Pages

കല്‍ക്കരിപ്പാടത്ത് കൊയ്യുന്നവര്‍


ബി.ജെ.പി.യും സി.പി.എമ്മും കോണ്‍ഗ്രസ്സ് വിരോധപാര്‍ട്ടികള്‍ എന്ന നിലയില്‍ യോജിക്കാനുള്ള അവസരം പലപ്പോഴും അവര്‍ക്ക് ലഭിക്കാറുണ്ട്. ഏറ്റവും ഒടുവില്‍ കല്‍ക്കരിപ്പാടക്കൊയ്ത്താണ് ലഭിച്ചിരിക്കുന്നത്. ഇത്തവണ പ്രധാനമന്ത്രി മന്‍‌മോഹന്‍‌സിങ്ങിനെ തന്നെ നേരിട്ട് അഴിമതിക്കാരനായി ചിത്രീകരിക്കാനുള്ള സുവര്‍ണ്ണാവസരവും കിട്ടിയിരിക്കുന്നു. അഴിമതിത്തുകയും നിസ്സാരമല്ല. 2ജിയെക്കാളും വലിയ അഴിമതി. 1.86ലക്ഷം കോടി രൂപ പ്രധാനമന്ത്രി അഴിമതി നടത്തിയെന്നും അത്കൊണ്ട് ഇനി പ്രധാനമന്ത്രി രാജിവെക്കുന്നത് വരെ സമരം എന്നുമാണ് ബി.ജെ.പി.യുടെ നിലപാട്.

സി.പി.എം.കാര്‍ക്കും മറിച്ചൊരു നിലപാട് ഉണ്ടാകാന്‍ വഴിയില്ല. അങ്ങനെ ഈ അഴിമതി വിരുദ്ധസമരം ഫലപ്രാപ്തിയില്‍ എത്തിയാല്‍ അടുത്ത തവണ നരേന്ദ്രമോഡി പ്രധാനമന്ത്രിയാവാനുള്ള സാധ്യത ഏറെക്കുറെ ഉറപ്പാണ്. സി.പി.എമ്മില്‍ ഇനി പ്രധാനമന്ത്രിയാകാന്‍ പറ്റിയ ആരും ഇല്ല, ഉണ്ടാവുകയും ഇല്ല. ഒരിക്കല്‍ ജ്യോതി ബസുവിന് അവസരം ലഭിച്ചപ്പോള്‍ അവര്‍ തട്ടി തെറിപ്പിച്ചതാണ്. പിന്നെ ഉണ്ടായിരുന്ന നേതാവ് സോമനാഥ് ചാറ്റര്‍ജി ആയിരുന്നു. അദ്ദേഹം സി.പി.എമ്മുകാര്‍ക്ക് അനഭിമതനാവുകയും ചെയ്തു. ഇപ്പോള്‍ പ്രധാനമന്ത്രികുപ്പായം തുന്നിവെച്ചിരിക്കുന്ന ഒരേയൊരാള്‍ മോഡിയാണ്. അത് സാധിച്ചു കൊടുക്കാന്‍ സി.പി.എമ്മുകാരും സഹായിക്കുമായിരിക്കും. രണ്ട് സീറ്റ് മാ‍ത്രം പാര്‍ലമെന്റില്‍ ഉണ്ടായിരുന്ന ബി.ജെ.പി.യെ ഇക്കാണുന്ന രീതിയില്‍ വളര്‍ത്താന്‍ സി.പി.എം. പെട്ട പാട് ചില്ലറയല്ല.

കല്‍ക്കരിപ്പാടം ലഭിക്കുക വഴി സ്വകാര്യ കമ്പനികള്‍ 1.86ലക്ഷം കോടി ലാഭം ഉണ്ടാക്കി എന്നാണ് സി.എ.ജി.യുടെ കണക്ക്. അതേ തുക 1.86.ലക്ഷം കോടി പ്രധാനമന്ത്രി അഴിമതി നടത്തി അടിച്ചുമാറ്റി എന്നാണ് ബി.ജെ.പി.യുടെയും സി.പി.എമ്മിന്റെയും കണക്ക്. ഇത്രയും തുകയ്ക്ക് എത്ര പൂജ്യം ഉണ്ട് എന്നറിയാത്ത സാധാരണക്കാരുടെ മുന്നില്‍ മന്‍‌മോഹന്‍ സിങ്ങിനെ ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതിക്കാരനായി ചിത്രീകരിക്കാനാണ് പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്നത്. സി.ഏ.ജി. കണക്ക് വേദവാക്യമായി എടുക്കുന്ന പ്രതിപക്ഷം സി.എ.ജി. പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തിയിട്ടില്ല എന്ന കാര്യം വിസ്മരിക്കുന്നു. അഴിമതിയുടെ പുകമറ ഉണ്ടാക്കി മോഡിയെ അധികാരമേല്‍പ്പിക്കണം എന്നതില്‍ കവിഞ്ഞ ഒരു നോട്ടവും അവര്‍ക്കില്ല.

എന്നാല്‍ യാഥാര്‍ഥ്യം എന്താണ്? കേന്ദ്ര കല്‍ക്കരി സെക്രട്ടരിയും മറ്റ് ഒന്‍പത് മന്ത്രാലയങ്ങളിലെ സെക്രട്ടരിമാരും അടങ്ങിയ സ്ക്രീനിങ്ങ് കമ്മറ്റിയാണ് 194 കല്‍ക്കരി ബ്ലോക്കുകള്‍ അനുവദിച്ചുകൊണ്ട് രാജസ്ഥാന്‍, ബംഗാള്‍, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, ജാര്‍ക്കണ്ട്, ഒഡീഷ മുതലായ സംസ്ഥാനങ്ങളെ അറിയിച്ചത്. ആ കല്‍ക്കരി ബ്ലോക്കുകള്‍ ഏതൊക്കെ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കണമെന്ന് ശുപാര്‍ശ ചെയ്തത് അതത് സംസ്ഥാനങ്ങളാണ്. മാത്രമല്ല, സി.പി.എമ്മിന്റെയും ബി.ജെ.പി.യുടെയും മുഖ്യമന്ത്രിമാര്‍ ബുദ്ധദേവ് ഭട്ടാചാര്യ, വസുന്ധരരാജ് സിന്ധ്യ, അര്‍ജ്ജുന്‍ മുണ്ട എന്നിവരൊക്കെ കല്‍ക്കരിപ്പാടം ലേലം വേണ്ട എന്നും സ്ക്രീനിങ്ങ് കമ്മറ്റി ഉണ്ടാക്കി ആ കമ്മറ്റി അനുവദിച്ചാല്‍ മതി എന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ആ സ്ക്രീനിങ്ങ് കമ്മറ്റി സുതാര്യമായല്ല തീരുമാനങ്ങള്‍ എടുത്തതെന്ന് സി.എ.ജി. പറഞ്ഞിട്ടുമുണ്ട്. ഇതൊന്നും സി.പി.എമ്മുകാര്‍ക്കും ബി.ജെ.പി.ക്കാര്‍ക്കും വിഷയമല്ല. അവര്‍ക്ക് ഒരു രാഷ്ട്രീയ ഇര വേണം എന്നേയുള്ളൂ.

