Pages

പിണറായി യുഗം അവസാനിക്കുമ്പോള്‍ ?

പാര്‍ട്ടിയില്‍ പിണറായി യുഗം അവസാനിക്കുന്നതിന്റെ സൂചനകള്‍ വന്നു തുടങ്ങി എന്ന് ഞാന്‍  അന്ന്  എഴുതിയത് ഇന്ന് യാഥാര്‍ത്ഥ്യമാവുകയാണ്. പുതിയ നിയമസഭയില്‍ വി.എസ്സ്. പ്രതിപക്ഷനേതാവ് ആവുകയാണെങ്കില്‍ അക്ഷരാര്‍ത്ഥത്തില്‍ പിണറായിയുഗം അവസാനിക്കും. സമീപകാലത്ത് ടിവിയില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ പിണറായിയുടെ ശരീരഭാഷ കണ്ടാലറിയാം, അദ്ദേഹം പരിക്ഷീണിതനാണ്. പഴയ ആക്രമണോത്സുകത ലവലേശം കാണാനില്ല. വി.എസ്സിന് കീഴടങ്ങാന്‍ അദ്ദേഹം തയ്യാറായി എന്നത് അദ്ദേഹത്തിന്റെ ഭാവഹാവാദികളില്‍ വ്യക്തമായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ വി.എസ്സിന്റെ സാന്നിധ്യമാണ് പിണറായിയുടെ വലംകൈയായിരുന്ന സി.പി.എം. സ്ഥാനാര്‍ത്ഥികള്‍ പോലും ആഗ്രഹിച്ചത് എന്നത് വസ്തുതയാണ്. ഇത്തവണത്തെ പ്രചാ‍രണത്തില്‍ വി.എസ്സ്. മാത്രമായിരുന്നു ഇടത്പക്ഷത്തെ നിറസാന്നിധ്യം. പിണറായി തീര്‍ത്തും സൈഡില്‍ ഒതുക്കപ്പെടുകയും വി.എസ്സ്. പ്രചാരണത്തിന്റെ ചുക്കാന്‍ പിടിക്കുകയും ചെയ്തു. അതിന് ഫലവും കിട്ടി. തെക്കന്‍ കേരളത്തില്‍ വി.എസ്സ്. ഫാക്റ്റര്‍ ശരിക്കും ഫലം കണ്ടപ്പോള്‍ പിണറായിയുടെ തട്ടകമായ കണ്ണൂരില്‍ സി.പി.എം. അടിപതറി. കണ്ണൂരില്‍ സി.പി.എമ്മിന് നഷ്ടപ്പെട്ട മൂന്ന് സീറ്റുകളാണ് ഇക്കുറി യു.ഡി.എഫിനെ അധികാരത്തില്‍ ഏറ്റിയത്. കോണ്‍ഗ്രസ്സിന് സീറ്റ് നഷ്ടപ്പെടാനിടയായത് അവരുടെ സ്ഥാനാര്‍ത്ഥിനിര്‍ണ്ണയത്തിലെ അപാകതകള്‍ കൊണ്ടാണെന്നത് വേറെ വിഷയം.  കോണ്‍ഗ്രസ്സ് നേതാക്കള്‍ പറഞ്ഞ പോലെ വി.എസ്സിന് വോട്ടര്‍മാരെ താല്‍ക്കാലികമായി തെറ്റിദ്ധരിപ്പിക്കാന്‍ കഴിഞ്ഞു എന്നേയുള്ളൂ.  ഇത്തരം ചില കളികള്‍ ജനാധിപത്യത്തില്‍ സ്വാഭാവികമാണ്.  ആ തെറ്റിദ്ധരിപ്പിക്കല്‍ പൂര്‍ണ്ണ ഫലപ്രാപ്തിയില്‍ എത്തുന്നതില്‍ കണ്ണൂരിലെ സീറ്റ് നഷ്ടം തടസ്സമായി എന്നു മാത്രം.

ബംഗാളില്‍ മമത ഒറ്റയാള്‍ പട്ടാളമായി സീറ്റുകള്‍ തൂത്തുവാരിയ പോലെ കേരളത്തില്‍ വി.എസ്സ്.  സംഘടനയെ തൂത്തുവാരുകയായിരുന്നു എന്ന് വേണമെങ്കില്‍ ആലങ്കാരികമായി പറയാം.  പുറത്ത് നിന്നുള്ള നിരീക്ഷണങ്ങള്‍  സി.പി.എം.കാര്‍ പതിവായി നിഷേധിക്കാറുണ്ടെങ്കിലും പിന്നീട് എല്ലാ കാര്യങ്ങളിലും യാഥാര്‍ത്ഥ്യങ്ങള്‍ അവര്‍ വൈകി സമ്മതിക്കലാണ് പതിവ്. വി.എസ്സിന്റെ വ്യക്തിപ്രഭാവമാണ് ഒരു വന്‍ തകര്‍ച്ചയില്‍ നിന്ന് ഇക്കുറി സി.പി.എമ്മിനെ കേരളത്തില്‍ രക്ഷിച്ചത് എന്ന് എല്ലാ സി.പി.എം.കാരും മനസ്സ് കൊണ്ട് അംഗീകരിച്ച് കഴിഞ്ഞിട്ടുണ്ട്.  എന്നാലും വ്യക്തിയല്ല സംഘടനയാണ് വലുത് എന്ന് അവര്‍ പറഞ്ഞുകൊണ്ടിരിക്കും. അങ്ങനെ ചില യാന്ത്രികതകള്‍ കമ്മ്യൂണിസത്തിന്റെ പ്രത്യേകതകളാണ്.  എന്നാല്‍ വി.എസ്സ്. സംഘടന പിടിച്ചടക്കിയാലും അദ്ദേഹത്തിന്റെ കൃത്രിമമായ ശൈലിയും സ്വയം കേന്ദ്രീകൃതമായ പ്രവര്‍ത്തനങ്ങളും പാര്‍ട്ടിയെ രക്ഷിക്കുമോ എന്ന് കണ്ടറിയേണ്ടതുണ്ട്.  തന്നെ ഒരു ബിംബമായി പൊതുസമൂഹത്തെക്കൊണ്ട് അംഗീകരിപ്പിക്കുന്നതില്‍ അദ്ദേഹത്തിലെ ചാണക്യന്‍ വിജയിച്ചിട്ടുണ്ട്. എന്നാല്‍ വെറും ചാ‍ണക്യതന്ത്രങ്ങള്‍ കൊണ്ട് മാത്രം ഒരു സംഘടനയെ നയിക്കാന്‍ കഴിയില്ല. പ്രതിപക്ഷനേതാവിന്റെ റോളില്‍ പഴയ വെട്ടിനിരത്തല്‍ മോഡല്‍ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍  തുനിയാമെന്നതിന്റെ സൂചനകള്‍ അദ്ദേഹം നല്‍കിയിട്ടുണ്ട്. പെണ്‍‌വാണിഭക്കാരെന്ന് ആരോപിക്കപ്പെടുന്നവരെയും  ക്രിമിനല്‍ കേസില്‍ പെടുന്നവരെയും മന്ത്രിമാരായി അടിച്ചേല്‍പ്പിക്കരുത് എന്ന് അല്പം അധികാരത്തിന്റെ ഭാഷയില്‍ അദ്ദേഹം മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്. പ്രത്യേകമായി ആരെയും പേരെടുത്ത് പറഞ്ഞിട്ടില്ല. ഭാവിയില്‍ ഏത് മന്ത്രിക്കെതിരെയും സ്ത്രീവിഷയവും അഴിമതിയും ആരോപിച്ച് വഴിയില്‍ തടയാമെന്ന ഒരു സാ‍ധ്യത ആ മുന്നറിയിപ്പില്‍ ഉണ്ട്. പെണ്‍‌വാണിഭവും അഴിമതിയുമാണ് ഇനി രാഷ്ട്രീയച്ചന്തയില്‍ എളുപ്പം വിറ്റുപോകാവുന്ന ചരക്ക് എന്ന് അദ്ദേഹം മനസ്സിലാക്കിയിട്ടുണ്ട്.

