Pages

ഒരു ഫേസ്‌ബുക്ക് അപ്ഡേറ്റിന്റെ കഥ

FB-1
ഇപ്പോഴൊക്കെ ഫേസ്‌ബുക്ക് ജ്വരം ബാധിക്കാ‍ത്തവര്‍ നെറ്റ് കൈകാര്യം ചെയ്യുന്നവരില്‍ ആരുമുണ്ടാവില്ല. മറ്റെല്ലാ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളെയും പിന്നിലാക്കിക്കൊണ്ട് ഫെയിസ്ബുക്ക് അത്രമാത്രം പ്രചുരപ്രചാരം നേടിക്കഴിഞ്ഞിരിക്കുന്നു.  നേരം കാലം നോക്കാതെ , എന്ത് വിവരവും അപ്പപ്പോള്‍  അപ്‌ഡേറ്റ് ചെയ്യുക എന്നത് ഫേസ്‌ബുക്കില്‍ അക്കൌണ്ടുള്ള എല്ലാവരുടെയും ശീലമായി മാറിയിരിക്കുന്നു.  ഹോം‌പേജിന്റെ ടൂള്‍‌ബാറില്‍ മിന്നിത്തെളിയുന്ന നോട്ടിഫിക്കേഷനുകള്‍ക്ക് വേണ്ടി അക്ഷമയോടെ നോക്കിയിരിക്കുക എന്നത് എന്റെയും പതിവായിരിക്കുന്നു.  നമ്മുടെ പ്രൊഫൈല്‍ ചുമരില്‍ ഒരു സ്റ്റാറ്റസ് എഴുതുമ്പോഴേക്കും എവിടെ നിന്നെങ്കിലും  ഒരു ലൈക്ക് നമ്മെ തേടി വന്നിരിക്കും.  ഒരു ലൈക്ക് എന്നു പറഞ്ഞാല്‍ അതില്‍ അകൃത്രിമമായ സൌഹൃദത്തിന്റെ ഊഷ്മളതയുണ്ട്.  ബ്ലോഗില്‍  നൂറ് കമന്റ് കിട്ടുന്നതിനേക്കാളും സന്തോഷമാണ് ഫേസ്‌ബുക്കില്‍ ഒരു ലൈക്ക് കിട്ടുമ്പോള്‍ തോന്നുന്നത്.  ഫേസ്‌ബുക്ക് അപ്‌ഡേറ്റുകള്‍ കൊണ്ട് ചിലര്‍ ചില കുഴപ്പങ്ങളിലും ചെന്ന് ചാടാറുണ്ട് എന്നത് വേറെ കാര്യം.

അസാധാരണമായൊരു അപ്‌ഡേറ്റിന്റെ കഥയാണ് പറയാന്‍ പോകുന്നത്.  ജേസണ്‍ വാല്‍‌ഡേസ് എന്നൊരു അമേരിക്കന്‍ യുവാവ് ഒരു യുവതിയെ ബന്ദിയാക്കിക്കൊണ്ട് ഹോട്ടല്‍ മുറിയില്‍ പതിനാറ് മണിക്കൂര്‍ കഴിച്ചുകൂട്ടിയ സമയത്ത് അയാള്‍ ഫേസ്‌ബുക്കില്‍ അപ്‌ഡേറ്റ് ചെയ്തുകൊണ്ട് സംഭവം സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും അറിയിച്ചുകൊണ്ടിരുന്നു. (ഇമേജില്‍ ക്ലിക്ക് ചെയ്താല്‍ കാണാം) അമേരിക്കയിലെ സാള്‍ട്ട് ലെയിക്ക് നഗരത്തിലാണ് സംഭവം.  ജേസണ്‍ ഒട്ടേറെ കേസുകളില്‍ പ്രതിയാണത്രെ.  ലഹരിപദാര്‍ത്ഥങ്ങളുടെ കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് പോലീസ് സമന്‍സുമായി എത്തിയപ്പോഴാണ് വെറോണിക്ക എന്നൊരു യുവതിയെ ബന്ദിയാക്കിക്കൊണ്ട് ഹോട്ടല്‍ മുറിയില്‍ പതുങ്ങിയിരുന്നത്.  വെറോണിക്കയെ മോചിപ്പിക്കാന്‍ 16 മണിക്കൂറോളം പോലീസുകാര്‍ ഹോട്ടലിന് പുറത്ത് നിന്ന്കൊണ്ട് ശ്രമിക്കുകയായിരുന്നു.  ഇത്തരം സന്ദര്‍ഭങ്ങളില്‍ അകത്ത് എന്താണ് സംഭവിക്കുന്നത് എന്ന് പുറത്തുള്ളവര്‍ക്ക് അറിയാന്‍ വഴിയില്ലല്ലൊ.  ചാനല്‍ ക്യാമറകള്‍ പുറത്ത് നിന്ന് കൊണ്ട് ദൃശ്യങ്ങള്‍ പ്രേക്ഷകരെ ലൈവായി കാണിക്കും എന്നല്ലാതെ പ്രതിയുടെയും ബന്ദിയാക്കപ്പെട്ട ആളുടെയും സ്ഥിതി നേരിട്ടറിയാന്‍ മാര്‍ഗ്ഗമില്ല. പക്ഷെ ഈ സംഭവത്തില്‍  ജേസണ്‍ വാല്‍‌ഡേസ്  തന്റെ മൊബൈല്‍ ഫോണിലൂടെ സംഗതി ഫേസ്‌ബുക്കില്‍ അപ്‌ഡേറ്റ് ചെയ്യുകയായിരുന്നു.