അങ്ങനെ, ഇത് വരെയിലും ആരാലും അഴിമതിയാരോപണം ഉന്നയിക്കാന്‍ കഴിയാതിരുന്ന മന്‍‌മോഹന്‍ സിങ്ങിനെ തന്നെ ഇന്ത്യാരാജ്യം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനായി ചിത്രീകരിക്കാനുള്ള ആയുധം ബി.ജെ.പി.ക്കും സി.പി.എമ്മുകാര്‍ക്കും എറിഞ്ഞുകൊടുത്ത സി.എ.ജി.യുടെ മനസ്സിലിരുപ്പ് മോഡിയെ പ്രധാനമന്ത്രിയാക്കണം എന്ന് തന്നെയായിരിക്കും എന്ന് കരുതാന്‍ ന്യായമുണ്ട്. ഇന്ത്യയില്‍ ഇത് വരെയിലും പ്രധാനമന്ത്രിയാകാന്‍ കൊതിച്ച എല്ലാവര്‍ക്കും ആ സൌഭാഗ്യം കൈവന്നിട്ടുണ്ട്. അദ്വാനിക്കൊഴികെ. നരേന്ദ്രമോഡിക്ക് അദ്വാനിയുടെ ഗതി വരാതിരിക്കട്ടെ എന്നായിരിക്കും ബി.ജെ.പി.യിലെ അദ്വാനിവിരുദ്ധ വിഭാഗത്തിന്റെയും സി.പി.എമ്മിന്റെയും മോഹം.

കോതമംഗലം കേസിനെ പറ്റി ...


കോതമംഗലത്ത് സമരം ചെയ്ത മൂന്ന് നഴ്‌സുമാര്‍ക്കെതിരെ ആത്മഹത്യശ്രമത്തിന് കേസ് എടുത്തതിലും അത്പോലെ തന്നെ സമരത്തെ സഹായിച്ച ഏതാനും പേര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിനെതിരെ കേസെടുത്തതിലും ആളുകള്‍ക്ക് പ്രതിഷേധം തോന്നാം. എന്നാല്‍ നിയമവാഴ്ച ഉറപ്പാക്കാന്‍ ബാധ്യതപ്പെട്ട പോലീസിന് നിഷ്പക്ഷമായി പ്രവര്‍ത്തിക്കുകയാണെങ്കില്‍ കേസെടുക്കാതിരിക്കാന്‍ നിര്‍വ്വാഹമില്ല്ല.

നമ്മുടെ ജനാധിപത്യ സമ്പ്രദായത്തില്‍ പൌരന്മാര്‍ക്ക് മൌലികമായ അവകാശങ്ങളും അത്പോലെ തന്നെ മൌലികമായ കടമകളുമുണ്ട്. ഏത് പാര്‍ട്ടി ഭരിച്ചാലും ഏത് പൌരനും ഇത് ബാധകമാണ്. അല്ലെങ്കില്‍ ബാധകമാവേണ്ടതാണ്. സമരങ്ങള്‍ നടത്തുന്നതിന് വ്യവസ്ഥാപിതമായ ജനാധിപത്യരീതികളുണ്ട്. ആരെങ്കിലും അടുത്ത് വന്നാല്‍ താഴേക്ക് ചാടി ആത്മഹത്യ ചെയ്യും എന്ന് പരസ്യമായി ഭീഷണി മുഴക്കിയ സമരക്കാര്‍ക്കെതിരെ ആത്മഹത്യശ്രമത്തിന് പോലീസ് കേസെടുത്തതില്‍ അസ്വാഭാവികതയില്ല. കേസിന്റെ ന്യായാന്യായതകള്‍ പരിശോധിക്കേണ്ടത് കോടതിയാണ്.

ദിവസങ്ങളോളം നഴ്‌സുമാര്‍ ജീവിയ്ക്കാന്‍ വേണ്ടി സമരം ചെയ്തിട്ടും ആരും തിരിഞ്ഞുനോക്കിയില്ലല്ലോ, ഒടുവില്‍ അങ്ങനെ സമ്മര്‍ദ്ധ സമരം നടത്തിയത്കൊണ്ടല്ലെ ഒത്തുതീര്‍പ്പിന് വഴി തെളിഞ്ഞത് എന്ന മാനുഷികയുക്തി നിയമത്തിന്റെ പരിധിയില്‍ വരുന്ന കാര്യമല്ല. നിയമത്തിന് അതിന്റെ മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കേണ്ടതുണ്ട്. അത്കൊണ്ട്, നഴ്‌സുമാരോട് അനുഭാവം പ്രകടിപ്പിക്കുമ്പോള്‍ തന്നെ പോലീസ് കേസിനെ വിവേകത്തോടെ കാണണം.