ആരാണ് പിണറായി ?  എന്ത് തന്നെ പറഞ്ഞാലും വ്യക്തിപരമായി അദ്ദേഹം കറപ്റ്റഡ്  ആണെന്ന് ഞാന്‍ പറയില്ല. അദ്ദേഹം എന്ത് ചെയ്താലും , പറഞ്ഞാലും അത് പാര്‍ട്ടിക്ക് വേണ്ടി മാത്രമായിരുന്നു. കുടുംബത്തില്‍ രാഷ്ട്രീയം കൊണ്ടുവരാത്ത അപൂര്‍വ്വം രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് പിണറായി വിജയന്‍. ആകെക്കൂടി കേട്ടത് മകനെ ബര്‍മ്മിങ്ങ്ഹാമില്‍ അയച്ചു പഠിപ്പിച്ചു എന്നാ‍ണ്. ഇക്കാലത്ത് അതൊരു അധികപ്പറ്റാണെന്ന് ആരും പറയില്ല. കുടുംബാംഗങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീയസ്വാധീനം ദുരുപയോഗം ചെയ്തു എന്ന് അദ്ദേഹത്തെ പറ്റി ആരും ഇത് വരെ പറഞ്ഞിട്ടില്ല. അതിലും ആകെക്കൂടി പറഞ്ഞിട്ടുള്ളത് തലശ്ശേരിയില്‍ അദ്ധ്യാപികയായിരുന്ന ഭാര്യയ്ക്ക് തിരുവനന്തപുരത്ത് ഒരു ചെറിയ ജോലി തരപ്പെടുത്തി എന്നാണ്. അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച ജോലി മാത്രമാണ് തിരുവനന്തപുരത്ത് സമ്പാദിച്ചത്. പിണറായിയുടെ മക്കളെയോ ബന്ധുക്കളെയോ അധികാരത്തിന്റെ കൊത്തളങ്ങളില്‍ ആരും കണ്ടിരിക്കാന്‍ ഇടയില്ല.  ഒരു വലിയ നേതാവിന്റെ മക്കളാണ് തങ്ങളെന്ന ജാഡ പിണറായിയുടെ മക്കളുടെ മുഖത്ത് കാണാന്‍ കഴിയുമായിരുന്നില്ല.  ലാവലിന്‍ കേസ് ഒഴിച്ചു നിര്‍ത്തിയാല്‍ പിണറായിയുടെ കൈകള്‍ അഴിമതിയുടെ കറ പുരളാത്തതാണെന്ന് ഞാന്‍ ഉറപ്പിച്ചു പറയും. ലാവലിന്‍ ഇടപാടില്‍ എന്തെങ്കിലും നടന്നെങ്കില്‍ അത് വ്യക്തിപരമായ നേട്ടത്തിനല്ല, പാര്‍ട്ടിക്ക് വേണ്ടിയായിരിക്കും എന്നേ എനിക്ക് പറയാന്‍ പറ്റൂ. പൊതുരംഗത്ത് പിണറായി ഒരിക്കലും തന്നെ ഹൈലൈറ്റ് ചെയ്യാന്‍ ശ്രമിച്ചിട്ടില്ല.  വ്യക്തിജീവിതത്തില്‍ കമ്മ്യൂണിസ്റ്റ് രീതികളോട് അദ്ദേഹം ഒരിക്കലും വിട്ടുവീഴ്ച ചെയ്തിട്ടില്ല. മറ്റുള്ളവരുടെ സന്തോഷത്തിന് വേണ്ടി ഏത് ചടങ്ങില്‍ പങ്കെടുത്താലും മതപരമായ ആചാരങ്ങളില്‍ നിന്നും ചടങ്ങുകളില്‍ നിന്നും മാറി നില്‍ക്കും. അദ്ദേഹത്തിന്റെ ധിക്കാരങ്ങള്‍ക്കും അമര്‍ഷങ്ങള്‍ക്കും ഒരു പ്രോലിറ്റേറിയന്‍ സൌന്ദര്യമുണ്ടായിരുന്നു.

മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ കാഴ്ചപ്പാടില്‍ നിന്ന് നോക്കുകയാണെങ്കില്‍ പിണറായിയുടെ രാഷ്ട്രീയനിലപാടുകള്‍ ശരിയായിരുന്നു എന്ന് കാണാം. അപ്പോഴൊക്കെ വില്ലന്റെ റോളില്‍ ആയിരുന്നു വി.എസ്സ്. ഒരു കപട ആദര്‍ശത്തിന്റെ കൃത്രിമ വേഷം ധരിച്ച്  പിണറായിയുടെ പാര്‍ട്ടി ലക്ഷ്യങ്ങളെ അട്ടിമറിക്കാന്‍ എന്നും വി.എസ്സിന് കഴിഞ്ഞു.  ഇടത് പക്ഷ ജനാധിപത്യ മുന്നണിയുടെ ജനകീയ അടിത്തറ വിപുലമാക്കുക എന്നതായിരുന്നു പിണറായിയുടെ രാഷ്ട്രീയ ലക്ഷ്യം. അതിനാണ് മുസ്ലീം ലീഗിനെ മുന്നണിയിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമിച്ചത്. വര്‍ഗ്ഗീയപാര്‍ട്ടികളുമായി കൂട്ടുകെട്ടില്ല എന്ന് പറഞ്ഞാണ് വി.എസ്സ്. ഈ നീക്കത്തെ അട്ടിമറിച്ചത്.  കേരളത്തില്‍ മുസ്ലീം വര്‍ഗ്ഗീയത വേര് പിടിക്കാ‍തെ തടഞ്ഞ് നിര്‍ത്തിയ മിതവാദ പാര്‍ട്ടിയാണ് ലീഗ് എന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ട്. കേരളത്തിലെ മതസൌഹാര്‍ദ്ധത്തിന് ലീഗിന്റെ സംഭാവന മഹത്തായതാണെന്നും ഇന്ന് എല്ലാവരും സമ്മതിക്കും.  അന്തരിച്ച ശ്രീ.കെ. കരുണാകരന്റെ ഡി.ഐ.സി. യെ മുന്നണിയില്‍ ചേര്‍ക്കാനും പിണറായി താല്പര്യപ്പെട്ടു. അന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഡി.ഐ.സി.യെ എല്‍ ഡി എഫില്‍  എടുത്തിരുന്നുവെങ്കില്‍ എത്രയോ കോണ്‍ഗ്രസ്സുകാര്‍ കരുണാകരന്റെ കൂടെ ചേരുകയും കേരളത്തിന്റെ രാഷ്ട്രീയ ചിത്രം വ്യത്യസ്തമാവുകയും ചെയ്യുമായിരുന്നു. അടിയന്തിരാവസ്ഥയിലെ രാജന്‍ സംഭവം ഉന്നയിച്ചാണ് വി.എസ്സ്. ഈ നീക്കത്തിന് തടയിട്ടത്. അങ്ങനെയൊരു സ്ഥിരം ശത്രുത പ്രായോഗികരാഷ്ട്രീയത്തില്‍ പമ്പരവിഢിത്തമാണെന്ന് വി.എസ്സിന്റെ മുഖത്ത് നോക്കി പറയാന്‍ ആ‍ര്‍ക്കും ധൈര്യമുണ്ടായില്ല.

ഇപ്പോള്‍ വി.എസ്സ്. എന്നാല്‍ എന്തോ ആണെന്ന ഒരു മിത്ത് പൊതുസമൂഹത്തില്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. യാഥാര്‍ത്ഥ്യബോധത്തോടുകൂടിയ പൊതുപ്രവര്‍ത്തനത്തിന് ഈ മിത്ത് ഒട്ടും ഗുണപ്രദമല്ല.  ഒരു നീര്‍ക്കുമിള പോലെ ഏത് നിമിഷവും ഈ മിത്ത് പൊട്ടിത്തെറിക്കാവുന്നതേയുള്ളൂ. യു.ഡി.എഫിന് കേവല ഭൂരിപക്ഷം മാത്രം കിട്ടിയത് വളരെ നന്നായി. കെട്ടുറപ്പോടെയും ഐക്യത്തോടെയും പ്രവര്‍ത്തന മികവോടെയും മുന്നണിയും ഭരണവും മുന്നോട്ട് പോകാന്‍ ഈ 72 എന്ന സംഖ്യ സഹായിക്കും.  പ്രതിപക്ഷ നേതാവ് വി.എസ്സ്. തന്നെ ആകട്ടെ. പക്ഷെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ നയിക്കാന്‍ പിണറായി തന്നെ വേണം. സി.പി.എമ്മിലെ കണ്ണൂര്‍ ലോബി എന്നാല്‍ പിണറായിയ്ക്ക് ചുറ്റുമുള്ള ഒരു കോക്കസ്സാണ്. ആ കോക്കസ്സാണ് സി.പി.എം. എന്ന പാര്‍ട്ടിയെ ബിസിനസ്സ് സംരഭമായി മാറ്റാന്‍ ശ്രമിച്ചുകൊണ്ടിരുന്നത്. രാഷ്ട്രീയത്തിലെ ഉപജാപകവൃന്ദം എപ്പോഴും സേഫായ ഒരു പൊസിഷനില്‍ ആയിരിക്കും. അവര്‍ക്ക് ഒരു നേതാവല്ലെങ്കില്‍ മറ്റൊരു നേതാവ്. സി.പി.എമ്മില്‍  സംഘടനാനേതൃത്വം വികേന്ദ്രീകരിക്കപ്പെടുകയാണ് വേണ്ടത്.  അടുത്തടുത്ത പഞ്ചായത്തുകളായ കോടിയേരിയിലും പിണറായിയിലും എന്തിനാണ് ഒരു അഖിലേന്ത്യ പാര്‍ട്ടിക്ക് പി.ബി.അംഗങ്ങള്‍? മറ്റ് ജില്ലകളിലും നേതാക്കള്‍ ഇല്ലേ? ഇല്ലെങ്കില്‍ കണ്ടെത്തണം. അല്ല പിന്നെ ....

എന്തായാലും ഭരണമാ‍റ്റവും കേവല ഭൂരിപക്ഷവും അങ്ങനെയെല്ലാം തന്നെ സംഭവിച്ചത് നല്ലതിന്,  സംഭവിക്കുന്നതും സംഭവിക്കാന്‍ പോകുന്നതും നല്ലതിന് തന്നെ. നല്ലതല്ലാതൊന്നും സംഭവിക്കുന്നില്ല എന്ന് ഗുണപാഠം!

