിഞ്ഞ് ഏ.കെ.ജി.യുടെ നേതൃത്വത്തില്‍ മിച്ചഭൂമി സമരവും നടന്നിരുന്നു. കോടിയേരിയൊക്കെ പറയുന്ന സാദാ പ്രസംഗത്തിന് മറുപടി പറയാന്‍ ആര്‍ക്കാ നേരം? പിന്നെ, ഭൂപരിഷ്ക്കരണം സത്യത്തില്‍ ഒരു മഹാ തട്ടിപ്പ് ആയിരുന്നു. ഭൂമിയുടെ അവകാശികള്‍ക്കോ , ഭൂമി ഇല്ലാത്തവര്‍ക്കോ അന്ന് ഭൂമി കിട്ടിയില്ല. പാട്ടക്കൃഷിക്കാര്‍ക്ക് 15 ഏക്കര്‍ കിട്ടി. പാട്ടക്കൃഷിക്കാരന്റെ സ്ഥലത്ത് കുടില്‍ വെച്ച് താമസിച്ചവന് 10 സെന്റ് കുടികിടപ്പും കിട്ടി. തോട്ടമുടമകൾക്ക് എത്ര ഹെക്ടറും കൈവശം വെക്കാന്‍ കഴിഞ്ഞു. ഇതില്‍ ഒന്നിലും പെടാത്ത ആളുകള്‍ക്ക് ഒന്നും കിട്ടിയില്ല. ഭൂരഹിതരെ യഥാര്‍ത്ഥത്തില്‍ വഞ്ചിക്കുകയാണ് അന്ന് ഇ.എം.എസ്സ്. ചെയ്തത്. ഇന്നും ഭൂസമരം നടക്കാന്‍ കാരണം അന്നത്തെ ആ ചതിയാണു.
    5 minutes ago · Edited · Like

    ReplyDelete
  3. ഈ വിലക്കുതിപ്പ് സത്യത്തില്‍ നാട്ടിലെ ബ്രോക്കര്‍മാര്‍ കൃത്രിമമായി ഉണ്ടാക്കിയതായിരുന്നു എന്നു പറയുന്നതിനോട് എനിക്കു യോജിപ്പില്ല സര്‍ , ബ്രോക്കര്‍ പറയുന്നതു കേട്ട് കണ്ണും പൂട്ടി അന്ന്യായവിലക്ക് ആരെങ്കിലും സ്തലം വാങ്ങുമോ?, കയ്യില്‍ പൈസ ഉള്ളവരെല്ലാം മണ്ടന്മാരാണോ?. മറിച്ചുകച്ചവടക്കാരാണ്‍ സത്യത്തില്‍ ഭൂമിക്ക് വിലക്കയറ്റമുണ്ടാക്കിയത്, പിന്നെ ബ്രോക്കര്‍ എന്നു പറയുന്നവരും ജീവിക്കാന്‍ വേണ്ടിയാണു സര്‍ ഈ തൊഴില്‍ ചെയ്യുന്നത്, ഇതിനു പിന്നിലും ഒത്തിരി അധ്വാനമുണ്ട്, പിന്നെ കള്ളനാണയങ്ങള്‍ എല്ലാ വിഭാഗത്തിലുമില്ലേ?, ഒരേ സ്തലം തന്നെ വീണ്ടും വീണ്ടും വില്‍ക്കുംബോളും ബ്രോക്കര്‍ക്കു കമ്മീഷന്‍ കിട്ടുന്നതിനോടാണു സാറിനു അമര്‍ഷം, കഴിഞ്ഞമാസം കയറിയ അതേ തെങ്ങില്‍ തന്നെ കയറി തേങ്ങയിട്ട തെങ്ങുകയറ്റക്കാരന്‍ വീണ്ടും കൂലി കൊടുക്കണോ എന്നു ചോദിച്ചാല്‍ എന്തു പറയാന്‍. പിന്നെ സാറും അമിത വില പ്രതീക്ഷിക്കുന്നതുകൊണ്ടല്ലേ സ്വന്തം ഭൂമിയും വാങ്ങാനാളില്ലാത്തത്, കുറച്ചു വില പറഞ്ഞു നോക്കൂ അപ്പോള്‍ വാങ്ങാന്‍ ആള്‍ക്കാര്‍ വരുന്നതു കാണാം. ബ്രോക്കര്‍മാര്‍ എല്ലാവരും മോശക്കാരല്ല സര്‍ ..