അത്പോലെ തന്നെ സമരത്തോടനുബന്ധിച്ച് അക്രമങ്ങള്‍ നടത്തിയാലും പൊതുമുതല്‍ നശിപ്പിച്ചാലും പോലീസിന് കേസ് എടുക്കേണ്ടി വരും. സമരത്തിന് ആധാരമായ കാരണങ്ങള്‍ ന്യായമായാലും സമരത്തിന് അവലംബിക്കുന്ന മാര്‍ഗ്ഗവും ന്യായീകരിക്കത്തക്കതാവണം. എന്നെങ്കില്‍ മാത്രമേ സമൂഹം ജനാധിപത്യവല്‍ക്കൃതമാവുകയുള്ളൂ. സമരത്തില്‍ തെറ്റായ മാര്‍ഗ്ഗം സ്വീകരിച്ച ഏതാനും പേര്‍ക്കെതിരെ കേസെടുക്കുമ്പോള്‍, അതിനെ സമരത്തെ സഹായിച്ച നാ‍ട്ടുകാര്‍ക്കെതിരെ കേസെടുത്തു എന്ന മട്ടില്‍ വാര്‍ത്ത കൊടുക്കുന്ന മാധ്യമക്കാരും പ്രതികരിക്കുന്ന രാഷ്ട്രീയ നേതാക്കന്മാരും നിരുത്തരവാദപരമായാണ് അങ്ങനെ ചെയ്യുന്നത്. നമ്മുടെ പ്രതികരണങ്ങളും പ്രതിഷേധങ്ങളും വസ്തുതാപരമല്ലാതാവുമ്പോള്‍ നാം ജനാധിപത്യത്തെ ദുര്‍ബ്ബലമാക്കുകയാണ് ചെയ്യന്നത്.

2G യും കല്‍ക്കരിയും പിന്നെ അഴിമതിയാരോപണാഘോഷങ്ങളും!


ഇപ്പോഴത്തെ കല്‍ക്കരി ഇടപാട് വിവാദത്തെ പറ്റി ഞാന്‍ ഫേസ്‌ബുക്കില്‍ ഒരു പോസ്റ്റ് എഴുതിയിരുന്നു. ആ പോസ്റ്റില്‍ എന്റെ സുഹൃ ത്ത് വി.ബി.രാജന്‍  എഴുതിയ കമന്റില്‍ ഇപ്രകാരം ചോദിച്ചു:  “അപ്പോള്‍ സര്‍ക്കാര്‍ 3G ലേലം ചെയ്തത് ശരിയായില്ലന്നാണോ താങ്കള്‍ പറയുന്നത്?” അതിന് മറുപടി എഴുതി വന്നപ്പോള്‍ അതൊരു നോട്ട് ആയി മാറി. അത് താഴെ വായിക്കുമല്ലൊ:

തീര്‍ച്ചയായും, 3G ലേലം ചെയ്യരുതായിരുന്നു എന്ന് തന്നെയാണ് എന്റെ സുചിന്തിതമായ അഭിപ്രായം. പൊന്മുട്ട ഇടുന്ന താറാവിനെ കൊന്ന്  ഉള്ള മുട്ടകള്‍ ഒറ്റയടിക്ക് കൈക്കലാക്കുന്ന അതിസാമര്‍ത്ഥ്യമായിരുന്നു 3ജി ലേലം. സര്‍ക്കാര്‍ വകുപ്പുകളില്‍ ആരുടെയോ തലയില്‍ ഉദിച്ച ബുദ്ധിയായിരുന്നു അത്. അത് കൊണ്ടെന്തായി എന്ന് ചോദിച്ചാല്‍ സര്‍ക്കാരിന് ഒരുമിച്ച് ഒരുപാ‍ട് പണം ലഭിക്കുകയും 3ജി സാധാരണക്കാര്‍ക്ക് കിട്ടാക്കനിയാവുകയും ചെയ്തു.

ലേലം ചെയ്യാതെ 2ജി സ്പെക്ട്രം അനുവദിച്ചത്കൊണ്ട് സാധാരണക്കാര്‍ക്ക് സെക്കന്റ് പള്‍സില്‍ ഇന്ത്യയില്‍ എവിടെയും ഫോണില്‍ സംസാരിക്കാനും എസ്.എം.എസ്സ്. അയക്കാനും കഴിയുന്നു. 3ജിയും അങ്ങനെ അനുവദിച്ചിരുന്നുവെങ്കില്‍ ഇന്ന് ഹൈസ്പീഡ് മൊബൈല്‍ ഇന്റര്‍നെറ്റ് ഏത് സാധാരണക്കാരനും   വളരെ കുറഞ്ഞ നിരക്കില്‍ ലഭിക്കുമായിരുന്നു.  അതിനര്‍ത്ഥം ഏത് സാധാരണക്കാരനും ഇന്റര്‍നെറ്റുമായി സദാ കണക്ടഡ് ആയിരുന്നിരിക്കും എന്നാണ്. ഒരു ഇന്റര്‍നെറ്റ് വിപ്ലവം രാജ്യത്ത് നടക്കുമായിരുന്നത് 3ജി ലേലത്തോടെ പെരുവഴിയിലായി എന്നതാണ് വാസ്തവം.

3ജിക്ക് ലേലത്തില്‍ കിട്ടിയ തുക കണ്ട് സര്‍ക്കാരിന്റെ മാത്രമല്ല, സി.എ.ജിയുടെയും കണ്ണ് തള്ളിപ്പോയി. ആ കണക്കിന്റെ അടിസ്ഥാനത്തിലാണ് 2ജിയും ലേലം ചെയ്തിരുന്നുവെങ്കില്‍ സര്‍ക്കാരിന് ഒന്നേമുക്കാ‍ല്‍ ലക്ഷംകോടി രൂപ അധികവരുമാനം ലഭിക്കുമായിരുന്നു എന്ന് സി.എ.ജി കവടി നിരത്തിയത്. 3ജിക്ക് കിട്ടിയ കണക്ക് വെച്ച് രണ്ട് കൊല്ലം മുന്‍പ് 2ജി ലേലം ചെയ്തിരുന്നുവെങ്കില്‍ ഒന്നേമുക്കാല്‍ ലക്ഷം കോടിയും കൂടി കിട്ടുമായിരുന്നു എന്ന് കവടി നിരത്താതെ എങ്ങനെയാണ് സി.എ.ജി.ക്ക് പറയാന്‍ കഴിയുക? അങ്ങനെ ആര്‍ക്കും കിട്ടാത്ത ആ ഒന്നേമുക്കാല്‍ ലക്ഷം കോടി അഴിമതിയായി, പിന്നെ കോണ്‍ഗ്രസ്സ് അടിച്ചുമാറ്റലായി.