28 comments:

  1. രാഷ്ട്രിയത്തില്‍ സ്ഥിരം ശത്രുക്കള്‍ ഇല്ലായിരിക്കാം പക്ഷെ നിലപാടുകള്‍ സ്ഥിരം ആയിരിക്കണം എന്ന് തങ്ങള്‍ക്ക് തോന്നുനുണ്ടോ .... രാഷ്ട്രിയത്തില്‍ സ്ഥിരം ശത്രുക്കള്‍ ഇല്ല എന്ന വീക്ഷണം എങ്ങനെയും വായിക്കാം ... രാഷ്ട്രിയത്തില്‍ അപ്പപ്പോള്‍ കാണുന്നവനെ അപ്പാ എന്ന് വിളിക്കാം , ഡി ഐ സി യെ മുന്നണിയില്‍ എടുക്കഞ്ഞത് രാജന്‍ കേസ് മാത്രം അല്ല ഇപ്പോഴും അന്തിമ വിധി വന്നിട്ടില്ലാത്ത പാമോയില്‍ കേസ് ഉള്‍പടെ പലതിനും പാര്‍ട്ടി മറുപടി പറയേണ്ടി വരും എന്നുള്ളതുകൊണ്ടാണ് .അവസരവാദം കമ്മ്യൂണിസ്റ്റ്‌ അണികള്‍ അങ്ങികരിക്കില്ല എന്ന് കഴിഞ്ഞ പാര്‍ലമെട് തിരഞ്ഞെടുപ്പോടെ പാര്‍ട്ടിക്ക്‌ ഇതു നന്നേ ബോധ്യം ആയതാണ് ...

    ReplyDelete
  2. @anu, പാമോലിന്‍ കേസ് എന്നത് തന്റെ ഇമേജ് ഉയര്‍ത്തിക്കാണിക്കാന്‍ വേണ്ടി വി.എസ്സ്. വ്യക്തിപരമായി കൊടുത്ത രാഷ്ട്രീയക്കേസാണ്. ഇങ്ങനെ ഏത് മന്ത്രിക്കെതിരെയും ആര്‍ക്കും കേസ് കൊടുത്ത് ആ കേസ് പത്തിരുപത് കൊല്ലത്തിലധികം നീട്ടിക്കൊണ്ടുപോകാന്‍ ഇവിടെ കഴിയും. ഇത്തരം ട്രിക്കുകളിലൂടെയാണ് വി.എസ്സ്. ഇന്നത്തെ വി.എസ്സായത്. ഇത്കൊണ്ടെല്ലാം നാട്ടിനും നാട്ടാര്‍ക്കും യാതൊരു ഗുണവുമില്ല.

    ReplyDelete
  3. ശ്രീ സുകുമാരന്‍,

    നല്ല ശ്രമം, അഭിനന്ദനങ്ങള്‍ ..!

    താങ്കള്‍ വിചാരിച്ച പോലെ യുഡിഎഫിന് ഒരു വിജയം സ്വന്തമാക്കാന്‍ സാധിക്കാത്തതിലെ ദുഃഖം ഇങ്ങനെ എഴുതി തീര്‍ക്കാം. ഇനിയിപ്പോ ഇവിടെ വന്നു രണ്ടു വിഭാഗങ്ങളായി മാര്‍ക്സിസ്റ്റ്കാര്‍ തമ്മിലടിക്കുന്നത് കണ്ടു രസിക്കാമെന്നത് താങ്കളുടെ വ്യാമോഹം മാത്രമാണ്.

    നൂറു സീറ്റ് സ്വപ്നത്തില്‍ നിന്നും വെറും രണ്ടു സീറ്റു ഭൂരിപക്ഷത്തിലേക്കു ചുരുങ്ങേണ്ടി വന്നതിന്റെ ജാള്യതയും വിഷമവും തീര്‍ക്കാന്‍ ഏറ്റവും നല്ല മാര്‍ഗം..

    ReplyDelete
  4. താങ്കളുടെ പോസ്റ്റു സശ്രദ്ധം വായിക്കുന്ന ഒരാള്‍ എന്ന നിലയില്‍ ഒന്ന് പറയട്ടെ ഈ പോസ്റ്റില്‍ താങ്കള്‍ അവതരിപ്പിച്ച നിരീക്ഷണങ്ങള്‍ സത്യത്തിന്നു അടുത്തു പോലും വരുന്നില്ല എന്ന് പറയേണ്ടി വരും.പക്ഷെ ഒന്ന് വെളിവായി താങ്കളെ പ്പോലുള്ള കൊണ്ഗ്രസ്സു കാരക്കു വി എസ്സിന്റെ ശക്തി ശരിക്കും ബോദ്ധ്യപ്പെട്ടു എന്നത് .
    അഞ്ജനമെന്നതു ഞാനറിയും മഞ്ഞള് പോലെ വെളുത്തിരിക്കും എന്നതിന് സമമാണ് വി എസ്സിനെ കുറിച്ചും പിണറായിയെ ക്കുറിച്ചും ഡി ഐ സി ലയനത്തെ കുറിച്ചും ഒക്കെ ഇതില്‍ പ്രതിപാതിചിരിക്കുന്നത്. ഒന്ന് കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപിക്കുകയായിരുന്നില്ല മറിച്ചു ജനാധി പത്യ വിശ്വാസികള്‍ക്ക് തിരിച്ചറിവ് പകരുകയായിരുന്നു എന്നതാണ് വസ്തുത. അത് വോട്ടിംഗ് ശതമാനത്തിന്‍റെ വര്‍ദ്ധനവിനടക്കം കാരണമായി. വി എസ്സിനെ പ്രതികാര രാഷ്ട്രി യക്കാരനായി ചിത്രികരിക്കുന്നത് ബാലകൃഷ്ണ പിള്ളയും മകനും അവരുടെ ആശ്രിതന്‍ സുകുമാരന്‍ നായരും മാത്രമാണ്. ഒന്ന് ശരിയാണ് ഈ എം എസ് -കരുണാകരന്‍ യുഗത്തിനു ശേഷം ഇന്ന് രാഷ്ട്രിയ രംഗത്ത്‌ കണ്ടു വരുന്ന പരസ്പരം സഹായവും (ഉദാ; പി ശശി കുഞ്ഞാലികുട്ടി ബന്ധം , നായനാര്‍ വധ ശ്രമം കേസ്സ് അന്വേഷണം ഒക്കെ ) പുറം ചൊറിയലിന്നും വി എസ് നില്‍ക്കാറില്ല. ഡി ഐ സി ലയന ത്തിന്‍റെ കാര്യത്തില്‍ വി എസ് എടുത്ത നിലപാട് കരുണാകരനെ വിശ്വസിക്കാന്‍ കൊള്ളില്ല എന്നതാണ് . അത് കാലം പിനീട് ശരിയെന്നു തെളിയിച്ചു. പാമോയിലും രാജന്‍ കേസും ഒക്കെ വിശകലനം ചെയ്യപ്പെട്ടു എന്ന് മാത്രം അല്ലേലും കരുണാകരനും കേരളത്തിലെ കരുണാകരന്റെ പോലീസും കൊന്നൊടുക്കിയ രക്ത സാക്ഷികളോട് ചെയ്യുന്ന ക്രുരതയാകും കരുണാകരനെ LDF ല്‍ എടുക്കുകയെന്നത്.പാമോയില്‍ കേസ്സടക്കം നല്‍കിയ ഗുണഫലമാണ് LDf നു കിട്ടിയ 68 സീറ്റ് എന്നത് ഒരു വസ്തുതയാണ്. മാത്രമല്ല ദേശിയ രാഷ്ട്രിയത്തില്‍ മന്‍മോഹന്‍ സിങ്ങിന്‍റെ കഴിവുകേടും ,കള്ള കളിയും തുറന്നു കാണിക്കാന്‍ വരെ കേരളം നല്‍കിയ സംഭാവനയായി മാറി പാമോയില്‍ കേസ്സ് LDf നും ജനങ്ങള്‍ക്കും മുതല്‍ കൂട്ടാണ്. ഇനി മുതല്‍ ഫയലില്‍ ഒപ്പ് വയ്ക്കുന്ന ഓരോ മന്ത്രിയും , ഐ എ എസ്സ് കാരനും മുന്നില്‍ വി എസ്സിന്റെ മുഖം തെളിഞ്ഞു വരും . അതുകൊണ്ട് ജനങ്ങളുടെ നികുതി പ്പണം എടുത്തു ദുരുപയോഗം ചെയ്യാന്‍ ഒന്ന് മടിക്കും (കുറച്ചു കാലത്തേക്ക്) അതാണ്‌ ഇടമലയാര്‍ പാമോയില്‍ ക്കെസ്സിന്റെ പ്രാധാന്യമായി കാണേണ്ടത്.
    പിന്നെ പിണറായി വിജയന്‍ യുഗം അവസാനിക്കുന്നു എന്നത് തെറ്റാണ്. പിണറായിയെ പ്പോലുള്ള സഘാക്കാള്‍ കൂടുതല്‍ കരുത്തോടെ വര്‍ഗീയ ശക്തികല്‍ക്കെതിരായി ഒറ്റക്കെട്ടായി പോരാടുന്ന കാലമാണ് വരാന്‍ പോകുന്നത് . അതാണ്‌ കേരളത്തില്‍ ഇന്ന് ആവശ്യം കാരണം അത്തരത്തിലുള്ള ഒരു വര്‍ഗീയ ധ്രുവീകരനമാണ് കേരളത്തില്‍ ഈ തിരഞ്ഞെടുപ്പില്‍ കണ്ടത് . ഈ നിലക്ക് രണ്ടു തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വടക്കെ ഇന്ത്യയിലെ പോലെ ഇവിടെയും ഭരണവും , അതിന്റെ സാരധികളെയും ജാതിയും മതവും തീരുമാനിക്കും എന്ന നില വരും . പിന്നെ താങ്കള്‍ പിണറായിയെ തലോടുന്നത് പോലെ ശരിക്കും തല്ലിയതാണ് എന്ന് വരികള്‍ക്കിടയില്‍ നിന്ന് മനസ്സിലാകാന്‍ വലിയ വൈഭവമൊന്നും വേണ്ട എന്ന് പറഞ്ഞു കൊള്ളട്ടെ. എങ്കിലും വികെന്ദ്രികരനമാടക്കമുള്ള വിഷയങ്ങളില്‍ ചില "വിലയേറിയ നിര്‍ദേശങ്ങള്‍ " താങ്കളുടെ പോസ്റ്റില്‍ ഉണ്ട് . അത് വരും പാര്‍ട്ടി സമ്മേളനങ്ങളില്‍ പരിഗണിക്കാം . എന്താ സഘാവേ, അത് മതിയോ ?.

