Pages

ശ്രീ. കെ.കരുണാകരന്‍ ബാക്കി വെച്ചു പോയത് ....

ബ്ലോഗ് വായനക്കിടയില്‍  ഒരു പോസ്റ്റിന്റെ തലക്കെട്ട് കണ്ടത്  ലീഡര്‍ക്ക് ഇനി നമുക്ക് മാപ്പ് കൊടുത്തൂടെ ...  എന്നാണ്.  എന്തിനാണ് അല്ലെങ്കില്‍ ആരാണ് ലീഡര്‍ക്ക് മാപ്പ് കൊടുക്കേണ്ടത്?   കേരളത്തിലെ ജനാധിപത്യ സ്വാതന്ത്ര്യം അനുഭവിക്കുന്ന സാധാ‍രണക്കാരുടെ മനസ്സുകളില്‍ ഒരു ലീഡര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.  അത് പക്ഷെ അവര്‍ക്ക് തുറന്ന് പറയാനോ പ്രകടിപ്പിക്കാനോ വേദി ഉണ്ടായിരുന്നില്ല.  എന്തെന്നാല്‍ സാധാരണക്കാര്‍ക്ക് പത്രങ്ങളില്‍ എഴുതാന്‍ കഴിയില്ല.പ്രസംഗിക്കാന്‍ കഴിയില്ല. ചര്‍ച്ചകളില്‍ പങ്കെടുത്ത് അഭിപ്രായം പറയാന്‍ കഴിയില്ല.  അവരുടെ നാക്കുകള്‍ക്ക് വളരെ പരിമിതിയുണ്ട്.  അന്യോന്യമുള്ള സംസാരം പോലും ഇപ്പോള്‍ അപൂര്‍വ്വമാണ്.  അത്കൊണ്ട് സാധാരണക്കാര്‍ ഇപ്പോള്‍ വെറും മൂകസാക്ഷികള്‍ മാത്രമാണ്.  ഒച്ച വെക്കുന്നവരുടെ ശബ്ദഘോഷങ്ങളാണ് സമൂഹത്തിന്റെ  അഭിപ്രായങ്ങളായി കരുതപ്പെടുന്നത്.  സാധരണക്കാര്‍ക്ക് തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കാന്‍ ആകെയുള്ള അവസരം  കൈയ്യില്‍ ഒരു ബാലറ്റ് പേപ്പര്‍ കിട്ടുമ്പോള്‍ മാത്രമാണ്.  കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ പെട്ടവര്‍ക്ക് തങ്ങളുടെ നേതാ‍വിനെ തെരഞ്ഞെടുക്കാന്‍ ബാലറ്റ് പേപ്പര്‍ കൈയില്‍ കിട്ടാറില്ല.  വീതം വയ്പ്പിലൂടെ  സ്ഥാനം കരസ്ഥമാക്കുന്ന, യോഗ്യത കുറഞ്ഞവരെ അഗീകരിക്കുക എന്ന വിധിയാണ് അവര്‍ക്കുള്ളത്.

ശ്രീ.കെ.കരുണാകരന്‍ മരണപ്പെട്ടപ്പോള്‍ മാത്രമാണ് അദ്ദേഹമായിരുന്നു തങ്ങളുടെ ഏറ്റവും വലിയ നേതാവ് എന്ന്  പ്രകടിപ്പിക്കാനുള്ള അവസരം സാധാരണക്കാര്‍ക്ക് കിട്ടിയത്.  മരണം സംഭവിച്ച് സംസ്ക്കാരം  നടക്കുന്നതിനിടിയില്‍ കഴിഞ്ഞുപോയ  രണ്ട് രാവും പകലും  കേരളം അക്ഷരാര്‍ത്ഥത്തില്‍ കണ്ണടച്ചില്ല. അന്ത്യയാത്ര കടന്നുപോയ വഴികളില്‍ നീളെ ആളുകള്‍  രാത്രി പുലരുന്നത് വരെയും കാത്തിരുന്നു.  ഒരു നേതാവിനും കേരളം ഇത്രയും  വികാരനിര്‍ഭരമായ അന്ത്യോപചാരം  നല്‍കിയിട്ടില്ല.  അന്തരിച്ച ലീഡറോട് ജനങ്ങള്‍ക്കുള്ള വികാരവാ‍യ്പ്പ് കണ്ട് അദ്ദേഹത്തിന്റെ രാഷ്ട്രീ‍യ എതിരാളികള്‍ അന്തം വിട്ടുപോയിട്ടുണ്ടാവണം.  തങ്ങള്‍ എത്ര നിസ്സാരന്മാര്‍ എന്ന് ഒരു ഗണം അവര്‍ ആലോചിച്ചു പോയിട്ടുണ്ടാവും.

മാപ്പ് ചോദിക്കാന്‍ മാത്രം  എന്ത് അപരാധമായിരുന്നു കരുണാകരന്‍ കേരളത്തോട്  ചെയ്തിരുന്നത്?  പാമോയില്‍ കേസ് അവിടെ നില്‍ക്കട്ടെ.  ഇറക്കുമതിയില്‍ നഷ്ടം ഏര്‍പ്പെട്ടു എന്നാണ് കേസ്.  ഇറക്കുമതിയില്‍ അഴിമതി ആരോപിച്ചിട്ടില്ല.  ബംഗാളില്‍ അതേ പാമോയില്‍ ഇറക്കുമതി ചെയ്തപ്പോള്‍ ഉണ്ടായതിനെക്കാളും ലാഭം കേരളത്തില്‍ ഇറക്കുമതി ചെയ്തപ്പോള്‍ ഉണ്ടായിട്ടുണ്ട്.  പിന്നെയുള്ളത് രാജന്‍ കേസ് ആണ്.  രാജന്‍ കൊല ചെയ്യപ്പെട്ടത് തീര്‍ച്ചയായും ദൌര്‍ഭാഗ്യകരമാണ്.  എന്നാല്‍ രാജന്‍ മാത്രമേ ഇത് വരെയിലും ഇവിടെ കൊലചെയ്യപ്പെട്ടുള്ളൂ എന്ന മട്ടിലാണ് എതിരാളികള്‍ ഇവിടെ നിരന്തരം പ്രചാരണം ചെയ്യാറുള്ളത്.  രാജന്‍ കൊല ചെയ്യപ്പെട്ടതിന്റെ പേരില്‍ കൊലയാളി എന്നും കരിങ്കാലി എന്നും  അദ്ദേഹം  നിരന്തരം  എതിരാളികളാല്‍ തേജോവധം ചെയ്യപ്പെട്ടു.  എന്നാല്‍ അത്തരം  പ്രചാര വേലകള്‍ ഒന്നും അദ്ദേഹത്തിന് ഏശിയിരുന്നില്ല.

മഹാത്മാ ഗാന്ധിജിയും  ഇന്ദിരാ ഗാന്ധിയും  രാജീവ് ഗാന്ധിയും  എല്ലാം ഈ രാജ്യത്ത് കൊല്ലപ്പെട്ടിട്ടുണ്ട്.  രാഷ്ട്രീയപ്പകയാല്‍  എത്രയോ സാധാരണ പ്രവര്‍ത്തകരും കൊല്ലപ്പെട്ടിട്ടുണ്ട്.  ഈച്ചരവാര്യരുടെ ദു:ഖം മാത്രം  ആളുകള്‍ സന്ദര്‍ഭത്തില്‍ എടുത്ത് പറഞ്ഞു ഉപയോഗിക്കുന്നത്  അദ്ദേഹത്തോടുള്ള രാഷ്ട്രീയപ്പക ഒന്ന് കൊണ്ട് മാത്രമാണ്.  എന്താണ് ആ പകയ്ക്ക് കാരണം?  കേരളം  തീര്‍ത്തും  മാര്‍ക്സിസ്റ്റ് അധീനതയില്‍  അകപ്പെടാന്‍ സാധ്യതയുള്ള ഒരു സംസ്ഥാനമാ‍യിരുന്നു.  അങ്ങനെ സംഭവിച്ചാല്‍ ഇവിടെ പൌരസ്വാതന്ത്ര്യം എന്നത്  ചിന്തിക്കാന്‍ പോലും കഴിയാത്ത ഒന്നായിരിക്കും എന്ന് അദ്ദേഹം ജനങ്ങളെ ബോധ്യപ്പെടുത്തി.  അങ്ങനെ മാര്‍ക്സിസ്റ്റ് കുത്തക ആകുമായിരുന്നതില്‍ നിന്ന് അദ്ദേഹം തന്റെ അസാമാന്യമായ നേതൃപാടവം കൊണ്ടും  സംഘാടനശേഷി കൊണ്ടും  കേരളത്തെ രക്ഷിച്ചെടുത്തു.  ആ  ജനാധിപത്യ കേരളത്തെ ഇവിടെ ബാക്കി വെച്ചിട്ടാണ്  ലീഡര്‍ നമ്മോട്  വിട പറഞ്ഞത്.

അദ്ദേഹം ബാക്കി വെച്ച കേരളം ഇനിയൊരിക്കലും  മാര്‍ക്സിസ്റ്റ്  കുത്തകാധിപത്യത്തില്‍ അകപ്പെടാതെ ഇവിടെ ഉണ്ടാവും.  അതിന്റെ രാഷ്ട്രീയ ഗുണഫലം  കോണ്‍ഗ്രസ്സിലെ  വീതം വയ്പ്പ് വിരുതന്മാര്‍ അനുഭവിച്ചു പോകുന്നെങ്കില്‍ അനുഭവിച്ച് പോകട്ടെ.  നമ്മള്‍ സാധാരണക്കാര്‍ക്ക്  നിര്‍ഭയം വഴി നടന്നു പോകാനുള്ള സ്വാതന്ത്ര്യം കിട്ടിയാല്‍ മതി.  മുരളിയെ തിരിച്ചെടുക്കുന്നതെല്ല്ലാം അവരുടെ കാര്യം.  മുരളിയെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കാന്‍ വേണ്ടി എത്രയോ പ്രാവശ്യം  കരുണാകരന്‍  ഡല്‍ഹിയില്‍ പോയി ഹൈക്കമാന്റിനെ കണ്ടു.  മുരളി തന്നെ പരസ്യമായി മാപ്പ് പറഞ്ഞു.  എന്നിട്ടും അദ്ദേഹം  മരണക്കിടക്കയില്‍ കിടക്കുമ്പോള്‍ പോലും  മുരളിയെ തിരിച്ചെടുക്കാം എന്ന് പ്രഖ്യാപിച്ചുകൊണ്ട്  അദ്ദേഹത്തെ ആശ്വസിപ്പിക്കാനുള്ള  സന്മനസ്സ് ഇവിടത്തെ  വീതംവയ്പ്പ്  വീരന്മാര്‍ക്ക് ഉണ്ടായില്ല.

രാഷ്ട്രീയ എതിരാളികളുടെ മാപ്പ് അദ്ദേഹത്തിന് ആവശ്യമില്ലായിരുന്നു. എന്തെന്നാല്‍ അവരോട്  ഒരു തെറ്റും അദ്ദേഹം ചെയ്തിട്ടില്ല്ല.  നേരെ മറിച്ച്  കോണ്‍ഗ്രസ്സിലെ  വീതംവയ്പ്പ് നേതാക്കളാണ് അദ്ദേഹത്തോട്  കടുത്ത തെറ്റ് ചെയ്തുകൊണ്ടേയിരുന്നത്.  ഇല്ല്ലാത്ത ചാരക്കേസില്‍  കുടുക്കി അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഇറക്കിയത് ഇപ്പറഞ്ഞ കോണ്‍ഗ്രസ്സുകാരാണ്.  ആ കേസ് ചാരമായിട്ടും അദ്ദേഹത്തോട് മാപ്പ് പറയാനുള്ള  മാന്യത അവര്‍ കാണിച്ചില്ല.  കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്ത് പോയി പാര്‍ട്ടിയെ അങ്ങേയറ്റം ദ്രോഹിച്ചവരും , കാലാകാലങ്ങളില്‍ കോണ്‍ഗ്രസ്സിനെ നശിപ്പിക്കാന്‍ ശ്രമിച്ചവരും  പിന്നീട് കോണ്‍ഗ്രസ്സില്‍ തിരിച്ചു വന്നവരും,  ചേര്‍ന്നവരുമാണ് ഇന്ന് കോണ്‍ഗ്രസ്സിന്റെ തലപ്പത്തുള്ള അധികം പേരും. അവരോളം തെറ്റ്  കരുണാകരനോ മുരളിയോ കോണ്‍ഗ്രസ്സിനോട് ചെയ്തിട്ടില്ല.  ഇതൊന്നും പക്ഷെ പറഞ്ഞിട്ട് കാര്യമില്ല.  കറക്ക് കമ്പനികള്‍ക്ക്   സംഘടനയെ വരുതിയിലാക്കി നിര്‍ത്താന്‍ കഴിയുന്നു എന്നതാണ്  നമ്മള്‍ കാണുന്നത്. കോണ്‍ഗ്രസ്സിന്റെ കാര്യം മാത്രമല്ല.

രാജന്‍ കേസ് ആളുകള്‍  ഇത്രയും പ്രധാനമായി കാണാന്‍ കാരണം  ഈച്ചരവാര്യര്‍ കൊടുത്ത കേസും  അതിന്റെ അനന്തര നടപടികളും വിധിയും ഒക്കെയാണ്.  ഈച്ചരവാര്യരുടെ കൃതിയും  പിറവി എന്ന സിനിമയും ഒക്കെ ഒരു ഘടകമാണ്. എന്നാല്‍ കൊല്ലപ്പെടുന്നവരുടെയെല്ലാം ബന്ധുക്കളുടെ ദു:ഖം ഒരു പോലെയാണെന്ന് ആളുകള്‍ ഓര്‍ക്കുന്നില്ല.  ആര് ആരെ കൊന്നാലും തെറ്റാണ്, അപലപിക്കപ്പെടേണ്ടതാണ്.  മറ്റൊരു മനുഷ്യനെ കൊല്ലാന്‍  ആര്‍ക്കും തോന്നാന്‍ പാടില്ലാത്തതാണ്.  എന്തെന്നാല്‍ ഏതൊരു മനുഷ്യന്റെയും  ആയുസ്സ് നിശ്ചിതമാണ്.  കൊല്ലപ്പെട്ടവന്‍ വേഗം ചത്തു എന്നേയുള്ളൂ ,  കൊന്നവന്‍ ചാകാന്‍ കുറച്ച് കാലം കഴിയണം എന്നും.

രാജന്റെ കൊലപാതകവുമായി കരുണാകരന് ബന്ധമുള്ളത്  ആഭ്യന്തര മന്ത്രി എന്ന നിലയില്‍ മാത്രമാണ്.   നക്സലുകള്‍  ആളുകളുടെ തല അറുത്ത് വീട്ടിന്റെ മതിലുകളില്‍ കൊണ്ടുവെക്കുന്ന കാലമായിരുന്നു അത്.  വര്‍ഗ്ഗശത്രുവിന്റെ ഉന്മൂലനമായിരുന്നു അന്ന് നക്സലുകളുടെ പ്രഖ്യാപിതപരിപാടി.  നക്സലുകള്‍ ആളെക്കൊല്ലുന്നതും തെറ്റ് തന്നെയാണ്.  ആ നക്സലുകളെ  അമര്‍ച്ച  ചെയ്യുക എന്നത്  അന്നത്തെ അച്യുതമേനോന്‍ മന്ത്രിസഭയുടെ നയമായിരുന്നു.  ആ നയത്തിന്റെ ഭാഗമായാണ് രാജന്‍ പോലീസ്കാരാല്‍ കൊല്ലപ്പെട്ടത്.  രാജനെ പ്രത്യേകമായി പിടിച്ചുകൊല്ലണം എന്ന്  അന്ന്  ആഭ്യന്തര മന്ത്രിയായിരുന്ന കരുണാകരന്‍ ഉത്തരവ് ഇട്ടിട്ടില്ല. കൊന്നതിന്റെ ഉത്തരവാദിത്തം ബന്ധപ്പെട്ട പോലീ‍സ്കാര്‍ക്കാണ്.  പ്രതികളെ പിടിച്ചു കൊല്ലാന്‍ പോലീസുകാരെ നിയമം അനുവദിക്കുന്നില്ല. അങ്ങനെയൊരു വകുപ്പും ഇല്ല. എന്നിട്ടും ഇന്നും പോലീസുകാര്‍ പ്രതികളെ കൊല്ലുന്നു.  സമൂഹത്തിലും പോലീസിലും ഇന്നും കൊലപാതകികളും കൊലപാതകം ചെയ്യാ‍ന്‍ നെഞ്ചുറപ്പുള്ളവരും വിഹരിക്കുന്നുണ്ട്  എന്നത് ദൌര്‍ഭാഗ്യകരമായ വസ്തുതയാണ്.