അഴിമതി എന്നത് വേറെ വിഷയമാണ്.  ഒരു വസ്തു പോക്ക് വരവ് ചെയ്ത് കിട്ടാന്‍ വില്ലേജ് ആഫീസര്‍ക്ക് എത്ര കുറഞ്ഞാലും രണ്ടായിരം രൂപ കൈമടക്ക് കൊടുക്കണമെങ്കില്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട ഏത് വകുപ്പിലാണ് അഴിമതി ഇല്ലാത്തത്. ആളുകള്‍ക്ക് പക്ഷെ ബ്യൂറോക്രാറ്റുകളുടെ അഴിമതി പ്രശ്നമല്ല. 2ജി അനുവദിക്കുന്ന കാര്യത്തിലും സ്വാഭാവികമായി കൈക്കൂലിയും അഴിമതിയും ഉണ്ടാകും. അത് പക്ഷെ സി.എ.ജി. പറഞ്ഞ ആ ഒന്നേമുക്കാല്‍ ലക്ഷം കോടിയല്ല. അതൊരു കവടിക്കണക്കാണ്.

3ജിയിലേക്ക് തന്നെ വരാം. ലേലം എന്ന് വരുമ്പോള്‍ കമ്പനികള്‍ മത്സരിക്കും. അങ്ങനെ വമ്പന്‍ തുക മുടക്കി സ്പെക്ട്രം വാങ്ങിയ കമ്പനികള്‍ 3ജി സൌകര്യം മാര്‍ക്കറ്റ് ചെയ്തപ്പോള്‍ വാങ്ങാന്‍ ആളുണ്ടായില്ല. എന്തെന്നാല്‍ ആര്‍ക്കും താങ്ങാന്‍ കഴിയാത്തതായിരുന്നു 3ജി ഡാറ്റാ താരിഫ്. ആളുകള്‍ ഭൂരിപക്ഷവും ഇപ്പോഴും മൊബൈല്‍ ഉപയോഗിക്കുന്നത് ഫോണ്‍ വിളിക്കാന്‍ മാത്രമാണ്. പ്രതീക്ഷിച്ച വരിക്കാരെ കിട്ടാത്തത്കൊണ്ട് കമ്പനികള്‍ ഇപ്പോള്‍ ഡാറ്റ താരിഫില്‍ 80% വെട്ടിക്കുറവ് വരുത്തിയിരിക്കുകയാണ്. എന്നിട്ടും ആ നിരക്ക് പോലും സാധാരണക്കാര്‍ക്ക് താങ്ങാന്‍ പറ്റുന്നതല്ല. ഇങ്ങനെ 3ജി സാര്‍വ്വത്രികമായി സ്വീകരിക്കപ്പെടാത്തത്കൊണ്ട് കമ്പനികള്‍ക്ക് ഇന്‍ഫ്രാസ്ട്രക്ചര്‍ വിപുലീകരിക്കാനും കഴിഞ്ഞില്ല. BSNL-കാരന്‍ സര്‍ക്കാര്‍ മേഖലയല്ലേ എന്ന ആലസ്യത്തിലുമാണ്. അത്കൊണ്ടാണ് വികസിതരാജ്യങ്ങളില്‍ ഔട്ട്ഡേറ്റഡ് ആയ 3ജി ഇന്ത്യയില്‍ പെരുവഴിയില്‍ ആയി എന്ന് ഞാന്‍ പറഞ്ഞത്.

കല്‍ക്കരിയുടെ കാര്യത്തില്‍ ഇപ്പോള്‍ സി.എ.ജി. പറഞ്ഞ കണക്കും കൃത്രിമക്കണക്കാണ്.  കല്‍ക്കരിപ്പാടം കുറഞ്ഞ നിരക്കില്‍ കമ്പനികള്‍ വാങ്ങിയത്കൊണ്ട്, അവര്‍ കല്‍ക്കരി ഖനനം ചെയ്ത് വിറ്റ വകയില്‍ 1.80 ലക്ഷം കോടി അധികലാഭം ഉണ്ടാക്കിയെന്നും അത്രയും തുക സര്‍ക്കാരിന് നഷ്ടമായി എന്നുമാണ് സി.എ.ജി.യുടെ കണക്ക്. ഇങ്ങനെ കണക്ക് കൂട്ടാന്‍ സി.എ.ജി.യെ ആരും അധികാരപ്പെടുത്തിയിട്ടില്ല. സര്‍ക്കാരിന്റെ വരവ് ചെലവ് കണക്ക് ഓഡിറ്റ് ചെയ്യലാണ് സി.എ.ജി.യുടെ പണി. രാജ്യത്ത് തട്ടുകടക്കാരന്‍ മുതല്‍ വന്‍‌‌കിട കമ്പനികള്‍ വരെ പ്രതിദിനം കോടാനുകോടി ലാഭമുണ്ടാക്കുന്നുണ്ട്. ആ ലാഭമൊക്കെയും സര്‍ക്കാരിന്റെ നഷ്ടം എന്ന് എങ്ങനെയാണ് പറയാന്‍ പറ്റുക. സ്വകാര്യ മേഖല ലാഭമുണ്ടാക്കിയാല്‍ അതിന്റെ വികസനം രാജ്യത്ത് കാണാന്‍ കഴിയും. സര്‍ക്കാര്‍ മേഖലയില്‍ ആണെങ്കിലോ? ടെലികോം മേഖല ഇന്നും സര്‍ക്കാര്‍ മേഖലയില്‍ മാത്രം ആയിരുന്നുവെങ്കില്‍ എന്തായിരുന്നിരിക്കും  അവസ്ഥ?