    ReplyDelete
  5. സുഹ്രുത്തെ,,,,,തങ്കളൊരു വല്ലാത്ത സംഭവമാണ്,,,അച്ചുതാനന്ദനെ താറടിച്ച് കാണിക്കാനാണെങ്കിലും പിണറായി വിജയനെകുറിച്ച് താങ്കള്‍ എഴുതിയത് കണ്ടപ്പോള്‍ എനിക്ക് വളരെ സന്തോഷം തോന്നി,,,താങ്കളുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് കിട്ടിയതുകൊണ്ട് പിണറായിയുടെ ഗ്രാഫ് ഒരുപാട് ഉയര്‍ന്നിട്ടുണ്ടാകുമിപ്പോള്‍,,,,,,മകന്‍ ചത്താലും വേണ്ടീല മരുമോളുടെ കണ്ണീര്‍ കണ്ടാല്‍ മതിയെന്നു പറയുന്ന അമ്മായിയമ്മയെപോലെയാണ് താങ്കളിതില്‍ എഴുതിയിരിക്കുന്നത്,, പിണറായിയെ കുറച്ച് പൊക്കിപറഞ്ഞാലും വേണ്ടില്ല,,അതുമൂലം അച്ചുതാനന്ദനും സി.പി.എം നും രണ്ട് കൊട്ടു കൊടുക്കാമെന്ന താങ്കളുടെ തോന്നല്‍ ഇതു വായിക്കുന്ന ആര്‍ക്കും മനസ്സിലാകും.,അതു വെറും വ്യാമോഹം മാത്രമാണ്.അച്ചുതാനന്ദനും പിണറായിയും രണ്ടുപേരും പാര്‍ട്ടിയുടെ സ്വത്താണ്.അചുതനന്ദന്‍ പാര്‍ട്ടിയുടെ മുത്താണെന്നു പിണറായി തന്നെ പറഞ്ഞിട്ടുണ്‍ട്,,,,അതൊക്കെ നോക്കുമ്പോള്‍ ഈ റിപ്പോര്‍ട്ട് വെറും ഭാലിശമാണ്,,,

    ReplyDelete
  6. @ വി ബി എന്‍ , അഭിനന്ദനങ്ങള്‍ക്ക് നന്ദി. അല്പം ജാള്യത ഉണ്ടെന്ന കാര്യം ഞാന്‍ മറച്ചു വെക്കുന്നില്ല. എന്നാല്‍ ഈ പോസ്റ്റില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ അക്ഷരംപ്രതി വസ്തുതകള്‍ ആണെന്ന് ഞാന്‍ കരുതുന്നു. പിന്നെ തമ്മിലടിയുടെ കാര്യം. താല്പര്യങ്ങളും താല്പര്യസംഘട്ടനങ്ങളും ഏത് പാര്‍ട്ടിയിലും സംഘടനയിലുമുണ്ട്. സ്വാര്‍ത്ഥതയും സ്ഥാനമോഹവും കൊണ്ടാണ് ഏതൊരാളും സംഘടനകളിലേക്ക് കടന്നുവരുന്നത് എന്നത്കൊണ്ടാണത്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും അതിന് അപവാദമല്ല. പാര്‍ട്ടിയിലേക്ക് വരുന്നവരെ, വരുമ്പോഴോ വന്നതിന് ശേഷമോ സംസ്ക്കരിക്കാന്‍ സി.പി.എമ്മില്‍ സംവിധാനമൊന്നുമില്ല. 57ന് മുന്‍പ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അങ്ങനെയൊരു ഏര്‍പ്പാടുണ്ടായിരുന്നു. ഇന്ന് ഏതൊരു പാര്‍ട്ടിയും പോലെ തന്നെയാണ് സി.പി.എമ്മും. ഓരോന്നിനുമുള്ള ഗുണദോഷങ്ങള്‍ അതിനുമുണ്ട്.

    @ സത്യമേവജയതേ , നോ കമന്റ് ...

    ReplyDelete
  7. @കെ.പി.സുകുമാരന്‍
    യുഡിഎഫിന് സീറ്റ്‌ കുറഞ്ഞതിലെ ജാള്യത സമ്മതിച്ച താങ്കളുടെ തുറന്നു പറച്ചില്‍ അഭിനന്ദനാര്‍ഹം..

    അതുപോലെ
    "ആരാണ് പിണറായി ? എന്ത് തന്നെ പറഞ്ഞാലും വ്യക്തിപരമായി അദ്ദേഹം കറപ്റ്റഡ് ആണെന്ന് ഞാന്‍ പറയില്ല......"
    എന്ന് തുടങ്ങുന്ന പാരഗ്രാഫില്‍ പറഞ്ഞിരിക്കുന്ന 90 ശതമാനം കാര്യങ്ങളും ശരിയാണ്. പക്ഷെ ഇതെല്ലം മനസിലാക്കിയിരുന്നിട്ടും സ: പിണറായിയെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ കേവലം രാഷ്ട്രീയ വിരോധം മാത്രം വെച്ചുകൊണ്ട് താന്കള്‍ എത്ര പോസ്റ്റുകള്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്? ഉദ്ദേശം മാര്‍ക്സിസ്റ്റ്കാരെ തമ്മിലടിപ്പിക്കല്‍ ആയിരുന്നെങ്കിലും ഈ തുറന്നു പറച്ചില്‍ താങ്കളുടെ മുന്കാല പോസ്റ്റുകളുടെ നിഷേധം തന്നെയാണ്.

    ReplyDelete
  8. >>>തെക്കന്‍ കേരളത്തില്‍ വി.എസ്സ്. ഫാക്റ്റര്‍ ശരിക്കും ഫലം കണ്ടപ്പോള്‍ പിണറായിയുടെ തട്ടകമായ കണ്ണൂരില്‍ സി.പി.എം. അടിപതറി.<< അതു കൊണ്ടായിരിക്കും കണ്ണൂരില്‍ എല്‍ ഡി എഫിന് ഒന്നര ലക്ഷം വോട്ട് വര്‍ദ്ധിച്ചത് ..ഹഹഹ !!!..കണ്ണൂരില്‍ മൂന്നു സീറ്റ് കിട്ടിയത് മണ്ഡല പുനരേകീകരണം കൊണ്ടാണെന്ന് കൊണ്ഗ്രസ്സുകാര്‍ പോലും പറയുമ്പോള്‍ താങ്കള്‍ ഇങ്ങനെ പച്ച നുണ എഴുന്നള്ളിക്കരുത് .

    മുസ്ലീം ആയതു കൊണ്ടു ആക്രമിക്കപ്പെടുന്നു എന്ന് പറഞ്ഞു മുസ്ലീം ലീഗ് നടത്തിയ പ്രചാരണം വര്‍ഗീയ വോട്ടുകള്‍ അവരുടെ പെട്ടിയില്‍ വീഴാന്‍ സഹായിച്ചു. അല്ലെങ്കില്‍ യു ഡി എഫ് നാറിപ്പോയേനെ .!! പോപ്പുലര്‍ ഫ്രണ്ടിന്റെ ചെയ്തികളെ വിമര്‍ശിച്ചാല്‍ മുസ്ലീങ്ങളെ ആക്രമിക്കുന്നു എന്ന് പറയുക , ലീഗ് നേതാവ് കാണിച്ച തെമ്മാടിതരങ്ങള്‍ക്കെതിരെ നിയമപരമായി പ്രതികരിച്ചാല്‍ മുസ്ലീങ്ങളെ ആക്രമിക്കുന്നു എന്ന് പറയുക , ഇതൊക്കെ മനസ്സിലാക്കാന്‍ അത്ര വലിയ ബുദ്ധിയൊന്നും വേണ്ട മാഷേ .

    എന്തായാലും തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കോഴിക്കോടും പാലക്കാട് ജില്ലയിലുമുള്ള അതിവിപ്ലവകാരികള്‍ നാറിപ്പോവുകയും ചെയ്തു .!!!