    ReplyDelete
  4. // കഴിഞ്ഞമാസം കയറിയ അതേ തെങ്ങില്‍ തന്നെ കയറി തേങ്ങയിട്ട തെങ്ങുകയറ്റക്കാരന് വീണ്ടും കൂലി കൊടുക്കണോ എന്നു ചോദിച്ചാല്‍ എന്തു പറയാന്‍ // അത് കലക്കി :)

    പിന്നെ, എന്റെ സ്ഥലം വാങ്ങിയ വിലയില്‍ കുറച്ച് വില്‍ക്കൂല്ലാ. കാശിനു ഇപ്പോള്‍ അങ്ങനെ ആവശ്യമൊന്നുമില്ല. രണ്ട് കൊല്ലം മുന്നെ വാങ്ങിയതാണ്. ആ വാങ്ങിയ വിലയ്ക്ക് വില്‍ക്കാം. പലിശ വേണ്ടെന്ന് വെക്കാം. ആര്‍ക്കും വാങ്ങിയ വിലയില്‍ കുറച്ച് വില്‍ക്കാന്‍ കഴിയില്ലാലോ. അവിടെ നില്‍ക്കട്ടെ. ഇതാണ് നാട്ടില്‍ മണ്ണ് വെറുതെ വില്പനച്ചരക്ക് മാത്രമായി നില്‍ക്കാന്‍ കാരണം.

    ReplyDelete
  5. കേരളത്തിലെ കാലികമായ ഒരു ഗുരുതര പ്രശ്നത്തിന്റെ മര്‍മത്താണ് KPS തൊട്ടത്‌.... .........

    ReplyDelete
  6. പാവപ്പെട്ടവര്‍ക്ക് ഒരു തുണ്ട് ഭൂമി വാങ്ങി ഒരു വീട് വയ്ക്കുകയെന്നത് കഠിനമാകുന്നു

    പത്തിരുപത് വര്‍ഷം മുമ്പ് ഞാന്‍ ഒരു പിക്ക്-അപ് ട്രക്ക് വാങ്ങിയപ്പോള്‍ എന്റെ അയല്‍ വാസി കുരിയച്ചന്‍ എന്നോട് പറഞ്ഞു: കൊച്ചേ, ട്രക്ക് കമ്പനിക്കാര്‍ ഈ വര്‍ഷം 1000 ട്രക്ക് ഉണ്ടാക്കും. അടുത്ത വര്‍ഷം 2000 ഉണ്ടാക്കും. കൊച്ച് ഈ പൈസയ്ക്ക് ഭൂമി വാങ്ങിയിട്. അത് ആര്‍ക്കും അടുത്തവര്‍ഷം ഇരട്ടിപ്പിക്കാന്‍ കഴിയില്ല്ല. അന്ന് ഞാന്‍ അത് കേട്ടില്ല. അന്നത്തെ നാലുലക്ഷത്തിന് രണ്ടേക്കര്‍ ഭൂമി വാങ്ങാമായിരുന്നു. ഇന്നതിന്റെ മാര്‍ക്കറ്റ് വാല്യു രണ്ടുകോടി രൂപ (ഞങ്ങളുടെ നാട്ടില്‍). ഇരുപത് വര്‍ഷം പ്രായമായ എന്റെ ട്രക്കിന് ഒരാള്‍ കഴിഞ്ന്‍ ജമാസം നാല്പതിനായിരം രൂപ വിലപറഞ്ഞു. കുരിയച്ചന്‍ ദ് ഗ്രേറ്റ്

    ReplyDelete
  7. ഭൂമി വിഷയത്തില്‍ താങ്കളുടെ കാഴ്ച്ചപ്പാടുകള്‍ യുക്തം.നാട്ടില്‍ നടന്നുകൊണ്ടിരുന്നതും ഇപ്പോഴും നടക്കുന്നതും ആയ കാര്യങ്ങള്‍ മാത്രമെ താങ്കള്‍ പറഞ്ഞിട്ടുള്ളൂ.
    അതുകൊണ്ടുതന്നെയാണ് "എവിടെ നോക്കിയാലും കാട് പിടിച്ച പറമ്പുകൾ "കാണുന്നതും.
    പ്രധാനപ്പെട്ട ഒരു വിഷയം നന്നായി അവതരിപ്പിച്ചതിന് അഭിനന്ദനങ്ങള്‍

