Pages

കുറ്റിക്കുരുമുളകും ജൈവതീവ്രവാദവും

കാര്യത്തിലേക്ക് കടക്കുന്നതിന് മുന്‍പ് അല്പം മുഖവുര. ഇപ്പോള്‍ എല്ലാ വീടുകളിലും പൂച്ചട്ടികള്‍ ഉണ്ടല്ലൊ. അലങ്കാരത്തിന് വേണ്ടി അതിലൊക്കെ എന്തൊക്കെയോ ചെടികള്‍ നടുന്നുമുണ്ട്. അതിന്റെ കൂടെ ഒരു അഞ്ച് ചട്ടിയില്‍ കുറ്റിക്കുരുമുളകിന്റെ ചെടി നട്ടുകൂടേ? തീര്‍ച്ചയായും അതിനും ഭംഗിയുണ്ട്. ചിത്രം നോക്കുക. ഞാന്‍ നട്ട കുറ്റിക്കുരുമുളക് ചെടിയാണ് ഇത്.  അത് കായ്ക്കാന്‍ തുടങ്ങിയിരിക്കുന്നു. ഫേസ്‌ബുക്കിന്റെ കൃഷി ഗ്രൂപ്പില്‍ ഈ വിഷയം അവതരിപ്പിച്ചുകൊണ്ട് ഞാന്‍ ഒരു പോസ്റ്റ് എഴുതി. അത് ഇങ്ങനെ :


ഇന്ന് വീട്ടാവശ്യത്തിന് കുരുമുളക് കടയില്‍ നിന്നും വാങ്ങേണ്ടി വരുന്ന സ്ഥിതിയാണ്. ഇതിന് പരിഹാരമാണ് കുററിക്കുരുമുളക്. കായ് തരുന്ന കുരുമുളക് ചെടികള്‍ ചട്ടിയില്‍ വളര്‍ത്തിയാല്‍ മതിയാകും. ഇവയ്ക്ക് കൂടുതല്‍ സ്ഥലം ആവശ്യമില്ല എന്നു മാത്രമല്ല തോട്ടത്തില്‍ വെക്കുന്നത് പൂന്തോട്ടത്തിന് മോടി കൂട്ടുകയും ചെയ്യും. വര്‍ഷം മുഴുവന്‍ കുരുമുളക് മണികള്‍ ലഭിക്കുകയും ചെയ്യും. വലിയ ചെടിച്ചട്ടികളില്‍ മണ്ണും, ഉണക്കി പൊടിച്ച കാലിവളവും ചേര്‍ത്ത് വേര് പിടിപ്പിച്ച കുരുമുളക് തണ്ടുകള്‍ നടാം. ഇങ്ങിനെ നടുന്ന കുററിക്കുരുമുളകിന് കൂടുതല്‍ വളം ആവശ്യമാണ്.

കുററി കുരുമുളക് ചെടികള്‍ നട്ട് ഒരു വര്‍ഷത്തിനകം വിളവ് തരാന്‍ തുടങ്ങും. ആദ്യത്തെ വര്‍ഷം ഒരു ചെടിയില്‍ നിന്നും 500 ഗ്രാം കുരുമുളക് ലഭിക്കും. ചെടിച്ചട്ടികളില്‍ നിന്നു തന്നെ വീട്ടാവശ്യത്തിനു വേണ്ട കുരുമുളക് ഉണ്ടക്കാവുന്നതാണ്. ചട്ടിയിലെ ചെടികള്‍ക്ക് രണ്ട് മാസത്തിലൊരിക്കല്‍ 2 ഗ്രാം യൂറിയ, 3 ഗ്രാം സൂപ്പര്‍ ഫോസ്ഫേററ്, 3 ഗ്രാം പൊട്ടാഷ് എന്നിവ ചേര്‍ത്ത വള മിശ്രിതം ഒരു ടീസ്പൂണ്‍ വീതം നല്‍കണം. കാലി വളം 25 ഗ്രാം എന്നതോതിലും കടലപിണ്ണാക്കും വേപ്പിന്‍ പിണ്ണാക്കും എല്ലാ വര്‍ഷവും മെയ് മാസത്തില്‍ നല്‍കുന്നത് കുററി കുരുമുളകിന്റെ വളര്‍ച്ചയ്ക്ക് നല്ലതാണ്.

ദിവസേന നനക്കുന്നത് തുടക്കത്തില്‍ തിരിയിലെ മണിപിടിത്തം കൂട്ടാനും മണി കൊഴിച്ചല്‍ കുറക്കാനും സഹായിക്കും. കുററിക്കുരുമുളക് ചെടിയില്‍ നിന്നും വര്‍ഷം മുഴുവനും കുരുമുളക് ലഭിക്കുകയും അഞ്ച് വര്‍ഷത്തോളം നല്ല വിളവ് ലഭിക്കുകയും ചെയ്യും. പറിക്കാന്‍ ആളെ ആവശ്യമില്ല. നടാന്‍ അധികം സ്ഥലം വേണ്ട, വള്ളി പടര്‍ത്താന്‍ മരം വേണ്ട എന്നിവയാണ് പ്രത്യേകതകള്‍.

നന്നായി വിളവ് തരുന്നതും 8 -10 വര്‍ഷത്തോളം പ്രായമുള്ളതുമായ മാതൃവള്ളിയില്‍ നിന്നാണ് തൈകള്‍ക്ക് വേണ്ടിയുള്ള തലകള്‍ ശേഖരിക്കുന്നത്. ഇങ്ങനെ ശേഖരിച്ച വള്ളികളില്‍ നിന്നും 3- 5 മുട്ടുള്ള തണ്ടുകള്‍ പോട്ടിംഗ് മിശ്രിതം നിറച്ച പോളിത്തീന്‍ കവറുകളില്‍ നടുന്നു. വേരു പിടിക്കുവാന്‍ 30-50 ദിവസം വേണം. വേര് പിടിച്ച തണ്ടുകള്‍ 3 മാസത്തിന് ശേഷം ചട്ടിയില്‍ നടാം. ഇത്തരം കുരുമുളക് ചെടികള്‍ കുററിയായി വളരുകയും കൂടുതല്‍ പാര്‍ശ്വ ശിഖരങ്ങള്‍ ഉണ്ടാവുകയും ചെയ്യും. താങ്ങിന്റെ ആവശ്യമില്ല. ഇതാണ് കുററി കുരുമുളക് അഥവാ ബുഷ് പെപ്പര്‍.