ഒരു ഏറ്റുമുട്ടലില്‍ അകപ്പെട്ടുപോയി.  സംഭവം അല്പം ഗുരുതരമാണ്. എന്നാലും ഞാന്‍ എന്തിനും ഒരുക്കമാണ് എന്ന് തുടങ്ങുന്ന ആദ്യത്തെ സ്റ്റാറ്റസ്സ് മെസ്സേജില്‍ സുഹൃത്തുക്കളേ നിങ്ങളെ ഞാന്‍ അഗാധമായി സ്നേഹിച്ചിരുന്നു, ഇവിടെ നിന്ന് എനിക്ക് ജീവനോടെ പുറത്ത് കടക്കാന്‍ കഴിയുമോ എന്നറിയില്ല എന്നും സൂചിപ്പിച്ചിരുന്നു. തുടര്‍ന്നും സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്തുകൊണ്ടേയിരുന്നു. ഒരു സുന്ദരിയായ യുവതിയെ ഞാന്‍ ബന്ദിയാക്കിയിട്ടുണ്ടെന്നും അവളുടെ പേര് വെറോണിക്കയാണെന്നും അറിയിച്ച അയാള്‍ മൊബൈലില്‍ അവരുടെ പടം എടുത്ത് ഫേസ്‌ബുക്കില്‍ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. ( ഫോട്ടോ താഴെ. വെറോണിക്കയെ കാണുമ്പോള്‍ ഒരു ബന്ദിയുടെ അപ്പോഴത്തെ അവസ്ഥ പ്രതിഫലിക്കുന്നില്ല അല്ലേ)


ഇതിനിടയില്‍ പോലീസുകാര്‍ ഹോട്ടലിലേക്കുള്ള വിദ്യുച്ഛക്തി വിച്ഛേദിച്ചപ്പോള്‍ , ഈ നടപടി ബന്ദിയാക്കപ്പെട്ട യുവതിയുടെ ജീവന്‍ അപകടത്തിലാക്കുന്നതാണെന്ന് ഫേസ്‌ബുക്കില്‍ എഴുതി. അപ്പോഴൊക്കെ സുഹൃത്തുക്കളില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും ജേസണിന്റെ വാളില്‍ കമന്റുകള്‍ വന്നുകൊണ്ടിരുന്നു എന്ന് പറയേണ്ടതില്ലല്ലൊ.  ഞാന്‍ ഇത് എഴുതുമ്പോഴും ജേസണ്‍ വാല്‍ഡേസിന്റെ ഫേസ്‌ബുക്ക് പ്രൊഫൈലിലെ വാളില്‍ ആരെങ്കിലുമായി കമന്റുകള്‍ എഴുതിക്കൊണ്ടിരിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ശനിയാഴ്ച(18.6.11)യായിരുന്നു സംഭവം.  പതിനാറാമത്തെ മണിക്കൂറില്‍ വാല്‍ഡേസിന്റെ നെഞ്ചില്‍  വെടിയേറ്റാണ്  ആ നാടകം അവസാനിക്കുന്നത്.  പോലീസാണ് വെടി വെച്ചതെന്നും അതല്ല അയാള്‍ സ്വന്തം കൈത്തോക്ക് കൊണ്ട് സ്വയം വെടിവെക്കുകയായിരുന്നു എന്നും വ്യത്യസ്ത റിപ്പോര്‍ട്ടുകളുണ്ട്.

ഒരു ബന്ദിയെ കടത്തിക്കൊണ്ടുപോകുന്ന സംഭവത്തിന്റെ ഉദ്വേഗജനകങ്ങളായ സീക്വന്‍സുകള്‍ അങ്ങനെ ഫേസ്‌ബുക്ക് അപ്‌ഡേറ്റുകളിലൂടെ ലോകത്തിന് അറിയാന്‍ കഴിഞ്ഞു. ഇത് വായിച്ച ചില  സുഹൃത്തുക്കള്‍ അയാള്‍ക്ക് പിന്തുണ അറിയിക്കുകയും മറ്റ് ചിലര്‍ ആ‍ യുവതിയെ മോചിപ്പിക്കാന്‍ ഉപദേശിക്കുകയും ചെയ്തു.  മറ്റൊരു സുഹൃത്താകട്ടെ,  പോലീസുകാരുടെ നീക്കം  അറിയിക്കുകയും അതിന് ജേസണ്‍ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.  ഒടുവില്‍ ,  അവളെ മോചിപ്പിച്ചുവെന്നും എത്ര പറഞ്ഞിട്ടും പോലീസുകാര്‍ അകത്ത് പ്രവേശിക്കുകയാണെന്നുമായിരുന്നു അവസാനത്തെ അപ്‌ഡേറ്റ്.

ജേസണ്‍ വാല്‍ഡേസിന്റെ  ഫേസ്‌ബുക്ക് പ്രൊഫൈല്‍ ഇവിടെ.

സംഭവത്തെ പറ്റി ഒരു റിപ്പോര്‍ട്ട് ഇവിടെയുണ്ട്.  ഗൂഗിള്‍ ചെയ്താല്‍ ഇനിയും ലിങ്കുകള്‍ കാണാം.

ബി ടി വഴുതനങ്ങയും ചില ശാസ്ത്ര സങ്കടങ്ങളും (മായയുടെ ബ്ലോഗ്)

ബ്ലോഗര്‍ മായയുടെ ബ്ലോഗില്‍ എഴുതിയ കമന്റ് , വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഇവിടെ ഒരു പോസ്റ്റായി പബ്ലിഷ് ചെയ്യുന്നു.

നമ്മുടെ നാട്ടില്‍ അശാസ്ത്രീയമായ ധാരണകളും വിശ്വാസങ്ങളുമാണ് ഇപ്പോള്‍ എല്ലാ മാധ്യമങ്ങളും പ്രചരിപ്പിക്കുന്നത്. ശാസ്ത്രസമൂഹം ഇതിനെ പ്രതിരോധിക്കുകയോ സത്യം ജനങ്ങളോട് പറയുകയോ ചെയ്യുന്നുമില്ല. അവര്‍ മൌനത്തിലാണ്. ശാസ്ത്രത്തിന്റെ ലേബലില്‍ ആനുകാലികങ്ങളില്‍ പ്രസിദ്ധീകൃതമാകുന്ന ലേഖങ്ങള്‍ എല്ലാം തന്നെ അര്‍ദ്ധസത്യങ്ങളോ അസത്യങ്ങളോ ആണ്. ജനറ്റിക്ക് മോഡിഫൈഡ് വിള എന്ന് പറയുമ്പോള്‍ തന്നെ ജി.എം.പരുത്തിച്ചെടിയുടെ ഇലകള്‍ ഭക്ഷിച്ച് കന്നുകാലികള്‍ ചത്തോടുങ്ങിയെന്നും അവിടത്തെ പരിസ്ഥിതി നശിച്ചും എന്നും മറ്റുമാണ് അഭ്യസ്ഥവിദ്യര്‍ പോലും പ്രചരിപ്പിക്കുന്നത്.

