Pages

സി.പി.എം. രാ‍ഷ്ട്രീയ മാന്യത കാട്ടുമോ ?


പോലീസിന്റെ തികച്ചും  ശാസ്ത്രീയമായ അന്വേഷണ രീതി നിമിത്തം ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് കേരളത്തില്‍ അപൂര്‍വ്വമായ ഒരു കേസന്വേഷണമായി മാറിയിരിക്കുകയാണ്. അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ ഡി.ജി.പി. പറഞ്ഞു, ഈ കേസില്‍ കൊന്നവരെയും കൊല്ലിച്ചവരെയും പോലീസ് നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്ന്. ഇന്നും ഡി.ജി.പി. അതേ വാക്ക് ആവര്‍ത്തിക്കുകയുണ്ടായി. കൊന്നവരെയും കൊല്ലിച്ചവരെയും കണ്ടെത്താനുള്ള അന്വേഷണമാണ് നടക്കുന്നത്. അന്വേഷണത്തില്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഈ കാര്യത്തില്‍ സി.പി.എം. നേതാക്കളുടെ ഞഞ്ഞാമിഞ്ഞ വര്‍ത്തമാനം മാര്‍ക്സിസ്റ്റുകാരല്ലാത്തവര്‍ ആരും തന്നെ വിശ്വസിക്കുകയില്ല.  വി.എസ്സ്. അച്യുതാനന്ദന്‍ തന്നെ വിശ്വസിക്കുന്നില്ല. പിന്നെയല്ലെ മറ്റുള്ളവരുടെ കാര്യം.

ഉത്തരവാ‍ദപ്പെട്ട പാര്‍ട്ടിയാണ് സി.പി.എം. എങ്കില്‍ ആ പാര്‍ട്ടി ചെയ്യേണ്ടത്, ഈ കേസിന്റെ പര്യവസാനം ക്ഷമയോടെ കാത്തിരിക്കുകയാണ്. അന്വേഷണവും പ്രതിപ്പട്ടികയും വിചാ‍രണയും എന്ത് തന്നെയായാലും തെളിവില്ലാതെ ഇന്ത്യയിലെ കോടതികള്‍ ഒരാളെയും ശിക്ഷിച്ച ചരിത്രം ഇല്ല. ഇത് സി.പി.എമ്മിനും അറിയാം. എത്രയെത്ര കേസുകളില്‍ സി.പി.എം. പ്രതികള്‍ തെളിവിന്റെ അഭാവത്തില്‍ വെറുതെ വിടപ്പെട്ടിരിക്കുന്നു. ഈ കേസിലും അത്ര മാത്രമേ സംഭവിക്കുകയുള്ളൂ.  അതിനിടയില്‍ സി.പി.എം. നടത്തുന്ന പ്രതിക്ഷേധങ്ങളും കോലാഹലങ്ങളും ഒക്കെ ആ പാര്‍ട്ടിക്കാര്‍ക്ക് ആശ്വാസം പകരുമെങ്കിലും പൊതുസമൂഹത്തിന് ആ പാര്‍ട്ടിയെ പറ്റി അവമതിപ്പ് ഉണ്ടാക്കാനേ ഉപകരിക്കുകയുള്ളൂ.

ഇത് വരെയുള്ള അന്വേഷണം വെച്ചു നോക്കുമ്പോള്‍ കൊന്നവരും കൊല്ലിച്ചവരും ആയ പ്രതികള്‍ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും. അങ്ങനെ ശിക്ഷിക്കപ്പെടുന്നവരില്‍ സി.പി.എം. അംഗങ്ങള്‍ ഉണ്ടെങ്കില്‍ അവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതോ സംരക്ഷിക്കുന്നതോ സി.പി.എമ്മിന്റെ മാത്രം കാര്യമാണ്. കേരളത്തില്‍ ഇനി മേലില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഈ കേസ് കാരണമാകുമോ എന്ന കാര്യത്തില്‍ മാത്രമേ പൊതുസമൂഹത്തിന് താല്പര്യമുള്ളൂ. കാരണം ആളുകള്‍ക്ക് സമാധാനം വേണം.