    ReplyDelete
  8. സ്ഥല വില്പന പണ്ടത്തെ പോലെ ഉണ്ടോ ഇല്ലയോ എന്നൊന്നും പുണ്യവാളനു അറിയില്ല ഒന്നറിയാം ഇന്നും അഞ്ചു സെന്റ്‌ ഭൂമി വാങ്ങി അതില്‍ ഒരു കൊച്ചു വീട് വയ്ച്ചു കഴിയാന്‍ സാധാരണ കാരനും കഴിയുന്നില്ല , പിടിച്ചു പറിയാണ് എല്ലാ മേഖലയിലും അതിനിറങ്ങുന്നവര്‍ക്കെ അതറിയൂ

    സ്നേഹാശംസകള്‍ @ പിടിച്ചു കൊന്നാല്‍ തീരുമോ

    ReplyDelete
  9. കാലികപ്രസക്തിയുള്ള വിഷയം.
    ആശംസകള്‍

    ReplyDelete
  10. വളരെ കൃത്യമായി വസ്തുതകള്‍ പറഞ്ഞിരിക്കുന്നു.
    മേല്‍ അനങ്ങാതെ വല്ലവന്റെയും വസ്തുവിന് അന്ന്യയമായ കമ്മിഷന്‍ വാങ്ങി പുട്ടടിക്കുന്നവരാന് ബ്രോക്കര്‍മാര്‍
    അവര്‍ തന്നെ ആണ് വസ്തുകളുടെ വില കൂട്ടുന്നതും.
    ഒരു നിശ്ചിത തുക കമ്മിഷന്‍ എന്ന് പറഞ്ഞാല്‍ മനസിലാക്കാം. ഉദാ : 20,000 - 25,000 രൂപ വളരെ മാന്യമായ കമ്മിഷന്‍ ആണ്.
    ഈ 3% ഒരിക്കലും അംഗീകരിക്കാം പറ്റാത്തതാണ്.

    3% കമ്മിഷനിലും കൂടുതല്‍ തട്ടാന്‍ ഉള്ള പരിപാടി ആണ് ബ്രോക്കര്‍മാര്‍ തന്നെ അഡ്വാന്‍സ്‌ കൊടുക്കുന്നത്.അല്ലെങ്കില്‍ വരുടെ തന്നെ കൂട്ടാളി അഡ്വാന്‍സ്‌ കൊടുക്കും.
    എന്നിട്ട് വാങ്ങാന്‍ ഒരാളെ കണ്ടുപിടിച്ചു കൂടിയ വിലയ്ക്ക് വില്‍ക്കുക. അങ്ങനെ കമ്മിഷനും പിന്നെ വിലയിലെ വ്യതാസവും പോക്കറ്റില്‍ വീഴും.


    എന്റെ വീടിനു പുറകില്‍ ഒരു വസ്തു അങ്ങനെ ബ്രോക്കര്‍മാര്‍ വാങ്ങി ഇരട്ടി വിലയ്ക്ക് എനിക്ക് വില്‍ക്കാന്‍ ശ്രമിച്ചിരുന്നു.
    10-20 % കൂടുതല്‍ കൊടുക്കാം എന്ന് പറഞ്ഞിട്ടും അവര്‍ക്ക് വേണ്ടതു ഇരട്ടി വില തന്നെ.... വെറും 20 ലക്ഷം കൂടുതല്‍...

    ഒടുവില്‍ ആ വസ്തുവില്‍ ഉള്ള ആഗ്രഹം ഞാന്‍ ഉപേക്ഷിച്ചു.

    ReplyDelete
  11. ഭൂമിയുടെ വില ഉയര്‍ത്തുന്നത് ബ്രോക്കര്‍മാര്‍ തന്നെയാണ്.പക്ഷേ ആര്‍ക്കും കൃത്രിമമായി ഏറെക്കാലം വില ഉയര്‍ത്തി നിര്‍ത്താന്‍ കഴിയില്ല.വീടുവെയ്ക്കാന്‍ പറ്റിയ ഭൂമി അധികമില്ല.ആളുകള്‍ക്ക് ചെറുതെങ്കിലും മറ്റാരുമായും പങ്കുവെയ്ക്കാത്ത ഒരു വീടും മുറ്റവും വേണം.സ്വാഭാവികമായും വിലകൂടും. കച്ചവടം കുറവാണ്,പക്ഷേ കുറഞ്ഞവിലയ്ക്ക് വില്‍പ്പന നടക്കുന്നില്ല.