ഒരേ സമയം കീടനാശിനികളെയും ജി.എം.വിളകളെയും എതിര്‍ക്കുന്ന വിചിത്രമായ നിലപാടാണ് ഇവിടത്തെ പരിസ്ഥിതിവാദികള്‍ സ്വീകരിച്ചിരിക്കുന്നത്. രാസവളം, കീടനാശിനികള്‍ , ജി.എം.വിളകള്‍ ഇതൊന്നും പറ്റില്ല എന്നും ജൈവകൃഷി മാത്രമേ പറ്റൂ എന്നുമാണ് ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നത്. നെറ്റില്‍ നോക്കിയാലും ഇമ്മാതിരി ലിങ്കുകള്‍ മാത്രമേ കാണാനുള്ളൂ. ശരിയായ ശാസ്ത്രസത്യങ്ങള്‍ പ്രതിപാദിക്കുന്ന ലിങ്കുകള്‍ നെറ്റില്‍ കാണാനേയില്ല. ഈ പ്രചാരണകോലാഹലങ്ങള്‍ നിമിത്തം രാഷ്ട്രീയനേതൃത്വത്തിനും ശാസ്ത്രീയമായ നിലപാടുകള്‍ സ്വീകരിക്കാന്‍ കഴിയുന്നില്ല എന്നതാണ് ഖേദകരം.

ഇവിടത്തെ പരിസ്ഥിതിതീവ്രവാദികള്‍ നാടിന്റെ പുരോഗതിയെ പിറകോട്ട് പിടിച്ചു വലിക്കുകയാണ്. സയന്‍സ് ഇന്ന് സ്ക്കൂളിലും കോളേജിലും മന:പാഠം പഠിച്ച് പരീക്ഷ എഴുതി പിന്നെ ഒഴിവാക്കുകയാണ് ചെയ്യുന്നത്. അത്കൊണ്ട് സയന്റിഫിക്ക് ഔട്ട്ലുക്ക് ആ‍ര്‍ക്കുമില്ല. അമ്പരപ്പിക്കുന്ന നേട്ടങ്ങള്‍ കാര്‍ഷികരംഗത്തും ചികിത്സാരംഗത്തും ജനറ്റിക്ക് എഞ്ചിനീയറിങ്ങ് കൊണ്ട് സാധിക്കും. പക്ഷെ ജനങ്ങളും ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളും ഈ ശാസ്ത്രസാധ്യതകള്‍ക്ക് നേരെ പുറം തിരിഞ്ഞ് നിന്നാല്‍ എന്ത് ചെയ്യും....

തുടര്‍ന്ന്  താഴെ കാണുന്ന ബ്ലോഗ് വായിക്കുക.
മായാലോകം: ബി ടി വഴുതനങ്ങയും ചില ശാസ്ത്ര സങ്കടങ്ങളും

ടൈം ഈസ് ഷോര്‍ട്ട്

ഇന്ന് ആര്‍ക്കും ഒന്നിനും സമയമില്ല. എല്ലാവരും തിരക്കിലാണ്.  എങ്ങോട്ടേക്കാണ് ഈ തിരക്ക് പിടിച്ച യാത്ര?  ഇങ്ങനെ തിരക്ക് പിടിച്ച് യാന്ത്രികമായി ഓടുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ, ജീവിതം ഓട്ടപ്പന്തയമല്ല.  ഇങ്ങനെ ആക്രാന്തം പിടിച്ച് ഓടുന്നതില്‍ ഒരു കാര്യവുമില്ല.  സാവകാശം ജീവിതത്തെപ്പറ്റിയൊന്നും ചിന്തിക്കാത്തതിന്റെ കുഴപ്പമാണിത്. മറ്റുള്ളവര്‍ എന്ത് ചെയ്യുന്നുവോ അപ്രകാരം താനും ചെയ്യണമെന്നേയുള്ളൂ.  നമുക്കറിയാവുന്ന പോലെ നമ്മുടെ ആയുസ്സ് ക്ഷണികമോ അല്ലെങ്കില്‍ ചുരുക്കമോ ആണ്.  അപ്പോള്‍ നമ്മള്‍ കടത്തിവിടുന്ന ഓരോ നിമിഷവും നമ്മള്‍ രുചിക്കുകയാണ് വേണ്ടത്, ആസ്വദിക്കുകയാണ് വേണ്ടത്. അല്ലാതെ വെപ്രാളപെട്ട് സമയത്തെ ആട്ടിയകറ്റുകയല്ല ചെയ്യേണ്ടത്.  ഓരോ നിമിഷവും അനുഭവിച്ച്, അതിന്റെ സൌന്ദര്യവും രസവും എല്ലാം കഴിയുന്നതും ആസ്വദിക്കണം.  ഭക്ഷണം കഴിക്കുമ്പോള്‍ വാരിവലിച്ച് വിഴുങ്ങരുത്.  ചവച്ചരച്ച് അതിന്റെ രുചി മനസ്സ്കൊണ്ട് അറിഞ്ഞ് നുണഞ്ഞ് ഇറക്കണം.  ചായ കുടിക്കുമ്പോള്‍ പോലും അതിന്റെ ടേസ്റ്റ് നുണഞ്ഞ് അനുഭവിക്കണം.  യാത്ര ചെയ്യുമ്പോള്‍ മനസ്സ്  ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുകയല്ല വേണ്ടത്. വഴിയിലുള്ള ദൃശ്യങ്ങള്‍ കണ്ട് ആസ്വദിച്ച് നീങ്ങണം.  എന്തിനും തിരക്ക് പിടിച്ച് ഓടുന്നവര്‍ ജീവിതത്തെ മിസ്സ് ചെയ്യുകയാണ് ചെയ്യുന്നത്.  ഇന്ന് പലരും ജീവിതത്തെ ഓടിത്തീര്‍ക്കുകയാണ്. ഒന്നും ആസ്വദിക്കുന്നില്ല, അനുഭവിക്കുന്നില്ല.  സമയത്തെ സംബന്ധിച്ച് ഒരു പ്രധാനസത്യം ഈ വര്‍ത്തമാനകാലമാണ് നമുക്ക് സ്വന്തമായിട്ടുള്ളത് എന്നാണ്. അത്കൊണ്ട് വര്‍ത്തമാനകാലത്തിലെ ഈ സെക്കന്റിനെ നാം രുചിക്കുക. അപ്പോള്‍ ഭാവിയില്‍ അയവിറക്കാന്‍ ഈ കാലം നമുക്കൊരു മുതല്‍ക്കൂട്ടാവും. ഇത്രയും എഴുതിയത്, നെറ്റില്‍ നിന്നും ഒരു കവിത വായിച്ചത് കൊണ്ടാണ്. നിങ്ങളും ആ കവിത വായിക്കുക.