കള്ളക്കേസാണ് , രാഷ്ട്രീയ വൈരാഗ്യമാണ്, തിരക്കഥയാണ് എന്നൊക്കെ പറഞ്ഞോണ്ടിരുന്നാല്‍ അന്നാഹാരം കഴിക്കുന്ന ആരും വിശ്വസിക്കുകയില്ല. അപ്പോള്‍ അറിയാനുള്ളത് കേസിന്റെ സ്വാഭാവിക പരിണാമം സി.പി.എം.കാര്‍ സഹിഷ്ണുതയോടെ അഭിമുഖീകരിക്കുമോ എന്ന് മാത്രമാണ്. അതല്ലാതെ കല്ലോ വടിയോ ഒക്കെ എടുത്ത് തെരുവിലിറങ്ങി പോലീസിനെയും കോടതിയെയും എറിഞ്ഞ് ക്രമസമാധാന പ്രശ്നം ഉണ്ടാക്കി കേസില്‍ നിന്ന് തപ്പിക്കാന്‍ നോക്കണ്ട. അത് തടുക്കാനുള്ള സന്നാഹവും കോപ്പും ഒക്കെ ഇവിടത്തെ സര്‍ക്കാരിനുണ്ട്. ഈ കേസില്‍ സി.പി.എമ്മിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന മാന്യമല്ലാത്ത ഓരോ പ്രതികരണവും അതിന്റെ നാശത്തിന് മാത്രമേ ആക്കം കൂട്ടുകയുള്ളൂ എന്ന് ഓര്‍ത്താല്‍ നന്ന്.

6 comments:

  1. സി.പി.എം രാഷ്ട്രീയ മാന്യത കാട്ടുമോ ?!!



    ഇല്ലാത്തതൊന്ന് എങ്ങനെ കാട്ടാനാണ്

    ReplyDelete
  2. ടീ പീ വധ കേസില്‍ ജില്ലാ സെക്രടരിയെറ്റ് അംഗം പ്രതിയായപ്പോള്‍ ജില്ലാ ഹര്‍ത്താലിനു ആഹ്വാനം .......ഇക്കണക്കിനു പോയാല്‍ പാര്‍ട്ടി ഇനി സംസ്ഥാന ഹര്‍ത്താലും അഖിലേന്ത്യാ ഹര്‍ത്താലും ഒക്കെ നടത്തേണ്ടി വരുമെന്നാണ് തോന്നുന്നത് !

    ReplyDelete
  3. എല്ലാം കാത്തിരുന്നു കാണാം കേള്‍ക്കാം.
    ആശംസകള്‍

    ReplyDelete
  4. സംസ്ഥാന നേതാക്കളിലേക്ക് അന്യേഷണം നീളാതിരിക്കാനുള്ള കളിയല്ലേ ഇതെല്ലാം..
    ഞങ്ങള്‍ക്ക് ശരിക്കും മടുത്തിരിക്കുന്നു സിപിഎമ്മിനെ.....

    ReplyDelete
  5. കുറ്റവാളിയായി കരുതി അറസ്റ്റ് ചെയ്ത ഒരാള്‍ക്ക്‌ വേണ്ടി ഒരു ജില്ലയില്‍ ഹര്‍ത്താല്‍ ! സംസ്ഥാനം മുഴുവനും വേണ്ടി ആഹ്വാനം ചെയ്തില്ലലോ..ഭാഗ്യം !

    ഉത്തരവാദപ്പെട്ട ഒരു പാര്‍ടി എന്നാ നിലക്ക് സി പി എം ചെയ്യേണ്ടത്, നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്നതായിരുന്നു.ഏതു അന്വേഷണവും നേരിടാം എന്ന് പറയണമായിരുന്നു. അന്വേഷണത്തോട് സഹകരിക്കുന്നു എന്ന് പറയണമായിരുന്നു. എങ്കില്‍ അരിയാഹാരവും അല്ലാത്തതും കഴിക്കുന്നവരുടെ മനസ്സില്‍ സംശയം എന്നൊന്ന് ഉണ്ടാവില്ലായിരുന്നു.ഇപ്പോള്‍
    ഒളിച്ചു വെക്കാന്‍ പലതും ഉണ്ട് എന്ന് പൊതുജനത്തിന് തോന്നിയാല്‍ ആരെ കുറ്റം പറയാന്‍ ?