    ReplyDelete
  12. വളരെ പ്രസക്തമായ വിഷയം. സാധാരണക്കാര്‍ക്ക് ഇനിയുള്ള നാളുകളില്‍ ഒരു തുണ്ട് ഭൂമി വാങ്ങുവാനോ വീടു വയ്ക്കുവാനോ സാധ്യമാകുമെന്ന് തോന്നുന്നില്ല. വികസനം വന്നു വന്ന് സാധാരണക്കാരനെ പെരു വഴിയിലാക്കുന്ന കാഴ്ച്ചയാണ് നാമിന്നു കേരളത്തില്‍ കാണുന്നത്

    ReplyDelete
  13. വളരെ സത്യമായ കാര്യങ്ങള്‍..
    ജനസംഖ്യ വര്‍ധിപ്പികുവല്ലെ പലരും..ആര്‍ക്കു അതു മാത്രം കുറക്കുന്ന നിയമുണ്ടാകാന്‍ പറ്റുന്നില്ലലോ..
    എല്ലവരും മല്‍സരിച്ചു ഉണ്ടാക്കിക്കൂട്ടുന്നു( അതിനും ഇപ്പോള്‍ ഓഫെര്‍ ഉണ്ട്- രണ്ടു കഴിഞാല്‍ മൂന്നമത്തെതു ഫുള്‍ ഫ്രീ..)

    എല്ലാവര്‍ക്കും താമസിക്കന്‍ വാസയൊഗ്യമായ് ഭൂമിവേണ്ടെ..!!?

    ഇങ്ങനെ പോയാന്‍ കേരളം മുഴുവനും നഗരമായ് മാറും...ഉപഭോക്ത നഗരം..

    ReplyDelete
  14. പേടിക്കേണ്ടി വരുമെന്ന് തോന്നുന്നില്ല... കുമിള ഏത് നിമിഷവും പൊട്ടി വില താഴേയ്ക്ക് മൂക്ക് കുത്തും... അത് അനിവാര്യമാണു... അമേരിക്കയിൽ ആഞ്ഞടിച്ച സാമ്പത്തിക മാന്ദ്യത്തിനു പ്രധാന കാരണം ഇത് തന്നെയായിരുന്നു... വില കൂടി, ബാങ്കുകൾ ആളുംതരവും നോക്കതെ കടം നൽകി, വില കൂട്ടുവാൻ ബാങ്കുകളുടെ സഹായം! ഒടുവിൽ പലരും പണം തിരികെ അടയ്ക്കാതെ വന്നപ്പോൾ എല്ലാം താഴേയ്ക്ക്... വർഷങ്ങൾക്കിപ്പുറം ഇപ്പോഴും ആ വീഴ്ചയിൽ നിന്ന് കരകയറിയിട്ടില്ല.. കോടികൾ കൊടുത്ത് വാങ്ങിയ വീടുകൾക്ക് ലക്ഷങ്ങൾ മാത്രം വില... വില കൂടുന്നതും കാത്തിരിക്കുകയാണു പലരും.. പക്ഷേ!!

    ReplyDelete
  15. കമന്റുകൾ പോസീറ്റീവോ നെഗറ്റീവോ എന്ന് നോക്കാതെ പ്രസിദ്ധീകരിക്കുന്നത് കൊണ്ടാണു മാഷിന്റെ പോസ്റ്റുകളിൽ മോഡറേഷൻ ഉണ്ടെന്ന് കണ്ടിട്ടും കമന്റുന്നത്... താങ്കൾക്ക് സമയ കുറവ് കാരണം കമന്റുകൾ ശേഖരിച്ച് സമയം ഉള്ളപ്പോൾ ഇടുമെന്ന ധാരണയായിരുന്നു.. എന്നാൽ അല്ല എന്ന് മനസ്സിലായത് ഈ പോസ്റ്റിലെ കമന്റ് പ്രസിദ്ധീകരിക്കുകയും എന്നാൽ ഇതിനു മുൻപ് പുതിയ പോസ്റ്റിൽ കമന്റിയവ ഇടാതിരിക്കുകയും ചെയ്തത് കാണുമ്പോൾ.... അവിടെ “December 28, 2012 5:23 PM”നുള്ള കിനാവള്ളിയുടെ കമന്റ് ഉണ്ട് എന്നാൽ 6:30 AMനിട്ട എന്റെ കമന്റുകൾ കാണുന്നില്ല.. :(

    പണ്ട് ഇട്ടത് പോലെ മറുപടി വീണ്ടും ഒരു പോസ്റ്റ് ആക്കി ഞാൻ ഇടേണ്ടി വരുമോ... അത് നടക്കുമെന്ന് തോന്നുന്നില്ല.. കയ്യിൽ സമയമില്ല ;)

    ReplyDelete