Time is Short 

Have you ever watched kids on a merry-go-round
Or listened to the rain slapping on the ground?
Ever followed a butterfly's erratic flight
Or gazed at the sun into the fading night?
You better slow down
Don't dance so fast
Time is short
The music won't last

Do you run through each day on the fly
When you ask "How are you?" do you hear the reply?
When the day is done, do you lie in your bed
With the next hundred chores running through your head?
You'd better slow down
Don't dance so fast
Time is short
The music won't last

Ever told your child, we'll do it tomorrow
And in your haste, not see his sorrow?
Ever lost touch, and let a good friendship die
'Cause you never had time to call and say "Hi"?
You'd better slow down
Don't dance so fast
Time is short
The music won't last

When you run so fast to get somewhere
You miss half the fun of getting there.
When you worry and hurry through your day,
It is like an unopened gift....
Thrown away...
Life is not a race.
Do take it slower
Hear the music
Before the song is over.

പുഴയും കണ്ട് മീനും വാങ്ങി ....

valapattanam puzha-1
കാട്ടാമ്പള്ളിപ്പുഴ വളപട്ടണം പുഴയില്‍ സംഗമിക്കുന്ന സ്ഥലമാണിത് എന്നാണ് എന്നോട് അവിടത്തെ പരിസരവാസി പറഞ്ഞത്. ഞാന്‍ ഇങ്ങേക്കരയില്‍ പാപ്പിനിശ്ശേരിയിലാണ് ഉള്ളത്. നേരേ നോക്കിയാല്‍ കാട്ടാമ്പള്ളി ഡാം കാണാം എന്നും പറഞ്ഞു.  എനിക്ക് ഡാം കാണാന്‍ കഴിഞ്ഞില്ല.  ഒരു ദിവസം അക്കരയ്ക്ക് പോയി കാണണം. ആ സ്ഥലത്തിന്റെ പ്രത്യേകതകൊണ്ട് മൊബൈലില്‍ പകര്‍ത്തിയ ചില പടങ്ങളാണിവിടെയുള്ളത്. ക്ലിക്ക് ചെയ്താല്‍ ശരിയായ വലുപ്പത്തില്‍ കാണാന്‍ കഴിയും.
valapattanam puzha

fisherman-1



കുറച്ചുകൂടി പിന്നിലോട്ട് വന്നു എടുത്ത പടം. ഇത് കൊള്ളാം അല്ലേ...





നാടോടികളെ പോലെ തോന്നിക്കുന്ന കുറേ കുടുംബങ്ങള്‍ അവിടെ ടെന്റ് കെട്ടി താമസിക്കുന്നുണ്ട്. മഹരാഷ്ട്രക്കാരായിരിക്കും എന്നാണ് സംസാരത്തില്‍ നിന്ന് മനസ്സിലാകുന്നത്. രാവിലെ പുഴയില്‍ നിന്ന് മീന്‍ പിടിക്കുന്നു. ചിത്രത്തില്‍ കാണുന്ന വട്ടത്തിലുള്ള ആ വള്ളമാണ് മീന്‍ പിടിക്കാന്‍ ഉപയോഗിക്കുന്നത്.  പുലരുമ്പോഴേക്ക് തന്നെ മീന്‍ പിടിച്ചുകഴിയുമെന്ന് തോന്നുന്നു. ഞാന്‍ പോകുമ്പോഴേക്കും പിടിച്ച മീനുകള്‍ വിറ്റ് തീരാറായിരുന്നു. ഒരു കിലോ മീന്‍ 150രൂപയ്ക്കാണ് ഞാന്‍ വാങ്ങിയത്.              
fisherman-2

നമ്മുടെ നാട്ടില്‍ ഉള്ളവര്‍ക്കൊന്നും ഇങ്ങനെ മീന്‍ പിടിക്കാനുള്ള സാമര്‍ത്ഥ്യമില്ല.  മഴയത്താണ്  അവര്‍ ചിത്രത്തില്‍ കാണുന്ന പോലെ ടെന്റ് കെട്ടി ജീവിയ്ക്കുന്നത്.  ഇങ്ങനെയും ആളുകള്‍ ജീവിയ്ക്കുന്നല്ലോ എന്ന് ഓര്‍ത്തുപോയി. എന്നാലും പക്ഷെ മീന്‍ വിറ്റ് നല്ല കാശ് കിട്ടുന്നുണ്ടല്ലൊ. പത്ത്കൊല്ലമായി കേരളത്തില്‍ താമസിക്കുന്നു എന്നാണ് അവരിലൊരാള്‍ പറഞ്ഞത്. മലയാളം നന്നായി സംസാരിക്കുന്നുണ്ട്.
fisherman-3



എന്തായാലും നല്ല ഫ്രഷ് ആയ പുഴമീന്‍ കിട്ടി.  എനിക്ക് പക്ഷെ മീനിനോട് ഇപ്പോള്‍ അത്ര പ്രതിപത്തിയില്ല. വെജിറ്റേറിയനോടാണ് എനിക്ക് ഇഷ്ടം....