പന്നിയൂര്‍ കുരുമുളക് ഗവേഷണ കേന്ദ്രത്തില്‍ നിന്ന് പന്നിയൂര്‍-1 മുതല്‍ പന്നിയൂര്‍-7 വരെ കുരുമുളക് തൈകള്‍ വികസിപ്പിച്ചിട്ടുണ്ട്. ഈ മാതൃവള്ളികളില്‍ നിന്ന് കുറ്റിക്കുരുമുളക് തൈകള്‍ക്ക് വേണ്ടിയുള്ള തലകള്‍ ശേഖരിക്കുന്നത് നന്നായിരിക്കും. അത് പോലെ തന്നെ കരിമുണ്ട എന്ന ഇനം കുരുമുളകിന്റെ മാതൃവള്ളിയില്‍ നിന്നും തലകള്‍ ശേഖരിക്കാം. ചട്ടികളില്‍ വളര്‍ത്തുന്ന കുറ്റിക്കുരുമുളക് ചെടികള്‍ക്ക് ചെടികള്‍ക്ക് മേല്‍പ്പറഞ്ഞ പോലെ രണ്ട് മാസത്തിലൊരിക്കല്‍ 2 ഗ്രാം യൂറിയ, 3 ഗ്രാം സൂപ്പര്‍ ഫോസ്ഫേററ്, 3 ഗ്രാം പൊട്ടാഷ് എന്നിവ ചേര്‍ത്ത വള മിശ്രിതം ഒരു ടീസ്പൂണ്‍ വീതം നല്‍കാന്‍ മറക്കണ്ട. ജൈവക്കൃഷി എന്നത് അങ്ങനെ അതിവൈകാരികമായി കൊണ്ടുനടക്കേണ്ട സംഗതിയല്ല എന്ന് ഓര്‍ക്കുക. ചട്ടികളില്‍ വളര്‍ത്തുന്ന എന്തിനും ഇങ്ങനെ നേരിയ അളവില്‍ രാസവളം നല്‍കേണ്ടതുണ്ട്.

ഇത്രയും വായിച്ചിട്ട് എന്താണ് കുറ്റിക്കുരുമുളകിന്റെ തല എന്ന് മനസ്സിലായില്ലേ?  സാരംഗ് ഗോപാലകൃഷ്ണന്‍ മാഷ് പറയുന്നത് ശ്രദ്ധിക്കുക:

"കുരുമുളക് ചെടിയുടെ ചോട്ടില്‍ നിന്നും നീണ്ടു വരുന്ന 'കൊടിഞ്ഞാലി' ആണ് സാധാരണ നടാനായി ഉപയോഗിക്കുന്നത്. അത് വളര്‍ന്നു വലുതാവുമ്പോള്‍ മരത്തില്‍ 'അട്ടക്കാല്' പിടിച്ചു കയറുന്നു.അങ്ങനെ വളരുന്ന ചെടിയില്‍ 'കണ്ണി'യുണ്ടാവും.'കണ്ണി'യുണ്ടായാലെ കുരുമുളക് കായ്ക്കാന്‍ തുടങ്ങൂ. ഈ 'കണ്ണി' ഒരിക്കലും നീണ്ടു വളരാറില്ല. വര്‍ഷാവര്‍ഷം പൂക്കുകയും കായ്ക്കുകയും ചെയ്യുമെന്നല്ലാതെ അത് വളര്‍ന്നു നീളു കയെ ഇല്ല.വേനല്‍ കഴിഞ്ഞു കിട്ടുന്ന നല്ല മഴയ്ക്ക് ഈ കണ്ണികളെല്ലാം ഒന്നിച്ചു തളിര്‍ക്കും. ആ തളിരുകളെല്ലാം പൂവോട് കൂടിയ തിരി ആയിരിക്കും. ആ തിരിയാണ് മുള കുതിരിയായി മാറുന്നത്.ഈ കണ്ണി അടര്‍ത്തിയെടുത്ത്‌ കുഴിച്ചിട്ടാല്‍ കിട്ടുന്നതാണ് കുറ്റിക്കുരുമുളക്.

വളരെ ശ്രദ്ധ കൊടുത്താലേ ഇത് മുളപ്പിച്ചെടുക്കാനാവൂ.കൌതുകത്തിനല്ലാതെ തോട്ടക്കൃഷിയായി ആരും ചെയ്തു കാണുന്നില്ല.കാരണം ഇതങ്ങനെ കുറ്റിച്ചു നില്‍ക്കുമെന്നല്ലാതെ വളര്‍ന്നു വലുതായി വലിയ ആദായം തരാറില്ല. മറ്റൊന്നാണ് 'കേറു തല'.ഇതാണ് കുരുമുളകിന്‍റെ വളരുന്ന ഭാഗം.അത് മരത്തിലങ്ങനെ പറ്റിപ്പിടിച്ചു കയറി ക്കൊണ്ടിരിക്കും.അത് മുറിച്ചു നട്ടാല്‍ മരത്തില്‍ കയറിക്കൊണ്ടിരിക്കും എന്നല്ലാതെ'കണ്ണി' കുത്താറില്ല.ചിലത് കുറെ കാലം കഴിഞ്ഞു കണ്ണി കുത്തിയെന്ന് വരാം. കണ്ണിത്തല വേര് പിടിപ്പിച്ചു നടുന്നതാണ് ചെടിച്ചട്ടിയില്‍ നടുന്ന കുറ്റിചെടി. കണ്ണിത്തലക്ക് വള്ളി നീളില്ല. പക്ഷെ കണ്ണിത്തല എടുക്കുമ്പോള്‍ വള്ളിത്തല കൂടി ഉണ്ടെങ്കില്‍ അത് നീണ്ടു പോകും."

