Pages

മാധ്യമവിചാരണ എന്ത്കൊണ്ട് ?

സഖാക്കള്‍, ഇടത് സഹയാത്രികര്‍ , ബുദ്ധിജീവികള്‍ ഒരു കാര്യം മനസ്സിലാക്കണം. വലത്പക്ഷമാധ്യമങ്ങളും മറ്റുള്ളവരും എല്ലാം ചേര്‍ന്ന് സി.പി.എമ്മിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്നാണല്ലൊ നിങ്ങള്‍ പറയുന്നത്. ടി.പി.ചന്ദ്രശേഖരനെ കൊന്നതില്‍ പാര്‍ട്ടിക്ക് പങ്കില്ല എന്ന് വിശദീകരിക്കാന്‍ വേണ്ടി നാടൊട്ടാകെ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി മണക്കാട് ചേര്‍ന്ന മീറ്റിംഗിലാണ് എം.എം.മണി കുപ്രസിദ്ധമായ വണ്‍ റ്റൂ ത്രീ ഫോര്‍ പ്രസംഗം നടത്തിയത്.

ടി.പി.വധക്കേസില്‍ രജീഷും മറ്റ് കൊലയാളികളും പോലീസിന്റെ പിടിയില്‍ ആയപ്പോള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജയകൃഷ്ണന്‍ മാഷ് വധവും അത്പോലെ മറ്റ് പല കേസുകളും തുടരന്വേഷണത്തിനുള്ള സാധ്യതകള്‍ തുറന്നു വന്നിട്ടുള്ളത്. ഇതിന്റെയൊക്കെ വാര്‍ത്തകളാണ് മാധ്യമങ്ങളില്‍ വരുന്നത്. ഈ വാര്‍ത്തകള്‍ അറിയാനുള്ള അവകാശം ജനങ്ങള്‍ക്കും അറിയിക്കാനുള്ള ബാധ്യത മാധ്യമങ്ങള്‍ക്കും ഉണ്ട്. ഇല്ലേ? കാരണം നമ്മുടേത് ഒരു ക്ലോസ്ഡ് സൊസൈറ്റി അല്ല. പരിഷ്കൃത ജനാധിപത്യസമൂഹമാണ്.

മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നതാണല്ലൊ പാര്‍ട്ടിക്കാരായ നിങ്ങളുടെ ഒക്കെ പ്രശ്നം. എന്നാല്‍ ഒന്നാലോചിക്കുക. ടി.പി.ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടില്ലായിരുന്നുവെങ്കില്‍ കുടത്തില്‍ നിന്ന് തുറന്നുവിടപ്പെട്ട ഭൂതത്തെ പോലെ ഇത്രയധികം കേസുകള്‍ ഇപ്പോള്‍ സി.പി.എമ്മിനെ വേട്ടയാടുമായിരുന്നോ? സി.പി.എമ്മിനെതിരെ ഇങ്ങനെ മാധ്യമ വിചാരണ നടക്കുമായിരുന്നോ? ഇല്ല അല്ലേ?  അപ്പോള്‍ ടി.പി.ചന്ദ്രശേഖരനെ കൊല്ലേണ്ടിയിരുന്നില്ല എന്നോ കൊന്നത് തെറ്റായിപ്പോയി എന്നോ നിങ്ങള്‍ക്ക് തോന്നേണ്ടതല്ലേ?

അപ്പോഴും നിങ്ങള്‍ പ്രതിരോധിക്കാനാണ് ശ്രമിക്കുന്നത്. ടി.പി.യെ കൊന്നതില്‍ പാര്‍ട്ടിക്ക് പങ്കില്ല എന്ന്. ഇപ്പറയുന്നത് ആരെങ്കിലും വിശ്വസിക്കുമോ? ഇല്ല.സി.പി.എമ്മിന്റെ ചില നേതാക്കള്‍ പാര്‍ട്ടിക്ക് വേണ്ടി നടത്തിയ രാഷ്ട്രീയക്കൊലയാണ് ടി.പി.ചന്ദ്രശേഖരന്റേത് എന്ന് പകല്‍ പോലെ വ്യക്തം. മോഹനന്‍ മാഷ് ഗൂഢാലോചന നടത്തിയെങ്കില്‍ അതോ, കൊടി സുനിയും കൂട്ടരും 51വെട്ട് വെട്ടി ടി.പി.യെ കൊന്നതോ ആരുടെയും വ്യക്തിപരമായ ആവശ്യത്തിന് അല്ലായിരുന്നു. പാര്‍ട്ടിക്ക് വേണ്ടിയാണ്. ആ പാപമാണ് പാര്‍ട്ടിയെ വേട്ടയാടുന്നത്. അല്ലാതെ മാധ്യമങ്ങളല്ല.