കല്‍ക്കരി ഉല്പാദിക്കുന്ന പൊതുമേഖല സ്ഥാപനമാണ് കോള്‍ ഇന്ത്യ ലിമിറ്റഡ്. രാജ്യത്ത് ആവശ്യമുള്ള കല്‍ക്കരിയുടെ 60ശതമാനം മാത്രമാണ് കോള്‍ ഇന്ത്യ കമ്പനി ഖനനം ചെയ്യുന്നത്. അത്കൊണ്ടാണ് കല്‍ക്കരി ഖനനം ചെയ്യാന്‍ കല്‍ക്കരി ബ്ലോക്കുകള്‍ സ്വകാര്യകമ്പനികള്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.  കല്‍ക്കരി പാടങ്ങള്‍ ലേലം ചെയ്ത്, സി.എ.ജി. പറഞ്ഞ ആ 1.8ലക്ഷം കോടി കൂടി സര്‍ക്കാരിന് കിട്ടിയിരുന്നുവെങ്കില്‍ അതിലും അധികം കമ്പനികളും ലാഭമുണ്ടാക്കി അങ്ങനെ കല്‍ക്കരിയുടെ വില എത്രയോ ഉയരുമായിരുന്നു. ആ വിലയ്ക്ക് കല്‍ക്കരി വാങ്ങി ഉല്പാദിപ്പിക്കുന്ന വൈദ്യുതിയുടെ വില എത്രയായിരിക്കും? സര്‍ക്കാരിന് ലഭിക്കുന്ന അധിക വരുമാനത്തിന്റെ ഭാരം ആത്യന്തികമായി ഉപഭോക്താക്കളുടെ തലയിലാണ് വരിക എന്നത് സിമ്പിള്‍ അരിത്‌മെറ്റിക്കാണ്. വൈദ്യുതി ഉല്പാദനത്തിന് മാത്രമല്ല കല്‍ക്കരി ഉപയോഗിക്കുന്നത്. കല്‍ക്കരിപാ‍ടങ്ങള്‍ ഉള്ള സംസ്ഥാനങ്ങളില്‍ കല്‍ക്കരി അനുബന്ധിച്ചുള്ള വ്യവസായങ്ങളാണ് കൂടുതലും ഉള്ളത്. ആ വ്യവസായങ്ങളും തകരും.

പ്രകൃതിവിഭവങ്ങള്‍ ലേലം ചെയ്യണോ, അതല്ല ഒരു നിശ്ചിത വിലയ്ക്ക് വില്‍ക്കണോ എന്നതൊക്കെ തീരുമാനിക്കാനുള്ള അവകാശം ഭരിക്കുന്ന ജനകീയ സര്‍ക്കാരിന് മാത്രമാണ്. കോടതികള്‍ക്കോ , സി.എ.ജി.ക്കോ, വകുപ്പ് മേധാവികള്‍ക്കോ അതിന് അധികാരമില്ല. ഓരോ ഭരണഘടന സ്ഥാപനവും അതിനനുവദിച്ചിട്ടുള്ള പരിധിക്കകത്ത് നിന്ന് വേണം പ്രവര്‍ത്തിക്കാന്‍. സര്‍ക്കാരിനാണ് ജനങ്ങളോട് നേരിട്ട് ബാധ്യതയുള്ളത്. കക്ഷിരാഷ്ട്രീയാന്ധ്യം ബാധിച്ച്,  നമ്മുടെ പ്രധാന മന്ത്രി 2ജിയില്‍ ഒന്നേമുക്കാല്‍ ലക്ഷം കോടിയും കല്‍ക്കരിയില്‍ 1.80ലക്ഷം കോടിയും അടിച്ചുമാറ്റി എന്ന് മുറവിളി കൂട്ടിയാല്‍ അന്തര്‍ദ്ദേശീയ രംഗത്ത് നാണക്കേട് നമ്മുടെ രാജ്യത്തിനാണ്.

അഴിമതി ഇന്ന് ഒരു ദേശീയ രോഗമാണ്. അത് സര്‍വ്വത്ര വ്യാപിച്ചിട്ടുണ്ട്. കൈക്കൂലി കൊടുക്കാതെ ഒരു കാര്യവും സാധാരണക്കാരന് സാധിച്ച് കിട്ടുന്നില്ല. അഴിമതിയുടെ യഥാര്‍ഥ ഉറവിടം കണ്ടെത്തി അതിനെ പ്രതിരോധിക്കാന്‍ കഴിയുകയാണ് വേണ്ടത്. രാഷ്ട്രീയനേട്ടത്തിന് വേണ്ടി അഴിമതി വിരുദ്ധത ഭരിക്കുന്ന സര്‍ക്കാരിനെതിരെ മാത്രം സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിച്ച് ആഘോഷമാക്കി മാറ്റുമ്പോള്‍ യഥാര്‍ഥ അഴിമതിക്കാര്‍ രക്ഷപ്പെടുകയാണ് ചെയ്യുന്നത്.  എത്രയോ കാര്യങ്ങളില്‍ നമുക്ക് രാഷ്ട്രീയ സമവായം ആവശ്യമുണ്ട്. കക്ഷിരാഷ്ട്രീയപരമായി ചേരി തിരിഞ്ഞ് പരസ്പരം പഴിചാരിയാലും ആരോപണപ്രത്യാരോപണങ്ങള്‍ ഉന്നയിച്ചാലും നാം എവിടെയും എത്തുകയില്ല. നമ്മുടെ എല്ലാ വാദങ്ങളും തര്‍ക്കങ്ങളും വസ്തുതാപരമായിരിക്കണം. വെറുതെ അരിശം തീര്‍ക്കാനായിരിക്കരുത്.

സി.പി.എമ്മും കള്ളക്കേസും


സി.പി.എമ്മിനെതിരെ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട ടി.പി.വധക്കേസും അന്വേഷണം അവസാനഘട്ടത്തിലേക്ക് നീങ്ങുന്ന ഷുക്കൂര്‍ വധക്കേസും കള്ളക്കേസുകളാണ്. എങ്ങനെയാണ് ഈ രണ്ട് കേസും കള്ളക്കേസ് ആകുന്നത് എന്നല്ലേ? ഈ രണ്ട് വധക്കേസിലും പോലീസാണ് പ്രതികളെ അന്വേഷണം നടത്തി കണ്ടുപിടിക്കുന്നത്. പോലീസ് നേരിട്ട് പ്രതികളെ പിടിക്കുമ്പോള്‍ അതിന് തിരക്കഥ വേണം. തിരക്കഥയാവുമ്പോള്‍ അതിന് ഒരു സിനിമ ടച്ചും വേണം. അങ്ങനെയാണ് സി.പി.എം. നേതാക്കളെ നടുറോഡില്‍ വളഞ്ഞിട്ട് പിടിക്കുന്നത്. സി.പി.എമ്മിനെ തകര്‍ക്കുക എന്നതാണ് ഈ തിരക്കഥയുടെ ലക്ഷ്യം.