എന്റെ മേല്‍ പോസ്റ്റ് വായിച്ചിട്ട് , സാരംഗ് ഗോപാലകൃഷ്ണന്‍ മാഷ് എഴുതിയ കമന്റ് ഇപ്രകാരം: 

രാസവളമിട്ടില്ലെങ്കില്‍ ഒന്നും ഉണ്ടാകില്ല എന്ന് ശാഠ്യം പിടിക്കണോ?താങ്കള്‍ അല്ലാത്ത രീതിയില്‍ കൃഷി ചെയ്തു നോക്കിയിട്ടുണ്ടോ? ജൈവ കൃഷി അതിവൈകാരികതയല്ല.ഞങ്ങളുടെ അച്ഛനും അമ്മയുമൊക്കെ ഞങ്ങളെ പഠിപ്പിച്ച കൃഷിയാണത്.താങ്കളെപ്പോലെ ഉള്ളവരുടെ പ്രലോഭനങ്ങളില്‍ പെട്ട് അവര്‍ വിഷക്കൃ ഷിയിലേക്ക് മാറി.പിന്നെപ്പിന്നെ അവര്‍ക്കത് മനസിലായിതുടങ്ങിയപ്പോഴേക്കും അവരുടെ ശേഷി കെട്ടു. മണ്ണിന്‍റെ ആരോഗ്യവും കെട്ടു.ഞങ്ങളായിട്ടത് തിരുത്തി. ഞങ്ങള്‍ ജൈവ കൃഷി വൈകാരികമായി നടത്തുന്നവരല്ല,ആഹാരമുണ്ടാക്കണം എന്ന ലക്ഷ്യത്തിലാണത് ചെയ്യുന്നത്.താങ്കള്‍ സാരംഗിലെ കൃഷിഭൂമിയിലേക്ക് വരൂ. കാണൂ, മനസിലാക്കൂ.


അതി വൈകാരികത എന്നൊക്കെ പറഞ്ഞു ദയവു ചെയ്തു കളിയാക്കാതിരിക്കൂ.താങ്കള്‍ ഒന്നോര്‍ക്കണം,വിഷം കൊടുത്തുണ്ടാക്കുന്ന ഭക്ഷണം കഴിച്ചാല്‍ അത് ശരീരത്തിനു ഗുണം ചെയ്യില്ല.രാസവളം വിഷമല്ലെന്നല്ലേ താങ്കളുടെ വാദം?ഓരോ ചെടിക്കും അതിനാവശ്യമായാതെ കൊടുക്കാവൂ. അമിത പോഷണത്തിനാണ്നമ്മള്‍ രാസവളം ഉപയോഗിക്കുന്നത്.നമ്മള്‍ പരമ്പരാഗതമായി മണ്ണിനെ പോഷിപ്പിക്കുന്ന കൃഷിരീതിയാണ്‌ ചെയ്തു വന്നിരുന്നത്.അങ്ങനെ പോഷണം കിട്ടിയ മണ്ണില്‍ചെടിക്കാവശ്യമായതെല്ലാംഉണ്ടായിരിക്കും. ഓരോരോ ചെടികള്‍ക്കും അവയ്ക്കാവശ്യമായതെടുത്ത് മിച്ചമുള്ളത് അവിടെ ശേഷിപ്പിക്കും.അതുകൊണ്ട് മണ്ണ് ഒരിക്കലും മണ്ണ് ശൂന്യമാകുന്നില്ല. രാസവിഷക്കൃഷിയില്‍ഓരോ കൃഷിക്ക് ശേഷവും മണ്ണ് ശൂന്യമായിരിക്കും.അപ്പപ്പോള്‍ ഇട്ടുകൊടുക്കുന്ന രാസവളം മാത്രമാണ് അതിനു ആശ്രയം.ഇത് വളം കച്ചവടക്കാരന് ഗുണവും മണ്ണിനും കൃഷിക്കാരനും ദോഷവും ചെയ്യും. കൂടാതെ അമിത പോഷണം കിട്ടി ഉണ്ടാക്കുന്ന ഭക്ഷ്യ വസ്തുക്കള്‍ മനുഷ്യന്‍റെ ആരോഗ്യം കെടുത്തുന്നു.


കച്ചവടക്കണ്ണി ല്‍ താങ്കളുടെ വാദം ശരിയായിരിക്കാം.പക്ഷെ ആരോഗ്യക്കണ്ണില്‍ അത് ശരിയാവുകയില്ല.കൂണ് പോലെ മുളച്ചു പൊന്തുന്ന ആയിരക്കണക്കിന് ആശുപത്രികളും അവിടെ തിങ്ങി നിറയുന്ന രോഗികളും അതിവൈകാരികത കൊണ്ട് വന്നെത്തുന്നതല്ല.താങ്കളെപ്പോലുള്ളവര്‍ നിര്‍ദ്ദേശിക്കുന്ന ഓരോ സ്പൂണ്‍ വിഷവും ഭക്ഷിച്ചിട്ടു വരുന്നവരാണെ ന്നറി യുക.ആശുപത്രികള്‍ വര്‍ദ്ധിക്കുന്നത് ഒരു സമൂഹത്തിന്റെ ആരോഗ്യത്തെയല്ല കാണിക്കുന്നത്, മറിച്ചു അതിനെ ബാധിച്ചിട്ടുള്ള രോഗങ്ങളുടെ അതി ഗുരുതരാവസ്ഥയാണെന്ന് തിരിച്ചറിയണം.