അപ്പോള്‍ ഞാന്‍ പറഞ്ഞുവന്നത് ലീഡര്‍ക്ക് ആരും  മാപ്പ് കൊടുക്കേണ്ടതില്ല എന്നാണ്.  ലീഡറോട് അനീതി കാണിച്ച കോണ്‍ഗ്രസ്സിലെ വീതംവയ്പ്പ്  ഭാരംതാങ്ങികളാണ് ജനങ്ങളോട് മാപ്പ് ചോദിക്കേണ്ടിയിരുന്നത്.  പക്ഷെ അതിന്റെ ആവശ്യം അവര്‍ക്ക്  വരുന്നില്ല.  എന്തെന്നാല്‍ ജനങ്ങള്‍ക്ക് കോണ്‍ഗ്രസ്സിനേ വോട്ട് ചെയ്യാന്‍ പറ്റൂ.  കരുണാകരനോട് അനീതി കാണിച്ചു എന്ന് വെച്ച് കോണ്‍ഗ്രസ്സിനെ തോല്‍പ്പിച്ചാല്‍ ,  അത് ഇരുന്ന കൊമ്പ് മുറിക്കുന്നതിന് തുല്യവും  അടിമത്വം ഇരന്ന് വാങ്ങുന്നതിന് സമവും ആകുമെന്ന്  ജനങ്ങള്‍ക്കറിയാം.  അത്തരത്തിലുള്ള  ഒരു  പാര്‍ട്ടി സംവിധാനമാണല്ലോ അപ്പുറത്ത് ഉള്ളത്.  ചുരുക്കത്തില്‍  ഉമ്മന്‍ ചാണ്ടി- ചെന്നിത്തല  വീതംവയ്പ്പ് പ്രഭൃതികളെ താങ്ങി നിര്‍ത്തുന്നതും സംരക്ഷിക്കുന്നതും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയാണ്.  മാര്‍ക്സിസ്റ്റ് വിരോധം ഒന്ന് മാത്രമാണ് ആളുകളെ കോണ്‍ഗ്രസ്സിന് വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്.  അവര്‍ പറയുന്നത് പോലെ ഒരു യഥാര്‍ഥ ഇടത്പക്ഷമായിരുന്നു സി.പി.എം. എങ്കില്‍  ,  ആക്രമണവും നാടന്‍ ബോമ്പും , കള്ളവോട്ടും  ധാര്‍ഷ്ട്യവും വെടിയാന്‍ അണികളോട്  നിര്‍ദ്ദേശിച്ചിരുന്നുവെങ്കില്‍  പാര്‍ട്ടിക്ക്  അമിതമായ ആസ്ഥി വാരിക്കൂട്ടുന്നതില്‍ നിന്ന് പിന്മാറിയിരുന്നുവെങ്കില്‍ ജനങ്ങള്‍ക്ക് ഈ ഗതികേട് ഉണ്ടാകുമായിരുന്നില്ല.  മെയ്യനങ്ങാതെ  ഇസ്തിരി ചുളിയാത്ത ഖദര്‍ധാരികളുടെ പത്രാസ് അപ്പോള്‍ കാണാമായിരുന്നു.  പക്ഷെ സി.പി.എമ്മിന് ഇനി മാറാന്‍ കഴിയില്ല.  ആദര്‍ശത്താല്‍ പ്രചോദിതരായി കമ്മ്യൂണിസം  സ്വീകരിച്ചവരുടെ കൈയ്യിലല്ല ആ പാര്‍ട്ടിയും ഇന്ന്.

കേരാളത്തിന്റെ വികസനത്തിലും പുരോഗതിയിലും  കരുണാകരന്റെ മുദ്രയുമുണ്ട്.  പക്ഷെ അതിനേക്കാളും എല്ലാമുപരി അദ്ദേഹം നമുക്കായി ബാക്കി വെച്ചത് ബംഗാളാകാത്ത ഒരു കേരളമാണ്.  അതിനായി മാത്രമെങ്കിലും ജനാധിപത്യകേരളം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു ......

(എന്റെ ഒരു പഴയ പോസ്റ്റും വായിക്കാം)

63 comments:

  1. >>> നക്സലുകളെ അമര്‍ച്ച ചെയ്യുക എന്നത് അന്നത്തെ അച്യുതമേനോന്‍ മന്ത്രിസഭയുടെ നയമായിരുന്നു. ആ നയത്തിന്റെ ഭാഗമായാണ് രാജന്‍ പോലീസ്കാരാല്‍ കൊല്ലപ്പെട്ടത്.

    അപ്പൊ രാജന്‍ ഒരു നക്സലൈറ്റ് ആയിരുന്നൂല്ലേ...

    മരിച്ചു പോയവരെ വെള്ള പൂശാന്‍ ശ്രമിക്കുമ്പോള്‍ ഈ പറയുന്ന രാജനും ഈച്ചരവാര്യരുമൊക്കെ ആദ്യമേ മരിച്ചവരാണെന്ന് മറക്കാതിരുന്നാല്‍ കൊള്ളാം.

    ReplyDelete
  2. രാഷ്ട്രീയം മാറ്റി നിര്‍ത്തിയാല്‍ എല്ലാം സത്യങ്ങള്‍ തന്നെ..കൊലപാതക ഭരണവും കൊലപാതക രാഷ്ട്രീയവും രണ്ടും അപലപനീയം ആണ്.എന്നാലും ഇച്ചാ ശക്തിയുള്ള
    നേതാകള്‍ നാടിനു ആവശ്യം തന്നെ.

    ReplyDelete
  3. രാജന്‍ കേസിലൂടെ ഈ വിഷയത്തെ നോക്കി കാണാന്‍ ഞാന്‍ താല്പര്യപ്പെടുന്നില്ല. അതിലെ ശരി തെറ്റുകളെ കുറിച്ചുള്ള ചര്‍ച്ചക്കും അവസാനം കാണുമെന്നു തോന്നുന്നില്ല.
    വ്യക്തിപരമായി എന്റെ ചിന്തകളുമായി ഈ പോസ്റ്റ്‌ ഏറെ അടുത്ത് നില്‍ക്കുന്നു.

    ReplyDelete
  4. കൊലപാതക കേസുകള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരവസരം കരുണാകരന്റെ മരണാനന്തരം അല്ല എന്നത് സത്യം തന്നെ. പക്ഷെ വര്‍ഗ്ഗീസ് വധവും സത്യാവസ്ഥ പുറത്തായ സ്ഥിതിക്ക്, രാജന്‍ കൊല്ലപ്പെട്ടു മൂന്നു പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും മൃതദേഹം എന്ത് ചെയ്തു, എവിടെ ? എന്നൊക്കെ അറിയുമായിരുന്ന (??) ലീഡര്‍ അത് വിളിച്ചു പറയേണ്ടിയിരുന്നു എന്ന അഭിപ്രായം ശരിയല്ലേ ?

    രാഷ്ട്രീയ നേതാവെന്ന നിലയില്‍ സമാനതകള്‍ ഇല്ലാത്ത ഒരു വ്യക്തിയായിരുന്നു ലീഡര്‍ എന്നതില്‍ ആര്‍ക്കും അനൈക്യം ഉണ്ടാകുമെന്ന് തോന്നുന്നില്ല ... അദ്ദേഹത്തിന്റെ വേര്‍പാട് കൊണ്ഗ്രസ്സിനും കേരള രാഷ്ട്രീയത്തിനും മൊത്തത്തില്‍ കേരള ജനതക്കും നഷ്ടം തന്നെ

    ReplyDelete
  5. സമുന്നത കൊണ്ഗ്രെസ്സ് നേതാവും കേരളമുന്‍-മുഖ്യമന്ത്രിയും ആയിരുന്ന ശ്രീ.കെ കരുണാകരന് ആദരാഞ്ജലികള്‍...

    മരണം ഏത് വ്യക്തിയും മഹത്വ വല്കരിക്കുന്ന ഒന്നാണ് എന്ന് പലപ്പോഴായി തോന്നിയിട്ടുണ്ട്. മരിച്ച ആളെ (ആളെ ത്ര നല്ലവന്‍ ആയാലും, മോശക്കാരന്‍ ആയാലും ) വാഴ്ത്തിപ്പടാന്‍ എല്ലാവര്ക്കും നൂറു നാവാണ്. മരണപ്പെട്ട നമ്മുടെ പ്രിയ കവി അയ്യപ്പനെ പുകഴ്ത്തിപ്പരയാന്‍ എല്ലാവരും മത്സരിക്കുകയായിരുന്നു . കരുണാകരന്‍ എന്ന രാഷ്ട്രീയക്കാരന്‍ ഒരുപാട് കാര്യങ്ങള്‍ ബാക്കി വച്ച് തന്നെ ആണ് പോയത് എന്നതില്‍ ഒട്ടും സംശയം ഇല്ല . “വഴിയാധാരം” ആയ , കൊണ്ഗ്രെസ്സ് പ്രവേശത്തിനായി നേതൃത്വത്തിന്റെ തിണ്ണ നിരങ്ങുന്ന ഒരു മകനെ , കക്കയം ക്യാമ്പില്‍ വച്ച് ക്രൂരമായി കൊല്ലപ്പെട്ട രാജന്‍ എന്ന വിധ്യാര്തിയുടെ അച്ഛന്റെ ചോദ്യത്തിനുള്ള ഉത്തരം , ഭാരതത്തിന്റെ കേളി കേട്ട ജനാധിപത്യത്തെ ചവിട്ടി മെതിച്ച അടിയന്തരാവസ്ഥക്കാലത്ത് ചെയ്തു കൂട്ടിയ ഭരണകൂട ഭീകരതകള്‍ , പാമോയില്‍ അഴിമതിക്കേസ് “കുറ്റവാളികള്‍” ആരെന്ന ചോദ്യത്തിനുള്ള ഉത്തരങ്ങള്‍ , ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ബാക്കി വച്ചാണ് കേരളത്തിലെ “മക്കള്‍ ,ഗ്രൂപ്പ് ” രാഷ്ട്രീയത്തിന്റെ ആശ്രിതവത്സലന്‍ ആയ നേതാവ് യാത്രയായത് .. “മരണം ” ചരിത്രത്തില്‍ പലരെയും മഹാന്മാര്‍ ആക്കി പുന പ്രതിഷ്ടിചിട്ടുണ്ട്. പക്ഷെ “ഹിറ്റ്ലരെയും , ഇന്ദിരാ ഗാന്ധിയും പോലുള്ളവരെ ഒന്നും “ജനാധിപത്യ സംരക്ഷകര്‍ ” ആയി പുനര്‍ സൃഷ്ടിക്കാന്‍ ചരിത്രത്തിനും ആവില്ല .

    ReplyDelete
  6. സുകുമാരന്‍ സാര്‍ ... ശ്രീ. കെ കരുണാകരന്‍ ബാക്കി വച്ച് പോയതില്‍ ഏറ്റവും പ്രധാനപ്പെട്ടതായി എനിക്ക് തോന്നിയത് ഈച്ചരവാര്യര്‍ എന്ന വൃദ്ധ പിതാവിന്റെ കാലപ്പഴക്കം ചെന്ന ചോദ്യത്തിനുള്ള ഉത്തരം ആണ്.. “എന്‍റെ മകന്റെ ശവശരീരം നിങ്ങള്‍ എന്ത് ചെയ്തു എന്ന ചോദ്യത്തിന്റെ ഉത്തരം ” ...

    ReplyDelete
  7. അച്ചുതാനന്ദന്‍ എന്ന വ്യക്തി സി.പി.എം-ല് ഇല്ലായിരുന്നെങ്കില്‍ ശ്രീ. കെ കരുണാകരന്‍-പിണറായി വിജയനുമായി ചേര്‍ന്ന് കേരളത്തെ ബംഗാലാക്കി മാറ്റുമായിരുന്നു. എല്‍.ഡി.എഫ്ഫ് പ്രവേശനം നിഷേധിച്ചപ്പോള്‍ ആണ് ഗത്യന്തരമില്ലാതെ, ചര്ധിച്ചതെല്ലം വാരിക്കൂട്ടി വീണ്ടും കൊണ്ഗ്രെസ്സില്‍ ചേര്‍ന്നതു ... സുകുമാരന്സാരിന്റെ പല കണ്ടെത്തലുകളും തമാശകള്‍ ആയി തോന്നുന്നു എന്ന് പറയാതെ വയ്യ...

    ReplyDelete
  8. മക്കള്‍ രാഷ്ട്രീയവും ഗ്രൂപ്പിസവുമൊഴിച്ചാല്‍ കേരളം ആവശ്യപ്പെടുന്ന ഒരു മുഖ്യമന്ത്രിയുടെ ഗുണഗണങ്ങള്‍ കരുണാകരനിലുണ്ടായിരുന്നു

    ReplyDelete
  9. സുകുമാരന്‍ സാര്‍ .. ഞാന്‍ അങ്ങയുടെ മുന്‍പത്തെ പോസ്ടായ "കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെ അടിത്തറ ഭദ്രം" എന്ന പോസ്റ്റില്‍ ഇന്നലെ കുറച്ചു കമന്റുകള്‍ ഇട്ടിരുന്നു.. ആ പോസ്റ്റിന്റെ കമന്റു ഓപ്ഷന്‍ ഇപ്പോള്‍ ഡിസെബില്ഡ് ആയിട്ടാണ് കാണുന്നത്. ഞാന്‍ ഇട്ട കമന്റുകള്‍ എല്ലാം അങ്ങയുടെ അപ്പ്രൂവലിനു ശേഷം ദൃശ്യമാക്കും (കുറച്ചു സമയം എടുത്തു എഴുതിയതാണ്) എന്ന് പ്രതീക്ഷിക്കുന്നു.... നന്ദി..