ലോകത്തിലെ ആര്‍ട്ട് ഗ്യാലറികളിലേക്കൊരു വെര്‍ച്വല്‍ ടൂര്‍

ദ്രാസ് മ്യൂസിയത്തിലെ  ആര്‍ട്ട് ഗ്യാലറി മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ. രാജാരവിവര്‍മ്മയുടെ പെയിന്റിങ്ങുകള്‍ കാണാനായി മാത്രം ഞാനവിടെ വീണ്ടും വീണ്ടും പോകാറുണ്ടായിരുന്നു. പ്രൌഢഗംഭീരമായിരുന്നു മദ്രാസ് മ്യൂസിയം. അവിടത്തെ സൂവോളജിക്കല്‍ ഗ്യാലറി കാണേണ്ടത് തന്നെയായിരുന്നു. പ്രത്യേകിച്ചും തിമിംഗലത്തിന്റെ  അസ്ഥിപജ്ഞരം.  എന്നാല്‍ ഈ അടുത്ത് വീണ്ടും അവിടെ പോയപ്പോള്‍ വളരെ ശോചനീയമായ അവസ്ഥയിലായിരുന്നു ആ മ്യൂസിയം. ഒരു മെയിന്റനന്‍സും ഇല്ലായിരുന്നു. സര്‍ക്കാറിന് അത്തരം കാര്യങ്ങളില്‍ ഒന്നും താല്പര്യമില്ലാത്ത പോലെ.  ജനങ്ങള്‍ക്ക് നക്കാപ്പിച്ച വാരിക്കോരി നല്‍കി വോട്ട്ബാങ്ക് നിലനിര്‍ത്തുന്നതില്‍ മാത്രമാണ് ജനാധിപത്യസര്‍ക്കാരുകള്‍ ശ്രദ്ധിക്കുന്നത്. ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചില്ലായിരുന്നുവെങ്കില്‍ നമ്മുടെ രാജ്യത്തിന്റെ കോലം എന്താകുമായിരുന്നുവെന്ന് എല്ലാവരും ഒന്ന് ആലോചിക്കുന്നത് നല്ലതാണ്.  ബ്രിട്ടീഷുകാര്‍ ഇന്ത്യയെ കോളനിയാക്കിയത് ചരിത്രം നമുക്ക് സമ്മാനിച്ച അനുഗ്രഹമായി കരുതണം എന്ന് സാന്ദര്‍ഭികമായി പറയട്ടെ. അല്ലെങ്കില്‍ തന്നെ അവര്‍ വന്നില്ലായിരുന്നുവെങ്കില്‍ എന്ത് ഇന്ത്യ?  സോമാലിയ പോലെയോ എത്യോപ്യ പോലെയോ അനേകം നാട്ടുരാജ്യങ്ങള്‍ ചേര്‍ന്ന ഒരു ഉപഭൂഖണ്ഡം മാത്രമായിരുന്നിരിക്കും ഈ ഭാരതം.

പറഞ്ഞുവന്നത് ആര്‍ട്ട്ഗ്യാലറികളെ കുറിച്ചാണല്ലൊ. വാന്‍‌ഗോഗിന്റെ ആര്‍ട്ട് ഗ്യാലറി സന്ദര്‍ശിക്കാന്‍ നമ്മില്‍ എത്ര പേര്‍ക്ക് ഭാഗ്യം സിദ്ധിക്കും? എന്നാല്‍ അതിനൊരവസരം ഒരുക്കുകയാണ് ഗൂഗിള്‍ . എന്തെല്ലാം സേവനങ്ങളാണ് ഗൂഗിള്‍ നമുക്ക് ഒരുക്കിത്തരുന്നത്. ഗൂഗിള്‍ ഇല്ലാത്ത ഒരു ജീവിതം നെറ്റ് കൈകാര്യം ചെയ്യുന്നവര്‍ക്ക്  സങ്കല്‍പ്പിക്കാന്‍ പോലും ഇന്ന് അസാധ്യമാണ്. നെറ്റിലൂടെയുള്ള ഈ സന്ദര്‍ശനം വെര്‍ച്വല്‍ ആണെങ്കിലും നേരില്‍ കാണുന്ന പോലെയുള്ള പ്രതീതി ജനിപ്പിക്കാന്‍ ഗൂഗിളിന്റെ  Streetview എന്ന ടെക്‍നോളജിക്ക് സാധിക്കുന്നു. ഗൂഗിള്‍ എര്‍ത്ത് , ഗൂഗിള്‍ മാപ്പ് എന്നിവയിലൊക്കെ ഈ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. 14000 മില്യന്‍ പിക്‍ചല്‍ അളവിലും അതില്‍ കൂടുതലും ആയിട്ടാണ് ഗ്യാലറികളിലെ ചിത്രങ്ങള്‍ കാണിക്കുന്നത് എന്നത്കൊണ്ട് നാം നേരിട്ട് പോയി കാണുന്നത് പോലെ തോന്നും.  ആകെയുള്ള പരിമിതി നാം നമ്മുടെ മോണിട്ടറില്‍ ആണല്ലോ കാണുന്നത് എന്നതാണ്.

ഗൂഗിളിന്റെ Art Project ആണിത്.  വാന്‍‌ഗോഗ് അടക്കമുള്ള ലോകപ്രശസ്തരായ ചിത്രകാരന്മാരുടെ പെയിന്റിങ്ങുകള്‍ പ്രദര്‍ശിപ്പിക്കുന്ന 17 മ്യൂസിയങ്ങളാണ് ഇപ്പോള്‍ ഈ പ്രൊജക്റ്റില്‍ കാണാന്‍ കഴിയുക. കൂടുതല്‍ മ്യൂസിയങ്ങള്‍ ഇനിയും ചേര്‍ക്കപ്പെടും.  360 ഡിഗ്രി പനോരമ ചിത്രങ്ങള്‍ ആയതിനാല്‍ മൌസ് ഉപയോഗിച്ച് നമുക്ക് ഈ മ്യൂസിയങ്ങള്‍ ചുറ്റിക്കാണാന്‍ സാധിക്കും. 480ലധികം കലാകാരന്മാരുടെ ആയിരത്തിലധികം പെയിന്റിങ്ങുകള്‍ 385 വെര്‍ച്വല്‍ റൂമുകളിലായി കാണാം.  ഓരോ മ്യൂസിയവും സെലക്റ്റ് ചെയ്ത് സമയം അനുവദിക്കുന്ന മുറയ്ക്ക് ചിത്രങ്ങള്‍ കണ്ട് ആസ്വദിക്കാം.  ഞാന്‍ കൂടുതല്‍ ഇനിയും വിശദീകരിക്കുന്നില്ല.  നമുക്ക്  മ്യൂസിയങ്ങളിലേക്ക് പോകാം.