എന്റെ മറുപടി: 


ഗോപാലകൃഷ്ണന്‍ മാഷ് പറഞ്ഞതിനെ പറ്റി ഞാന്‍ കൂടുതല്‍ ഒന്നും പറയുന്നില്ല. എന്തെന്നാല്‍ അദ്ദേഹം പറയുന്നത് വ്യത്യസ്തമായൊരു വിചാരധാരയാണ്. അത് ശരിയാണെന്ന് വിശ്വസിക്കുന്നത്കൊണ്ടും ആത്മാര്‍ത്ഥത കൊണ്ടുമാണ് മാഷ് പറയുന്നത്. രാസവളത്തിന്റെ ഒരു തരിപോലും ഉപയോഗിക്കരുത് എന്നാണദ്ദേഹം പറയുന്നത്. ആയിക്കോട്ടെ. അതൊക്കെ വിശ്വസിക്കുന്നവര്‍ വിശ്വസിക്കുകയും ചെയ്തോട്ടെ. ഞാന്‍ പറയുന്നത് ചിലരെങ്കിലും മനസ്സിലാക്കും. അവരോട് പറയാന്‍ ദയവായി എന്നെ അനുവദിക്കണം. ഇതില്‍ ശാഠ്യത്തിന്റെ പ്രശ്നമില്ല.

മണ്ണും , മണ്ണില്‍ നിന്നും ചെടികള്‍ വലിച്ചെടുക്കുന്ന പോഷകങ്ങളും രണ്ടല്ല. ഒന്ന് തന്നെയാണ്. കുറെ മൂലകങ്ങളുടെ ആകെത്തുകയാണ് മണ്ണ്. സിലിക്കണ്‍ , അലുമിനിയം എന്നീ മൂലകങ്ങളാണ് മണ്ണില്‍ കൂടുതലായി ഉള്ളത്. മണ്ണില്‍ ആകെയുള്ള മൂലകങ്ങളില്‍ 13 മൂലകങ്ങളാണ് സസ്യങ്ങള്‍ക്ക് വേണ്ടത്. ഈ മൂലകങ്ങളില്‍ ചിലത് മണ്ണില്‍ തീര്‍ന്നുപോകുമ്പോഴാണ് വളപ്രയോഗം വേണ്ടി വരുന്നത്. വന്‍ വൃക്ഷങ്ങള്‍ക്ക് നമ്മള്‍ വളമൊന്നും കൊടുക്കേണ്ട. അതിന്റെ വേരുകള്‍ എവിടെയെങ്കിലും പോയി അത് കണ്ടെത്തിക്കോളും. എന്നാല്‍ ചെറിയ സസ്യങ്ങളുടെ വേരുകള്‍ക്ക് പരിമിതിയുണ്ട്. അത്കൊണ്ടാണ് വള പ്രയോഗം വേണ്ടി വരുന്നത്. ജൈവവളത്തിലും രാസവളത്തിലും ഉള്ളത് മണ്ണില്‍ ഉള്ളത് പോലെയുള്ള മൂലകങ്ങള്‍ തന്നെയാണ്. സസ്യങ്ങള്‍ക്ക് വേണ്ടത് കൃത്യമായും പെട്ടെന്ന് ആഗിരണം ചെയ്യാന്‍ കഴിയുന്ന വിധവുമാണ് രാസവളം നിര്‍മ്മിക്കുന്നത്.

ഓരോരോ ചെടികള്‍ക്കും അവയ്ക്കാവശ്യമായതെടുത്ത് മിച്ചമുള്ളത് അവിടെ ശേഷിപ്പിക്കും എന്ന് ഗോപാലകൃഷ്ണന്‍ മാഷ് തന്നെ പറയുന്നുണ്ട്. എന്താണതിന്റെ അര്‍ത്ഥം? സിലിക്കണ്‍ ഉണ്ട് എന്ന് വെച്ച് സസ്യം അത് എടുക്കുകയില്ല. അതേ സമയം ചെടിക്ക് ആവശ്യമായ നൈട്രജന്‍, പൊട്ടാസിയം , ഫോസ്ഫറസ് പോലുള്ള മൂലകങ്ങള്‍ തേടി അതിന്റെ വേരുകള്‍ സഞ്ചരിക്കുകയും ചെയ്യും. ചുറ്റുവട്ടത്ത് ആവശ്യമുള്ളത് ലഭ്യമായാല്‍ വേരുകള്‍ നീണ്ടുപോവുകയില്ല. ഈ യാഥാര്‍ഥ്യമാണ് ഹൈഡ്രോപോണിക്ക് കൃഷിരീതിയില്‍ ഉപയോഗിക്കുന്നത്.

ബാംഗ്ലൂര്‍ , ചെന്നൈ പോലുള്ള നഗരങ്ങളില്‍ ഫ്ലാറ്റുകളിലും , തൊട്ട് തൊട്ടുള്ള ചുമരുകളോടെയുള്ള വീടുകളിലും താമസിക്കുന്നവര്‍ ഒരു രസത്തിന് വേണ്ടിയും അവനവന് ആവശ്യത്തിന് വേണ്ടിയും ചില്ലറ പച്ചക്കറി കൃഷി ചെയ്യാന്‍ മണ്ണ് ചാക്കുകളിലാക്കി നാട്ടില്‍ നിന്നു കൊണ്ടുപോകുന്നുണ്ട്. അവര്‍ക്കൊന്നും ജൈവകൃഷിയുടെ പിന്നാലെ പോകാന്‍ കഴിയില്ല. ജൈവളം ജീര്‍ണ്ണിച്ച് അതില്‍ നിന്നും ഉല്പന്നമാകുന്ന നൈട്രജനും പൊട്ടാസിയവും മഹത്തരമെന്നും , യൂറിയയിലോ ഫാക്ടം ഫോസിലോ ഉള്ള നൈട്രജനും പൊട്ടാസിയവും ഫോസ്ഫറസും വിഷമാണെന്നും പറഞ്ഞ് അവരെ ഭയപ്പെടുത്തരുത് സര്‍. രാസവളമിടാതെ ജൈവവളം മാത്രമിട്ട് കൃഷി ചെയ്യുന്ന പഴങ്ങളോ പച്ചക്കറികളോ എന്തായാലും അവര്‍ക്ക് നഗരങ്ങളില്‍ ഒരിക്കലും കിട്ടാന്‍ പോകുന്നില്ലല്ലോ. അത്കൊണ്ട് ദയവായി അവരെ നിരുത്സാഹപ്പെടുത്തരുതേ ....