    ReplyDelete
  10. മാധ്യമം ദിനപ്പത്രത്തില്‍ വിജു.വി നായരുടെ ലേഖനം... "നിശ്ശബ്ദ അടിയന്തരാവസ്ഥയുടെ സോപാന ഗായകര്‍"

    http://www.madhyamam.com/news/29204/101228

    ReplyDelete
  11. താങ്കളുടെ കാഴ്ച്ചപ്പാടിനോടും വിവരണത്തോടും പൂര്‍ണമായും യോജിക്കുന്നു

    ReplyDelete
  12. താങ്കള്‍ എന്തെഴുതിയാലും വലിയ തത്വ ചിന്ത തന്നെ എന്ന മട്ടില്‍ "ഗംഭീരം,ശ്രേഷ്ഠം എന്നൊക്കെ വച്ച് കാച്ചുന്നവരോട് സഹതാപം അറിയിച്ചു കൊണ്ട് പറയട്ടെ..ബ്ലോഗിന് ശിഥില ചിന്തകള്‍ എന്ന് പേരിട്ടതു മാത്രമാണ് താങ്കളോട് യോജിക്കാന്‍ തോന്നുന്ന ഒരേ ഒരു കാര്യം..ലീഡര്‍ അക്ഷരാര്‍ഥത്തില്‍ നായകന്‍ തന്നെ.പക്ഷെ രാജന്‍ നക്സലേറ്റ് ആയിരുന്നു എന്ന മട്ടില്‍ ഉള്ള പ്രസ്താവന അരോചകം തന്നെ. ഒരു നോട്ടീസ് കടലാസ് പോലും പോലീസിന് രാജന്റെ ഹോസ്റ്റല്‍ മുറിയില്‍ നിന്ന് കണ്ടെത്താന്‍ സാധിച്ചില്ല."കനക സിംഹാസനത്തില്‍ " എന്ന പാട്ടും അതിനു രാജന്‍ വധ കേസുമായി ഉണ്ടെന്നു പറയുന്ന ബന്ധവും ഈ അവസരത്തില്‍ ഓര്‍കുന്നത് നന്നായിരിക്കും.രാജന്‍ ഒരു നക്സലേറ്റ് ആണെന്ന് തെളിയിക്കാനോ ആ മൃത ദേഹം എന്ത് ചെയ്തെന്നു അറിയണോ കഴിയാത്തിടത്തോളം ഈ കാര്യത്തില്‍ കരുണാകരനെ വഴ്തപെട്ടവാന്‍ ആക്കാന്‍ ഒരു കറ തീര്‍ന കോണ്‍ഗ്രസ്‌ കാരന്‍ എന്ന നിലയിലുള്ള താങ്കളുടെ ശ്രമങ്ങള്‍ ചുട്ട മറുപടി അര്‍ഹിക്കുന്നു..

    ReplyDelete
  13. മഹാത്മാ ഗാന്ധിജിയും ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും എല്ലാം ഈ രാജ്യത്ത് കൊല്ലപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയപ്പകയാല്‍ എത്രയോ സാധാരണ പ്രവര്‍ത്തകരും കൊല്ലപ്പെട്ടിട്ടുണ്ട്. ഈച്ചരവാര്യരുടെ ദു:ഖം മാത്രം ആളുകള്‍ സന്ദര്‍ഭത്തില്‍ എടുത്ത് പറഞ്ഞു ഉപയോഗിക്കുന്നത് അദ്ദേഹത്തോടുള്ള രാഷ്ട്രീയപ്പക ഒന്ന് കൊണ്ട് മാത്രമാണ്.
    ഭേഷ് ഭേഷ് ...

    ReplyDelete
  14. >>എന്തെന്നാല്‍ ഏതൊരു മനുഷ്യന്റെയും ആയുസ്സ് നിശ്ചിതമാണ്. കൊല്ലപ്പെട്ടവന്‍ വേഗം ചത്തു എന്നേയുള്ളൂ , കൊന്നവന്‍ ചാകാന്‍ കുറച്ച് കാലം കഴിയണം എന്നും. <<
    ഇങ്ങനെ ദ്രോഹം ചെയ്തശേഷം ചത്തു മണ്ണടിയുന്നര്‍ക്കായ് കടമനിട്ട ഒരു കവിത എഴുതി വെച്ചിട്ടുണ്ട്. പേര്‌ ചാക്കാല...

    ReplyDelete
  15. "ദാരിദ്ര്യം കടക്കുവോളം വിപ്ലവം"

    ReplyDelete
  16. കെപിഎസ്‌ മാഷെ,
    രാജൻ മാത്രമല്ലല്ലൊ, നവാബ്‌ രാജേന്ദ്രൻ എവിടെപ്പോയീ? ഇത്രയും ഹീനമായി ഭരണാധികാരമുപയോഗിച്ച്‌ ഒരാളുടെ ജീവിതം തകർത്ത കേസുകൾ കുറവായിരിയ്ക്കും.

    അടിയന്തരാവസ്ഥക്കാലത്ത്‌ നടന്ന കൊള്ളരുതായ്മയ്ക്ക്‌, പ്രത്യേകിച്ച്‌ രാജൻ വധക്കേസിൽ, പൊലീസ്‌ ഉദ്യോഗസ്ഥരാണ്‌ ഉത്തരവാദികൾ എന്ന്‌ എഴുതിക്കണ്ടു. ഒരു ആഭ്യന്തരമന്ത്രി എന്ന നിലയ്ക്ക്‌ കരുണാകരന്‌ ഒരു ഉത്തരവാദിത്വവുമില്ലേ? കൂടാതെ അന്ന്‌ നടന്ന നരവേട്ടകളും പീഡനങ്ങളും എത്രയോ കാലം നീണ്ടുനിന്നു, ആ സമയത്തെല്ലാം കരുണാകരൻ എന്ത്‌ ചെയ്യുകയായിരുന്നു? ഇതൊക്കെ ഒന്ന്‌ നിർത്താനുള്ള ഉത്തരവും അദ്ദേഹം നൽകിയില്ലല്ലൊ!!

    കരുണാകരന്‌ ലഭിച്ചത്രയും ആദരപൂർവ്വമായ വിലാപയാത്ര കേരളം കണ്ടിട്ടില്ല എന്ന്‌ പറയുന്നത്‌ അൽപം അതിശയോക്തിയുള്ള പരാമർശമാണ്‌. നായനാർ മരിച്ചപ്പോൾ കണ്ട വിലാപയാത്രയുടെ അവസ്ഥ എന്തായിരുന്നു. എത്രയോ മണിക്കൂർ വൈകിയാണ്‌ അദ്ദേഹത്തിന്റെ ശരീരം നാട്ടിലേയ്ക്കെത്തിയത്‌. ഇഎംഎസ്‌-ന്റെ കാര്യം എനിക്കറിയില്ല, ഞാൻ നാട്ടിലുള്ള കാലത്തല്ലായിരുന്നു അത്‌, അദ്ദേഹത്തെ തിരുവനന്തപുരത്ത്‌ തന്നെയാണ്‌ ദഹിപ്പിച്ചതെന്നാണ്‌ എന്റെ അറിവ്‌. എങ്കിലും ആ ചെറിയ യാത്രയിൽ തന്നെ വഴിയിലുടനീളം ജനം നിന്നില്ലേ? (കണക്ക്‌ പറഞ്ഞതല്ല, ഒരു നേതാവിനും കേരളം ഇത്രയും വികാരനിർഭരമായ അന്ത്യോപചാരം നൽകിയിട്ടില്ല എന്ന്‌ കണ്ടപ്പോൾ എഴുതിയതാണ്‌)

    ഒരു കാര്യം ഞാൻ അംഗീകരിക്കുന്നു. കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥനത്തിന്‌ ഒരു ശക്തമായ ബദൽ കേരളത്തിൽ ഉണ്ടായതിന്‌ കോൺഗ്രസ്‌ ഏറ്റവുമധികം നന്ദി പറയേണ്ടത്‌ കരുണാകരനോട്‌ തന്നെയാണ്‌. യുഡിഎഫ്‌ രൂപീകരിക്കുന്നതിലും ഏറ്റവും ശ്രദ്ധേയമായ പങ്ക്‌ കരുണാകരന്റേതാണ്‌. അദ്ദേഹത്തിന്റെ അവസാനകാലത്തെ രാഷ്ട്രീയാവസ്ഥയിൽ ലജ്ജിക്കേണ്ടത്‌ കോൺഗ്രസ്‌ നേതൃത്വം തന്നെയാണ്‌, വേറെയാരുമല്ല.

    ReplyDelete
  17. പ്രിയ കെ.പി.സുകുമാരന്‍ സര്‍,
    താങ്കളുടെ പോസ്റ്റിലെ പല പരാമര്‍ശങ്ങളോടും വിയോജിപ്പു ഉണ്ട് എങ്കിലും ഒരു പോയിന്റില്‍ എന്റെ അഭിപ്രായം യോജിക്കുന്നതിനാല്‍ അതു ഏതു വിധത്തില്‍ യോജിക്കുന്നു എന്ന് വ്യക്തമാക്കേണ്ടതു എന്റെ ബാദ്ധ്യത ആയി കാണുന്നു.
    അതേ! കേരളം ബംഗാളായി മാറാതിരുന്നതിന്റെ പൂര്‍ണമായ ഉത്തരവാദിത്വം ശ്രീ കരുണകരന്റെ കോണ്‍ഗ്രസ്സിലെ അപ്രമാദിത്വം(ഒരു കാലഘട്ടത്തില്‍)തന്നെആയിരുന്നു. കോണ്‍ഗ്രസ്സ് എന്നു പറഞ്ഞാല്‍ കരുണാകരന്‍ തന്നെ ആയിരുന്നു. അദ്ദേഹത്തിന്റെ തീരുമനങ്ങളെടുക്കാനുള്ള വേഗതയും കര്‍ശനമായ ഉത്തരവുകളും ശത്രുവിനെ എല്ലാ ആയുധങ്ങളും ഉപയോഗിച്ചുള്ള നേരിടലും സ്വന്തം പാര്‍ട്ടിയില്‍ ഏകഛത്രാധിപതി ആക്കി. ആ അവസരം മുതലാക്കി അദ്ദേഹത്തിന്റെ പ്രഖ്യാപിത കമ്മ്യൂണിസ്റ്റ് വിരോധം കിട്ടിയ ഇടത്തു അദ്ദേഹം പ്രാവര്‍ത്തികമക്കുകയും ചെയ്തു.ആരും ചോദ്യം ചെയ്യാനില്ലാത്തിടത്ത് സംഭവിക്കവുന്നതെല്ലാം അദ്ദേഹത്തില്‍ നിന്ന് ഉണ്ടാവുകയും ചെയ്തു. അടിയന്തിരാവസ്ഥയിലും ഇതാണു സംഭവിച്ചത്.
    കരുണാകരന്റെ പ്രഖ്യാപിത നയം കമ്മ്യൂണിസ്റ്റ് (തനിക്കു കീഴടങ്ങാത്ത കമ്മ്യൂണീസ്റ്റുകാരെ,-സി.പി.ഐ. അന്നു കൂടെ ഉണ്ടായിരുന്നു-) തകര്‍ക്കുക എന്നതായിരുന്നുവല്ലോ.കമ്മ്യൂണിസ്റ്റ്കാര്‍ കമ്മ്യൂണിസ്റ്റ്കാരായി നിന്നപ്പോഴൊന്നും കരുണാകരന്റെ പാര്‍ട്ടിക്ക് കേരളം വോട്ട് ചെയ്തിട്ടില്ലാ എന്നും സ്മരിക്കുക.
    മലയാളിക്ക് സമാധാനം വേണം. അവന്‍ അക്രമത്തെ വെറുക്കുന്നു. സംഘടിത ആക്രമണങ്ങളെ ഇഷ്ടപ്പെടുന്നില്ല-അതു ഏതു പാര്‍ട്ടി ചെയ്താലും. രാഷ്ട്രീയ പ്രതികാരം ചെയ്യുന്നതിനോടും അവനു വിരോധമാണ്.അഴിമതിയും സ്വജന പക്ഷപാതവും ചെയ്യുന്നവരെ അവന്‍ പുശ്ചത്തോടെ കാണുന്നു. ഇതെല്ലാം കമ്മ്യണിസ്റ്റ് പാര്‍ട്ടി പുറത്തെടുത്തപ്പോഴെല്ലാം ജനം അവരെ ശിക്ഷ്ച്ചിട്ടുമുണ്ട്. കരുണാകരന്‍ അവസരം മുതലാക്കി അടവുകള്‍ പ്രയോഗിച്ചു ജനത്തിന്റെ കമ്മ്യൂണിസ്റ്റ് വിരോധത്തെ മുതലെടുത്തു. അതു കൊണ്ട് പാര്‍ട്ടി എന്ത് ചെയ്താലും ചോദിക്കാന്‍ ആളില്ലാത്ത ബംഗാളിന്റെ അവസ്ഥ കേരളത്തിനു വന്നില്ല. അതു കൊണ്ടുതന്നെ കേരളം ബംഗാളായില്ല.കമ്മ്യൂണിസ്റ്റ്കാരനോടുള്ള വിരോധമാണു കരുണാകരന്‍ മുതലെടുത്തത്; കമ്മ്യൂണിസത്തോടുള്ള വിരോധമല്ല.കാരണം ജനത്തിനു കമ്മ്യൂണീസത്തോടു അന്നും ഇന്നും വിരോധമില്ല. ഉണ്ടായിരുന്നെങ്കില്‍ കേരളത്തില്‍ നിന്നും എന്നേ കമ്മ്യൂണിസം കെട്ടു കെട്ടിയേനെ.
    എന്തു ചെയ്താലും ആരും ചോദിക്കില്ല എന്ന ചില വരട്ടു തത്വ വാദികളുടെ പ്രവര്‍ത്തനങ്ങളോടുള്ള ജനങ്ങളുടെ പ്രതിഷേധം സമയാസമയം മുതലാക്കി എന്നതാണു കരുണാകരന്റെ നേട്ടം.

    അവസാനകാലം നന്ദികേടും അവഗണനയും പകരം കൊടുത്ത് അനുയായികള്‍ അദ്ദേഹത്തെ ആദരിച്ചു മൂലയില്‍ ഇരുത്തി എങ്കിലും മൂലയില്‍ ഒതുങ്ങിയ സമയത്ത് പോലും ദീര്‍ഘ വീക്ഷണവും ചാണക്യ ബുദ്ധിയും പുറത്തെടുത്തതിന്റെ ഉദാഹരണമാണു കോണ്‍ഗ്രസ്സിലേക്കുള്ള മടങ്ങി വരവ്. പ്രിയ പുത്രന്‍ പോലും ആ കാര്യത്തില്‍ വിയോജിച്ചപ്പോള്‍ പോലും തിരിച്ചു വരവിനു കരുണാകരന്‍ കിട്ടിയ അദ്യ അവസരം മുതലാക്കി തിരികെ വരുക തന്നെ ചെയ്തു. അങ്ങിനെ ചെയ്തില്ലായിരുന്നു എങ്കില്‍ ഇപ്പോള്‍ കേരളം കണ്ട ഈ ചരമ ഘോഷയാത്ര എത്രത്തോളം വര്‍ണ പകിട്ടായിരിക്കും എന്നു എനിക്ക് സംശയം ഉണ്ട്.

    ReplyDelete
  18. ചിന്തകള്‍ക്ക് സാമ്യമുണ്ട്. പക്ഷേ, അതിശയോക്തി കലര്‍ന്നുപോയോ എന്ന് സംശയം. മരിച്ച ആളെ കുറിച്ചാകുന്നതിനാല്‍ നിശ്ശബ്ദത പാലിക്കാം. രാഷ്ട്രീയ അണിയറ നാടകങ്ങള്‍ സാധാരണക്കാര്‍ക്ക് മനസ്സിലാകില്ലല്ലോ!

    ReplyDelete
  19. ഈച്ചരവാര്യരുടെ അവാര്‍ഡിനര്‍ഹമായ ആത്മകഥ
    ഇവിടെയുണ്ട്. പി ഡി എഫും ഡൌണ്‍ലോഡ് ചെയ്യാം. അത് വായിച്ചതിനു ശേഷം ഒരു അഭിപ്രായം രൂപീകരിക്കാവുന്നതാണ്. അന്ധമായ അല്ലെങ്കില്‍ പരിഹാസ്യമായ ഒരു കരുണാകരസ്തുതി എന്നേ ഈ പോസ്ടിനെപ്പറ്റി എനിക്ക് പറയാനുള്ളൂ. അമ്മയെക്കൊന്നാലും കാണുമല്ലോ രണ്ടു വശം.

