Pages

കമ്മ്യൂണിസത്തിന്‌ ഇന്ത്യന്‍പതിപ്പ്‌ എന്നത് നടക്കാത്ത കാര്യം

ന്ത്യയിലെ രണ്ട് മുഖ്യധാര കമ്മ്യൂണിസ്റ്റ്പാര്‍ട്ടികളില്‍ സി.പി.ഐ.യുടെ പാര്‍ട്ടി കോണ്‍ഗ്രസ്സ് നടന്നു കഴിഞ്ഞു. സി.പി.എമ്മിന്റെ കോണ്‍ഗ്രസ്സ് ഇപ്പോള്‍ നടക്കുകയാണ്.  കിട്ടിയേടത്തോളം റിപ്പോര്‍ട്ടുകള്‍ വെച്ചു നോക്കുമ്പോള്‍ ശ്രദ്ധേയമായ ഒരേയൊരു അഭിപ്രായം വന്നിട്ടുള്ളത് സി.പി.ഐ.യുടെ നേതാവ് ഗുരുദാസ് ഗുപ്തയുടെ ഭാഗത്ത് നിന്നാണ്.  ഇടത് ഐക്യം ശക്തിപ്പെടുത്താന്‍ സോഷ്യലിസ്റ്റ് കൂട്ടായ്മയല്ല വിശാല ജനാധിപത്യ സഖ്യമാണ്  വേണ്ടത് എന്നാണ് ഗുപ്തയുടെ ഒന്നാമത്തെ അഭിപ്രായം.  പേരെടുത്ത് പറഞ്ഞില്ലെങ്കിലും ഈ നിര്‍ദ്ദേശം അംഗീകരിക്കപ്പെട്ടാല്‍ ഗുരുദാസ് ഗുപ്ത വിഭാവനം ചെയ്യുന്ന വിശാല ജനാധിപത്യ സഖ്യത്തില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കും ഇടമുണ്ടാവും.  കോണ്‍ഗ്രസ്സ് കൂടി ഉള്‍പ്പെടുന്ന വിശാല ജനാധിപത്യ സഖ്യം എന്നത് നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇന്ത്യയിലെ ഒരു പുരോഗമന സഖ്യം ആയിരിക്കും എന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായം ഉണ്ടാകാന്‍ വഴിയില്ല. വര്‍ഗ്ഗരാഷ്ട്രീയത്തിന് പകരം സ്വത്വരാഷ്ട്രീയമാണ് ഇന്ത്യന്‍ സമൂഹത്തില്‍ പ്രസക്തമായിട്ടുള്ളത് എന്നാണ് ഗുപ്തയുടെ രണ്ടാമത്തെ അഭിപ്രായം.  വര്‍ഗ്ഗവൈരുദ്ധ്യമല്ല മറിച്ച് ജാതിവൈരുദ്ധ്യങ്ങളാണ് ഇന്ത്യന്‍ സമൂഹത്തിന്റെ ശാപം എന്ന് ഏത് കൊച്ചുകുട്ടിക്കും മനസ്സിലാകും.  എന്നാല്‍ ഗുരുദാസ് ഗുപ്തയുടെ ഭേദഗതി സി.പി.ഐ. നേതൃത്വം അപ്പാടെ തള്ളിക്കളഞ്ഞു. നേരു പറയുന്നവര്‍ക്ക് ഇക്കാലത്ത് കമ്മ്യൂണിസ്റ്റുപാര്‍ട്ടികളില്‍ പോലും സ്ഥാനമില്ല.