ഗോപാലകൃഷ്ണന്‍ മാഷ് വീണ്ടും എഴുതുന്നു: 


അനുഭവത്തില്‍ നിന്നു വീണ്ടും പറയട്ടെ.മണ്ണും മണ്ണിലെ മൂലകങ്ങളും രണ്ടല്ല, ഒന്നാണ്. മണ്ണ് ഒരു  സംയുക്തമാണ്, ശരി.മണ്ണില്‍ കുറെ സൂക്ഷ്മജീവികള്‍ ഉള്ളതിനെ കുറിച്ചു എന്തെ പറയാത്തത്? അവയുടെ ധര്‍മ്മങ്ങളെ കുറിച്ചെന്തേ പറയാത്തത്? സാധാരണക്കാരന് എളുപ്പം ചെയ്യാവുന്ന കാര്യങ്ങളെ കുറിച്ച് എന്തെ പറയാത്തത്?ചട്ടിയില്‍ വളര്‍ത്തുന്ന ചെടികള്‍ക്ക് കുറച്ചു ചാണകപ്പൊടി ഇട്ടു നോക്കൂ. പട്ടണത്തില്‍ ചാണകം കിട്ടില്ലെന്നല്ലേ വേണമെങ്കില്‍ പട്ടണത്തിലും ചാണകം കിട്ടും. ഒരു ചെറിയ സഞ്ചിയുമായി പട്ടണത്തിലേക്കിറങ്ങൂ, തെരുവ് കന്നുകാലികളുടെ ചാണകം ഇഷ്ടം പോലെയുണ്ട്.അത് നാണക്കേടാണെങ്കില്‍ വെറും അടുക്കള വെയ്സ്റ്റ്‌ പരീക്ഷിച്ചു നോക്കൂ.ചട്ടിയില്‍ വളര്‍ത്തുന്ന ചെടികള്‍ എത്രയെണ്ണം വരും?അതുമല്ലെങ്കില്‍ ഈ വെയിസ്റ്റെല്ലാം കമ്പോസ്റ്റാക്കൂ. ചട്ടിയിലെ മണ്ണ് ആണെങ്കിലും അല്ലാത്ത മണ്ണ് ആണെങ്കിലും അതില്‍ രാസവിഷങ്ങള്‍ കോരി ഒഴിക്കുന്നില്ലെങ്കില്‍ ഉറപ്പായും അതില്‍ സൂക്ഷ്മ ജീവികള്‍ കാണും. അവയാണ് മണ്ണിനെ മണ്ണായി നിലനിര്‍ത്തുന്നത്. അവയ്ക്കുള്ള ഭക്ഷണമാണ് സകല ജൈവ അവശിഷ്ടങ്ങളും .അവയാണല്ലോ ജൈവാവശിഷ്ടങ്ങളില്‍ നിന്ന് മൂലകങ്ങളെ വേര്‍പെടുത്തി ചെടികള്‍ക്ക് വലിച്ചെടുക്കാന്‍ പാകത്തില്‍ ആക്കിക്കൊടുക്കുന്നത്.നമ്മുടെ സമയവും പണവും മുടക്കാതെ ചെയ്തു കിട്ടുന്ന ഈ സേവനം നമ്മള്‍ തകരാറി ലാക്കാതിരുന്നാല്‍ ഇനി വരുന്ന തലമുറകള്‍ക്കെല്ലാം ഭക്ഷണം ഉണ്ടാക്കാന്‍ ഈ മണ്ണ് ഇവിടെ ഉണ്ടാവും.ഇല്ലെങ്കില്‍ അവര്‍ ഭക്ഷണത്തിനു വേറെ മാര്‍ഗങ്ങള്‍ തേടേണ്ടി വരും.

വമ്പന്‍ കമ്പനികള്‍ രാസവളങ്ങളും കീട നാശിനികളും വിറ്റഴിക്കാന്‍ ചെയ്യുന്ന കുതന്ത്രങ്ങളുടെ ബാക്കിയാണ് ജൈവ വൈവിധ്യത്തെ തകര്‍ക്കുക എന്നത്.നമ്മുടെ നാടന്‍ വിത്തുകള്‍ എല്ലാം പോയില്ലേ ? ഇന്ന് വിത്തിന് പോലും നമ്മള്‍ ആരെയാണ് ആശ്രയിക്കുന്നത്? എന്തുകൊണ്ട് നമ്മള്‍ ഇന്ന് വെച്ചൂര്‍ മാടുകളെ സംരക്ഷിക്കുന്നു?ശാസ്ത്രീയത എന്നാ പേരില്‍ ചില തല്‍പരകക്ഷികള്‍ നമുക്ക് വച്ച പാരകള്‍ പലതാണ്.അബദ്ധം മനസിലാക്കി തിരുത്താന്‍ നോക്കനമെന്നെ പറഞ്ഞുള്ളൂ.ഇത് ശരിയാണോ എന്ന് പരിശോധിക്കുവാന്‍ ഞങ്ങളെഴുതിയ പുസ്തകങ്ങള്‍ വായിക്കാനോ, ഞങ്ങളുടെ പ്രസംഗങ്ങള്‍ കേള്‍ക്കാനോ അല്ല ക്ഷണിക്കുന്നത്.മണ്ണില്‍ സത്യ സന്ധമായി ചെയ്തു വച്ച കാര്യങ്ങള്‍ കാണാന്‍ വരൂ.താന്കള്‍ ഓര്‍ക്കുക ഇന്ന് യുദ്ധം വെറും അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കം കൊണ്ട് മാത്രമല്ല ഉണ്ടാകുന്നത്, ആയുധം ഉണ്ടാക്കുന്നവന്റെ കച്ചവട തന്ത്രങ്ങള്‍ക്കും തീര്‍ത്തും മോശമല്ലാത്തൊരു പങ്കുണ്ട്.തീവ്ര വാദവും അങ്ങനെ തന്നെ, നമ്മള്‍ മറ്റുള്ളവരുടെ കൈകളിലെ കരുക്കളാകാതിരിക്കാന്‍ ശ്രമിക്കുക.