    ReplyDelete
  20. ഒരു യുഗം രാജ്യം അടുത്തറിഞ്ഞത് കരുണാകരന്‍ എന്ന കരുത്തനായ നേതാവിനെയായിരുന്നു.... മരണം വരെയും ആ വാക്കുകള്‍ക്ക് മൂര്‍ച്ച.... മരണം തിരിച്ചറിഞ്ഞത് മനസ്സില്‍ നിന്നും തീര്‍ത്തും മരിക്കാത്ത ആ രൂപം.
    'ഒച്ച വെക്കുന്നവരുടെ ശബ്ദഘോഷങ്ങളാണ് സമൂഹത്തിന്റെ അഭിപ്രായങ്ങളായി കരുതപ്പെടുന്നത്'...എത്ര യാഥാര്‍ത്യം

    ReplyDelete
  21. [im]http://1.bp.blogspot.com/_tj9_aOcW4-U/TRocrt8YkAI/AAAAAAAAAoQ/uLMNWpRaa50/s320/jancm.jpg[/im]

    ഒരു കാര്യം ഉറപ്പിച്ചു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ശ്രീമാന്‍ കെ.പി.എസ്സിന് നന്നായി വഴങ്ങുന്നത് ലേഖനമാണ്. അദ്ദേഹം പറയുന്നതിനോട് യോജിച്ചാലും വിയോജിച്ചാലും തനിക്കു പറയുവാനുള്ളത് ആര്‍ജ്ജവത്തോടെ പറയാനുള്ള കഴിവിനേയും തന്റേടത്തേയും ഞാന്‍ ശ്ലാഘിക്കുന്നു. ഇനിയും ഇത്തരം ലേഖനങ്ങള്‍ പ്രതീക്ഷിക്കുന്നു

    ReplyDelete
  22. ചോര തുപ്പിച്ചത്തോരുവന്റെ
    ദൈന്യം തിളങ്ങിയ കണ്ണുകള്‍.
    തിരുനെല്ലിയിലെ കാട്ടില്‍ ,
    വെടിയുണ്ട തുളയും മുന്നൊരു നിമിഷം
    ചങ്കുറപ്പില്‍ നിന്നെ പുച്ചിച്ച രണ്ടു കണ്ണുകള്‍.
    ഒടുവിലത്തെയുരുട്ടലിന്നു കണ്ണു നീരില്ലാഞ്ഞ
    കണ്‍തടങ്ങളിലുപ്പുതരികള്‍ തിളങ്ങിയ
    രാജന്‍റെ കണ്ണുകള്‍
    അരിയങ്ങാടിയില്‍
    പിന്നില്‍ നിന്നും കത്തി കയറിയ
    നേരത്തമ്പരപ്പു തിളങ്ങിയൊരു സഖാവിന്‍റെ കണ്ണുകള്‍ .
    പുത്ര വിയോഗത്തിലലഞ്ഞ
    തിമിരം പടര്‍ന്ന മഞ്ഞച്ച കണ്ണുകള്‍ .
    ആ കണ്ണുകള്‍ നിന്റെയസ്ഥിത്വത്തെ
    വേട്ടയാടുമതുള്ളിടത്തോളം !!!

    ReplyDelete
  23. “കനകസിംഹാസനത്തില്‍ കയറിയിരിക്കുന്നവന്‍....”

    ക്ഷമിക്കണം കെ.പി എസ്സ് .. സത്യത്തില്‍ കരണാകരന്‍ ഒരു പ്രതീകം മാത്രമാണെന്നും പറയാം.., കുറെക്കാലമായി കേരള രാഷ്ട്രീയം, അല്ല ഇന്ത്യന്‍ രാഷ്ട്രീയം കണ്ടും അനുഭവിച്ചും വരുന്ന എല്ലാ നെറികേടുകളുടെയും ... അതു കൊണ്ട് ഞാനാ പാട്ട് ബഹുവചനത്തിലേക്ക് തിരുത്താം. (ഞാനായിട്ട് പക്ഷപാതം കാണിക്കരുതല്ലോ?)
    “കനകാസിംഹാസനത്തില്‍ കയറിയിരിക്കുന്നവര്‍ ,
    വെറും ശുനകന്മാര്‍, തനി ശുംഭന്മാരും..”

    - അപ്പൊ അവരെ കയറ്റിയിരുത്തുന്നവരോ... എന്റമ്മേ

    ReplyDelete
  24. നമ്മുടെയെല്ലാം ഈ ലീഡർക്ക് നേട്ടങ്ങളുമുണ്ടായിരുന്നു ഒപ്പം കോട്ടങ്ങളുമുണ്ടായിരുന്നു കേട്ടൊ ഭായ്

    ReplyDelete
  25. ആരാണാവോ ഈ “നമ്മുടെയെല്ലാം ലീഡര്‍” ?

    എവിടുന്നു കിട്ടി അങ്ങോര്‍ക്കീ പട്ടും വളയും..? ഒരു ജനാധിപത്യ വ്യവസ്ഥയില്‍ ആരാ അത് കൊടുക്കേണ്ടതാവോ ?

    ReplyDelete
  26. കരുണാകരനെ വരേ വാഴ്ത്തപ്പെട്ടവനാക്കുന്ന ഈ ചിന്തകൾ ഇനി വായിക്കണോ?

    ReplyDelete
  27. കരുണാകരന്റെ ഗുണങ്ങളും കുറവുകളുമെഴുതി കാക്കര ഒരു പോസ്റ്റ്‌ തന്നെയിട്ടിട്ടുണ്ട്... അതിനാൽ ഇവിടെ രാജന്റെ ഓർമയിലേക്ക്‌ വരാം...

    എല്ലാവരും ചൂണ്ടിക്കാണിക്കുന്ന ഒന്നാണ്‌ രാജൻ കേസ്‌... അത്‌ പോലിസ് കാമുകളുടെ ഒരു പരിണതി... ആഭ്യന്തരമന്ത്രിയെന്ന നിലയിൽ കരുണാകരന്‌ അതിന്‌ ഉത്തരവാദിയാണ്‌... അപ്പോൾ അതിന്‌ മുകളിൽ ഇരുന്ന മുഖ്യമന്ത്രി അച്യുതമേനോൻ എങ്ങനെ “കേരള കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രിയായി”...

    രാജൻ ഒരു നക്സലേറ്റ്‌ ആയിരുന്നില്ല... ഒരു അനുഭാവി മാത്രം... കൂടുതൽ തെളിവുകൾ നമ്മുടെ കയ്യിലില്ല... എല്ലാവരും രാജനെ ഓർക്കണം... അപ്പോൾ നക്സലേറ്റുകളെ ഓർമ്മ വരും... എന്നാലല്ലെ “കൊലയാളി” കരുണാകരൻ കേരളത്തിന്‌ ചെയ്ത സംഭാവന ഇപ്പോഴത്തെ തലമുറയും മനസ്സിലാക്കുകയുള്ളു...

    ReplyDelete
  28. “അന്തരിച്ച ലീഡറോട് ജനങ്ങള്ക്കു ള്ള വികാരവാ‍യ്പ്പ് കണ്ട് അദ്ദേഹത്തിന്റെ രാഷ്ട്രീ‍യ എതിരാളികള്‍ അന്തം വിട്ടുപോയിട്ടുണ്ടാവണം”.
    കരുണാകരന്റെ അവസാനകാലത്തെ രാഷ്ട്രീയ എതിരാളികള്‍ ഉമ്മന്‍ ചാണ്ടിയും, രമേശ്‌ ചെന്നിത്തലയും ആയിരുന്നുവല്ലോ.. കൊണ്ഗ്രെസ്സില്‍ ഗ്രൂപ്പ് കളിച്ചു കൊച്ചിയില്‍ മറൈന്‍ ഡ്രൈവിലോ, പുത്തരിക്കണ്ടം/തേക്കിന്‍ കാട് മൈതാനത്തോ ഇടയ്ക്കിടെ സമ്മേളിക്കുമ്പോള്‍ മദ്യവും, പണവും നല്കിഇ കൂലിക്കെടുക്കുന്ന ഖദര്‍ ധാരികളുടെ “വികാര വായ്പ്പ്‌” അത്ര കാര്യമാക്കാന്‍ ഉണ്ടോ?. ഇതൊക്കെ വായിക്കുമ്പോള്‍ ആണ് യഥാര്ത്ഥ ത്തില്‍ അന്തം വിട്ടു പോകുന്നത് എന്ന് പറയാതെ വയ്യ..!

    ReplyDelete
  29. “എന്നാല്‍ രാജന്‍ മാത്രമേ ഇത് വരെയിലും ഇവിടെ കൊലചെയ്യപ്പെട്ടുള്ളൂ എന്ന മട്ടിലാണ് എതിരാളികള്‍ ഇവിടെ നിരന്തരം പ്രചാരണം ചെയ്യാറുള്ളത്.”
    എത്രമാത്രം നിസ്സാരം ആയാണ് സാര്‍ കാര്യങ്ങളെ കാണുന്നത്. കരുണാകരന്റെ എതിരാളികള്‍ അല്ല സാര്‍ രാജന്റെ തിരോധാനത്തില്‍ പ്രചാരണം നടത്തിയത്. വിദ്യാര്ഥിാ ആയ സ്വന്തം മകനെ നഷ്ടപ്പെട്ട ഒരു അച്ഛനും ആ അച്ഛന്റെ വേദനയില്‍ പങ്കുകൊണ്ട ഒരു സമൂഹവും ആണ്. മകന്റെം മൃദദേഹം പോലും കാണാന്‍ കഴിയാതെ, എങ്ങനെ ആണ് കൊലപ്പെടുത്തിയത് എന്ന് അറിയാതെ, മൃദദേഹം എന്ത് ചെയ്തു എന്ന് പോലും അറിയാതെ കണ്ണ് മൂടിക്കെട്ടിയ നീതിന്യായ കോടതികളില്‍ നീതി തേടി അവസാനം മരണത്തിനു കീഴടങ്ങിയ ഒരു അച്ഛനെ ആക്ഷേപിക്കുന്നതായിപ്പോയി ഈ പരാമര്ശുങ്ങള്‍.. ഡി,സി ബുക്സ്‌ പുറത്തിറക്കിയ ഈച്ചരവാര്യരുടെ ആത്മകഥ സര്‍ വായിച്ചിരുന്നു എങ്കില്‍ രാജന്‍ കേസിനെ സാര്‍ ഇത്ര നിസ്സാരവല്ക്കനരിക്കില്ലായിരുന്നു..

    ReplyDelete
  30. “എന്നാല്‍ അത്തരം പ്രചാര വേലകള്‍ ഒന്നും അദ്ദേഹത്തിന് ഏശിയിരുന്നില്ല. “

    ജാനാധിപത്യത്തെ ശവമടക്കി, എതിരഭിപ്രായങ്ങളെ അടിച്ചമര്ത്തി്യാല്‍ പിന്നെ എന്തേശാനാ.. ഇക്കാര്യത്തില്‍ അദ്ധേഹത്തെ ഹിറ്റ്ലരോട് മാത്രമേ താരതമ്യം ചെയ്യാന്‍ ആവുമായിരുന്നുള്ളൂ...

    ReplyDelete
  31. “മഹാത്മാ ഗാന്ധിജിയും ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും എല്ലാം ഈ രാജ്യത്ത് കൊല്ലപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയപ്പകയാല്‍ എത്രയോ സാധാരണ പ്രവര്ത്തതകരും കൊല്ലപ്പെട്ടിട്ടുണ്ട്. ഈച്ചരവാര്യരുടെ ദു:ഖം മാത്രം ആളുകള്‍ സന്ദര്ഭടത്തില്‍ എടുത്ത് പറഞ്ഞു ഉപയോഗിക്കുന്നത് അദ്ദേഹത്തോടുള്ള രാഷ്ട്രീയപ്പക ഒന്ന് കൊണ്ട് മാത്രമാണ്. “

    സാര്‍, ഇത്തരം പ്രസ്താവനകള്‍ കാണുമ്പോള്‍ ഖേദം ഉണ്ട്. ഭരണകൂട ഭീകരതയെ ഇങ്ങനെ നിസ്സാരവല്ക്ക്രിക്കരുത്. നമ്മുടെ രാഷ്ട്രപിതാവ് മഹാത്മജിയെ കൊലപ്പെടുത്തിയത് അസഹിഷ്ണുവായ ഒരു മത ഭ്രാന്തന്‍ ആണ്. സിഖ്‌. കൂട്ടക്കൊലയില്‍ പ്രതിഷേധിച്ചു സ്വന്തം അംഗ രക്ഷകനാല്‍ ആണ് ഇന്ദിരാ ഗാന്ധി മരിക്കുന്നത്, ശ്രീലങ്കയിലെ തമിഴ്‌ വംശജര്ക്കെഅതിരെ നടന്ന സൈനിക നടപടിയില്‍ ഇന്ത്യ ശ്രീലങ്കയെ സഹായിച്ചതില്‍ പ്രതിഷേധിച്ചാണ് രണ്ടുമൂന്നു തമിഴ്‌ തീവ്രവാദികള്‍ രാജീവ്‌ ഗാന്ധിയെ കൊലപ്പെടുത്തിയത്. ഏതൊരു ഇന്ത്യക്കാരനും ഈ കൊലപാതകങ്ങള്‍ എല്ലാം വേദനാജനകം ആണ്. എന്നാല്‍ എന്തിന്റെ പേരില്‍ ആണ് എന്ജിംനീയറിംഗ് വിദ്യാര്ഥിനയായ രാജന്‍ എന്ന നിരപരാധിയെ കേരളത്തിലെ ഭരണകൂട ഒത്താശയോടെ കൊലപ്പെടുത്തിയത്.. രാജനെ കൊലപ്പെടുത്തിയത് ഒരു വ്യക്തിയോ, സംഘടനയോ ഒന്നും അല്ലല്ലോ സാര്‍.അന്നത്തെ കേരള ആഭ്യന്തര മന്ത്രിയും, സര്ക്കാലരും തന്നെ ആണ് ഈ കൊലപാതകത്തിന്റെ ഉത്തരവാദി. അപ്പോള്‍ മേല്‍ പറഞ്ഞ ഗാന്ധിമാരുടെയും രാജന്റെയും കൊലപാതകത്തെ താരതമ്യം ചെയ്തു നിസ്സാരവല്ക്കുരിച്ചു തള്ളുന്നത് എങ്ങനെ നീതീകരിക്കാന്‍ ആകും.

    ReplyDelete
  32. “മഹാത്മാ ഗാന്ധിജിയും ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും ..........അദ്ദേഹത്തോടുള്ള രാഷ്ട്രീയപ്പക ഒന്ന് കൊണ്ട് മാത്രമാണ്. “

    സാര്‍, ഇത്തരം പ്രസ്താവനകള്‍ കാണുമ്പോള്‍ ഖേദം ഉണ്ട്. ഭരണകൂട ഭീകരതയെ ഇങ്ങനെ നിസ്സാരവല്ക്ക്രിക്കരുത്. നമ്മുടെ രാഷ്ട്രപിതാവ് മഹാത്മജിയെ കൊലപ്പെടുത്തിയത് അസഹിഷ്ണുവായ ഒരു മത ഭ്രാന്തന്‍ ആണ്. സിഖ്‌. കൂട്ടക്കൊലയില്‍ പ്രതിഷേധിച്ചു സ്വന്തം അംഗ രക്ഷകനാല്‍ ആണ് ഇന്ദിരാ ഗാന്ധി മരിക്കുന്നത്, ശ്രീലങ്കയിലെ തമിഴ്‌ വംശജര്ക്കെഅതിരെ നടന്ന സൈനിക നടപടിയില്‍ ഇന്ത്യ ശ്രീലങ്കയെ സഹായിച്ചതില്‍ പ്രതിഷേധിച്ചാണ് രണ്ടുമൂന്നു തമിഴ്‌ തീവ്രവാദികള്‍ രാജീവ്‌ ഗാന്ധിയെ കൊലപ്പെടുത്തിയത്. ഏതൊരു ഇന്ത്യക്കാരനും ഈ കൊലപാതകങ്ങള്‍ എല്ലാം വേദനാജനകം ആണ്. എന്നാല്‍ എന്തിന്റെ പേരില്‍ ആണ് എന്ജിംനീയറിംഗ് വിദ്യാര്ഥിനയായ രാജന്‍ എന്ന നിരപരാധിയെ കേരളത്തിലെ ഭരണകൂട ഒത്താശയോടെ കൊലപ്പെടുത്തിയത്.. രാജനെ കൊലപ്പെടുത്തിയത് ഒരു വ്യക്തിയോ, സംഘടനയോ ഒന്നും അല്ലല്ലോ സാര്‍.അന്നത്തെ കേരള ആഭ്യന്തര മന്ത്രിയും, സര്ക്കാലരും തന്നെ ആണ് ഈ കൊലപാതകത്തിന്റെ ഉത്തരവാദി. അപ്പോള്‍ മേല്‍ പറഞ്ഞ ഗാന്ധിമാരുടെയും രാജന്റെയും കൊലപാതകത്തെ താരതമ്യം ചെയ്തു നിസ്സാരവല്ക്കുരിച്ചു തള്ളുന്നത് എങ്ങനെ നീതീകരിക്കാന്‍ ആകും.