സി.പി.എമ്മിനെതിരെ കേസ് എടുക്കാം. അത് പക്ഷെ നല്ല കേസ് ആയിരിക്കണം. കള്ളക്കേസ് പാടില്ല. എന്താണ് നല്ല കേസ്? സി.പി.എമ്മിന് എതിരാളിയുടെ കയ്യും കാലും മുട്ടും ഒക്കെ തല്ലിയൊടിക്കേണ്ടി വരും. ചിലപ്പോള്‍ ഉന്മൂലനവും ചെയ്യേണ്ടി വരും. സമരങ്ങള്‍ നടത്തി പൊതുമുതല്‍ നശിപ്പിക്കേണ്ടി വരും. അപ്പോഴൊക്കെ പേരിന് കേസെടുക്കാം. പക്ഷെ പ്രതികളുടെ പട്ടിക സി.പി.എം. പാര്‍ട്ടി ഓഫീസില്‍ നിന്ന് തരും. പട്ടികയില്‍ പറഞ്ഞ പ്രതികളെ പോലീസ് സ്റ്റേഷനില്‍ ഹാജരാക്കിയും തരും. അത് പ്രകാരം പോലീസ് റജിസ്റ്റര്‍ ചെയ്യുന്ന കേസാണ് നല്ല കേസ്.

ഈ കീഴ്വഴക്കത്തിന് വിരുദ്ധമായാണ് ഇപ്പോള്‍ പോലീസ് തന്നെ പ്രതികളെ കണ്ടെത്താന്‍ തിരക്കഥയുമായി രംഗത്തിറങ്ങുക എന്ന പുതിയ കീഴ്വഴക്കം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. ഇങ്ങനെയായാല്‍ എങ്ങനെയാണ് സി.പി.എമ്മിന് മുന്നോട്ട് പോകാന്‍ കഴിയുക? ഈ തിരക്കഥ രചനയിലും പുതിയ അന്വേഷണരീതിയിലും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഇടപെടല്‍ എന്തോ കാണാന്‍ കഴിയുന്നില്ല. അതാണ് ആശ്വാസം. മുന്‍പ് ഇങ്ങനെയായിരുന്നില്ല. എന്ത് തിരക്ക് ഉണ്ടെങ്കിലും കേരളത്തില്‍ സി.പി.എമ്മിനെ തകര്‍ക്കാന്‍ കിട്ടുന്ന ഏത് അവസരവും അമേരിക്ക പാഴാക്കിയിരുന്നില്ല.

സി.പി.എമ്മിന് ഇപ്പോള്‍ വന്നു ഭവിച്ചിരിക്കുന്ന ഈ ആപത്തില്‍ ഒരുവകപ്പെട്ട ബുദ്ധിജീവികളെല്ലാം ആശങ്കയിലാണ്. പതിവനുസരിച്ച് അടുത്ത തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. ജയിച്ചാല്‍ ഈ കേസുകളെല്ലാം പിന്‍‌വലിക്കാമെന്നും അഥവാ പ്രതികള്‍ ശിക്ഷിക്കപ്പെടുകയാണെങ്കില്‍ തന്നെ അവരെയെല്ലാം വെറുതെ വിടാമല്ലൊ എന്നും ചില ബുദ്ധിജീവികള്‍ സി.പി.എമ്മിനെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട് എന്നും ശ്രുതിയുണ്ട്. യു.ഡി.എഫിനെ അധികാരത്തില്‍ കയറ്റാന്‍ സി.പി.എം. ശ്രമിക്കുന്ന പോലെ വീണ്ടും സി.പി.എമ്മിനെ കയറ്റാന്‍ കോണ്‍ഗ്രസ്സിലെ ഗ്രൂപ്പുകളും ശ്രമിക്കാതിരിക്കില്ല എന്നാണ് അവരുടെ പ്രതീക്ഷ.

വാല്‍ക്കഷണം: രാഷ്ട്രീയമായി പ്രതികൂല വിധി ഉണ്ടാകുമ്പോള്‍ ജഡ്ജിമാരെ പ്രതീകാത്മകമായി നാട് കടത്താറുള്ള സി.പി.എം.കാര്‍ക്ക് ഇപ്പോള്‍ കോടതികളോട് എന്താ ഒരു ബഹുമാനം! ഇവിടത്തെ ബൂര്‍ഷ്വാകോടതികള്‍ തല്‍ക്കാലത്തേക്ക് ജനകീയ കോടതികള്‍ ആയത് പോലെ.

സി.പി.എം. ക്രിമിനലൈസേഷന്‍ ചെറുക്കണം!