QR Code എന്നാല്‍ എന്ത് ?

qrcode
ഈ ചിത്രത്തില്‍ കാണുന്നതാണ്  QR Code എന്ന് ഇതിനകം പലരും മനസ്സിലാക്കിയിട്ടുണ്ടാകും.  Quick Response എന്നതിന്റെ ചുരുക്കമാണ്  QR  എന്നത്. 1994ല്‍ ജപ്പാനിലാണ് ഇത് ആദ്യമായി പ്രചാരത്തില്‍ വന്നത്. ബാര്‍കോഡ് എന്നത് എല്ലാവര്‍ക്കും അറിയാം. ബാര്‍കോഡിന്റെ പരിഷ്ക്കരിച്ച പതിപ്പാണിത്. A QR Code is a matrix code or two-dimensional bar code എന്നാണ് ഇംഗ്ലീഷില്‍ ഉള്ള നിര്‍വ്വചനം.  ഇതിന്റെ സാങ്കേതികമായ കാര്യങ്ങളെക്കുറിച്ച് വിശദീകരിക്കാതെ ഞാന്‍ വിഷയത്തിലേക്ക് വരാം. ഇവിടെ കാണുന്ന ഈ കോഡില്‍ എന്താണ് ഉള്ളത് എന്ന് നോക്കാന്‍ നിങ്ങള്‍ക്ക് ക്യാമറയുള്ള ഒരു മൊബൈല്‍ ഫോണ്‍ വേണം. (Other side എന്ന എന്റെ ഫോട്ടോ ബ്ലോഗില്‍ ഞാന്‍ അപ്‌ലോഡ് ചെയ്ത ഫോട്ടോകള്‍ ഈ കോഡ് സ്കാന്‍ ചെയ്താല്‍ കാണാം)  കൂടാതെ QR Code റീഡര്‍ എന്ന സോഫ്റ്റ്‌വേറും വേണം.  ഈ സോഫ്റ്റ്‌വേര്‍ സൌജന്യമായി നല്‍കുന്ന കുറെ സൈറ്റുകളുണ്ട്.  അത്തരത്തില്‍ ഒരു സൈറ്റാണ്   Kaywa.com   .  അവിടെ നിന്ന് നമ്മുടെ മൊബൈലിലേക്ക് നേരിട്ട് ഈ സോഫ്റ്റ്‌വേര്‍ ഡൌണ്‍‌ലോഡ് ചെയ്യാം. മാത്രമല്ല നമ്മുടെ  വിലാസമോ , യു ആര്‍ എല്ലോ ഉള്‍പ്പെടുത്തി ആ സൈറ്റില്‍ നിന്ന്  ഈ കാണുന്ന പോലെ QR Code  ജനറേറ്റ് ചെയ്ത്  ആ ഇമേജ് നമ്മുടെ ബ്ലോഗിലോ അല്ലെങ്കില്‍ വിസിറ്റിങ്ങ് കാര്‍ഡിലോ ചേര്‍ക്കാന്‍ പറ്റും. ഞാന്‍ പക്ഷെ സ്കാന്‍‌ലൈഫ് എന്നൊരു സോഫ്റ്റ്‌വേര്‍ ആണ് ഡൌണ്‍‌ലോഡ് ചെയ്തത്. അതിന്റെ ലിങ്ക്  ഇവിടെ.

മൊബൈലില്‍ സ്കാന്‍‌ലൈഫ്  ഇന്‍സ്റ്റാള്‍ ചെയ്താല്‍ അത് എവിടെയാണുള്ളത് എന്ന് കണ്ടുപിടിച്ച്  ഓപന്‍ ചെയ്താല്‍ സ്കാന്‍ എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍  ക്യാമറ ഓണ്‍ ആവും. എന്നിട്ട് ഈ കോഡ് ഫോക്കസ്സ് ചെയ്ത് ക്ലിക്ക് ചെയ്യുക.  അല്പസമയം പ്രോസസ്സിങ്ങ് ചെയ്യുന്ന സമയം വെയിറ്റ് ചെയ്താല്‍  ഈ ഇമേജിലുള്ള വിവരം മൊബൈലില്‍ കാണാം.  യു ആര്‍ എല്‍ ആണ് ഇമേജില്‍ (കോഡില്‍ ) ഉള്ളത് എങ്കില്‍ ആ വെബ്‌സൈറ്റ് മുഴുവനും വായിക്കാന്‍ സാധിക്കും. സ്ക്കാന്‍‌ലൈഫില്‍ സെറ്റിങ്ങ്, ഹിസ്റ്ററി അങ്ങനെ വേറെയും ചില ഓപ്ഷന്‍സ് ഉണ്ട്.  ഏതായാലും സ്കാന്‍‌ലൈഫ് എന്ന റീഡര്‍ നിങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഇവിടെ കാണുന്ന കോഡ് സ്ക്കാന്‍ ചെയ്ത് നോക്കുക.  നിങ്ങളുടെ കോഡ് ക്രിയേറ്റ് ചെയ്യാന്‍   ഈ ലിങ്കില്‍   ക്ലിക്ക് ചെയ്യുക.   നിങ്ങളുടെ ബ്ലോഗ്, ഫേസ്‌ബുക്ക് തുടങ്ങിയ പ്രൊഫൈലുകളുടെ കോഡ് ഇപ്രകാരം ക്രിയേറ്റ് ചെയ്യാവുന്നതാണ്. ബാക്കിയൊക്കെ നിങ്ങള്‍ക്ക് ക്രമേണ മനസ്സിലാകും. 

തെങ്ങ് എന്ന അന്തകവൃക്ഷം

ള്ള സ്ഥലത്ത് ഒരു തെങ്ങിന്‍ തൈ നടുക എന്ന ശീലം ഇന്നും മലയാളി ഉപേക്ഷിച്ചിട്ടില്ല. അതും അതിരിനോട് ചേര്‍ന്നാണ് നടുക. തെങ്ങ് വലുതാവുമ്പോള്‍ അതിന്റെ മണ്ട അയല്‍ക്കാരന്റെ പുരയിടത്തിലേക്ക് ചാഞ്ഞോളുമല്ലൊ.  എന്നാല്‍ തെങ്ങ് ഒരു അന്തകവൃക്ഷമായി മാറിക്കഴിഞ്ഞിരിക്കുന്നു എന്ന യാഥാര്‍ഥ്യം പലര്‍ക്കും ഇനിയും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല എന്ന് തോന്നുന്നു.  തെങ്ങിന്മേല്‍ കയറി തേങ്ങ പറിക്കാന്‍ നാട്ടില്‍ ആളുകള്‍ ഇല്ല എന്നതും അവനവന് തെങ്ങേല്‍ കയറാന്‍ പറ്റുന്നില്ല എന്നതുമാണ് തെങ്ങിനെ ആളെക്കൊല്ലി വൃക്ഷമാക്കുന്നത്. ഏത് നിമിഷവും തലയില്‍ വീഴാം എന്ന മട്ടില്‍ ഉണങ്ങിയ തേങ്ങാക്കുലകള്‍ ഇപ്പോള്‍ ഏത് തെങ്ങിലും കാണാം. പലരുടെയും വഴിയിലാണ് ഇങ്ങനെയുള്ള തെങ്ങുകള്‍ ഉള്ളത്.  പണ്ടൊക്കെ കുട്ടികള്‍ പോലും  തെങ്ങില്‍ കയറുമായിരുന്നു.  ഇപ്പോള്‍ തേങ്ങ പറിക്കുന്ന ജോലിക്കാര്‍ നാട്ടില്‍ അപൂര്‍വ്വമാണ്.  അത്തരക്കാരുടെ വീട്ടില്‍ പുലര്‍ച്ചയ്ക്ക് തന്നെ ആളുകള്‍ ക്യൂ ആയിരിക്കും. നാളെ വരാം എന്ന് ഉറപ്പാണ് എല്ല്ലാവര്‍ക്കും കിട്ടുക. ഇങ്ങനെ രണ്ട് മാസം തുടര്‍ച്ചയായി തേങ്ങപറിക്കാരന്റെ വീട്ടില്‍ പുലരുമ്പോള്‍ പോയി വന്ന എന്റെ സുഹൃത്ത് ഇപ്പോഴും പ്രതീക്ഷ കൈവിട്ടിട്ടില്ല. മറ്റൊരു വഴിയില്ലല്ലൊ.