    ReplyDelete
  33. “ കേരളം തീര്ത്തും മാര്ക്സി സ്റ്റ് അധീനതയില്‍ അകപ്പെടാന്‍ സാധ്യതയുള്ള ഒരു സംസ്ഥാനമാ‍യിരുന്നു. അങ്ങനെ സംഭവിച്ചാല്‍ ഇവിടെ പൌരസ്വാതന്ത്ര്യം എന്നത് ചിന്തിക്കാന്‍ പോലും കഴിയാത്ത ഒന്നായിരിക്കും എന്ന് അദ്ദേഹം ജനങ്ങളെ ബോധ്യപ്പെടുത്തി”

    അധികാരം കിട്ടിയപ്പോള്‍ “പൌരസ്വാതന്ത്രം” എന്താണെന്ന് ഒരൊറ്റ “അടിയന്തിരാവസ്ഥക്കാലത്തു” തന്നെ പ്രജകള്ക്ക് കാണിച്ചുകൊടുക്കാനും അദ്ദേഹത്തിനായി..

    ReplyDelete
  34. “അങ്ങനെ മാര്ക്സി്സ്റ്റ് കുത്തക ആകുമായിരുന്നതില്‍ നിന്ന് അദ്ദേഹം തന്റെ അസാമാന്യമായ നേതൃപാടവം കൊണ്ടും സംഘാടനശേഷി കൊണ്ടും കേരളത്തെ രക്ഷിച്ചെടുത്തു.”

    അച്ചുതാനന്ദന്‍ എന്ന വ്യക്തി സി.പി.എം-ല് ഇല്ലായിരുന്നെങ്കില്‍ ശ്രീ. കെ കരുണാകരന്‍-പിണറായി വിജയനുമായി ചേര്ന്ന്ാ കേരളത്തെ ബംഗാലാക്കി മാറ്റുമായിരുന്നു. എല്‍.ഡി.എഫ്ഫ് പ്രവേശനം നിഷേധിച്ചപ്പോള്‍ ആണ് ഗത്യന്തരമില്ലാതെ, ചര്ധിച്ചതെല്ലം വാരിക്കൂട്ടി വീണ്ടും കൊണ്ഗ്രെസ്സില്‍ ചേര്ന്നരതു. ഡി.ഐ.സി ഉണ്ടാക്കി എല്‍.ഡി.എഫില്‍ ചേര്ന്ന് കേരളത്തെ മാര്ക്സി സ്റ്റ്‌ കുത്തക ആക്കാന്‍ ശ്രമിച്ച “മഹാന്” ആണ് ശ്രീ. കരുണാകരന്‍ എന്ന കാര്യം സാര്‍ മറന്നു പോയി.. ഈ പോസ്റ്റിലെ പല നിരീക്ഷണങ്ങളും അതി വിചിത്രങ്ങള്‍ ആണ്..

    ReplyDelete
  35. “നേരെ മറിച്ച് കോണ്ഗ്രാസ്സിലെ വീതംവയ്പ്പ് നേതാക്കളാണ് അദ്ദേഹത്തോട് കടുത്ത തെറ്റ് ചെയ്തുകൊണ്ടേയിരുന്നത്”

    ആ അദ്ദേഹം ആയിരുന്നില്ലേ സാര്‍ ഒരുകാലത്ത് കൊണ്ഗ്രെസ്സിലെ വീതം വെപ്പ് രാജാവ്‌. അവസാനം ഒരു വീതവും കിട്ടാതയിട്ടല്ലേ പിച്ചും പേയും പറഞ്ഞു നടന്നതും..

    ReplyDelete
  36. മുരളിയെ പാര്ട്ടി യില്‍ തിരിച്ചെടുക്കാന്‍ വേണ്ടി എത്രയോ പ്രാവശ്യം കരുണാകരന്‍ ഡല്ഹിുയില്‍ പോയി ഹൈക്കമാന്റിനെ കണ്ടു. മുരളി തന്നെ പരസ്യമായി മാപ്പ് പറഞ്ഞു. എന്നിട്ടും അദ്ദേഹം മരണക്കിടക്കയില്‍ കിടക്കുമ്പോള്‍ പോലും മുരളിയെ തിരിച്ചെടുക്കാം എന്ന് പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹത്തെ ആശ്വസിപ്പിക്കാനുള്ള സന്മനസ്സ് ഇവിടത്തെ വീതംവയ്പ്പ് വീരന്മാര്ക്ക് ഉണ്ടായില്ല.”

    പീതാംബരക്കുറുപ്പിനെ പോലുള്ള കരുണാകര ഭക്തര്‍ ആണ് പൊതുവേ ഇങ്ങനെ പറയാറുള്ളത്. കരുണാകരനും, മുരളീധരനും അലുമിയം പട്ടേലിനെയും മദാമ്മയും കണ്ടു കാലുപിടിച്ചിട്ടും കാര്യം നടന്നില്ല. ഇക്കൂട്ടരെ പ്പോലുള്ള കക്ഷി രാഷ്ടീയക്കാര്‍ പല കാര്യത്തിലും ശിഖണ്ടിയെപ്പോലും പിന്നിലാക്കും

    ReplyDelete
  37. “ ആ നയത്തിന്റെ ഭാഗമായാണ് രാജന്‍ പോലീസ്കാരാല്‍ കൊല്ലപ്പെട്ടത്. കൊന്നതിന്റെ ഉത്തരവാദിത്തം ബന്ധപ്പെട്ട പോലീ‍സ്കാര്ക്കാാണ്. “

    എല്ലാ കുറ്റവും പാവം പോലീസുകാര്ക്ക്ി‌. പോലീസുകാരെ നയിക്കുന്ന ആഭ്യന്തര മന്ത്രി ശുദ്ദനും.. സഖാവ്, വര്ഗീ സിനെ കൊന്ന കേസില്‍ വര്ഷനങ്ങള്ക്കുന ശേഷം ലക്ഷ്മണക്ക് കിട്ടിയത് ജീവപര്യന്തം... രാജന്കേസില്‍ ഇതുപോലെ സംഭവിച്ചുകൂടാ എന്നില്ലല്ലോ?? സുകുമാരന്‍ സാര്‍.. രാജന്‍ ഒരു നക്സലൈറ്റ് ആയിരുന്നോ??

    ReplyDelete
  38. "ആ നക്സലുകളെ അമര്‍ച്ച ചെയ്യുക എന്നത് അന്നത്തെ അച്യുതമേനോന്‍ മന്ത്രിസഭയുടെ നയമായിരുന്നു."
    കൊണ്ഗ്രെസ്സിന്റെയും കരുണാകരന്റെയും താളത്തിന് തുള്ളിയ "പാവം" അച്യുതമേനോന്‍ എന്ന മുഖ്യമന്ത്രിക്ക് ഇങ്ങെനെ ഒക്കെയുള്ള നയമല്ലേ എടുക്കാന്‍ ആവൂ.

    ഹമീദ്‌ ചെന്നമ്ഗലൂര്‍ സാര്‍.. എന്തിനെ കുറിച്ച് സംസാരിച്ചാലും അവസാനം അത് ജമാ-അത്ത് വിമര്ശ നത്തിലെ എത്തൂ എന്നൊരു വിമര്ശ നം ചിലര്‍ പറയുന്നത് കേട്ടിട്ടുണ്ട്. അത് എത്രമാത്രം ശരിയാണ് എന്നറിയില്ല. . സുകുമാരന്‍ സാറിന്റെ പോസ്റ്റുകള്‍ വായിക്കുമ്പോള്‍ തോന്നുന്നത് സാര്‍ എന്തിനെ കുറിച്ച് എഴുതിയാലും അതവസാനം മാര്ക്സി റ്റ്‌,കമ്മ്യൂണിസ്റ് വിമര്ശുനത്തിലെ അവസാനിക്കൂ എന്ന് തോന്നുന്നു.. കമ്മ്യൂണിസ്റ്കാര്‍ എതിര്ക്കു ന്ന ഏതൊരു വ്യക്തിയെയോ, ആശയത്തെയോ “വെളുപ്പിക്കാന്‍” ശിധിലചിന്തകള്‍ ബോധപൂര്വ്വോമായ ശ്രമങ്ങള്‍ നടത്തുന്നുണ്ടോ എന്ന് എനിക്ക് ഞാന്‍ സംശയിക്കുന്നു.. ഈ പോസ്റ്റിലെ മിക്ക പരാമര്ശണങ്ങളും, കണ്ടെത്തലുകളും അതി വിചിത്രവും അത്ബുധകരവും ആണ്.

    ReplyDelete
  39. വളരെ നല്ല സ്മരണിക തന്നെ. നന്ദി

    ReplyDelete
  40. പ്രിയ ശ്രീജിത് കൊണ്ടോട്ടി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ ഞാന്‍ എതിര്‍ക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നുണ്ടല്ലൊ. അത് എന്റെ ബ്ലോഗ് വായിക്കുന്ന എല്ലാവര്‍ക്കും അറിയുകയും ചെയ്യാം. മിക്കവാറും എന്റെ പോസ്റ്റുകള്‍ കമ്മ്യൂണിസ്റ്റുകളെ എതിര്‍ക്കുന്നത് തന്നെയാണ്. എതിര്‍ക്കാന്‍ മറ്റ് വിഷയങ്ങള്‍ ഇല്ലാഞ്ഞിട്ടല്ല. മലയാളത്തില്‍ ബ്ലോഗ് എഴുതുന്നത്കൊണ്ടും മലയാളികള്‍ വായിക്കുന്നത്കൊണ്ടും അങ്ങനെ കമ്മ്യൂണിസ്റ്റുകളെ കൂടുതല്‍ എതിര്‍ക്കേണ്ടി വരുന്നു എന്ന് മാത്രം. കേരളത്തില്‍ ഇപ്പോഴും മാര്‍ക്സിസവും കമ്മ്യൂണിസവും സജീവമായി നിലനില്‍ക്കുന്നത്കൊണ്ടാണ് ഈ വിഷയം ഞാനും എഴുതുന്നത്. കേരളത്തിന് പുറത്ത് എനിക്കറിയുന്ന കര്‍ണ്ണാടകയിലും തമിഴ്നാട്ടിലും ഇതൊന്നും വിഷയമല്ല.

    കമ്മ്യൂണിസത്തോടുള്ള എന്റെ വിരോധത്തിന് കാരണം അതിന്റെ ചരിത്രം മനസ്സിലാക്കിയത്കൊണ്ടാണ്. അത് ഇനിയും ഇവിടെ വിശദീകരിക്കേണ്ടതില്ലല്ലൊ. കിത്താബില്‍ മാ‍ത്രമാണ് അത് നല്ല ഇസം. നടപ്പാക്കുമ്പോള്‍ അത് ഏറ്റവും മോശം ഇസമാണ്. കിത്താബിലെ പോലെ അത് നല്ലതായി നടപ്പാക്കിയിരുന്നുവെങ്കില്‍ അത് ലോകത്ത് പൂര്‍വ്വാധികം വളരുമായിരുന്നില്ലേ? സംഭവിച്ചത് എന്താണ്? മനുഷ്യരെ കൂട്ടത്തോടെ കൊന്ന് തള്ളിയിട്ടാണ് കമ്മ്യൂണിസ്റ്റ് ഭരണാധികാരികള്‍ കമ്മ്യൂണിസം നടപ്പിലാക്കാന്‍ ശ്രമിച്ചത്. അത്തരം സംഭവങ്ങള്‍ ശ്രീജിത് വായിച്ചിരിക്കാന്‍ വഴിയില്ല. മുന്‍പൊക്കെ അത്തരം സംഭവങ്ങള്‍ വെളിച്ചം കാണുമ്പോള്‍ ബൂര്‍ഷ്വാപ്രചരണം എന്ന് പറഞ്ഞു തള്ളാറുണ്ടായിരുന്നു. എന്നാല്‍ വാര്‍ത്താവിനിമയരംഗം സുതാര്യമായതോടുകൂടി കമ്മ്യൂണിസ്റ്റുകളുടെ ക്രൂരത ലോകം അറിഞ്ഞു.

    കിത്താബില്‍ നല്ല ആശയം ഉണ്ടെന്ന് വെച്ച് കമ്മ്യൂണിസ്റ്റുകളുടെ മനുഷ്യക്കുരുതി ആരെങ്കിലും അംഗീകരിക്കുമോ? നല്ല ആശയങ്ങള്‍ ഉള്ള കിത്താബ് വേണമെങ്കില്‍ ഇനിയും ആര്‍ക്കെങ്കിലും എഴുതാമല്ലൊ. കമ്മ്യൂണിസം ലോകത്ത് തകര്‍ന്നു എന്നത് യാഥാ‍ര്‍ഥ്യമാണ്. അതിന് കാരണം കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലെ പീഠനമാണ്. ജനങ്ങള്‍ ഒരു സത്യവും യാഥാര്‍ഥ്യങ്ങളും വസ്തുതകളും മനസ്സിലാക്കരുത് എന്ന് കമ്മ്യൂണിസ്റ്റ് ഭരണാധികള്‍ ശഠിക്കുന്നത് എന്ത് കൊണ്ടാണ്? തങ്ങളുടെ ഏകാധിപത്യം പുറത്ത് അറിയരുത് എന്നത്കൊണ്ട് മാത്രം. ഇന്നത്തെ ഈ വിവരസാങ്കേതിക വിദ്യയില്‍ നിന്ന് കമ്മ്യൂണിസ്റ്റ് ചൈന എത്രമാത്രം ഒറ്റപ്പെട്ട് നില്‍ക്കുന്നു എന്ന് നോക്കുക. ഇവിടെ നാം അനുഭവിക്കുന്ന ബ്ലോഗ്, ഓര്‍ക്കുട്ട്, ഫേസ്ബുക്ക് അതൊന്നും അവിടെ പാടില്ല. അവര്‍ക്ക് മാത്രമായി ഫില്‍ട്ടര്‍ സംവിധാനമുള്ള സര്‍ച്ച് എഞ്ചിന്‍ ഇന്റര്‍നെറ്റില്‍ നടപ്പാക്കുന്നു. സത്യങ്ങള്‍ ജനങ്ങള്‍ അറിയുന്നത് കമ്മ്യൂനിസ്റ്റുകാര്‍ ഭയപ്പെടുന്നു. ഇവിടെ ഈ കൊച്ചുകേരളത്തിലും മാര്‍സ്ക്സിസ്റ്റുകാര്‍ മാധ്യമ സിണ്ടിക്കേറ്റ് എന്ന് മുറവിളി കൂട്ടാന്‍ കാരണമെന്ത്. നേതാക്കളുടെ ചെയ്തികള്‍ ആരും അറിയരുത് എന്ന ശാഠ്യം.
    (തുടരും)

    ReplyDelete
  41. ഞാന്‍ കൂടുതല്‍ വിശദീകരിക്കുന്നില്ല. കിത്താബില്‍ നല്ല ആശയമുണ്ടല്ലൊ എന്ന് ശ്രീജിത് കരുതിക്കോ. ആരെങ്കിലും അത് നന്നായി നടപ്പാക്കും എന്നും പ്രതീക്ഷിച്ചോ. എന്നാല്‍ കമ്മ്യൂണിസം ഇനി എവിടെയും തല തൂക്കരുത് എന്നാണ് എന്റെ താല്പര്യം. എന്തെന്നാല്‍ നാളെ ശ്രീജിത് കമ്മ്യ്യൂണിസ്റ്റ് നേതാവായാലും സ്റ്റാലിന്‍ , പോള്‍പോട്ട് പോലെയുള്ളവരെ പോലെ ഏകാധിപതി ആവുകയേയുള്ളൂ. അല്ലെങ്കില്‍ നല്ല മനസുള്ളവര്‍ക്ക് ആ സ്ഥാനത്ത് എത്താന്‍ കഴിയില്ല. കമ്മ്യൂണിസം ഇത്ര കണ്ട് തകര്‍ന്നതില്‍ ആശ്വസിക്കുന്നവനാണ് ഞാന്‍. ഒരു 20കൊല്ലം മുന്‍പ് വരെ ഭയമായിരുന്നു. ഇത് ലോകം മൊത്തം വ്യാപിക്കുമോ എന്ന്. ഇനി ഇത് തല തൂക്കില്ല. കിത്താബ് അവിടെ കിടക്കും. ചൈനയിലും എന്നെങ്കിലും ജനം ഈ ഏകാധിപത്യം തകര്‍ക്കുക തന്നെ ചെയ്യും. എനിക്ക് കമ്മ്യൂണിസ്റ്റുകാരോട് വ്യക്തിപരമായ വിദ്വേഷം തോന്നേണ്ട കാര്യമില്ലല്ലൊ. ശ്രീജിത്തിനെ പോലെയുള്ളവര്‍ ഇനിയും കുറെക്കാലം ഇതും വിശ്വസിച്ചുകൊണ്ടിരിക്കും. എന്നാല്‍ വിപ്ലവം എന്നൊന്ന് ജനം അംഗീകരിച്ചു തരില്ല.