ഇനി നിങ്ങളുടെ മുന്നിലുള്ള വഴി എന്താണ്? പാര്‍ട്ടിയോ പാര്‍ട്ടിക്കാരോ മൊത്തം അറിഞ്ഞിട്ടോ അറിയിച്ചിട്ടോ അല്ല ഓരോ കൊലയും നടക്കുന്നത്. പാര്‍ട്ടിക്ക് വേണ്ടി ചിലര്‍ കൊല്ലുന്നു. അപ്പോള്‍ കൊലപാതകികളെയും ആസൂത്രകരെയും പാര്‍ട്ടി സംരക്ഷിക്കുന്നു. പാര്‍ട്ടി അണികള്‍ ന്യായീകരിക്കുന്നു. ഇതാണ് നടന്നു വരാറുള്ളത്. ഈ സമീപനം നിങ്ങള്‍ ഒഴിവാക്കാന്‍ തയ്യാറുണ്ടോ? സംഭവിച്ചതെല്ലാം പറ്റിപോയി. കുറ്റം ചെയ്തവര്‍ അതിന്റെ ശിക്ഷ അനുഭവിക്കട്ടെ. പാര്‍ട്ടി കൊലപാതകരാഷ്ട്രീയം ഒഴിവാക്കുന്നു. ഇനി കൊല ചെയ്തു വരുന്ന ആരെയും പാര്‍ട്ടി സംരക്ഷിക്കില്ല എന്ന് പരസ്യമായി പ്രഖ്യാപിക്കാന്‍ തയ്യാറുണ്ടോ? ഇതാണ് വര്‍ത്തമാനകാലം നിങ്ങളോട് ചോദിക്കുന്നത്.

ഉത്തരം പോസിറ്റീവായാല്‍ പാര്‍ട്ടിക്ക് നല്ലത്. നെഗറ്റീവായാല്‍ തകര്‍ച്ചയെ നേരിടും. അപ്പോള്‍ മറ്റുള്ളവരാണ് തങ്ങളുടെ പാര്‍ട്ടിയെ തകര്‍ക്കുന്നത് എന്ന് വിലപിക്കരുത്.

5 comments:

  1. സ്വന്തം കാര്യം വരുമ്പോള്‍ വലിയ തത്വജ്ഞാനം പറയുന്ന ആളുകള്‍ തന്നെ "ആരാന്റമ്മക്ക് പിരാന്തു വന്നാല്‍ " ആര്‍ത്തു ചിരിക്കുന്നതും നമ്മള്‍ കാണുന്നതല്ലേ ! ഇനിയും മലയാളിമനസ്സുകളില്‍ നിന്നും മാഞ്ഞു പോവാനും മാത്രം കാലപ്പഴക്കമൊന്നും ആയിട്ടില്ലല്ലോ അഭയ കേസിന് ........ഇന്നിപ്പോള്‍ കുറ്റാരോപിതര്‍ നിയമത്തിനു മുന്നില്‍ തെറ്റുകാരെന്നു തെളിയുന്നത് വരെ നിരപരാധികളായി പരിഗണിക്കപ്പെടണം , പോലീസിന്റെ അന്വേഷണത്തിന്റെ ഭാഗമായി കണ്ടെത്തുന്ന വസ്തുതകളും കോടതി നടപടികളും മറ്റും മാധ്യമങ്ങള്‍ വാര്‍ത്തയാക്കുന്നത് ദുഷ്ടലാക്കോടെയാണ് എന്നൊക്കെ വിലപിക്കുന്ന മാന്യന്മാര്‍ അവരുടെ തന്നെ നിയന്ത്രണത്തിലുള്ള നേര് നേരത്തെ അറിയിക്കുന്ന മാധ്യമങ്ങള്‍ അഭയ കേസിലെ കാര്യങ്ങള്‍ എങ്ങിനെയൊക്കെ ആയിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത് എന്ന് ഒന്നാലോചിച്ചു നോക്കുക !!

    ReplyDelete
  2. സി.പി.എം-പ്രതിസ്ഥാനത്തുവന്നതുകൊണ്ടു മാത്രമാണല്ലോ മാധ്യമങ്ങൾ കുറ്റക്കാരായത്.DHRM,SDPI,PDP -ഈ സംഘടനകൾ പ്രതിസ്ഥാനത്തു വന്ന സമയത്ത് ദേശാഭിമാനിയുടെ നിലപാടെന്തായിരുന്നു..? കഥകൾ എഴുതികൂട്ടുകയായിരുന്നില്ലേ..?