    ReplyDelete
  9. പ്രിയ സുകുമാരന്‍ ചേട്ടാ,,,, താങ്കളെന്തുകൊണ്ടാണ് എന്‍റെ അഭിപ്രായത്തിനു ഒരു പ്രതികരണവും നല്‍കാത്തത്,,, ഞാന്‍ പറഞ്ഞതു മറുപടി അര്‍ഹിക്കാത്ത വല്ല കാര്യവുമാണോ,,,?? ആണെങ്കില്‍ അതെങ്കിലുമൊന്നു ബോധിപ്പിച്ച് കൂടെ,,,, ഏതായാലും താങ്കളുടെ പ്രതികരണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു,,

    ReplyDelete
  10. Dear Musthu,

    എല്ലാ കമന്റുകള്‍ക്കും മറുപടി കൊടുക്കുക എന്നത് പലപ്പോഴും കഴിയാറില്ല. എന്റെ ആശയങ്ങള്‍ കുറെക്കൂടി വ്യക്തമാക്കാന്‍ സാധ്യതയുള്ള കമന്റുകള്‍ക്ക് മാത്രമേ മറുപടി എഴുതാറുള്ളൂ. എന്നുവെച്ച് മറ്റ് കമന്റുകള്‍ മറുപടി അര്‍ഹിക്കുന്നില്ല എന്ന് അര്‍ത്ഥമില്ല. ഒരു ബ്ലോഗറെ സംബന്ധിച്ച് ഓരോ കമന്റും വിലപ്പെട്ടതാണ്. മുസ്തു വീണ്ടും ആവശ്യപ്പെട്ട നിലയ്ക്ക് എന്റെ നിലപാടുകളെ കുറിച്ച് ചില കാര്യങ്ങള്‍ വ്യക്തമാക്കാം.

    പിണറായി വിജയന്‍ ഞാന്‍ അടുത്തറിയുന്ന ആളാണ്. എന്റെ ഭാര്യവീട് പിണറായിയില്‍ അദ്ദേഹത്തിന്റെ വീടിന്റെ അടുത്താണ്. അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത ബന്ധുക്കള്‍ അഞ്ചരക്കണ്ടിയില്‍ എന്റെ അയല്‍ക്കാരാണ്. പിണറായിയെ വ്യക്തിപരമായി എനിക്കിഷ്ടമാണ്. ആകര്‍ഷകമാണ് അദ്ദേഹത്തിന്റെ വ്യക്തിത്വം. രാഷ്ട്രീയകാരണങ്ങളാലും കണ്ണൂരിലെ ചില നേതാക്കളോടുള്ള നീരസത്താലും ഞാന്‍ അദ്ദേഹത്തിനെതിരെ പോസ്റ്റുകള്‍ എഴുതിയിട്ടുണ്ട് എന്നത് നേരാണ്.

    അടിസ്ഥാനപരമായി ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധന്‍ അല്ല ഇപ്പോഴും, അതേ സമയം കോണ്‍ഗ്രസ്സ് വിരുദ്ധനുമല്ല. അതാണ് എന്റെ പ്രശ്നം. സ്വാതന്ത്ര്യം നേടി തന്ന പ്രസ്ഥാനം എന്ന നിലയില്‍ കോണ്‍ഗ്രസ്സിനോട് എനിക്ക് പ്രത്യേക ആദരവുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ-മതേതര പാര്‍ട്ടി എന്ന നിലയിലും കോണ്‍ഗ്രസ്സിനോട് കൂറുണ്ട്. അതേ സമയം ബഹുകക്ഷി പാര്‍ലമെന്ററി സമ്പ്രദായത്തില്‍ വിശ്വസിക്കുന്നത്കൊണ്ട് മറ്റൊരു പാര്‍ട്ടിയും വേണമെന്ന് ഞാന്‍ കരുതുന്നു. അങ്ങനെ ഞാന്‍ ഇഷ്ടപ്പെടുന്ന മറ്റൊരു പാര്‍ട്ടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാകുമായിരുന്നു, അവരും ബഹുകക്ഷി സമ്പ്രദായം അംഗീകരിക്കുമെങ്കില്‍. അതില്‍ സി.പി.എം. ആയിരുന്നു ഇഷ്ടപ്പെടാവുന്ന പാര്‍ട്ടി. ഇവിടെയൊരു വൈരുദ്ധ്യം നിലവിലുണ്ട്. പാര്‍ലമെന്ററി സമ്പ്രദായത്തോട് സമരസപ്പെട്ട് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സി.പി.എം. തത്വത്തിലോ, ഭരണഘടനയിലോ പാര്‍ലമെന്ററി സമ്പ്രദായം അംഗീകരിച്ചിട്ടില്ല.

    ഭരണം നഷ്ടപ്പെട്ട മുന്‍ സോഷ്യലിസ്റ്റ് രാജ്യങ്ങളിലെ പുതിയ കമ്മ്യൂനിസ്റ്റ് പാര്‍ട്ടികള്‍ അപ്രകാരം നയവും പരിപാടിയും മാറ്റിയിട്ടുണ്ട്. അതായത് വിപ്ലവവും തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യവും തള്ളിക്കളഞ്ഞിട്ടുണ്ട്. പാര്‍ലമെന്ററി സമ്പ്രദായത്തില്‍ ഏറ്റവും നല്ല രാഷ്ട്രീയപ്രസ്ഥാനമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പ്രവര്‍ത്തിക്കാന്‍ കഴിയും എന്നാണ് എന്റെ അഭിപ്രായം. അതിന് അവര്‍ പാര്‍ലമെന്ററി സമ്പ്രദായത്തിന് അനുസരിച്ച് സ്വയം പുതുക്കിപ്പണിയണം. അത്തരമൊരു ആലോചന ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകാരില്‍ കാണാനേയില്ല. അത്കൊണ്ടാണ് ജനാധിപത്യവിശ്വാസി എന്ന നിലയില്‍ ഞാ‍ന്‍ കമ്മ്യൂണിസ്റ്റ്കാരെ എതിര്‍ക്കുന്നത്. ബംഗാളിലെ ഇപ്പോഴത്തെ തകര്‍ച്ചയ്ക്ക് ശേഷമെങ്കിലും അങ്ങനെയൊരു ആലോചന വേണ്ടതായിരുന്നു. പക്ഷെ പരമ്പരാഗത രീതിയില്‍ അല്ലാതെ മാറി ചിന്തിക്കാന്‍ വളരെ വിമുഖമാണ് പൊതുവെ ഇന്ത്യന്‍ മനസ്സ്. ഇത്രയുമാണ് ഇപ്പോള്‍ പറയാനുള്ളത്.

    സസ്നേഹം,

    ReplyDelete
  11. പിണറായിയെപ്പറ്റിയുള്ള ഈ വിലയിരുത്തല്‍ എനിക്കേറെയിഷ്ടപ്പെട്ടു.

    ReplyDelete
  12. >>>>പിണറായി വിജയന്‍ ഞാന്‍ അടുത്തറിയുന്ന ആളാണ്. എന്റെ ഭാര്യവീട് പിണറായിയില്‍ അദ്ദേഹത്തിന്റെ വീടിന്റെ അടുത്താണ്. അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത ബന്ധുക്കള്‍ അഞ്ചരക്കണ്ടിയില്‍ എന്റെ അയല്‍ക്കാരാണ്. പിണറായിയെ വ്യക്തിപരമായി എനിക്കിഷ്ടമാണ്.<<<<
    ഇത് എന്തുകൊണ്ട് ബന്ധപ്പെട്ട മുന്‍ പോസ്റ്റുകളില്‍ പറഞ്ഞില്ല? അടുത്ത് അറിയാത്തത് കൊണ്ടാണോ വി എസിനെ കപട വിശുദ്ധനായി താങ്കള്‍ വിലയിരുത്തുന്നത്?

    ReplyDelete
  13. സാധാരണക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരെ ആയിരിക്കണം ജനങ്ങള്‍ക്ക് ആവശ്യം. ഇന്ന് ഒരു പരിധി വരെ അതിന് അര്‍ഹര്‍ ഇടത് പക്ഷം തന്നെയല്ലേ.

    അഴിമതി നടത്തിയും അതിന് കൂട്ടു നിന്നും കഴിച്ച് കൂട്ടുന്ന കോണ്‍ഗ്രസ്സ് സാധാരണക്കാരന് എന്താണ് ചെയ്ത് തരുന്നത്? അടുത്തിടെ ഇറങ്ങിയ സുപ്രീം കോടതി വിധികള്‍ മാത്രം നോക്കിയാല്‍ പോരെ കോണ്‍ഗ്രസ്സിന്റെ തനി നിറം അറിയാന്‍.

    ടണ്‍ കണക്കിന് ധാന്യങ്ങള്‍ നശിച്ച് പോകുന്നു എന്നും പൊതു വിതരണത്തിനായി കൂടുതല്‍ ധാന്യം അനുവദിക്കണമെന്നും അത് അര്‍ഹരായ പാവപ്പെട്ടവരിലേയ്ക്ക് എത്തിക്കുവാന്‍ സംസ്ഥാന സെക്രട്ടറിമാര്‍ തയ്യാറാകണമെന്നും അതിന്റെ മേല്‍ നോട്ടം കോടതി നിശ്ചയിക്കുന്നവര്‍ക്കായിരിക്കും എന്ന കഴിഞ്ഞ ആഴ്ചത്തെ വിധി തന്നെ കേന്ദ്രത്തിലെ കോണ്‍ഗ്രസ്സിന്റെ തനി സ്വഭാവം വരച്ച് കാട്ടുന്നു. ഭക്ഷണ ശേഖരണത്തിനായി പൊതു ശേഖരണ കേന്ദ്രങ്ങള്‍ ആവശ്യമില്ല എന്ന് പറഞ്ഞ് അവ സ്വകാര്യക്കാര്‍ക്ക് ചുളുവിലയ്ക്ക് കൊടുത്ത കോണ്‍ഗ്രസ്സ് തന്നെയല്ലേ പഞ്ചാബിലും മറ്റും റോഡരികില്‍ കിടന്ന് ധാന്യങ്ങള്‍ നശിക്കുന്നതിന് കാരണക്കാര്‍! എന്നിട്ട് കോണ്‍ഗ്രസ്സ് തങ്ങളുടെ അമൂല്‍ ബേബിയെ കൊണ്ട് കര്‍ഷകരെ രക്ഷിക്കുവാനെന്ന പേരില്‍ നാടകം കെട്ടിക്കുന്നു!