എന്ത്കൊണ്ടാണ് ഗുപ്തയുടെ ബദല്‍ രേഖ സി.പി.ഐ. തള്ളിക്കളഞ്ഞിട്ടുണ്ടാവുക? കാരണം വ്യക്തമാണ്. ആ ബദല്‍ നിര്‍ദ്ദേശം സി.പി.എം. മുന്നോട്ട് വെക്കുന്ന രാഷ്ട്രീയ രേഖയ്ക്ക് വിരുദ്ധമാണ്. സി.പി.എമ്മിന് വിശാല ജനാധിപത്യ സഖ്യവും സ്വത്വരാഷ്ട്രീയവും പറ്റില്ല. സി.പി.എമ്മിന്റെ കൂടെ മുന്നണിയില്‍ നില്‍ക്കണമെങ്കില്‍ ഗുരുദാസ് ഗുപ്തയുടെ ബദല്‍ രേഖ തള്ളിക്കളഞ്ഞേ പറ്റൂ.  സി.പി.എമ്മിന്റെ കൂടെ നിന്ന് ഇഞ്ചിഞ്ചായി മരിക്കുന്നതാണ്, സ്വന്തം നിലയില്‍ പരിപാടിയും നയങ്ങളുമായി പ്രവര്‍ത്തിച്ച് പാര്‍ട്ടി വളര്‍ത്തുന്നതിനേക്കാളും എളുപ്പം എന്ന് സി.പി.ഐ.യുടെ നേതൃത്വം തീരുമാനിച്ചാല്‍ പിന്നെ എന്ത് ചെയ്യാന്‍ പറ്റും? പാവം ഗുരുദാസ് ഗുപ്തയോട് സഹതപിക്കാനേ കഴിയൂ.

ഭയങ്കരപ്പെട്ട വാചാടോപങ്ങളുമായാണ് പ്രകാശ് കാരാട്ട് അവരുടെ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ കത്തിക്കയറുന്നത്. എതിര്‍ വാക്കുകള്‍ പറയാന്‍ മാത്രം ആ പാര്‍ട്ടിയില്‍ മൌലികമായി ചിന്തിക്കുന്ന ഭാവനാശാലികള്‍ വേറെ ആരും തന്നെ ഇല്ലല്ലൊ. അത്കൊണ്ട് കാരാട്ട് സഖാവ് പറയുന്നത് യാന്ത്രികമായി അംഗീകരിക്കപ്പെടാനാണ് സാധ്യത. എന്തൊക്കെയാണ് പ്രകാശ് കാരാട്ടിന്റെ പുതിയ വെളിപാടുകള്‍? ലോകത്ത് എല്ലാ രാജ്യങ്ങളിലെയും കമ്മ്യൂണിസത്തിന് തെറ്റ് പറ്റിയിരിക്കുന്നു. അത്കൊണ്ട് ഒരു രാജ്യത്തെയും കമ്മ്യൂണിസം മാതൃകയാക്കാന്‍ പറ്റില്ല. ആയതിനാല്‍ കമ്മ്യൂണിസത്തിന് ഇന്ത്യന്‍ പതിപ്പ് ഉണ്ടാക്കണം.  പിന്നെ, സോഷ്യലിസത്തിന്റെ കാഴ്ചപ്പാടുകള്‍ പൊളിച്ചെഴുതണം. 21ആം നൂറ്റാണ്ടിലെ സോഷ്യലിസം ഒരിക്കലും 20ആം നൂറ്റാണ്ടിലെ സോഷ്യലിസമാകാന്‍ കഴിയില്ല. മുതലാളിത്ത ഉടമസ്ഥതയ്ക്ക് പകരം സ്റ്റേറ്റിന്റെ ഉടമസ്ഥത എന്നു കഴിഞ്ഞ നൂറ്റാണ്ടില്‍ തീരുമാനമെടുത്തത് തെറ്റെന്ന് വ്യക്തമായി. സാമൂഹിക ഉടമസ്ഥത എന്നതാകണം ഇതിനുള്ള പരിഹാരം. അതെങ്ങനെയെന്ന് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വിധേയമാക്കണം.