ഷുക്കൂര്‍ വധം അങ്ങേയറ്റം പ്രാകൃതമായും നീചമായും നടപ്പാക്കിയതിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം സി.പി.എം. കണ്ണൂര്‍ ജില്ല സെക്രട്ടരിക്കും അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്ന സി.പി.എം. എം.എല്‍.എക്കും ആണെന്നാണ് മനസ്സിലാകുന്നത്. എന്നാല്‍ ധാര്‍മ്മിക ഉത്തരവാദിത്തത്തിന്റെ പേരില്‍ കേസെടുക്കാന്‍ വകുപ്പില്ല. എന്നാല്‍ പി.ജയരാജന്‍റെയും ടി.വി.രാജേഷ് എം.എല്‍.എ യുടെയും സാന്നിധ്യത്തിലാണ് ഗൂഢാലോചന നടന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഗൂഢാലോചന അറിഞ്ഞിട്ടും തടഞ്ഞില്ല എന്ന വകുപ്പ് പ്രകാരമാണ് ജയരാജനെയും രാജേഷിനെയും പോലീസ് പ്രതിയാക്കിയിരിക്കുന്നത്. മൂന്ന് വര്‍ഷം വരെ തടവ്ശിക്ഷ ലഭിക്കാമെങ്കിലും അവരുടെ മേല്‍ ചുമത്തിയിരിക്കുന്ന ഈ വകുപ്പ് വളരെ ബലഹീനമാണ്. സമര്‍ത്ഥനായ ക്രിമിനല്‍ വക്കീലിന് അവരെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കിയെടുക്കാന്‍ പറ്റിയേക്കാം. അത്രയും ഉദാരമാണ് നമ്മുടെ നീതിന്യായ വ്യവസ്ഥ. എന്നിട്ടും ജയരാജനെ അറസ്റ്റ് ചെയ്തതിന്റെ പേരില്‍ കേരളം മൊത്തം കലാപമുണ്ടാക്കാനാണ് സി.പി.എമ്മിന്റെ അണികള്‍ ഒരുമ്പെടുന്നത്.

രാഷ്ട്രീയ നേതാക്കള്‍ അറസ്റ്റ് ചെയ്യപ്പെടുന്നത് അസംഭവ്യമായ കാര്യമല്ല. ഇന്ദിരാഗാന്ധിയും, ജയലളിതയും, കരുണാനിധിയും, യെദ്ദ്യൂരപ്പയും അങ്ങനെ എത്രയോ നേതാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. അപ്പോഴൊന്നും ബന്ധപ്പെട്ട നേതാക്കളുടെ പാര്‍ട്ടി ജനങ്ങളോട് യുദ്ധം പ്രഖ്യാപിച്ച്  സാര്‍വ്വത്രികമായ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിട്ടില്ല. കേരളം അതിനും സാക്ഷ്യം വഹിക്കുകയാണ്. തങ്ങള്‍ ആരെയും കൊല്ലും എന്തും ചെയ്യും എന്നാല്‍ അതിന്റെ പേരില്‍ തങ്ങളെ നിയമപ്രകാരം അറസ്റ്റ് ചെയ്യാനോ ശിക്ഷിക്കാനോ പാടില്ല എന്ന സന്ദേശം സമൂഹത്തിന്റെ മുന്നില്‍ വെക്കുകയാണ് സി.പി.എം. ചെയ്യുന്നത്. തങ്ങളുടെ പ്രാദേശിക നേതാക്കള്‍ പോലും അറസ്റ്റ് ചെയ്യപ്പെട്ടാല്‍ കേരളത്തില്‍ ഒരുത്തനും സ്വൈര്യമായി കിടന്നുറങ്ങാമെന്ന് കരുതണ്ട എന്ന മുന്നറിയിപ്പും സി.പി.എം. ജനങ്ങള്‍ക്ക് നല്‍കുന്നുണ്ട്.

കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ദീര്‍ഘകാലം ഭരിച്ച രാജ്യങ്ങളില്‍ അവിടത്തെ ഭരണാധികാരികളെ ജനങ്ങള്‍ പിടിച്ചുകെട്ടി ജനകീയ വിചാരണയ്ക്ക് വിധേയമാക്കിയത് നാം കണ്ടതാണ്. 75കൊല്ലം ഭരിച്ച സോവിയറ്റ് റഷ്യയില്‍, ബോറിസ് യെത്‌സണും കൂട്ടരും അവിടത്തെ പാര്‍ലമെന്റ് വളഞ്ഞ് അധികാരം പിടിച്ചെടുത്തപ്പോള്‍ ഒരു പ്രകടനം നടത്താന്‍ പോലും അവിടത്തെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് കഴിഞ്ഞില്ല എന്ന ചരിത്രവും നമ്മുടെ മുന്നിലുണ്ട്. എന്തിനേറെ പറയുന്നു, 34കൊല്ലം ഭരിച്ച പശ്ചിമ ബംഗാളില്‍ ഇന്ന് സി.പി.എമ്മിന് അവിടത്തെ ഗ്രാമങ്ങള്‍ മിക്കതിലും പ്രവര്‍ത്തിക്കാന്‍ ബ്രാഞ്ച് കമ്മറ്റികള്‍ ഇല്ല. ഇതൊക്കെ അറിയാവുന്ന കേരളത്തിലെ മാര്‍ക്സിസ്റ്റുകാര്‍ ഒന്നും പഠിക്കുന്നില്ല.

എന്നിട്ട്, സി.പി.എമ്മിനെ എല്ലാവരും ചേര്‍ന്ന് തകര്‍ക്കാന്‍ ശ്രമിക്കുന്നേ എന്നാണ് ഒരുവകപ്പെട്ട നേതാക്കളെല്ലാം മാധ്യമങ്ങളിലൂടെ വിലപിക്കുന്നത്. എന്താണ് ഈ തകര്‍ക്കല്‍? സി.പി.എമ്മിന്റെ ചെയ്തികള്‍ എല്ലാം മാ‍ധ്യമങ്ങളില്‍ വരുന്നു അത്ര തന്നെ. എന്നാല്‍ പിന്നെ നിങ്ങള്‍ക്ക് കൊലപാതകങ്ങളിലും അക്രമങ്ങളിലും ഏര്‍പ്പെടാതെ ജനോപകാരപ്രദമായ കാര്യങ്ങള്‍ ചെയ്തുകൂടേ? അങ്ങനെയാവുമ്പോള്‍ ആരും നിങ്ങളെ തകര്‍ക്കുകയില്ലാലോ.  കൊല്ലുകയും വേണം, പ്രതികളായാല്‍ കേസ് വന്നാല്‍ തീപ്പന്തമായി നാട് മുഴുവന്‍ അക്രമം അഴിച്ചുവിടുകയും വേണം അതൊന്നും ആരും വാര്‍ത്തയാക്കരുത് എന്നൊക്കെ പറഞ്ഞാല്‍ ഒരു ജനാധിപത്യരാജ്യത്ത് നടക്കുമോ? ചൈനയില്‍ ആണെങ്കില്‍ പാര്‍ട്ടിയും സര്‍ക്കാരും അറിയിക്കുന്നത് മാ‍ത്രമേ ജനങ്ങള്‍ അറിയൂ. ഇന്റര്‍നെറ്റിന് പോലും കര്‍ശനമായ സെന്‍സറിങ്ങ് ആണ്.