    ഇന്ത്യ തിളങ്ങി കിട്ടാന്‍ സാധാരണക്കാരനെ ഒറ്റി കൊടുത്ത് അതില്‍ നിന്നും ലാഭം നേടുന്ന കോണ്‍ഗ്രസ്സ് ആണ് നല്ലതെന്ന താങ്കളുടെ കാഴ്ചപ്പാടിന് എന്ത് മറുപടിയാണ് തരേണ്ടത്!!!!

    ബംഗാളില്‍ നടന്നത് വ്യവസായ ലോബികളുടെയും മാവോയിസ്റ്റുകളും അജണ്ടയാണ്. പാവം മമത അവരെ കൊണ്ട് അനുഭവിക്കുവാനിരിക്കുന്നതേയുള്ളൂ....

    കണ്ണൂരിലെ 3 സീറ്റാണ് യു.ഡി.എഫ്.നെ ഭരണത്തിലേറ്റിയത് എന്ന താണ്‍കളുടെ വാക്കുകള്‍ വായിക്കുവാന്‍ രസകരം തന്നെ. താങ്കളുടെ പഴയ പോസ്റ്റുകളില്‍ നിന്നുള്ള അനുഭവത്തില്‍ നിന്നും മുസ്ലീം ലീഗ് നേടിയ സീറ്റുകളാണ് യു.ഡി.എഫി.നെ വിജയിപ്പിച്ചത് എന്നല്ലേ എഴുതേണ്ടിയിരുന്നത് :)

    ReplyDelete
  14. very good analysis...; I appreciate the comment!
    Lx*

    ReplyDelete
  15. @ബി.എം., പിണറായിയെ അടുത്തറിയാമെന്ന് ഈയൊരു സന്ദര്‍ഭത്തില്‍ എഴുതിയെന്ന് വെച്ച് മുന്‍ പോസ്റ്റുകളില്‍ അതെഴുതണമായിരുന്നു എന്ന് എനിക്ക് തോന്നുന്നില്ലല്ലൊ. പിന്നെ, എല്ലാവരെയും അടുത്തറിയണമെന്നുമില്ല. വി.എസ്സിനെ കുറിച്ച് അദ്ദേഹത്തിന്റെ സ്വന്തം പാര്‍ട്ടിയിലെ സഖാക്കള്‍ തന്നെ എന്തെല്ലാം പറഞ്ഞിട്ടുണ്ടെന്ന് അറിയാമോ? ഞാന്‍ ഏതായാലും വി.എസ്സിന്റെ പാര്‍ട്ടിക്കാരനല്ല.

    ReplyDelete
  16. മനോജേ, കോണ്‍ഗ്രസ്സിനെക്കുറിച്ച് ഒരു ശരാശരി മാര്‍ക്സിസ്റ്റ് അനുഭാവി പറയുന്നത് പോലെയാണ് മനോജ് സംസാരിക്കുന്നത്. ഈ പറച്ചില്‍ ആപേക്ഷികമാണ്. ഇന്ത്യയില്‍ ഒരു സംസ്ഥാ‍നത്തും കോണ്‍ഗ്രസ്സ് സി.പി.എമ്മിന്റെ മുഖ്യരാഷ്ട്രീയ എതിരാളി അല്ലായിരുന്നെങ്കില്‍ അഥവാ ബി.ജെ.പി.ആയിരുന്നുവെങ്കില്‍ മാര്‍ക്സിസ്റ്റുകാരുടെ പറച്ചില്‍ ഇങ്ങനെയാകുമായിരുന്നില്ല. അത്കൊണ്ട് തന്നെ ഇമ്മാതിരി പറച്ചിലുകള്‍ക്ക് അത്രയേ പ്രസക്തിയുള്ളൂ. എന്നെ സംബന്ധിച്ച്, സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഇന്നോളവും കോണ്‍ഗ്രസ്സ് ഇല്ലാത്ത ഒരു ഇന്ത്യയെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ല. നാളത്തെക്കാര്യം വേറെ. മറ്റൊരു ഓപ്ഷന്‍ ഇല്ലല്ലൊ. കമ്മ്യൂണിസ്റ്റ്കാര്‍ ഇന്ത്യന്‍ രാഷ്ട്രീയഭൂപടത്തില്‍ ഇല്ല. പിന്നെയുള്ള ബദല്‍ ഒന്നുകില്‍ ബി.ജെ.പി. അല്ലെങ്കില്‍ പ്രാദേശികപാര്‍ട്ടികളുടെ അലയന്‍സ്. ഇത് രണ്ടും എനിക്ക് സ്വീകാര്യമല്ല്ല. ഒരു മുന്നണിക്ക് നേതൃത്വം നല്‍കാനെങ്കിലും ഇപ്പോഴും കോണ്‍ഗ്രസ്സ് ഉണ്ടല്ലൊ എന്നാണ് എന്റെ ആശ്വാസം. മനോജിന് പിന്നെ അങ്ങനെയൊന്നുമില്ലല്ലൊ :)

    ReplyDelete
  17. ലക്ഷ്മണേട്ടനും കമന്റ് എഴുതിയ മറ്റ് സുഹൃത്തുക്കള്‍ക്കും നന്ദി.

    ReplyDelete
  18. ഈ തെരെഞടുപ് റിസ്സല്ട്ു വെച്ചു നോക്കുംബൊള്‍ തത്കാലം പിണറായിക്ക് വി എസ്സിനെ(ചുരിങിയത് സീനിയറ് ലീഡറെന്ന നിലയ്ക്ക്) അ‍ഗീകരിക്കുന്നതാണ് പാറ്ട്ടിക്ക് നല്ലത്.

    ReplyDelete
  19. ആണ്റ്റണിക്കു നല്ല ഇമേജാണു കാരണം അദ്ദേഹം ആരെയും സഹായിക്കില്ല വളര്‍ത്തില്ല ഒരു തീരുമാനവും നിവര്‍ത്തി ഉണ്ടെങ്കില്‍ എടുക്കില്ല അതേ സമയം ഇതിനു കടക വിരുധന്‍ ആണൂ കരുണാകരന്‍ കൂടെ നില്‍ക്കുന്നവരെ സംരക്ഷിക്കും താന്‍ വിചാരിക്കുന്ന കാര്യം നടത്താന്‍ എന്തും ചെയ്യും ഏതു നിയമവും പുല്ലുപോലെ മറികടക്കും അങ്ങിനെ ജനമനസ്സില്‍ ആണ്റ്റണി പുണ്യാളനും കരുണാകരന്‍ വില്ലനും ആയി

    ഇതേ പോലെ ആണു മീഡിയ സ്ര്‍ഷ്ടിച്ച വീ എസ്‌ എന്ന ഹീറൊ

    ഒരു ഡോണ്‍ ക്വിക്‌ സോട്ട്‌

    പിണറായി വില്ലന്‍ കമ്യൂണിസം നശിപ്പിച്ചവന്‍ ഒന്നും ചെയ്യാത്ത വീ എസ്‌ അതി വിപ്ളവകാരി ഇതില്‍ കോണ്‍ഗ്രസിനും നല്ല ഒരു സംഭാവന ഉണ്ട്‌, വീ എസിനെ ഒരു വിഗ്രഹമാക്കിയതില്‍ കോണ്‍ഗ്രസിനും നല്ല പങ്കുണ്ട്‌

    ഒടുവില്‍ ഉമ്മന്‍ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും ഒക്കെ പെണ്ണു കേസില്‍ അകത്താകും എന്ന ഗതിയായപ്പോള്‍ ആണൂ അവര്‍ വീ എസിനെ എതിര്‍ക്കാന്‍ തുടങ്ങിയത്‌ അപ്പോഴേക്കും സമയം അതിക്രമിച്ചിരുന്നു

    ഷാജഹാന്‍ ഈ എന്‍ഡോ സള്‍ഫാന്‍ ഐഡിയ ഒരു ആഴ്ച നേരത്തെ പറഞ്ഞു കൊടുത്തിരുന്നെങ്കില്‍ നൂറു സീറ്റില്‍ എല്‍ ഡീ എഫ്‌ അധികാരത്തില്‍ വരുമായിരുന്നു

    കാറ്റാടി യന്ത്റങ്ങളോട്‌ വാള്‍പ്പയറ്റ്‌ നടത്തിയ വീ എസ്‌ വീര നായകന്‍

    പക്ഷെ ഉമ്മന്‍ ചാണ്ടി അധികാരം നല്ല രീതിയില്‍ പ്റയോജനപ്പെടുത്തിയാല്‍ വീ എസ്‌ വെള്ളം കുടിക്കാന്‍ അധികം താമസമില്ല