ഇതൊക്കെ തന്നെയല്ലേ സഖാവേ ഞങ്ങള്‍ പണ്ടുമുതലേ പറഞ്ഞുവരുന്നത്. ഇങ്ങനെയൊക്കെ പറയുന്നത്കൊണ്ടല്ലേ ഞങ്ങള്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധരായി ചാപ്പ കുത്തപ്പെട്ടത്.  കമ്മ്യൂണിസത്തിന്റെ ഇന്ത്യനൈസേഷന്‍ ചിന്തിക്കുന്നവര്‍ പണ്ടേ പറഞ്ഞിട്ടുണ്ട്. ഉടമസ്ഥത സ്റ്റേറ്റിന്റെ കൈയ്യില്‍ ആകുന്നത് ഫലത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരും പാര്‍ട്ടി ഭാ‍രവാഹികളും ആയ പുത്തന്‍ മുതലാളി വര്‍ഗ്ഗത്തെ സൃഷ്ടിക്കലാകുമെന്നും വിവരമുള്ളവര്‍ പണ്ടേ പറഞ്ഞുവെച്ചിട്ടുണ്ട്. അന്നൊക്കെ ഇതൊന്നും തലയില്‍ കയറാതെ ഇപ്പോള്‍ പറയുന്നത്കൊണ്ട് എന്താണ് പ്രയോജനം? എങ്ങനെയാണ് കമ്മ്യൂണിസത്തിന് ഇന്ത്യന്‍ മാതൃക കണ്ടെത്തുക എന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ കഴിയുന്ന കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികള്‍ ഇപ്പോള്‍ ആരെങ്കിലും താങ്കളുടെ പാര്‍ട്ടിയിലുണ്ടോ? ഏതെങ്കിലും ഒരു പി.ബി.അംഗത്തിന് ഇതിനെ പറ്റി കമാ എന്നൊരക്ഷരം പറയാന്‍ പറ്റുമോ? വളരെ വൈകിപ്പോയി സഖാവേ. മൌലികമായി ചിന്തിക്കാന്‍ കഴിയുന്ന ഒരൊറ്റ സൈദ്ധാന്തികനും ഇപ്പോള്‍ താങ്കളുടെ പാ‍ര്‍ട്ടിയില്‍ ഇല്ല. അത്കൊണ്ട് മാര്‍സ്ക്സിസത്തിന്റെയോ കമ്മ്യൂണിസത്തിന്റെയോ ഇന്ത്യനൈസേഷന്‍ വെറുത പറയാമെന്നല്ലാതെ നടക്കാന്‍ പോകുന്നില്ല.

സോഷ്യലിസത്തിന് താങ്കള്‍ നിര്‍ദ്ദേശിക്കുന്ന തിരുത്തലും അതിനേക്കാളും അപ്രായോഗികമാണ്.  സ്റ്റേറ്റ് ഉടമസ്ഥത തെറ്റാണെന്ന് താങ്കള്‍ ഇപ്പോള്‍ കണ്ടെത്താന്‍ കാരണമെന്താണ്? അവശേഷിക്കുന്ന ചുരുക്കം കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലും സ്റ്റേറ്റ് ഉടമസ്ഥത ക്രമേണ ഒഴിവാക്കിക്കൊണ്ടു വരുന്നത്കൊണ്ടല്ലേ.  സ്റ്റേറ്റ് ഉടമസ്ഥത എന്ന സമ്പ്രദായത്തില്‍ ആളുകള്‍ക്ക് ഉല്പാദനത്തില്‍ താല്പര്യം ഉണ്ടാവുകയില്ല എന്നും അങ്ങനെ, അധ്വാനത്തില്‍ നിന്ന് ആളുകള്‍ അന്യവല്‍ക്കരിക്കപ്പെട്ട് ഉല്പാദനമുരടിപ്പ് ഏര്‍പ്പെട്ട് സമൂഹത്തിന് മുന്നോട്ട് പോകാനാവാതെ സ്തംഭനം ഏര്‍പ്പെടുമെന്നും ചിന്തിക്കുന്നവര്‍ പണ്ടേ പറഞ്ഞിട്ടുണ്ടല്ലോ. അത് തന്നെയല്ലേ സംഭവിച്ചതും. ഇപ്പോള്‍ താങ്കള്‍ പറയുന്നു, അതൊക്കെ തെറ്റിപ്പോയി ഇനി സാമൂഹിക ഉടമസ്ഥതയെ പറ്റി ചര്‍ച്ച ചെയ്യണമെന്ന്. ആരൊക്കെ ചര്‍ച്ച ചെയ്യാന്‍? അത്രയും ധിഷണയുള്ളവര്‍ ആരാണ് താങ്കളുടെ പാര്‍ട്ടിയില്‍ ഇപ്പോള്‍ ഉള്ളത്.  പാര്‍ട്ടിയുടെ സ്വത്ത് എന്ന് തോന്നും വിധം  സ്വകാര്യസ്വത്ത് സമ്പാദിച്ചുകൂട്ടുന്ന നേതാക്കള്‍ക്ക് എങ്ങനെയാണ് സാമൂഹിക ഉടമസ്ഥത എന്ന ആശയം തലയില്‍ കയറുക? സാമൂഹ്യ ഉടമസ്ഥതയുടെ പ്രാഥമിക രൂപമായി സഹകരണ ഉടമസ്ഥതയെ കാണാന്‍ കഴിയുമായിരുന്നു. എന്നാല്‍ സഹകരണ മേഖലയില്‍ നിന്ന് മാറി ട്രസ്റ്റുകള്‍ സംഘടിപ്പിച്ച് വ്യവസായ സംരഭങ്ങള്‍ നടത്തുകയല്ലേ താങ്കളുടെ പാര്‍ട്ടിയിലെ പി.ബി.അംഗങ്ങള്‍ പോലും? അവര്‍ക്ക് സാമൂഹിക ഉടമസ്ഥതയുടെ പ്രായോഗിക രൂപം ചിന്തിക്കാന്‍ പോലും സാധിക്കുമോ?  സാമൂഹിക ഉടമസ്ഥത എന്ന ആശയവും ഒരിക്കലും നടക്കില്ല സഖാവേ.