അദ്ദേഹത്തിന് എന്റെ മറുപടി: 


ചാണകത്തിന് എവിടെ നിന്നാണ് ഈ അത്ഭുതസിദ്ധി കിട്ടുന്നത്. ഏതൊരു ജീവിയെയുമെന്ന
പോലെ പശുവും അതിന്റെ തീറ്റ തിന്ന് അതിനാവശ്യമുള്ളത് എടുത്ത് അവശിഷ്ടം പുറത്ത്
കളയുന്നു. സ്വാഭാവികമായും കാര്‍ബണ്‍ അടങ്ങിയ ജൈവാവശിഷ്ടങ്ങള്‍ അതില്‍ ഉണ്ടാവും. സസ്യങ്ങള്‍ക്ക് കാര്‍ബണ്‍ മണ്ണില്‍ നിന്ന് ലഭിക്കേണ്ടതില്ല. എല്ലാജീവജാലങ്ങള്‍ക്കുംസസ്യങ്ങള്‍ക്കും കോശനിര്‍മ്മിതിക്ക് വേണ്ട പ്രധാനമൂലകം നൈട്രജനാണ്. പശു അതിനാ‍വശ്യമായ നൈട്രജന്‍ തീറ്റയില്‍ നിന്ന് എടുക്കുന്നു. ആ നൈട്രജന്‍ കൊണ്ട് പശു അതിനാവശ്യമായ അമിനോ അമ്ലങ്ങളും അതില്‍ നിന്ന് പ്രോട്ടീനും ഉണ്ടാക്കുന്നു. നൈട്രജന്‍, കാ‍ര്‍ബണ്‍, ഓക്സിജന്‍, ഹൈഡ്രജന്‍ എന്നിങ്ങനെ നാല് മൂലകങ്ങള്‍ ചേര്‍ന്നതാണ് പ്രോട്ടീന്‍. ചാണകത്തില്‍ നൈട്രജന്‍ ഉണ്ടെങ്കില്‍ ഉണ്ട് ഇല്ലെങ്കില്‍ ഇല്ല എന്നേ പറയാന്‍ പറ്റൂ. ചാണകം ഒരു സമ്പൂര്‍ണ്ണ വളമാണെന്ന മട്ടില്‍ അവതരിപ്പിക്കുന്നത് അശാസ്ത്രീയമാണ്.

രാസവിഷങ്ങള്‍ കോരി ഒഴിക്കാനോ? എന്താ സര്‍ ഇത്? ഈ വിഷം എന്നതിന്റെ നിര്‍വ്വചനം എന്താണ് സര്‍? രാസവളം വിഷമാണ് എന്ന് പറയുമ്പോള്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്ന്  വ്യക്തമാക്കാമോ? സസ്യങ്ങള്‍ക്ക് വിഷമാണെന്നോ അതോ മനുഷ്യന് വിഷമാണെന്നോ?  ആരാണ് രാസവളം കോരി ഒഴിക്കാന്‍ പറയുന്നത്? കൃത്രിമമായി ഉണ്ടാക്കുന്ന രാസവളം  വിഷമാണെങ്കില്‍ ആന്റിബയോട്ടിക്ക് മരുന്നുകള്‍ കഴിക്കാമോ? വിഷമല്ലേ? ശുദ്ധമായ രാസപദാര്‍ത്ഥമാണത്. ഒരു ഉദാഹരണം പറയാം. ആദ്യമായി കണ്ടുപിടിച്ച ആന്റിബയോട്ടിക്കായ പെനിസിലിന്‍ ഒരു തരം പൂപ്പലില്‍ നിന്നാണ് നിര്‍മ്മിച്ചത്. അതേ കെമിക്കല്‍ ഫോര്‍മ്യൂല ഉപയോഗിച്ച് പിന്നീട് ആമ്പിസിലിന്‍ എന്ന ആന്റിബയോട്ടിക്ക് ലാബറട്ടറികളില്‍ നിര്‍മ്മിക്കാന്‍ തുടങ്ങി. രണ്ടിന്റെയും തന്മാത്രഘടന ഒരേ പോലെ. ഒന്ന് പൂപ്പലില്‍ നിന്ന്, മറ്റേത് കൃത്രിമമായി. അപ്പോള്‍ ആമ്പിസിലിന്‍ വിഷമാണോ സര്‍?

ഇന്ന് എത്രയോ തരം ആന്റിബയോട്ടിക്കുകള്‍. കൃത്രിമായി നിര്‍മ്മിക്കുന്നു. സംശയം വേണ്ട,രാസപദാര്‍ത്ഥങ്ങള്‍ കൊണ്ടു തന്നെയാണ് നിര്‍മ്മിക്കുന്നത്. അതൊക്കെ വിഷമാണ്, വര്‍ജ്ജിക്കണം എന്ന് താങ്കള്‍ പറയുമോ? രാസപദാര്‍ത്ഥങ്ങള്‍ കൊണ്ട് കൃത്രിമമായി നിര്‍മ്മിക്കുന്ന ആന്റിബയോട്ടിക്ക് മരുന്നുകള്‍ മനുഷ്യന് വിഷമല്ലെങ്കില്‍ NPK വളം സസ്യങ്ങള്‍ക്ക് വിഷമാകുന്നത് എങ്ങനെയാണ്? ആന്റിബയോട്ടിക്ക് മരുന്നുകള്‍ സൈഡ് എഫക്റ്റ് ഉണ്ടാക്കും എന്ന് ലാഘവത്തോടെ പറയരുത്, വിഷമാണെന്ന് കരുതുന്നുണ്ടെങ്കില്‍ വിഷമാണെന്നും വര്‍ജ്ജിക്കണമെന്നും തന്നെ പറയണം.