    കേരളത്തിലായാലും ഇന്ത്യയിലായാലും ലോകത്ത് ആയാലും ജനാധിപത്യവിശ്വാസികളാണ് കൂടുതലും. കമ്മ്യ്യൂണിസ്റ്റുകള്‍ ന്യൂനപക്ഷമാണ്. അത് ഇനിയും കുറഞ്ഞുവരികയേയുള്ളൂ. എനിക്ക് ഇങ്ങനെയൊക്കെ എഴുതി ശ്രീജിത്തിനെ ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല. അതിന് കഴിയുകയുമില്ല. ഇപ്പോള്‍ വിശ്വസിച്ചുകൊണ്ട് ഇരിക്കുന്നവര്‍ വിശ്വസിക്കും എന്നല്ലാതെ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ സംഭവിച്ച പോലെ കമ്മ്യ്യൂണിസ്റ്റ് ദര്‍ശനത്തില്‍ ഇനി ആരും ആകര്‍ഷിക്കപ്പെടുകയില്ല. കാരണം ഇക്കഴിഞ്ഞ ഒരു നൂറ്റാണ്ടില്‍ മുഴച്ചു നില്‍ക്കുന്നത് കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ ഭീകരതകളാണ്. ഇപ്പോഴത്തെ സ്വതന്ത്രമായി ചിന്തിക്കുന്ന തലമുറയെ ഭയപ്പെടുത്താന്‍ ചൈനയും അവിടെയുണ്ട്. കേരളത്തിലും ഇന്ത്യയിലും ഒരു മതം പോലെ കമ്മ്യൂണിസം നില്‍ക്കും എന്നല്ലാതെ ആ സിദ്ധാന്തത്തില്‍ ആകൃഷ്ടരായി ആരും മുന്നോട്ട് വരികയില്ല. ഇതൊക്കെ കൊണ്ടാണ് ഞാന്‍ ധൈര്യമായി ഇപ്പോഴും കമ്മ്യൂനിസത്തെ എതിര്‍ത്ത്കൊണ്ട് ബ്ലോഗ് എഴുതുന്നത്. പണ്ടായിരുന്നെങ്കില്‍ കഴിയുമായിരുന്നില്ല. കമ്മ്യൂനിസ്റ്റുകളുടെ സംഹാരശേഷി കുറഞ്ഞുവരുന്നു. എന്ത്കൊണ്ട് ഈ കിത്താബിനും ഈ ദര്‍ശനത്തിനും ഈ ഗതികേട് വന്നു എന്ന് ചിന്തിക്കാന്‍ ശ്രീജിത്തിന് പോലും കഴിയാത്തത് വിശ്വാസത്തിന്റെ കടുപ്പം കൊണ്ടാണ്. കമ്മ്യൂനിസ്റ്റുകാരന്റെ മനുഷ്യക്കുരുതി എന്ന് പറയുമ്പോള്‍ ശ്രീജിത്തിന് കണ്ണൂര്‍ മാത്രം ഒര്‍മ്മ വരുന്നത് ചരിത്രം പഠിക്കാത്തത്കൊണ്ടാണ്. ലോകത്ത് കമ്മ്യൂണിസ്റ്റുകാര്‍ എല്ല്ലാം ഒരേ പോലെയാണ്. അധികാരം കിട്ടിയാല്‍ സ്വന്തം പൌരന്മാരെ അടിമകളാക്കും, എതിര്‍ക്കുന്നവരെ കൊല്ലും. അത്തരം കമ്മ്യൂണിസത്തിന് അനുകൂലമായി ശ്രീജിത് നിന്നാലും എല്ലാവരും അത് സമ്മതിച്ചു തരില്ലല്ലൊ.

    ReplyDelete
  42. കെപിഎസ്‌ മാഷെ,

    താങ്കൾ പോസ്റ്റ്‌ എഴുതിയത്‌ കരുണാകരനെക്കുറിച്ചാണ്‌. ആ പോസ്റ്റിലെ വിഷയത്തിൽ ശ്രീജിത്‌ എഴുതിയ (പലരും എഴുതിയിട്ടുണ്ട്‌) കാര്യങ്ങൾ താങ്കൾ എന്തേ കാണാതെ പോകുന്നു? അവയ്ക്കൊന്നും മറുപടി പറയാതെ കമ്മ്യൂണിസ്റ്റുകാരുടെ കാര്യം മാത്രം താങ്കളെന്തേ എടുത്തുപറയുന്നു?

    ശ്രീജിത്‌ കമ്മ്യൂണിസ്റ്റുകാരനാണെന്ന വല്ല സൂചനയും അദ്ദേഹത്തിന്റെ കമന്റിൽ ഉണ്ടോ? താങ്കൾ എഴുതുന്ന രീതിയെ വിമർശിച്ചതിന്‌ അദ്ദേഹത്തെ ഈ രീതിയിൽ ചിത്രീകരിക്കേണ്ട കാര്യമെന്താണ്‌?

    ഇതും ഒരു അസഹിഷ്ണുതയാണെന്ന് പറയേണ്ടിവരുന്നതിൽ വിഷമമുണ്ട്‌.

    ReplyDelete
  43. @അപ്പൂട്ടന്‍, ശ്രീ.കരുണാകരനെ പറ്റിയുള്ള പോസ്റ്റ് തന്നെയാണിത്. ആ വിഷയത്തെ കുറിച്ച് എനിക്ക് പറയാനുള്ളത് മുഴുവനും ഞാന്‍ പോസ്റ്റില്‍ എഴുതിയിട്ടുണ്ടല്ലൊ. മറ്റുള്ളവര്‍ അവര്‍ക്കുള്ള അഭിപ്രായവും ഇവിടെ എഴുതി. ബ്ലോഗ് എഴുതാനുള്ള എന്റ അവകാശം ഞാനും അഭിപ്രായം എഴുതാനുള്ള അവകാശം അവരും വിനിയോഗിക്കുന്നു എന്ന് മാത്രം. അവര്‍ എഴുതിയതൊക്കെ ഞാന്‍ കാണുകയും വായിക്കുകയും ചെയ്തു. എല്ലാ അഭിപ്രായങ്ങള്‍ക്കും പോസ്റ്റ് എഴുതിയ ആള്‍ മറുപടി പറയണം എന്നില്ല. അത് പോസ്റ്റ് എഴുതുന്ന ലേഖകരുടെ വിവേചനാവകാശത്തില്‍ പെട്ടതാണ്. മറ്റുള്ളവര്‍ക്കും മറുപടി എഴുതാമല്ലൊ. എല്ല്ലാ പോസ്റ്റുകളും ചര്‍ച്ചയായോ സംവാദമായോ ബ്ലോഗ് എഴുതുന്നയാള്‍ കാണണമെന്നില്ല. ഇവിടെ ഞാന്‍ ആര്‍ക്കും മറുപടി പറയാന്‍ ഉദ്ദേശിച്ചിരുന്നില്ല. ശ്രീജിത്തിന്റെ കമന്റില്‍ “ സുകുമാരന്‍ സാറിന്റെ പോസ്റ്റുകള്‍ വായിക്കുമ്പോള്‍ തോന്നുന്നത് സാര്‍ എന്തിനെ കുറിച്ച് എഴുതിയാലും അതവസാനം മാര്‍ക്സിസ്റ്റ് ,കമ്മ്യൂണിസ്റ് വിമര്‍ശനത്തിലെ അവസാനിക്കൂ എന്ന് തോന്നുന്നു.” എന്ന് പരാമര്‍ശമുള്ളത്കൊണ്ട് ഞാന്‍ ഒരു വിശദീകരണം നല്‍കി എന്ന് മാത്രം.

    എന്റെ ചിന്തകള്‍ എഴുതാനാണ് ഞാന്‍ ബ്ലോഗ് ഉപയോഗിക്കുന്നത്. മറ്റുള്ളവര്‍ ആഗ്രഹിക്കുന്ന മറുപടി എന്നെക്കൊണ്ട് പറയിക്കാന്‍ ആര്‍ക്കും കഴിയില്ല. എന്നാല്‍ സമാനമനസ്ക്കരെ എന്റെ ബ്ലോഗിലേക്ക് ആകര്‍ഷിക്കാന്‍ എനിക്ക് കഴിയുകയും ചെയ്യും. ഞാന്‍ ആശയത്തെ മാത്രമാണ് എതിര്‍ക്കുന്നത്. വ്യക്തികളോട് എനിക്ക് വിരോധമേയില്ല. എന്തെന്നാല്‍ ഒരാളുടെ മനസ്സില്‍ കടന്നുകൂടുന്ന ആശയങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും അയാള്‍ ഉത്തരവാദിയല്ല. അതൊക്കെ അബോധപൂര്‍വ്വം എപ്പോഴോ അയാളുടെ മനസ്സില്‍ കുടിയേറി സ്ഥാനമുറപ്പിച്ചതാണ്. മുന്‍‌വിധിയില്ലാതെ ചിന്തിക്കുന്നവര്‍ എവിടെയെങ്കിലും വെച്ച് സന്ധിക്കും. കമ്മ്യൂണിസത്തെ എനിക്ക് എതിര്‍ത്തേ പറ്റൂ. എന്തെന്നാല്‍ നല്ല കമ്മ്യൂണിസ്റ്റിനെയും കമ്മ്യൂണിസം നല്ല രീതിയില്‍ നടപ്പാക്കിയ രാജ്യങ്ങളെയും എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല. ഒരുപാട് മുന്‍ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളെ കുറിച്ച് മനസ്സിലാക്കിയിട്ടാണ് ഇത് പറയുന്നത്. ഇവിടെ അടിയന്തിരാവസ്ഥയെ ഇപ്പോഴും ആളുകള്‍ എതിര്‍ക്കുന്നുണ്ടല്ലോ. ആകെ രണ്ട് കൊല്ലമാണ് ഇവിടെ ആ അവസ്ഥ നിലനിന്നിരുന്നത്. എന്താ ആളുകള്‍ എതിര്‍ക്കാന്‍ കാരണം? പൌരാവകാശനിഷേധം അല്ലേ? എന്നാല്‍ അടിയന്തിരാവസ്ഥയില്‍ പോലും ചൈനയിലേയോ അന്നത്തെ സോവിയറ്റ് യൂനിയനിലോ ഉണ്ടായിരുന്നതിനേക്കാള്‍ പൌരസ്വാതന്ത്ര്യം ഇവിടെ ഉണ്ടായിരുന്നു. ചൈനയില്‍ എന്തെങ്കിലും പൌരസ്വാതന്ത്ര്യമുണ്ടോ? അവിടെ സര്‍ക്കാരിനെ വിമര്‍ശിച്ചോ എതിര്‍ത്തോ ഒരു പൌരന് മിണ്ടാന്‍ പറ്റുമോ? രണ്ട് വര്‍ഷത്തെ അടിയന്തിരാവസ്ഥ പോലും സഹിക്കാത്ത നമുക്ക് കമ്മ്യൂണിസ്റ്റുകാരന്റെ സ്ഥിരമായ പൌരാവകാശനിഷേധം സഹിക്കാന്‍ പറ്റുമോ? കമ്മ്യൂനിസ്റ്റുകാര്‍ക്കെന്താ , തങ്ങളുടെ പാര്‍ട്ടിയും നേതാവുമല്ലേ ഭരിക്കുന്നത് എന്ന സന്തോഷം തോന്നാം. എന്നാല്‍ മറ്റുള്ളവര്‍ക്ക് സഹിക്കാന്‍ പറ്റുമോ?

    (തുടരും)

    ReplyDelete
  44. അപ്പൂട്ടന്‍ വിചാരിക്കും അതൊക്കെ ചൈനയിലല്ലേ എന്ന്. എന്നാല്‍ കമ്മ്യൂണിസം ഇന്ത്യയില്‍ മാത്രം നടപ്പാക്കാനുള്ളതല്ല. കിത്താബ് ഒന്നല്ലേയുള്ളൂ. കുറെ കമ്മ്യൂനിസ്റ്റുകള്‍ ഇപ്പോഴും ഉണ്ടല്ലൊ. ഇത്രയായിട്ടും ആളുകളെ വെറുപ്പിക്കാതെ , പൌരാവകാശം നിഷേധിക്കാതെ കമ്മ്യൂണിസം എങ്ങനെ നടപ്പാക്കാം എന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടോ? ഈ ബ്ലോഗില്‍ തന്നെ അസഹിഷ്ണുത മൂത്ത് തെറിക്കമന്റുകള്‍ എഴുതാനാണ് ചിലര്‍ മുതിരുന്നത്. എന്ത്കൊണ്ട് മൌലികമായി ഒന്നും പറയാനില്ല. സായുധവിപ്ലവം കൊണ്ട് കമ്മ്യൂണിസം നടപ്പിലാക്കാമെന്നേ കമ്മ്യൂനിസ്റ്റ് ആചാര്യന്മാര്‍ പറഞ്ഞിട്ടുള്ളൂ. സമാധാനപരമായി പ്രവര്‍ത്തിച്ച് കമ്മ്യൂനിസം നടപ്പാക്കാം എന്ന് ആരും പറഞ്ഞിട്ടില്ല.ഇത്രയായിട്ടും കമ്മ്യൂണിസം എന്നാല്‍ ഉദാത്തമാണ് എന്ന് ഇപ്പോഴും ഇവിടെ പ്രചരിപ്പിക്കുന്നത്കൊണ്ട് ഞാനും എനിക്ക് കഴിയുന്ന പോലെ എഴുതുന്നു. ജനാധിപത്യവും സാമൂഹ്യനീതിയും സമാധാനപരമാ‍യി നടപ്പിലാക്കാന്‍ കഴിയുന്ന എന്തെങ്കിലും തത്വശാസ്ത്രം കണ്ടുപിടിക്കണം എന്നാണ് എന്റെ അഭിപ്രായം. കേരളത്തില്‍ പുരോഗമനപരവും മനുഷ്യത്വപരവുമായ ചിന്തകളും പ്രസ്ഥാനങ്ങളും ഉയര്‍ന്നുവരുന്നതിന് വിലങ്ങ് തടിയായി വര്‍ത്തിക്കുന്നത് സി.പി.എം. എന്ന എസ്റ്റാബ്ലിഷ്മെന്റ് ആണ് എന്ന് ഞാന്‍ കരുതുന്നു. എന്റെ ഈ അഭിപ്രായം ബ്ലോഗില്‍ ഉള്ളവര്‍ തന്നെ എന്നോട് ഫോണിലും മറ്റും പറയാറുണ്ട്. ഞാന്‍ തുറന്നു പറയാനുള്ള ആര്‍ജ്ജവം കാണിക്കുന്നു എന്നേയുള്ളൂ. എനിക്ക് നല്ല പിന്തുണ ബ്ലോഗില്‍ നിന്ന് കിട്ടുന്നുണ്ട്. കേരളത്തില്‍ അപ്പൂട്ടനൊക്കെ പറയുന്ന ഈ ഇടത്പക്ഷമുണ്ടല്ലൊ സ്വയംകൃതാനര്‍ത്ഥങ്ങളുടെ ഫലമായി നാശത്തിന്റെ വക്കിലാണ്. അതിനെ നന്നാക്കിയെടുക്കണം എന്ന് ആഗ്രഹമൂള്ളവര്‍ പുറത്താണ്. അവര്‍ക്ക് അകത്ത് കടക്കാന്‍ കഴിയില്ല. അത് ഏത് എസ്റ്റാബ്ലിഷ്മെന്റും നിലനില്‍ക്കുന്നതിന്റെയൊരു നിയമമാണ്.