മൂന്നാം മുന്നണി എന്ന ഏര്‍പ്പാട് അവസാനിപ്പിച്ച് രാജ്യത്ത് കോണ്‍ഗ്രസ്സിനും ബി.ജെ.പി.ക്കും ബദലായി ഇടത്പക്ഷ ജനാധിപത്യ സഖ്യം കെട്ടിപ്പടുക്കുക എന്നൊരു ആശയവും പ്രകാശ് കാരാട്ട് അവതരിപ്പിക്കുന്നുണ്ട്. കേരളത്തില്‍ കോണ്‍ഗ്രസ്സ് കൂടിയത്കൊണ്ട് തോന്നിയ ഒരു കിനാവാണത്.  ആ നിര്‍ദ്ദിഷ്ട സഖ്യത്തിന് ഇടത്പക്ഷം നേതൃത്വം നല്‍കുകയും വേണം പോലും. രാജ്യത്ത് എവിടെയാണ് ഇപ്പോള്‍ ഇടത്പക്ഷമുള്ളത്?  ഉള്ളതെല്ലാം കുറേശ്ശെ കോണ്‍ഗ്രസ്സും ബി.ജെ.പി.യും പിന്നെ പ്രാദേശിക പാര്‍ട്ടികളും.  പ്രാദേശിക പാര്‍ട്ടികള്‍ക്ക് നിങ്ങളുടെ നേതൃത്വം വേണ്ടല്ലൊ.  എന്ത്കൊണ്ടാണ് ഇടത്പക്ഷങ്ങള്‍ക്ക് ഈ ഗതികേട് വന്നത്?  താങ്കള്‍ക്ക് ഇപ്പോള്‍ തെറ്റ് എന്ന് തോന്നിയില്ലേ, അതൊക്കെ മുന്‍പേ തോന്നാത്തത്കൊണ്ട്.  തെറ്റാണ് എന്ന് അന്നേ ഞങ്ങള്‍ പറയുമ്പോള്‍ ഞങ്ങളെ കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍ ആക്കിയത്കൊണ്ട്. മനസ്സിലായോ? ഇപ്പോള്‍ നിങ്ങള്‍ക്ക് തോന്നാത്ത ഒരു തെറ്റ് എന്താണെന്ന് പറയട്ടേ?  ഈ ഇടത് പക്ഷ ജനാധിപത്യ സഖ്യവും ഇന്ത്യയില്‍ നടക്കുകയില്ല.  എന്നാല്‍ ഗുരുദാസ് ഗുപ്ത പറഞ്ഞ വിശാല ജനാധിപത്യ സഖ്യം നടക്കുമായിരുന്നു. താങ്കളുടെ പാര്‍ട്ടിയെ പേടിച്ച് ആ നിര്‍ദ്ദേശം സി.പി.ഐ. പുറത്തെടുത്തില്ല.