    ഇത്തവണ രണ്ട്‌ ഭൂരിപക്ഷമെ ഉള്ളെങ്കിലും അന്‍പത്തേഴിലെ കമ്യൂണിസ്റ്റ്‌ മന്ത്റി സഭയെക്കാള്‍ മഹാരഥന്‍മാറ്‍ നിറഞ്ഞ കാബിനറ്റാണു വരാന്‍ പോകുന്നത്‌ കോണ്‍ഗ്രസ്‌ മന്ത്റിമാറ്‍ ആയിരിക്കും ഉള്ളതില്‍ മോശം

    അതില്‍ തന്നെ കേ ബാബു ഒക്കെ വളരെ അറ്‍ഹതപ്പെട്ട മന്ത്റിമാറ്‍ ആണു

    ( കേ ബാബു എന്ന എം എല്‍ എ എന്തെങ്കിലും കാര്യത്തിന്‍ സെക്റട്ടേറിയേറ്റില്‍ വന്നാല്‍ എല്ലാ സെക്ഷനും കയറി ഇറങ്ങി തണ്റ്റെ മണ്ഢലത്തിലേ ഏതെങ്കിലും കേസ്‌ ഉണ്ടോ ഫയല്‍ പെന്‍ഡിംഗ്‌ ഉണ്ടോ എന്നൊക്കെ തിരക്കുന്ന ഒരു മഹാനായ എം എല്‍ എ ആണു , പലപ്പോഴും സെക്ഷനില്‍ ഡെസ്പാച്ചില്‍ കിടക്കുന്ന കടലാസുകള്‍ അദ്ദേഹം സ്വന്തം ഉത്തരവാദിത്വത്തില്‍ ത്റ്‍പ്പൂണിത്തുറക്കാരണ്റ്റെ വീട്ടില്‍ കൊണ്ടു കൊടുക്കും)

    ഗണേഷ്‌ കുമാറ്‍ ജോസഫ്‌ കുഞ്ഞാലിക്കുട്ടി ഉമ്മന്‍ ചാണ്ടി തുടങ്ങിയവറ്‍ ഒക്കെ വീ എസിനു പണീ കൊടുക്കാന്‍ ശ്രമിക്കും

    മകന്‍ ആണല്ലോ ഡീലറ്‍ വലിയ പ്റയാസം ഇല്ല വീ എസ്‌ വെള്ളം കുടിക്കാന്‍

    കാത്തിരുന്നു കാണാം എന്നും എല്ലായ്പ്പോഴും ഡോണ്‍ ക്വിക്‌ സോട്ടുമാറ്‍ വിജയിക്കില്ല

    ReplyDelete
  20. പിണറായിയുടെ ധിക്കാരങ്ങള്‍ക്കും അമര്‍ഷങ്ങള്‍ക്കും ഒരു പ്രോലിറ്റേറിയന്‍ സൌന്ദര്യമുണ്ട്...

    ReplyDelete
  21. കേരളത്തില്‍ ഏറ്റവും അധികം വ്യക്തി പൂജ ചെയ്യപ്പെടുന്ന ആള്‍ കരുകാരന്‍ ആണ് എന്ന് തോന്നുന്നു , കരുണാകര ഭക്തര്‍ എന്ന് തന്നെ വിളിക്കപ്പെടുന്ന ഒരു വലിയ വിഭാഗം ഉണ്ടെന്നു തോന്നുന്നു . വി എസ എത്ര കണ്ടു സപ്പോര്‍ട്ട് ചെയ്യപ്പെടുന്നുവോ അത്ര കണ്ടു വിമര്‍ശിക്കപ്പെട്ടും കണ്ടിട്ടുണ്ട് . വി എസിനെതിരെ പല ആളുകളും പല മാധ്യമ വേദികളില്‍ ഉപയോഗിക്കുന്ന വിമര്‍ശനങ്ങള്‍ സഭയതയുടെ അതിര്‍ വിട്ടു പച്ചത്തെറി പ്രയോഗം ആയി ആരുന്നത് കണ്ടിട്ടുണ്ട് . എന്നാല്‍ കരുണാകരനെ പ്പറ്റി പറയുമ്പോള്‍ , തന്‍ ഒരു കരുകര 'ഭക്തന്‍' ആണ് എന്ന് തന്നെയാണ് ചിലര്‍ സ്വയം വിശ്ഷിപ്പിച്ചു കണ്ടിട്ടുലള്ളതും . സത്യം പറഞ്ഞാല്‍ കരുണാകരന്‍ 'ആശ്രിത വത്സലന്‍' ആണ് എന്നും മട്ടില്‍ വലിയ ഗുണം ആയി ആളുകള്‍ (ജാധിപത്യതിന്ടെ കാവലാളുകള്‍ തന്നെ )പറഞ്ഞും കേട്ടിട്ടുണ്ട് .. ഒരു കാര്യം മാത്രം വിവരം കെട്ട വാസുവിന് മനസ്സിലാകാത്തത് നമ്മള്‍ എന്തിനാണ് ഇവിടെ ജനാധിപത്യം എന്നാ പൊതിയ തേങ്ങ കൊണ്ട് വന്നു വച്ചിരിക്കുന്നത് .. ? നമുക്ക് ആ പഴയ രാജാ വാഴ്ച തന്നെ മതിയായിരുന്നല്ലോ .. ആളുകള്‍ കൂടുതല്‍ കാംക്ഷിക്കുന്നത് അതാണെന്ന് തോന്നും .. പണ്ടത്തെ രാജാ ഭക്തി കെടാതെ സൂക്ഷിക്കാന്‍ പുതിയ രാജാ പാര്‍ട്ട് ബിംബങ്ങള്‍ തേടി അലയുകയാണ് ചിന്തിക്കാന്‍ കഴിവുള്ളവര്‍ പോലും .. ആശ്രിത വത്സലന്‍ ആയ രാജാവും ആശ്രയിക്കാന്‍ വെമ്പുന്ന സ്തുതി പാടകന്മാര്‍ ആയ ജനങ്ങളും കൂടി , ഹായ് ,, എന്താ അതിന്ടെ ഒരു സുഖം ...!

    ReplyDelete
  22. ഇടതുപക്ഷം എന്നത് പൊതുജനത്തിന്‍റെ ഒരു ധൈര്യമാണ്.അത് ഒരു പ്രതിവിധിയല്ല പ്രതിരോധമാണ്. അസമത്വവും അനീതിയും വര്‍ദ്ധിക്കുമ്പോള്‍ ഇടപെടുന്ന ജനശക്തിയാണ് അത്.ഓരോ മാസവും വര്‍ദ്ധിക്കുന്ന ഇന്ധനവിലയ്ക്കുപുറമെ പാചകവാതകത്തിനും, മണ്ണെണ്ണക്കുമുള്ള സബ്സിഡികൂടി നിര്‍ത്തലാക്കാന്‍ പോകുന്നു എന്ന് പുതിയ വാര്‍ത്തകള്‍ പറയുന്നു.എല്ലാം വികസിക്കുന്ന രാഷ്ട്രത്തിന്‍റെ ലക്ഷണമെന്നൊക്കെ ആശ്വസിക്കാം എന്നാല്‍ ഇടതുപക്ഷം എന്ന ഒരു പ്രതിരോധം കേന്ദ്രത്തില്‍ നിലനിന്നിരുന്നെങ്കില്‍ ഇതൊന്നും ഇത്രപെട്ടന്ന് സാധ്യമാകില്ലായിരുന്നു.

    ജനങ്ങള്‍ക്കിടയില്‍ നിന്ന് സമരം ചെയ്യുന്നനേതാക്കളെ അവര്‍ ആരാധിക്കുന്നു. ജനങ്ങളെപ്പറ്റി ചില നേതാക്കള്‍ കരുതുന്നത് അവര്‍ക്കൊരു ചുക്കുമറിയില്ലെന്നാണ്, ജനം കരുതുന്നത് അയാള്‍ക്ക് ഒരു ചുക്കും അറിയില്ലെന്നും.

    ReplyDelete
  23. >>>ഇടതുപക്ഷം എന്നത് പൊതുജനത്തിന്‍റെ ഒരു ധൈര്യമാണ്.<<<<

    ഇടത്പക്ഷം എന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്)ആകുമ്പോള്‍ അത് മാര്‍ക്സിസ്റ്റ് അല്ലാത്തവരെ ഭയപ്പെടുത്തുന്നു. ആ ഭയമാണ് കേരളത്തില്‍ യു.ഡി.എഫിന്റെ അടിത്തറ. ആ ഭയമാണ് ബംഗാളില്‍ മമതയുടെ ഊര്‍ജ്ജസംഭരണി.