    ReplyDelete
  45. കരുണാകരന്‍ കരുത്തനും നാടിനെ ഹൃദയത്തോടു ചേര്‍ത്ത്പിടിക്കുകയും ചെയ്ത നേതാവുതന്നെ. സംശയമില്ല. ശ്രീകൃഷ്ണഭക്തിപോലെതന്നെ ആശ്രിതവാല്‍സല്യവും ഉള്ള നേതാവുതന്നെ.
    പക്ഷെ, രാജന്‍റെ കൊലപാതകം കരുണാകരന്റെ ജീവിതത്തിലെ കറുത്ത അദ്യായമായി ബാക്കിനില്‍ക്കും. ഒരുപക്ഷെ ആശ്രിതവാല്‍സല്യമാവാം ആ രഹസ്യം കരുണാകരന്‍ പറയാതിരുന്നത്. ലേഖകന്‍ എഴുതിയതുപോലെ രാജന്‍ മാത്രമല്ല കൊല്ലപ്പെട്ടത്. രാജീവ് ഗാന്ധിയുടെയും ഇന്ദിരഗാന്ധിയുടെയും മഹാത്മാഗാന്ധിയുടെയും കൊലപാതകത്തില്‍ ഭരണകൂടത്തിനു പങ്കില്ല. രാജന്‍റെ കൊലപാതകം ഭരണകൂടമോ അതിന്റെ കീഴിലുള്ള ബ്യുറോക്രസിയോ ആസൂത്രണം ചെയ്തതാണ്. അതുകൊണ്ടുതന്നെ ആ ബ്യുറോക്രസിയെ നയിച്ചിരുന്ന കരുണാകരന് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ല.

    ReplyDelete
  46. കെപിഎസ്‌ മാഷെ,

    അപ്പൂട്ടൻ വിചാരിക്കും അതൊക്കെ ചൈനയിലല്ലേ എന്ന്‌. എന്നാൽ കമ്മ്യൂണിസം ഇന്ത്യയിൽ മാത്രം നടപ്പാക്കാനുള്ളതല്ല. കിത്താബ്‌ ഒന്നല്ലേയുള്ളൂ. കുറെ കമ്മ്യൂനിസ്റ്റുകൾ ഇപ്പോഴും ഉണ്ടല്ലൊ.

    കേരളത്തിൽ അപ്പൂട്ടനൊക്കെ പറയുന്ന ഈ ഇടത്പക്ഷമുണ്ടല്ലൊ സ്വയംകൃതാനർത്ഥങ്ങളുടെ ഫലമായി നാശത്തിന്റെ വക്കിലാണ്‌.


    ഇക്കാര്യങ്ങളെക്കുറിച്ച്‌ ഞാനൊന്നും പറഞ്ഞില്ലല്ലൊ.

    ഇതുതന്നെയാണ്‌ ഞാൻ എന്റെ കമന്റിലും പറഞ്ഞത്‌, ശ്രീജിത്‌ പറയാത്ത കാര്യത്തെക്കുറിച്ചാണ്‌ താങ്കൾ വാചാലനായതെന്ന്‌.

    ഇത്രയായിട്ടും ആളുകളെ വെറുപ്പിക്കാതെ , പൗരാവകാശം നിഷേധിക്കാതെ കമ്മ്യൂണിസം എങ്ങനെ നടപ്പാക്കാം എന്ന്‌ ആരെങ്കിലും ചിന്തിക്കുന്നുണ്ടോ?
    കമ്മ്യൂണിസം അവിടെ നിൽക്കട്ടെ, ഭരണം എങ്ങിനെ നടത്താം എന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടോ?

    PS - എല്ലാ കമന്റിനും താങ്കൾ മറുപടി പറയണം എന്ന് ഞാൻ പറഞ്ഞില്ല. കമന്റിട്ട ഒരാൾ പറയാത്ത കാര്യം താങ്കൾ ആ വ്യക്തിയോട്‌ ചേർത്തതിന്റെ ആവശ്യകതയെ ചോദ്യം ചെയ്യുക മാത്രമാണ്‌ ഞാൻ ചെയ്തത്‌.

    നിർത്തുന്നു. കൂടുതൽ പറയാൻ താൽപര്യമില്ല.

    ReplyDelete
  47. “കേരളത്തില്‍ ഇപ്പോഴും മാര്ക്സി സവും കമ്മ്യൂണിസവും സജീവമായി നിലനില്ക്കുിന്നത്കൊണ്ടാണ് ഈ വിഷയം ഞാനും എഴുതുന്നത്.”

    കേരളത്തില്‍ ചില രാഷ്ട്രീയപ്പാര്ട്ടി കളുടെ പേരിലല്ലാതെ മാര്ക്സിലസവും, കമ്മ്യൂണിസവും അത്ര സജീവമായി നിലനില്ക്കുപന്നുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. അധികാരത്തിന്റെ ശീതളച്ഛായയില്‍ വിഹരിക്കുന്ന ആ പാര്ട്ടിഎകളെ കമ്മ്യൂണിസ്റ് പാര്ട്ടി കള്‍ എന്ന് പൂര്ണരമായി പറയാന്‍ ആവില്ല..

    ReplyDelete
  48. “കിത്താബില്‍ മാ‍ത്രമാണ് അത് നല്ല ഇസം.’’ കിത്താബില്‍ നല്ല ആശയം ഉണ്ടെന്ന് വെച്ച് കമ്മ്യൂണിസ്റ്റുകളുടെ മനുഷ്യക്കുരുതി ആരെങ്കിലും അംഗീകരിക്കുമോ?

    കമ്മ്യൂണിസം കിത്താബി(ഏതു കിതാബ്)ലെങ്കിലും നല്ലതാണ് എന്നെങ്കിലും സാര്‍ ഇപ്പോള്‍ സമതിച്ചിരിക്കുന്നു. ആ നല്ല ആശയങ്ങളെ മാത്രം ആണ് സാര്‍ ഞാനും അന്ഗീകരിക്കുന്നത്. കൂട്ടക്കുരുതികള്‍ ആര് ചെയ്താലും അത് മഹാപാതകം തന്നെ അല്ലെ.!

    ReplyDelete
  49. “എന്തെന്നാല്‍ നാളെ ശ്രീജിത് കമ്മ്യ്യൂണിസ്റ്റ് നേതാവായാലും സ്റ്റാലിന്‍ , പോള്പോുട്ട് പോലെയുള്ളവരെ പോലെ ഏകാധിപതി ആവുകയേയുള്ളൂ.”

    പ്രിയപ്പെട്ട സുകുമാരന്‍ സാര്‍.. അങ്ങയുടെ (“കമ്മ്യൂണിസ്റ് മുഖംമൂടി, കമ്മ്യൂണിസ്റ് വിരുദ്ധരുടെ അടിത്തറ”) പോസ്റ്റുകളില്‍ ഇതേ കുറിചുള്ള മറുപടി കമന്റു ഞാന്‍ എഴുതിയിരുന്നു, നിര്ഭാകഗ്യവശാല്‍ അതിനൊന്നും വിശദീകരണമോ മറുപടിയോ എഴുതാന്‍ സാര്‍ ശ്രമിച്ചില്ല. എന്റെ എല്ലാ കമന്റുകള്ക്കും മറുപടിയായി ഒരു പോസ്റ്റു തന്നെ എഴുതാം എന്ന് പറഞ്ഞിട്ടും വീണ്ടും പതിവ് പല്ലവി (STALIN, POLPOT) ആവര്ത്തി ക്കുന്നത് ഖേദകരം ആണ്.

    ReplyDelete
  50. “എന്തെന്നാല്‍ നാളെ ശ്രീജിത് കമ്മ്യ്യൂണിസ്റ്റ് നേതാവായാലും സ്റ്റാലിന്‍ , പോള്പോുട്ട് പോലെയുള്ളവരെ പോലെ ഏകാധിപതി ആവുകയേയുള്ളൂ.”

    പ്രിയപ്പെട്ട സുകുമാരന്‍ സാര്‍.. അങ്ങയുടെ (“കമ്മ്യൂണിസ്റ് മുഖംമൂടി, കമ്മ്യൂണിസ്റ് വിരുദ്ധരുടെ അടിത്തറ”) പോസ്റ്റുകളില്‍ ഇതേ കുറിചുള്ള മറുപടി കമന്റു ഞാന്‍ എഴുതിയിരുന്നു, നിര്ഭാകഗ്യവശാല്‍ അതിനൊന്നും വിശദീകരണമോ മറുപടിയോ എഴുതാന്‍ സാര്‍ ശ്രമിച്ചില്ല. എന്റെ എല്ലാ കമന്റുകള്ക്കും മറുപടിയായി ഒരു പോസ്റ്റു തന്നെ എഴുതാം എന്ന് പറഞ്ഞിട്ടും വീണ്ടും പതിവ് പല്ലവി (STALIN, POLPOT) ആവര്ത്തി ക്കുന്നത് ഖേദകരം ആണ്.

    ReplyDelete
  51. “ശ്രീജിത്തിനെ പോലെയുള്ളവര്‍ ഇനിയും കുറെക്കാലം ഇതും വിശ്വസിച്ചുകൊണ്ടിരിക്കും. എന്നാല്‍ വിപ്ലവം എന്നൊന്ന് ജനം അംഗീകരിച്ചു തരില്ല. “

    നാല് നേരവും മൃഷ്ടാനം ഭക്ഷണം കഴിച്ചു, ശീതീകരിച്ച മുറിയില്‍ ഇന്റെര്നെ റ്റിന്റെ വലയില്‍ കുടുങ്ങി ബ്ലോഗും, ഫേസ്ബുക്കും, ഗൂഗിളും നോക്കി പുറത്തെ വെളിച്ചവും, വിശപ്പും,വേദനകളും തട്ടാതെ സുഖമായി ജീവിക്കുന്ന നമ്മെലെപ്പോലുള്ളവര്ക്ക് ‌ “വിപ്ലവ” ത്തിന്റെ വല്ല ആവശ്യം ഉണ്ടോ. നമ്മുടെ സുഖ സൗകര്യങ്ങള്ക്ക്ം‌ ചിലപ്പോള്‍ അത് ഭീഷണിയും ആയേക്കും.. സാറിനെപ്പോലെ എനിക്കും അതുകൊണ്ട് ഇവിടെ പൂര്ണീമായും സോഷ്യലിസം പുലരും എന്നുള്ള അഭിപ്രായം ഒന്നും ഇല്ല കേട്ടോ!! നമ്മെപ്പോലുള്ളവര്ക്ക് ‌ മുതലാളിത്ത സമൂഹം തന്നെ ആണ് ഗുണകരം എന്നാണ് എനിക്കും തോന്നുന്നത്

    ReplyDelete
  52. പക്ഷെ സാര്‍ മുഴുപ്പട്ടിണിയും, അര്ദ്ധഎപ്പട്ടിണിയും ആയിക്കഴിയുന്ന, വന്കി്ട വികസനങ്ങള്ക്കാരയി കിടപ്പാടം നഷ്ട്ടപ്പെട്ട, അവരുടെ കുടിവെള്ളം പോലും വിറ്റ് കാശാക്കിയ ഭരണകൂടത്തിന്റെ ചൂഷങ്ങങ്ങല്‍ സഹിച്ചു എല്ലും തോലും ആയ നമ്മുടെ സ്വതന്ത്ര ഭാരതത്തിലെ ജനകോടികള്‍, ആദിവാസി, പിന്നോക്ക, ദരിദ്ര നാരായണന്മാനര്ക്ക് ചിലപ്പോള്‍ നമ്മളെപ്പോലെ “ഉദാസീനരാകാന്‍” കഴിഞ്ഞുകൊള്ളണം എന്നില്ല. “വിപ്ലവം” ആവശ്യമുള്ളവര്‍ വിപ്ലവം നടത്തട്ടെ.. അവരെ തടയാന്‍ നമ്മുടെ ബ്ലോഗ്‌ ചര്ച്ചപകള്ക്കൊന്നും കഴിയില്ല.. ‘അസമത്വവും, അതിചൂഷണവും’ – അസഹിഷ്ണുതയും ആണ് “തീവ്രവാദികളെ” സൃഷ്ടിക്കുന്നത്. ആദിവാസികളെ കുടിയൊഴിപ്പിച്ച വന്കിുട ഖനി കമ്പനികളുടെ മുന്‍-അധ്യക്ഷന്‍ ഭാരതത്തിലെ ആഭ്യന്തര മന്ത്രിയായി ഇരിക്കുമ്പോള്‍ ആദിവാസികള്‍ ഭീകരവാദികള്‍ ആയി മുദ്രകുത്തപ്പെടുന്നതില്‍ അത്ഭുതം ഇല്ല. കമ്മ്യൂണിസത്തെ പുച്ചിച്ചു തള്ളുന്നവര്‍ ഈ പാവങ്ങള്ക്ക്പ നേരെയുള്ള “ഭരണകൂട സായുധ വിപ്ലവങ്ങള്ക്ക് നേരെ കണ്ണടക്കുന്നത് അപഹാസ്യം ആണ്. നോബല്‍ സമ്മാനം ലഭിക്കാത്ത പ്രമുഖ ആദിവാസി, മനുഷ്യാവകാശ പ്രവര്ത്താകനും, ആതുര സേവകനും ആയ ഡോക്ടര്‍. ബിനായക്‌ സെന്നിനെ തീവ്രവാദിയാക്കി ജീവപര്യന്തം തടവിനു വിധിച്ചപ്പോള്‍, ചൈനയിലെ മനുഷ്യാവകാശ പ്രവര്ത്തയകന്റെ മോചനത്തിന് വേണ്ടി ബ്ലോഗ്‌ ചര്ച്ചരകള്‍ നടത്തിയ നമ്മള്‍ മൌനം പാലിക്കുകയാണ്‌ ചെയ്തത്. . പക്ഷെ എന്ത് ചെയ്യാം ഇന്ത്യ ഭരിക്കുന്നത് കൊണ്ഗ്രെസ്സ് പാര്ട്ടി യായിപ്പോയില്ലേ.. !!

    ReplyDelete
  53. കമന്റുകള്ക്ക് മറുപടികള്‍ നല്കുൈകയോ നല്കാ.തിരിക്കുകയോ ചെയ്യുക എന്നത് ബ്ലോഗ്ഗറുടെ സ്വാതന്ത്രം ആണ്. ആ സ്വതന്ത്രത്തില്‍ കൈ കടത്താന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. കരുണാകരന്റെ ബാക്കി വച്ചുപോയ “തിരുശേഷിപ്പുകളെ” കുറിച്ചുള്ള ചര്ച്ച് തുടരാം.. വിഷയത്തില്‍ നിന്ന് വ്യതിച്ചലിക്കേണ്ടിവന്നതില്‍ ക്ഷമ ചോദിക്കുന്നു...!