ഞാന്‍ പക്ഷെ , ഒരു ശപഥമെടുത്തു. ഇനി തേങ്ങപറിക്കാരനോട് ഇരക്കാന്‍ വയ്യ.  തേങ്ങ അരച്ച കൂട്ടാന്‍ കൂട്ടിയില്ലെങ്കില്‍ ചത്തുപോവുകയൊന്നുമില്ല.  നാട്ടില്‍ പണ്ടേ ഒരു തരം കറി വെക്കാനേ പെണ്ണൂങ്ങള്‍ക്ക് അറിയൂ.  തേങ്ങ അരച്ച് കൊഴുപ്പുള്ള മീന്‍ കറി.  എന്തെല്ലാം തരത്തില്‍ കറി വെക്കാം. അതിനൊക്കെ പക്ഷെ പ്രത്യേകമായൊരു വൈഭവവും ഭാവനയും വേണം.  ചക്കക്കുരുവും പരിപ്പും മുരിങ്ങയിലയും ഉണ്ടെങ്കില്‍ സ്വാദിഷ്ടമായ കൂട്ടാന്‍ ഉണ്ടാക്കാം. പല തരത്തില്‍ സാമ്പാറും  രസവും വേറെയും ഉണ്ടാക്കാം.  സത്യത്തില്‍ ഈ തേങ്ങയും വെളിച്ചെണ്ണയും  ബേഡ് കൊളസ്ട്രോള്‍ ഉണ്ടാക്കുന്നതാണ്. ആ സത്യം പക്ഷെ നാട്ടില്‍ തുറന്ന് പറയാന്‍ പറ്റില്ല. നാളികേര കര്‍ഷകന്റെ നട്ടെല്ല് അതോടെ തകര്‍ന്നുപോകും എന്നാണ് വയ്പ്പ്. എനിക്കതിന്റെ എക്കണോമിക്സ് അന്നും ഇന്നും  മനസ്സിലായിട്ടില്ല.  തേങ്ങയും വെളിച്ചെണ്ണയും നാട്ടുകാര്‍ തന്നെയാണ് വില കൊടുത്ത് വാങ്ങുന്നത്.  മിക്ക പുരയിടങ്ങളിലും തെങ്ങ് ഉണ്ടെങ്കിലും  തേങ്ങയും വെളിച്ചെണ്ണയും കാശ് കൊടുത്ത് വാങ്ങുന്നവരാണ് ഭൂരിപക്ഷവും.  തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും വില കുറഞ്ഞേ , കേരളം മുടിഞ്ഞേ എന്ന് രാഷ്ട്രീയക്കാര്‍ അലമുറയിടുമ്പോള്‍ ഭൂരിപക്ഷം സാധാരണക്കാരും സന്തോഷിക്കാറാണ് പതിവ്.  കാരണം അവ രണ്ടും വിലക്കുറവില്‍ കിട്ടാനാണ് അവര്‍ ആഗ്രഹിക്കുന്നത്.  വെളിച്ചെണ്ണയ്ക്ക് വില വര്‍ദ്ധിക്കാന്‍ വേണ്ടി പാമോയില്‍ ഇറക്കുമതി ചെയ്യുന്നതിന് പോലും എതിര് നില്‍ക്കുന്ന രാഷ്ട്രീയക്കാരെ ജനം മനസ്സ്കൊണ്ട് ശപിച്ചിട്ടുണ്ടാവും.

ഇപ്പോള്‍ മറ്റെല്ല്ലാറ്റിനുമെന്ന പോലെ തേങ്ങയ്ക്കും നല്ല വിലയാണ്. അത്കൊണ്ടെന്താ തേങ്ങ പറിക്കുന്നവന്‍ രാജാവായി. എന്താ ഒരു ഗരിമ.  എനിക്ക് ആകെക്കൂടി ഇരുപത്തഞ്ച് തെങ്ങ് മാത്രമേയുള്ളൂ.  രണ്ട് മാസം മുന്‍പ് , കാലില്‍ വീണ് തൊഴുതതിന്റെ ഫലമായി ഒരു തേങ്ങപറിക്കാരനെ കിട്ടി. ചെറിയ തെങ്ങില്‍ മാത്രമേ കയറുകയുള്ളൂ.  ഉണങ്ങിയ തേങ്ങ കുറെയുള്ള രണ്ട് മൂന്ന് തെങ്ങ് കാണിച്ചിട്ട് അവന്‍ പറഞ്ഞു , ഇതിന്റെ മേലെയൊന്നും കയറാന്‍ പറ്റില്ല പീറ്റയായി, ആര്‍ക്കെങ്കിലും കൊടുത്ത് കള..  ഞാന്‍ ഭവ്യതയോടെ കേട്ടുനിന്നു. പോകുമ്പോള്‍ ചോദിച്ച കൂലിയും കൊടുത്തു. ഇപ്പോള്‍ തെങ്ങിലെ എല്ലാ കുലകളിലെയും തേങ്ങകള്‍ ഉണങ്ങി നില്‍ക്കുകയാണ്. മഴ പെയ്യുമ്പോള്‍ എല്ലാം അടര്‍ന്നു വീഴും.  ഉള്ള തെങ്ങുകള്‍ എല്ലാം വെട്ടിക്കളയാന്‍ ഞാന്‍ മാനസികമായി തയ്യാറെടുത്തു.  അപ്പോഴുമുണ്ട് പ്രശ്നം.  തെങ്ങ് മുറിക്കുന്ന ആളെ കിട്ടണ്ടെ.  പണ്ട് തെങ്ങ് അന്വേഷിച്ച് ആളുകള്‍ വരുമായിരുന്നു.  ഓട് മേയുന്ന വീടുകള്‍ക്ക്  കഴുക്കോലിന് തെങ്ങിന്റെ തടി ഉപയോഗിക്കും. ഇന്ന് ഒരു തെങ്ങ് മുറിച്ച് മാറ്റാന്‍ 2000 രൂപ വീതമാണ് ചോദിക്കുന്നത്.  എന്നാലും ആളെ കിട്ടാനില്ല.