എന്താണ് സൂക്ഷ്മജീവി പ്രശ്നം? മണ്ണിലും വായുവിലും വെള്ളത്തിലും സര്‍വ്വത്ര സൂക്ഷ്മജീവികള്‍ ഉണ്ട്. അവയില്ലാത്ത ഒരിഞ്ച് സ്ഥലം എവിടെയും ഇല്ല. എല്ലാ ജൈവപദാര്‍ത്ഥങ്ങളും ചീയുന്നതും അഴുകുന്നതും സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനഫലമാണ്. മണ്ണിലും അവ ജൈവപദാര്‍ത്ഥങ്ങള്‍ തിന്നും അതൊക്കെ വിഘടിപ്പിച്ചും നിലനില്‍ക്കുന്നു എന്നേയുള്ളൂ. രാസവളം സസ്യങ്ങള്‍ക്ക് ഇടുമ്പോള്‍ ആ വളവുമായി സമ്പര്‍ക്കത്തിലാവുന്ന സൂക്ഷ്മജീവികള്‍ക്ക് നാശം വന്നാലും മണ്ണിലെ മൊത്തം സൂക്ഷ്മജീവികളും നശിച്ച് മണ്ണ് സൂക്ഷ്മാണുരഹിതമാവില്ല. അത്രയും സാന്ദ്രത മണ്ണിലും വായുവിലും വെള്ളത്തിലുമായി സൂക്ഷ്മജീവികള്‍ക്ക് ഉണ്ട്. മാത്രമല്ല സെക്കന്റുകള്‍ കൊണ്ടാണ് അവ പെറ്റുപെരുകുന്നത്.

ചുരുക്കത്തില്‍ രാസവളം ദോഷമാണെന്ന് താങ്കള്‍ക്കോ മറ്റ് ജൈവകൃഷി വാദികള്‍ക്കോ സ്ഥാപിക്കാന്‍ കഴിയില്ല. എന്തെങ്കിലും പറയുന്നെങ്കില്‍ അതിശയോക്തിപരമായോ അശാസ്ത്രീമായോ അല്ലെങ്കില്‍ അതിവൈകാരികമായോ മാത്രമേ പറയാന്‍ പറ്റൂ. ഇപ്പറയുന്നതിനെ കളിയാക്കലായി എടുക്കരുതേ. വിഷയം ഇവിടെ നമുക്ക് രാസവളവും ജൈവകൃഷിയും മാത്രമായി പരിമിതപ്പെടുത്താം. അല്ലെങ്കില്‍ കാട് കയറിപ്പോകും.

എന്റെ മേല്‍ക്കമന്റിന് ഗോപാലകൃഷ്ണന്‍ മാഷ് ഒന്നും പ്രതികരിച്ചുകണ്ടില്ല.  എന്നാല്‍ അബ്ദു സമദ് എന്ന ഗ്രൂപ്പ് മെമ്പര്‍ ഇപ്രകാരം അഭിപ്രായപ്പെട്ടു: 

രാസവളകൃഷിയോ ജൈവകൃഷി രീതിയേയോ കൊള്ളുകയോ തള്ളുകയോ അല്ല ഒരു ആധുനിക കർഷകൻ ചെയ്യേണ്ടത്. രണ്ടിന്റേയും ഗുണവശങ്ങൾ മനസ്സിലാക്കി ഉത്തമമായ മാർഗ്ഗം സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം കർഷകർക്കു നൽകുക എന്നതാണ്. തങ്ങളുടെ ഭൂമിയിൽ ഏതു കൃഷിരീതിയാണ് അഭികാമ്യമെന്നു തീരുമാനിക്കേണ്ടത് അവരാണ്. ഇന്നു കേരളത്തിലെ കൃഷിരീതികളിൽ ഒരു “ജൈവകൃഷി” ട്രന്റാണ് കണ്ടുവരുന്നത് എന്നു പറഞ്ഞാൽ ആരും എതിർത്തു പറയുമെന്നു തോന്നുന്നില്ല. എന്നാൽ രാസവളം നമ്മുടെ മണ്ണിൽ നിന്നും തുടച്ചു നീക്കാനും സാധ്യമല്ല എന്നതും മറ്റൊരു വസ്തുത തന്നെ. പക്ഷെ ജൈവ‌- രാസവള സംഘട്ടനം ഒഴിവാക്കി ഒരു സമ്മിശ്ര കൃഷി രീതിയാണ് ഇന്നു നമ്മുക്കാവശ്യം.

അബ്ദു സമദിന്റെ അഭിപ്രായത്തിന് ഞാന്‍ ഇങ്ങനെ മറുപടി എഴുതി: 

സമ്മിശ്രകൃഷിയായിരുന്നു നമ്മള്‍ പിന്‍‌തുടര്‍ന്നു വന്നിരുന്നത്. അതാണ് ശരിയും. പൊടുന്നനെ എല്ലാം തകിടം മറിഞ്ഞു. പരിസ്ഥിതിവാദികളും പ്രകൃതിജീവനക്കാരും നമ്മുടെ കോമണ്‍ സെന്‍സിനെ പോലും താറുമാറാക്കി കളഞ്ഞു. സമ്മിശ്രകൃഷിയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടുന്ന ഒരു ലേഖനം നെറ്റില്‍ നിന്ന് കിട്ടിയതിലെ പ്രസക്തഭാഗങ്ങള്‍ താഴെ വായിക്കുക. ആവശ്യമെങ്കില്‍ പിന്നീട് പരിഭാഷപ്പെടുത്താം:

A common misconception is that synthetic fertilizers are better than organic. Another misunderstanding is that organic is better than synthetic. You can make political or environmental arguments for synthetic or organic fertilizer, but the plants can't tell the difference as long as the nutrients are available.