സി.പി.എമ്മിന്റെ ക്രിമിനലൈസേഷന്‍ പൂര്‍ണ്ണമാകുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. എത്ര കൊലപാതകങ്ങള്‍ സി.പി.എം. നടത്തി എന്ന കണക്ക് അവിടെയിരിക്കട്ടെ. ഇപ്പോള്‍ അന്വേഷണത്തില്‍ ഇരിക്കുന്ന ഫസല്‍ , ചന്ദ്രശേഖരന്‍, ഷുക്കൂര്‍ വധക്കേസുകളില്‍ സി.പി.എം. നേതാക്കള്‍ അടക്കം പ്രതികളാണ്. ഇക്കാര്യത്തില്‍ മറ്റ് പാര്‍ട്ടിക്കാരും പൊതുജനങ്ങളും നിരപരാധികളാണ്. എന്നിട്ടാണ് കേസ് അന്വേഷണത്തില്‍ നേതാക്കള്‍ അറസ്റ്റില്‍ ആകുമ്പോള്‍ അക്രമം അഴിച്ചുവിടുന്നതും ഹര്‍ത്താലിന്റെ പേരില്‍ ജനങ്ങളെ ബന്ദികളാക്കുന്നത്. ഈ സംഭവങ്ങള്‍ തീര്‍ച്ചയായും ജനങ്ങളുടെയിടയില്‍ അവമതിപ്പ് ഉണ്ടാക്കുന്നതും സി.പി.എമ്മിനെ തകര്‍ക്കാന്‍ പര്യാപ്തവുമായ കാര്യങ്ങളാണ്.

സത്യത്തില്‍ ആരാണ് സി.പി.എമ്മിനെ തകര്‍ക്കുന്നത്? അത് ചെയ്യുന്നത് മാധ്യമങ്ങളോ മറ്റ് പാര്‍ട്ടിക്കാരോ ജനങ്ങളോ അല്ല. മറിച്ച് സി.പി.എമ്മിലെ തന്നെ ക്രിമിനലുകളാണ്. മറ്റ് പാര്‍ട്ടിക്കാരുടെ ആഫീസുകള്‍ തകര്‍ക്കുക, പള്ളികള്‍ക്ക് കല്ലെറിയുക, പൊതുമുതല്‍ നശിപ്പിക്കുക എന്നതൊക്കെ ക്രിമിനലുകള്‍ ചെയ്യുന്ന പണിയാണ്. അത്തരം ക്രിമിനലുകളാണ് ശരിക്കും സി.പി.എമ്മിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. എങ്ങനെയെന്നാല്‍ സി.പി.എമ്മിന്റെയോ എല്‍.ഡി.എഫിന്റെയോ ഉറച്ച വോട്ടുകള്‍ കൊണ്ട് മാത്രം ഒരിക്കലും സി.പി.എമ്മിന് ഭരണത്തില്‍ കയറാന്‍ കഴിയില്ല. അങ്ങനെയല്ലായിരുന്നെങ്കില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. ജയിക്കണമല്ലൊ. നിഷ്പക്ഷ ചിന്താഗതിക്കാരുടെ വോട്ട് കൂടി ലഭിച്ചാലേ എല്‍.ഡി.എഫിന് ജയിക്കാന്‍ പറ്റൂ. ആ നിഷ്പക്ഷ വിഭാഗത്തെ വെറുപ്പിക്കാനും, വെറുക്കുന്നവരുടെ എണ്ണം കൂട്ടാനും മാത്രമേ സി.പി.എം. ക്രിമിനലുകളുടെ പ്രവര്‍ത്തനം സഹായിക്കുകയുള്ളൂ. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കേരളത്തിലും സി.പി.എമ്മിന്റെ ഗതി ‘ഗോവിന്ദാ‘ ആയിരിക്കും.

അപ്പോള്‍ സി.പി.എം. തകരുന്നതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണ്? സി.പി.ഐ.ക്ക് പോലും ഇക്കാര്യത്തില്‍ സംശയമുണ്ടാവില്ല. സി.പി.എം. ക്രിമിനലൈസേഷന്‍ ചെറുക്കാന്‍ ആ പാര്‍ട്ടിയിലെ നല്ലവര്‍ക്ക് മാത്രമേ കഴിയൂ. അത്കൊണ്ട്, പൊതുസമൂഹത്തില്‍ സി.പി.എമ്മിനെ ന്യായീകരിക്കുന്നതിന് പകരം ആ പാര്‍ട്ടിയിലെ ക്രിമിനലുകളെ തുറന്നെതിര്‍ക്കാനാണ് ആ പാര്‍ട്ടിയുടെ അഭ്യുദയകാംക്ഷികള്‍ മുന്നോട്ട് വരേണ്ടത്. തകര്‍ക്കപ്പെട്ട കോണ്‍ഗ്രസ്സ്-ലീഗ് ഓഫീസുകളും സര്‍ക്കാര്‍ കെട്ടിടങ്ങളും വ്യാപാരസ്ഥാപനങ്ങളും പുനര്‍നിര്‍മ്മിക്കപ്പെടുക തന്നെ ചെയ്യും. പക്ഷെ സി.പി.എം. തകര്‍ന്നാല്‍ അതിനെ പുനര്‍നിര്‍മ്മിക്കാന്‍ കഴിയില്ല. ഈ വസ്തുത സി.പി.എം. സഹയാത്രികര്‍ അര്‍ഹിക്കുന്ന ഗൌരവത്തോടെ പരിഗണിക്കണം.

വാല്‍ക്കഷണം: ഇത് വായിക്കുന്ന സി.പി.എം.കാരന്റെ വായയില്‍ തെറി തികട്ടി വന്നാല്‍ ഞാന്‍ ഉത്തരവാദിയല്ല.