രാഷ്ട്രീയമായ അസ്തിത്വം വേണമെങ്കില്‍ നിങ്ങളുടെ മുന്നില്‍ ഉള്ള ഒരേയൊരു വഴി, വിശാല ജനാധിപത്യ സഖ്യം എന്നൊരു കാഴ്ചപ്പാട് സ്വീകരിച്ചിട്ട് ബി.ജെ.പി.യുടെയോ കോണ്‍ഗ്രസ്സിന്റെയോ മുന്നണിയില്‍ ചേരുക എന്നതാണ്. അവിടെ നേതൃത്വം വേണമെന്ന ദുര പുറത്ത് കാണിക്കുകയുമരുത്. ബി.ജെ.പി.യുടെ കൂടെ ചേരാന്‍ പ്രയാസമുണ്ടെങ്കില്‍ കോണ്‍ഗ്രസ്സിന്റെ കൂടെ ചേരുക.  ഇത് പറയുമ്പോള്‍ ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധന്റെ വിലാപമായി നിങ്ങള്‍ക്ക് ഇപ്പോള്‍ തോന്നുന്നില്ലേ?  എന്നാല്‍ ഒരു മൂന്ന് പാര്‍ട്ടി കോണ്‍ഗ്രസ്സ് കൂടി കഴിയുമ്പോള്‍ ഞാന്‍ പറഞ്ഞതാണ് ശരി എന്നു നിങ്ങള്‍ക്ക് തോന്നും. അന്ന് വീണ്ടും കുറെ തെറ്റുകള്‍ ഏറ്റുപറയും. പക്ഷെ അപ്പോള്‍ തിരുത്താന്‍ പാര്‍ട്ടി ഉണ്ടായെന്ന് വരില്ല.  ലാല്‍ സലാം!

14 comments:

  1. "രാഷ്ട്രീയമായ അസ്തിത്വം വേണമെങ്കില്‍ നിങ്ങളുടെ മുന്നില്‍ ഉള്ള ഒരേയൊരു വഴി, വിശാല ജനാധിപത്യ സഖ്യം എന്നൊരു കാഴ്ചപ്പാട് സ്വീകരിച്ചിട്ട് ബി.ജെ.പി.യുടെയോ കോണ്‍ഗ്രസ്സിന്റെയോ മുന്നണിയില്‍ ചേരുക എന്നതാണ്. അവിടെ നേതൃത്വം വേണമെന്ന ദുര പുറത്ത് കാണിക്കുകയുമരുത്. ബി.ജെ.പി.യുടെ കൂടെ ചേരാന്‍ പ്രയാസമുണ്ടെങ്കില്‍ കോണ്‍ഗ്രസ്സിന്റെ കൂടെ ചേരുക. ഇത് പറയുമ്പോള്‍ ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധന്റെ വിലാപമായി നിങ്ങള്‍ക്ക് ഇപ്പോള്‍ തോന്നുന്നില്ലേ? എന്നാല്‍ ഒരു മൂന്ന് പാര്‍ട്ടി കോണ്‍ഗ്രസ്സ് കൂടി കഴിയുമ്പോള്‍ ഞാന്‍ പറഞ്ഞതാണ് ശരി എന്നു നിങ്ങള്‍ക്ക് തോന്നും. അന്ന് വീണ്ടും കുറെ തെറ്റുകള്‍ ഏറ്റുപറയും. പക്ഷെ അപ്പോള്‍ തിരുത്താന്‍ പാര്‍ട്ടി ഉണ്ടായെന്ന് വരില്ല. ലാല്‍ സലാം!"..well said...!!!

    ReplyDelete
  2. നല്ല പോസ്റ്റ്‌ ആശംസകള്‍

    ReplyDelete
  3. മുതലാളിത്തത്തിന്റെയോ കമ്മ്യുണിസത്തിന്റെയോ ചട്ടകൂടിന്നുള്ളിലൂടെ സോഷ്യലിസത്തിന്റെ സൂര്യൻ ഉദിച്ചുയരില്ല. അവിടെയാണ്‌ ഞാൻ സ്വപ്‌നം കാണുന്ന പുതിയ ലോകക്രമം, ജനാധിപത്യ സോഷ്യലിസ്റ്റ്‌ സെക്ക്യുലർ സമൂഹം. മുതലാളിത്തത്തിന്റെയും കമ്മ്യുണിസത്തിന്റെയും ചിലവിൽ തന്നെ, അതിന്റെയൊക്കെ മുകളിൽ സോഷ്യലിസം പടുത്തുയർത്തണം. ആ സോഷ്യലിസ്റ്റ്‌ ലോക ക്രമത്തിനായി അണി ചേരം, ആശയങ്ങളുടെ ചങ്ങല പിടിക്കാം, തുരുമ്പിച്ച കണ്ണികൾ മാറ്റി പുതിയ കണ്ണികൾ വിളക്കി ചേർക്കം.