Plants can only use nutrients that have been reduced to the molecular form. Chemical fertilizers work so fast because they have already been processed into the molecular form, whereas organic fertilizers must first be broken down by soil microbes. This activity depends on soil temperature. Below 70°F, soil microorganisms work slower, which makes the nutrients in organic fertilizer unavailable to plants in cold soils. Organic fertilizers release nutrients over a period of time, unlike synthetic fertilizers which make the nutrients available at time of application.

Chemical fertilizers dissolve fairly quickly in water, which makes them easily accessible to plants. Their labels instruct to water thoroughly after application. Unfortunately, this ready solubility also means that chemical fertilizers, unlike slow-release organics, leach more quickly from the soil.

For the best results with the least expense, strategically combine the two types of fertilizer. In the spring, while the soil is still cool, apply chemical fertilizer to lawn, flower borders, and vegetable gardens. Once the soil is warm, switch to compost or another low-cost organic source. Organic fertilizers are not necessarily more costly than synthetics. This is commonly misstated, because the measurable amount of nitrogen, phosphorus, and potassium in synthetic fertilizers costs less per pound than those in many commercially prepared organic fertilizers. But those aren't the only sources of organic fertilizer. Once you know, roughly, the fertilizer analysis of organic compounds, which varies with different sources, you can mix your own fertilizers balanced for your particular needs, at a fraction of the cost.

So long as you supply the plants' nutrient requirements, it just doesn't matter to them where the nutrients come from, whether it is an organic or synthetic source.


ഉപസംഹാരം:  കുറ്റിക്കുരുമുളക് ചെടികള്‍ വേര് പിടിപ്പിച്ചത് ആവശ്യമുള്ളവര്‍ കോഴിക്കോട് പെരുവണ്ണാമൂഴിയില്‍ ഉള്ള കൃഷിവിജ്ഞാന്‍ കേന്ദ്രയുമായി ബന്ധപ്പെടുക. വിലാസം:


K.M. Prakash
Subject Matter specialist (Agron.)
Krishi Vigyan Kendra, Peruvannamuzhi (P.O.)
Calicut-673528
Phone: 0496-2662372/9447526964.

11 comments:

  1. ഈ വിജ്ഞാനം ഇവിടെ പകര്‍ന്നുതന്നതിനു നന്ദി.

    ReplyDelete
  2. വിജ്ഞാനപ്രദമായ പോസ്റ്റ്. നന്ദി!ആശംസകൾ!

    ReplyDelete
  3. വളരെ നന്ദി....നാട്ടില്‍ വന്ന് സെറ്റിലാകുമ്പോള്‍ പരീക്ഷിച്ച് നോക്കാന്‍ വേണ്ടി ഇത് സേവ് ചെയ്യുന്നു

    ReplyDelete
  4. ഇത്ര വിജ്ഞാനപ്രദമായ ഒരു ജൈവ-രാസവള കൃഷി സംവാദം ഞങ്ങള്‍ക്ക് മുന്നിലവതരിപ്പിച്ചതിനു വളരി നന്ദി പ്രിയ കെ പി എസ്.....

    ReplyDelete
  5. ഇത്തരം നല്ല പോസ്റ്റുകള്‍ വീണ്ടും വീണ്ടും പോസ്റ്റ്‌ ചെയ്യുന്നതിലുള്ള നന്ദിയും സന്തോഷവും അറിയിക്കുന്നു

    ReplyDelete
  6. ഈ പോസ്റ്റ് വായിക്കുന്നവർ സിന്തറ്റിക്ക് കെമിസ്ട്രിയെ കുറിച്ച് കൂടി വായിക്കുവാൻ അപേക്ഷിക്കുന്നു..... പ്രത്യേകിച്ച് ഗ്രീൻ കെമിസ്ട്രിയെ കുറിച്ച്... സിന്തറ്റിക്ക് പ്രോഡക്റ്റുകൾ സുരക്ഷിതമായിരിക്കും എന്ന ധാരണകൾ കുറച്ചെങ്കിലും മാറി കിട്ടുമായിരിക്കും....

    കെ.പി.എസ്സ്. തന്നെ കുറിച്ചിരിക്കുന്നത് പോലെ ഇത് പോലെയുള്ള പോസ്റ്റുകൾ വായിച്ച് “രക്ഷപ്പെടുന്ന” വായനക്കാർക്ക് മറുവശം എന്തെന്ന് അറിയുവാനായി മാത്രം ഇവിടെ കുറിക്കുന്നു...

    ReplyDelete
  7. വിജ്ഞാനപ്രദമായ ലേഖനവും അതോടൊപ്പം ജൈവ-രാസവളങ്ങളെ പറ്റിയുള്ള
    കൃഷിപാഠവും ഇവിടെ പകര്‍ന്നുതന്നതിന് ശ്രീ.കെ.പി.സുകുമാരന്‍ സാറിന് നന്ദി.
    ആശംസകള്‍

    ReplyDelete
  8. സുകുമാരേട്ടാ.... പോസ്റ്റ്‌ വായിച്ചു.. ഒരു പാട് സംശയങ്ങള്‍ തീര്‍ന്നു കിട്ടി. ചില കാര്യങ്ങള്‍ പുതുതായി പഠിച്ചു... thanks

    ReplyDelete
  9. This comment has been removed by the author.

    ReplyDelete
  10. ഒരുപാട് അറിവുകള്‍ പകര്‍ന്നതിനു നന്ദി ഏട്ടാ....

    ReplyDelete