    ReplyDelete
  3. പുള്ളിപ്പുലിയുടെ പുള്ളികള്‍ മാറുന്ന കാലം വരുമെങ്കില്‍ ഈ പാര്‍ട്ടിയുടെ സ്വഭാവവും മാറുന്ന കാലം വരുമായിരിക്കും

    ReplyDelete
  4. ഇപ്പോള്‍ നടക്കുന്ന തെളിവെടുപ്പ് - അറസ്റ്റ് തുടങ്ങീ കലാപരിപാടിയുമായി സഹകരിക്കാന്‍ മനസ്സില്ല എന്ന് പരസ്യമായി തന്നെ പറയാതെ പറയുകയാണ്‌ സി പി ഐ എം ചെയ്തു കൊണ്ടിരിക്കുന്നത്. അറസ്റ്റു ചെയ്യപ്പെടുന്നവരാരും പാര്‍ട്ടിക്കാരല്ല, അവരെ കണ്ടു പോലും പരിചയമില്ല, പോലീസ് പക പോക്കുകയാണ് , എം എം മണി പോലുള്ളവര്‍ പറയുന്നതൊക്കെ വെറും തമാശയായി എടുത്താല്‍ മതി എന്നൊക്കെ പറയുന്നവര്‍ നാളെ ഒരു പക്ഷെ ടി പി ചന്ദ്ര ശേഖരനെ അറിയില്ല എന്നും അദ്ദേഹം സ്വന്തം ദേഹത്ത് സ്വയം വെട്ടി മരിക്കുകയായിരുന്നു എന്നൊക്കെ പറഞ്ഞാലും ആരും അതിശയിക്കേണ്ടതില്ല.

    സാധാരണ ജനങ്ങള്‍ക്ക്‌ പാര്‍ട്ടിയില്‍ നിന്നും ഉത്തരം കിട്ടേണ്ട ചോദ്യങ്ങള്‍ പലതുണ്ട്.

    മാധ്യമങ്ങളില്‍ നിന്നും വായിച്ചെടുക്കുന്ന അറിവുകള്‍ മുഴുവന്‍ ഇടതുപക്ഷത്തിന് എതിരെങ്കില്‍, ഏതൊക്കെ പത്ര മാധ്യമങ്ങളെയാണ് ജനങ്ങള്‍ വിശ്വസിക്കേണ്ടത് എന്ന് പറഞ്ഞു കൊടുക്കാനുള്ള ധാര്‍മിക ഉത്തരവാദിത്തം കൂടി പാര്‍ട്ടിക്കുണ്ട്. പോലീസുകാരും കോടതിയും പലതും പറയും അത് മുഴുവന്‍ വിശ്വസിക്കാന്‍ പറ്റില്ല എന്ന് ജനങ്ങളോടെ വിളിച്ചു പറയുന്ന പാര്‍ട്ടി, ഏതൊക്കെ നിയമ നീതി ന്യായ വ്യവസ്ഥകളെയാണ് ജനങ്ങള്‍ മാനിക്കെണ്ടതും അല്ലെങ്കില്‍ വിശ്വസിക്കെണ്ടതെന്നും കൂടി പറഞ്ഞു കൊടുക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ അതൊരു പക്ഷെ അരാഷ്ട്രീയ വാദത്തിലേക്ക് നീങ്ങുന്ന ഒരു തലമുറയുടെ പിറവിക്കു തന്നെ കാരണമായേക്കാം. ജനാധിപത്യവും സ്വാതന്ത്ര്യവും സമത്വവും പ്രസംഗത്തില്‍ മാത്രമല്ല , പ്രവര്‍ത്തിയിലും കൂടി കാണിച്ചു കൊണ്ട് ഈ ആരോപണങ്ങളെയും വിമര്‍ശനങ്ങളെയും ഇടതുപക്ഷം ജനകീയമായി, രാഷ്ട്രീയമായി കുറച്ചു കൂടി സഭ്യമായ രീതിയില്‍ നേരിടാന്‍ തയ്യാറാകേണ്ടിയിരിക്കുന്നു .
    സി പി ഐ എമ്മിനോട് ആര്‍ക്കാണ് ഇവിടെ ആജന്മ ശത്രുത ?

    ReplyDelete
  5. യഥാര്‍ത്ഥ കുറ്റവാളികള്‍ പിടിക്കപ്പെടുമെന്നു തോന്നുന്നില്ല , മാക്സിമം കോടി സുനിക്കും രജീഷിനും ഒരു ജീവപര്യന്തം , ബാക്കി ഒക്കെ തെളിവില്ലാതെ പോകും, അപ്പോഴേക്കും യു ഡീ എഫിന്റെ പച്ച പ്രേമം കാരണം എല്‍ ഡീ എഫ് തന്നെ അധികാരത്തില്‍ വരും, സുനിയും രജീഷും വീണ്ടും പരോളും മറ്റുമായി ഇവിടെ തന്നെ കാണും, lucky draw etc വഴി കാലാവധി കുറഞ്ഞു ഇറങ്ങുകയും മറ്റും ചെയ്യും , അവര്‍ വീണ്ടും കൊല്ലും, കാലം ഇനിയും ഉരുളും വിഷു വരും തിരുവോണം വരും , രമക്ക്‌ ഭര്‍ത്താവ് നഷ്ടപ്പെട്ടു അത്ര തന്നെ

    ReplyDelete