എല്ലാവര്‍ക്കും  എന്തിനെങ്കിലുമായി മറ്റുള്ളവരെ ജോലിക്ക് ആവശ്യമുണ്ടായിരുന്നു.  എന്നാല്‍ ഒരു ജോലിക്കും ഇപ്പോള്‍ ആളെ കിട്ടാതായി.  തൊഴിലുറപ്പ് പദ്ധതി വന്നപ്പോള്‍ ഉള്ള ആളുകള്‍ അതിനും പോയി. തൊഴിലുറപ്പ് ആവുമ്പോള്‍ ഉപകാരമുള്ള ഒരു പണിയും എടുക്കേണ്ട, അതാണതിന്റെ വശ്യത. റോഡ് സൈഡിലെയും വയല്‍ വരമ്പത്തെയും പുല്ല് ചെത്തിക്കളയുക എന്നതാണ് തൊഴിലുറപ്പിലെ മേജര്‍ പണി. അമ്പത് പേര്‍ ഇങ്ങനെ പുല്ല് ചെത്തിക്കോരിയാല്‍ നൂറ് പേരുടെ ഒപ്പിട്ട് പണം കൈപ്പറ്റാം എന്നൊരു ഗുണവും ആ പദ്ധതിക്കുണ്ട്.  ഇപ്പോള്‍ നാട്ടില്‍ പണിക്ക് തമിഴന്മാരും ഇല്ല.  തമിഴ്‌നാട്ടില്‍ വെറും പത്ത് രൂപയുണ്ടെങ്കില്‍ ഒരു കുടുംബത്തിന് സുഖമായി ജീവിയ്ക്കാം.  കളര്‍ ടീവിയും കേബിളും വരെ ഫ്രീയല്ലെ.  സമൂഹത്തിന്റെ ഊടും പാവും തമ്മിലുള്ള സന്തുലനവും കെട്ടുറപ്പും നഷ്ടമായി.  സര്‍ക്കാരിന്റെ ജനപ്രിയപരിപാടികള്‍ അതിന് ആക്കം കൂട്ടുകയാണ്.  നികുതി ആവശ്യത്തിലധികം കിട്ടുന്നുണ്ട് എന്നത്കൊണ്ട് ജനങ്ങളെ കുടിയന്മാരും അലസന്മാ‍രുമാക്കുകയാണ് സര്‍ക്കാര്‍.  അതേ സമയം വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍‌വലിയുകയും ചെയ്യുന്നു.

ഇക്കണക്കിന് സോഷ്യലിസവും സമത്വവും ഒക്കെ വന്നാല്‍ ആരെങ്കിലും എന്തെങ്കിലും പണി എടുക്കുമോ എന്നാണ് ഞാന്‍ ആലോചിക്കുന്നത്.  ഇന്നത്തെ കാലത്ത് പത്താം ക്ലാസ്സ് വരെ പാസ്സാകാന്‍ ഒരു വിഷമവുമില്ല.  ഉത്തരക്കടലാസില്‍ എന്തെങ്കിലും കുത്തിക്കുറിച്ചാലും മോഡറേഷന്റെ ആനുകൂല്യത്തില്‍ പത്ത് പാസ്സായിക്കിട്ടും.  പത്ത് പാസ്സായാല്‍ പിന്നെ ഒരു കൈത്തൊഴിലും പഠിക്കാന്‍ പാടില്ല എന്നാണ് ഇപ്പോഴത്തെ അവസ്ഥ.  പിന്നെ എങ്ങനെ സമൂഹത്തിന് മുന്നോട്ട് പോകാനാവും?  മമത ബാനര്‍ജി ബംഗാളിലെ സ്ഥിതി മെച്ചപ്പെടുത്തുകയാണെങ്കില്‍ ബംഗാളികളും ഇങ്ങോട്ട് വരാതാവും.  കേരളത്തിന്റെ പ്രധാന വരുമാന മാര്‍ഗ്ഗം മനുഷ്യാധ്വാനം കയറ്റുമതി ചെയ്യുന്നതിലൂടെയാണ്. അതേ സമയം എന്തെങ്കിലും ചെറിയ മെയിന്റനന്‍‌സ് ജോലിക്ക് പോലും ആളെ കിട്ടാതെ നാട്ടിലുള്ളവര്‍ ക്ലേശിക്കുകയും ചെയ്യുന്നു.

എന്തായാലും ഒരു കാര്യം ഉറപ്പാണ്, തെങ്ങ് എന്ന ഈ അന്തകവൃക്ഷത്തെ എത്രയും വേഗം മുറിച്ചുമാറ്റുന്നതാണ് നല്ലത്. തലയില്‍ തേങ്ങ വീഴാന്‍ സാധ്യതയുള്ള തെങ്ങുകളെ ഇന്ന് തന്നെ മുറിക്കാന്‍ ഏര്‍പ്പാട് ചെയ്യുക.  ചെറിയ തെങ്ങിന്‍ തൈകളെ ഇപ്പോഴാണെങ്കില്‍ അവനവന് തന്നെ വെട്ടിമാറ്റാം. അല്ലാതെ അവ വളരുമ്പോഴേക്ക് നാട്ടില്‍ തേങ്ങ പറിക്കാനോ തെങ്ങ് മുറിക്കാനോ ആളുണ്ടാവില്ല.