    ReplyDelete
  24. കേരളത്തില്‍ കോണ്‍ ഗ്രസ്‌ എന്ന ഒരു സംഭവമേ ഇല്ല , മറ്റവന്‍മാറ്‍ വേണ്ട എന്നു കരുതുന്നവരുടെ വോട്ടാണു കോണ്‍ ഗ്രസിനു കിട്ടുന്നത്‌

    എന്തു കൊണ്ട്‌ മറ്റവന്‍മാറ്‍ വേണ്ട എന്നു വിചാരിക്കുന്നു എന്നു ചോദിച്ചാല്‍ അതു പ്റവറ്‍ത്തി ദൂഷ്യം

    കരുണാകരണ്റ്റെ പ്റസക്തി എന്നു പറയുന്നത്‌ കേരളം ബംഗാള്‍ ആകാതെ നോക്കി, എല്ലാ പക്ഷത്തു നിന്നുള്ള ആക്റമണങ്ങളെയും നേരിട്ട്‌ സ്വന്തം പക്ഷത്തു നിന്നുള്ള പാരകളെയും നേരിട്ട്‌ അഞ്ചു വറ്‍ഷം കഴിയുമ്പോള്‍ എങ്ങിനെ എങ്കിലും ഒരു കോണ്‍ ഗ്രസ്‌ സറ്‍ക്കാറ്‍ ഇവിടെ തട്ടിക്കൂട്ടി അങ്ങിനെ ഒരു സെക്കന്‍ഡ്‌ റ്റേം ഫലപ്റദമായി തടഞ്ഞു

    കാസ്റ്റിംഗ്‌ വോട്ട്‌ കൊണ്ടും ഭരിക്കാം എന്നും കരുണാകരന്‍ തെളിയിച്ചു

    ഉമ്മന്‍ ചാണ്ടി കരുവിണ്റ്റെ ഫോട്ടോ വച്ചു പൂജിക്കുന്നത്‌ നന്നായിരിക്കും ആകെ രണ്ട്‌ എണ്ണം അല്ലേ ഉള്ളു ഭൂരി പക്ഷം

    സീ പീ രാമസ്വാമി അയ്യറ്‍ കഴിഞ്ഞാല്‍ പിന്നെ അച്യുതമേനോന്‍ പിന്നെ കേരളത്തിനു എന്തെങ്കിലും ചെയ്തത്‌ കരുണാകരന്‍ ആണു

    ടീ എം ജേക്കബ്‌ ആണു തുറമുഖം മന്ത്റീ നോക്കിക്കോളു ഒരു വറ്‍ഷത്തിനുള്ളില്‍ വിഴിഞ്ഞം പോറ്‍ട്ട്‌ ഫംക്ഷണല്‍ ആകും

    അയാളെ ചെളി വാരി എറിയും ഒരു മുപ്പത്‌ ഹറ്‍ത്താല്‍ എങ്കിലും ആ പേരില്‍ നടത്തും ശരി തന്നെ

    പക്ഷെ ഭരണം എന്താണെന്നു എം വിജയകുമാറിനു കണ്ടു പഠിക്കാം

    ReplyDelete
  25. താ‍ങ്കളുടെ പോസ്റ്റുകൾ എങ്ങനെ നോക്കിയാലും മാറ്റ്ക്സിസ്റ്റ് വിരുദ്ധവും താങ്കൾ അടിയുറച്ച ഒരു കോൺഗ്രസ്സുകാരനും ആണെന്ന് വ്യക്തമാക്കുന്നതും ആയിരിക്കും. ഇതും അതുതന്നെ! താങ്കൾക്ക് അതിനുള്ള സ്വാതന്ത്ര്യം ഉള്ളതുകൊണ്ട് അതേ പറ്റി ഒന്നും പറയുന്നില്ല.ഏത് ഉദ്ദേശത്തോടെയാണെങ്കിലും പിണറായിയെ പറ്റി രണ്ട് നല്ല വാക്ക് പറയാൻ താങ്കൾ തയ്യാറായതിൽ സന്തോഷം.

    ReplyDelete
  26. ഒരേ വീട്ടിൽ നിന്നുള്ള സോണിയയയ്ം രാഹുലും എന്തിനാണ് കോൺഗ്രസ്സിലെന്നും ചോദിക്ക്...

    ReplyDelete
  27. I could not go through all the Posts of sh. K P Sukumaran, Anjarkkandy. However onething is clear that he is a staunch 'opponent' of the Communist Party of India (Marxist)rather than a 'follower' of Indian National Congress!

    Communism does not depend on individuals' merit, but it is a system always conscious of day to day dificult proplems of the downtrodden people, the proletariat...and trying to find out ways and means to eradicate the situation. Communism does not advocate war against people, but at some time, if needed, may "oppose the opponents, ie the oppressors!

    Lx*
    kvlxman@yahoo.com

    ReplyDelete
  28. Communism does not advocate war against people എന്നാണ് മേലെ കമന്റ് എഴുതിയ Lx* (ലക്ഷ്മണേട്ടന്‍)പറയുന്നത്. അല്പമെങ്കിലും ചരിത്രബോധമുള്ളവര്‍ ഇത് വിശ്വസിക്കുമോ? എന്നിട്ട് ഈ പറയുന്ന കമ്മ്യൂണിസം ഇപ്പോള്‍ എവിടെയാണുള്ളത്? ലോകത്തെ സ്വാതന്ത്ര്യപ്രേമികളെ ഭീഷണിപ്പെടുത്തിക്കൊണ്ട് ചൈനയില്‍ മാത്രം അല്ലേ? ചൈനയിലും എത്രയോ പേര്‍ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു. പക്ഷെ അവിടത്തെ ഭരണകൂടം സ്വാതന്ത്ര്യത്തെക്കുറിച്ച് മനസ്സില്‍ ചിന്തിക്കുന്നവരെ കൂടി തെരഞ്ഞ് പിടിച്ച് ജയിലില്‍ അടക്കുന്നു. കമ്മ്യൂണിസത്തിന് വേണ്ടത് അടിമകളായ ജനങ്ങളെയാണ്. പാര്‍ട്ടിക്കും പാര്‍ട്ടിഭരണത്തിനും അനുസരണയില്ലാത്തവരെ അവര്‍ കൊല്ലും. ഇവിടെ കമ്മ്യൂണിസ്റ്റുകാരുടെ നയം വ്യക്തമാണ്.ടിയാനന്‍‌മെന്‍ സംഭവത്തെക്കുറിച്ച് അന്ന് നാട്ടില്‍ ഒരു സഖാവോട് പറഞ്ഞപ്പോള്‍ ആ സഖാവ് പ്രതികരിച്ചത്, അവറ്റകളെ മൂട്ടയെ ഉരച്ചുകൊല്ലുന്നത് പോലെ കൊല്ലണം എന്നായിരുന്നു. അന്ന് ചൈനീസ് ഭരണകൂടത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് ഇ.എം.എസ്.പറഞ്ഞത് ചൈന പ്രതിവിപ്ലവത്തെ വിജയകരമായി അതിജീവിച്ചു എന്നായിരുന്നു. സോവിയറ്റ് റഷ്യയില്‍ കമ്മ്യൂണിസം തകര്‍ന്നപ്പോള്‍ ലക്ഷക്കണക്കിന് തലയോട്ടികളാണ് അവിടെ ഒരേസ്ഥലത്ത് കണ്ടെത്തിയത്.

    ലോക ചരിത്രത്തില്‍ സ്വന്തം പൌരന്മാരെ ഇത്രയധികം കൂട്ടക്കൊല ചെയ്ത ഭരണകൂടങ്ങള്‍ കമ്മ്യൂണിസ്റ്റുകാരുടേതല്ലാതെ വേറെയില്ല. അത്കൊണ്ടാണ് ഈ ഭീകരസിദ്ധാന്തം ലോകത്ത് ക്ഷയിച്ച് പോയത്. പഴയത് പോലെ കമ്മ്യൂണിസം ഉയര്‍ത്തെഴുന്നേറ്റ് ജനങ്ങളെ അടിമകളാക്കാന്‍ സാധിക്കുമെന്ന് കരുതുന്നവര്‍ ഇന്ന് കേരളത്തില്‍ മാത്രമേ കാണൂ. കമ്മ്യൂണിസത്തെ ഇന്നും പുകഴുത്തുന്ന ലക്ഷ്മണേട്ടനെ പോലെയുള്ളവര്‍ എന്ത്കൊണ്ട് ലോകത്ത് ഈ ഇസം ക്ഷയിച്ചുപോയി എന്ന കാര്യത്തെ പറ്റി മിണ്ടുന്നില്ല. കടുത്ത അന്ധവിശ്വാസം കൊണ്ടാണിത്. നമുക്ക് സമാധാനിക്കാം. കമ്മ്യൂണിസ്റ്റുകള്‍ക്ക് വിപ്ലവം നടത്തി ഇനി ലോകത്ത് ഒരു ജനതയെയും അടിമകള്‍ ആക്കാന്‍ കഴിയില്ല എന്ന്. എന്നെ ഒരു staunch 'opponent' of the Communist Party of India (Marxist)എന്നാണ് ലക്ഷമണേട്ടന്‍ വിശേഷിപ്പിക്കുന്നത്. അതിലെന്താണ് തെറ്റ്? ഈ ബ്ലോഗ് എഴുതാന്‍ പോലും ഞാന്‍ മാര്‍ക്സിസ്റ്റുകാരെ ഭയപ്പെടുന്നുണ്ട്. മറ്റൊരു പാര്‍ട്ടിയെയും ഇന്ത്യയില്‍ എനിക്ക് ഭയപ്പെടേണ്ടതില്ല. മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ഇത്രയേ ശക്തിയുള്ളൂ എന്ന അവസ്ഥയിലാണ് ഈ ഭയം. അവര്‍ ഇന്ത്യ ഒട്ടാകെ ഭരിക്കുന്ന അവസ്ഥയാണെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി?

    ReplyDelete