    മന്ത്രിയുടെ തിരക്കഥ, പോലീസിന്റെ തിരക്കഥ എന്നൊക്കെ പറയുമ്പോള്‍ ഭരണം ഉണ്ടായിരുന്നപ്പോള്‍ , സ്വന്തമായി ഇതുപോലെ തിരക്കഥകള്‍ രചിച്ചു പരിചയം ഉണ്ട് എന്നാണോ അതിനര്‍ഥം !

    ReplyDelete
  6. ജില്ലാ നേതാവിനെ സിനിമാ സ്റ്റൈലില്‍ ഓടിച്ചിട്ട് പിടിച്ചതിലാണ് പാര്‍ട്ടിക്ക് പരാതി .....ഹാജരാകാന്‍ നോട്ടീസ് കൊടുത്ത ഉടനെ ഒളിവില്‍ പോയ കുഞ്ഞനന്തനെ പിടികിട്ടാന്‍ ആഴ്ചകളും മാസങ്ങളും എടുത്തു .....വേറെ ചില നേതാക്കന്മാര്‍ക്ക് നോട്ടീസ് കിട്ടിയാലുടന്‍ മുട്ട് വേദന നടുവ് വേദന ഒക്കെ വരും ...അതുകൊണ്ടു ചോദ്യം ചെയ്യല്‍ മാറ്റി വെക്കണമെന്ന് പറയും പക്ഷെ നാടൊട്ടുക്ക് നടന്നു പ്രസംഗിക്കുന്നതിനും ജയിലുകള്‍ സന്ദര്‍ശിക്കുന്നതിനും ഒന്നും ഇവ തടസ്സമാവില്ല .....ഇതൊക്കെ കണ്ടു കൊണ്ടിരിക്കുന്ന ജനം ഇത്തരക്കാരെ ഓടിച്ചിട്ടു പിടിച്ചില്ലെങ്കില്‍ ആണ് പോലീസിനെ പഴിക്കുക !

    നാട്ടിലെ നിയമവ്യവസ്ഥയില്‍ പാര്‍ട്ടിക്ക് വിശ്വാസമില്ല എന്ന് പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ട നേതാക്കന്മാര്‍ പലരും പറയുന്നത് കേള്‍ക്കുമ്പോള്‍ ഇവരും മാവോ വാദികളും തമ്മിലുള്ള അന്തരം എന്താണെന്ന് ജനം അത്ഭുത പ്പെടുന്നു .....പോലീസുകാര്‍ എത്രയൊക്കെ ശാസ്ത്രീയമായ തെളിവുകള്‍ നിരത്തി യാലും കോടതി അവയൊക്കെ നിയമപരമായി നിലനില്കുന്നതാനെന്നു വിധിയെഴുതിയാലും പാര്‍ട്ടിക്കാരന്‍ കുറ്റം ചെയ്തിട്ടുണ്ടോ എന്ന് പാര്‍ട്ടി കമ്മീഷന്‍ അന്വേഷിച്ചു കണ്ടെത്തി യാലേ പാര്‍ട്ടിക്കോടതിക്ക് നടപടി എടുക്കാന്‍ കഴിയൂ എന്നതാണ് അവര്‍ പറയുന്നത് ......അതിന്റെ നടപടികള്‍ എങ്ങിനെയാണെന്ന് പീ ശശിയുടെയും ഗോപി കോട്ട മുറി ക്കലിന്റെയും കാര്യത്തില്‍ വളരെ വ്യക്തമായും കാണുന്നു ....കുറ്റക്കാരെ സംരക്ഷിക്കാന്‍ പരമാവധി ശ്രമിക്കുക .....ഒരു തരത്തിലും നിഷേധിക്കാനാവാത്ത തെളിവുകള്‍ ഹാജരാക്കുമ്പോള്‍ നടപടി എടുക്കുക ഒപ്പം തന്നെ തെളിവ് നല്കിയവരെയും ശിക്ഷിക്കുക ഇനി മേലില്‍ പാര്‍ട്ടി നേതാക്കന്മാരുടെ ദുഷ്പ്രവര്തികള്‍ തുറന്നു കാണിക്കുവാന്‍ ആരെങ്കിലും ധൈര്യം കാണിച്ചാല്‍ ഇതാവും ഫലം എന്നൊരു മുന്നറിയിപ്പും അത് വഴി നല്‍കുക !

    ReplyDelete