    മാറ്റുവിൻ ചട്ടങ്ങളെ, കൂടെ തുരുമ്പിച്ച ആശയങ്ങളും!

    http://georos.blogspot.com/2009/12/blog-post.html

    ReplyDelete
  4. K P Sukumaran Anjarakandy,,താങ്കള്‍ക്ക് CPM നോടുള്ള ഇഷ്ടം,താല്പര്യം മനസ്സിലാക്കുന്നു നന്ദി.,,, തുടര്‍ന്ന് പാര്‍ട്ടി എന്തെല്ലാം മാര്‍ഗങ്ങള്‍ സ്വീകരിക്കണം എന്ന് പാര്‍ട്ടിയുടെ ഉയര്‍ന്ന കമ്മറ്റി യായ പാര്‍ട്ടി കോണ്ഗ്രസ് തീരുമാനിക്കും അതിനു യോഗ്യരായവരെന്നു കരുതുന്നവരെ പ്രതിനിധികളായി അവര്‍ തിരഞ്ഞെടുത്തയചീട്ടുണ്ട് ദയവു ചെയ്തു താങ്കള്‍ ക്ഷമിക്കണം

    ReplyDelete
  5. സിപിഐയിൽ അവതരിപ്പിക്കപ്പെട്ട ബദല്‍ നിര്‍ദ്ദേശം, സി.പി.എം. മുന്നോട്ട് വെക്കുന്ന രാഷ്ട്രീയ രേഖയ്ക്ക് വിരുദ്ധമായതുകൊണ്ടാണ് തള്ളിയതെന്ന്. കഷ്ടം...!! സി.പി.ഐ.യും, സി.പി.എം. മുന്നോട്ടു വെക്കുന്ന നിലപാടുകളുടെ യോജിപ്പിനേക്കാൾ ഗുപ്ത എന്ന ഒരു സഖാവിന്റെ മാത്രം അഭിപ്രായമാണ് ഇടതു പക്ഷത്തിന്റെ ശരി എന്ന് വിളിച്ചു പറയുന്നതിനെ ശിഥില ചിന്ത എന്നല്ല പറയേണ്ടത്, വങ്കത്തരം എന്നാണ്. കൂടുതൽ ഒന്നും പറയുന്നില്ല. ഒരു അഞ്ചര നമസ്കാരം.

    ReplyDelete
  6. എനിക്ക് സമദൂരമാ...

    ReplyDelete
  7. കോൺഗ്രസ്സ് എന്നാണു സോഷ്യലിസം വലിച്ചെറിഞ്ഞത്??? നെഹ്രു പാരമ്പര്യം മുഴുവനായി മന്മോഹൻ വലിച്ചെറിഞ്ഞോ ;)

    ReplyDelete
  8. നല്ല പോസ്റ്റ് ...

    അല്ലേലും ഇടത്പക്ഷത്തിന് വൈകിയേ ബുദ്ധി ഉദിക്കൂ എന്ന് പറയാറുണ്ട്.....

    ചരിത്രപരമായ മണ്ടത്തം എന്നവര്‍ പിന്നീട് കാര്യങ്ങളെ അവലോകിക്കും....

    ആ... പുതിയ തീരുമാനങ്ങള്‍ വരട്ടെ... നമുക്ക് വെയ്റ്റാം..

    ReplyDelete
  9. പ്രിയ സുകുമാരന്‍ ചേട്ടന്,ഗുരുദാസ്‌ഗുപ്തയുടെ അഭിപ്രായന്‍ - നിര്‍ദ്ദേശം സി പി ഐ തള്ളിയത് ചുമ്മാതല്ല സംഘടനയില്‍ ചര്‍ച്ച ചെയ്ത ശേഷമാണെന്നാണ് ഞാന്‍ മനസ്സിലാക്കിയത്.ഒരു നേതാവ് ഒരുകാര്യം പറയുന്നു, ഉടനെ അത് മറ്റെല്ലാവരും കയ്യടിച്ച് പാസാക്കാന്‍ ഇതെന്താ കോണ്‍ഗ്രസ്സാ? അവിടെയാണ് ശ്രീമതി സോണിയാഗാന്ധി പറയുന്നത് കയ്യടിച്ചുപാസാക്കാന്‍ ആളുണ്ടാവൂ.ഇവിടെ സി പി ഐക്കാരും സി പി എമ്മുകാരും ആരു പറയുന്നൂ എന്നു നോക്കിയല്ല എന്തു പറയുന്നൂ എന്നു നോക്കിയാണ് കയ്യടിക്കുകയും പാസാക്കുകയും ചെയ്യുക.പിന്നെ പ്രിയ സുകുമാരന്‍ ചേട്ടാ, പ്രകാശ് കാരാട്ട് പറയാത്ത കാര്യങ്ങള്‍ അങ്ങേരുടെ വായില്‍ തിരുകരുത്,കാരാട്ട് പറഞ്ഞ്ത് ഇന്ദ്യന്‍ സാഹചര്യത്തിനു യോജിച്ച കമ്യൂണിസം വേണമെന്നാണ്,അല്ലാതെ മറ്റൊരു മോഡലും ഇവിടെ പറ്റില്ല എന്നാണ്.അത് ശരിയല്ലെ?എല്ലാത്തിനും മറുപടി എഴുതാന്‍ സ്ഥലം അനുവദിക്കുന്നില്ല.മനോരമയില്‍ നിന്നും കാരാട്ട് പറയുന്നത് എന്താണെന്ന് മനസ്സിലാക്കാതെ ഔദ്യോഗികമായി അത് മനസ്സിലാക്കി വിമര്‍ശിക്കുന്നതല്ലെ ചേട്ടാ നല്ലത്?