    ആ വിഷയത്തില്‍ ഊന്നി തന്നെ ചര്‍ച്ച മുന്നേറട്ടെ..!
    ആശംസകള്‍ നേരുന്നു!!

    ReplyDelete
  54. >>>>നോബല്‍ സമ്മാനം ലഭിക്കാത്ത പ്രമുഖ ആദിവാസി, മനുഷ്യാവകാശ പ്രവര്ത്താകനും, ആതുര സേവകനും ആയ ഡോക്ടര്‍. ബിനായക്‌ സെന്നിനെ തീവ്രവാദിയാക്കി ജീവപര്യന്തം തടവിനു വിധിച്ചപ്പോള്‍, ചൈനയിലെ മനുഷ്യാവകാശ പ്രവര്ത്തയകന്റെ മോചനത്തിന് വേണ്ടി ബ്ലോഗ്‌ ചര്ച്ചരകള്‍ നടത്തിയ നമ്മള്‍ മൌനം പാലിക്കുകയാണ്‌ ചെയ്തത്. . പക്ഷെ എന്ത് ചെയ്യാം ഇന്ത്യ ഭരിക്കുന്നത് കൊണ്ഗ്രെസ്സ് പാര്ട്ടി യായിപ്പോയില്ലേ.. !!<<<<<
    ഈ വരികള്‍ക്ക് ഒരു കയ്യൊപ്പ്.
    പ്രിയ കെ.പി.എസ്. ആശയം ബുക്കിലെങ്കിലും ഇരിക്കുന്നത് ഒന്നുമില്ലാത്തതിലും നല്ലതല്ലേ.ശരിയാണ്താങ്കള്‍ പറഞ്ഞത് എപ്പോള്‍ ഭരണം കമ്മ്യൂണിസ്റ്റ്കള്‍ക്ക് ലഭിക്കുന്നുവോ അവിടെ ജനാധിപത്യം ധ്വംസിക്കപ്പെടുന്നു. പക്ഷേ അത് ആശയത്തിന്റെ കുഴപ്പമല്ലല്ലോ പ്രയോഗത്തിന്റെ കുഴപ്പമല്ലേ.ആശയമേ നശിപ്പിക്കപ്പെട്ടാല്‍ പിന്നെ ഒരിക്കല്‍ പോലും (ശരിയായ രീതിയില്‍ പ്രയോഗിക്കപ്പെടാനുള്ള അവസരം എന്നെങ്കിലും ലഭിക്കാതിരിക്കുമോ) പ്രയോഗിക്കാനുള്ള അവസരവും നഷ്ടപ്പെടില്ലേ?

    ReplyDelete
  55. പ്രിയ ഷെരീഫ് മാഷ്, ആശയങ്ങള്‍ക്ക് നമുക്ക് പഞ്ഞമുണ്ടോ? ഏത് ആശയമാണ് മോശമായിട്ടുള്ളത്? ഇസ്ലാമിസം മോശമാണോ? തനിക്ക് ആവശ്യമുള്ളതില്‍ കൂടുതല്‍ കരുതി വെക്കുന്നവന്‍ ഇസ്ലാമല്ല എന്നല്ലേ പ്രാവാചകന്‍ മുഹമ്മദ് നബി പറഞ്ഞിട്ടുള്ളത്. എത്രയെത്ര മഹത്തായ ആശയങ്ങള്‍ ദാര്‍ശനികന്മാരും ചിന്തകന്മാ‍രും മനുഷ്യരാശിക്ക് വേണ്ടി നല്‍കിയിട്ടുണ്ട്! ഭഗവത്ഗീത അനുസരിച്ച് ജീവിച്ചാല്‍ ഇവിടെ കോടതികളോ പോലീസ് സ്റ്റേഷനുകളോ ആവശ്യമില്ല. പോരെങ്കില്‍ നല്ല നല്ല ആശയങ്ങള്‍ ഇനിയും എഴുതാവുന്നതല്ലേയുള്ളൂ? മനുഷ്യനെ കേവലം ഭൌതികപദാര്‍ത്ഥമായി കാണുന്ന അവനിലെ ആത്മീ‍യത അംഗീകരിക്കാത്ത, ജീവിതത്തെ യാന്ത്രികമായി മാത്രം കാ‍ണുന്ന മാര്‍ക്സിസം എന്ന ആശയം തന്നെ വേണം എന്ന് താങ്കള്‍ക്ക് തോന്നാന്‍ കാരണമെന്ത്?

    ആശയങ്ങളുടെ ഒരു കുഴപ്പം അത് ജീവിതത്തില്‍ പ്രായോഗികമാക്കാന്‍ കഴിയില്ല എന്നതാണ്. മാത്രമല്ല ആശയങ്ങളുടെ വക്താക്കള്‍ അത് ദുരുപയോഗപ്പെടുത്തുകയും ചെയ്യും. അങ്ങനെയാണ് പുരോഹിതന്മാരും പാര്‍ട്ടി നേതാക്കളും ഉണ്ടാകുന്നത്. നമ്മള്‍ ഈ പുരോഹിതന്മാരെയും നേതാക്കളെയും ആരാധിക്കുകയും അവരോട് വിധേയത്വമൂള്ളവരായി മാറുകയും ചെയ്യും. ആശയങ്ങള്‍ക്ക് മാനസികമായ അടിമകളെ സൃഷ്ടിക്കാനേ കഴിഞ്ഞിട്ടുള്ളൂ. എല്ലാ ആശയങ്ങള്‍ക്കും വന്നുപെടുന്ന ദുര്യോഗമാണ് ഇത്.

    എന്റെ അഭിപ്രായത്തില്‍ ഏതൊരാളും എല്ലാ ആശയങ്ങളും മനസ്സിലാക്കട്ടെ. എല്ലാറ്റിലെയും നന്മകളും ശരികളും ഉള്‍ക്കൊണ്ട് സ്വന്തം മനസ്സിനെ ശുദ്ധീകരിക്കട്ടെ. ആ അര്‍ത്ഥത്തില്‍ ആശയങ്ങള്‍ , മൃഗീയമായ ചോദനകളോടുകൂടി പിറക്കുന്ന മനുഷ്യനെ സംസ്ക്കരിക്കാനും നല്ല മനുഷ്യനായി പരിവര്‍ത്തിക്കുവാനും ഉപകരിക്കും. എല്ലാ ആശയങ്ങളിലും ചില നന്മകള്‍ ഉണ്ട് എന്നത്കൊണ്ടാണ് ഇത് സാധിക്കുന്നത്. എന്നാല്‍ ഇവിടെ ആളുകള്‍ ചെയ്യുന്നത് എന്താണ്? ഏതെങ്കിലും ഒരു ആശയത്തില്‍ വിശ്വസിക്കുന്നു. മറ്റെല്ലാ ആശയങ്ങളെയും തള്ളിക്കളയുന്നു. എന്നിട്ടോ? വിശ്വസിക്കുന്ന ആശയങ്ങള്‍ക്ക് വിരുദ്ധമായി ജീവിയ്ക്കുകയും ചെയ്യുന്നു. ഇസ്ലാം വിശ്വാസികള്‍ ഒരു പരിധി വരെ സ്വന്തം വിശ്വാസങ്ങളോട് നീതി പുലര്‍ത്തുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. എന്നാലും അതും എത്രയോ അപൂര്‍ണ്ണമാണ്.

    ഓരോ ആശയത്തില്‍ നിന്നും നമുക്ക് ഓരോ തരത്തിലുള്ള ശരികളും നന്മകളും സ്വീകരിക്കാന്‍ കഴിയുമെന്ന് പറഞ്ഞല്ലോ. മാര്‍ക്സിസത്തില്‍ നിന്നും അത് പോലെ ഗാന്ധിസം തുടങ്ങി എല്ലാ ആശയങ്ങളില്‍ നിന്നും നല്ലത് സ്വീകരിക്കാനുള്ള ഹൃദയവിശാലത ഉണ്ടായാല്‍ സമൂഹത്തിലെ സംസ്ക്കാരം തന്നെ മാറും. ആ‍ശയങ്ങളെ സംബന്ധിച്ച് എന്റെ കാഴ്ചപ്പാട് ഇതാണ്. ശരികളോടും നന്മകളോടുമാണ് എനിക്ക് പ്രതിപത്തി. അത്കൊണ്ട് ഒരു ആശയത്തിലും ഞാന്‍ വിശ്വസിക്കുന്നില്ല. എന്നാല്‍ എല്ലാ ആശയങ്ങളിലെയും ശരികളെയും നന്മകളെയും സ്വാംശീകരിക്കാന്‍ ശ്രമിക്കുന്നു. എന്തെന്നാല്‍ ആശയങ്ങളാണ് മനുഷ്യനെ സൃഷ്ടിക്കുന്നത്. അല്ലെങ്കില്‍ അവന്‍ മൃഗമായിപ്പോകും. ഒരു ആശയത്തില്‍ മാത്രം വിശ്വസിക്കുന്നവന്‍ മൃഗത്തേക്കാളും അല്പം ഭേദപ്പെട്ട ജീവി എന്നേ പറയാന്‍ പറ്റൂ. എന്റെ ഈ ആ‍ശയവും താങ്കള്‍ക്കോ മറ്റുള്ളവര്‍ക്കോ ശരിയാവണമെന്നില്ല.

    ReplyDelete
  56. കരുണാകരന് പല പ്ലസും മയ്നസും ഉണ്ടായിരുന്നു. ഒരു ശരിയായ ലീഡര്‍ ആയിരുന്നു എന്ന് എല്ലാവരും സമ്മതിക്കുന്നു. താങ്കളുടെ വീക്ഷണം താന്കള്‍ ഫലപ്രദമായി പ്രദിപാദിച്ചു.

    ReplyDelete
  57. വിഷയത്തില്‍ നിന്നും വ്യതിചലിക്കാതെ തന്നെ ചര്‍ച്ച മുന്നോട്ടു പോകട്ടെ ..അതല്ലേ നല്ലത് .

    ReplyDelete
  58. പോരാളികളെ, ഇടയ്ക്ക് ശ്വാസംവിടാന്‍ തോന്നുമ്പോള്‍ 'കല്ലിവല്ലി'യിലേക്ക് വരിക. അവിടെ കണ്ണൂരാന്‍ നിങ്ങള്‍ക്കായി തെളിനീര്‍ ഒരുക്കിയിട്ടുണ്ട്.

    ReplyDelete
  59. സുകുമാരേട്ടാ

    "പുതുവത്സരാശംസകള്‍ "

    രാജന്റെ കൊലപാതകം മറ്റ് കൊലപാതകങ്ങളുമായി താരതമ്യപ്പെടുത്തിയത് ശരിയായില്ല. കേരളത്തില്‍ കസ്റ്റഡിമരണങ്ങള്‍ ധാരാളം ഉണ്ടായിട്ടുണ്ട്. എന്നാല്‍ മൃതദേഹത്തോടു പോലും അനാദരവു കാട്ടിയ ഇതുപോലൊരു ഭരണകൂടനടപടി മറ്റൊന്നുണ്ടോ എന്നു സംശയമാണ്. തന്റെ ഏകമകന്റെ മൃതദേഹം എന്തുചെയ്തുവെന്നറിയാതെ മരിച്ച ഈച്ചരവാര്യരുടെ ദുഃഖം കരുണാകരന്റെ ജിവിതത്തിലെ ഒരു കറുത്തപാടായി അവശേഷിക്കും. ഈച്ചരവാര്യരുടെ മരണം കരുണാകരനെ അറിയിച്ചപ്പോള്‍ "ഏതു ഈച്ചരവാര്യര്‍" എന്ന പുച്ഛം നിറഞ്ഞ മറുചോദ്യം മറക്കാറായിട്ടില്ല. നക്സല്‍ വര്‍ഗീസിനെ വെടിവച്ചുകൊന്ന രാമചന്ദ്രന്‍ നായര്‍ തന്റെ ചെയ്തി ജനങ്ങോളോട് തുറന്നു പറഞ്ഞു. കരുണാകരനുമായി തട്ടിച്ചുനോക്കിയാല്‍ രാമചന്ദ്രന്‍ നായര്‍ എത്ര ഉയരത്തിലാണ്.

    കോണ്‍ഗ്രസ്സിനെ മറ്റൊരു കേരളാകോണ്‍ഗ്രസ് ആക്കുവാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. തന്റെ മക്കളുടെ ഉയര്‍ച്ച മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അത് സാധിച്ചിരുന്നെങ്കില്‍ അദ്ദേഹം കേരളത്തിലെ കരുണാനിധിയായി മാറുമായിരുന്നു. ഇതിനു സാധിക്കാഞ്ഞത് താങ്കള്‍ വീതം‌വയ്പുകാരെന്ന്‍ വിശേഷിപ്പിച്ചവരുടെ പ്രവര്‍ത്തനങ്ങളാണ്‍.

    കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ തളര്‍ത്തുന്നതില്‍ കരുണാകരന്‍ വഹിച്ച പങ്കിനെ പുകഴ്ത്തിയതും അല്പം കടന്നുപോയി. 2005ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനുവേണ്ടി കേരളം മുഴുവന്‍ പ്രസംഗിച്ചു നടന്നതും അന്നു വിജയിച്ച പന്ന്യം രവീന്ദ്രനില്‍ നിന്നും ലഡു കഴിക്കുന്നതും മറക്കാറായിട്ടില്ല. ഈയിടെ അന്തരിച്ച കോടോത്തിനെ കോണ്‍ഗ്രസ്സിന്റെ ഔദ്യോഗിക രാജ്യസഭാസ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിപ്പിച്ചതും അടുത്ത കാലത്താണ്. ശ്രീജിത്ത് ചൂണ്ടിക്കാട്ടിയതുപോലെ ഇടതുപക്ഷത്തിലേക്ക് ഒരുതരത്തിലും കടന്നുചെല്ലാന്‍ കഴിയാഞ്ഞതിനാലാണ് കോണ്‍ഗ്രസ്സിലേക്ക് അദ്ദേഹത്തിനു മടങ്ങിയത്.

    കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തളര്‍ന്നിട്ടുണ്ടെങ്കില്‍ അതിനു കാരണം അവരുടെ പ്രവര്‍ത്തന വൈകല്യമാണ്. ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെട്ടു പ്രവര്‍ത്തിക്കാതെ സ്ഥാപനവല്‍കരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത് ഇതിനൊരുകാരണമാകാം. ജനങ്ങളില്‍ നിന്നകലുന്ന നേതാക്കന്മാരും ഭയപ്പെ
    ടുത്തി ജനങ്ങളെ കൂടെ നിര്‍ത്താമെന്ന തെറ്റിദ്ധാരണയം പാര്‍ട്ടിയെ ഇന്നത്തെ അവസ്ഥയിലെത്തിച്ചു.

    ReplyDelete
  60. യോജിച്ചും വിയോജിച്ചും വരികളിലൂടെ കടന്നുപോയി! കെ.കരുണാകരന് ആദരാഞ്ജലികൾ!

    ReplyDelete
  61. സുകുമാരന്‍ സാറിനും, എല്ലാ ബ്ലോഗ്ഗെര്‍മാര്‍ക്കും പുതുവത്സരാശംസകള്‍ ...

    ReplyDelete
  62. ഒരു തുടക്കക്കാരനായ എന്റെ ബ്ലോഗിലെ ഒരു പോസ്റ്റിനെ സാര്‍ വിഷയ മാക്കിയതോടെ
    എന്റെ ബ്ലോഗ്‌ ജീവിതത്തിന്റെ ഏറ്റവും മികച്ച ധന്യ നിമിഷം പിറന്നു .
    വളയധികം നന്ദി സാര്‍

    ReplyDelete