    ReplyDelete
  10. മുമ്മൂന്നു വർഷങ്ങൾ കൂടുമ്പോൾ പാർട്ടികോൺഗ്രസ് ചേരുന്നതുതന്നെ പഴയത് തിരുത്താനാണ്.സി.പി.ഐ.ചാകാൻ തീരുമാനിച്ചതാണ്.ഗുപ്തയല്ല ആരുപറഞ്ഞാലും തീരുമാനം തീരുമാനം തന്നെ.

    ReplyDelete
  11. സോഷ്യലിസത്തിന്റെ മുകളിൽ കമ്യൂണിസം വരുമെന്ന് കമ്യൂണിസം എന്ന വാക്ക് ഉപേക്ഷിക്കാൻ തയ്യാറാത്തതുകൊണ്ട്, ആളെ പറഞ്ഞ് പറ്റിക്കുന്നതാ... അങ്ങനെയുള്ള പ്രചരണം കൊണ്ട് സോഷ്യലിസമെന്നാൽ കമ്യൂണിസത്തിന്റെ താഴെയുള്ള എന്തോ ആണെന്ന്‌ ധരിച്ചുവെച്ച കുറെ പേരും ഉണ്ട്...

    മുതലാളിത്തത്തിന്റെയോ കമ്മ്യുണിസത്തിന്റെയോ ചട്ടകൂടിന്നുള്ളിലൂടെ സോഷ്യലിസത്തിന്റെ സൂര്യൻ ഉദിച്ചുയരില്ല. മുതലാളിത്തമായാലും കമ്യൂണിസമായാലും, ഉയർത്തുന്ന നല്ല ആശയങ്ങൽ മാത്രം എടുത്താൽ മതി... സോഷ്യലിസത്തിൽ വിശ്വസിച്ച് കമ്യൂണിസ്റ്റുകർ ആയവരുണ്ട്... കമ്യൂണിസത്തെ ഇഷ്ടപ്പെടാത്ത സോഷ്യലിസ്റ്റുകൾ ജനാധിപത്യവാദികളായവരുണ്ട്... ഇവരൊക്കെ ഒത്തുകൂടുമ്പോൾ കുറെ ഏറ്റകുറച്ചിലുകൾ ഉണ്ടായാലും സോഷ്യലിസം വരും...

    കമ്യൂണിസം പേരിൽ മാത്രമായിൽ നിൽക്കും... ചിലപ്പോൾ അതുമുണ്ടാകില്ല...

    ReplyDelete
  12. തെറ്റ്‌ ചെയ്യും തിരുത്തും, ചെയ്യും തിരുത്തും, ഏറ്റുപറയും ,പിന്നെയും തെറ്റ് ചെയ്യും ഇതാണ് കമ്യൂണിസം , ആരുണ്ടിവിടെ ചോദിക്കാന്‍

    ReplyDelete
  13. // നേരു പറയുന്നവര്‍ക്ക് ഇക്കാലത്ത് കമ്മ്യൂണിസ്റ്റുപാര്‍ട്ടികളില്‍ പോലും സ്ഥാനമില്ല.//

    മറ്റിടങ്ങളില്‍ നേരത്തെ സ്ഥാനമില്ല എന്നാണോ?

    ReplyDelete